'പാട്ടും പകലും'- വിദ്യ പൂവഞ്ചേരി എഴുതിയ കവിത

രാത്രി തീരുന്നില്ല.ഇലകളിലേക്കുംപൂക്കളിലേക്കുംഉണങ്ങിവീഴാറായ മരക്കൊമ്പുകളിലേക്കുംതൊടിയിലേക്കുംവയലിലേക്കുമതിന്റെഅനക്കങ്ങള്‍ നീളുന്നു.മൂളുന്നു
'പാട്ടും പകലും'- വിദ്യ പൂവഞ്ചേരി എഴുതിയ കവിത

രാത്രി തീരുന്നില്ല.

ഇലകളിലേക്കും
പൂക്കളിലേക്കും
ഉണങ്ങിവീഴാറായ മരക്കൊമ്പുകളിലേക്കും
തൊടിയിലേക്കും
വയലിലേക്കുമതിന്റെ
അനക്കങ്ങള്‍ നീളുന്നു.
മൂളുന്നു.

ഇതൊന്നുമറിയാതെയൊരു ഇരട്ടവാലന്‍പക്ഷി
വീടിനുമുന്നിലുള്ള ഗന്ധരാജക്കൊമ്പിലിരിക്കുന്നു.

പക്ഷിയെക്കണ്ട് എനിക്ക് പാട്ടു പാടാന്‍ തോന്നി.
പാട്ടുപാടാന്‍ അറിയില്ലെന്ന കാര്യം പാടേ മറന്നു.
എങ്കിലും
കേള്‍ക്കാന്‍ ഇമ്പമില്ലാത്ത ശബ്ദത്തില്‍ 
എപ്പോഴും പാടിക്കൊണ്ടിരുന്ന 
ഒരു പഴയ പാട്ടിനായി ഇരുട്ടില്‍ തപ്പി.

കിട്ടിയില്ല.

ഇലകളിലും പൂക്കളിലും
മരക്കൊമ്പുകളിലും
തൊടിയിലും
വയലിലും തിരഞ്ഞു.

ആരു കാണാനാണ്?
ആരു കേള്‍ക്കാനാണ്?

ഇലകളിലേയും
പൂക്കളിലേയും
തൊടിയിലേയും
വയലിലേയും ഇരുട്ടിനു
ഘനം കൂടി.

ഞാന്‍ നിരാശയോടെ വീണ്ടും മുറ്റത്തു വന്നിരുന്നു.

ഗന്ധരാജക്കൊമ്പിലപ്പോഴും ഇരട്ടവാലന്‍പക്ഷി.
പക്ഷിയുടെ വാലില്‍ തൂങ്ങിക്കിടക്കുന്നു
പാട്ടും പകലും.

ഇത്തിരിനേരം ശിഖരങ്ങള്‍ മാറിമാറിയിരുന്ന്
എന്റെ പാട്ടുംകൊണ്ടത് വീണ്ടും പറന്നുപോയി.

എനിക്കിപ്പോള്‍
ഒട്ടും മിണ്ടാന്‍
പറ്റുന്നില്ല.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com