ഞങ്ങടെ വീട്ടില്‍ ആരും
ബീഡി വലിച്ചിരുന്നില്ല.
ഉത്സവമോ
പിറന്നാളോ
അടിയന്തിരമോ
തരാതരം വന്ന്
ആളെക്കൂട്ടുമ്പോള്‍,
ആള്‍ക്കൂട്ടം മുറുകുമ്പോള്‍,
അവരില്‍ ഒരാള്‍
ഞങ്ങള്‍ കുട്ടികളില്‍നിന്ന്
മൂപ്പെത്തിയ ഒരാളെ തെരഞ്ഞെടുത്ത്
വലിക്കാന്‍ തുടങ്ങും.
ഒരിക്കല്‍
എന്നെയാണ് തെരഞ്ഞെടുത്തത്.
ആദ്യത്തെ വലിയില്‍
എന്റെ തലയ്ക്കുള്ളില്‍
ഒരു കാടു കത്തിപ്പടര്‍ന്നു.
പൊള്ളലേറ്റ പക്ഷിക്കുഞ്ഞുങ്ങള്‍
ചില്ലകളില്‍നിന്ന് കൊഴിഞ്ഞു.
ഉടലാകെ തൊലിയായ
ഒരു പാമ്പ്
തീയില്‍ വളഞ്ഞു പുളഞ്ഞു.
സ്വന്തം തൊണ്ടിന്റെ വീട്ടിലേയ്ക്ക്
തല വലിച്ച ഒരാമ
പൊട്ടിത്തെറിച്ചു.
എല്ലാ പച്ചയും
എല്ലാ ഒച്ചയും
കത്തിക്കത്തിയമര്‍ന്നു.
വലയങ്ങളില്‍നിന്ന്
വലയങ്ങളിലേയ്ക്ക് തീ നീങ്ങി.
രണ്ടു പുകയെടുത്തപ്പോഴേയ്ക്കും
അയാള്‍ക്ക് മടുത്തു.
ഇത് മൂത്തുപോയി എന്ന് പറഞ്ഞ്
അയാള്‍ എന്റെ തല ചുമരില്‍
അമര്‍ത്തിയുരസി.
ഞാന്‍ രക്ഷപ്പെട്ടു.
പക്ഷേ, ഇത്തിരി കുറഞ്ഞു.
ആ കുറവ്
എന്റെ തലയില്‍
മുടിയെന്ന് തോന്നിക്കുന്ന കരിയായും
തലച്ചോറില്‍
ചിന്തയെന്ന് തോന്നിക്കുന്ന ചാരമായും
മനസ്സില്‍
ശമമെന്ന് തോന്നിക്കുന്ന മങ്ങലായും
ഇപ്പോഴും വസിക്കുന്നു
ചുമരില്‍
അന്നെന്നെ ഉരച്ചിടത്ത്
ഒരു കറുത്ത പാട് അവശേഷിക്കുന്നു.
ഇത്തിരി മൂത്തത്‌കൊണ്ട്
രക്ഷപ്പെട്ട എന്നെയോ
ഇത്തിരി ഇളപ്പമായതിനാല്‍
കത്തിപ്പോയ എന്നെയോ അല്ല
അവിടെ കാണുന്നത്.
അനേകം തലമുറകളെ
കൊളുത്തി
വലിച്ചു തീര്‍ന്നപ്പോള്‍
ഉരച്ചു
വലിച്ചെറിഞ്ഞ ആ
ഉറച്ച കയ്യിനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates