'ഏകാലയം'- സുറാബ് എഴുതിയ കവിത

വൃദ്ധനാണ്, ഒറ്റയ്ക്കാണ്.വേണ്ടുവോളം ഏകാന്തതയുണ്ട്.
'ഏകാലയം'- സുറാബ് എഴുതിയ കവിത

വൃദ്ധനാണ്, ഒറ്റയ്ക്കാണ്.
വേണ്ടുവോളം ഏകാന്തതയുണ്ട്.

ശിഷ്യഗണങ്ങളില്ല.
തോളില്‍ കയ്യിട്ടുനടക്കുന്നവരും.
ഉണ്ടായിരുന്നെങ്കില്‍
വെറുതെ ഒന്നു എഴുന്നേറ്റാല്‍ മതി,
അവര്‍ കയ്യടിക്കും.

മഴ നനഞ്ഞുവരുന്ന
അലക്കുകാരന്‍ പറഞ്ഞു,
മറ്റുള്ളവരുടെ വസ്ത്രത്തിലാണ് 
ജീവിതം.
കണ്ടില്ലേ, ഞാനെന്നും
ചോര്‍ന്നൊലിക്കുന്ന വീടാണ്. 

ചോര്‍ച്ച അടയ്ക്കാം,
ഓട്ടയും.
ഏകാന്തത,
അതെങ്ങനെ അടയ്ക്കും?

പത്രം പറഞ്ഞു,
സ്‌നേഹം വില്‍പ്പനയ്ക്ക്.

സകലതിനും ഇപ്പോള്‍ 
തീവിലയാണ്.
കണ്ണിനും മൂക്കിനും തലയ്ക്കും.
മാറ്റിവെച്ച കിഡ്‌നിയും 
ഹൃദയവുംപോലെ
മാര്‍ക്കറ്റ് സ്‌നേഹം വിജയിച്ചില്ല.
അവളുംപോയി
ഏകാന്തത വലിച്ചെറിഞ്ഞ്.

ആകാശം ചോരുമ്പോഴും 
ജീവിതം ഉണങ്ങുന്നു. 
ഉണങ്ങിയ ജീവിതംകൊണ്ട്
ഞാനൊരു വീടു പണിയുന്നു.
വീടാകുമ്പോള്‍ കരയും,
ചിരിക്കും, പിച്ചവെയ്ക്കും,
കളിപ്പാട്ടങ്ങള്‍ നിറയും.

പക്ഷികള്‍ക്ക്
എന്തൊരു വേഗതയാണ്.
മരങ്ങളില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക്
അവ കൂടൊരുക്കുന്നു.

മനുഷ്യന് പണിതീരാത്ത വീട്
കല്ലറയാണ്.
അതിലവന്‍ ഒറ്റയ്ക്കാണ്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com