തൃശ്ശിവപേരൂര്‍ തേക്കിന്‍കാടുമൈതാനം
ചുറ്റിവളഞ്ഞൊരു നാലുചക്രശകടത്തില്‍
ഡിസംബര്‍കുളിരണിഞ്ഞുവരുംനേരം
കണ്ടേന്‍ ഉദിച്ചുനില്‍ക്കുന്നൂ ആയിരം
ബഹുവര്‍ണ്ണതാരകം.
ബത്‌ലഹേമില്‍ ഒരു പുല്‍ത്തൊഴുത്തില്‍
പിറന്നൊരുണ്ണിയെ വാഴ്ത്തിയും
വഴികാട്ടിയും, അകതാരില്‍ പുറപ്പെട്ടതാ
മൂന്നു ജ്ഞാനികള്‍ രാജാക്കന്മാര്‍
അഗ്‌നിവീചികള്‍ ചൂണ്ടും പാതയില്‍
അനന്തമരുപ്പരപ്പതില്‍...
പിന്നെയും പോകുന്നൂ ബസതപ്പോള്‍
പള്ളിയൊന്നിന്‍ പള്ളയില്‍ ഭീമമാം
മരക്കുരിശിന്‍ ചാരെ തൂങ്ങിനില്‍ക്കുന്നൂ
ഒരു രക്തനക്ഷത്രം ചോരകിനിയുംപോല്‍...
യാത്ര തുടരുകയാണു രാവതും ഞാനും
വാനിലൊരു വെള്ളിത്താരമതുദിച്ചു
മന്ദഹസിപ്പതു കാണുവാന്‍ ഉള്ളം
സ്‌നേഹം താവി കോരിത്തരിക്കുവാന്‍...
ശൈത്യം കിടുകിടുത്തു കാതില്‍ നെഞ്ചകത്തില്‍,
കമ്പളച്ചുരുളാല്‍ പൊതിഞ്ഞു
ശിരസ്സെന്നാല്‍ ചൂടേറ്റി
വിരിഞ്ഞിരിക്കുന്നാകസ്മികം കുഞ്ഞൊരു
പീതനക്ഷത്രം മോഹനസൗധത്തിന്‍
മേലേനിലയില്‍ അഴകായ്, അഴലായ്
ആദിമദൂതുപോല്‍....
വിട്ടുപോകെത്തിരിവില്‍ പൊടുന്നനെ
കുടിലുകള്‍ക്കിടയില്‍ പാവം കുരുന്നുകള്‍
പാഴ്‌പേപ്പറില്‍ നിര്‍മ്മിച്ചുള്ളില്‍ കണ്ടു
മെഴുകുതിരി കൊളുത്തിവെച്ചൊരു
നിസ്വനക്ഷത്രം....
രാവുണര്‍ന്നിരിക്കുന്നു, കുന്നിന്‍മീതേ
ഏകാന്തമൊരു ചാപ്പലിന്‍ നെറുകയില്‍
മിന്നിനിന്നൂ ധന്യയാമൊരു യുവകന്യാസ്ത്രീ പോല്‍
കൊലുങ്ങനെ ഹൃദയശുദ്ധിയാര്‍ന്നൊരു
മുഗ്ദ്ധശുഭ്രനക്ഷത്രം....
ഇപ്പോള്‍ പോകയാണു ദൈവപുത്രന്‍
രാജരാജന്‍ ഗാഗുല്‍ത്ത താണ്ടി, അവന്റെ
ചുമലില്‍ ഭാരം അനുനിമിഷം വളര്‍ന്നിതെന്‍
ഹൃത്തിനുള്ളില്‍ ചെടുങ്ങനെ ജ്വലിച്ചിതാ
മാനവമോചനചിഹ്നംപോല്‍, പാപപ്പെടലിന്‍
ഉദാത്തദൃഷ്ടാന്തംപോല്‍, എന്റെ കണ്ണീരില്‍
നൊന്തുപിടയുംപോല്‍ ഒരു സുവര്‍ണ്ണനക്ഷത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates