യാത്ര ചോദിക്കാതെ ഉള്ളുരുകി മടങ്ങുന്നവര്‍ 

പോക്സോ കേസ് ഇരകളുടേയും പ്രണയക്കുരുക്കില്‍പ്പെട്ടു വഞ്ചിതരായ ആദിവാസി പെണ്‍കുട്ടികളുടേയും ആത്മഹത്യാപരമ്പര
യാത്ര ചോദിക്കാതെ ഉള്ളുരുകി മടങ്ങുന്നവര്‍ 

നീതിയുടെ അഭയം നല്‍കാതെ കേരളം ആത്മഹത്യയിലേയ്ക്കു തള്ളിവിട്ട പെണ്‍കുട്ടികള്‍ അഞ്ചു മാസത്തിനിടെ എട്ട്. പൊലീസും ജില്ലാ ശിശുക്ഷേമ സമിതികളും പൊതുസമൂഹവും അവരെ വാക്കിലും നോക്കിലും കൈവിടുകയായിരുന്നു. ഇവരുള്‍പ്പെടെ മരണത്തില്‍ അഭയം കണ്ടെത്തുന്ന, ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ ദിവസം ചെല്ലുംതോറും കൂടി വരുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ, മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, പത്തനംതിട്ട ജില്ലയിലെ പ്രമാടം എന്നിവിടങ്ങളിലായി അടുത്തയിടെ ആത്മഹത്യ ചെയ്ത മൂന്നു പെണ്‍കുട്ടികളും പോക്സോ കേസ് ഇരകളും മുഖ്യസാക്ഷികളുമാണ്; പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ലൈംഗിക പീഡനം നേരിട്ടവര്‍. തിരുവനന്തപുരത്ത് പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ഒരുപറ കരിക്കകം, ചെമ്പില്‍ക്കുന്ന്, വിട്ടിക്കാവ് ഊരുകളിലായി അഞ്ച് ആദിവാസി പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. മരിക്കാന്‍ ശ്രമിച്ച മറ്റു രണ്ടു പെണ്‍കുട്ടികളെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. തന്നെക്കാള്‍ പ്രതികളെ വിശ്വസിക്കുകയും അപമാനിക്കുന്നവിധം പലവട്ടം പ്രതികരിക്കുകയും ചെയ്ത അന്വേഷണോദ്യോഗസ്ഥന്റെ പേരുള്‍പ്പെടുന്ന കുറിപ്പ് എഴുതി വച്ചാണ് തേഞ്ഞിപ്പലത്തെ പതിനെട്ടുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്, ജനുവരി 19-ന്. മുന്‍പ് ഒന്നിലധികം തവണ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടി അത്തരം സന്ദര്‍ഭങ്ങളിലൊന്നില്‍ എഴുതിവച്ച കുറിപ്പാണ് പിന്നീട് പുറത്തുവന്നത് എന്നും വിവരമുണ്ട്. മലപ്പുറം, ജില്ലയിലെ കൊണ്ടോട്ടി, കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി ആറു കേസുകളാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു പീഡനം. ഈ ആറു പ്രതികളില്‍ കുട്ടിയുടെ ബന്ധുക്കളില്‍ ചിലരുമുണ്ട്. 

തളിപ്പറമ്പയിലെ 19 വയസ്സുള്ള പെണ്‍കുട്ടി മരിച്ചത് ജനുവരി 24-ന്. മൂന്നു വര്‍ഷം മുന്‍പായിരുന്നു പോക്സോ കേസിനിടയാക്കിയ പീഡനം. പ്രതി പാലക്കാട് സ്വദേശി രാഹുല്‍ കൃഷ്ണ. 2017-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. പ്രണയം നടിക്കുകയും ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ചു പ്രതീക്ഷ നല്‍കുകയും ചെയ്താണ് ലൈംഗികബന്ധത്തിലേക്ക് എത്തിച്ചത്. പിന്നീട് അയാള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. അതിനു സമ്മതിക്കാതെ വന്നതോടെ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഈ ദൃശ്യം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തതും അറസ്റ്റു ചെയ്തതും. മൂന്നു വര്‍ഷത്തിനു ശേഷവും ഈ ചതിയുടെ ആഘാതത്തില്‍നിന്നു പെണ്‍കുട്ടി മുക്തയായിരുന്നില്ല. അടുത്ത ബന്ധുക്കളില്‍ ചിലരില്‍ നിന്നുള്‍പ്പെടെ ഒറ്റപ്പെടലും അനുഭവിച്ചിരുന്നു.

കോന്നിക്കടുത്ത് പ്രമാടത്ത് പതിനാറുകാരി ജീവനൊടുക്കിയത് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ 31-നാണ് പീഡന വിവരം പുറത്തുവന്നത്. അന്നുതന്നെ അയല്‍വാസിയായ 30-കാരനെ അറസ്റ്റു ചെയ്തിരുന്നു.

പ്രതികളുടെ കുടുംബം, ജീവിതം എന്നിവയ്ക്കൊക്കെ പ്രാധാന്യം കൊടുക്കുന്ന വിധത്തില്‍ പൊലീസ് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിച്ചത് മലപ്പുറത്തെ ആത്മഹത്യയ്ക്ക് കാരണമായി എന്നാണ് ഈ വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അന്നത്തെ ഫറോക്ക് സി.ഐക്കെതിരെ ആയിരുന്നു പ്രധാന ആരോപണം. പെണ്‍കുട്ടിയുടെ വാക്കുകള്‍ വിശ്വാസയോഗ്യമല്ല എന്ന സമീപനമാണ് തുടക്കം മുതല്‍ ഇദ്ദേഹം സ്വീകരിച്ചത്. കുടുംബപശ്ചാത്തലം മോശമായതുകൊണ്ടാണ് പെണ്‍കുട്ടിക്ക് പീഡനം അഭിമുഖീകരിക്കേണ്ടി വന്നത് എന്ന പ്രചരണം പൊലീസിന്റെ ഭാഗത്തു നിന്നുതന്നെ ഉണ്ടായി. അതനുസരിച്ചു കേസിലെ അന്വേഷണം ദുര്‍ബ്ബലമാവുകയും ചെയ്തു. പ്രതികളും പൊലീസും പരസ്പരം വളരെ സൗഹാര്‍ദ്ദത്തില്‍ പെരുമാറുന്നതിനു പെണ്‍കുട്ടി സാക്ഷിയായി. ''കുട്ടികളുടെ അവകാശം സംബന്ധിച്ച ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും പൊലീസും ഈ കേസില്‍ വളരെ ഉദാസീനമായാണ് ഇടപെട്ടത്. പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗമാണ്. ആവശ്യമായ കൗണ്‍സലിങ്ങോ അഭയം ഉള്‍പ്പെടെ മറ്റു സഹായങ്ങളോ ലഭ്യമായിട്ടില്ല'' - സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷ പറയുന്നു. ഈ കേസില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് പി.ഇ. ഉഷ നിവേദനം നല്‍കിയിരുന്നു. അതില്‍ നടപടികളൊന്നും ഉണ്ടായില്ല.

മകളെ എവിടെയെങ്കിലും സുരക്ഷിതയായി താമസിപ്പിക്കണം എന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പൊലീസും ശിശുക്ഷേമ സമിതിയും (സി.ഡബ്ല്യു.സി) താല്‍പ്പര്യമെടുത്തില്ല. ഇത്രയും കേസുകളിലെ സാക്ഷി കൂടിയാണ് പെണ്‍കുട്ടി എന്ന് എഫ്.ഐ.ആര്‍ നോക്കിയാല്‍ത്തന്നെ മനസ്സിലാകുമായിരുന്നിട്ടും സി.ഡബ്ല്യു.സി സുരക്ഷിതയായി നിര്‍ഭയ ഹോമിലേക്കോ മറ്റോ മാറ്റാന്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണ് എന്ന സംശയം നിലനില്‍ക്കുന്നു. മുന്‍പ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടും സുരക്ഷിതയാക്കാന്‍ ശ്രമമുണ്ടായില്ല. ഇക്കാര്യത്തില്‍ പൊലീസും സി.ഡബ്ല്യു.സിയും ഇപ്പോള്‍ പരസ്പരം പഴിചാരുകയാണ്. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഇടപെടലുകള്‍ ആരോപണ വിധേയമായത്. സി.ഐ മോശമായി സംസാരിക്കുകയും പീഡനം സംബന്ധിച്ചു പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുള്ളവരോടു വെളിപ്പെടുത്തുകയും ചെയ്തു എന്നാണ് കുറിപ്പില്‍ പറയുന്നത്. മാത്രമല്ല, പ്രതിശ്രുത വരനെ ഈ കേസില്‍ പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ഉണ്ടായത്. 

പത്തനംതിട്ടയില്‍ മരിച്ചത് ദളിത് പെണ്‍കുട്ടിയാണ്. നാലു വയസ്സുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചു പോയി. ടാപ്പിങ് തൊഴിലാളിയായ അച്ഛനും അച്ഛന്റെ അമ്മയും മാത്രമാണുള്ളത്. പരിഹാസവും അവഹേളനവുമൊക്കെ മാസങ്ങളായി അനുഭവിക്കുകയായിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലുമായിരുന്നു.

ആദിവാസികള്‍ക്കു മാനമുണ്ടോ? 

ആദിവാസി പെണ്‍കുട്ടികളുടെ തുടര്‍ച്ചയായ ആത്മഹത്യകള്‍ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് തുടങ്ങിയത്. പ്ലസ് ടു നല്ല രീതിയില്‍ ജയിച്ച്, ബിരുദ പഠനത്തിനു ചേരാനിരുന്ന ശ്രീജ അന്നാണ് മരിച്ചത്. ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് രക്ഷിതാക്കള്‍ പൊലീസിനോടും നേതാക്കളോടും പറഞ്ഞത്. പ്രതിയുടെ പേര് കൃത്യമായി പറയുകയും ചെയ്തു. മാധ്യമങ്ങള്‍ക്കു മുന്നിലും അവര്‍ അതു വെളിപ്പെടുത്തി. അതനുസരിച്ച് അലന്‍ പീറ്റര്‍ എന്ന സുഹൃത്തിനെ അറസ്റ്റു ചെയ്തു. മറ്റു കേസുകളിലും അറസ്റ്റുകളുണ്ടായി. എല്ലാവരും പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോളനിക്കു പുറത്തുള്ള യുവാക്കളാണ് പ്രണയിച്ചു വഞ്ചിച്ചത്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നു എന്ന രക്ഷിതാക്കളുടെ ആരോപണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ശരിയായി. ലഹരി മാഫിയയുടെ ബന്ധത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. പാലോട് പൊലീസ് ആദ്യം അറസ്റ്റിനു വൈകി. തെളിവില്ല എന്നാണ് പറഞ്ഞത്. പിന്നീട് മാധ്യമങ്ങളും ചില സാമൂഹിക പ്രവര്‍ത്തകരും ശക്തമായി ഇടപെട്ടതോടെയാണ് സമീപനം മാറ്റിയത്. ജീവനൊടുക്കിയതെല്ലാം പഠനത്തില്‍ മികവുള്ള പെണ്‍കുട്ടികള്‍.
 
അഞ്ചു പേര്‍ മരിച്ച ശേഷമാണ് സംഭവം പുറത്തുവന്നത്. ഇതോടെ പ്രതിപക്ഷ ഭരണപക്ഷ നേതാക്കള്‍ ആദിവാസി ഊരുകളിലേക്ക് ഒഴുകി. തൊഴിലില്ലായ്മ, ദാരിദ്ര്യം, മുന്‍ സംഭവങ്ങളിലെ പ്രതികള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ആദിവാസി ഊരുകളില്‍ മയക്കുമരുന്നു സംഘങ്ങള്‍ വേരുറപ്പിക്കുന്നതിനു കാരണമായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. അതോടെ അവര്‍ കടമ നിര്‍വ്വഹിച്ചവരെപ്പോലെ നിശബ്ദരായി.
 
അഞ്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നടപടിയെടുത്തതായി തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് പറയുന്നു. ആത്മഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഊരുകള്‍ സന്ദര്‍ശിച്ച റൂറല്‍ എസ്.പി പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി പ്രത്യേകം സംസാരിച്ചിരുന്നു. വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊലീസിന്റെ കൂടി സഹായത്തോടെ നടത്തേണ്ട ചില ഇടപെടലുകളെക്കുറിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥിതി ഗുരുതരമാണ് എന്നും ആദിവാസി പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള പൊതുവികാരത്തിലാണ് വനിതാ ശിശുവികസന വകുപ്പും പൊലീസും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്ക് യു.എസില്‍ പോയ ശേഷവും മന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സി.പി.എം നേതൃത്വവും ഇടപെട്ടു. അതിന്റേതായ ഗൗരവത്തിലേക്കു പൊടുന്നനെ കാര്യങ്ങള്‍ മാറി. സി.പി.എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി കൂടുതല്‍ ഉണര്‍ന്ന് ഇടപെടാന്‍ തുടങ്ങി. മയക്കുമരുന്നു ലഹരി സംഘങ്ങളെ നേരിടാന്‍ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. എസ്.പിയുടെ സന്ദര്‍ശനത്തിനു ശേഷം പൊലീസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പുറത്തു നിന്നുള്ളവര്‍ ഊരുകളില്‍ കയറി ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിലാണ് പൊലീസ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇത് ഊരുകളെ പുറംലോകവുമായുള്ള ബന്ധത്തില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കും എന്ന് അപ്പോഴേക്കും വിമര്‍ശനം ഉയര്‍ന്നു. പൊലീസ് അതിലൊന്നു പതറി. എന്നാല്‍, മയക്കുമരുന്നു സംഘങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ ഊരുകളിലേക്ക് അടുപ്പിക്കരുതെന്ന് എക്സൈസിന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശം കൂടിയുണ്ടായി. ഇതോടെ ഊരുകളെ മയക്കുമരുന്നു മുക്തമാക്കാനുള്ള പൊലീസ് - എക്സൈസ് ശ്രമങ്ങള്‍ക്ക് ആദിവാസി സാമൂഹിക പ്രവര്‍ത്തകരുടേയും പിന്തുണ കിട്ടി. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ ആദിവസി ഊരുകളില്‍ പദ്ധതി തുടങ്ങാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ഊരുകളിലെത്തി പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പട്ടിക ജാതി വര്‍ഗ്ഗ ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ എന്നിവരോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

ആദിവാസികള്‍ക്കിടയില്‍ പങ്കാളിയെ സ്വയം കണ്ടെത്തുന്നത് വിലക്കപ്പെട്ട കാര്യമല്ലെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കണ്ടെത്തുന്ന പങ്കാളിയെ വിശ്വസിക്കുന്നത് സ്വാഭാവികം. പക്ഷേ, ലൈംഗിക ചൂഷണം മാത്രം ലക്ഷ്യം വച്ച് വരുന്നവര്‍ക്ക് ഇവരെ ഈ വിധം പ്രണയവിശ്വാസത്തില്‍ കുരുക്കാമെന്ന് നന്നായി അറിയാം. അതുവച്ചാണ് ചൂഷണം. 

ഇപ്പോഴത്തെ ആത്മഹത്യാ കേസുകളിലെ എല്ലാം കാമുകന്മാരും പുറത്തു നിന്നുള്ളവരാണ് എന്നത് ആവര്‍ത്തിച്ചു ശ്രദ്ധിക്കേണ്ട ഗൗരവമുള്ള കാര്യമാണ്. അവരില്‍ പലരും മറ്റു ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ഈ പെണ്‍കുട്ടികള്‍ ചെന്നുപെടുന്ന വിശ്വാസവഞ്ചനയില്‍നിന്ന് അവരെ രക്ഷിക്കാനും കഴിയാതെ പോകുന്നു. വഞ്ചിക്കപ്പെടുകയും ഒപ്പം ഒറ്റപ്പെടുകയും കൂടി ചെയ്യുകയാണ് എന്നു മനസ്സിലാകുമ്പോള്‍ പെണ്‍കുട്ടികള്‍ ആശ്രയിക്കുന്ന വഴിയാണ് ആത്മഹത്യ. 

ആദിവാസികള്‍ ദുര്‍ബ്ബലമായ ലൈംഗിക സദാചാര മൂല്യങ്ങളുള്ളവരാണ് എന്ന ധാരണയോടെയാണ് പലപ്പോഴും പൊലീസും മനശ്ശാസ്ത്ര കൗണ്‍സിലര്‍മാരുപോലും സമീപിക്കുന്നത്. അതും അവരെ അപമാനിതരാക്കുന്നു; മരണത്തിനുള്ള പ്രേരണ ശക്തമാക്കുന്നു. വേഗം തകര്‍ന്നുപോകുന്നു അവര്‍. ആദിവാസി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന കേസുകളില്‍ അതിശക്തമായി നിലകൊണ്ട് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷനു പലപ്പോഴും കഴിയാതെ വരുന്നുണ്ട്. അത് ലൈംഗിക വേട്ടക്കാര്‍ക്ക് ധൈര്യം നല്‍കുന്നു. 

നിര്‍ഭയ ഹോമുകളിലെ അന്തേവാസികളായിരുന്ന നിരവധി പെണ്‍കുട്ടികളെ വീടുകളിലേക്കു പലപ്പോഴായി തിരിച്ചയച്ചിരുന്നു. മറ്റു ഹോമുകളിലെ പെണ്‍കുട്ടികളെ തൃശൂരിലെ പുതിയ ഹോമിലേക്കു മാറ്റുന്നതിന്റെ കൂടി ഭാഗമായിരുന്നു ഇത്. അടുത്ത ബന്ധുക്കള്‍ കൂടി പ്രതിപ്പട്ടികയിലുള്ള കേസുകളിലെ പരാതിക്കാരും സാക്ഷികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതികള്‍ ഉള്‍പ്പെടുന്ന വീടുകളില്‍ ഇവര്‍ സുരക്ഷിതരായിരിക്കില്ല എന്ന ആശങ്കകള്‍ പരിഗണിക്കപ്പെട്ടില്ല. സി.ഡബ്ല്യു.സികളുടെ കൂടി ശുപാര്‍ശ ഉറപ്പാക്കിയായിരുന്നു നടപടി. അങ്ങനെ തിരിച്ചയച്ചവരില്‍ പലരും വീണ്ടും പീഡനത്തിനു വിധേയരായ സംഭവങ്ങളുണ്ടായി. അത്തരം 30-ല്‍ അധികം സംഭവങ്ങള്‍ നിര്‍ഭയയ്ക്കു മുന്നിലുണ്ട് എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്.

ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമാകണം 

വനിതാ ശിശുക്ഷേമ വകുപ്പോ മന്ത്രി വീണാ ജോര്‍ജോ പീഡനക്കേസ് ഇരകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. അന്തര്‍ദ്ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിനു മുന്‍പ് വകുപ്പിലെ എല്ലാ ഫയലുകളും തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ ബാലികാദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ മന്ത്രി പറഞ്ഞു. അത്രതന്നെ. നടപടി സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തുകയോ തീര്‍പ്പാക്കുകയോ വേണം എന്നാണ് നിര്‍ദ്ദേശം. ''വനിതാ ശിശു വികസന വകുപ്പും അനുബന്ധ സ്ഥാപനങ്ങളും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഈ ഫയലുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം'' എന്നാണ് നിര്‍ദ്ദേശം. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക ശാക്തീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നതായി പറയുന്ന കുമാരീ ക്ലബ്ബുകള്‍ വര്‍ണ്ണക്കൂട്ട് എന്നു പേര് പുതുക്കി സജീവമാക്കും. സ്വയം പ്രതിരോധം പഠിപ്പിക്കും, നൈപുണ്യ പരിശീലനവും നല്‍കും. തീര്‍ന്നില്ല. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ്, ചികിത്സാസഹായം, സൗജന്യ നിയമസഹായം, താല്‍ക്കാലിക അഭയം, പുനരധിവാസം. ഇതിന് എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രാദശിക തലത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ ഹിയറിംഗ്. 

പ്രഖ്യാപനങ്ങള്‍ക്ക് കുറവൊന്നുമില്ല. പക്ഷേ, ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അഭയവും സുരക്ഷയും ഉറപ്പാക്കുക എന്ന ഏറ്റവും പ്രധാന കാര്യം നടക്കാതെ പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com