'നാരായണേട്ടന്‍'- രോഷ്‌നി സ്വപ്‌ന എഴുതിയ കവിത

നാരായണേട്ടന്‍എന്നും രാവിലെഏഴുമണിക്ക്വടക്കോട്ടുംവൈകുന്നേരംആറ് മുപ്പതിന്തെക്കോട്ടും ഓടും
'നാരായണേട്ടന്‍'- രോഷ്‌നി സ്വപ്‌ന എഴുതിയ കവിത
Updated on
1 min read

നാരായണേട്ടന്‍
എന്നും രാവിലെ
ഏഴുമണിക്ക്
വടക്കോട്ടും
വൈകുന്നേരം
ആറ് മുപ്പതിന്
തെക്കോട്ടും ഓടും

നിര്‍ബ്ബന്ധമാണ് 

ഓട്ടത്തിന്റെ വേഗം
ഒന്നു തെറ്റിയാല്‍
ലോകം
അവസാനിക്കും
പ്രളയം വരും
എന്നു തന്നെ
നാരായണേട്ടന്‍ വിശ്വസിച്ചു

പണ്ട്
വെട്ടം തോടിന്റെ തീരത്ത് പ്രണയകാലത്ത്
കായലിനെ സ്വപ്നം കണ്ട് അവളെ
കാത്തിരുന്ന നേരത്ത് 

കൊടിനാട്ടിയ കമ്പ്
ആരോ വെട്ടിക്കൂട്ടി.

ആള്‍ക്കൂട്ടം..
കത്തിക്കുത്ത്...
ചോര...
നായ്ക്കുര...

അവളെ കൂട്ടി
മാങ്ങാട്ടിരി പുഴ നീന്തിക്കടന്ന് പൊന്നാനിക്ക്
ഒളിച്ചുപോകാന്‍
നിന്നത്
മറന്നു 

പച്ചയും നീലയും ഓറഞ്ചും നിറങ്ങള്‍
ചുവപ്പിലേക്ക് പടര്‍ന്നു
പച്ചിലകള്‍
പുഴയില്‍
വെട്ടി ഒഴുക്കിയത്
കണ്ടുനിന്നു

ഇലകളല്ല
മനുഷ്യരാണല്ലോ
എന്ന്
നെഞ്ച് കാളി

മേഘങ്ങള്‍ ജലപ്പരപ്പിലേക്കങ്ങനെ ഊളിയിട്ടാത്മഹത്യ ചെയ്യുന്നത് നോക്കിനിന്നു

മിണ്ടാനുള്ള
അവകാശം പോയിക്കിട്ടി.
ഒന്നോടിപ്പോയി
നോക്കാനോ
കൂട്ടുകാരെ കൂട്ടി
തെരഞ്ഞുപോകാനോ പറ്റിയില്ല.

അടിയന്തരാവസ്ഥ...!

അത് കഴിഞ്ഞ്
ആകാശം തെളിഞ്ഞപ്പോള്‍ 
കാമുകി മറ്റൊരുത്തന്റെ കൂടെ പോയി.
കാലം പോയതറിഞ്ഞില്ല
അന്ന് ചെവിയില്‍
ഒരു വെള്ളിടി വെട്ടി
റോക്കറ്റ് തുളച്ചുപോയോ? 
ജെറ്റ് വിമാനം
കത്തിക്കരിഞ്ഞ്
മൂര്‍ദ്ധാവില്‍ പതിച്ചോ? അറിയില്ല.

ഓര്‍മ്മച്ചീളലിന്റെ
ഒരു കൂര്‍മ്പ്
ആ സമയത്തില്‍നിന്ന് ഇപ്പോഴും എന്നെ ആട്ടിപ്പായിക്കുകയാണ്...
മൂട്ടില്‍ ഒരു പന്തമാളുന്നപോലെ...
ടീച്ചറേ...

നാരായണേട്ടന്‍ പെട്ടെന്ന് വാലൊന്നിളക്കി.
പിന്നെ പാഞ്ഞുപോയി...

ക്ലാസ്സ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ 
നാരായണേട്ടന്‍ ഓടിവരും

'അന്‍പതില്‍
കൂടുതല്‍
അണ പൈസ
കൊടുക്കരുത്'

നാരായണേട്ടന്‍ 
െ്രെഡവറെ
കൂര്‍പ്പിച്ചു നോക്കും 

പത്രക്കാരനും
കൊറിയര്‍കാരനും
പോസ്റ്റ്മാനും
സ്വിഗ്ഗി ചെക്കനും
കേള്‍ക്കേണ്ടിവന്നിട്ടുണ്ട് പലതവണ
നാരായണേട്ടന്റെ
വര്‍ത്താനം
പലതരത്തില്‍.

ചിലപ്പോള്‍
'ആണുങ്ങളില്ലാത്ത വീടാണ് എല്ലാം നോക്കാന്‍ ഞാന്‍ ഒരുത്തനെ ഉള്ളൂ' എന്ന ഭാവത്തില്‍ വരാന്തയിലെ 
കസേരയില്‍ പിടിച്ചിരിക്കും 

തൊട്ട പറമ്പിലെ വെള്ളക്കെട്ടിന്റെ വരുതിയും വീടിനു നിറച്ചിട്ട മണ്ണിന്റെ കനവും 
അപ്പുറത്ത് പണിയുന്ന വീടിന്റെ
കൊള്ളപ്പലിശയും നാരായണേട്ടന്റെ
വര്‍ത്താനത്തില്‍ വരും.

ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍
നാരായണന്‍ ഒപ്പം കൂടി

ഞാന്‍ രണ്ടെണ്ണം
കഴിച്ചിട്ടുണ്ട് ടീച്ചര്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ 

നാരായണേട്ടന്‍
വാലും മടക്കി മാന്യനായി

എന്നിട്ട് എലിയറ്റിന്റെ കവിതചൊല്ലി 

Let us go then, you and I,
When the evening is
spread out against the sky
Like a patient etherized upon a table;
Let us go. Let us go...

ജീവിതം
ഒരു ഓട്ടം തന്നെ ടീച്ചറേ...
നടത്തത്തിനെ
ഓട്ടത്തിലേക്കും
ഓട്ടത്തിനെ നടത്തത്തിലേക്കും പിരിച്ചെഴുതാനുള്ള തത്രപ്പാടില്‍
എവിടേലും വീണു
ചാവും...

ചാവുമ്പോള്‍
കുഴിച്ചിടാനുള്ള കുഴി നാരായണേട്ടന്‍ കുഴിച്ചുവെച്ചിട്ടുണ്ട്

അതിനുമുകളില്‍
ഒരു ഇല്ലി നടണം

നാരായണേട്ടന്‍ പറഞ്ഞു
അത് പൂത്താല്‍ അവളാകും

ഇല്ലിത്തണ്ട് വെട്ടി അതിനകത്ത് 
കൊടി തൂക്കിയാല്‍ തീര്‍ന്നു.

നാരായണേട്ടന് കൊടി ഇഷ്ടമില്ല.

അതാര് കെട്ടിയാലും.

അന്ന് ഇന്ത്യയുടെ കൊടിയിലെ മൂന്നു നിറങ്ങള്‍ക്ക്
ഭ്രാന്ത് പിടിച്ചന്നായിരുന്നല്ലോ നാരായണേട്ടന്‍
പുഴക്കരയില്‍
പോയിരുന്നതും ജീവിതം കളഞ്ഞുപോയതും.

അടിയന്തരാവസ്ഥക്കാലം അങ്ങനെ തുടങ്ങിയതും

പിന്നെ ഒന്നുറക്കെ
കുരക്കാനും
ഓളിയിടാനും കൂടി കഴിഞ്ഞിട്ടില്ല 

നാരായണേട്ടന്‍
ദിവസത്തില്‍ രണ്ടുനേരം തലങ്ങുംവിലങ്ങും
ഓടുന്നതിന്റെ നീറ്റല്‍ കുറേശ്ശെയായി 
മനസ്സിലായിത്തുടങ്ങിയത് അങ്ങനെയാണ്.

ഇന്ന് രാവിലെ ഓടിപ്പോയപ്പോള്‍
ഞാന്‍ വിളിച്ചു 

നില്‍ക്കാതെ തല വെട്ടിച്ചൊന്നു നോക്കി 
നാരായണേട്ടന്‍ പറഞ്ഞു:

'നേരം തീരെല്ല ടീച്ചറെ 
വടക്കന്നു
ഒരു ജാഥ വരുന്നുണ്ട് 
അതിന്റെ നേരെ മുന്നില്‍ ചെന്ന് 
ഒന്ന് കുരയ്ക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ'

കുതിച്ചു പാഞ്ഞുപോയ
നാരായണേട്ടന്‍ 
നേരം ഇത്രയായിട്ടും
തിരിച്ചു വന്നിട്ടുമില്ല

ഒന്നു ചാഞ്ഞിരുന്നപ്പോള്‍
എന്റെ പിന്നിലും തടയുന്നോ ഒരു വാല്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com