'ഹരാകിരി'- ശാന്തി ജയ എഴുതിയ കവിത

പൊന്തി മെല്ലെയാ ചെമ്പട്ടു കര്‍ട്ടന്‍അന്ത്യരംഗം സമാരബ്ദ്ധമായിമൂടിവെച്ച മുറിവുകള്‍ക്കുള്ളില്‍നീലരക്തം കണക്കവള്‍ വിങ്ങി:
'ഹരാകിരി'- ശാന്തി ജയ എഴുതിയ കവിത
Updated on
1 min read

പൊന്തി മെല്ലെയാ ചെമ്പട്ടു കര്‍ട്ടന്‍
അന്ത്യരംഗം സമാരബ്ദ്ധമായി
മൂടിവെച്ച മുറിവുകള്‍ക്കുള്ളില്‍
നീലരക്തം കണക്കവള്‍ വിങ്ങി:

'എന്റെയാത്മഗതത്തിനു ശേഷം
സുപ്രധാന പാത്രങ്ങള്‍തന്‍ ഭാഗം
ആസ്വദിക്കുവാന്‍ വെമ്പുന്നപോലെ
അല്പമക്ഷമയോടൊരാള്‍ക്കൂട്ടം...

എന്തു ഞാന്‍ കഥിച്ചാലുമതെല്ലാം
എന്റെ നേര്‍ക്കേറുമപ്രീതിയാകാം
നായകന്റെ പ്രതിച്ഛായ മങ്ങാന്‍
ഞാന്‍ കളങ്കം കലര്‍ത്തിയെന്നാവാം

ഹീനമാം നിന്‍ നയങ്ങള്‍ കേട്ടാലും
ഭൂരിഭാഗവും കൈയ്യടിച്ചേക്കാം
നിന്റെ ശത്രുക്കളാം ചിലര്‍ മാത്രം
തന്ത്രപൂര്‍വ്വമെന്നെത്തുണച്ചെത്താം

ചോര വാര്‍ന്നൊലിക്കും മൃഗത്തിന്റെ
ചൂരില്‍ മേയുന്ന ഹൈനയെപ്പോലെ
ആശ്വസിപ്പിക്കുവാനെന്ന മട്ടില്‍
ആര്‍ത്തിയോടവര്‍ ചേര്‍ത്തണച്ചേക്കാം

കൂടെയുള്ളവര്‍പോലുമല്പാല്പം
ക്രൂരവാക്കിനാല്‍ കുത്തിനോവിക്കാം
കൂടുതല്‍ ഞാനഹങ്കരിച്ചിട്ടാ
ണീവിധമെന്നവര്‍ വിധിച്ചേക്കാം

നല്ലവണ്ണം എനിക്കറിയാമീ
നന്മയുള്ളതാം മാന്യവര്‍ഗ്ഗത്തെ
പിമ്പുകള്‍ക്കുള്ള പന്തിയില്‍ത്തന്നെ
പങ്കുഭോജ്യമുണ്ണും വിഭാഗത്തെ

സങ്കടങ്ങളാല്‍ ബാല്യകാലത്തെന്‍
ചങ്കുപൊള്ളിച്ചതോര്‍ത്തു പേടിച്ച്
ശങ്കയോടെ സദാ സമൂഹത്തിന്‍
സൗഹൃദങ്ങളെ ദൂരത്തു നിര്‍ത്തി

വേണ്ടെനിക്കവര്‍ വെച്ചുനീട്ടുന്ന
ചൂടുപാലും കഴുത്തിലെപ്പൂട്ടും
സാരമില്ലെന്ന കൈച്ചൂട്ടിലാളും
ജാരമോഹങ്ങള്‍ തന്നൊളിക്കൂട്ടും

നീയതില്‍നിന്നു വ്യത്യസ്തനായ
നീതിമാനെന്നെനിക്കന്നു തോന്നി...
ഇഷ്ടമത്രമേല്‍ ഏറിയിട്ടാവാം
കഷ്ടമെന്റെയുള്‍ക്കാഴ്ചയും തെറ്റി!

ഇന്നു നിന്നെയവിശ്വസിക്കുന്നു
അല്ല തീവ്രമായ് ഞാന്‍ വെറുക്കുന്നു
എന്റെയോരോ അണുക്കളില്‍നിന്നും
ചൂണ്ടകൊള്ളുന്ന നോവുയിര്‍ക്കുന്നു

നീ അണിയറയ്ക്കുള്ളില്‍ വെച്ചെന്നെ
നീചമാം നുണ കൊണ്ടെത്ര മൂടി
സ്റ്റേജിലേറിയാലോ നിന്റെ കൂടെ
സ്‌നേഹജോടിയായ് മറ്റൊരാളാടി!

ഭാവരംഗങ്ങളില്‍, നടനത്തില്‍
നാലിലൊന്നവള്‍ക്കില്ല നൈപുണ്യം
മാദകത്വം തുളുമ്പുന്ന ഗാത്രം
മാനദണ്ഡമിങ്ങൊന്നതു മാത്രം

നിന്റെയുല്‍കൃഷ്ടമാം കഥാപാത്രം
നിന്ദയോടെ നോക്കും തുച്ഛകീടം
ഞാനതാണെന്നറിഞ്ഞ നാള്‍ തൊട്ടീ
നാടകത്തിന്‍ രസക്കയര്‍ പൊട്ടി

കര്‍ട്ടനിട്ടാല്‍ കഴിഞ്ഞരംഗങ്ങള്‍
ഒക്കെയും മറന്നേക്കണം പോലും!
ശിഷ്ടജീവിതം വ്യാജവേഷങ്ങള്‍
കെട്ടുവാന്‍ ഞാന്‍ പഠിക്കണം പോലും!

സര്‍വ്വവും ശരിയായിരിക്കാം ഞാന്‍
സല്‍ക്കലാകാരിയല്ലായിരിക്കാം
വിട്ടുവീഴ്ചയില്ലാത്തവര്‍ രംഗം
വിട്ടുപോകണമെന്നായിരിക്കാം

തീയെരിയുമെന്നാത്മാവിനൊപ്പം
തീരെനിസ്സംഗമീലോകമില്ല
അല്ലവര്‍ വന്നു ചുണ്ടിലെ ബീഡി
ത്തുമ്പതില്‍നിന്നു കത്തിച്ചു പോയി

വയ്യെനിക്കൊരു കോമാളിയാകാന്‍
വേണ്ടി വീണ്ടുമീ വേദിയിലേറാന്‍
കാണികള്‍ക്കാകെയുള്‍ക്കുളിരേകാന്‍
പ്രാണനാളം പിളര്‍ന്നു ഞാന്‍ വീഴാം'

തന്റെ ആത്മസംഭാഷണം പാടേ
വിസ്മരിച്ചൊരു വിഡ്ഢിയെപ്പോലെ,
കൂവിയാര്‍ക്കും ജനത്തിനെ നോക്കി
സ്‌തോഭമാര്‍ന്നവള്‍ എന്തോ പുലമ്പി...

പാളിവീഴും അലകൊളിപോലെ
വേദിയില്‍ വെളിച്ചം തെളിയുമ്പോള്‍,
ചോരയിറ്റും കുടല്‍ത്തുടര്‍പോലെ
വേഗമാത്തിരശ്ശീല താഴുമ്പോള്‍,

ലോലസാരിതന്‍ തുമ്പൊന്നു നീക്കി
ലോഹവാള്‍ ഞൊറിക്കുള്ളില്‍ നിന്നൂരി
ആഞ്ഞുകുത്തി സ്വയം നാഭി കീറി
ആ നടിയലറുന്നതായ്‌ത്തോന്നി!

photo by mohamed nohassi on unsplash
photo by mohamed nohassi on unsplash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com