'പിറ'- പ്രീത ജെ. പ്രിയദര്‍ശിനി എഴുതിയ കവിത
By പ്രീത ജെ. പ്രിയദര്‍ശിനി | Published: 25th August 2023 02:01 PM |
Last Updated: 25th August 2023 02:01 PM | A+A A- |

കാറ്റ് കൊണ്ടുപോകുന്നു.
മണ്ണറകളില്‍
ഇരുത്തുന്നു.
ഇരുള്‍പ്പടര്‍പ്പിന്റെ ഏകാന്തതയില്‍ തനിച്ച് നിര്‍ത്തുന്നു.
ഞാന്‍ ഒരിക്കലും
തിരികെ വരില്ലെന്ന്
നീ കരുതിയോ? എന്ന് ചോദിക്കുന്നു.
വിസ്മയങ്ങളുടെ കഥകള്‍
പറയുന്നു.
ജീവന്റെ
ഉര്‍വ്വരതകളില്‍ നിന്നെ പകര്‍ത്തിവയ്ക്കുന്നു.
പകല്‍വെളിച്ചത്തിന്റെ
ആഴമേറിയ നിശ്വാസങ്ങളേറ്റ്
മണ്ണിന്റെ രഹസ്യച്ചുഴികളില്‍
നിന്ന് ഒരു തളിരില ഭൂമിയുടെ വെളിച്ചം തേടിവരുന്നു.
മുഖപ്പുകളില്‍ പറ്റിനിന്ന
നനവുകള്‍ പൂമ്പൊടിപോലെ ആര്‍ദ്രമാകുന്നു.
ഉറവ വറ്റിയ മണ്ണിനെ
അടിവേര് നനച്ചെടുക്കുന്നു
ഉന്മാദികളുടെ ആകാശത്തേക്ക് നീ ചില്ലകള്‍ വിരിക്കുന്നു
കരിംപച്ച കൊണ്ട്
ഭൂമിയുടെ ഹൃദയത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു.
ഉടല്‍ സുഷിരങ്ങളില്‍
ജല തന്മാത്രകള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്നു.
നിന്നെ ഞാനൊന്ന് ചുംബിച്ചോട്ടെ...!
രാത്രിമേഘങ്ങളില്‍ നിന്നിറങ്ങിവന്ന തുമ്പികള്‍ ചോദിക്കുന്നു.
പൂക്കളായ് വിരിയും വരെ
കാത്തുനില്‍ക്കണമെന്ന്
ഓര്‍മ്മിപ്പിക്കുന്നു.
ചിലന്തികള്‍ക്കും ശലഭങ്ങള്‍ക്കും
നീയൊരു പ്രാര്‍ത്ഥനാപുസ്തകം.
കിളികളും മീനുകളും തിരികെ വരുമ്പോള്‍
ആകാശത്തിനും ഭൂമിക്കുമിടയില്‍ പാറാവ് നില്‍ക്കാമെന്ന
നിന്റെ വാഗ്ദാനം എന്നെ കരയിക്കുന്നു.
ഈ കവിത കൂടി വായിക്കൂ
'പ്രലോഭനം'- ഉമാ രാജീവ് എഴുതിയ കവിത
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ