(പ്രക്ഷേപകനും എഴുത്തുകാരനുമായ എസ്. ഗോപാലകൃഷ്ണന്‍ എഫ്.ബിയില്‍ പോസ്റ്റുചെയ്ത 'അപരിചിതരിലെ അക്ഷയഖനികള്‍' എന്ന അനുഭവക്കുറിപ്പിന്റെ തുടരെഴുത്ത്)
ദുബായ് മാള്‍
കിനോകുന്യാ പുസ്തകശാല
സന്ധ്യ
ഇവാന്‍ ഇസ്‌ബെല്ലിന്റെ
ദ റെക്കോഡിങ്ങ് ഏഞ്ചല്‍
എന്ന പുസ്തകം ശബ്ദാലേഖം
മനുഷ്യസംസ്‌കാരത്തെ
മാറ്റിപ്പണിഞ്ഞതിന്റെ
ചരിത്രം കയ്യില്‍ വച്ച്
താലോലിച്ചൊറ്റയ്‌ക്കൊരാള്‍
നില്‍ക്കുന്നു, നിശബ്ദത്തില്‍.
യവനശില്പംപോലെ
സുന്ദരനാരോ തന്റെ
പിന്നിലുണ്ടായിരുന്നോ?
അറിഞ്ഞില്ലയാള്‍; സ്വച്ഛം
ഒഴുകിയിറങ്ങുന്ന
താടിയില്‍ വിരല്‍മീട്ടി
യവനന്‍ മന്ത്രിക്കുന്നു:
'പുസ്തകം തുറന്നോളൂ
എണ്‍പത്തിമൂന്നാം പേജി
ലേറ്റവും മുകളിലെ
ഖണ്ഡിക വായിച്ചോളൂ'
ആഴക്കിണറില്‍നിന്ന്
പൊന്തിവരുംപോലുള്ള
ശബ്ദമൂകത വീണ്ടും:
'പ്ലേറ്റോ കുറിച്ചുവച്ച
വാചകമുണ്ടവിടെ:
പെട്ടെന്ന് അഡ്രിനാലിന്‍
ഉദ്ദീപിപ്പിക്കലല്ല,
ജീവിതമുടനീളം
സ്ഥായിയായ് തുടരുന്ന
ശാന്തവിസ്മയങ്ങളെ
സൃഷ്ടിക്കലാണ് കല'
സ്വപ്നത്തിലെന്നോണം ആ
പുസ്തകം തുറക്കുന്നു
അതേ പേജ് അതേ വരി!
മുഴുവന്‍ വായിക്കാ,താ
യവനരൂപത്തിനായ്
തിരിഞ്ഞു നോക്കുമ്പോഴേ
ക്കിരമ്പുന്നിരുള്‍ മാത്രം...
ദുബായ് മാള്‍
കിനോകുന്യാ പുസ്തകശാല
രാത്രി
ദൂരത്ത് തീ പോല്‍ ബൂര്‍ജ് ഖലീഫ
അമാനവ സ്വപ്നാംബരത്തിന്നറ്റം
* ലോകനഗരങ്ങളില്‍ പടര്‍ന്ന ജാപ്പനീസ്
പുസ്തകശാലാ ശൃംഖല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates