എന്‍മകജെയിലെ ജാതിക്കോമരങ്ങള്‍

എന്‍മകജെയിലെ പഡ്രെ ഗ്രാമത്തിലെ പ്രധാന ആരാധനാലയമാണ് ബദിയാറു ജഡാധാരി ക്ഷേത്രം. കാലങ്ങളായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല
കൃഷ്ണ മോഹന പൊസല്യ. ഇദ്ദേഹമാണ് സമുദായത്തിനകത്തു നിന്ന് ഈ വിവേചനത്തിനെതിരെ ചോദ്യമുയർത്തുകയും ബ്രാഹ്മണരടക്കമുള്ള ജാതികൾക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ട വഴിയിലൂടെ പടവുകൾ കയറിയതും/ ഫോട്ടോ: പ്രസൂൺ കിരൺ
കൃഷ്ണ മോഹന പൊസല്യ. ഇദ്ദേഹമാണ് സമുദായത്തിനകത്തു നിന്ന് ഈ വിവേചനത്തിനെതിരെ ചോദ്യമുയർത്തുകയും ബ്രാഹ്മണരടക്കമുള്ള ജാതികൾക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ട വഴിയിലൂടെ പടവുകൾ കയറിയതും/ ഫോട്ടോ: പ്രസൂൺ കിരൺ

''കാസര്‍കോട് എന്‍മകജെ പഞ്ചായത്തിലെ പഡ്രെ ഗ്രാമത്തിലെ പട്ടികജാതി സമുദായത്തില്‍പ്പെട്ട ഞങ്ങള്‍ക്ക് തൊട്ടുകൂടായ്മയും ക്ഷേത്രപ്രവേശന നിഷേധവുമാണ്. ഗ്രാമത്തിലെ പ്രധാന ആരാധന ക്ഷേത്രമായ ബദിയാറു ജഡാധാരി ക്ഷേത്രത്തില്‍ എസ്.സി സമുദായത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവരോടൊപ്പം ഇരുന്ന് അന്നദാനം സ്വീകരിക്കാന്‍ വിലക്കാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവരും കഴിച്ചുകഴിഞ്ഞ ശേഷം എസ്.സി സമുദായത്തിലെ ഓരോ ജാതിയുടേയും പേരുവിളിച്ച് ദൂരെ ഭക്ഷണം വിളമ്പും. വിളമ്പിയ ഭക്ഷണം ദൂരെ എവിടെയെങ്കിലും പോയിരുന്നു കഴിക്കണം. ക്ഷേത്രത്തിലേക്ക് എല്ലാവരും പോകുന്ന വഴിയിലൂടെ പോകാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. വേറെ വഴിയിലൂടെ വന്നു ക്ഷേത്രത്തില്‍നിന്നു കുറേദൂരം മാറിനിന്നു പ്രാര്‍ത്ഥിക്കണം. കാണിക്ക ഇടാന്‍ ഏതെങ്കിലും മേല്‍ ജാതിക്കാരന്റെ കയ്യില്‍ കൊടുക്കണം.

താങ്കള്‍ ഈ വിഷയം കണക്കിലെടുത്ത് മേപ്പടി ഗ്രാമത്തിലെ എസ്.സി. സമുദായത്തില്‍പ്പെട്ടവര്‍ക്ക് തുല്യത നല്‍കണമെന്നും ജഡാധാരി ക്ഷേത്രത്തില്‍ നടക്കുന്ന ദൈവ ഉത്സവത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനും പ്രാര്‍ത്ഥിക്കാനും കാണിക്ക ഇടാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും ജാതിനിന്ദ, തൊട്ടുകൂടായ്മ എന്നിവയില്‍നിന്നും ഞങ്ങളെ മോചിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.''

- കാസര്‍കോട് എസ്.എം.എസ് പൊലീസ് സ്റ്റേഷന്‍ ഡി.വൈ.എസ്.പിക്ക് എന്‍മകജെ പഡ്രെ ഗ്രാമത്തിലെ പട്ടികജാതി സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ഒപ്പിട്ടു നല്‍കിയ പരാതിയിലെ ഭാഗമാണിത്. 

കാസര്‍കോട് നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എന്‍മകജെ എത്താം. കര്‍ണാടകയില്‍നിന്ന് അധികം ദൂരെയല്ലാതെ മഞ്ചേശ്വരം താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശം. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശം കൂടിയാണിത്. എന്‍മകജെയിലെ പഡ്രെ ഗ്രാമത്തിലെ പ്രധാന ആരാധനാലയമാണ് ബദിയാറു ജഡാധാരി ക്ഷേത്രം. കാലങ്ങളായി പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം ഉത്സവവും അന്നദാനവും നടക്കും. ജഡാധാരി തെയ്യവും കെട്ടിയാടും. കന്നട ബ്രാഹ്മണരായ ഭട്ട് സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം നടത്തിപ്പുകാര്‍. പൊതുജനങ്ങളില്‍നിന്നു പിരിവെടുത്താണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതും നടത്തിപ്പ് ചെലവ് കണ്ടെത്തുന്നതും.

ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയിലൂടെ പോകാന്‍ മറ്റു സമുദായക്കാര്‍ക്ക് അവകാശമില്ല. പട്ടികജാതി, പിന്നോക്ക വിഭാഗങ്ങള്‍ ക്ഷേത്രത്തിന്റെ വശത്തുകൂടിയുള്ള മറ്റൊരു വഴിയിലൂടെയാണ് പോകേണ്ടത്. അതിലൂടെ പോയി ക്ഷേത്രത്തില്‍നിന്നു കുറേദൂരം മാറിയുള്ള ഒരു സ്ഥലത്തുനിന്നാണ് ഈ സമുദായക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടതും തെയ്യവും മറ്റു ചടങ്ങുകളും കാണേണ്ടതും.

ജാതിവിളിച്ചു ചൊല്ലി അന്നദാനം

ഉത്സവദിവസങ്ങളിലുള്ള അന്നദാനത്തിനും ദളിത് വിഭാഗങ്ങളെ ഒപ്പമിരുത്തില്ല. മറ്റു സമുദായക്കാരെല്ലാം കഴിച്ചതിനു ശേഷമാണ് ഇവര്‍ക്കുള്ള ഭക്ഷണ വിതരണം. ഉച്ചയോടെ തുടങ്ങുന്ന അന്നദാനം ഇവര്‍ക്കു കിട്ടുന്നത് രാത്രി പത്തുമണിയോടടുത്താണ്. ക്ഷേത്രത്തിന്റെ വശത്തുകൂടിയുള്ള വഴിയിലൂടെ നടന്നു പോയി വേണം ഭക്ഷണം വാങ്ങാന്‍. പന്തിയുടെ ഒരു വശത്ത് ഇവര്‍ക്കായി പ്രത്യേക സ്ഥലമുണ്ട്. മറ്റു ജാതിക്കാരെല്ലാം കഴിച്ചശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ചാണ് ഭക്ഷണ വിതരണം. വിളിക്കുന്നതിന് അനുസരിച്ച് അതാത് ജാതിയില്‍പ്പെട്ടവര്‍ പോയി ഭക്ഷണം വാങ്ങണം. ഏറ്റവും അടിസ്ഥാന വിഭാഗമായ കൊറഗര്‍ക്കാണ് ഏറ്റവും അവസാനം ഭക്ഷണം ലഭിക്കുക. അവിടെ ഇരുന്നു കഴിക്കാനും പാടില്ല. കൊണ്ടുപോകുന്ന പാത്രത്തില്‍ വാങ്ങി ദൂരെ മാറിനിന്നു കഴിക്കണം. അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. ദൈവത്തിന്റെ പ്രസാദം എന്ന രീതിയിലാണ് ഈ ഭക്ഷണത്തെ ആളുകള്‍ കാണുന്നത്. ഭക്ഷണം കൊടുത്തു കഴിഞ്ഞാല്‍ ആ ഭാഗം ഈ സമുദായത്തില്‍പ്പെട്ടവര്‍ തന്നെ വൃത്തിയാക്കി കൊടുക്കുകയും വേണം. ജാതിയുടെ പേരിലുള്ള ഈ അയിത്തത്തിനെതിരെ കൊടുത്ത പരാതിയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും മറ്റു സമുദായക്കാര്‍ പ്രവേശിക്കുകയാണെങ്കില്‍ ക്ഷേത്രം തന്നെ തുറക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ പൂട്ടിയിട്ടു. മൂന്നുവര്‍ഷമായി ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്.

ബദിയാറു ജഡാധാരി ക്ഷേത്രത്തിന് മുന്നിൽ കൃഷ്ണ മോഹന പൊസല്യ/ ഫോട്ടോ: പ്രസൂൺ കിരൺ
ബദിയാറു ജഡാധാരി ക്ഷേത്രത്തിന് മുന്നിൽ കൃഷ്ണ മോഹന പൊസല്യ/ ഫോട്ടോ: പ്രസൂൺ കിരൺ

ചോദ്യമുയര്‍ത്തി കൃഷ്ണമോഹന 

പഡ്രെയിലെ കൃഷ്ണമോഹന പൊസല്യയാണ് സമുദായത്തിനകത്തുനിന്ന് ഈ വിവേചനത്തിനെതിരെ ചോദ്യമുയര്‍ത്തുകയും ബ്രാഹ്മണരടക്കമുള്ള ജാതികള്‍ക്കായി മാത്രം മാറ്റിവെയ്ക്കപ്പെട്ട വഴിയിലൂടെ പടവുകള്‍ കയറി ക്ഷേത്രമുറ്റത്തെത്തിയതും. മൊഗര്‍ സമുദായാംഗമാണ് ഇദ്ദേഹം. ക്ഷേത്രത്തിലും ഗ്രാമത്തിലും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി കൃഷ്ണമോഹനയുടെ 'ക്ഷേത്രപ്രവേശം.' 2017-ല്‍ ജഡാധാരി തെയ്യം കെട്ടിയാടിയ ദിവസമാണ് കൃഷ്ണമോഹന ഈ വഴിയിലൂടെ ക്ഷേത്രത്തിലെത്തിയത്. നല്‍ക്കദായ എന്ന ദളിത് സമുദായത്തില്‍പ്പെട്ടവരാണ് ജഡാധാരി തെയ്യം കെട്ടുന്നത്. തെയ്യം കെട്ടുന്നവരും ക്ഷേത്രത്തിന്റെ വശത്തുകൂടിയുള്ള വഴിയിലൂടെ തന്നെയാണ് പോകേണ്ടത്. ബ്രാഹ്മണര്‍ തെയ്യത്തിന്റെ കയ്യില്‍നിന്നു നേരിട്ട് പ്രസാദം സ്വീകരിക്കാറുമില്ല. ക്ഷേത്രമുറ്റത്തിന്റെ ഒരുവശത്ത് കെട്ടിയാടാനുള്ള അവകാശം മാത്രമേ തെയ്യക്കാരനുമുള്ളൂ. ക്ഷേത്രനട കയറി മുകളിലെത്തിയ കൃഷ്ണമോഹന പൊസല്യയെ ആളുകള്‍ അദ്ഭുതത്തോടെയാണ് നോക്കിയതെന്ന് അദ്ദേഹം തന്നെ പറയുന്നു: ''ഞാന്‍ തെറ്റു ചെയ്തു എന്ന മട്ടിലാണ് ആളുകള്‍ എന്നെ നോക്കിയതും പറഞ്ഞതും. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റു സമുദായത്തില്‍പ്പെട്ടവരുമുണ്ട്. തെയ്യം എന്നെ ശപിച്ചു. എന്റെ കുടുംബം മുടിഞ്ഞുപോകും എന്നൊക്കെയായിരുന്നു തെയ്യം പറഞ്ഞത്. എന്നിട്ടും ഞാന്‍ ഇറങ്ങിപ്പോയില്ല. തെയ്യം തീരുന്നതുവരെ അവിടെ നിന്നു. ക്ഷേത്രനടത്തിപ്പുകാരെല്ലാം പരാതി പറയുന്നുണ്ടായിരുന്നു. ഞാനങ്ങനെ ചെയ്തത് കുറേ ആളുകള്‍ക്കു ധൈര്യമായി. അതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസില്‍ രണ്ടുഭാഗത്തുനിന്നുമുള്ള ആളുകളെ ചര്‍ച്ചയ്ക്കു വിളിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ കയറാമെന്നും ജാതിവിവേചനം ഉണ്ടാവില്ലെന്നും എഴുതി ഒപ്പിട്ടു. എന്നാല്‍, മനസ്സുകൊണ്ട് ഈ തീരുമാനത്തെ അംഗീകരിക്കാന്‍ ക്ഷേത്രനടത്തിപ്പുകാര്‍ക്കു കഴിഞ്ഞില്ല. എല്ലാവരും കയറുകയാണെങ്കില്‍ തെയ്യം നടത്തണ്ട എന്നു തീരുമാനിച്ച് ക്ഷേത്രം പൂട്ടിയിട്ടു. ഇപ്പോള്‍ മൂന്നുവര്‍ഷമായി ക്ഷേത്രം തുറന്നിട്ട്. ഞാന്‍ കാരണം തെയ്യം മുടങ്ങി, ക്ഷേത്രം പൂട്ടേണ്ടി വന്നു തുടങ്ങിയ പ്രചരണങ്ങളും നടക്കുന്നുണ്ട്. എന്റെ കുടുംബം നശിച്ചുപോകും എന്നു പറയുന്നവരുണ്ട്. എന്റെ മക്കള്‍ക്ക് എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയില്‍ പോയാല്‍ പോലും ദൈവകോപമാണ് എന്നു പറയുന്നവരുണ്ട്. പട്ടികജാതി കമ്മിഷനിലും പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍'' -കൃഷ്ണമോഹന പറയുന്നു.

കളിമണ്‍ കോര്‍ട്ട് നിര്‍മ്മാണമാണ് കൃഷ്ണമോഹനയുടെ ജോലി. ഇന്ത്യയില്‍ പലയിടത്തും പോയി ജോലി ചെയ്യാറുണ്ട്. ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയാണ്. പഡ്രെയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തും രാത്രി പോയി ക്ഷേത്രത്തില്‍നിന്നു ഭക്ഷണം വാങ്ങി വന്ന കാര്യം അദ്ദേഹം ഓര്‍മ്മിച്ചു. ''ഉത്സവദിവസം സ്‌കൂള്‍ ഉച്ചയ്ക്കുശേഷം അവധിയാണ്. സ്‌കൂള്‍ വിട്ടാല്‍ എന്റെ കൂട്ടുകാരെല്ലാം നേരെ അമ്പലത്തിലേയ്ക്കു ഭക്ഷണം കഴിക്കാന്‍ പോകും. ഞങ്ങളുടെ സമുദായത്തിലുള്ളവര്‍ക്കു പോകാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ രാത്രി വരെ കാത്തിരിക്കും. കുട്ടിക്കാലത്ത് ആദ്യമൊക്കെ രാത്രി പോകുന്നത് ഒരു രസമായി തോന്നിയിരുന്നു. പക്ഷേ, പിന്നീട് ഇതു ഞങ്ങള്‍ക്കു നാണക്കേടാണ് എന്നു തിരിച്ചറിഞ്ഞു. എന്റെ സമുദായത്തിലുള്ളവരും ഇതിനെ എതിര്‍ക്കാന്‍ പേടിയുള്ളവരാണ്. ദൈവവുമായി ബന്ധപ്പെട്ട കാര്യമല്ലേ. നാശം സംഭവിക്കും എന്നൊരു വിശ്വാസമായിരുന്നു. എന്റെ അച്ഛനും അങ്ങനെയായിരുന്നു. അച്ഛന്‍ മരിച്ച ശേഷമാണ് ഞാന്‍ ഇതിനെതിരെ ശബ്ദിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ തലമുറവരെ ഇങ്ങനെയായി. ഭാവിയില്‍ ഞങ്ങളുടെ മക്കള്‍ക്കെങ്കിലും ഈ വിവേചനം ഉണ്ടാവാന്‍ പാടില്ല എന്നതുകൊണ്ടാണ്'' -കൃഷ്ണമോഹന പറയുന്നു.

പരാതിയുമായി മുന്നോട്ടു പോകാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും എല്ലാ സഹായവും പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകനും സി.പി.എം സ്വര്‍ഗ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീനിവാസ് നായിക്കുമുണ്ട്. ''ഞങ്ങളുടെ സമുദായത്തിനു ക്ഷേത്രത്തില്‍ പ്രവേശിക്കാം. വിലക്കില്ല. പക്ഷേ, ഒരു വിഭാഗത്തിനെ മാറ്റിനിര്‍ത്തുന്നതു ശരിയല്ല എന്നതുകൊണ്ടാണ് പ്രതികരിച്ചതെന്ന്'' ശ്രീനിവാസ് നായിക്ക് പറയുന്നു. ''നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ആചാരം ഇന്നും അതുപോലെ തുടരുകയാണ്. ആദ്യം ഞങ്ങള്‍ അവരോട് സംസാരിച്ചിരുന്നു. അതിലൊന്നും തീരുമാനമാകാതെ വന്നപ്പോഴാണ് പരാതിയുമായി പോയത്. ബ്രാഹ്മണരെപ്പോലെ കോവിലിനുള്ളില്‍ പോകണം എന്നൊന്നുമല്ല നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഭക്ഷണം കഴിക്കാനുള്ള അവസരമാണ്. കാണിക്കയിടാന്‍പോലും അവകാശമില്ല. ഞങ്ങളുടെ സമുദായത്തിലുള്ള ആളുകളുടെ കയ്യില്‍ വേണം ഈ സമുദായക്കാര്‍ കാണിക്കയിടാന്‍ തരേണ്ടത്. ഞങ്ങള്‍ അമ്പലത്തില്‍ പോയി പ്രസാദം വാങ്ങി ഇവര്‍ക്കു കൊണ്ടുകൊടുക്കണം. ഇവരും മനുഷ്യരല്ലേ. ഒരു മാനുഷിക പരിഗണന കൊടുക്കണ്ടേ. ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ചെറിയ കുട്ടികളുമായൊക്കെ അമ്മമാര്‍ ദൂരെ കാത്തിരിക്കുന്നുണ്ടാകും. ഇതു കണ്ട് നമുക്ക് എങ്ങനെ ഭക്ഷണം കഴിക്കാന്‍ പറ്റും. അതൊരു ക്രൂരതയല്ലേ. ആ സിസ്റ്റം മാറ്റണം എന്നു തോന്നിയതുകൊണ്ടാണ് ചോദ്യം ചെയ്തത്. ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് ആദ്യമൊക്കെ ചിലയാളുകള്‍ വന്ന് എന്നോട് ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രാചാരത്തെ ചോദ്യം ചെയ്തു എന്ന തരത്തിലാണ് കണ്ടത്. ഭരണാധികാരികള്‍ എന്നു സ്വയം അവകാശപ്പെടുന്ന ചിലരാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. അവരാണ് ഈ ക്ഷേത്രത്തിന്റെ അവകാശികള്‍ എന്നതിനു രേഖകളൊന്നുമില്ല. സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് ക്ഷേത്രം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം'' -ശ്രീനിവാസ് നായിക്ക് പറയുന്നു. 

ആളുകളുടെ അവകാശത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ അറിയാതെ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്ന് പെര്‍ളയിലെ ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീപതി കജംപാഡി പറയുന്നു: ''കാലഹരണപ്പെട്ട ആചാരങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കിണറിലെ തവളകളെപ്പോലെയാണ് ഇവിടത്തെ ആളുകള്‍. പുതിയ മാറ്റങ്ങള്‍ വരുത്താന്‍ പേടിയാണ്. മറ്റു സമുദായങ്ങള്‍ക്കുമേല്‍ അധികാരം കാണിക്കാനുള്ള അവസരമായി ഇതുപയോഗിക്കുന്നവരാണ് ഒരു കൂട്ടര്‍. ഞാന്‍ ക്ഷേത്ര നടത്തിപ്പുകാരുമായി സംസാരിച്ചിരുന്നു. പക്ഷേ, അവര്‍ മാറാന്‍ തയ്യാറല്ല. അവിടെ നടക്കുന്ന കാര്യങ്ങള്‍ തെറ്റാണ് എന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗവും. പക്ഷേ, എതിര്‍ക്കാന്‍ അവര്‍ക്കു പേടിയാണ്. നാട്ടുകാരോടോ തന്ത്രിയോടോ ഒന്നും ആലോചിക്കാതെ കുറച്ചുപേര്‍ മാത്രം എടുത്ത തീരുമാനമാണ് ക്ഷേത്രം പൂട്ടിയിടാന്‍. കുറച്ചു പേരെങ്കിലും അതിനെതിരെ ശബ്ദിക്കാനുണ്ടായി എന്നതുതന്നെ നല്ല കാര്യം.''

എന്‍ഡോസള്‍ഫാന്‍ മരണങ്ങള്‍പോലും ജഡാധാരി തെയ്യത്തിന്റെ കോപം കൊണ്ടാണ് എന്നു വിശ്വസിച്ചവര്‍ ഈ പ്രദേശത്തുണ്ടായിരുന്നു എന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ സുധീഷ് ചട്ടഞ്ചാല്‍ പറയുന്നു. ''തെയ്യം നടക്കുന്ന ഇടങ്ങളിലൊക്കെ വേര്‍തിരിവ്, അയിത്തം എന്നതൊക്കെ പണ്ടുകാലത്തേ ഉള്ളതാണ്. ജഡാധാരി ബ്രാഹ്മിണ്‍ സമുദായത്തിന്റെ കുലദൈവം എന്നൊന്നും പറയാന്‍ പറ്റുന്ന ഒരു തെയ്യമല്ല. കീഴാള വിഭാഗത്തില്‍നിന്നും പറിച്ചുമാറ്റപ്പെട്ട ഒരു തെയ്യമാണ്. ആ ഒരു സംസ്‌കാരത്തില്‍നിന്നു വന്ന തെയ്യമാണ്. അത് ബ്രാഹ്മണിക്കലായപ്പോള്‍ അതിന്റെ കാര്യങ്ങളിലൊക്കെ സ്വാഭാവികമായ മാറ്റങ്ങള്‍ വന്നു. തെയ്യത്തിനുപോലും തന്റെ കൂട്ടത്തിലുള്ള ആളുകള്‍ക്ക് അയിത്തമാണ് എന്നൊരു തോന്നലൊന്നും വന്നിട്ടില്ല. ബ്രാഹ്മിണ്‍സിന്റെ വരുതിയില്‍ നില്‍ക്കുന്ന തെയ്യക്കാരായിരിക്കും കെട്ടുന്നത്. ക്ഷേത്രനടത്തിപ്പുകാര്‍ തെയ്യത്തിനെക്കൊണ്ട് പറയിപ്പിക്കുകയാണ്. തെയ്യം ശപിക്കുക എന്നതൊക്കെ നാട്ടുകാര്‍ക്കു വലിയ പേടിയുള്ള കാര്യമാണ്. കൃഷ്ണമോഹനയെ ഒക്കെ ശപിച്ചത് അങ്ങനെയാണ്. തെയ്യത്തിന്റെ വായിലൂടെ ഒരു ശാപവാക്ക് കേള്‍ക്കുക എന്നതു ജീവിതം തീര്‍ന്ന മട്ടിലാണ് ആളുകള്‍ കാണുന്നത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി തിരിച്ചുവന്ന ശേഷം അമ്പലം തന്നെ പൂട്ടിയിടുകയാണ് ഇവര്‍ ചെയ്തത്. കൃഷ്ണമോഹന കയറിയതുകൊണ്ട് തെയ്യം തന്നെ മുടങ്ങി എന്ന തരത്തില്‍ നാട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. കാസര്‍കോടിന്റെ പല ഭാഗങ്ങളിലും വേറെ വേറെ പന്തിയില്‍ ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. പലയിടങ്ങളിലും അതു നടക്കുന്നുണ്ട്. നല്‍ക്കദായ വിഭാഗത്തിന്റെ തെയ്യങ്ങള്‍ തന്നെ മുറ്റത്തിനു പുറത്തും മറ്റു സമുദായങ്ങള്‍ കെട്ടുന്ന തെയ്യം മുറ്റത്തിന് അകത്തും എന്ന രീതിയിലാണ് നടക്കുന്നത്'' -സുധീഷ് ചട്ടഞ്ചാല്‍ പറയുന്നു.

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് എന്‍മകജെ. ബി.ജെ.പിക്കും എല്‍.ഡി.എഫിനും അംഗങ്ങളുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും ഇതുവരെ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല. 

കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്ന് നൂറു വര്‍ഷത്തിനടുത്തെത്തിയിട്ടും അയിത്തവും ജാതിവിവേചനവും ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാപരമായ പ്രാഥമികമായ അവകാശങ്ങള്‍പോലും കിട്ടാത്തവര്‍ കേരളത്തിലെ അപൂര്‍വ്വതയല്ല. ജാതിവിവേചനം നടത്തുന്ന അപരിഷ്‌കൃത മനുഷ്യര്‍ സമൂഹത്തില്‍ ശിക്ഷിക്കപ്പെടാതേയും ചോദ്യം ചെയ്യപ്പെടാതേയും സാമൂഹ്യ അംഗീകാരവും പദവിയും നേടി നമുക്കിടയില്‍ ജീവിക്കുന്നു എന്നതും വിരോധാഭാസം. ജാതിയില്ലാ കേരളം എന്ന വാദംകൊണ്ട് കേരളത്തിലെ ജാതിവിവേചനത്തേയും അയിത്തത്തേയും മറച്ചുപിടിക്കുന്നതിനു പകരം ഇത്തരം പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും അധികൃതരും തയ്യാറാവേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com