'കിനോകുന്യാ'- അന്‍വര്‍ അലി എഴുതിയ കവിത

ദുബായ് മാള്‍കിനോകുന്യാ പുസ്തകശാല സന്ധ്യ
'കിനോകുന്യാ'- അന്‍വര്‍ അലി എഴുതിയ കവിത

(പ്രക്ഷേപകനും എഴുത്തുകാരനുമായ  എസ്. ഗോപാലകൃഷ്ണന്‍ എഫ്.ബിയില്‍ പോസ്റ്റുചെയ്ത 'അപരിചിതരിലെ അക്ഷയഖനികള്‍' എന്ന അനുഭവക്കുറിപ്പിന്റെ തുടരെഴുത്ത്)

ദുബായ് മാള്‍
കിനോകുന്യാ പുസ്തകശാല 
സന്ധ്യ

ഇവാന്‍ ഇസ്‌ബെല്ലിന്റെ
ദ റെക്കോഡിങ്ങ് ഏഞ്ചല്‍
എന്ന പുസ്തകം  ശബ്ദാലേഖം 
മനുഷ്യസംസ്‌കാരത്തെ 
മാറ്റിപ്പണിഞ്ഞതിന്റെ
ചരിത്രം  കയ്യില്‍ വച്ച്
താലോലിച്ചൊറ്റയ്‌ക്കൊരാള്‍
നില്‍ക്കുന്നു, നിശബ്ദത്തില്‍.

യവനശില്പംപോലെ
സുന്ദരനാരോ തന്റെ
പിന്നിലുണ്ടായിരുന്നോ?
അറിഞ്ഞില്ലയാള്‍; സ്വച്ഛം
ഒഴുകിയിറങ്ങുന്ന
താടിയില്‍ വിരല്‍മീട്ടി
യവനന്‍ മന്ത്രിക്കുന്നു:

'പുസ്തകം തുറന്നോളൂ
എണ്‍പത്തിമൂന്നാം പേജി
ലേറ്റവും മുകളിലെ 
ഖണ്ഡിക വായിച്ചോളൂ'

ആഴക്കിണറില്‍നിന്ന്
പൊന്തിവരുംപോലുള്ള
ശബ്ദമൂകത വീണ്ടും:

'പ്ലേറ്റോ കുറിച്ചുവച്ച
വാചകമുണ്ടവിടെ:
പെട്ടെന്ന് അഡ്രിനാലിന്‍ 
ഉദ്ദീപിപ്പിക്കലല്ല, 
ജീവിതമുടനീളം 
സ്ഥായിയായ്  തുടരുന്ന 
ശാന്തവിസ്മയങ്ങളെ 
സൃഷ്ടിക്കലാണ് കല'

സ്വപ്നത്തിലെന്നോണം ആ
പുസ്തകം തുറക്കുന്നു
 അതേ പേജ് അതേ വരി!

മുഴുവന്‍ വായിക്കാ,താ
യവനരൂപത്തിനായ്
തിരിഞ്ഞു നോക്കുമ്പോഴേ
ക്കിരമ്പുന്നിരുള്‍ മാത്രം...

ദുബായ് മാള്‍ 
കിനോകുന്യാ പുസ്തകശാല
രാത്രി

ദൂരത്ത് തീ പോല്‍ ബൂര്‍ജ് ഖലീഫ
അമാനവ സ്വപ്നാംബരത്തിന്നറ്റം

the voyage/ eric fan
the voyage/ eric fan

* ലോകനഗരങ്ങളില്‍ പടര്‍ന്ന ജാപ്പനീസ് 
പുസ്തകശാലാ ശൃംഖല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com