സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാനും നിവര്‍ന്നുനില്‍ക്കാനും സ്ത്രീകള്‍ക്ക് അവസരമൊരുക്കിയ 'കുടുംബശ്രീ'

നമ്മുടെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ സ്വയം പര്യാപ്തത എന്നത് നിര്‍ണ്ണായകമാകുന്നു
സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാനും നിവര്‍ന്നുനില്‍ക്കാനും സ്ത്രീകള്‍ക്ക് അവസരമൊരുക്കിയ 'കുടുംബശ്രീ'
Updated on
6 min read

ല്ലാ മാറ്റവും തുടങ്ങേണ്ടത് സ്ത്രീയില്‍നിന്നാകണം എന്നത് സുവിദിതമായ കാര്യമാണ്. എല്ലാ കലാപങ്ങളും ആരംഭിക്കുന്നതും അവളില്‍ നിന്നുതന്നെ. അതുകൊണ്ട് നമ്മുടെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ സ്വയം പര്യാപ്തത എന്നത് നിര്‍ണ്ണായകമാകുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹിക ജീവിതത്തില്‍ സ്വയംപര്യാപ്തതയുടെ പുതുചരിത്രം രചിച്ച കുടുംബശ്രീ എന്ന പ്രസ്ഥാനത്തിനു പ്രാധാന്യം കൈവരുന്നതും അതുകൊണ്ടുതന്നെ. കുടുംബശ്രീ എന്ന സ്ത്രീശാക്തീകരണ പ്രസ്ഥാനം രജതജൂബിലിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഇരുപത്തിയഞ്ചു വര്‍ഷം അതുണ്ടാക്കിയ കുതിപ്പുകളും കിതപ്പുകളും ഒരു സ്വയംപര്യാപ്ത സമൂഹമെന്ന നിലയില്‍ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന പരിശോധനയും ഈ സന്ദര്‍ഭത്തില്‍ നടക്കേണ്ടതുണ്ട്. 

1998 മെയ് 17-നാണ് കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കമായത്. സംസ്ഥാനത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു സമഗ്ര പദ്ധതി രൂപീകരിക്കാന്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായിട്ടായിരുന്നു കുടുംബശ്രീയുടെ രൂപീകരണം. കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യമണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം വിഭാവനം ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഒരു സമഗ്രപദ്ധതിക്ക് രൂപം നല്‍കുന്നതിന് ഇ.കെ. നായനാര്‍ ഗവണ്‍മെന്റ് അന്ന് ഡോ. തോമസ് ഐസക്ക് അദ്ധ്യക്ഷനായുള്ള മൂന്നംഗ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിരുന്നു. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. നബാര്‍ഡ് ജനറല്‍ മാനേജറായിരുന്ന പ്രകാശ് ബക്ഷി എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റംഗങ്ങള്‍. അവര്‍ ഗവണ്‍മെന്റിന് ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടാണ് കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാനം.
 
1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 1999 ഏപ്രില്‍ ഒന്നിന് കുടുംബശ്രീ - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

മുന്‍ മാതൃകകളില്ലാത്ത ഒന്നാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം. വീടുകളുടെ നാലു ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മമാരുള്‍പ്പെടുന്ന സ്ത്രീസമൂഹത്തെ നവകേരള സൃഷ്ടിയില്‍ പങ്കാളികളാകാന്‍ അതു പ്രേരിപ്പിച്ചു. വീടുകളുടെ അകത്തളങ്ങളില്‍നിന്ന് ആ വലിയ പ്രസ്ഥാനം സമൂഹത്തിന്റെ വിശാലതകളിലേക്ക് പതുക്കേ പറന്നുയര്‍ന്നു. ഇന്ന് 45.85 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളാണ്. 

സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാനും നിവര്‍ന്നുനില്‍ക്കാനും സ്ത്രീകള്‍ക്ക് അവസരമൊരുക്കിയ കുടുംബശ്രീയില്‍ അണിചേരുന്നതിനു തുടക്കത്തിലുണ്ടായിരുന്ന മടിയും സംശയവും കാലംപോകെ മാറുകയായിരുന്നു. സ്ത്രീസമൂഹം, വിശേഷിച്ചും സമൂഹത്തിന്റെ കീഴെത്തട്ടില്‍ കഴിഞ്ഞിരുന്നവര്‍ ഒന്നാകെ കുടുംബശ്രീയില്‍ അണിചേര്‍ന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് ഒരു സൈന്യത്തിന്റെ രൂപമാര്‍ജ്ജിച്ചു. നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭദ്രത കാക്കുന്ന പെണ്‍പട. കുടുംബശ്രീയുടെ വളര്‍ച്ചയുടെ ഗ്രാഫ് ക്രമാനുഗതമായി ഉയര്‍ച്ചയെ പ്രാപിക്കുകകയായിരുന്നു. 

ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു കുടുംബശ്രീ. രാജ്യത്തിനകത്തേയും പുറത്തേയും വിവിധ പദ്ധതികള്‍ പഠിച്ചതിനു ശേഷമാണ് കേരളത്തിന് തനതായ ഒരു പദ്ധതി വിഭാവനം ചെയ്തതെന്ന് അന്നു കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട ഡോ. തോമസ് ഐസക് പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ഫിനാന്‍സ് സംവിധാനവും കുടുംബശ്രീയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്രഗവണ്‍മെന്റില്‍നിന്ന് ഒരു സഹായവും ലഭിക്കാതെയായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. 

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിലും വളര്‍ച്ചയിലും സമര്‍പ്പിതമായ സ്ത്രീശക്തി മാത്രമായിരുന്ന അതിന്റെ കൈമുതല്‍. തുടക്കത്തില്‍ അതൂന്നിയതാകട്ടേ ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ജീവിതാവശ്യങ്ങളിലായിരുന്നു. വിദ്യാഭ്യാസം, തൊഴില്‍, കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവയും മുന്‍ഗണനയില്‍ വന്നു. അയല്‍ക്കൂട്ടങ്ങളായിരുന്നു പ്രവര്‍ത്തനത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്. 

ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാസംഘടനയെന്ന് കുടുംബശ്രീയെ വിശേഷിപ്പിക്കാവുന്നതാണ്. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ അതിന്റെ അനന്യത ശ്രദ്ധേയമാണ്. മറ്റൊരു സംസ്ഥാനത്തും കുടുംബശ്രീക്ക് സമാനമായ ഒന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. 

ദാരിദ്ര്യത്തിലും അര്‍ദ്ധപട്ടിണിയിലുമൊക്കെ കഴിയുന്നവര്‍ക്ക് ഉപജീവനത്തിനു വഴി കണ്ടെത്തി നല്‍കലായിരുന്നു ആദ്യകാലം മുതല്‍ കുടുംബശ്രീയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. അച്ചാറുകള്‍, കറി പൗഡറുകളിലൊക്കെയായിരുന്നു തുടക്കം. കാന്റീന്‍, കാറ്ററിംഗ് തുടങ്ങിയ മേഖലകളില്‍നിന്ന് കഫേ കുടുംബശ്രീ എന്ന ബ്രാന്റിലേക്കടയ്ക്കം കുടുംബശ്രീ വളര്‍ന്നു. സോപ്പു നിര്‍മ്മാണവും സോഫ്റ്റ്വെയര്‍ നിര്‍മ്മാണവുമൊക്കെ കുടുംബശ്രീയുടെ പ്രവര്‍ത്തനമേഖലയായി. ജനകീയ ഹോട്ടലും ഡ്രൈവിംഗ് സ്‌കൂളും മാരേജ് ബ്യൂറോയും കെട്ടിട നിര്‍മ്മാണവുമെല്ലാം കുടുംബശ്രീയുടെ പെണ്‍കരുത്തിനു വഴങ്ങുന്നതായി. 

സര്‍ക്കാര്‍ മിഷനുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കുടുംബശ്രീ ഇന്ന് മികച്ച ഉപാധിയായിട്ടുണ്ട്. അന്തിമമായി ഇന്ന് കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കാനള്ള വിശാല ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കുടുംബശ്രീ. ഏതു നിലയ്ക്കും കേരളത്തിന്റെ സമഗ്രവികസന പന്ഥാവിലെ മാതൃകാപരമായ മുന്നേറ്റമാണ് സ്ത്രീശാക്തീകരണ യത്‌നങ്ങളില്‍ പ്രമുഖസ്ഥാനം അര്‍ഹിക്കുന്ന കുടുംബശ്രീ.

കുടുംബശ്രീയുടെ പരിമിതികള്‍ 

സംസ്ഥാന രൂപീകരണാനന്തരം സ്ത്രീ സമൂഹത്തില്‍ ഉണ്ടായ എടുത്തുപറയാവുന്ന ഒരേയൊരു മുന്നേറ്റമാണ് കുടുംബശ്രീ. കുടുംബശ്രീയുമായി ബന്ധപ്പെട്ടും അതിനെ മാതൃകയാക്കിയും വേറെയും സ്ത്രീ മുന്നേറ്റങ്ങളുണ്ടായി. വീടുകളില്‍നിന്നു സ്ത്രീകളെ പുറത്തുകൊണ്ടുവരാനും ജാതിമതഭേദമെന്യേയും സങ്കുചിത രാഷ്ട്രീയത്തിന്റെ അതിരുകള്‍ മറികടന്നുമുള്ള ഐക്യത്തോടെയുള്ള പ്രവര്‍ത്തനം അവര്‍ക്കിടയില്‍ സാദ്ധ്യമാക്കാനും കുടുംബശ്രീക്കായിട്ടുണ്ട്. എന്നാല്‍, എടുത്തുപറയേണ്ട ചില പരിമിതികളും കുടുംബശ്രീക്കുണ്ട്. ലിംഗനീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടങ്ങളില്‍ കാര്യമായ പങ്കുവഹിക്കാനാകില്ലെന്ന ഗൗരവമേറിയ വിമര്‍ശനമുണ്ട്. ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ സ്ത്രീശാക്തീകരണത്തിനുള്ള മുഖ്യ ഉപാധിയാണ്. എന്നാല്‍, ഈ പോരാട്ടങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് കുടുംബശ്രീ കൈക്കൊള്ളുന്നതെന്നും വിമര്‍ശനമുണ്ട്. ഒരേയൊരു തവണ മാത്രമാണ് കുടുംബശ്രീ സമരരംഗത്തിറങ്ങുന്നത്. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് കുടുംബശ്രീക്കെതിരെയുള്ള നീക്കം നടത്തിയപ്പോഴായിരുന്നു അത്. 

ഔദ്യോഗികവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു എന്ന ആക്ഷേപത്തിനു കുടുംബശ്രീയോളം തന്നെ പഴക്കമുണ്ട്. വളരെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന്റെ നാനാമണ്ഡലങ്ങളിലേക്ക് അത് ശിഖരവും കൊമ്പും പടര്‍ത്തി പടര്‍ന്നുപന്തലിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മാത്രം കുടുംബശ്രീ ഒതുങ്ങുകയാണ് എന്നും വിമര്‍ശനമുണ്ട്. 

ദാരിദ്ര്യം എന്നത് നീതിനിഷേധത്തിന്റെ ഉല്‍പ്പന്നമാണെന്നും അത് ഒരു സാമൂഹ്യ സൃഷ്ടിയാണെന്നുമുള്ള കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ട സ്ത്രീകളുടെ ആസൂത്രണ മികവിലും കാര്യശേഷിയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുക എന്നതാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ കാതല്‍. തീര്‍ത്തും വികേന്ദ്രീകൃതമാണ് അതിന്റെ സംഘടനാരൂപവും പ്രവര്‍ത്തനങ്ങളും. തികഞ്ഞ സുതാര്യത അത് എല്ലാത്തലത്തിലും കാത്തുസൂക്ഷിക്കുന്നുമുണ്ട്. 

ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സ്വയംതൊഴില്‍ സംരംഭങ്ങള്‍, ചെറിയ വായ്പാ പദ്ധതികള്‍, സമ്പാദ്യപദ്ധതികള്‍ എന്നിവയിലാണ് കുടുംബശ്രീയുടെ തുടക്കം. ഇപ്പോള്‍ വൈവിദ്ധ്യ വല്‍ക്കരണത്തിലൂടേയും വിപൂലീകരണത്തിലൂടേയും സമൂഹത്തിന്റെ സമസ്തമേഖലയിലേക്കും അത് പടര്‍ന്നു പന്തലിച്ചിരിക്കുന്നു. എന്നാല്‍, പ്രാഥമികതലത്തില്‍ അത് മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനത്തില്‍നിന്ന് ഏറെ മുന്നോട്ടു പോകാനായിട്ടില്ലെന്നും സ്ത്രീകള്‍ക്ക് സാമ്പത്തികമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും വായ്പാ പദ്ധതികളിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. തീര്‍ച്ചയായും സ്ത്രീശാക്തീകരണത്തില്‍ സ്ത്രീയുടെ സാമ്പത്തിക സുരക്ഷ വലിയൊരു ഘടകമാണ്. അതുറപ്പു വരുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ അനിവാര്യവുമാണ്. കൂട്ടായി വായ്പയെടുത്ത് അത് സ്വന്തം കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന പ്രവണതയാണ് പൊതുവേ കണ്ടുവരുന്നത്.

ഉല്പാദനമേഖലയിലുള്ള മുതല്‍മുടക്കിനായി ഈ വായ്പാസൗകര്യങ്ങള്‍ പ്രയോ ജനപ്പെടുത്തുകയാണ് വേണ്ടതെന്നും ചൂണ്ടി ക്കാണിക്കപ്പെടുന്നു. 

ഉല്പാദനമേഖലയില്‍ നിരവധി സംരംഭങ്ങള്‍ കുടുംബശ്രീയുടേതായി ഉണ്ടെങ്കിലും അതിനിയും വിപുലമാകേണ്ടതുണ്ട് എന്നും.

ജനശ്രീക്ക് സംഭവിച്ചത്

കടുംബശ്രീയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി 2006-ല്‍ രൂപീകരിച്ച സംഘടനയാണ് ജനശ്രീ സുസ്ഥിര വികസന പദ്ധതി. കുടുംബശ്രീ സി.പി.ഐ.എം കയ്യടക്കിയതുകൊണ്ട് പകരം സംഘടന അനിവാര്യമാണെന്ന കാഴ്ചപ്പാടായിരുന്നു ജനശ്രീ മിഷന്റെ രൂപീകരണത്തിനു പിറകിലെ ചേതോവികാരം. കുടുംബശ്രീയുടെ അതേ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തന്നെയായിരുന്നു ജനശ്രീയുടേയും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീശാക്തീകരണവും. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം. ഹസ്സനായിരുന്നു പാര്‍ട്ടി ഇതിന്റെ ചുമതലയേല്പിച്ചത്. കുടുംബശ്രീയെപ്പോലെ ചെറിയ സംരംഭങ്ങളില്‍ത്തന്നെ തുടക്കം. ഗ്രാമതലങ്ങളില്‍ വരെ സംഘാടനം. ജില്ലാ തലത്തില്‍ കമ്മിറ്റികളുണ്ടായി. ഓഫിസുകളും. തിരുവനന്തപുരത്ത് ഗംഭീര സമ്മേളനവും ഇതിന്റെ രൂപീകരണത്തെ തുടര്‍ന്ന് നടന്നു. കൊട്ടിഘോഷിച്ചായിരുന്നു തുടക്കമെങ്കിലും കുടുംബശ്രീയെപ്പോലെ വളരുന്നതിന് അര്‍പ്പിതമനസ്‌കരായ പ്രവര്‍ത്തകരുടെ അഭാവം തടസ്സമായി. സംഘടനയുടെ വളര്‍ച്ച തുടക്കത്തിലേ മുരടിച്ചു.

എന്നാല്‍, 2010-ല്‍ ജനശ്രീക്ക് ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതി ലഭിക്കുകയും മൈക്രോ ഫിനാന്‍സ് സംഘത്തിനു രൂപം നല്‍കുകയും ചെയ്തു. ഈ നടപടി വിവാദമായി. അന്നത്തെ യു.പി.എ സര്‍ക്കാര്‍ രാഷ്ട്രീയ കൃഷി വികാസ് യോജന മുഖാന്തിരം 14 കോടി രൂപ ജനശ്രീക്ക് അനുവദിച്ചതും കോലാഹലത്തിനു വഴിവെച്ചു. ഇത് കുടുംബശ്രീയെ തകര്‍ക്കാനാണെന്ന് ആരോപണമുണ്ടായി. വലിയ സമരമാണ് തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയത്. പലവട്ടം ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം അവസാനിപ്പിച്ചു. 

അടുത്ത വിവാദമുണ്ടായത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീക്കൊപ്പം ജനശ്രീയെ കൂടി പരിഗണിച്ചപ്പോഴായിരുന്നു. എന്നാല്‍, അന്നത്തെ കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ നിലപാട് തിരിച്ചടിയായി. മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കുടുംബശ്രീക്ക് പരിഗണന നല്‍കുകയായിരുന്നു. സംഘത്തിന്റെ ഓഹരിയില്‍ സിംഹഭാഗവും എം.എം. ഹസ്സന്റെ പേരിലാണെന്ന് ആരോപണമുയര്‍ന്നു. ജനശ്രീയെ ഹസ്സന്റെ സ്വകാര്യകമ്പനിയെന്ന് ഇടതുപക്ഷം ആക്ഷേപിച്ചു. ജനശ്രീ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുബന്ധസംഘടനയെന്ന പോലെ പ്രവര്‍ത്തിച്ചത് എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് സാധുത നല്‍കുകയും ചെയ്തു. 

സംസ്ഥാനഭരണവും കേന്ദ്രഭരണവും കോണ്‍ഗ്രസ്സിന്റെ കയ്യില്‍നിന്നു പോയത് ജനശ്രീക്ക് തിരിച്ചടിയായി. പ്രവര്‍ത്തനം ശോഷിച്ചു. ഇപ്പോള്‍ നാമമാത്രമായി പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

എന്താണ് കുടുംബശ്രീ 

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാണ്. ഇന്ന് കുടുംബശ്രീ സ്ത്രീകളുടെ കരുത്തുറ്റ ഒരു സംഘടനാ സംവിധാനമായി മാറിയിട്ടുണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്‌മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്‌കാരം, 119 രാജ്യങ്ങളില്‍നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.

കുടുംബശ്രീയുടെ മാതൃക 

* 46 ലക്ഷത്തോളം അംഗങ്ങളും രണ്ടര ലക്ഷം ഗ്രൂപ്പുകളും അന്‍പതിനായിരം തൊഴില്‍ സംരംഭങ്ങളും. 
* 45,85000 അംഗങ്ങള്‍, 287723 അയല്‍ക്കൂട്ട ഗ്രൂപ്പുകള്‍, 14 ജില്ലാ മിഷനുകള്‍, 19489 ADSകള്‍, 1064 CDS കള്‍ എന്നിങ്ങനെ മൂന്ന് തലത്തിലായി വ്യാപിച്ചു കിടക്കുന്ന വിപുലമായ സംഘടനാ സംവിധാനം. 
* 49,200 തൊഴില്‍ സംരംഭങ്ങളില്‍ 31589 വ്യക്തിഗത സംരംഭങ്ങളും 17611 ഗ്രൂപ്പ് സംരംഭങ്ങളും. 
* 270 ഫാമുകളില്‍നിന്ന് ഉല്പാദിപ്പിച്ചു 94 വിപണന കേന്ദ്രത്തിലൂടെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള കേരള ചിക്കന്‍ 75 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കിയത്. 
* സാമൂഹ്യക്ഷേമ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് എഫ്.സി.ഐ വഴി ഉല്പാദിപ്പിക്കുന്ന 241 അമൃതം ന്യൂട്രി മിക്‌സ് യൂണിറ്റുകള്‍. 
* കുടുംബശ്രീ കൂട്ടായ്മകളുടെ വീട്ടുമുറ്റത്തെ ബാങ്കുകളിലൂടെ വിവിധ ബാങ്കുകളില്‍ അയ്യായിരത്തിലേറെ കോടി രൂപയുടെ നിക്ഷേപം. 
* 31000 ബാലസഭകളില്‍ അഞ്ചുലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍. 
* ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാനും ക്രൈം മാപ്പിംഗ്, കൗണ്‍സലിങ് സെന്റര്‍, മനുഷ്യക്കടത്തു തടയാനുള്ള പദ്ധതികള്‍ ജന്‍ഡര്‍ ബോധവല്‍ക്കരണം എന്നിവയ്ക്കായി ജാഗ്രതാ സമിതി, ഇരകള്‍ക്ക് പൊലീസ്-നിയമ സഹായങ്ങള്‍ നല്‍കാനും താല്‍ക്കാലികമായി താമസിക്കാന്‍ അവസരമൊരുക്കാനും സ്‌നേഹിത, അംഗപരിമിതര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ള പ്രത്യാശാ പദ്ധതി, മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ബഡ് സ്‌കൂളുകള്‍.
* അട്ടപ്പാടി ആദിവാസി മേഖലയിലെ ഉയര്‍ന്ന ശിശു മരണനിരക്കിന്റേയും പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങളുടെയും പശ്ചാത്തലത്തല്‍ സാമൂഹ്യക്ഷേമ വകുപ്പ് കുടുംബശ്രീയുമായി സാമൂഹ്യ അടുക്കള ആരംഭിച്ചു. തുടര്‍ന്ന് ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴില്‍ പതിനായിരത്തോളേം വരുന്ന ഇരുള, മുഡുഗ, കുറുമ്പ സമുദായങ്ങള്‍ക്ക് സമഗ്ര വികസനത്തിന് ഉതകുന്ന ബൃഹത്തായ പദ്ധതി കുടുബശ്രീ ഏറ്റെടുത്തു.
* കൊവിഡ് സമൂഹത്തെ നിശ്ചലമാക്കിയ സമയത്തും കുടുംബശ്രീയുടെ സംഘടനാപാടവം സഹായകമായി. ബോധവല്‍ക്കരണം മുതല്‍ മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണം, കമ്മ്യൂണിറ്റി കിച്ചനുകളുടെ നടത്തിപ്പ്, അണുവിമുക്തമാക്കല്‍, വായ്പാ വിതരണം നടത്തല്‍ എന്നിവയിലെല്ലാം കുടുംബശ്രീ മുന്‍പന്തിയില്‍നിന്നു 1.9 ലക്ഷം whatsapp ഗ്രൂപ്പുകളാണ് ഇതിനായി ഉണ്ടാക്കിയത്. 
* എഴുപത് ലക്ഷത്തിലേറെ മാസ്‌കുകളും പതിനായിരത്തോളം ലിറ്റര്‍ സാനിറ്റൈസറും കുടുംബശ്രീ ഗ്രൂപ്പുകള്‍ ഉണ്ടാക്കി. ഒപ്പം 1144 കമ്മ്യൂണിറ്റി കിച്ചണുകള്‍. 
* ഈ അടുക്കളകളിലേക്കുള്ള പച്ചക്കറി കുടുംബശ്രീ കാര്‍ഷിക സംഘങ്ങളാണ് അടുക്കളകളില്‍ എത്തിച്ചത്. 20 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്ന 1187 ജനകീയ ഹോട്ടലുകള്‍ വിശപ്പുരഹിത കേരളം എന്ന സ്വപ്നത്തിലേക്കുള്ള പ്രധാന ചുവടുവയ്പായി.
* രണ്ടായിരത്തോളം കോടി രൂപയാണ് പലിശരഹിത വായ്പയായി ലഭ്യമാക്കി.
* 2018-ലെ മഹാപ്രളയ കാലത്തു അനിതരസാധാരണമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തി.
* സമൂഹ അടുക്കളകള്‍ തുറന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യവസ്തുക്കള്‍ സംഭരിച്ചു നല്‍കിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടിയിലേറെ സംഭാവന നല്‍കിയും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും കുടുംബശ്രീ പ്രവര്‍ത്തകര്‍ രാപ്പകല്‍ കൂടെ നിന്നു.
* ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കി.
* UNDPയുമായി ചേര്‍ന്നു നടപ്പാക്കിയ, ഏറ്റവുമധികം ദുരിതം ബാധിച്ച കുടുംബങ്ങള്‍ക്കായുള്ള ഉപജീവന പദ്ധതിക്ക് 2.4 ദശലക്ഷംഗുണഭോക്താക്കളെ കണ്ടെത്തി. 
* കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇരുപതോളം സംസ്ഥാനങ്ങളില്‍ പോവുകയും അവിടെയുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സ്ത്രീകളുടെ കൂട്ടായ്മകളും എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നതു സംബന്ധിച്ച പരിശീലനമാണ് നല്‍കുന്നത്. 
* ഉഗാണ്ട, താജിക്കിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
* നിരവധി ദേശീയ അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ കുടുംബശ്രീയെ തേടിയെത്തി. 2022-ല്‍ പ്രഖ്യാപിച്ച UN GLENMARK NUTRITION AWARD ഏറ്റവും ഒടുവിലത്തേത്. ദേശീയ നഗര ഉപജീവന ദൗത്യം രാജ്യത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് സ്പാര്‍ക് റാങ്കിംഗില്‍ ഒന്നാമതായി.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com