എല്ലാ നദികള്‍ക്കടിയിലും മറ്റൊരു നദിയുണ്ട്.
എല്ലാ വൃക്ഷങ്ങള്‍ക്കകത്തും
മറ്റൊരു വൃക്ഷമുള്ളതുപോലെ.
ഒന്ന് തെക്കോട്ടൊഴുകുമ്പോള്‍
മറ്റേതു വടക്കോട്ടൊഴുകുന്നു
ഒന്നില്‍ സൂര്യന്റെ നിഴല്‍ വീഴുമ്പോള്‍
മറ്റേതില്‍ ചന്ദ്രന്റെ നിഴല്‍ വീഴുന്നു.
ഒന്നില്‍ തിരകള്‍ ഉയരുമ്പോള്‍
മറ്റേത് ഒരു നീലവിരിപോലെ നിശ്ചലമായിരിക്കുന്നു
എന്റെയടിയിലും മറ്റൊരു ഞാനുണ്ട്,
ഉടുപ്പിന്നടിയില്‍ നഗ്‌നതപോലെ.
പുരുഷന്റെ അടിയില്‍ ഒരു സ്ത്രീ
പുഞ്ചിരിക്കുന്നവന്റെ അടിയില്‍ കരയുന്നവന്‍
ശുഭാപ്തിവിശ്വാസിയുടെ അടിയില്‍
അശുഭാപ്തിവിശ്വാസി
ഉറച്ച കല്ലിന്നടിയില്‍ അലിയുന്ന മഞ്ഞ്
പ്രതിരോധിക്കുന്നവന്റെ അടിയില്‍
സംശയിക്കുന്നവന്‍
ചിലപ്പോള്‍ അവ പരസ്പരം സ്ഥാനം മാറുന്നു
അപ്പോള്‍ ഞാന്‍ കരയുന്നത് നിങ്ങള്‍ കാണും
മരിക്കാത്തവന്റെ ഉള്ളിലെ
മരിച്ചവനെ കാണും
ഇഷ്ടികകള്‍ക്കിടയിലൂടെ തലനീട്ടുന്ന
പുല്‍നാമ്പുപോലെ ചുകപ്പിന്നടിയില്‍ പച്ച
വീട്ടുകാരന്നടിയിലെ നാടോടി
അനുരാഗിക്കുള്ളിലെ വൈരാഗി
ആകാശമാകാന്‍ ആഗ്രഹിക്കുന്ന കടല്‍
നദിയാകാന്‍ ആഗ്രഹിക്കുന്ന മുകില്‍.
ഞാന്‍ മരിച്ചുകിടക്കുമ്പോള്‍
മരിച്ച എന്നോട് കലഹിച്ച് മറ്റേവന്‍
ലോകം ചുറ്റുകയാവും,
പല നാടുകളില്‍ ചന്ദ്രന്‍ പലപ്പോഴായി
ഉദിക്കുന്നതു കണ്ടുകൊണ്ട്,
വാക്കുകളെ ഒരു മന്ത്രവടികൊണ്ട് നക്ഷത്രങ്ങളാക്കി
എല്ലാ ഭാഷകളിലും വിരിയിച്ചുകൊണ്ട്.
ഒന്നും ഒന്നല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates