കേട്ട് കേട്ട്
കണ്ട് കണ്ട്
എനിക്കത്രമേല്‍ സ്വന്തമായ ഒരു മലയുണ്ട്,
വയലിനക്കരെ തോപ്പിനക്കരെ
മലയിലേക്ക് നയിക്കുന്ന പാതയുടെ വിജയത്ത്.
കന്യാകുമാരിയിലേക്കുള്ള യാത്രകളില്‍
കാത്തിരുന്ന് മല നോക്കി.
ഇടത്ത് മല കണ്ടു, മടക്കത്തില്‍
വലത്ത് മല കണ്ടു.
കാണാതെ കടന്നുപോകിലും
തിരിഞ്ഞു നോക്കുമ്പോള്‍ ഇടയനെപ്പോലെ
കൂടെയുണ്ട് ആ വലിപ്പം.
അതേ തെളിക്കല്‍, പ്രിയം, ആജ്ഞ.
ഒരേ പുതപ്പില്‍ അനേകായുസ്സിലെ മഴ, മഞ്ഞ്,
ഉദിപ്പ്, നടപ്പ്, ഇരിപ്പ്, കത്തല്‍, കെടല്‍,
ഉയിര്‍പ്പുമറിയും മല; ആ
ഗരിമയെപ്പറ്റിയൊരു വചനം വയ്യ,
ഭജനവും വയ്യ.
അറിഞ്ഞാലും ഇല്ലെങ്കിലും
ആ മല അകം നിറഞ്ഞുണ്ട് ഞാന്‍ മുനമ്പെത്തും വരെ.
നാഞ്ചിനാടന്‍ വിസ്തൃതിയെ ഒരു നെന്മണിയോളം
ചെറുതാക്കും കണ്ട് തീരായ്കയായ്.
പിന്നിട്ട വഴികള്‍ സ്വയമൊന്നിച്ചൊരു
പത്മാസനത്തിലിരിക്കും പോലെ.
പോകേണ്ട വഴിയൊന്നിച്ചൊരു
നീതിമുദ്രയായുദിക്കും പോലെ.
കാണാ സൂക്ഷ്മജന്മങ്ങള്‍ മുതല്‍
കാണും പച്ചിലനീര് വരെ;
മൃദുലം തളിര് മുതല്‍
കഠിനം കാതല്‍ വരെ;
കാണും ഗുഹ മുതല്‍
കാണാ ധ്യാനം വരെ
വേണ്ടും പൊരുള്‍ മുതല്‍
വേണ്ടാമൃതി വരെ
സകല വേദവും ഭേദവുമഭേദവും
അവയിലെ കേന്ദ്രശൂന്യതയും
വാക്യം വാക്യമായുദിച്ച വെളിവ്,
മതമേതായാലും മനുഷ്യന്‍
നന്നായാല്‍ മതിയെന്ന സഞ്ജീവനി,
വാഴും ഗുരുത്വാമല.
ആഴില്ല പ്രളയത്തില്‍
പാറില്ല ചുഴലിയില്‍,
ഈ നേര് നേരിന്റെ കാവല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates