'കടല്‍ക്കാഴ്ച'- പദ്മദാസ് എഴുതിയ കവിത

അലമാലകള്‍ ഒന്നിനു പിറകെനിരനിരയായ് വന്നെത്തുമ്പോള്‍വെറുതെയതിലായ് കളിയാടാന്‍തിരവെള്ളച്ചാര്‍ത്തിലൊലിക്കാന്‍
'കടല്‍ക്കാഴ്ച'- പദ്മദാസ് എഴുതിയ കവിത
Updated on
1 min read

ടലിങ്ങനെ ചങ്ങാത്തത്തിനു
മിഴികാട്ടി വിളിക്കുന്നേരം
കുതുകമൊടിക്കുട്ടി കുതിപ്പൂ
കടലിന്‍ തിരമാല കണക്കെ.

അലമാലകള്‍ ഒന്നിനു പിറകെ
നിരനിരയായ് വന്നെത്തുമ്പോള്‍
വെറുതെയതിലായ് കളിയാടാന്‍
തിരവെള്ളച്ചാര്‍ത്തിലൊലിക്കാന്‍.

കടലോരത്തവനെഴുതുന്നു
കടലമ്മകടലതു മായ്പൂ.
കടല്‍വെള്ളമെടുത്തു രുചി
ച്ചിട്ടിതിനെന്താണിത്രയുമുപ്പെ
ന്നനവനോര്‍ക്കെപ്പാഠാലയമതി
ലവനന്നു പഠിച്ചതു ഹൃത്തില്‍ 
അലയലയായ് വന്നെത്തുന്നു:

മഴപെയ്തീ മണ്ണിലെ ലവണം 
അലയാഴിയിലെത്തീടുന്നു
അതു താനിക്കടലിനു സാരം
ലവണൈകരസംപരമെന്തിന്?

കടലമ്മ കൊടുത്തൊരു ചിപ്പികള്‍, 
ചെറുകക്കകള്‍, ശംഖുകള്‍, മുത്തുക
ളവനേറെക്കുതുകമൊടേ തന്‍ കരവല്ലി 
പെറുക്കിയെടുത്തതു 
കരമണലില്‍ നിരനിരയായ് വെ 
ച്ചൊരു ഒരുചെറുമണിമാളികതീര്‍പ്പൂ.

കടലാര്‍ത്തു വിളിക്കുമ്പോലെ
അവനാര്‍പ്പു വിളിച്ചോടുന്നൂ.

കടല്‍ കണ്ടു മടുത്തവരപ്പോള്‍
ചിരിപൊട്ടിച്ചോദിക്കുന്നു:
കടലാദ്യം കാണുന്നോ നീ? 
അതിനാലോ പുളകമിതേറെ?

കടല്‍ കണ്ടിട്ടുണ്ടീ ഞാനും 
ചെറുകുട്ടികളമ്പതു പേരൊ 
ത്തൊരുനാളെന്‍ വിദ്യാലയമതില്‍ 
നിന്നു വിനോദത്തിന്നായ് പ
ണ്ടൊരു യാത്രക്കെത്തിയ ദിവസം. 
അറുപത്തെട്ടാണ്ടുകള്‍ മുന്‍പാ
ണതു മങ്ങാതോര്‍പ്പുണ്ടിന്നും.

പെരുതാമെന്‍ ജീവപയോധി 
ത്തിരമേല്‍ പലനാളാറാടി, ഇരുകരകള്‍ കാണാതേ,യ 
ന്നൊരുവരുമില്ലൊന്നുതുണയ്ക്കാന്‍.

ഇതുവഴിയേ പലവുരു തത്ര
പ്പാടില്‍ ഞാന്‍ പോയെന്നാലും, 
വരുവാനൊത്തില്ലൊരു നാളും 
കടലെന്നെ വിളിച്ചെന്നാലും.

ഇതു ചൊല്ലിക്കടല്‍ പൂകുന്നൂ,
എഴുപതു പിന്നിട്ടൊരു 'കുട്ടി.'
അവനുടെ താരസ്വരമൊത്താ 
കടലാര്‍പ്പുവിളിപ്പൂ കൂടെ. 
തിരവഞ്ചിക്കകമേയേറ്റി 
ത്താരാട്ടുന്നവനെയുമബ്ധി.

ഒരു കനിവായ് കടല്‍ മാറുമ്പോള്‍,    
അവനേല്പൂ മൂര്‍ദ്ധാവിങ്കല്‍, 
അറുപത്തെട്ടാണ്ടുകള്‍ മുന്‍പായ് 
അതിലന്നല തല്ലിയ തുള്ളി!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com