

1
വാക്കുകള്‍
ശ്രദ്ധിച്ചിട്ടുണ്ടോ
തലച്ചോറിന് അഴുക്ക്ചാലിന്റെ ആകൃതിയാണ്
വെറുതെയല്ല
അവിടെനിന്ന് പുറപ്പെടുന്ന വാക്കുകള്‍
പുഴുക്കളായി നുരയ്ക്കുന്നത്.
ആത്മരതിയുടെ ചൊറിയന്‍ പുഴു
അഹന്തയുടെ അന്തകന്‍ പുഴു
അസൂയയുടെ കന്നല്‍പ്പുഴു
പരനിന്ദയുടെ പാമ്പന്‍ പുഴു
പരിഹാസത്തിന്റെ പാതാളപ്പുഴു
മുന്‍വിധിയുടെ കരിമ്പുഴു
ഒന്നൊന്നായി ഇഴഞ്ഞുവരും
ശ്രദ്ധിച്ചിട്ടുണ്ടോ
ഹൃദയത്തിന് പ്യൂപ്പയുടെ രൂപമാണ്
വെറുതെയല്ല
അവിടെനിന്ന് വരുന്ന വാക്കുകള്‍
ചിത്രശലഭങ്ങളായി
ചിറകടിക്കുന്നത്!
2
മരിച്ച കടല്‍
പിന്നീടൊരിക്കല്‍
ഇതേ കടല്‍ക്കരയില്‍
നമ്മള്‍ കണ്ടുമുട്ടും
അപ്പോള്‍
ഞാന്‍ ചോദിക്കും:
നീയെങ്ങനെ നീന്തിക്കടന്നു
ഞാനില്ലാത്ത കാലത്തിന്റെ
കലുഷക്കടല്‍?
എനിക്കറിയാം
ആഴമുള്ള നിശബ്ദതയാവും
നിന്റെ മറുപടി
നീയില്ലാത്ത കാലം
ഞാനെങ്ങനെ കഴിച്ചുകൂട്ടി എന്ന്
നീയെന്നോട് ചോദിക്കില്ല
മരിച്ചുപോയ
ഒരാളോട്
അത്രയെങ്കിലും കരുണ
നീ കാണിക്കാതിരിക്കില്ല!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates