സൂര്യന്‍ എന്റെ മുറിയിലുറങ്ങുന്നു.
പകല്‍ മുഴുവനും
ആകാശമുഴുതുമറിച്ച്
തേരഴിച്ച്
പടിക്കല്‍ നിഴല്‍ക്കുതിരയെ കെട്ടി
സൂര്യന്‍
എന്റെ മുറിയിലുറങ്ങുന്നു.
മുറി പൂട്ടിത്താഴിട്ട്
കട്ടിലിന്‍ കാല്‍ക്കെ
ഞാന്‍ ഇരുന്നു
പൊരുന്നയിരിക്കുന്ന പക്ഷിപോലെ
ഉറങ്ങുന്ന സൂര്യന്റെ
മുഖം നോക്കി നോക്കി ഞാനിരുന്നു.
കുന്നില്‍ നിന്നൊരു തണുത്ത കാറ്റ് വന്ന്
സമയമായ് സമയമായ്
എന്ന് പറഞ്ഞിട്ടും
ഉറങ്ങട്ടുറങ്ങട്ടെ സൂര്യന്‍ എന്നോര്‍ത്തു
ഞാന്‍
വെയിലിന്റെ സ്വര്‍ണ്ണ ഉടുപ്പിഴകളില്‍ തൊട്ടും
തീക്കനലിന്റെ കൈവിരല്‍ത്തുമ്പത്ത് മുത്തിയും
തെറ്റിപ്പൂത്തീച്ചോപ്പ് കാല്‍വിരലില്‍ പിടിച്ചും
ഉറങ്ങട്ടുറങ്ങട്ടെ സൂര്യന്‍
എന്നോര്‍ത്ത്
ഞാന്‍
മുറിയുടെ പടിമേല്‍ ഇരുന്ന്
ഉറങ്ങിപ്പോയ്.
വെയില്‍ വാരിമൂടി
കനലെടുത്ത് ചൂടി
അരയില്‍ തീച്ചിറക് വിരിച്ച് കെട്ടി
സമയമടുത്തപ്പോള്‍
സൂര്യന്‍ ഇറങ്ങിപ്പോയ്.
ഉറങ്ങിപ്പോയല്ലോ എന്നോര്‍ത്ത്
ഞാന്‍
കടലിന്റെ വഴിയേപ്പോയ്
കുന്നിന്റെ നെറുകേ പോയ്
വെറും കയ്യോടു മടങ്ങി
വീട്ടുമുറ്റത്തിരുന്ന് വിതുമ്പി.
അതിരാവിലെ അവന്‍ വന്ന് മുട്ടി
ജനലിന്റഴി പൂട്ടി പിണങ്ങി
ഞാന്‍ തിരിഞ്ഞു കിടന്നു.
അത് കണ്ടവന്‍ വന്ന് തൊട്ടു
കട്ടിലില്‍ പൊട്ടിപ്പരന്ന്
എന്നെ കെട്ടിപ്പിടിച്ച്
നെറ്റിമേല്‍ മുത്തി
മുടിക്കെട്ടിലൂര്‍ന്നും
ജനല്‍പ്പടിമേല്‍ നടന്നും
വളര്‍ന്നുച്ചയായ്
നട്ടുച്ചക്കിരീടം വച്ചുതന്ന്
അന്തിക്കടപ്പുറത്തു കൈ പിടിച്ചോടി
പിടിവിട്ട്
എങ്ങോ മറഞ്ഞു.
വെറും കയ്യോടെ മടങ്ങി
ഞാന്‍
കടല്‍ മുറ്റത്തിരുന്ന് വിതുമ്പി
എന്നുമെന്നും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates