'ഈ തോട്ടുവക്കില്‍'- ഇ.എം. ഷൈജു എഴുതിയ കവിത

ഈ കാലത്തിലേതല്ലഅനേകം കാലങ്ങള്‍ മുന്നേയുള്ളഒരോര്‍മ്മതെളിച്ചമോടെ ഇപ്പോള്‍ വന്നിരിക്കുന്നു
'ഈ തോട്ടുവക്കില്‍'- ഇ.എം. ഷൈജു എഴുതിയ കവിത
Updated on: 
1 min read

ഈ കാലത്തിലേതല്ല
അനേകം കാലങ്ങള്‍ മുന്നേയുള്ള
ഒരോര്‍മ്മ
തെളിച്ചമോടെ ഇപ്പോള്‍ വന്നിരിക്കുന്നു

തോട്ടുവക്കിനെ മുറിഞ്ഞു പോകും
വെള്ളം

ഞാന്‍ അതിനരികില്‍ ഏറെന്നേരം
ഇരിക്കുന്നു

ഒരേ ശബ്ദം

അക്ഷമരായ കൊറ്റികളുടെ
ഒരേ നില്‍പ്പ്

ഒഴുക്കിനും
മീനുകള്‍ക്കും ഒരേ ഛായ

മീനായും വെള്ളമായും കാണാന്‍
ഏറെ സൂക്ഷ്മമായിതന്നെ
ഞാന്‍ നോക്കി നില്‍ക്കുന്നു

വെള്ളിപ്പരലുകള്‍
ഒഴുക്കിന്‍ മുഖത്തേക്ക്
വാലിട്ടടിക്കുന്നു

പുല്ലിന്‍ തുമ്പുകള്‍
ഒഴുക്കിലേക്ക് 
താഴ്ന്നു പോകുന്നു

അവിടെ
അതിന്റെയെല്ലാം നിറം
വെള്ളം മറ്റൊന്നാക്കിമാറ്റുന്നു

വരമ്പ് ഒഴുക്കിനുള്ളിലെ
ഒരു കണ്ണാടിപോലെ
തെളിയുന്നു

തൊടുമ്പോള്‍ മിനുമിനുപ്പ്

വഴുക്കുന്നു

ചിത്രങ്ങള്‍പോലെ
വേരുകള്‍
ഒഴുക്കിനോരങ്ങളില്‍ തെളിയുന്നു
ചുറ്റിപ്പിണഞ്ഞ ലോകങ്ങള്‍

പതുക്കെ വെയില്‍
കൂടുതല്‍ വിരിഞ്ഞു നില്‍ക്കുന്നു

എന്റെ നിഴലിനാല്‍ ഒഴുക്കപ്പോള്‍
അധികമിരുണ്ടതായിരിക്കുന്നു

ഈ മുറിവിലൂടെ
ഒഴുകാതെയും വെള്ളം
ഒഴുകുകയാണ്
വരമ്പുകളെ ഉരുമ്മിയത്
ഞൊറി ഞൊറിയായി പായുന്നു

ഏറെ നേരം ഒറ്റകാലിലെ
നില്‍പ്പില്‍ നിന്ന്
ആ കൊറ്റി പറന്ന പറത്തത്തില്‍

എല്ലാം കലങ്ങി

എല്ലാം ഇരുണ്ട്

കാറ്റിനൊപ്പം
വരമ്പുകളെയുരുമ്മി
തോട്ടിലൂടെ
പോവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER