

കുരുവിക്കൂട് മുടി
പാറിപ്പറന്ന്
പാട്ടിനൊപ്പം താളമിട്ട്
ബാനര്‍ജി റോഡിലൂടെ
കേശു ഓട്ടോയോട്ടിവരുമ്പോള്‍
പ്രിന്‍സിപ്പല്‍ പര്‍വീണ
കൈ കാട്ടി
അവള്‍ കേറിയപാടെ സുഗന്ധം
കാറ്റില്‍ പറന്നു
കേശു മിറര്‍ തിരിച്ചുവെച്ചു
താലിയുലയുന്ന
കൊഴുത്ത മാറിടം
കനത്ത ജഘനം
പിന്നിലേക്കു പായുന്ന
കെട്ടിടനിരകളും
വാഹനാവലികളുംമറന്ന്
മിററിലേക്ക്
നോക്കിയിരിക്കവേ
അവന്റെ മൃഗതേറ്റ
കൂര്‍ത്തുപൊങ്ങി
കോളേജിലാക്കി തിരിച്ചു പോന്നിട്ടും
കണ്ണ് പാളുന്ന
പൊരിവെയിലില്‍
തകില്‍പോലത്തെ
നഗരമുഴക്കങ്ങളില്‍
കൊഴുത്ത മാറിടം
കനത്ത ജഘനം
മൃഗപെരുപ്പ്
സഹിയാതായപ്പോള്‍
ബീവറേജിന്‍ ചാരെ
ഓട്ടോ നിര്‍ത്തി
അഞ്ചു പെഗ്ഗ് ഒരുമിച്ചിറക്കി.
2
വൈകുന്നേരം
ആറേകാലിനു
ബാനര്‍ജി റോഡിലൂടെ
പാഞ്ഞുവരുമ്പോള്‍
അതെ സ്റ്റോപ്പില്‍
വീണ്ടും അവള്‍
'എന്നെയൊന്നു
വീട്ടിലാക്കാമോ?'
അവന്റെ ചോരയില്‍
കൂളികള്‍ ആര്‍ത്തു
മെയിന്‍ റോഡ് കടന്ന്
ഇടവഴിയായപ്പോള്‍
രോമകൂപങ്ങളില്‍നിന്നും കാമാവി ഉയര്‍ന്ന്
ഓട്ടോ നിറഞ്ഞു
കമുകിന്‍ തോട്ടത്തിലൂടെ
കുലുങ്ങി
പായുമ്പോള്‍
ഇരുമ്പുടല്‍
ഉരുമ്മിയെന്നു
തോന്നി
അവള്‍ ചാടിയിറങ്ങി
'ഫൂ... കഴുവേറിമോനെ'
മുഖത്തേക്ക് തൊഴിച്ചു
3
തിരിച്ചു പോരുമ്പോള്‍
കേശു വിലാസിനിയെ വിളിച്ചു
'നിനക്കിന്നു ക്ലയിന്റ് ഉണ്ടോടീ'
'ആരും ഇല്ലയേട്ടാ
വേഗം വാ...'
എത്തിയപാടെ
'കുറച്ചു കയര്‍ കൊണ്ടുവാടീ'
അയാള്‍ ആജ്ഞാപിച്ചു
അവളത്
കൊണ്ടുവന്നപാടെ
ഇരുകൈകാലുകളും കെട്ടി
ഉടുതുണിയുരിഞ്ഞ്
പായിലേക്ക് തള്ളി
'ഇനി നിന്റെ പേര്
പര്‍വീണ'
അയാള്‍ അവളിലേക്ക് ആഴ്ന്നിറങ്ങി
അവള്‍ കരയുമ്പോഴും
ഞെരിയുമ്പോഴും
വേദനകൊണ്ട്
പിടയുമ്പോഴും
അയാള്‍ ആക്രോശിച്ചു
'നിന്റെ പേരെന്താടീ'
അടിയില്‍ കിടന്ന്
അവള്‍ മുരണ്ടു
'പര്‍വീണ'
ക്രൗര്യം
പുലിനഖങ്ങളായ്
പെരുത്ത്
മാംസപാളികള്‍
അറുത്തുപോകേ
അയാള്‍ ചോദിച്ചു: നിന്റെ പേരെന്താടീ...
പായില്‍ ചോരപടര്‍ന്നു
4
രാവിലെ
ബാനര്‍ജി റോഡിലൂടെ
ഓട്ടോയോട്ടി വന്നപ്പോള്‍
സ്റ്റോപ്പില്‍
കുറെ പിള്ളേര്‍
കൈകാട്ടി
'പാര്‍വീണ മാഡത്തിന്റെ
വീട്ടിലേക്കെടുക്കൂ'
'എനിക്ക് വഴിയറിയാം'
കേശു പറഞ്ഞു:
ഇന്നലെയോടിയ
പെരും റോഡിലൂടെ
ഇടവഴിയിലൂടെ
കമുകിന്‍ തോട്ടത്തിലൂടെ
ഓട്ടോ പായുമ്പോള്‍
കേശുവിന്റെയുള്ളില്‍
മായാത്ത ചിത്രങ്ങള്‍
വീടടുക്കുന്തോറും
ആളുകള്‍ ഒഴുകിവരുന്നുണ്ട്
ചുറ്റും കൂടി നില്‍ക്കുന്നുണ്ട്
പിള്ളേര്‍ ഓട്ടോയില്‍നിന്ന് കരഞ്ഞ്
പായുന്നുണ്ട്
പൂമുഖത്തെ
വെള്ളവിരിപ്പില്‍
ചന്ദനത്തിരി പുകയേറ്റ്
പര്‍വീണ കിടക്കുന്നു
മൂക്കില്‍ പഞ്ഞിവെച്ചിട്ടുണ്ട്
വായ് മൂടിക്കെട്ടിയിട്ടുണ്ട്
കൊഴുത്ത മാറിടത്തില്‍
പനിനീര്‍ തളിച്ചിട്ടുണ്ട്
കനത്ത ജഘനത്തില്‍
പൊടിയീച്ച പാറുന്നുണ്ട്
പാവം, പണ്ടേ
രക്തസമ്മര്‍ദ്ദം ആയിരുന്നു
ആരോ പറയുന്നുണ്ട്
വെളുത്ത വിരിപ്പില്‍നിന്നും
കൈകാല്‍ നീര്‍ത്തി
പ്രേതംപോലെ
അവള്‍ പാഞ്ഞുവരുന്നുണ്ട്
കേശു ഓട്ടോയില്‍ കേറി
തിരിഞ്ഞുനോക്കാതെ
പായിച്ചുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates