മഞ്ഞുമലയുടെ ഒരറ്റം മാത്രം... പുറത്തുവരാന്‍ കാത്ത് ഇതുപോലെയും ഇതിലും അമ്പരപ്പിക്കുന്നതുമായ ഇടപെടലുകളുടെ വിവരങ്ങളുണ്ട്

അഴിമതിക്കേസ് അട്ടിമറി ശ്രമങ്ങളും നീതിയുടെ പക്ഷത്തുനിന്നുള്ള ചെറുത്തുനില്‍പ്പുകളും പതിറ്റാണ്ടു പിന്നിട്ടിട്ടും സജീവമായി തുടരുന്ന ആദ്യ കേസല്ല ഇത്
മഞ്ഞുമലയുടെ ഒരറ്റം മാത്രം... പുറത്തുവരാന്‍ കാത്ത് ഇതുപോലെയും ഇതിലും അമ്പരപ്പിക്കുന്നതുമായ ഇടപെടലുകളുടെ വിവരങ്ങളുണ്ട്

ഴിമതിക്കേസ് അട്ടിമറി ശ്രമങ്ങളും നീതിയുടെ പക്ഷത്തുനിന്നുള്ള ചെറുത്തുനില്‍പ്പുകളും പതിറ്റാണ്ടു പിന്നിട്ടിട്ടും സജീവമായി തുടരുന്ന ആദ്യ കേസല്ല ഇത്. എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റേയും രണ്ടു മക്കളുടേയും കൊലപാതകവും ആ സ്ഥാപനത്തില്‍ നടന്ന വന്‍കിട അഴിമതികളുമായുള്ള ബന്ധവും ഈ കേസുകളെ വ്യത്യസ്തമാക്കുന്നു. ആ ബന്ധം മറയ്ക്കാനുള്ള ശ്രമങ്ങള്‍ എത്ര അമര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചിട്ടും വീണ്ടും പുറത്തുവരികയാണ്. നേരിട്ടു മുന്നില്‍ വരാതെ കൊലയാളികളും അഴിമതിക്കാരും കേസിന്റേയും ശിക്ഷയുടേയും കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ വളഞ്ഞ വഴികളിലൂടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഴിമതിക്കേസുകള്‍ ഇല്ലാതാക്കിയാല്‍, അഴിമതി നടന്നിട്ടില്ലെന്നു വരുത്തിയാല്‍ പിന്നെ എളുപ്പമാകും കാര്യങ്ങള്‍ എന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. അഴിമതിക്കാരല്ലാത്ത തങ്ങള്‍ക്ക് അഴിമതിക്കു സാക്ഷിയായതിന്റെ പേരില്‍ ശശീന്ദ്രനോടു പക തോന്നേണ്ട കാര്യമില്ല; അദ്ദേഹത്തേയും മക്കളേയും ഇല്ലാതാക്കിയിട്ടുമില്ല എന്നു വാദിക്കാന്‍ കഴിയും. അതിനിടെ, ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 23-നു വന്നപ്പോള്‍ സി.ബി.ഐയുടെ സോളിസിറ്റര്‍ ജനറല്‍ തന്നെ ഹൈദരാബാദില്‍നിന്നെത്തി അസാധാരണമായി ഹാജരായി. അതും പ്രത്യേക സംഭവമാണ്. 

വാഴുന്നോരും വീഴേണ്ടവരും 

2010-ലാണ് മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും മലബാര്‍ സിമന്റ്സ് എക്‌സ് ഒഫീഷ്യോ ചെയര്‍മാനുമായിരുന്ന ജോണ്‍ മത്തായി, മുന്‍ ഡയറക്ടര്‍മാരായ എന്‍. കൃഷ്ണകുമാര്‍, ടി. പത്മനാഭന്‍ നായര്‍, മുന്‍ എം.ഡി.എസ്.എസ്. മണി, മുന്‍ ജനറല്‍ മാനേജര്‍ കെ. മുരളീധരന്‍ നായര്‍, ലീഗല്‍ ഓഫീസര്‍ അഡ്വ. പ്രകാശ് ജോസഫ്, എ.ആര്‍.കെ വുഡ്സ് ആന്റ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും എസ്.ആര്‍.വി ട്രാന്‍സ്പോര്‍ട്സ് ഉടമയുമായ വി.എം. രാധാകൃഷ്ണന്‍ (ചാക്ക് രാധാകൃഷ്ണന്‍), എ.ആര്‍.കെ വുഡ്സ് ആന്റ് മെറ്റല്‍സ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു, മുന്‍ എം.ഡി എം. സുന്ദര മൂര്‍ത്തി എന്നിവരാണ് വിവിധ കേസുകളിലെ പ്രതികള്‍. മൂന്ന് അഴിമതിക്കേസുകളിലെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ വിജിലന്‍സ് അതിലെ മുഖ്യസാക്ഷിയായി ചേര്‍ത്തത് കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായ വി. ശശീന്ദ്രനെ ആയിരുന്നു. അഴിമതി നടക്കുന്നുവെന്നും ഇത്തരം കരാറുകളില്‍ ഏര്‍പ്പെടരുതെന്നും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ശശീന്ദ്രന്‍ ഉപദേശം നല്‍കിയിരുന്നു. 2011 ജനുവരി 24നാണ് ശശീന്ദ്രനേയും രണ്ടു മക്കളേയും വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കേരളത്തെ ഞെട്ടിക്കുകയും സമൂഹ മനസ്സാക്ഷിയെ പിന്തുര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഭവം. അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടു 12 വര്‍ഷമായി; ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിന് 11 വര്‍ഷം. 

ശശീന്ദ്രനും മക്കളും 
ശശീന്ദ്രനും മക്കളും 

മൂന്നു സര്‍ക്കാരുകളുടെ കാലം ഇതിനിടയില്‍ കഴിഞ്ഞു. ഒരു ദിവസംപോലും ഈ അഴിമതിക്കേസുകളിലെ പ്രതികള്‍ കേസ് നടക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയിലെ കൂട്ടില്‍ കയറിനില്‍ക്കാന്‍ ഇട വരുത്തിയിട്ടില്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍. കേസെടുത്ത് അറസ്റ്റു ചെയ്യുകയും അവര്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആയിരുന്നു ഭരണത്തില്‍. അതിനു ശേഷം മാസത്തില്‍ ഒന്ന് എന്ന നിലയ്‌ക്കെങ്കിലും വിചാരണ നടപടികളുടെ ഭാഗമായി കേസ് കോടതിയില്‍ എത്തി. പ്രതികള്‍ അവധി വാങ്ങുകയോ സ്വാധീനം ഉപയോഗിച്ചു മറ്റുവിധത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നു. അതിനു സഹായകരമായ നടപടികള്‍ ആദ്യം സ്വീകരിച്ചത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത 11 പ്രതികളുള്ള അഴിമതിക്കേസിലെ ആറാം പ്രതിയായിരുന്നു ജോണ്‍ മത്തായി. അദ്ദേഹം ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത് പുതിയ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചത്. ഏഴും എട്ടും പ്രതികളായ എന്‍. കൃഷ്ണകുമാര്‍, ടി. പത്മനാഭന്‍ നായര്‍ എന്നിവരായിരുന്നു അസാധാരണവും നിയമവിരുദ്ധവുമായ ആ ആനുകൂല്യത്തിനു പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍.
എന്നാല്‍, 2012 മാര്‍ച്ച് 26-ന് ആ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടര്‍ നടപടികള്‍ പാടില്ല എന്നായിരുന്നു ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്റെ ഉത്തരവ്. എങ്കിലും കോടതി അതില്‍ തീര്‍പ്പു കല്പിച്ചിരുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഒന്നാം സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യനാളുകളില്‍ത്തന്നെ ഉമ്മന്‍ ചാണ്ടിയുടെ ഉത്തരവ് റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം കിട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതിനുശേഷം വിചാരണക്കോടതിയില്‍ കേസ് വന്നു. കേസില്‍ തുടക്കം മുതല്‍ നീതി ഉറപ്പാക്കുന്നതിന് ഇടപെട്ടുകൊണ്ടിരുന്ന അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം എന്ന സംഘടന, തങ്ങളെക്കൂടി കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസില്‍ പരാതിക്കാര്‍ പോലുമല്ലാത്തവരെ കക്ഷി ചേര്‍ക്കാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം തള്ളി. എന്നാല്‍, പാമോയില്‍ കേസിലും ഇടമലയാര്‍ കേസിലും കക്ഷി ചേരാന്‍ വി.എസ്. അച്യുതാനന്ദനെ അനുവദിച്ച സുപ്രീംകോടതി വിധി ഈ കേസിലും ബാധകമാക്കണം എന്ന വാദം പിന്നീട് കോടതി അംഗീകരിച്ചു. 

പൊതുതാല്പര്യം സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ പൗരന് ഇടപെടാന്‍ അവകാശമുണ്ട് എന്നായിരുന്നു വി. എസ്സിന്റെ ഹര്‍ജിയിലെ വിധി. അത് അംഗീകരിച്ച് വിജിലന്‍സ് കോടതി അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്തിനെ കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു. ഫലത്തില്‍ ഇപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഈ കേസ് നടത്തുന്നത് ഈ സംഘടനയായി മാറി. വിജിലന്‍സ് കോടതിയില്‍ ഓരോ അവധിക്കും ഹാജരാവുകയും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടപെടേണ്ടപ്പോഴെല്ലാം ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യാന്‍ ആ വിധിയിലൂടെ സംഘടനയ്ക്ക് അനുമതി കിട്ടി. കെ.എന്‍. പ്രശാന്താണ് അഭിഭാഷകന്‍. 

ഒ. ശശി ആയിരുന്നു ഈ കേസുകളില്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍. അദ്ദേഹത്തിന്റെ നിയമനം കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ്. 2016-ല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ആണ് ഒ. ശശിയെ ഈ കേസുകളിലെ ഉപദേശകനായി നിയമിച്ച് ഉത്തരവിട്ടത്. കേസുകള്‍ കൃത്യമായിത്തന്നെ അദ്ദേഹം നടത്തുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന ഘട്ടത്തിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള എല്ലാ ഇടപെടലുകളും നടത്തി. അതോടെ, പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന ശക്തമായ പ്രതീതിയും ഉണ്ടായി. അതിനിടയിലാണ് കേസ് അട്ടിമറിക്കാനുള്ള അതിശക്തമായ ഉന്നതതല ഇടപെടല്‍ ഉണ്ടായത്. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

അന്നത്തെ എ.ഡി.പി, ഇന്നത്തേയും
 
അഴിമതിക്കേസുകളില്‍ നീതിയുടെ പക്ഷത്തുനിന്നുകൊണ്ട് സുതാര്യമായി നിയമനിര്‍വ്വഹണം നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവരില്‍ പ്രധാനിയായ അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ (എ.ഡി.പി) കെ.ഡി. ബാബുവിന്റെ ഇടപെടലുകളും ഉപദേശങ്ങളും അഴിമതിക്കാര്‍ക്കു വേണ്ടിയാണ് എന്നതരം ചര്‍ച്ചകള്‍ സര്‍ക്കാര്‍-പാര്‍ട്ടി-മുന്നണി തലങ്ങളില്‍ സജീവമാണ്. വെറും ആരോപണങ്ങള്‍ക്കപ്പുറം അതിലെ വസ്തുത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു ശ്രമിച്ചപ്പോഴാണ് ഇടപെടലുകളുടെ ആഴം വ്യക്തമാകുന്നത്. ഒ. ശശിക്ക് എ.ഡി.പി നല്‍കിയ ഒരു കത്തുണ്ട്. അഴിമതിക്കാരുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ആ കത്ത് മതി പറയുന്നതൊന്നും പതിരല്ല എന്നു വ്യക്തമാകാന്‍. (കത്തിന്റെ പകര്‍പ്പ് ഈ റിപ്പോര്‍ട്ടിനൊപ്പം). ഈ കേസുകള്‍ റദ്ദാക്കാന്‍ അനുവദിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. അതിനുവേണ്ടത് കോടതിയില്‍ പ്രോസിക്യൂട്ടറുടെ മൗനം. 

കേസുകള്‍ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്നു ചൂണ്ടിക്കാട്ടി ജോയി കൈതാരത്ത് മുഖ്യമന്ത്രി പിണറായി വിജയന് 2021 ഫെബ്രുവരി രണ്ടിനു പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 23-ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈതാരത്തിനു മറുപടി നല്‍കി. പരാതി അന്വേഷണത്തിനു വിജിലന്‍സിനു കൈമാറുകയും കേസ് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു തന്നെ നിര്‍ദ്ദേശം നല്‍കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കോഴിക്കോട് വിജിലന്‍സ് എസ്.പി ശശിധരനെയാണ് അന്വേഷണത്തിനു വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്. അദ്ദേഹം പരാതിക്കാരന്റെ വിശദമായ മൊഴിയെടുത്തു. എ.ഡി.പിയുടെ നിയമവിരുദ്ധ ഇടപെടലിനെക്കുറിച്ച് ഉള്‍പ്പെടെ ആ മൊഴിയില്‍ കൈതാരത്ത് പറയുകയും ചെയ്തു; മൂന്നുവട്ടമാണ് മൊഴിയെടുത്തത്. മൂന്നുവട്ടവും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. ഒ. ശശിക്ക് കെ.ഡി. ബാബു നല്‍കിയ കത്തിന്റെ പകര്‍പ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. എ.ഡി.പി അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് അന്വേഷണത്തിലും ഇടപെട്ടു എന്ന ഗുരുതര ആരോപണം കൂടിയാണ് കൈതാരത്ത് ഉന്നയിച്ചത്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന പൊതുതാല്പര്യത്തിനു വിരുദ്ധമായാണ് എ.ഡി.പി പ്രവര്‍ത്തിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടതായി ജോയി കൈതാരത്ത് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ബാലസുബ്രഹ്മണ്യത്തിന്റേയും ഒ. ശശിയുടേയും മൊഴിയും വിജിലന്‍സ് എസ്.പി എടുത്തിരുന്നു. സമഗ്ര അന്വേഷണത്തിനുശേഷം റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കുകയും ചെയ്തു. അധികാര ദുര്‍വ്വിനിയോഗത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഗൂഢാലോചനയ്ക്കും ആരോപണവിധേയരിലെ പ്രമുഖന്‍ ശിക്ഷിക്കപ്പെടുന്നവിധം ശക്തമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരായി ഉന്നത ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചു എന്നു വ്യക്തമാക്കുന്നതായിരുന്നു ഉള്ളടക്കം. വിവരാവകാശ നിയമപ്രകാരം ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും തുടരന്വേഷണം നടക്കുന്ന കേസായതുകൊണ്ട് നല്‍കാനാകില്ല എന്ന നിലപാടാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പീല്‍ അധികാരിയായ എസ്.പിയും സ്വീകരിച്ചത്. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ അംഗം ആര്‍. ശ്രീലത ഓണ്‍ലൈനില്‍ ഹിയറിംഗ് നടത്തി. പരാതിക്കാരന്റെ ആവശ്യം ന്യായമാണെന്നു സംശയരഹിതമായി സമ്മതിക്കുന്നതായിരുന്നു കമ്മിഷന്‍ അംഗത്തിന്റെ പ്രതികരണം. എന്നാല്‍, പിന്നീട് ഇതുമായി ബന്ധപ്പെട്ട ഉത്തരവു പുറപ്പെടുവിച്ചപ്പോള്‍ നേരെ വിപരീതമായിരുന്നു അതിലെ ഉള്ളടക്കം.
 
2021 ഒക്ടോബര്‍ 12-നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തത്. മലബാര്‍ സിമന്റ്സിന് ചുണ്ണാമ്പുകല്ല് വാങ്ങിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ അഴിമതി നടത്തിയ പ്രതികള്‍ക്കെതിരെ നിരവധി കേസുകളില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതായി 2021 നവംബര്‍ 12-നു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൈതാരത്ത് വിശദീകരിച്ചിരുന്നു. എ.ഡി.പി കേസ് അട്ടിമറിക്കുന്നു എന്നു ചൂണ്ടിക്കാട്ടിക്കൂടി ആയിരുന്നു ഹര്‍ജി. അതിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടിയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റേയും മൊഴികളുടേയും പകര്‍പ്പ് ആവശ്യപ്പെട്ടത്. വിവരാവകാശ നിയമത്തിലെ 8 (1) എച്ച് വകുപ്പു പ്രകാരം രേഖ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ല എന്ന മറുപടി കിട്ടിയത് ഒക്ടോബര്‍ 27-ന്. പിന്നീട് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷവും അതു നല്‍കാന്‍ തയ്യാറായില്ല. നവംബര്‍ 11-നാണ് ഒന്നാം അപ്പീല്‍ അധികാരിയും അന്വേഷണ ഉദ്യോഗസ്ഥനുമായ എസ്.പിക്ക് അപ്പീല്‍ കൊടുത്തത്. അപ്പോഴും പറഞ്ഞത് റിപ്പോര്‍ട്ടു തരാന്‍ പറ്റില്ല എന്നാണ്. എ.ഡി.പിയുടെ സമ്മര്‍ദ്ദം മൂലമാണ് അന്വേഷണ റിപ്പോര്‍ട്ട് തരാന്‍ തയ്യാറാകാത്തത് എന്നു വിവരാവകാശ കമ്മിഷന്റെ ഹിയറിംഗില്‍ ജോയി കൈതാരത്ത് വ്യക്തമായി പറഞ്ഞു. ഡയറക്ടറേറ്റില്‍നിന്നു തനിക്കു സമ്മര്‍ദ്ദമുണ്ടെന്നും അതുകൊണ്ട് ഡയറക്ടറേറ്റിലെ ഐ.ജിയുമായി സംസാരിക്കണമെന്നും എസ്.പി പറഞ്ഞതായും കമ്മിഷനെ അറിയിച്ചു. ഐ.ജിയെ കാണാന്‍ കഴിഞ്ഞില്ല. പകരം അദ്ദേഹത്തിനു കത്തു കൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്തു ലഭിച്ചിട്ടില്ലെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കു പരാതി കൊടുക്കാനുമാണ് ആ കത്തിനു മറുപടി കിട്ടിയത്.

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

എന്നാല്‍, തനിക്ക് വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നു സമ്മര്‍ദ്ദമുള്ളതായി ഒരിക്കലും പരാതിക്കാരനോടു പറഞ്ഞിട്ടില്ല എന്നായിരുന്നു എസ്.പിയുടെ വിശദീകരണം. തന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട് എന്നു മാത്രമാണ് പറഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല. അപ്പീല്‍ അധികാരിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്ന രൂക്ഷ വിമര്‍ശനമാണ് കമ്മിഷനില്‍നിന്നുണ്ടായത്. അപ്പീലിനു മറുപടി നല്‍കിയതും ശരിയായ വിധത്തിലല്ല. കേസന്വേഷണത്തെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കാവുന്നതാണ് എന്നും പറഞ്ഞു. എന്നാല്‍, അപേക്ഷയില്‍ ആവശ്യപ്പെട്ട പരാതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ ആവശ്യപ്പെട്ട പകര്‍പ്പുകള്‍ നല്‍കാന്‍ നിര്‍വ്വാഹമില്ല എന്ന എസ്.പിയുടെ വാദം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ഏപ്രില്‍ ഏഴിന് പുറപ്പെടുവിച്ച തീര്‍പ്പാക്കല്‍ ഉത്തരവ്. പരാതിയില്‍ തുടര്‍നടപടികള്‍ ആവശ്യമില്ല എന്നും അതില്‍ പറഞ്ഞിരുന്നു. 

ഇതിനിടെ, 2021 ജൂണ്‍ 12-ന് വിജിലന്‍സിന്റെ നിയമോപദേശക സ്ഥാനത്തുനിന്ന് ഒ. ശശിയെ മാറ്റി. പാലക്കാട് വിജിലന്‍സ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങളില്‍ പ്രോസിക്യൂട്ടറുടെ ഉപദേശം ലഭിക്കാന്‍ കോഴിക്കോട്ടേക്കു യാത്ര ചെയ്യേണ്ടിവരുന്നത് അസൗകര്യമാണ് എന്നു പറഞ്ഞായിരുന്നു മാറ്റം. എന്നാല്‍, ഇതു പ്രതികളെ സഹായിക്കുന്നതിനാണ് എന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്. പകരം ചുമതല കൊടുത്തത് തിരുവനന്തപുരത്തുള്ള പ്രോസിക്യൂട്ടര്‍ക്ക്. പാലക്കാടുനിന്ന് കോഴിക്കോട്ടേയ്ക്കു പോകുന്നതിനേക്കാള്‍ ദൂരെയാണ് തിരുവനന്തപുരം എന്നിരിക്കെയാണ് ഈ നടപടി. വിജിലന്‍സ് കോടതി ജഡ്ജിയും ഇപ്പോള്‍ പുതിയ ആള്‍. അദ്ദേഹം കഴിഞ്ഞ ദിവസം കേസ് വിളിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പുതിയ ഒരു വിവരം പുറത്തു വരുന്നത്. പ്രോസിക്യൂട്ടര്‍ അഞ്ചു മാസത്തെ അവധിയെടുത്തു പോയിരിക്കുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇല്ല. സംസ്ഥാനത്തെ സുപ്രധാന അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയായിരിക്കെയാണ് ഈ സ്ഥിതി. വിജിലന്‍സിലെ പ്രോസിക്യൂട്ടര്‍ നിയമനം സര്‍ക്കാര്‍ പി.എസ്.സിക്കു വിട്ടിരിക്കുകയാണ്. എ.ഡി.പിയെ മാറ്റി അദ്ദേഹത്തിന്റെ കാലത്ത് നിയമോപദേശം നല്‍കിയ അഴിമതിക്കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തുകയും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കുകയും വേണം എന്ന ആവശ്യമാണ് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ഉന്നയിക്കുന്നത്. 

വിഎം രാധാകൃഷ്ണൻ
വിഎം രാധാകൃഷ്ണൻ

കോടതിയെ ഞെട്ടിച്ച ഉപദേശങ്ങള്‍ 

കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ള കേസില്‍ പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി എസ്. ഷംസുദ്ദീന്‍, ജോണ്‍ മത്തായി, മുരളീധരന്‍ നായര്‍, എന്‍. കൃഷ്ണകുമാര്‍ എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ പ്രതികള്‍. ഇതിലെ മൂന്നും നാലും അഞ്ചും പ്രതികള്‍ തന്നെ പ്രതിസ്ഥാനത്തുള്ള സിസി 32/2010, സിസി 2/2011, സിസി 22/2011 കേസുകളിലാണ് പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കുന്നതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിലെ തുടര്‍നടപടികള്‍ക്കെതിരെ നടത്തുന്ന നിയമപേരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ കേസും. കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തരവ് കോടതി തള്ളുകയും പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. കേവലം ബോര്‍ഡ് മീറ്റിംഗിലെ പങ്കാളിത്തം മാത്രമല്ല അതെന്നും കോടതി ചൂണ്ടിക്കാട്ടിയതാണ്. ഈ ഉത്തരവിനെതിരെ പ്രതികളാരും അപ്പീല്‍ പോയിട്ടില്ല. എന്നാല്‍, മൂന്നാംപ്രതി ജോണ്‍ മത്തായി 2021 ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. മുഖ്യമന്ത്രി വിജിലന്‍സിനു കൈമാറിയ നിവേദനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ തന്നെ തുടരന്വേഷണത്തിനു തീരുമാനമെടുക്കുകയാണ് വിജിലന്‍സ് ചെയ്തത്. കുറ്റപത്രം വായിക്കാന്‍ വച്ചിരുന്ന കേസില്‍ പത്തു വര്‍ഷത്തിനുശേഷം തുടരന്വേഷണത്തിന് പാലക്കാട് ഡി.വൈ.എസ്.പി കോടതിയില്‍ ഹര്‍ജി നല്‍കിയത് പ്രതികളെ വെറുതേ വിടുന്നതിനു മാത്രമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് എസ്. ഷംസുദ്ദീനെ രണ്ടാംപ്രതിയാക്കിയത്. അഴിമതിക്കേസിലെ പ്രതികള്‍പോലും അപ്പീല്‍ പോകാത്ത കേസിലാണ് കെ.ഡി. ബാബു സ്വന്തം പദവി ദുരുപയോഗം ചെയ്ത് കേസ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുന്‍ എം.എല്‍.എ പി. ഉണ്ണി, മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കുന്നതിന് എ.ഡി.പിയുടെ ഉപദേശപ്രകാരം ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ് ഒന്ന്.

മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ പ്രതികൾക്ക് അനുകൂലമായി ഇടപെട്ട് വിജിലൻസ് അഡീഷണൽ പ്രോസിക്യൂഷൻസ് ഡയറക്ടർ വിജിലൻസ് പ്രോസിക്യൂട്ടർക്ക് നൽകിയ വിവാദ കത്ത്
മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ പ്രതികൾക്ക് അനുകൂലമായി ഇടപെട്ട് വിജിലൻസ് അഡീഷണൽ പ്രോസിക്യൂഷൻസ് ഡയറക്ടർ വിജിലൻസ് പ്രോസിക്യൂട്ടർക്ക് നൽകിയ വിവാദ കത്ത്

തീരദേശ നിയമങ്ങള്‍ ലംഘിച്ച് പ്രമുഖ ഗായകന്‍ എം.ജി. ശ്രീകുമാര്‍ കെട്ടിടം നിര്‍മ്മിച്ചു എന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചോദിക്കുന്ന സാഹചര്യം ഉണ്ടായി. ഇതേപോലുള്ള മറ്റു കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയും സുപ്രീംകോടതി വളരെ ഗൗരവത്തില്‍ ഇതിനെ കാണുകയും ചെയ്യുമ്പോള്‍ ഈ കേസില്‍ എന്താണ് മറിച്ചൊരു നിലപാട് എന്ന ചോദ്യത്തിനു മൂര്‍ച്ചയുണ്ടായിരുന്നു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് കോടതിക്കു സംശയമുണ്ടാക്കിയത്. മാത്രമല്ല, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്സ്മാന്‍ അന്വേഷിച്ചാല്‍ മതി എന്ന നിലപാടാണ് എ.ഡി.പി സ്വീകരിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടു വട്ടം റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍സ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. 

എറണാകുളം-മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്കു സമീപം പത്തു സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു, എം.ജി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് 2017 ഡിസംബറില്‍ വിജിലന്‍സ് കോടതിക്കു പരാതി കിട്ടിയത്. കോടതി ഉത്തരവു പ്രകാരം വിജിലന്‍സ് എസ്.പി പ്രാഥമികാന്വേഷണം നടത്തി. കേസ് എടുക്കണമെന്ന ശുപാര്‍ശയോടെ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനെതിരായ എ.ഡി.പിയുടെ ഉപദേശം കോടതിയില്‍ എത്തിയപ്പോഴായിരുന്നു ജഡ്ജി ബി. കലാം പാഷയുടെ വിമര്‍ശനം. വിജിലന്‍സിനു നാണക്കേടുണ്ടാക്കുന്നതാണ് ഈ നിയമോപദേശം എന്നു കുറ്റപ്പെടുത്തുകയും വാദിക്കില്ലാത്ത ആവശ്യം സര്‍ക്കാരിന്റെ ഉപദേശകര്‍ കണ്ടെത്തുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്താണ് കോടതി ചോദിക്കുകയും ചെയ്തു. 

പി ഉണ്ണി
പി ഉണ്ണി

കോടതിയുടെ വിമര്‍ശനങ്ങളും ആശങ്കയും തികച്ചും അടിസ്ഥാനമുള്ളതാണെന്ന് 2019 ഫെബ്രുവരി 16-ന് എ.ഡി.പി നല്‍കിയ നിയമോപദേശത്തിലൂടെയൊന്നു കടന്നുപോയാല്‍ വ്യക്തമാകും. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടേയില്ലെന്നും പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥനു വേണ്ടത്ര വ്യക്തതയില്ലായിരുന്നു എന്നുമാണ് അതില്‍ പറയുന്നത്. ''എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പാകത്തിലുള്ള ഉറപ്പുള്ളതോ യുക്തിസഹമോ ആയ തെളിവുകളോ വിവരങ്ങളോ വസ്തുതകളോ ഈ കേസില്‍ ഇല്ല'' എന്നു തറപ്പിച്ചു പറയുകയും ചെയ്യുന്നു.

ടി ബാലകൃ‌ഷ്ണൻ
ടി ബാലകൃ‌ഷ്ണൻ

2017 ഡിസംബര്‍ 20-ന് മലപ്പുറം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി രജിസ്റ്റര്‍ ചെയ്ത വിസി 09/2017/ എം.പി.എം എന്ന കേസില്‍ കോഴിക്കോട് എന്‍ക്വയറി കമ്മിഷണര്‍ ആന്റി സ്പെഷല്‍ ജഡ്ജിയില്‍നിന്നും എ.ഡി.പി ഏറ്റുവാങ്ങേണ്ടി വന്നത് അതിരൂക്ഷ വിമര്‍ശനമാണ്. മൂവാറ്റുപുഴ കോടതിയുടെ വിമര്‍ശനങ്ങളേക്കാള്‍ പ്രഹരശേഷിയുള്ള വിമര്‍ശനം. ഇവ രണ്ടും മാത്രം കണക്കിലെടുത്താല്‍ത്തന്നെ എ.ഡി. ബാബു ആ ചുമതലയില്‍ തുടരുന്നത് അനുവദിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. എന്നാല്‍, അദ്ദേഹം ഇപ്പോഴും സുരക്ഷിതന്‍. ''അഡീഷണല്‍ ലീഗല്‍ അഡൈ്വസറും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സും ബാഹ്യമായ ചില പരിഗണനകള്‍ വെച്ച് സ്വാധീനം ചെലുത്തുകയും ഒരു 'നെഗറ്റീവ് ഫൈനല്‍ റിപ്പോര്‍ട്ട്' സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ക്കോ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സിനോ ഒരു കേസ് വിധിക്കാന്‍ കഴിയില്ല; കേസ് വെറുതെ വിട്ടേക്കുമെന്നോ വിചാരണ ഉണ്ടാകില്ലെന്നോ അവര്‍ക്ക് മുന്‍കൂട്ടി വിധിക്കാനും സാധിക്കില്ല'' 2021 ജൂലൈ 13-നു പുറപ്പെടുവിച്ച വിധിയില്‍ കോഴിക്കോട് എന്‍ക്വയറി കമ്മിഷണര്‍ ആന്റ് സ്പെഷല്‍ ജഡ്ജി ടി. മധുസൂദനന്‍ വ്യക്തമാക്കി. മഞ്ചേരിയിലെ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ വി.എസ്. അബ്ദുറഹിമാന്‍ എന്ന വ്യാപാരിയോട് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. അദ്ദേഹം പണം കൊടുക്കാന്‍ തയ്യാറായില്ല. പകരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ പരാതിക്കാരന്‍ ഉദ്യോഗസ്ഥനു നല്‍കുകയും അയാള്‍ പിടിയിലാവുകയും ചെയ്തു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച വസ്തുതാപരമായ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടു എന്നാണ് കോടതി കണ്ടെത്തിയത്. കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളുകയും കൂടുതല്‍ അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനു തിരികെ ഏല്പിക്കുകയും ചെയ്യുന്നു എന്നത് ഉത്തരവായിത്തന്നെ കോടതി രേഖപ്പെടുത്തി. 

ഇതു രണ്ടോ മൂന്നോ കേസുകളുടെ മാത്രം കാര്യം. മഞ്ഞുമലയുടെ ഒരറ്റം മാത്രം. പുറത്തുവരാന്‍ കാത്ത് ഇതുപോലെയും ഇതിലും അമ്പരപ്പിക്കുന്നതുമായ ഇടപെടലുകളുടെ വിവരങ്ങളുണ്ട്. അഴിമതിക്കാരുടെ രക്ഷകരെ വിജിലന്‍സിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്താനും സ്വാധീനത്തിനു വഴങ്ങാത്തവരെ പകരം ചുമതല ഏല്പിക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് കേരളം ഉറ്റുനോക്കുന്നുമുണ്ട്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com