എനിക്ക് മെഹ്ദി ഹസന്റെ
ഗസലുകള്‍ ഇഷ്ടമാണ്,
സുഹൃത്ത് എന്നോട് പറഞ്ഞു:
ഞങ്ങള്‍ നഗരത്തിരക്കില്‍
നടക്കുകയായിരുന്നു.
മിഠായിത്തെരുവാണ്,
സുഹൃത്ത് പറഞ്ഞു:
നടന്നു നടന്നു ഞങ്ങള്‍
ഒരിടനാഴി നൂണ്ട്
കെട്ടിടത്തിന്റെ പിന്നറ്റത്തെ
ഗോവണിപ്പടിയില്‍ കാല്‍വെച്ചു.
അത് മരപ്പലകകളടിച്ചൊരു
ഗോവണിയായിരുന്നു.
ഗോവണി വിറച്ചുകൊണ്ടിരുന്നു.
ഓരോ പടികള്‍ കയറുമ്പോഴും
ഹര്‍മ്മോണിയക്കട്ടകളിലെന്നപോലെ
സുഹൃത്ത്
സപ്തസ്വരങ്ങളെ പുറപ്പെടുവിച്ചു.
ഞാന്‍ നടക്കുമ്പോള്‍
മരപ്പലകകള്‍ ഞരങ്ങുന്നതേയുള്ളൂ.
വരാന്തയിലൂടെ നടന്ന്
അടഞ്ഞൊരു വാതിലില്‍ മുട്ടി
സുഹൃത്ത് പറഞ്ഞു:
അകത്ത് സദിര് തുടങ്ങുന്നതേയുള്ളൂ.
വാതില്‍ ഞരങ്ങുന്നതെനിക്ക് കേള്‍ക്കാം.
എന്നാലത് സ്വരം പിടിക്കുകയാണെന്നും
ഏതു കാലത്തില്‍ വായിക്കണമെന്നു
ചിട്ടപ്പെടുത്തുകയാവാമെന്നും
സുഹൃത്ത് പറഞ്ഞു.
അകത്തു വിരിച്ച മെത്തപ്പായയില്‍
കുറച്ചാളുകളിരിക്കുന്നു,
അര്‍ദ്ധചന്ദ്രാകൃതിയില്‍.
നടുക്കൊരാളതിനിടയില്‍
അഭിമുഖമിരിക്കുന്നു.
അയാളുടെ വശംകൊണ്ടൊരു ഹാര്‍മ്മോണിയമുണ്ട്.
അയാളതില്‍ വിരലോടിക്കുമ്പോള്‍
ശ്രുതി പിടിക്കുകയാണെന്ന്
സുഹൃത്ത് എന്നെ പിടിച്ചിരുത്തി.
തബലയുമായൊരാള്‍
ഗഞ്ചിറയുമായൊരാള്‍
അങ്ങനെ മൂന്നാലു പേര്‍
അഭിമുഖമായി.
ഹാര്‍മ്മോണിയം വായിച്ചിരുന്ന ആള്‍
ഇടയ്‌ക്കെപ്പോഴോ
ആലാപനം തുടങ്ങി.
തബല ധിമി ധിമിയെന്നു
മിണ്ടിത്തുടങ്ങിയതും
സദസ്സ് നിശ്ശബ്ദമായി.
അപ്പോഴെന്റെ ചെവിക്കു പിന്നില്‍
ഒരു കൊതുക് മൂളിത്തുടങ്ങി.
ഗസലാണ്, സുഹൃത്ത് സ്വകാര്യം
കാതില്‍പ്പറഞ്ഞു:
മെഹ്ദി ഹസന്റെ.
കൊതുക് എന്റെ തലക്ക് ചുറ്റും
മൂളിപ്പറന്നു.
കവിളില്‍ ചുംബിച്ചു.
എനിക്ക് ചൊറിഞ്ഞു.
ഗസലതിന്റെ ആരോഹണാവരോഹണത്തില്‍
നിശബ്ദതയില്‍
ധൂപക്കുറ്റിയില്‍നിന്ന് പുകപോലെ
രസികക്കൂട്ടത്തിലേക്ക് ചുരുണ്ടിറങ്ങി.
ഉയര്‍ന്നുപൊങ്ങി.
പറന്നു താഴ്ന്നു.
കൊതുകെന്നെ വിടാതെ
ചുറ്റിപ്പറന്നു.
മൂളി.
ഇടക്കിടെ കവിളില്‍
നെറ്റിയില്‍ ചുംബിച്ചു.
കൊതുകിന്റെ ഗസലല്ലാതെ
മറ്റൊന്നും കേള്‍ക്കാനാവാതെ ഞാന്‍
മുമ്പില്‍ വന്നുപെട്ട കൊതുകിനെ
കൈപ്പത്തികള്‍ കൂട്ടിയടിച്ചു.
ഗായകനപ്പോള്‍
അത്രയും ഹൃദ്യമായൊരു
ആലാപനമാധുര്യത്തില്‍
ശ്രോതാക്കളെ കൊണ്ടുപോവുകയായിരുന്നു.
അതൊരു വല്ലാത്ത മുഹൂര്‍ത്തമായിരുന്നു.
എന്റെ കയ്യടി കേട്ട്
മറ്റുള്ളവരും കയ്യടിക്കാന്‍ തുടങ്ങി.
എല്ലാവരും എന്നെ തിരിഞ്ഞു നോക്കി.
ഗായകന്‍ എനിക്കു നേരെ
തല കുനിച്ചു.
ഞാനെന്റെ കൈപ്പത്തികള്‍
തുറന്നു നോക്കി.
ചോരയില്‍പ്പറ്റി
കൊതുക്
ചതഞ്ഞിരുന്നു.
ഗസല്‍
അവസാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates