'ഉറക്കം ബേബി'- ഡി. യേശുദാസ് എഴുതിയ കവിത

ഉറക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പുരകെട്ടുകാരന്‍ ബേബിയെഓര്‍ക്കും.
'ഉറക്കം ബേബി'- ഡി. യേശുദാസ് എഴുതിയ കവിത
Updated on
1 min read

റക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ 
പുരകെട്ടുകാരന്‍ ബേബിയെ
ഓര്‍ക്കും.

വീട്ടില്‍ 
കല്യാണപ്പന്തല്‍ കെട്ടിനടന്ന
അലക്കുകാരനായ
ഒരാള്‍.

കോളാമ്പി പാട്ടിന്റെ കാലം.

പണിക്കിടെ
അയാള്‍ നിന്നങ്ങുറങ്ങും.
സമയത്തിന്റെ
ഒരു വഴുക്കന്‍ പ്രതലത്തില്‍
ചിലപ്പോള്‍
കഴുക്കോല്‍ കേറ്റിക്കെട്ടുമ്പോള്‍
മോട്ടോല കെട്ടി കുത്തുകമ്പു കേറ്റുമ്പോള്‍ 
അല്ലെങ്കില്‍
പന്തല്‍ വിതാനിക്കുമ്പോള്‍
എവിടെയെന്നില്ലാതങ്ങുറങ്ങും 
മുകളിലോ തറയിലോ
പുരയുടെ ചരിവിലോ.

ഒഴിവില്ലാതെ ഓടിനടന്ന് 
ഒഴിവാക്കിയ ഉറക്കം
അയാളെ
മയക്കത്തിലേക്ക് ഉന്തുമ്പോള്‍
തല്‍സ്ഥിതിയില്‍
ഉറക്കത്തെ 
ഉടല്‍ വരവേറ്റു.
എങ്ങനെയോ അങ്ങനെ
ഉടല്‍ ഉറക്കത്തിനു വഴങ്ങി
ബോധത്തിന് ഒരു താരാട്ട്. 

ഞൊടിയിട എന്നേ പറയേണ്ടു
അതിന്‍ നേരത്തെ. 

ഭൂമിയുടെ കാന്തികത
അയാളെ വലിച്ചിട്ടില്ല
ഉറക്കത്തെ
നിശ്ചലതയും അചഞ്ചലതയുമാക്കി
ഉടലില്‍ മെരുക്കി.
കിടന്നുറങ്ങാനിടയില്ലാതെ
പന്തലും കൊണ്ടോടി നടന്നവന്‍ 
വീഴ്ചയുടെ സാധ്യതയെ 
നിന്നുറങ്ങുന്ന കലയാക്കി.

കിലുങ്ങും ചിരിയോടെ 
അണ്ണാ ഇതാ വരുന്നു
അണ്ണാ ഇതാ ചരട്
ഇതാ കുലവാഴ
ഇതാ ചണയോല
അണ്ണാ അണ്ണാ അണ്ണാ
അണ്ണാ ഒള്ളത് തന്നാല്‍ മതി
ഒന്നുമില്ലെങ്കിലും ഞാന്‍ പോവ്വല്ലോ 
അണ്ണന് അറിയാല്ല് കാര്യങ്ങള് 
 അയാള്‍ മിണ്ടുന്നതിന്‍ ഒച്ച
ഉറക്കത്തിന്റെ പശയുള്ള ഒച്ച

'പാവാട വേണം മേലാട വേണം
പഞ്ചാര പനങ്കിളിക്ക്' എന്ന് 
ചുണ്ടില്‍ ഒരു പാട്ട് പുകച്ചു, ചിലപ്പോള്‍.
നെഞ്ചുകുത്തി ചുമച്ചു, ചിലപ്പോള്‍.
ആളൊഴിഞ്ഞ ഇടം നോക്കി 
കുന്തിച്ചിരുന്ന് കുടിച്ചു, ചിലപ്പോള്‍
പൊക്കിളോളം തുറന്നുകിടന്ന ഉടുപ്പിനുള്ളില്‍
പാതാളംപോലെ ഒട്ടിക്കിടന്ന വയറ്റില്‍ 
ചാരായം ലഹരി പറത്തി 
 
അയാളുടെ വീടേത് 
നാടേത് 
മക്കളെങ്ങനെ 
ഇണയെങ്ങനെ 
എന്നൊന്നും 
ഓര്‍ക്കുന്നില്ല
ഉടലില്‍ ലാഞ്ചിയ ഉറക്കത്തെയല്ലാതെ
കണ്ണുകളില്‍ ഉറക്കം ഉറങ്ങിക്കിടന്നതല്ലാതെ 
ഉറക്കമായി 
മരണത്തിന്റെ ഏതോ സ്മൃതി
കണ്ണില്‍ 
പതുങ്ങിക്കിടന്നതല്ലാതെ 

ഉറക്കം ബേബിയെന്ന് വിളിച്ച്
നാട്ടുകാര്‍ ഒരു ഐറണിയുണ്ടാക്കി.

ഒരിക്കല്‍ ഒരു ദിവസം 
ഒരുറക്കമങ്ങുറങ്ങിയെന്ന് 
ഈയിടെ
കേട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com