പെട്ടെന്നെടുത്തു
നിവര്‍ത്തി,നിശൂന്യത
കെട്ടിക്കിടക്കുമിടത്തില്‍
നിന്നെവായിക്കാ
നിരുന്നുനട്ടെല്ലിലെ
വേരുകളാഴാന്‍തുടങ്ങി.
പാതയില്‍നിന്നും
പതിയെപ്പതിയെയെന്‍
വാസനകള്‍ മാഞ്ഞുപോയീ;
പേരറിയാത്ത
പലതരമോര്‍മ്മക
ളീരിലനീര്‍ത്താനൊരുങ്ങി.
നാവില്‍നിന്നൊക്കെയെന്‍
നാമമുരുവിടും
താളമയഞ്ഞുതുടങ്ങി;
നാനാവിധത്തിലാ
ശൂന്യതവെവ്വേറെ
നാദങ്ങള്‍മീട്ടാനിണങ്ങി.
നോട്ടങ്ങളൊക്കെയെന്‍
രൂപത്തിനായ്മിഴി
യോട്ടാന്‍മറന്നതായ്‌തോന്നി;
നോക്കി,ലിഴുകി
ലയിച്ചുമറ്റൊന്നിനോ
ടേറ്റുരമിച്ചങ്ങൊതുങ്ങി.
ഉണ്ടായിരുന്നെന്ന
തോന്നലി,ലുള്ളവ
യിമ്പങ്ങളേറ്റാനൊരുങ്ങി.
ഇല്ലായ്മയോളമൊ
രുണ്മയുമില്ലെന്നു
മെല്ലെയാശൂന്യതചൊല്ലി...
2
നാനാവിധത്തില്‍
ലിപിക,ളവ്യക്തത
പേറുംപദങ്ങള്‍,വരികള്‍...
തീരെത്തെളിയാ
പ്പൊരുളില്‍പുലരുവ
തേറെയമൂര്‍ത്തമാംഭാവം.
നിന്നെവായിക്കുവാ
നാകാതെയെന്നില്‍നി
ന്നെങ്ങോഞാനൂര്‍ന്നുപോയിട്ടും
തെല്ലുമടര്‍ത്തി
യിളക്കുവാനായിടാ
തെന്നുംനിമിഷങ്ങള്‍മാഴ്കി...
നക്ഷത്രമില്ലാ
തിരവുംവെളിച്ചമ
റ്റെല്ലാപകലുംപുലമ്പി.
പത്തിനിവര്‍ത്തി
ക്കലിച്ചുനിശ്ശബ്ദത,
ചുറ്റിവരിഞ്ഞങ്ങിളകി..!
നട്ടെല്ലുപൊട്ടി
ച്ചെണീക്കുവാനായിടാ
ക്കെട്ടിലമര്‍ന്നപോലായി...!
3
ഏറെക്ഷമിക്കെ
നുരയ്ക്കുമസഹ്യത
യാറാ,തടങ്ങാതെയാകാം
താളുകളോരോ
ന്നിളക്കി,ലിപികള്‍നീ
നീളെപ്പൊഴിച്ചുപറത്തി...
പാറിപുറത്തേക്കു
പോയീ... പൊടിപ്പുകള്‍
തോറുംപദങ്ങളായ്ക്കൂടി...
പാതകളില്‍കൊഴു
ത്തെക്കിയപച്ചപ്പി
ലേറിമലരിന്റെഭംഗി.
പെട്ടെന്നൊരുകുളിര്‍
ക്കാറ്റെന്നരികിലൂ
ടുല്ലസിച്ചാവഴിപോയീ.
കൂമ്പുവാനാകാ
തെരിഞ്ഞമിഴിയിലെ
പീലികള്‍ചാഞ്ഞുതുടങ്ങി.
കൂമ്പിയമര്‍ന്നോ
രകക്കണ്ണൊളിവുക
ളോരോന്നുണരാനൊരുങ്ങി.
പോളകള്‍തെല്ലൊ
ന്നനങ്ങി,നവീനമൊ
രോളംമിഴികളില്‍പാളി.
വല്ലാതെകോച്ചി
പ്പിടിച്ചൂമന,സ്സതി
ലെല്ലാഞരമ്പുംത്രസിച്ചു.
വാറ്റിയെടുത്തതാം
സത്തുപോലെന്തോനെ
ഞ്ഞൂറ്റുംരസക്കോളിലേറി.
എന്റെ പരാഗമെ
ന്നങ്ങുവഴിയില്‍നി
ന്നേതോചെടിച്ചുണ്ടിളകി.
ശൂന്യമായോരിട
മൊക്കെവിളങ്ങിടും
താരാവൃതാകാശമായി.
കൂരിരുളപ്പടി
മാഞ്ഞൂ,പുലര്‍ന്നിടും
സൂര്യനാമട്ടില്‍ത്തുടര്‍ന്നൂ.
താളുകളോരോ
ന്നിളകി,നിഗൂഢത
തീരെയില്ലാത്തതായ്‌നീര്‍ന്നു.
ഇന്നുവായിക്കുന്നു
നിന്നെഞാനിന്ദ്രിയ
മെല്ലാംതുറ,ന്നുയിര്‍കൊണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates