

കനാല്‍ വിളുമ്പത്ത് ഒറ്റയായിപ്പോയ
കവുങ്ങിന്റെ കണ്ണില്‍പെട്ടു
തളപ്പിട്ടുനിന്ന ഓര്‍മ്മകള്‍
ഓടിക്കേറി
മരമൊന്നു വിറച്ചു
പാളയും തണുങ്ങും
കൊഴിച്ചിട്ടു തന്നു
കൂടെപ്പിറപ്പിനെ
കുളിപ്പിച്ച് തോര്‍ത്തി
പാളയില്‍നിന്നും
കോരിയെടുക്കുമ്പോഴത്തെ
മണക്കുസോപ്പിന്റെ കാറ്റ്
ചുറ്റിയടിച്ചുകൊണ്ടിരുന്നു
അമ്മച്ചിയമ്മയുടെ
കിണറിന്റെ തടിപ്പാലത്തിലൂടെ
പാളത്തൊട്ടി
ഓടിയിറങ്ങി
കണ്ണീരുപോലത്തെ
വെള്ളത്തിലിടിച്ചു
അതിന്റെ മുഴക്കത്തില്‍
ദാഹം വറ്റി
പാള കണ്ടതും
തമ്പി ഓടിക്കേറി
തണ്ടില്‍ പിടിച്ചിരുന്നു
ഞാന്‍ വലിച്ചു
മുന്‍പില്‍ വഴികള്‍
പലതുണ്ടായി വന്നു
വിടിയും മുന്നേ1
വയറ് കത്ത്‌തേടാ2
നീങ്ക വല്ലതും3
തിന്നീങ്കളോ4
അമ്മച്ചിയമ്മയുടെ ചോദ്യം
പാളവണ്ടിക്ക്
കൈകാണിച്ചു
കുരുമുളക് പൊടിച്ച്
കൊടിയിലയില്‍ പൊതിഞ്ഞ്
ഈര്‍ക്കിലു കുത്തി
കൊതിയ്‌ക്കോതാന്‍ പറഞ്ഞു
കരീലാഞ്ചിയിലയില്‍ കുത്തിയ
പച്ചീര്‍ക്കില്‍
ഞങ്ങളുടെ ചുണ്ടുകളിലും
കൊണ്ട് കേറി
വയറു കത്തുന്ന ചോദ്യങ്ങളെ
കയറ്റാതെ
പാളവണ്ടി
മലമുകളിലെ
പണിക്കത്തിയമ്മയുടെ
ആലയിലെത്തി
ആലയുടെ
തുറന്നിട്ട വാതിലായിരുന്നു
പണിക്കത്തിയമ്മ
കൊയ്ത്തിരുമ്പിനും
കത്താളിനുമൊപ്പം
കൊതിയ്‌ക്കോതിയും തന്നു
തൊട്ടുരിയാടാതെ
പോകാനുള്ള
ആംഗ്യം കാണിച്ചു
ഞാന്‍ പാളയിലിരുന്നു
തമ്പി വലിച്ചു
താഴ്‌വാരമെത്തി
ചന്തിയില്‍
ഒരു രൂപത്തുട്ടിന്റത്ര
ഓട്ട മുളച്ചു
നീറിപ്പിടിച്ചിട്ടും
നിലവിളിക്കാതെയോടി
കനാല്‍ക്കരെ
ഒറ്റത്തടിയായ
അമ്മച്ചിയമ്മയ്ക്ക്
കൊതിയേക്കോതിയത് നീട്ടി
വെടിയും മുന്നേ
വെറ്റ മുറുക്കി
കത്തലടങ്ങിയ മട്ടില്‍
അമ്മച്ചിയമ്മ വിറച്ചു
ഒരു പാളയും തണുങ്ങും
മുന്നില്‍ വന്നുവീണു.
1. ഉദിക്കും മുന്നേ
2. വിശക്കുന്നെടാ
3. നിങ്ങള്‍ വല്ലതും
4. തിന്നായിരുന്നോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates