'പെണ്‍കവിതകള്‍'- ആനന്ദ് കാവാലം എഴുതിയ കവിത

എവിടെയായിരുന്നൂ നിങ്ങളിതുവരെ, പ്രിയരേയേതുമൗന വല്മീകത്തിനുള്ളില്‍, ഗാഢംകാവ്യതപസ്സാണ്ടിരുന്നുവോ
'പെണ്‍കവിതകള്‍'- ആനന്ദ് കാവാലം എഴുതിയ കവിത
Updated on
1 min read

(മലയാള കവിതയിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യത്തിന്)

വിടെയായിരുന്നൂ നിങ്ങളിതുവരെ, പ്രിയരേ
യേതുമൗന വല്മീകത്തിനുള്ളില്‍, ഗാഢം
കാവ്യതപസ്സാണ്ടിരുന്നുവോ, പിന്നെയേതൊരു
പുലരിയില്‍ മൗനം വെടിഞ്ഞിട്ടിത്രനാള്‍ നിങ്ങളെ
ചൂഴ്‌ന്നോരിരുട്ടിനെ, യിത്രനാള്‍ ബന്ധിച്ച തടവറകളെ,
യൊപ്പമിത്രനാള്‍ പൂട്ടിയ വിലങ്ങുകളെയൊക്കെയും
പാടേ തകര്‍ത്തുകൊണ്ടുച്ചത്തിലുച്ചത്തില്‍
വര്‍ണ്ണക്കിളികളായേറെ സ്വരങ്ങളില്‍
ഭാവോജ്ജ്വലങ്ങളാം ഗീതങ്ങള്‍ സൃഷ്ടിച്ചു
ധീരം പ്രയാണം തുടരവേ; മണ്ണിനെ,
പുഴകളെ, ഹരിതവനങ്ങളെ, നൊമ്പരം കൊള്ളുന്ന
ഹൃത്തടത്തെക്കുറിച്ചേറെത്തപിച്ചു
മിങ്ങിത്രനാള്‍ ചെയ്ത തപസ്സിന്‍ കരുത്തിനാല്‍
കനല്‍മിഴികള്‍ ചൊരിയുന്ന കതിര്‍നാളമായ്
രൗദ്രമെരിയുന്ന കരിനാഗമിഴിയിലെ പകയായ്
ചിലമ്പുടച്ചെയ്തതാം ക്രോധവചനങ്ങളായ്
ചിലപ്പോള്‍ പതുക്കനെയാര്‍ദ്രമായ്, തരളമായ്
മിഥുനമഴ തീര്‍ക്കുന്ന പുലരിക്കുളിര്‍മ്മയായ
ല്ലെങ്കിലൊരു നൂറു കദളിക്കുടപ്പന്റെ
പോളകളിറ്റുന്ന നറുതേന്‍ കണങ്ങളായ്
പ്രണയമധു കിനിയുന്ന മധുരസ്വരങ്ങളാ
യാരുമേ കാണാതെ വിരിയുന്ന കാട്ടുപൂ
വിടരവേയുതിരുന്ന ഹിമബിന്ദുപോലെ
യതി സൗമ്യമായ്, ശാന്തമായ്, വസുധതന്‍
ആത്മചൈതന്യ സ്ഫുരണമായ്,
മറ്റൊരു മാതൃസ്വരൂപമായ്, കല്പനകള്‍
പിറവിയെടുക്കുന്ന സൃഷ്ടിതന്നൂര്‍ജ്ജമായ്,
മലനാട്ടു മണ്ണിന്റെ ഹൃത്താളമാകവേ,
യീ വന്ധ്യകാലത്തിലണയും വരള്‍ച്ചമേ
ലുര്‍വ്വരത തീര്‍ക്കുന്ന ശക്തിയായ്, കനിവായ്
അഭയമായ്, സാന്ത്വനധാരയായ് നിറയുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com