കഴിയില്ല ചരിത്രം മായ്ക്കാന്‍, സത്യങ്ങളും

കേരള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരും സംരക്ഷകരുമായ സംസ്ഥാന പുരാരേഖാ വകുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടപെടലിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
തിരുവനന്തപുരത്തെ പുരാരേഖ വകുപ്പ് ആസ്ഥാനം
തിരുവനന്തപുരത്തെ പുരാരേഖ വകുപ്പ് ആസ്ഥാനം

കേരള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരും സംരക്ഷകരുമായ സംസ്ഥാന പുരാരേഖാ വകുപ്പുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടപെടലിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചരിത്ര ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവിധ പരാതികളും നിവേദനങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കും. പുരാരേഖാ വകുപ്പു നവീകരിക്കുന്നതിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രമുഖ ചരിത്രകാരന്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍ അദ്ധ്യക്ഷനായി ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ആ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുന്‍പാണ് കൊവിഡ് മഹാമാരിക്കാലം തുടങ്ങിയത്. കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീടു കാര്യമായി നടന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നശേഷം സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും ആ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഡോ. മൈക്കിള്‍ തരകനെ അറിയിക്കുകയും ചെയ്തു. പുരാരേഖാ വകുപ്പിനെ നന്നാക്കാന്‍ ഉതകുന്ന ഫലപ്രദമായ ശുപാര്‍ശകള്‍ ഉള്‍പ്പെടുന്ന സമഗ്ര റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. ഇതിനിടെ, പുരാരേഖാ ഡയറക്ടര്‍ ജെ. റെജികുമാറിനെക്കുറിച്ചു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ തുറമുഖ-പുരാരേഖാ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തീരുമാനമെടുത്തിരുന്നു. ഉത്തരവിനു മുന്നോടിയായുള്ള കുറിപ്പും തയ്യാറാക്കി. എന്നാല്‍, വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു അനുകൂലമായിരുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയെത്തന്നെ നേരിട്ട് അറിയിക്കാന്‍ പുരാരേഖാ മന്ത്രി തയ്യാറായി. ഡയറക്ടറെ പുരാരേഖാ വകുപ്പില്‍നിന്നു സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഒരു സ്ഥാപനത്തിലേക്കു മാറ്റാന്‍ നീക്കമുണ്ടായെങ്കിലും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ യോജിച്ചില്ല. മൈക്കിള്‍ തരകന്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കൂ എന്നാണ് മുഖ്യമന്ത്രി അന്ന് അനുനയിപ്പിച്ചത് എന്നാണ് വിവരം. അതായത് പുരാരേഖാ വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി ഉറച്ച തീരുമാനങ്ങളിലേക്കു നീങ്ങുന്നു എന്ന സൂചന വ്യക്തം. അതു മാറ്റിക്കാനോ തിരുത്തിക്കാനോ കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ട് മറ്റുതരത്തില്‍ വിശ്വാസ്യത നേടി പദവി സംരക്ഷിക്കാനാണ് ഡയറക്ടര്‍ ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് അസാധാരണമായി അദ്ദേഹം കഴിഞ്ഞ ദിവസം ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തത് ഇതിന്റെ ഭാഗമായിരുന്നു. ഡയറക്ടറേറ്റിലേയും സെന്‍ട്രല്‍ ആര്‍ക്കൈവ്സിലേയും ജീവനക്കാരുടെ യോഗമാണ് വിളിച്ചത്. എറണാകുളത്തും കോഴിക്കോടും ഉടനെ യോഗം വിളിക്കും. അതേസമയം, സമര്‍പ്പിക്കാനിരിക്കുന്ന വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടു മാത്രമല്ല, 2019-'20-ലെ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടിയാണ് പുരാരേഖാ വകുപ്പിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനത്തിനു സര്‍ക്കാര്‍ കണക്കിലെടുക്കുക.

മറുപടികളിലെ മറച്ചുവയ്ക്കലുകള്‍ 

വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ പുരാരേഖാ വകുപ്പില്‍ നല്‍കിയ അപേക്ഷയ്ക്കു നിഷേധാത്മക മറുപടി നല്‍കിയെങ്കിലും അതുള്‍പ്പെടെ ചൂണ്ടിക്കാട്ടി വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പിന്നാലെ മറുപടി തന്നു. സെപ്റ്റംബര്‍ 16 ആണ് അതിലെ തീയതി. പിറ്റേദിവസം തപാല്‍ കിട്ടുന്ന, അതല്ലെങ്കില്‍ മൂന്നാംപക്കമെങ്കിലും കിട്ടുന്ന തലസ്ഥാന നഗരത്തിലെത്തന്നെ വളരെ അടുത്ത പ്രദേശങ്ങളിലായിട്ടും 20-നാണ് അതു കിട്ടിയത്. റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ച മലയാളം വാരിക പുറത്തുവന്ന 17-നോ അതിനുശേഷമോ ആണ് മറുപടി അയച്ചതെന്നു വ്യക്തം. മറുപടിയിലാകട്ടെ, അര്‍ദ്ധസത്യങ്ങളും തെറ്റിദ്ധരിപ്പിക്കലും മറച്ചുവയ്ക്കലുകളും പ്രകടവുമാണ്.

ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് പുരാരേഖാ വകുപ്പും സി ഡിറ്റും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പാണ് ഒന്നാമതായി ചോദിച്ചത്. 2020-'21ല്‍ അല്ല വകുപ്പും സി ഡിറ്റും തമ്മില്‍ ആദ്യമായി ഡിജിറ്റൈസേഷന്‍ കരാര്‍ ഉണ്ടാക്കുന്നത് എന്നിരിക്കെ 2020-'21-ലെ കരാറിന്റെ പകര്‍പ്പ് ലഭിക്കുന്നതിനായി 14 രൂപ ഫീസ് ഇനത്തില്‍ അടച്ച് കൈപ്പറ്റാവുന്നതാണ് എന്നാണ് മറുപടി. കരാര്‍ പ്രകാരമുള്ള ജോലികള്‍ തുടങ്ങിയത് എന്നു മുതലാണ് എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ സി ഡിറ്റുമായി കരാറില്‍ ഏര്‍പ്പെട്ട 2020 ആഗസ്റ്റ് 19 മുതല്‍ ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൈസേഷന്‍ ജോലികള്‍ സി ഡിറ്റ് ആരംഭിച്ചിട്ടുണ്ട് എന്നു പറയുന്നു. യഥാര്‍ത്ഥത്തില്‍ സി ഡിറ്റുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ കരാറുണ്ടാക്കിയിട്ടുണ്ട്. അതിനു തെളിവുകളുമുണ്ട്. 2016-'17-ലും 2017-'18-ലുമുള്ള കരാറുകളുടേയും അതുപ്രകാരം വന്‍തുക നല്‍കിയതിന്റേയും വിശദാംശങ്ങള്‍ അടങ്ങുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. അത്രയൊക്കെ ചെയ്തിട്ടും ഡിജിറ്റൈസേഷന്‍ ഒന്നുമായില്ല എന്നതിന്റെ തെളിവുകൂടിയാണ് ആ റിപ്പോര്‍ട്ട്. 

ഡോ. പി.കെ. മൈക്കിള്‍ തരകന്‍
ഡോ. പി.കെ. മൈക്കിള്‍ തരകന്‍

സംസ്ഥാന ആര്‍ക്കൈവ്സ് ഡയറക്ടറേറ്റിലും എറണാകുളം, കോഴിക്കോട് ഓഫീസുകളിലും ഇതുവരെ എത്ര പേജുകള്‍ ഡിജിറ്റൈസ് ചെയ്തു എന്ന മൂന്നാമത്തെ ചോദ്യത്തിന് ഇതുവരെ ഡിജിറ്റൈസ് ചെയ്ത പേജുകളുടെ വിശദവിവരം എന്ന പേരില്‍ നല്‍കിയത് ഇതാണ്: ''പേപ്പര്‍ ഡോക്യുമെന്റുകള്‍: തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലും സെന്‍ട്രല്‍ ആര്‍ക്കൈവ്സിലും കൂടി 52,00154 പേജുകള്‍, എറണാകുളം മേഖലാ ആര്‍ക്കൈവ്സില്‍ 10,30,000 പേജുകള്‍, കോഴിക്കോട് മേഖലാ ആര്‍ക്കൈവ്സില്‍ 6,75,000 പേജുകള്‍, ഡയറക്ടറേറ്റില്‍ ഡിജിറ്റൈസ് ചെയ്ത ക്യാബിനറ്റ് രേഖകള്‍ 9,60,000 പേജുകള്‍. ആകെ 78,65,154 പേജുകള്‍. താളിയോലകള്‍: തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ 27,89,234 ചുരുണ, എറണാകുളം മേഖലാ ആര്‍ക്കൈവ്സില്‍ 1,25,000 ചുരുണ, ആകെ 29,14234 ചുരുണ. മൈക്രോഫിലിം: 1,25,000 റോള്‍.'' ഇതിനുള്ള മറുപടിയും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ആ രേഖകള്‍ എവിടെ? എന്തുകൊണ്ട് ഓഡിറ്റില്‍ ലഭ്യമാക്കിയില്ല? അവ ഗവേഷകര്‍ക്കു ലഭ്യമാക്കാത്തതെന്തുകൊണ്ട്? മാത്രമല്ല, 2020-'21-ലെ സി ഡിറ്റുമായുള്ള കരാറിനെക്കുറിച്ചു മാത്രം സംസാരിക്കുന്നവര്‍, അതിനു മുന്‍പ് ഡിജിറ്റൈസ് ചെയ്തു എന്ന് അവകാശപ്പെടുന്ന വിവരങ്ങള്‍ എങ്ങനെ പറയുന്നു? മാത്രമല്ല, ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ടു സി ഡിറ്റിന് എത്ര രൂപയാണ് നല്‍കിയത് എന്ന ചോദ്യത്തിന്, 10,12,39,251 രൂപ (പത്തു കോടി പന്ത്രണ്ടു ലക്ഷത്തി മുപ്പത്തിഒമ്പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തിയൊന്ന് രൂപ) എന്നാണ് മറുപടി. അതിനര്‍ത്ഥം, 2020-'21-ലെ കരാറിന്റെ മാത്രം അടിസ്ഥാനത്തില്‍ ഈ തുക നല്‍കിഎന്നാണോ. അല്ലെങ്കില്‍ സി ഡിറ്റുമായി നേരത്തേ ഉണ്ടാക്കിയ കരാറുകളെക്കുറിച്ചും പറയുകയും അവയുടെ പകര്‍പ്പുകള്‍ തരികയും ചെയ്യേണ്ടതല്ലേ? 

ഈ ജോലികള്‍ സി ഡിറ്റ് നേരിട്ടാണോ ചെയ്തത് എന്ന ചോദ്യത്തിന്റെ മറുപടി, സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റുമായി കരാറില്‍ ഏര്‍പ്പെട്ട് വകുപ്പ് സി ഡിറ്റ് മുഖാന്തിരം ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു എന്നാണ്. ശരി, സമ്മതിക്കുന്നു. സി ഡിറ്റ് സര്‍ക്കാര്‍ സ്ഥാപനം തന്നെയാണ്, സംശയമില്ല. പക്ഷേ, അറ്റ്ലിയര്‍ ഔട്ട്സോഴ്സിംഗ് സൊല്യൂഷനോ? ഈ സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയതിന്റേയും പണം നല്‍കിയതിന്റേയും വിശദാംശങ്ങളുണ്ട് സി.എ.ജി റിപ്പോര്‍ട്ടില്‍. മാത്രമല്ല, അതുമായി ബന്ധപ്പെട്ട ദുരൂഹതകളും സംശയങ്ങളുംകൂടി ഉള്‍പ്പെട്ടതാണ് റിപ്പോര്‍ട്ട്. ഇതുവരെ ഓരോ ഓഫീസിലും ഗവേഷകര്‍ക്കു ലഭ്യമാക്കാന്‍ പാകത്തില്‍ എത്ര ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി? ഇവ ഓണ്‍ലൈനില്‍ ലഭ്യമാണോ? ഇന്‍ഡക്‌സ് പരിശോധിക്കാന്‍ കഴിയുമോ എന്നീ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടി, വകുപ്പിലെ രേഖകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടന്നുവരികയാണ് എന്നാണ്. ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ വകുപ്പിന്റെ വിവിധ ഓഫീസുകളിലെ സെര്‍വറിലും ഹാര്‍ഡ് ഡിസ്‌കിലുമായി സൂക്ഷിച്ചുവരികയാണെന്നും എന്നാല്‍, അവയുടെ സംഭരണശേഷി അപര്യാപ്തമായതിനാലും രേഖകളുടെ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കുന്നതിനുമായി ഈ ഡാറ്റ ഐ.ടി മിഷന്‍ മുഖേന ഡാറ്റാ സെന്ററില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കിവരികയാണ് എന്നുംകൂടി പറയുന്നുണ്ട്. ''ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ സര്‍ക്കാരിന്റെ അനുമതിയോടെ അത് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിലേയ്ക്കായി പ്രത്യേക സോഫ്റ്റുവെയര്‍ ആവശ്യമാണ്. അത് തയ്യാറാക്കുന്നതിനും ഓണ്‍ലൈനായി ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ നടന്നു വരുന്നു. നിലവില്‍ ഡിജിറ്റൈസ് ചെയ്ത ഡാറ്റയുടെ ഇന്‍ഡക്‌സ് ഡയറക്ടറേറ്റിലെ സെര്‍വറില്‍നിന്നു ഗവേഷകര്‍ക്കു ലഭ്യമാക്കി വരുന്നു. എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ ഡയറക്ടറേറ്റില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ'' എന്നാണ് വിശദീകരണം.

ഡിജിറ്റൈസ് ചെയ്ത രേഖകളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കലാണ് ഇത്. ഇന്‍ഡക്‌സ് ഉണ്ടെങ്കില്‍ അവ മേഖലാ ഓഫീസുകളിലും ലഭ്യമാക്കേണ്ടതല്ലേ? ഡിജിറ്റൈസ് ചെയ്ത ഡാറ്റയുടെ ഇന്‍ഡക്‌സ് ഡയറക്ടറേറ്റിലെ സെര്‍വറില്‍നിന്നു ഗവേഷകര്‍ക്കു ലഭ്യമാക്കി വരുന്നു എന്നും ഈ സൗകര്യം ഇപ്പോള്‍ ഡയറക്ടറേറ്റില്‍ മാത്രമേ ലഭ്യമായിട്ടുള്ളു എന്നും പറയുന്നതിലാണ് പ്രധാനമായും മറച്ചുവയ്ക്കല്‍ ഉള്ളത്. അതായത്, സെര്‍വറുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം തകരാറിലാണ് എന്നതും ഡയറക്ടറേറ്റിലെ ഒരു സെര്‍വര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതും മറച്ചുവയ്ക്കുകയാണ്. ആ മറച്ചുവയ്ക്കലിന്റെ അനുബന്ധമാണ് അതുമായി ബന്ധപ്പെട്ട ബാക്കി മറുപടികള്‍. സി.എ.ജി റിപ്പോര്‍ട്ട് തന്നെയാണ് ഇവിടെയും സത്യം വെളിപ്പെടുത്തുന്നത്. 

ഓരോ ഓഫീസിലും കോപ്പിയിങ്ങ് മെഷീനുകള്‍ ഏതെല്ലാം, അവ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ? അല്ലെങ്കില്‍ എന്താണ് തകരാറ് എന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് സെര്‍വറുകളും കമ്പ്യൂട്ടറുകളും ഡയറക്ടറേറ്റിലും എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്സ്, കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സ് എന്നീ ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് മറുപടി. എല്ലാ സെര്‍വറുകളിലും സൂക്ഷിച്ചിട്ടുള്ള ഡാറ്റ സുരക്ഷിതമാണെന്ന് സി ഡിറ്റ് അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു. അതായത് വകുപ്പിന് അക്കാര്യം ഉറപ്പല്ല. സെര്‍വറുകളുടെ പരിപാലനം സി ഡിറ്റ് മുഖേനയാണ് നടപ്പാക്കിവരുന്നത് എന്ന, മറുപടിയിലെ അടുത്തവരിയും കൈകഴുകലാണ്. തകരാറിനെക്കുറിച്ച് എപ്പോഴെങ്കിലും പറയേണ്ടിവന്നാല്‍ സി ഡിറ്റിനെ ചാരാനുള്ള പഴുത്. പക്ഷേ, സി.എ.ജി റിപ്പോര്‍ട്ട് ഇക്കാര്യത്തിലും സുതാര്യമാണ്. 

ഡയറക്ടറേറ്റിലെ സെര്‍വര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാണ് എന്നൊരു വരി ഈ മറുപടിയുടെ തുടര്‍ച്ചയായി നല്‍കുന്നുണ്ട്. ''എന്നാല്‍, എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്സിലെ സെര്‍വറുമായി ബന്ധപ്പെട്ട ഹാര്‍ഡുവെയര്‍ തരാറിലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആ തകരാറ് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സെര്‍വര്‍ തകരാറ് സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ സി ഡിറ്റില്‍നിന്നും ആരാഞ്ഞ് താങ്കള്‍ക്ക് അടിയന്തരമായി ലഭ്യമാക്കുന്നതാണ്'' എന്നും പറഞ്ഞിരിക്കുന്നു. അതായത്, നിലവില്‍ ഡിജിറ്റൈസ് ചെയ്ത ഡാറ്റയുടെ ഇന്‍ഡക്‌സ് ഡയറക്ടറേറ്റിലെ സെര്‍വറില്‍നിന്നു ഗവേഷകര്‍ക്കു ലഭ്യമാക്കി വരുന്നു എന്നും ഈ സൗകര്യം ഇപ്പോള്‍ ഡയറക്ടറേറ്റില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും പറഞ്ഞത് നേരായ മറുപടിയായിരുന്നു എന്ന് ഇതിലൂടെത്തന്നെ വ്യക്തമാവുകയാണ്.

സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഉല്‍ക്കണ്ഠകള്‍ 

പുരാരേഖാ വകുപ്പു സി ഡിറ്റ് മുഖേന നടത്തിയ ഡിജിറ്റല്‍വല്‍ക്കരണത്തില്‍ രേഖകള്‍ ശരിയായ വിധമല്ല കൈകാര്യം ചെയ്തതെന്ന് 2019-'20-ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എ.ജിയുടെ സംശയങ്ങള്‍ക്ക് നടപടിക്രമമനുസരിച്ചുള്ള ഇടക്കാല മറുപടിപോലും നല്‍കാന്‍ പുരാരേഖാ വകുപ്പു തയ്യാറായില്ല. അതോടെ സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശങ്ങള്‍ വരികയും ചെയ്തു. ''വിവിധ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട പുരാരേഖാ വകുപ്പിന്റെ രേഖകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് സി ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയത്. ഓരോന്നും പൂര്‍ത്തിയാകുന്ന മുറയ്ക്ക് സിഡിയിലോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലോ വകുപ്പിനു കൈമാറുകയാണ് ചെയ്യുന്നത്. നേരിട്ടുള്ള പരിശോധനയില്‍ ആര്‍ക്കൈവിസ്റ്റിന്റെ പക്കല്‍ ആറ് എക്സ്റ്റേണല്‍ ഡിസ്‌ക്കുകളും നിരവധി സിഡികളും കാണാന്‍ കഴിഞ്ഞു. രണ്ട് എക്സ്റ്റേണല്‍ ഡിസ്‌ക്കുകളില്‍ കുറഞ്ഞ തോതിലാണ് ഡാറ്റയുള്ളത്. നാലു ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ലേബല്‍ ചെയ്തിട്ടില്ല; എക്സ്റ്റേണല്‍ ഡിസ്‌ക്കുകളും സിഡികളും ഇന്‍ഡക്‌സ് ചെയ്തിട്ടുമില്ല'' നമ്പറുകള്‍ സഹിതം സി.എ.ജി ചൂണ്ടിക്കാട്ടി. (നമ്പര്‍ എന്‍എ78ഡബ്ല്യുഒജെഐ, എന്‍എ82ഐ, എസ്എക്‌സ്ജെ, ഡബ്ല്യുഎക്‌സ്20, എബി9, ഡിഡി115. നാലാമത്തേതിന്റെ നമ്പര്‍ വായിക്കാന്‍ പറ്റുന്നില്ല). ഇന്‍ഡക്‌സ് ചെയ്യാത്തതുകൊണ്ടുതന്നെ ഓരോ ഡിസ്‌കിലുമുള്ള ഉള്ളടക്കം നിലവില്‍ ഉപയോഗപ്രദവുമല്ല.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിനെ ഡിജിറ്റൈസേഷന് ഏല്പിക്കുന്നതിനു മുന്‍പ് അറ്റ്ലിയര്‍ ഔട്ട്സോഴ്സിംഗ് സൊല്യൂഷന്‍ എന്ന തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തെ ഇതേ ചുമതല ഏല്പിച്ചിരുന്നു. അവര്‍ നാലു ഘട്ടങ്ങളായി 20 ലക്ഷത്തോളം (19,40,075) രേഖകള്‍ ഡിജിറ്റൈസ് ചെയ്തു. അവര്‍ക്ക് നല്‍കിയത് 15 ലക്ഷം രൂപ (14.098 ലക്ഷം). ഓരോ ഘട്ടം കഴിയുമ്പോഴും ഡിജിറ്റൈസ് ചെയ്ത രേഖകളുടെ പട്ടികയും ബില്ലും കൂടി കൊടുത്ത് അവര്‍ പണം വാങ്ങുമായിരുന്നു. പക്ഷേ, രേഖകളുടെ പട്ടിക ഫയലില്‍ സൂക്ഷിച്ചില്ല. അന്തിമ ബില്‍ പ്രകാരം ഒരു എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി ഡാറ്റ വകുപ്പിനു കൈമാറിയിട്ടുണ്ട്. സി ഡിറ്റും ഈ സ്വകാര്യ സ്ഥാപനവും കൈമാറിയ, വിലപ്പെട്ട രേഖകള്‍ ഡിജിറ്റൈസ് ചെയ്തത് എന്ന് അവകാശപ്പെടുന്ന ഡിസ്‌കുകളുടെ എണ്ണം എത്രയാണ് എന്ന് പുരാരേഖാ വകുപ്പിനു ധാരണയില്ല എന്ന അതീവ ഗുരുതര കണ്ടെത്തലാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല, അറ്റ്ലിയര്‍ ഔട്ട്സോഴ്സിംഗ് സൊല്യൂഷന്‍ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ പട്ടികയോ അവ ഉള്‍പ്പെട്ട ഡിസ്‌കോ ഓഡിറ്റിനു നല്‍കിയുമില്ല. ഇതു ചൂണ്ടിക്കാണിച്ചിട്ട് റിപ്പോര്‍ട്ട് പറയുന്നത്: ''അറ്റ്ലിയര്‍ ഔട്ട്സോഴ്സിംഗ് സൊല്യൂഷനെക്കൊണ്ടു ചെയ്യിച്ച അതേ ജോലി വീണ്ടും വേറെ ചെയ്യിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്'' എന്നാണ്. ഡിജിറ്റൈസ് ചെയ്ത രേഖകള്‍ തമ്മില്‍ വകുപ്പ് താരതമ്യം ചെയ്തു നോക്കുകയോ പരിശോധിച്ചു നോക്കുകയോ ചെയ്തതിന് ഓഡിറ്റില്‍ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും വ്യക്തമാക്കുന്നു. 

20 ലക്ഷം ചുരുണകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് 197.49 ലക്ഷം രൂപയും പേപ്പര്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് 8.75 ലക്ഷം രൂപയും 2016-'17, 2017-'18 വര്‍ഷങ്ങളിലായി ഡി ഡിറ്റിനു കൈമാറി. വകുപ്പിന്റെ പക്കലുള്ള മൊത്തം ചുരുണകളുടെ വിശദാംശങ്ങള്‍ ലഭ്യമാണെങ്കിലും അതില്‍ എത്രയാണ് ഡിജിറ്റൈസ് ചെയ്തത് എന്ന വിവരം ഓഡിറ്റിനു ലഭ്യമാക്കിയില്ല. എത്ര രേഖകള്‍ ഡിജിറ്റൈസ് ചെയ്തു, ഡാറ്റയുടെ വ്യാപ്തി (ജിബിയിലോ ടിബിയിലോ), സെര്‍വറില്‍ അപ്ലോഡ് ചെയ്ത ഡാറ്റ, വിവരങ്ങള്‍ ഇന്‍ഡക്‌സ് ചെയ്യാത്തതിന്റെ കാരണം, ഡിജിറ്റൈസ് ചെയ്യുന്നതിലെ ആവര്‍ത്തനം ഒഴിവാക്കാന്‍ വകുപ്പ് സ്വീകരിച്ച മുന്‍കരുതലുകള്‍, ഡിജിറ്റൈസ് ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളേയും അവരുടെ പ്രോജക്റ്റുകളേയും വിവരങ്ങളുടെ പരിപാലകരേയും സംബന്ധിച്ച സുപ്രധാന ഓഡിറ്റ് അന്വേഷണങ്ങള്‍ക്ക് വകുപ്പ് മറുപടി നല്‍കിയില്ല. 

ഡിജിറ്റൈസ് ചെയ്ത വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് 6 ടിബി വീതം ശേഷിയുള്ള നാല് കംപ്യൂട്ടര്‍ സെര്‍വറുകളാണ് ഉള്ളത്. അവയില്‍ രണ്ടെണ്ണം തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലും ഓരോന്നു വീതം കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലുമാണുള്ളത്. ഈ നാലെണ്ണത്തില്‍ ഡയറക്ടറേറ്റിലെ രണ്ടില്‍ ഒന്നുമാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ഓഫീസിലെ സെര്‍വര്‍ 2016 മുതല്‍ തകരാറു നീക്കിക്കൊണ്ടിരിക്കുകയാണ്. 1.88 ടിബിയുള്ള ആറ് ഫോള്‍ഡറുകളിലും അവയുടെ ഉപ ഫോള്‍ഡറുകളിലുമായാണ് ഡിജിറ്റൈസ് ചെയ്ത വിവരങ്ങള്‍ ഡയറക്ടറേറ്റിലെ കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നത്. ഓഡിറ്റില്‍ ഈ വിവരങ്ങളുടെ ഇന്‍ഡക്‌സ് നല്‍കാനോ വിവരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാനോ സെര്‍വറിന്റെ ചുമതലയുള്ള ജീവനക്കാരന്‍ തയ്യാറായില്ല. ഇതു ചൂണ്ടിക്കാണിച്ചിട്ട് എജി പറയുന്നത്: ''അറ്റ്ലിയര്‍ ഔട്ട്സോഴ്സിംഗ് സൊല്യൂഷന്‍ നല്‍കിയ ഡിജിറ്റല്‍ വിവരങ്ങളും ആ സെര്‍വറില്‍ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു അറിവുമില്ല'' എന്നാണ്. എല്ലാ വിവരങ്ങളും സെര്‍വറില്‍ സൂക്ഷിച്ചിട്ടില്ല എന്നു ജീവനക്കാരന്‍ സമ്മതിക്കുകയും ചെയ്തു. 

സെര്‍വറുകള്‍ തകരാറിലായതുകൊണ്ടും മുഴുവന്‍ ഡിജിറ്റല്‍ വിവരങ്ങളും സെര്‍വറുകളില്‍ അപ്ലോഡ് ചെയ്തിട്ടില്ലാത്തതുകൊണ്ടും രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഗവേഷകര്‍ക്കു പരിശോധനയ്ക്കു ലഭ്യമല്ല. അതുകൊണ്ട് യഥാര്‍ത്ഥ രേഖകള്‍ തന്നെ ഗവഷകര്‍ക്ക് പരിശോധനയ്ക്കു നല്‍കേണ്ടി വരുന്നു. വിലപ്പെട്ട ഈ രേഖകള്‍ക്കു തകരാറു സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല-സി.എ.ജി ഉല്‍ക്കണ്ഠപ്പെടുന്നു. 
സെര്‍വറുകള്‍ സ്ഥാപിച്ച തീയതികള്‍പോലുള്ള വിശദാംശങ്ങള്‍, ഡയറക്ടറേറ്റിലും മേഖലാ ഓഫീസുകളിലും സെര്‍വറുകള്‍ സൂക്ഷിച്ചത് എന്നു മുതല്‍ എന്ന വിവരം, കേടായത് എന്നു മുതല്‍ എന്നത്, നന്നാക്കാന്‍ സ്വീകരിച്ച നടപടികള്‍, സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍, കിയോസ്‌കില്‍ ലഭ്യമായ വിവരങ്ങള്‍, മുഴുവന്‍ വിവരങ്ങളും സെര്‍വറില്‍ അപ്ലോഡ് ചെയ്യാത്തതിന്റെ കാരണം എന്നിവ ഓഡിറ്റിനു നല്‍കിയില്ല. 

62.54 ലക്ഷം രൂപ ചെലവില്‍ ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യ സ്ഥാപനത്തെക്കൊണ്ട് കേരള ഡിജിറ്റല്‍ ആര്‍ക്കൈവ്സ് മാപ്പ് തയ്യാറാക്കുന്നതിന് 2017 ആഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആറ് ഘട്ടങ്ങളായി ജോലി തീര്‍ത്ത ശേഷം മാത്രം തുക നല്‍കും എന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇതിനു വിരുദ്ധമായി ആകെ തുകയുടെ 20 ശതമാനമായ 11.26 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. കരാറിന്റെ ലംഘനമായിരുന്നു ഇത്. 2018 മാര്‍ച്ചില്‍ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ രണ്ടേ രണ്ടു ഘട്ടങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. പ്രവൃത്തി തൃപ്തികരമായി പൂര്‍ത്തീകരിക്കാതിരുന്നിട്ടും 20 ലക്ഷം രൂപ കൂടി മുന്‍കൂര്‍ ഇനത്തില്‍ നല്‍കുകയും ചെയ്തു. 2018-'19ലും 31.28 ലക്ഷം രൂപ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് മാപ്പിനു വേണ്ടി നീക്കിവച്ചെങ്കിലും ബാക്കി നാലു ഘട്ടങ്ങള്‍ കൂടി ഇന്‍വിസ് മള്‍ട്ടിമീഡിയയെക്കൊണ്ട് ചെയ്തുതീര്‍ക്കുന്നതില്‍ ഒരുതരത്തിലുള്ള പുരോഗതിയും ഉണ്ടായില്ല. കരാര്‍ വ്യവസ്ഥകള്‍ ഏതെങ്കിലും തരത്തില്‍ ലംഘിച്ചാല്‍ സ്വീകരിക്കുന്ന തക്കതായ നിയമ നടപടികളെക്കുറിച്ചു കരാറില്‍ വ്യവസ്ഥയുണ്ടാകണം എന്ന് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ വ്യക്തമായി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, അത്തരം ഒരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നില്ല. സാംസ്‌കാരിക വകുപ്പ് അംഗീകരിച്ച ഏജന്‍സിയാണ് കരാര്‍ ലംഘിച്ചത് എന്നിരിക്കെ തക്കതായ നടപടിയെടുക്കുന്നതിനുവേണ്ടി അക്കാര്യം അങ്ങോട്ട് അറിയിക്കേണ്ടതായിരുന്നു. 

പാഴ്വേലയായിപ്പോയ പുരാരേഖാ സര്‍വ്വേ 

'സാമൂഹിക പുരാരേഖാ വിപുലീകരണവും പങ്കാളിത്ത ഡിജിറ്റല്‍വല്‍ക്കരണവും' എന്ന പദ്ധതിക്ക് 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഗവേഷകര്‍, പൊതുജനങ്ങള്‍, സര്‍വ്വകലാശാലകളിലെ സാഹിത്യ, ചരിത്ര വിദ്യാര്‍ത്ഥികള്‍, ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ജില്ലാതല പൈതൃക ഫോറങ്ങള്‍ രൂപീകരിക്കുന്നതിന് ഡയറക്ടര്‍ പദ്ധതി നല്‍കി. പുരാരേഖകളും പുരാവസ്തുക്കളും ശേഖരിക്കുന്നത് ഉള്‍പ്പെടെയായിരുന്നു ലക്ഷ്യം. സമഗ്ര സര്‍വ്വേ നടത്തി കേരള സംസ്ഥാന പുരാരേഖാ രജിസ്റ്റര്‍ തയ്യാറാക്കാനും ലക്ഷ്യമിട്ടു. എന്നാല്‍, ജില്ലാ ഫോറം രൂപീകരണം നടന്നില്ല. സര്‍വ്വേ നടത്തി പുരാരേഖാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സംസ്ഥാന സാക്ഷരതാ മിഷനെ ചുമതലപ്പെടുത്തി. ആകെ പദ്ധതിച്ചെലവ് 14 ലക്ഷം രൂപ 2018 മാര്‍ച്ചില്‍ സാക്ഷരതാ മിഷനു നല്‍കി. സമഗ്ര സര്‍വ്വേ റിപ്പോര്‍ട്ടാണ് 2019 ജൂലൈ 24-ന് സാക്ഷരതാ മിഷന്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥില്‍നിന്നു പുരാരേഖാ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. അത്രതന്നെ. തുല്യതാ പഠിതാക്കള്‍, തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജനകീയ ക്യാംപെയ്ന്‍ എന്ന നിലയില്‍ സംഘടിപ്പിച്ച സര്‍വ്വേയിലൂടെ സമാഹരിച്ച വിലപ്പെട്ട വിവരങ്ങള്‍ വകുപ്പിന്റെ പുരാരേഖകളുടെ ഭാഗമാക്കി മാറ്റാനോ സംരക്ഷിക്കാനോ കഴിഞ്ഞില്ല. ആ വലിയ ദൗത്യത്തില്‍ കണ്ടെത്തിയതൊക്കെ അവിടെത്തന്നെയുണ്ടോ എന്നുപോലും ഇപ്പോള്‍ വകുപ്പിനു ധാരണയില്ല. താളിയോലകള്‍, അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, മറ്റു മാധ്യമങ്ങളില്‍ എഴുതിയ ചരിത്രരേഖകള്‍, പുരാവസ്തുക്കള്‍ എന്നിവയെ കേന്ദ്രമാക്കി ആയിരുന്നു സര്‍വ്വേ. ഒരേസമയം അക്കാദമിക് സ്വഭാവവും ജനകീയ സ്വഭാവവുമുള്ള ഒരു പ്രവര്‍ത്തനമാക്കി അതിനെ മാറ്റാന്‍ സാക്ഷരതാ മിഷനു കഴിഞ്ഞു. 14 ജില്ലകളിലുമായി 21501 സ്ത്രീകളും 16420 പുരുഷന്മാരും 30 ട്രാന്‍സ്ജെന്‍ഡേഴ്സും പങ്കെടുത്തു. 42635 വീടുകളും 1259 സ്ഥാപനങ്ങളും സന്ദര്‍ശിച്ച് 142921 രേഖകള്‍ കണ്ടെത്തി. നിസ്സാരമായിരുന്നില്ല ആ കണ്ടെത്തലുകള്‍ എന്ന് അവയുടെ പട്ടികയിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും. 

സര്‍വ്വേയില്‍ കണ്ടെത്തിയ പുരാരേഖകളും പുരാവസ്തുക്കളും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലാണെന്നും അവ കൈമാറുന്നതിന് ആരും സന്നദ്ധരല്ലാത്തതുകൊണ്ട് രേഖകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നതിനു വിപുല പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം എന്ന് സാക്ഷരതാ മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കണ്ടെത്തിയ രേഖകളും പുരാവസ്തുക്കളും പുരാരേഖാ വകുപ്പിന്റെ നേതൃത്വത്തില്‍ നേരിട്ടു പരിശോധിച്ച് കാലപ്പഴക്കം നിര്‍ണ്ണയിക്കുകയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പുരാരേഖാ രജിസ്റ്റര്‍ തയ്യാറാക്കുകയും വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യണം എന്നതായിരുന്നു മറ്റൊരു പ്രധാന ശുപാര്‍ശ. എന്നാല്‍, കണ്ടെത്തലുകളും ശുപാര്‍ശകളും ഉള്‍പ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ടുപോലും വേണ്ടവിധം പ്രചരിപ്പിക്കാന്‍, പരിഗണിക്കാന്‍ പുരാരേഖാ വകുപ്പ് തയ്യാറായില്ല. 

കേരളത്തില്‍ അങ്ങോളമിങ്ങോളം ആ പുരാരേഖകള്‍ ഇപ്പോഴുമുണ്ടാകാം. അവ ജനങ്ങള്‍ക്കു കാണാനും ചരിത്രഗവേഷകര്‍ക്കു പ്രയോജനപ്പെടുത്താനും പാകത്തിലുള്ള ഇടപെടലുകള്‍ വകുപ്പിന്റെ പരിഗണനയില്‍ ഉള്ളതായി വിശ്വസനീയ വിവരമില്ല. പുരാരേഖകള്‍ ഉള്ളയിടത്ത് അങ്ങോട്ടു പോയി അവ സംരക്ഷിക്കും എന്നത് ഒരു പാഴ്വാക്കു മാത്രം.

അതിനിടെ, സര്‍വ്വേയില്‍ കണ്ടെത്തുന്ന രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് സി ഡിറ്റുമായി 2018 മാര്‍ച്ചില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. 14.2 ലക്ഷം രൂപയാണ് ഇതിനു ചെലവ് കണക്കാക്കിയത്. തുക സി ഡിറ്റിനു കൈമാറുകയും ചെയ്തു. എന്നാല്‍, സര്‍വ്വേ റിപ്പോര്‍ട്ട് അപ്പോള്‍ തയ്യാറായിരുന്നില്ല. അതിനു മുന്‍പേതന്നെ ആ രേഖകളുടെ ഡിജിറ്റൈസേഷനുവേണ്ടി പണം കൈമാറിയ നടപടിക്കു മതിയായ വ്യക്തത വേണ്ടതുണ്ട് എന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. ഇങ്ങനെ, പൊതുഖജനാവിനു പണം നഷ്ടപ്പെടുത്തിയ ക്രമക്കേടുകളുടെ നീണ്ട നിരയാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. നിസ്സാരമെന്നു തോന്നാവുന്ന ഒരു ഉദാഹരണം ഇതാ: ആദായനികുതി വകുപ്പിലെ വകുപ്പ് 194 സി പ്രകാരം 30,000 രൂപയില്‍ കൂടുതലോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 75,000 രൂപയില്‍ കൂടുതലോ തുകയ്ക്കുള്ള കരാര്‍ വ്യക്തികള്‍ക്കു കൊടുത്താല്‍ തുകയുടെ ഒരു ശതമാനവും സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ രണ്ടു ശതമാനവും ആദായ നികുതി ഈടാക്കണം. എന്നാല്‍, വിവിധ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ഈ തുക ഈടാക്കിയിട്ടില്ല. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ എടുത്ത തീരുമാനം ചോദ്യം ചെയ്തും എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. എന്നിട്ടും ഈ ജീവനക്കാര്‍ക്ക് സ്‌കെയില്‍ ഓഫ് പേ ആണ് കൊടുക്കുന്നത്. മാനുസ്‌ക്രിപ്റ്റ് ട്രാന്‍സിറ്റലേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് 2011-ല്‍ പുറപ്പെടുവിച്ചത് കൃത്യമായി മൂന്നു പേര്‍ക്കുവേണ്ടി മാത്രമായിരുന്നു. ഏതെങ്കിലും ബിരുദം എന്നായിരുന്നു അതില്‍ പറഞ്ഞിരുന്ന യോഗ്യതാ മാനദണ്ഡം. 2012-ല്‍ അതു മാറ്റി ബിരുദാനന്തര ബിരുദം എന്നാക്കി തിരുത്തി ഇറക്കി. ഒരാള്‍ക്ക് രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് യോഗ്യതാ മാനദണ്ഡം തിരുത്തി ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ മതി എന്നാക്കി.

പൊടിഞ്ഞുപോകുന്ന ചരിത്രം 

തിരുവനന്തപുരത്തു കോട്ടയ്ക്കകത്തെ പുരാരേഖാ കേന്ദ്രത്തില്‍ ഒരു കോടിയോളം താളിയോല രേഖകളാണുള്ളത്. ലോകത്തെത്തന്നെ ഏറ്റവും വലിയ താളിയോല ശേഖരമാണിത്. ഇതു സംരക്ഷിക്കാന്‍ പുതിയ താളിയോല മ്യൂസിയം ഉണ്ടാക്കുമെന്നാണ് പുരാരേഖാ വകുപ്പ് പറയുന്നത്. ഇവിടെത്തന്നെ ഇത് ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ശ്രമിക്കാതെ നീക്കാന്‍ ശ്രമിച്ചാല്‍ വന്‍തോതില്‍ നശിച്ചുപോകും എന്ന ആശങ്ക നിലനില്‍ക്കെയാണിത്. ഇവിടെ ഇതു സംരക്ഷിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമില്ല എന്നതിനു തെളിവാണ് ഈ കെട്ടിടത്തിലെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നത്. രണ്ടു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള കെട്ടിടമാണിത്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്ന കെട്ടിടം. രാജഭരണകാലത്ത് ഇത് ജയിലായിരുന്നു. കൂടുതല്‍ ജാഗ്രതയോടെ ഇതു സംരക്ഷിക്കുന്നതിനു പകരമാണ് പുതിയ താളിയോല മ്യൂസിയം ഉണ്ടാക്കുന്നത്.

കേരളത്തില്‍ മ്യൂസിയങ്ങള്‍ രൂപീകരിക്കാനും സംരക്ഷിക്കാനും പ്രത്യേക വകുപ്പ് ഉണ്ടായിരിക്കെയാണ് താളിയോല മ്യൂസിയം പോലുള്ളവ നിര്‍മ്മിക്കുന്നതിനു പുരാരേഖാ വകുപ്പ് പണവും സമയവും അധ്വാനവും പാഴാക്കുന്നത്. ചരിത്രരേഖകള്‍ സുരക്ഷിതമായി സംരക്ഷിക്കുകയാണ് പുരാരേഖാ വകുപ്പിന്റെ പ്രഥമവും പ്രധാനവുമായ ചുമതല. ഗവേഷകരെ സംബന്ധിച്ചിടത്തോളം പുരാരേഖകള്‍ പ്രാഥമിക രേഖകളാണ്. പത്രവാര്‍ത്തകള്‍ പോലുള്ളവ ദ്വിതീയ രേഖകളേ ആകുന്നുള്ളു. കുറേക്കാലം കഴിഞ്ഞാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ രേഖകള്‍ ഈ കാലത്തെക്കുറിച്ചുള്ള പ്രധാന തെളിവുകളായി മാറും. മദ്രാസ് ഗവണ്‍മെന്റിന്റെ കാലത്ത് മലബാര്‍ കളക്ട്രേറ്റ് ഉണ്ടായിരുന്നു. അവിടെ കേരളചരിത്രത്തെക്കുറിച്ചു വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. അവ പിന്നീട് തമിഴ്നാട് പുരാരേഖാ വകുപ്പിന്റെ പക്കലായി. പിന്നീട് അവ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍, കേരളത്തിലെ 14 ജില്ലാ കളക്ട്രേറ്റുകളിലും റെക്കോര്‍ഡ്സ് മുറികളില്‍ പൊടിപിടിച്ചു കിടക്കുകയോ നശിക്കുകയോ ചെയ്യുന്ന ചരിത്രരേഖകള്‍ വീണ്ടെടുത്തു സംരക്ഷിക്കാന്‍ പുരാരേഖാ വകുപ്പ് ഒരു ശ്രമവും നടത്തുന്നില്ല. റെക്കോര്‍ഡ്സ് മുറികളുടെ പരിപാലനം തന്നെ പുരാരേഖാ നിയമ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍, നിയമം ഇതുവരെ ഉണ്ടാകാത്തത് ഇതിനേയും ബാധിക്കുന്നു. 

മുന്‍ ഡയറക്ടറുടെ കാലത്ത് ലണ്ടനില്‍നിന്നു കൊണ്ടുവന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന മൈക്രോഫിലിം സംരക്ഷിക്കാന്‍പോലും പിന്‍ഗാമിക്കു കഴിഞ്ഞില്ല. അവ നശിച്ചുപോയിരിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബം സുരക്ഷിതമായി സൂക്ഷിച്ച ചരിത്രരേഖകള്‍പോലും പൊടിഞ്ഞുപോകുന്നതിനെക്കുറിച്ച് ഉല്‍ക്കണ്ഠയില്ലാത്തവര്‍ക്ക് മൈക്രോഫിലിം ഒരു വിഷയമേ അല്ല എന്നതാണ് സ്ഥിതി. 

താളിയോലകളുടെ സംരക്ഷണത്തിനു മ്യൂസിയം എന്നത് മുന്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കൂടി ആശയമാണ്. അതിന് അദ്ദേഹം ബജറ്റില്‍ ഉള്‍പ്പെടുത്തി തുകയും അനുവദിച്ചിരുന്നു. മ്യൂസിയം ഉണ്ടാക്കാന്‍ അമിതാവേശം കാണിക്കുന്നതിനിടയിലാണ് നിലവിലെ താളിയോല ശേഖരത്തിനു മുകളില്‍ മഴവെള്ളം ചോര്‍ന്നു വീഴുന്നതും ഡിജിറ്റൈസ് ചെയ്യാന്‍ കൊണ്ടുപോയ താളിയോലകളില്‍ ചിലത് പൊടിഞ്ഞുപോയ നിലയില്‍ പൊതിഞ്ഞ് മറ്റുള്ളവയ്ക്കിടയില്‍ തിരുകിവച്ചിരിക്കുന്നതും. അതെ, വസ്തുതയാണ് ഈ പറയുന്നത്. 

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകളുടേയും മ്യൂസിയം നോഡല്‍ ഏജന്‍സി 'കേരളം മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള' (ഐ.എം.സി.കെ) എന്ന സ്ഥാപനമാണ്. പൊതുമേഖലയില്‍ സമാന സ്ഥാപനങ്ങള്‍ വേറെ ഇല്ല. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന പേരില്‍ ഈ വര്‍ഷം ജനുവരിയില്‍ അവര്‍ ഒരു വിശദരേഖ പുറത്തിറക്കിയിരുന്നു; പേര് പാഥേയം. ''സംസ്ഥാനത്തെ പുരാരേഖാ പൈതൃകത്തിന്റെ കാവലാളായി നിസ്തുല സേവനം അനുഷ്ഠിച്ചു പോരുന്ന സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ഇന്നു വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു'' എന്നാണ് അതിലെ അവകാശവാദം. അതിനു പറയുന്ന കാരണങ്ങളും നിലവിലെ സ്ഥിതിയും യോജിച്ചു പോകുന്നുമില്ല. ''പുരാരേഖകളുടെ ഭരണനിര്‍വ്വഹണം, എന്നീ പ്രവര്‍ത്തനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി രേഖകളുടെ ഡിജിറ്റൈസേഷന്‍, ഡിജിറ്റല്‍ ചരിത്രരേഖാ ഭൂപടം എന്നിവ നിര്‍വ്വഹിക്കുന്നതിനും വകുപ്പിനു സാധിച്ചു'' എന്നും പറയുന്നു. ഇതിന്റെയെല്ലാം സത്യാവസ്ഥയിലേക്കു പിടിച്ച വെളിച്ചമാണ് ഗവേഷകരുടെ പരാതികളും സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. 

ഇനി ഉണ്ടാകേണ്ടത് ചരിത്രത്തോടും ചരിത്രരേഖകളോടും പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ ഇടപെടലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com