ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല; കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരത  

2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്
ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല; കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരത  

വിശന്ന മനുഷ്യന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം മണിക്കൂറുകളോളം വിചാരണ നടത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്. കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരത- ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല. എങ്കിലും നീതിപൂര്‍വ്വം ഈ കേസ് മുന്നോട്ടുപോവുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. നിസ്സഹായരായ മനുഷ്യരെ ആള്‍ക്കൂട്ടം നല്‍കുന്ന ബലത്തില്‍ ചോദ്യം ചെയ്യാമെന്നും മര്‍ദ്ദിക്കാമെന്നും കൊലപ്പെടുത്താമെന്നും ഇനിയൊരാള്‍ക്കും മിഥ്യാധാരണകള്‍ ഉണ്ടായിക്കൂട. 

2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. നാല് വര്‍ഷം കഴിഞ്ഞു. ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കേസ് അത്രയും പ്രാധാന്യത്തോടെയല്ല നമ്മുടെ നിയമസംവിധാനങ്ങള്‍ കണ്ടത് എന്ന് കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നടത്തുന്ന ഒരു പോരാട്ടം കൂടിയാണ് ഈ കേസ്. ഒറ്റപ്പെടുത്തലും ഭയവും കേസിന്റെ സങ്കീര്‍ണ്ണതകളും നിയമത്തിന്റെ മെല്ലെപ്പോക്കും പ്രതികളുടെ സ്വാധീനവും എല്ലാം അവര്‍ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കേസില്‍ നീതി കിട്ടേണ്ടത് മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും മാത്രം ആവശ്യമല്ല എന്ന തിരിച്ചറിവ് സര്‍ക്കാരിനും നിയമസംവിധാനങ്ങള്‍ക്കും കേരളത്തിലെ ഓരോ മനുഷ്യര്‍ക്കും ഉണ്ടാവേണ്ടതാണ്.

കൊലയുടെ വഴികള്‍

അട്ടപ്പാടി താലൂക്കിലെ ചിണ്ടക്കി കടുകുമണ്ണ പഴയൂരിലെ മധു എന്ന മുപ്പത്തിരണ്ടുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കുറുമ്പ സമുദായക്കാരനാണ് മധു. ഏറ്റവും നിസ്സഹായനായ മനുഷ്യനായിരുന്നു മധു - വിശപ്പ് കൊണ്ടും മാനസിക ശാരീരിക അവസ്ഥകൊണ്ടും ജീവിത സാഹചര്യംകൊണ്ടും. അയാള്‍ക്ക് മേലെയാണ് സമ്പത്തും ആരോഗ്യവും സ്വാധീനവും വിശപ്പറിയാത്തവരുമായ 16 പേര്‍ കൈക്കരുത്ത് കാണിച്ച് ആഘോഷിച്ചത്. സെല്‍ഫിയെടുത്തും വീഡിയോ എടുത്തും അശ്ലീലകോയ്മ കാട്ടിയത്. ഒരു നാട് മുഴുവന്‍ അത് നോക്കിനിന്നു. 120-ലധികം സാക്ഷികളുണ്ട് ഈ കേസില്‍. മാനസിക അസ്വാസ്ഥ്യമുള്ള മധു കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലില്‍ 2008 മുതല്‍ പലപ്പോഴായി ചികിത്സ തേടിയിരുന്നു. ഇക്കാലത്താണ് വീട്ടില്‍നിന്നും മാറി ഗുഹകളിലും പൊത്തുകളിലുമൊക്കെ മധു താമസം തുടങ്ങിയത്. അട്ടപ്പാടി റിസര്‍വ്വ് ഫോറസ്റ്റിനുള്ളില്‍ അജ്ജുമുടിയില്‍ വെച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മുക്കാലി ടൗണിലെ കടകളില്‍നിന്ന് അരിയും സാധനങ്ങളും മോഷണം നടത്തി എന്നതായിരുന്നു കുറ്റം. അജ്ജുമുടിയിലെ അരുവിയില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് ആരോ കണ്ട് ഫോണില്‍ ടൗണില്‍ നിന്നുള്ള ആളുകളെ വിളിച്ച് വരുത്തി മധുവിനെ മര്‍ദ്ദിച്ച് പിടിച്ചിറക്കി മുക്കാലി ടൗണ്‍ വരെ നടത്തിച്ചത്. ഉടുത്ത മുണ്ട്‌കൊണ്ട് കൈ രണ്ടും പിന്നില്‍ കെട്ടിയും 'തൊണ്ടി'യായി പിടിച്ച കുറച്ച് അരിയും മുളകുപൊടിയും അടങ്ങുന്ന സഞ്ചി തലയിലേറ്റിയും ആള്‍ക്കൂട്ടം രസിച്ചത്. മണിക്കൂറുകളോളമുള്ള മര്‍ദ്ദനത്തിനൊടുവില്‍ പൊലീസ് എത്തുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മധു മരിക്കുകയുമായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്ന ആ മനുഷ്യന്റെ ശരീരത്തില്‍ 44-ലധികം പരിക്കുകളുണ്ടായിരുന്നു.  പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ മല്ലി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലെ സങ്കടകരമായ ഒരു വാചകം ഇങ്ങനെയായിരുന്നു: ''ഒരു കിലോ അരിക്കും 25-ഗ്രാം ചായപ്പൊടിക്കും ഒരു കവര്‍ മുളകുപൊടിക്കും വേണ്ടി ഒരാളെ കൊല്ലുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.''

മണ്ണാർക്കാട് ചേർന്ന വിശദീകരണ പൊതുയോ​ഗത്തിൽ മധുവിന്റെ ബന്ധുക്കൾ
മണ്ണാർക്കാട് ചേർന്ന വിശദീകരണ പൊതുയോ​ഗത്തിൽ മധുവിന്റെ ബന്ധുക്കൾ

വിചാരണയുടെ നാളുകള്‍

മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി സ്പെഷല്‍ കോടതിയിലാണ് കേസ് നടക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള ഒരു കേസായിട്ടും പ്രത്യേകമായി ഒരു പ്രോസിക്യൂട്ടറെ വെക്കാന്‍ തുടക്കത്തില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പല കേസുകളിലും സുപ്രീംകോടതിയില്‍ നിന്നുള്ള അഭിഭാഷകരെ ഉള്‍പ്പെടെ ഉയര്‍ന്ന ഫീസ് നല്‍കി കൊണ്ടുവന്ന് വാദിക്കുന്ന സര്‍ക്കാര്‍ മധുവിന്റെ കേസില്‍ അലംഭാവം കാട്ടി. സംഭവത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. അധിക ചെലവ് എന്ന കാരണം കാട്ടിയായിരുന്നു റദ്ദാക്കല്‍. സ്പെഷല്‍ പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി. ഗോപിനാഥ് കേസിന്റെ ആവശ്യത്തിനായി മണ്ണാര്‍ക്കാട് ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാന്‍ തയ്യാറാവാതെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ട എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. പകരം വിവിധ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന എസ്.സി എസ്.ടി. കോടതിയിലെ പ്രോസിക്യൂട്ടറെ തന്നെ മധുവിന്റെ കേസും ചുമതലപ്പെടുത്തി.

നിരന്തരമായ ആവശ്യപ്പെടലുകള്‍ക്കൊടുവില്‍ 2019 ആഗസ്റ്റില്‍ വി.ടി. രഘുനാഥിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം മധുവിനുവേണ്ടി കോടതിയില്‍ ഹാജരായില്ല. മൂന്നുതവണ പ്രോസിക്യൂട്ടര്‍ ഹാജരാകാതെ കേസ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ കോടതി തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തി. വിചാരണ വൈകുന്നതില്‍ ആശങ്കപ്പെട്ട് മധുവിന്റെ കുടുംബം നല്‍കിയ അപേക്ഷയെ തുടര്‍ന്ന് സി. രാജേന്ദ്രനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. നാല് വര്‍ഷത്തിനു ശേഷം ജൂണിലാണ് മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങിയത്. സാക്ഷികളില്‍ രണ്ട് പേര്‍ കൂറുമാറിയതോടെ വാദം ഫലപ്രദമായ രീതിയിലല്ല എന്നും കേസില്‍ തോറ്റുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും മധുവിന്റെ അമ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സി. രാജേന്ദ്രന്‍ രാജിവെച്ചു. തുടര്‍ന്ന് അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ തല്‍സ്ഥാനത്ത് നിയമിച്ചു. മധു കേസിലെ നാലാമത്തെ പ്രോസിക്യൂട്ടറാണ് രാജേഷ് എം. മേനോന്‍. ജൂണ്‍ 18-ന് വീണ്ടും വാദം തുടരും. പ്രതികളുടെ സ്വാധീനം കാരണം ഇനിയും സാക്ഷികളുടെ കൂറുമാറ്റം ഉണ്ടാകാമെന്ന ആശങ്ക വാദിഭാഗത്തിനുണ്ട്.

ഒറ്റപ്പെടലും ഭയവും

തുടക്കത്തില്‍ അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു സമരങ്ങളും മറ്റും മുന്നോട്ടുപോയത്. ഊരിലുള്ളവരുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് കേസ് നടത്തിപ്പിനു കൃത്യമായ വിവരങ്ങള്‍ നല്‍കാനോ മുന്നോട്ടുപോകാനോ കുടുംബത്തിനു കാര്യമായ പിന്തുണ കിട്ടിയില്ല. ഏറെ സങ്കീര്‍ണ്ണമായ നമ്മുടെ നിയമവ്യവസ്ഥയില്‍ പോരാടാന്‍ അട്ടപ്പാടിയിലെ ചിണ്ടക്കി കുറുമ്പ ഊരിലുള്ള ഈ കുടുംബത്തിന് ഏറെ പരിമിതികളുണ്ട്. പ്രതികളെല്ലാം നാട്ടിലെ പ്രബലരാണ് എന്നതും കണക്കിലെടുക്കണം. ഭയത്തോടെയാണ് ഓരോ ദിവസവും കഴിയുന്നത് എന്ന് മധുവിന്റെ സഹോദരിയും അങ്കണവാടി ടീച്ചറുമായ സരസു പറയുന്നു. ''രണ്ട് പേര് കൂറുമാറിയതോടെ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇനിയങ്ങോട്ട് എന്താകുമെന്ന് അറിയില്ല. മനസ്സില്‍ പേടി മാത്രമേ ഉള്ളൂ. ഇവിടെ സാമ്പത്തികമായും എല്ലാം കൊണ്ടും മുന്നാക്കം നില്‍ക്കുന്നവരാണ് ഈ പ്രതികളെല്ലാം. അവര്‍ക്ക് സാക്ഷികളെ എളുപ്പം സ്വാധീനിക്കാന്‍ കഴിയും. അത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൂറുമാറിയതില്‍ ഒരാള്‍ ഞങ്ങളുടെ ബന്ധു തന്നെയാണ്. ഞങ്ങളുടെ ഒപ്പം ഉള്ളവര്‍ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം എന്താകും. ആദ്യമൊക്കെ ആളുകള്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് കാര്യങ്ങള്‍ ആകെ മാറിയത്. പ്രതികളില്‍ പലരും മുക്കാലിയില്‍ കട നടത്തുന്നവരൊക്കെയാണ്. ഊരിലുള്ളവര്‍ക്ക് അവിടെ പോയി വേണം സാധനങ്ങള്‍ വാങ്ങാന്‍. അവരിപ്പോ സാധനങ്ങള്‍ കടം കൊടുക്കും. അതൊക്കെ കാരണം അവരുടെ ഭാഗത്തേക്ക് ഊരിലുള്ളവര്‍ക്കു നില്‍ക്കേണ്ടിവരുന്നുണ്ട്. പിന്നെ ഞങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ പലയിടത്തുനിന്നും കിട്ടിയിട്ടുണ്ട് എന്ന പ്രചരണവും നടക്കുന്നുണ്ട്. അത് ഞങ്ങളുടെ ആളുകള്‍ക്കിടയില്‍ നല്ലപോലെ പ്രചരിപ്പിക്കുന്നുണ്ട്. പണം കിട്ടിയിട്ടുണ്ട് എന്ന വിശ്വസിച്ച് മനസ്സില്‍ അങ്ങനെയൊരു അകല്‍ച്ച കാണിക്കുന്നവരും ഇപ്പോഴുണ്ട്. എല്ലാവരുടേയും മനസ്സില്‍ അതുണ്ട്. കേസിന്റെ ആവശ്യത്തിനു പോകാന്‍ വണ്ടിവിളിച്ചാല്‍ ഞങ്ങളോട് കൂടുതല്‍ പൈസ വാങ്ങും. അങ്ങനെ കുറേ ബുദ്ധിമുട്ട് വന്നപ്പോള്‍ ഒരു ജീപ്പ് വാങ്ങിയിരുന്നു. അതിനൊരു ഡ്രൈവറുണ്ട്. അയാളെപ്പോലും ഭീഷണിപ്പെടുത്തിവെച്ചിരിക്കുകയാണ്. നിന്നെയും കൂട്ടി തീ വെക്കും എന്നാണ് പറഞ്ഞത്. ഒരാഴ്ചയോളം ഡ്രൈവര്‍ പേടിച്ച് വരാതെയിരുന്നു. കേസിന്റെ പുറകെ നടന്ന് എന്തിനാ ജീവിതം കളയുന്നത് എന്ന രീതിയില്‍ പലരും സംസാരിക്കാറുണ്ട്. പ്രതികള്‍ക്കായി ഒരു ഇടനിലക്കാരന്‍ വന്ന് അമ്മയോട് സംസാരിച്ചിരുന്നു. വലിയ വീടും സൗകര്യങ്ങളും എല്ലാം ചെയ്തുതരാം എന്ന് പറഞ്ഞു. അമ്മ പറഞ്ഞത് എനിക്ക് വലിയ വീട്ടിലൊന്നും താമസിക്കണമെന്ന ആഗ്രഹമില്ല, ഇനിയിക്കാര്യം പറഞ്ഞ് വരണ്ട എന്നാണ്. എല്ലാവര്‍ക്കും പേടിയാണ്. അവര്‍ ഒരാളല്ലല്ലോ, 16 പേരുണ്ടല്ലോ. അവരുടെ ബന്ധുക്കളും- സരസു പറയുന്നു. ആക്ടിവിസ്റ്റ് പി.എം. മാര്‍സന്റെ നേതൃത്വത്തിലുള്ള മധുനീതി സമരസമിതിയാണ് ഇപ്പോള്‍ കുടുംബത്തിന് പിന്തുണയുമായി ഉള്ളത്. പ്രതികള്‍ സാമ്പത്തിക ശേഷിയുള്ളവരായതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും പി.എം. മാര്‍സന്‍ പറയുന്നു.

കേസിന്റെ നാൾവഴികളെ സംബന്ധിച്ച് മണ്ണാർക്കാട് നടന്ന വിശദീകരണ പൊതുയോ​ഗം
കേസിന്റെ നാൾവഴികളെ സംബന്ധിച്ച് മണ്ണാർക്കാട് നടന്ന വിശദീകരണ പൊതുയോ​ഗം

മധുവിനായി കോടതിയില്‍ വക്കീല്‍ ഹാജരാകുന്നില്ല എന്ന വാര്‍ത്ത വന്നപ്പോള്‍ നടന്‍ മമ്മൂട്ടി നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു. നിയമമന്ത്രി പി. രാജീവുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. സര്‍ക്കാര്‍ വേണ്ടത് ചെയ്യാം എന്ന ഉറപ്പ് മമ്മൂട്ടിക്ക് കിട്ടുകയും അത് അദ്ദേഹം കുടുംബത്തെ അറിയിക്കുകയും ചെയ്തു. നിയമസഹായത്തിനായി മദ്രാസ് ഹൈക്കോടതിയിലെ വക്കീലിനേയും ഏര്‍പ്പാടാക്കി. അദ്ദേഹം മണ്ണാര്‍ക്കാട് കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടത്തുന്ന കേസില്‍ ഇദ്ദേഹത്തിന്റെ നിയമസഹായം എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് കുടുംബത്തിന് അറിയില്ല. അദ്ദേഹത്തിന് എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുക എന്നത് വ്യക്തമാക്കിയിട്ടുമില്ല. നിയമപരമായ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് എന്നാണ് സരസു പറയുന്നത്. എന്നാല്‍, ഇതുവരെ വിളിച്ചിട്ടില്ല. ഏത് രീതിയിലാണ് അവര്‍ക്ക് ഇടപെടാന്‍ കഴിയുക എന്ന് സരസുവിനും നിശ്ചയമില്ല.

നിസ്സഹായരായ മനുഷ്യര്‍ക്ക് നീതിയുറപ്പാക്കാന്‍ പ്രാഥമികമായി വേണ്ടത് നിയമപരമായ പോരാട്ടത്തിന് അവരെ പ്രാപ്തരാക്കുകയും സഹായിക്കുകയും സഹകരിക്കുകയും ജാഗ്രതയോടെ അത് പിന്തുടരുകയും ചെയ്യുക എന്നതാണ്. ചിണ്ടക്കി ഊരിലെ ഈ വീട്ടിലും മണ്ണാര്‍ക്കാട്ടെ സ്പെഷല്‍ കോടതിയിലുമാണ് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കരുതലും പിന്തുണയും ഏറ്റവും ആവശ്യം. 

മധുവിനായി സാഹിത്യപുസ്തകങ്ങള്‍ രചിക്കുന്നതും പോസ്റ്ററുകള്‍ ഇറക്കുന്നതും കലാസൃഷ്ടികളോ എഴുത്തുകളോ പ്രസംഗങ്ങളോ ഉണ്ടാകുന്നതും പ്രാഥമികമായ നീതിയുറപ്പാക്കുന്നതില്‍ കാര്യമായി പങ്ക് വഹിക്കുന്നില്ല എന്നത് നമ്മളറിയണം. പൊതുസമൂഹത്തിന്റെ തൃപ്തിക്കപ്പുറത്താണ് അതിസാധാരണക്കാരായ മനുഷ്യരുടെ പോരാട്ടങ്ങള്‍.

ഈ റിപ്പോർട്ട് കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com