ഏതു ഗ്രാമത്തിലും കാണും ഒരു കടല്‍
ഇന്നത്തെ ദിവസം മറികടക്കാന്‍ വേണ്ടി
പഞ്ഞി വെച്ചാല്‍ കത്തുന്ന നെഞ്ചുമായി
നമ്മള്‍ പൊള്ളച്ചു നടക്കുമ്പോള്‍
അത്
അല്പമകലെ തിരയിളക്കാന്‍ തുടങ്ങും.
കഴിഞ്ഞ ജന്മത്തില്‍നിന്നും
ഒരു ശംഖ്
കാല്‍ച്ചോട്ടിലേക്ക് എറിഞ്ഞുതരും
അതിലിരമ്പും മറ്റനേകം കടലുകള്‍
പക്ഷേ, നമ്മളോടിച്ചെല്ലുമ്പോള്‍
മാഞ്ഞുപോകും കടല്‍
കടങ്കഥകളുടെ ഉപ്പുമണല്‍ ബാക്കിയാകും
ഒരു പായ്ക്കപ്പല്‍ തെക്കേപ്പറമ്പില്‍
തകര്‍ന്നുകിടക്കും
മറ്റൊരിക്കല്‍
ഇല്ലാത്ത തിരക്കുപിടിച്ച്
മുള്ളുപാടം കടന്ന് നമ്മളോടുമ്പോള്‍
കാലില്‍ കെട്ടിപ്പിടിക്കും
പൂച്ചക്കുഞ്ഞിനെപ്പോലെ വേറൊരു കടല്‍
കുറുകുന്ന തിരകള്‍
ഇന്നു പോകേണ്ടെന്നു കെഞ്ചും
പോക്ക് മാറ്റിവെച്ച് നമ്മള്‍ കടല്‍ത്തീരത്ത്
ഓര്‍മ്മക്കടല കൊറിച്ചിരിക്കും
വരമ്പുകള്‍, ബീച്ചിലെ മരബെഞ്ചുകള്‍...
ഒന്നും ചെയ്യാനില്ലാത്തവര്‍ക്കായി
കാറ്റ് തീര്‍ത്തതാണോ
ഓരോ കടലും?
വള്ളങ്ങളെ തിരകളുടെ വയര്‍മടക്കിലേക്ക്
വലിച്ചെടുക്കുന്ന പെണ്‍കടല്‍
പിന്നെ ഒരു ചിരിപ്പതയില്‍
എറിഞ്ഞുതരുന്ന ആകാശത്തെ
നമ്മള്‍ കണ്ണുകളിലേക്ക് കടമെടുക്കും
ബസ് കാത്തിരിക്കുമ്പോള്‍ വേലിയേറും
മറ്റൊരു കടല്‍
ഒരു കടത്തുബോട്ടുപോലെ
കാത്തിരിപ്പു പുര ഉയര്‍ന്നു താഴും
കുറച്ചുനേരത്തേക്ക് ഒരു തിമിംഗലത്തിന്റെ
പുറത്തു യാത്ര ചെയ്യും നമ്മള്‍
പിന്നെ
കിനാവിന്റെ അലകളില്‍ കട്ടമരം തുഴയും
ബസിനുള്ളിലോ മറ്റൊരു കടല്‍
മനുഷ്യരുടെ വേവുഭാരം
ചുമക്കുന്ന ആവിക്കടല്‍
നനഞ്ഞ പോക്കറ്റില്‍
ടിക്കറ്റെടുക്കാന്‍ ചില്ലറ തപ്പി
നമ്മള്‍
കടലിന്റെ തെറിവെള്ളം കുടിക്കും
പിന്നിലേക്കോടുന്നു
വഴിവക്കിലെ കപ്പേളകള്‍,
കടലില്‍ മുങ്ങിനീരുന്ന മരങ്ങള്‍ കുന്നുകള്‍
ആഴങ്ങളില്‍നിന്നും പൊങ്ങിവരുന്ന
കടല്‍ ജീവികള്‍
ഞാന്‍ ഇപ്പോള്‍
കടലിനെ ശിരസ്സില്‍ ഒളിപ്പിച്ച
ഗ്രാമത്തിലെ കുന്ന്
പക്ഷേ,
തോട്ടരികത്ത് ഇരുന്ന് മണല്‍വീട് തീര്‍ക്കരുത്
കടലിന് അതിഷ്ടമാകില്ല
അല്ലെങ്കില്‍ നിങ്ങള്‍ ബുദ്ധിപൂര്‍വ്വം
ഒരു കടലിനെ
അല്പം പോലും ചോരാത്ത കൈകളിലേക്ക്
പതുക്കെ ഒരു സ്വപ്നത്തില്‍നിന്നും
കോരിയെടുക്കണം
പറ്റുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates