ഊരുകളിലെ വീടുകളില്‍ ആര് വരണം ആര് വരേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നതിലെ യുക്തിയെന്താണ്?

മാവോയിസ്റ്റ് സാന്നിധ്യം ഒഴിവാക്കാനാണ് എന്നും ചില സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം  ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അത് തടയാനാണെന്നും ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ അഭിപ്രായപ്പെടുന്നു
ഊരുകളിലെ വീടുകളില്‍ ആര് വരണം ആര് വരേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നതിലെ യുക്തിയെന്താണ്?

ദിവാസി കോളനികളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അനുമതിയില്ലാതെ പുറത്തുള്ളവര്‍ സന്ദര്‍ശിക്കാന്‍ പാടില്ല എന്ന വിചിത്രമായ ഉത്തരവ് ദിവസങ്ങള്‍ക്കു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നു. കോളനി സന്ദര്‍ശനം, വിവര ശേഖരണം, ഗവേഷണങ്ങള്‍, ക്യാമ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്ത് കാരണമാണ് ഇതിനു പിന്നില്‍ എന്നത് ഉത്തരവില്‍ പറയുന്നില്ല. മാവോയിസ്റ്റ് സാന്നിധ്യം ഒഴിവാക്കാനാണ് എന്നും ചില സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം  ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അത് തടയാനാണെന്നും ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. പൗരന്റെ അവകാശങ്ങള്‍ തുല്യമാണെന്നിരിക്കെ ഊരുകളിലെ വീടുകളില്‍ ആര് വരണം ആര് വരേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നതിലെ യുക്തിയെന്താണ്. പൗരാവകാശങ്ങള്‍ക്കൊപ്പം സവിശേഷമായ ചില അവകാശങ്ങള്‍ കൂടിയുള്ള ആദിവാസി ജനതയുടെ സാമൂഹ്യജീവിതത്തിനു മേല്‍ അധികാരം പ്രയോഗിക്കാനും നിയന്ത്രണങ്ങളേര്‍പ്പെടുത്താനും അവരുടെ ദൈനംദിന ജീവിതത്തിന് 'അനുമതി' കൊടുക്കാന്‍ വരെയും തയ്യാറാവുന്ന ഉദ്യോഗസ്ഥരും ആ ഉത്തരവുകള്‍ക്ക് അനുവാദം നല്‍കുന്ന ജനപ്രതിനിധികളും കേരള സമൂഹത്തിനെ പിന്നോട്ടടിക്കുകയാണ്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് പട്ടിവര്‍ഗ്ഗ വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും ചുമതല, അവരുടെ ജീവിതം നിയന്ത്രിക്കലല്ല.

മേയ് പന്ത്രണ്ടാംതീയതിയാണ് ഇതു സംബന്ധിച്ച് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അനുമതിയില്ലാതെ വ്യക്തികളോ സംഘടനകളോ കോളനി സന്ദര്‍ശനം, വിവരശേഖരണം എന്നിവ നടത്തിയാല്‍ അത് നിര്‍ത്തിവെപ്പിക്കാന്‍ നടപടി സ്വീകരിക്കും, കോളനികളില്‍ രാത്രികാലങ്ങളില്‍ തങ്ങാന്‍ അനുമതി നല്‍കില്ല, സര്‍ക്കാര്‍ ആശുപത്രികളും സന്നദ്ധസംഘടനകളും നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസറുടെ അനുമതി വാങ്ങണം, ഗവേഷണത്തിനോ സര്‍വ്വേയ്ക്കോ അനുമതി ലഭിച്ചാല്‍ തന്നെ പഠനറിപ്പോര്‍ട്ടിന്റെ കോപ്പി ഓഫീസില്‍ സമര്‍പ്പിക്കണം, പഠനറിപ്പോര്‍ട്ട് ഹാജരാക്കാത്ത സ്ഥാപനങ്ങളില്‍നിന്നും പിന്നീട് വരുന്നവര്‍ക്ക് അനുമതി നിഷേധിക്കും തുടങ്ങി വിചിത്രമായ നിരവധി നിര്‍ദ്ദേശങ്ങളാണ് ഈ ഉത്തരവില്‍ പറയുന്നത്. 

വയനാട്ടിലെ മഡൂർ കോളനിവാസിയായ ചുണ്ടമ്മ
വയനാട്ടിലെ മഡൂർ കോളനിവാസിയായ ചുണ്ടമ്മ

2006-ലെ വനാവകാശ നിയമത്തോടെ ഊരിന്റെ സ്വയംഭരണാവകാശം (ട്രൈബല്‍ ഓട്ടോണമി) ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടതാണ്. പാരമ്പര്യ ആചാര നിയമങ്ങളാണ് അവര്‍ പിന്തുടരുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനുള്ള സവിശേഷ അധികാരം ഊരുകൂട്ടങ്ങള്‍ക്കാണ്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും എടുക്കാനും തിരുത്താനുമുള്ള ഊരുക്കൂട്ടങ്ങളുടെ അധികാരം രാജ്യത്ത് അംഗീകരിക്കപ്പെട്ടതാണ്. പൗരാവകാശങ്ങള്‍ക്ക് പുറത്ത് ഇത്തരം അധികാരങ്ങള്‍ കൂടി ആദിവാസി സമൂഹത്തിനുണ്ട്. അത്തരം സാഹചര്യത്തിലാണ് എല്ലാ അവകാശങ്ങളെയും അധികാരങ്ങളെയും ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള ഉത്തരവുകള്‍ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിലവില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങളും അനുമതി തേടലും പട്ടികവര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് ആദിവാസി വിഭാഗങ്ങളില്‍നിന്ന് നിരന്തരമായ പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. അതിനിടയിലാണ് വീണ്ടും പുതിയ നിര്‍ദ്ദേശങ്ങളുമായി വകുപ്പ് രംഗത്തുവരുന്നത്. നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയില്‍ നിങ്ങള്‍ ഇത്തരത്തിലൊരു നിയമം നടപ്പാക്കുമോ എന്നാണ് ആദിവാസി വിഭാഗത്തിന്റെ മറുചോദ്യം. നിയമപരമല്ലാത്തതോ ഭരണകൂടത്തിനെതിരെയോ ആദിവാസികളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലോ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഊരുകളില്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയും. മറിച്ച് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്ന പേരില്‍ ഒരു വിഭാഗം ആളുകളുടെ അവകാശത്തെ നിയന്ത്രിക്കുന്നതില്‍ ശരികേടുണ്ട്. ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥരുടെ അതേ പൗരാവകാശവും സാമൂഹ്യജീവിതവും സ്വാതന്ത്ര്യവുമുള്ള മനുഷ്യര്‍ തന്നെയാണ് ആദിവാസികളും.

ആദിവാസി അവകാശങ്ങളെയും കര്‍തൃത്വത്തെയും അംഗീകരിക്കാത്ത ഉത്തരവ്

ഡോ. നിസ്സാര്‍ കണ്ണങ്കര

ആദിവാസികള്‍ക്ക് നിയമപരമായും മാനുഷികപരമായും ഉള്ള അവകാശങ്ങളെയും അവരുടെ കര്‍തൃത്വങ്ങളേയും അംഗീകരിക്കുന്നില്ല എന്നതാണ് പുതിയ സര്‍ക്കുലറിന്റെ പ്രശ്നമെന്ന് ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഗവേഷകനും ആന്ത്രോപോളജിസ്റ്റുമായ നിസ്സാര്‍ കണ്ണങ്കര പറയുന്നു. ഗവേഷണപ്രവര്‍ത്തികളെ അപകടവല്‍ക്കരിക്കുന്ന രീതിയിലാണ് ഈ സര്‍ക്കുലര്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ നിലവിലെ പരിതാപകരമായ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവണമെങ്കില്‍ ഗോത്രവര്‍ഗ്ഗ വികസന വകുപ്പ് ആദ്യം ചെയ്യേണ്ടത് ആദിവാസികള്‍ മനുഷ്യരാണ് എന്ന് അംഗീകരിക്കുകയാണ്. പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അവര്‍ക്ക് പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഭരണഘടനയ്ക്കും വനാവകാശം പോലുള്ള നിയമങ്ങള്‍ക്കും രാജ്യത്തിന്റെ ആദിവാസി വികസനത്തെ സംബന്ധിച്ച നയങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് നമ്മുടെ നാട്ടിലെ ഗോത്രവര്‍ഗ്ഗ വികസന നയങ്ങള്‍ വിഭാവനം ചെയ്യപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതും എന്ന് കാണാം. മുകളില്‍നിന്നും വിഭാവനം ചെയ്യപ്പെടുകയും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും അത് നടപ്പിലാക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരം പദ്ധതികളുടെ പോരായ്മ. വളരെ ചുരുക്കം ചില ഉദ്യോഗസ്ഥരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആദിവാസികളെ കുറിച്ച് വലിയ അറിവോ, അവരുടെ അവസ്ഥകളോട് എന്തെങ്കിലും അനുകമ്പയോ ഉള്ളവര്‍ അല്ല ആദിവാസിമേഖലകളിലേക്ക് നിയമിക്കപ്പെടുന്ന മിക്ക ഉദ്യോഗസ്ഥരും. വളരെ ഏറെ സൂക്ഷ്മതയോടെ, നല്ല ഗവേഷണത്തിന്റെ പിന്‍ബലവും, അതിലേറെ നല്ല ഉദ്ദേശ്യവും, അനുകമ്പയും ആദിവാസി വികസനകാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്. അക്കാര്യത്തില്‍ നിരവധി പേരായ്മകള്‍ നിലവിലുണ്ട്. വലിയ രീതിയിലുള്ള സാമ്പത്തിക പാക്കേജുകള്‍ ആദിവാസി വികസനത്തിനായി സബ്ബ് പ്ലാന്‍ വഴി ഉപയോഗിച്ചിട്ടും അതിന്റെ ഗുണഫലങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കാതെ പോവുന്നതിന്റെ കാരണം വികസനം വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നിലനില്‍ക്കുന്ന പോരായ്മകള്‍ ആണ്. 

''ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് ക്രിയാത്മകമായ വികസനപദ്ധതികള്‍ക്ക് അനിവാര്യമാണ്. നിലവിലെ പദ്ധതികളേയും നിലവിലെ സാഹചര്യങ്ങളേയും വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ മാത്രമേ ശരിയായ ഗവേഷണവും അതുകൊണ്ടുള്ള സാമൂഹിക പുരോഗതിയും സാധ്യമാവൂ. അതുകൊണ്ട് വിമര്‍ശനങ്ങള്‍ തേടുന്ന, അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ആ രീതിയില്‍ ഗവേഷണ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണ് ഉണ്ടാവേണ്ടത്. ആ രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ ഏറെ നടക്കേണ്ട മേഖലയാണ് ഗോത്രവര്‍ഗ്ഗ വികസനം. ഒരേ സമയം ജനാധിപത്യവിരുദ്ധവും ആദിവാസികളെ ഒരു വകുപ്പിന്റെ സമാന്തര കോളനി ഭരണത്തിനിരയാക്കുന്നതുമാണ് നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള സര്‍ക്കുലറിന്റെ ഉള്ളടക്കം. അത് ഗവേഷണങ്ങളേയും അറിവിന്റെ ഉല്പാദനത്തെയും നിയന്ത്രിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് റദ്ദുചെയ്യപ്പെടേണ്ടതാണ് പ്രസ്തുത സര്‍ക്കുലര്‍.'

ആദിവാസി ഊര് അഭയാര്‍ത്ഥി ക്യാമ്പല്ല

എം. ഗീതാനന്ദന്‍

ആദിവാസികളെയും ആദിവാസി ഊരിനെയും ഒരു അഭയാര്‍ത്ഥി ക്യാമ്പ് പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആക്ടിവിസ്റ്റ് എം. ഗീതാനന്ദന്‍ പറയുന്നു.

''അന്യരാജ്യത്തുനിന്നൊക്കെ വന്ന് അഭയം കൊടുക്കുന്ന അഭയാര്‍ത്ഥികളാണ് അവരെന്നും അഭയാര്‍ത്ഥി ക്യാമ്പിന്റെ മേല്‍നോട്ടക്കാര്‍ തങ്ങളാണെന്നും അവിടെ ആരൊക്കെ വരണം എന്നതിന് തങ്ങള്‍ ലൈസന്‍സ് കൊടുക്കും എന്നൊക്കെ വിചാരിച്ചിരിക്കുകയാണ്. ആദിവാസികള്‍ അടിമകളാണ് എന്നാണ് സര്‍ക്കാരിന്റെയും ഉത്തരവിറക്കിയ ഉദ്യോഗസ്ഥരുടെയും പൊതുബോധം. ഊര്, ആദിവാസികളുടെ വാസസ്ഥലമാണ്. അവിടെയാരു ജനാധിപത്യമുണ്ട്. അതിനൊരു ഊരുമൂപ്പന്‍ ഉണ്ടാവും. അവിടത്തെ കുടുംബങ്ങളുണ്ടാവും. അവരാണ് തീരുമാനിക്കേണ്ടത് ആര് വരണം വേണ്ട എന്നത്. 

അട്ടപ്പാടിയിലൊക്കെ വികസനത്തിന്റെ പേര് പറഞ്ഞ് ഭൂമികയ്യേറ്റക്കാര്‍ കയറികൊണ്ടിരിക്കുകയാണ്. ആര് കയറണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള ആളുകളെ മാത്രം കയറ്റുകയും മറ്റുള്ളവര്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിലയും വരും. പല കോര്‍പ്പറേറ്റുകളും സ്ഥാപനങ്ങളും ആദിവാസി സ്നേഹവുമായി രംഗത്തുവരുന്നത് ഭൂമികയ്യേറ്റത്തിന് ഒരു മറയായിട്ടാണ്. ഇത്തരം ഉത്തരവിലൂടെ അത്തരക്കാര്‍ക്ക് അനുമതി കിട്ടും. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആദിവാസികളുടെ കഷ്ടപ്പാട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയാലോ ആദിവാസി ആക്ടിവിസ്റ്റുകള്‍ കയറിയാലോ അതിനെ തടയാനും പറ്റും. ഇതാണ് സംഭവിക്കുക. തടയപ്പെടുക ആദിവാസികളുടെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോ പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളോ ഒക്കെയായിരിക്കും. പ്രോത്സാഹിപ്പിക്കുന്നത് മുഴുവന്‍ കയ്യേറ്റക്കാരെയും മാഫിയകളെയുമായിരിക്കും. അതാണ് അവര്‍ ഉദ്ദേശിക്കുന്നതും. 

മിക്കവാറും ഉദ്യോഗസ്ഥര്‍ ഇതുപോലുള്ള ആളുകളുടെ നടത്തിപ്പുകാരായിട്ടാണ് കാണുന്നത്. അവരെപ്പോലുള്ളവര്‍ക്ക് ഈ ഉത്തരവ് സഹായകമാവും. ഗവേഷകരെ വട്ടംകറക്കും. ഗവേഷണത്തിന്റെ മൂല്യമൊന്നും ഇവര്‍ക്ക് മനസ്സിലാവില്ലല്ലോ. ഗവേഷകരോ മറ്റോ ആദിവാസി ഊരില്‍ വരണോ വേണ്ടയോ എന്നതിന്  ഊരുമൂപ്പന്റെ അഭിപ്രായം മതിയല്ലോ. ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളൊക്കെ ഇവര്‍ക്ക് കൊടുക്കണം എന്നു പറയുന്നത് അസംബന്ധമാണ്. സര്‍ക്കാരിന്റെ ഈ ഉത്തരവ് പിന്‍വലിക്കേണ്ടതാണ്. എസ്.സി-എസ്.ടി. വകുപ്പുകളില്‍ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും ആന്റി-ആദിവാസി മനോഭാവമുള്ളവരാണ് ഇപ്പോഴും. അതാണ് മാറേണ്ടത്. ആദിവാസി-ദളിത് പ്രശ്നങ്ങള്‍ അറിയാത്തവരെയും ഇതില്‍ താല്പര്യമില്ലാത്തവരെയും ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് മാറ്റണം. എസ്.സി-എസ്.ടി. വിഭാഗത്തിലുള്ള കുറച്ചുപേരെങ്കിലും അവിടെ സ്റ്റാഫായി ഇരിക്കുകയാണെങ്കില്‍ ഇവരുടെ പ്രശ്നം എന്താണ് എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.'

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com