'പെണ്‍ ആള്‍'- പ്രീത ജെ. പ്രിയദര്‍ശിനി എഴുതിയ കവിത

അവളുടെ കണ്ണുകളിലെ നിലാവ് അപ്പോഴും വറ്റിയിരുന്നില്ല.  കാണാത്തുരങ്കങ്ങള്‍ കടന്ന്അവധിയില്ലാത്ത ദീര്‍ഘയാത്രകളില്‍ക്കൂടി സഞ്ചരിക്കുകയായിരുന്നു അവള്‍.
'പെണ്‍ ആള്‍'- പ്രീത ജെ. പ്രിയദര്‍ശിനി എഴുതിയ കവിത
Updated on
1 min read

വളുടെ കണ്ണുകളിലെ നിലാവ് 
അപ്പോഴും വറ്റിയിരുന്നില്ല.
  
കാണാത്തുരങ്കങ്ങള്‍ കടന്ന്
അവധിയില്ലാത്ത ദീര്‍ഘയാത്രകളില്‍ക്കൂടി 
സഞ്ചരിക്കുകയായിരുന്നു അവള്‍.
 
ആഞ്ഞുതൊടാന്‍ ശ്രമിച്ചപ്പോഴൊക്കെ  
അടഞ്ഞുപോയ കണ്ണുകളില്‍ 
കറപിടിച്ച് കല്ലിച്ചു കിടന്നു  
വെറുതെ സ്‌നേഹിച്ചു തീര്‍ത്ത നിരാശകള്‍.  

ഉപ്പുപാടങ്ങള്‍ ഒറ്റയ്ക്ക് മുറിച്ചു കടന്നവള്‍ 
ഏകാകിയായി മരണമുനമ്പിലും.
ഓര്‍മ്മകളുടെ കടലിരമ്പംപോലെ
ഉണ്ടും ഉറങ്ങിയും തീര്‍ത്ത രാത്രികള്‍   
കിനാവുകള്‍ കരിനീലയായ് 
കണ്ണുകളുടെ വിഷാദച്ഛായകള്‍ക്കു താഴെ 
കറുത്ത നിഴലുപോലെ    
മാഞ്ഞുപോകാതെ കിടന്നു. 

സ്‌നേഹത്തെക്കുറിച്ച് നിശ്ശബ്ദമായി 
ഇടതടവില്ലാതെ പറഞ്ഞപ്പോള്‍  
ഉദാസീനമായി അകന്നുപോയ മൗനങ്ങളും 
നിഴലുകളും ഇപ്പോള്‍ 
ഉറ്റുനോക്കുന്നുണ്ട് അവളെ.

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ 
ഒരു ഭൂപടമായപ്പോള്‍  അഴിച്ചെടുത്ത 
ഹൃദയത്തിനുള്ളില്‍   
ഒരു വീട് തന്നെ  ഭംഗിയായി 
വരച്ചുവച്ചിരിക്കുന്നു അവള്‍.
ഒരു കടലോളം ആഴവും പരപ്പുമുള്ള 
മറ്റൊരു കടലുപോലെ  
അനാവൃതയായവള്‍.

അളന്നും മുറിച്ചും 
വിശദമായി ചോദ്യം ചെയ്തും 
പീഡിതമായ ആത്മാവില്‍നിന്നും 
വിശുദ്ധ രഹസ്യങ്ങളെ  
ചോര്‍ത്തിയെടുക്കുമ്പോള്‍ അവള്‍ കരഞ്ഞില്ല.

നിലാവുപോല്‍ പരന്നൊഴുകിയ 
പാല്‍ മണമുള്ള മുലകളെ 
പകുത്തു മാറ്റുമ്പോള്‍  
കണ്ണടരുകള്‍ അവസാനമായ്  നനഞ്ഞു...

പൂക്കളാല്‍  പൊതിഞ്ഞവള്‍
കോടിമുണ്ടില്‍  പുതപ്പിച്ചവള്‍
വേനല്‍ച്ചില്ലയില്‍നിന്നും
അടര്‍ന്ന പൂവിതള്‍  തുണ്ടുപോലെ നിശ്ശബ്ദമായി,
ഒരു ചോദ്യചിഹ്നമായ്  കിടന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെ 
ശരീരം തികച്ചും ഭാരമായി 
ആ നിമിഷം അവള്‍ക്ക്.

അഴിച്ചിട്ട വേഷങ്ങളില്‍നിന്ന്  
ഇറങ്ങി നടക്കാന്‍ കഴിയാതെ 
പരിഭ്രമിച്ചു നിന്നവള്‍ പെട്ടെന്ന് 
കനല്‍വെളിച്ചത്തിലെ തീപ്പന്തമായി  
പിന്നെ അകലേക്കു മാത്രം അകന്നുപോകും 
ഒരു പൊട്ടുമാത്രമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com