നിന്റെ ബിയര്‍കുപ്പികളും
ബര്‍മുഡയണിഞ്ഞ
പ്രണയജോഡികളും
കടല്‍ത്തിരകളും
തുള്ളിയാര്‍ക്കുന്നു.
മരണത്തെ ഫലിതമാക്കി
ഭയാനക സമുദ്രങ്ങളുടെ
ചെകുത്താന്‍ കയങ്ങളിലൂടെ
പത്തേമാരി തുഴഞ്ഞെത്തിയ
പറങ്കിവീര്യം
ഇപ്പോഴും
ചുഴറ്റിയടിക്കുന്നതുപോലെ
വാഗാ ബീച്ചില്‍
അത് മാംസദാഹമായ് മുരളുന്നു
പനാജിയില്‍
ചൂതിനായി പകിടയെറിയുന്നു
മാഡ്ഗണില്‍
അറിയാത്തൊരു
ഉന്മാദമായ്
ചുറ്റിത്തിരിയുന്നു
ആയിരം പബ്ബുകളില്‍
അര്‍ദ്ധരാത്രികളില്‍
നുരയുന്ന ലഹരിയില്‍
ഉറക്കം കടിക്കുന്ന കണ്ണുകളുമായ്
ഹുറേയ്, ഹുറേയ്
വിളിക്കുന്നു
വയലേലകളില്‍
കാറ്റായ്
ചൂളം വിളിക്കുന്നു
വിനോദചാരികള്‍ക്കായ്
മിനുക്കിയെടുത്ത
പഴയ കോട്ടകൊത്തളങ്ങളിലും
ആകാശത്തേക്ക് നാട്ടിയ
ഭീമന്‍ കുരിശുകളുള്ള
കൂറ്റന്‍ പള്ളികളിലും
കയറിയിറങ്ങുമ്പോള്‍
തോര്‍ന്നുപോയ
നൂറ്റാണ്ടുകളില്‍നിന്നും
പീരങ്കികളുടെ വെടിയൊച്ചകളും
വാളുകളുടെ ഝല്‍ ഝല്‍ നാദങ്ങളും
കേള്‍ക്കുന്നു
ശോകമായ
കണ്ണുകളുള്ള
കന്യാമറിയം
അവര്‍ക്ക്
രക്തപങ്കിലമായ
പാപങ്ങളെ
ഉച്ചാടനം ചെയ്യാനുള്ള
ഒരു മൂകദേവത
മാത്രമായിരുന്നോ
എന്നാല്‍ ഇപ്പോഴോ
കൊങ്കിണിയും
ഉറുദുവും
ഇംഗ്ലീഷും
മൊഴിയുന്നവര്‍
മറാട്ടിയും
മുസല്‍മാനും
സങ്കരക്കാരനും
ബസിലോ തെരുവിലോ
ഷോപ്പിലോ ബീച്ചിലോ
കാണുമ്പോള്‍
'ക്യാ ബോലേ'
ഉള്ളുതുറന്നു ചിരിക്കുന്നു
മൈതാനങ്ങള്‍ക്ക് കുറുകെയോടുന്ന
ശാന്തരായ തെരുവുനായ്ക്കള്‍
'സ്വാഗത്' എന്നു കുരക്കുന്നു
ഫെനികുടിച്ച്
ആലസ്യത്തിലാഴ്ന്ന
നാട്ടുകാര്‍
'ചായ്
മാരുണ്‍ ഇയാ...'
എന്ന് ക്ഷണിക്കുന്നു
ഗോവ
അണഞ്ഞിട്ടും
തലച്ചോറില്‍ മുഴങ്ങുന്ന
ഡീ.ജെ പാര്‍ട്ടിയുടെ
ഒരു ചീള്
ജീവിതരതിയുടെ
നിലക്കാത്ത
സീല്‍ക്കാരം
ഉല്ലാസത്തിന്റെ
കടല്‍ദേവത
ഭൂപ്പരപ്പില്‍ ചാര്‍ത്തിയ
കാമനയുടെ തിലകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates