ഷാഹര്‍ അവ്റഹാം,
വിട്ടുവീഴ്ചയില്ലാത്ത വിശ്വാസിയായ
എന്റെ യഹൂദ സ്‌നേഹിതാ,
ഇസ്രയേലിലെ നമ്മുടെ ലാബിലിരുന്ന്
സൃഷ്ടിവാദത്തെപ്പറ്റി നമ്മള്‍
സവിസ്തരം തര്‍ക്കിച്ചത് ഓര്‍മ്മയില്ലേ?
ന്യൂക്ലിയര്‍ കെമിസ്ട്രിയില്‍ ബിരുദമുള്ള,
റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനെപ്പറ്റി
എല്ലാമറിയുന്ന നീ
ഭൂമിയുടെ പ്രായം
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മാത്രമെന്ന്
അറുത്ത് മുറിച്ച് പറയുന്നു.
എന്തൊരു കഷ്ടമെന്ന്
എന്തൊരു ആത്മവഞ്ചനയെന്ന്
പ്രകോപിതനാകുന്നു ഞാന്‍.
ഒരുപക്ഷേ, ദൈവം
ആറായിരം കൊല്ലം മുന്‍പ്
ലക്ഷക്കണക്കിന് വര്‍ഷം പ്രായമുള്ള
ഭൂമിയെയാണ് സൃഷ്ടിച്ചിട്ടുണ്ടാവുക എന്ന്
എന്റെ വാദത്തിന്റെ തോളില്‍ തട്ടി നീ
ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം പറയുന്നു.
മനുഷ്യര്‍ അതിജീവിച്ചതിലും
മികച്ച രീതിയില്‍
മനുഷ്യരുടെ വിശ്വാസങ്ങള്‍ക്ക്
പരിണമിക്കാനും അതിജീവിക്കാനും
സാധിക്കുമെന്നതിന്റെ
ഒന്നൊന്നര തെളിവായി
നിന്റെ ന്യായത്തെ പില്‍ക്കാലമത്രയും
ഞാന്‍ ഓര്‍ത്തുവെച്ചു.
(നോക്കൂ, എന്റെ ഓര്‍മ്മയില്‍ നിന്റെ ന്യായം
അടച്ചുറപ്പുള്ള ആവാസവ്യവസ്ഥ കണ്ടെത്തിയത്!)
അതുമാത്രമല്ല ഷാഹര്‍,
നീ ഉദ്ദേശിക്കുന്നതരം ദൈവവുമായി
നല്ല സാമ്യമുള്ള ഒരാളെ
ബാംഗ്ലൂരിലെ സുദഗുണ്ടെപാള്യയിലെ
ഇടുങ്ങിയ തെരുവുകളിലൊന്നിന്റെ
നടപ്പാതയരികിനോട് മുട്ടിനില്‍ക്കുന്ന
ഇടത്തരം വീടുകളിലൊന്നിന്റെ
വീതികുറഞ്ഞ വരാന്തയില്‍
ഈയിടെ ഞാന്‍ കാണാറുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളില്‍
ഒരേ നേരത്ത് അതേയിടത്ത്
ഒരേമട്ടില്‍ കാണാമയാളെ.
കൈവിരലുകളിലെ നഖം
വെട്ടിക്കൊണ്ടോ വൃത്തിയാക്കിക്കൊണ്ടോ
പരിസരത്തെ പരിപൂര്‍ണ്ണമായി
അവഗണിച്ചുകൊണ്ടുള്ള
നില്‍പ്പിലും പ്രവൃത്തിയുമായിരിക്കും
ഞാന്‍ കാണുമ്പോള്‍ അയാള്‍.
മുഷിഞ്ഞ ഒരു ബനിയനോ
മേലുടുപ്പൊന്നുമില്ലാതെയോ ആവും
വേഷവിധാനം, മിക്കവാറും.
നൂറ് കണക്കിന് ആളുകള്‍
തൊട്ടടുത്തുകൂടെ കടന്നുപോകുന്ന
സമയമാണത്, എന്നിട്ടും.
ഇത്രയ്ക്ക് കൃത്യനിഷ്ഠയോടെ
നഖം വൃത്തിയാക്കുന്ന ഇയാള്‍ക്ക്
ഇത്രയധികം ആളുകള്‍ കാണുന്നിടത്ത്
അടിവസ്ത്രം മാത്രം അണിഞ്ഞും
ഷര്‍ട്ടിടാതെയും നില്‍ക്കുന്നതില്‍
വൃത്തികേടൊന്നും തോന്നുന്നില്ലേ എന്ന്
എനിക്ക് തോന്നുമായിരുന്നു.
അങ്ങനെയാലോചിക്കുമ്പോഴാണ്
നിന്റെ ന്യായം ഒരിക്കല്‍ക്കൂടി
എന്റെ ചിന്തയുടെ തോളില്‍ തട്ടിയത്.
ആരുടെ മുന്നിലാവണം
ഏറ്റവും വൃത്തിയുള്ള നമ്മളെന്ന്
നമ്മളാണ് തീരുമാനിക്കുന്നത്;
എത്ര പ്രായമുള്ള ഭൂമിയെയാണ്
സൃഷ്ടിക്കേണ്ടത് എന്ന്
നിന്റെ ദൈവം തീരുമാനിച്ചതുപോലെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates