ബ്രഹ്മകമലങ്ങള്‍
വിരിയുന്ന താഴ്വരകള്‍ക്കപ്പുറം
ഹിമശിഖരങ്ങളുടെ
ഭൈരവച്ഛായകളിലൂടെ
നീ ആരോഹണം ചെയ്തു.
ആധിവ്യാധികള്‍ പെരുകിയ
കുപ്പമാടത്തില്‍നിന്ന്
ചില നേരം ഞങ്ങളേയും
കൂടെക്കൂട്ടി.
നിന്റെ സാന്ദ്രമായ സ്ഥായികളുടെ
ദുപട്ടയില്‍ ഞങ്ങളും
നൂല്‍ത്തുമ്പുകളായി.
ഞങ്ങളറിഞ്ഞു,
നീ സ്വരകൈവല്യത്തിന്റെ
കനിവുറഞ്ഞ കുമാരിയാണെന്ന്
ഉയര്‍ന്നും താഴ്ന്നുമുള്ള
ഈണങ്ങളിലൂടെ നീ
ജന്മജമായ നോവുകള്‍ക്ക്
ശമനമേകിക്കൊണ്ടിരുന്നു.
ഓരോ കനല്‍ച്ചാട്ടത്തിലും
കാല്‍പ്പടങ്ങളില്‍ നാദതൈലം
പുരട്ടിക്കൊണ്ടിരുന്നു.
മങ്കേഷ്‌കരങ്ങള്‍കൊണ്ട്
തലോടി,
''ആയേഗാ, ആയേഗാ...''
അതായിരുന്നു സാന്ത്വനം.
നീ പടര്‍ന്നിടത്തെല്ലാം
കാലബാംസുരിയുടെ
സുഷിരങ്ങളിലൂടെ ഞങ്ങളെ
സംക്രമിപ്പിച്ചു.
ഒരു സിത്താര്‍ തന്ത്രിയിലെ
തുടിപ്പായി സ്വരപ്പെടുത്തി.
വാനിന്റേയും മണ്ണിന്റേയും
നോവും ചിരിയും
ഗീതമാക്കിത്തന്നു.
അകാരങ്ങളിലൂടെ
കൈവല്യമിന്നായം കാണിച്ചുതന്നു.
നീയില്ലാതെ
ഇനിയും ഏതാനും നാള്‍
ഞങ്ങള്‍ പുലരും
അസംഖ്യം ആലേഖനങ്ങളിലൂടെ
നീ അകമ്പടി തരുന്നുണ്ടല്ലൊ,
എന്നിട്ടും തീരാത്ത ആന്തല്‍,
വറ്റാത്ത ഏങ്ങല്‍.
നോക്കൂ, മുമ്പില്ലാത്ത
ഒരു താരം ഉദിച്ചിരിക്കുന്നു
അശ്രുത്തിരികൊളുത്തി
ആര്‍ദ്രാദര്‍ശനം നടത്തുക,
പാതിരാപ്പൂചൂടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates