'ഓന് വായിക്കാനൊന്നും അറിയില്ല, ഓന്‍ എസ്.സി-എസ്.ടി. അല്ലേ'

പെണ്‍കുട്ടികളെ എത്രയും വേഗം കല്യാണം കഴിപ്പിച്ച് അയക്കുക എന്ന മനോഭാവമുള്ള കുടുംബത്തില്‍നിന്നും ഒരു ജോലി കിട്ടുക എന്നത് ഒരുതരത്തില്‍ ഒരു രക്ഷപ്പെടലായിരുന്നു
'ഓന് വായിക്കാനൊന്നും അറിയില്ല, ഓന്‍ എസ്.സി-എസ്.ടി. അല്ലേ'

പോസ്റ്റോഫീസിലെ ജോലിയില്‍നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്താണ് കെ.പി. ഗിരിജ ഗവേഷണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹം മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നെങ്കിലും നമ്മുടെ ഭൂരിഭാഗം സ്ത്രീകളുടേയും ജീവിതം പോലെ കുടുംബവും ജോലിയും മറ്റ് സാഹചര്യങ്ങളും ഗിരിജയെ അതിലേക്കെത്തുന്നതില്‍ വൈകിപ്പിച്ചു. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ടാണ് നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്റ് സൊസൈറ്റി(സി.എസ്.സി.എസ്) യില്‍ പി.എച്ച്.ഡി.ക്ക് ജോയിന്‍ ചെയ്തത്. അഞ്ചുവര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഫെല്ലോഷിപ്പിനും അര്‍ഹയായി. രണ്ട് വര്‍ഷം അവിടെയും ഗവേഷണം തുടര്‍ന്നു. ഗിരിജയുടെ ഗവേഷണത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ 'Mapping the History of Ayurveda: Culture, Hegemony and the Rhetoric of Diversity'  എന്ന പുസ്തകം അടുത്തിടെ അന്താരാഷ്ട്ര പ്രസാധകരായ റൂട്ട്ലെജ് പുറത്തിറക്കി. ഉല്‍ക്കടമായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെങ്കിലും അവയെ പിന്തുടരാതിരിക്കാന്‍ പറ്റാതിരിക്കുകയോ സാഹചര്യങ്ങള്‍ കാരണം മാറ്റിവെക്കുകയോ ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ പ്രതിഫലനവും അതിന്റെ മറികടക്കലും ഉണ്ട് കെ.പി. ഗിരിജയുടെ നേട്ടങ്ങളിലും ജീവിതത്തിലും.  

കോഴിക്കോട് തിരുവണ്ണൂരിലാണ് കെ.പി. ഗിരിജ. ഡിഗ്രിക്ക് പഠിക്കുമ്പോള്‍, അവസാന വര്‍ഷം, 1982-ല്‍ സര്‍ക്കാര്‍ ജോലി കിട്ടി. പെണ്‍കുട്ടികളെ എത്രയും വേഗം കല്യാണം കഴിപ്പിച്ച് അയക്കുക എന്ന മനോഭാവമുള്ള കുടുംബത്തില്‍നിന്നും ഒരു ജോലി കിട്ടുക എന്നത് ഒരുതരത്തില്‍ ഒരു രക്ഷപ്പെടലായിരുന്നു. പഠിക്കാനുള്ള ആഗ്രഹം ഉള്ളിലുള്ളതിനാല്‍ പി.ജിക്കു ചേരാന്‍ പല വഴികളും നോക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എയ്ക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടരാനായില്ല. ഇതിനിടെ വിവാഹവും മകന്റെ ജനനവും. ഭര്‍ത്താവിന്റെ ജോലിസ്ഥലമായ മദ്രാസിലേക്ക് സ്ഥലംമാറ്റം വാങ്ങി അവിടെ തുടരാമെന്ന ധാരണയില്‍ അവിടെ എം.എയ്ക്ക് ചേര്‍ന്നെങ്കിലും ഭര്‍ത്താവ് തിരിച്ച് നാട്ടിലേക്ക് മടങ്ങിയതോടെ അതും തുടരാനായില്ല. പിന്നീട് ഡിസ്റ്റന്‍സ് ആയി വിമന്‍സ് സ്റ്റഡീസില്‍ എം.എ. പൂര്‍ത്തിയാക്കി. ആക്ടിവിസവും സമരങ്ങളും എഴുത്തുംകൊണ്ട് ജീവിതത്തെ സജീവമാക്കി നിര്‍ത്താന്‍ എപ്പോഴും ശ്രമിച്ചു. ആയിടയ്ക്കാണ് 2008-ല്‍ ഹൈദരാബാദിലുള്ള അന്വേഷി റിസര്‍ച്ച് സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസില്‍ ഒരു വര്‍ഷത്തെ ഫെല്ലോഷിപ്പ്  കിട്ടിയത്. കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ ജാതി/വര്‍ഗ്ഗ പ്രശ്നങ്ങള്‍ എന്നതായിരുന്നു വിഷയം. ക്ലാസ്സ്മുറിയും കളിസ്ഥലവും വീടും ഒക്കെയായി കുട്ടികള്‍ക്കൊപ്പം രണ്ട് മാസത്തോളം ചെലവഴിച്ച് നടത്തിയ ഒരു പഠനമായിരുന്നു. 

അത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തോന്നിയത്. വിദ്യാഭ്യാസ സമ്പ്രദായം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുമ്പോഴും ഒരേസമയം അത് ഒരുതരത്തിലുള്ള അസമത്വം ഉണ്ടാക്കുന്നുണ്ട് എന്ന മനസ്സിലാക്കലില്‍ നിന്നാണ് എഡ്യുക്കേഷനില്‍ ഗവേഷണം ചെയ്യാം എന്നു തീരുമാനിക്കുന്നത്. അന്വേഷിയുടെ നോട്ടീസ് ബോര്‍ഡില്‍ കണ്ടാണ് സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്റ് സൊസൈറ്റിയില്‍ അപേക്ഷിച്ചത്. ഒപ്പം ജെ.എന്‍.യു.വിലും അപേക്ഷിച്ചു. ജെ.എന്‍.യു. പ്രവേശനപരീക്ഷ പാസ്സായി. ഇന്റര്‍വ്യൂവിനു വിളിച്ചെങ്കിലും അപ്പോഴേക്കും സി.എസ്.സി.എസില്‍ കിട്ടിയതുകൊണ്ട് അത് സ്വീകരിച്ച് മുഴുവന്‍സമയ ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു.

കെഎൻ പണിക്കർ
കെഎൻ പണിക്കർ

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അറിവുകള്‍

ആയുര്‍വ്വേദങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. പലതരം നാട്ടുവൈദ്യങ്ങളും വിഷവൈദ്യം, കളരി, നേത്രവൈദ്യം, ഗജവൈദ്യം, സിദ്ധ തുടങ്ങി പലതരം മേഖലകളിലൂടെയുമാണ് പഠനം നടത്തിയത്. മനുഷ്യര്‍ മാത്രമല്ല പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്, അറിവുകളും സാങ്കേതികവിദ്യകളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുണ്ട്- ഗിരിജ പറയുന്നു. 'ആധുനികതയുടെ അധീശത്വം കലര്‍ന്ന കടന്നുവരവോടെ അത് പാര്‍ശ്വവല്‍ക്കൃതമാക്കുന്ന ഒരുപാട് ഏരിയകളുണ്ട്. അതില്‍ മനുഷ്യരെയാണ് പെട്ടെന്നു തിരിച്ചറിയുന്നത്. പലതരത്തിലുള്ള മനുഷ്യര്‍ കയ്യാളിയിരുന്ന അറിവുകളും ടെക്നോളജികളും ഉണ്ട്. ജലസംരക്ഷണം, കാട് സംരക്ഷണം പോലെയുള്ള അറിവുകളുണ്ട്. ഇങ്ങനെ പൊളിറ്റിക്സ് ഓഫ് നോളജ് എന്ന കാര്യത്തില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. തുടങ്ങി കുറച്ച് മുന്നോട്ടുപോയപ്പോള്‍ മനസ്സിലായത് ഇത്തരം അറിവുകള്‍ക്കകത്തും പലതരത്തിലുള്ള പാര്‍ശ്വവല്‍ക്കരണവും അധികാരശ്രേണിയും ഒക്കെയുണ്ട്. അങ്ങനെയാണ് ഒരു പ്രത്യേക തരത്തില്‍ ആയുര്‍വ്വേദത്തിന്റെ ക്ലാസ്സിക്കലൈസേഷന്‍ നടക്കുന്നതിനെക്കുറിച്ച് ഞാന്‍ നോക്കുന്നത്.

ആധുനിക ജ്ഞാനം എന്തൊക്കെയായിരിക്കണം, അതിന്റെ നിയമങ്ങള്‍ എന്തൊക്കെയാണ്, ഏതുതരത്തിലാണ് അത് നിയമാനുസൃതമാകുന്നത്, ഏതുതരത്തിലാണ് അത് ആധികാരികമാവുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഏറിയോ കുറഞ്ഞോ പിന്തുടര്‍ന്നാണ് ആയുര്‍വ്വേദത്തിന്റെ ക്ലാസ്സിക്കലൈസേഷന്‍ നടക്കുന്നത്. ആധുനിക ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയ ആള്‍ക്കാര്‍, വൈദ്യന്‍മാരെയൊന്നും ആധികാരികമായ പ്രാക്ടീഷണര്‍മാരായി എടുക്കാന്‍ പറ്റില്ല എന്നു പറയും. ഞാനിതില്‍ 'മുറിവൈദ്യന്മാര്‍' എന്ന വിഭാഗത്തെ ഉള്‍ക്കൊള്ളിക്കുന്നില്ല. അത് എല്ലായിടത്തും ഉണ്ട്. മോഡേണ്‍ മെഡിസിനിലും ഉണ്ട്. വര്‍ഷങ്ങളോളം പഠിച്ച് ആ വിദ്യ പ്രാക്ടീസ് ചെയ്യുന്ന ആളുകളെക്കുറിച്ചാണ് പറയുന്നത്. അപ്പോള്‍ ഈ അറിവിനകത്തുതന്നെ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്.

അങ്ങനെയാണ് കളരിയെക്കുറിച്ചും വിഷവൈദ്യത്തെക്കുറിച്ചുമൊക്കെ പറയുന്നത്. ഇതെല്ലാം വൈദ്യമാണ്. പിന്നെ എന്തുകൊണ്ട് ഒരു ക്ലാസ്സിക്കല്‍ ആയുര്‍വ്വേദം ഉണ്ടായിവന്നു എന്ന് അന്വേഷണം നടത്തി. അച്ചടി സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഭാഗമായി നടന്നിട്ടുള്ള കാര്യങ്ങള്‍, വൈദ്യന്‍മാര്‍ എങ്ങനെയാണ് സ്വയം നവീകരിച്ചത്, എന്തൊക്കെ അവകാശവാദങ്ങളിലൂടെയാണ് ക്ലാസ്സിക്കല്‍ ആയുര്‍വ്വേദം നിലനില്‍ക്കുന്നത് എന്നതൊക്കെ പുസ്തകത്തില്‍ വരുന്നുണ്ട്. കളരിയുടേയും വൈദ്യത്തിന്റേയും അകത്തെ ശരീര സങ്കല്പങ്ങളെക്കുറിച്ചും വിദ്യയില്‍നിന്ന് വിദ്യാഭ്യാസത്തിലേക്ക് പോകുന്ന സമയത്ത് ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങളും ആശങ്കകളുമെല്ലാം പരാമര്‍ശിക്കുന്നുണ്ട്. ആയുര്‍വ്വേദത്തിന്റെ ചരിത്രം എങ്ങനെയാണ് പഠിക്കപ്പെട്ടത് എന്നും പഠിക്കപ്പെട്ട രീതികള്‍ക്കകത്തെ പ്രശ്നങ്ങളും പറയുന്നുണ്ട്. കേരളത്തില്‍ ആയുര്‍വ്വേദത്തെക്കുറിച്ച് ആദ്യമായി മികച്ച പഠനം എഴുതിയത് കെ.എന്‍. പണിക്കരാണ്. പിന്നീട് പലരും പഠിച്ചിട്ടുണ്ട്. പുറത്തുനിന്ന് വന്നവരുള്‍പ്പെടെ. ആധുനികതയ്ക്കു മുന്‍പ് നിലനിന്നു എന്ന് വിശ്വസിക്കുന്ന എല്ലാത്തിനേയും പഠിച്ചത്, സാക്ഷരരായ ഒരു വിഭാഗം ഇപ്പുറത്തും നിരക്ഷരരായ ഒരു വിഭാഗം അപ്പുറത്തും എന്ന രീതിയിലാണ്. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായിരുന്നില്ല എന്ന രീതിയിലാണ് പഠിക്കപ്പെട്ടത്. സാക്ഷരരായ വിഭാഗം എന്നു പറയുന്നത് ഉന്നത ജാതി/വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരിക്കും. പുസ്തകവും വായ്മൊഴിയും പണ്ട് നിലനിന്നിരുന്നു. അഷ്ടാംഗഹൃദയം ഒന്നും പുസ്തകം നോക്കിയല്ല പണ്ട് ആളുകള്‍ പഠിക്കുക. ഓര്‍മ്മിച്ചെടുക്കുന്ന രീതിയായിരുന്നു.

ബ്രാഹ്മണര്‍ക്ക് മരുന്നുകള്‍ കാട്ടിലൊക്കെ പോയി ശേഖരിച്ചു കൊടുത്തിരുന്നത് താഴ്ന്ന ജാതിയില്‍പ്പെട്ടവരും മാപ്പിളമാരും ആയിരുന്നു. ശരീരം തൊട്ടുള്ള ചികിത്സ ബ്രാഹ്മണര്‍ ചെയ്യുന്നത് കുറവാണ്. വിഷചികിത്സയിലൊക്കെ ഇത് പ്രധാനമാണ്. അതിനുവേണ്ടി തൊട്ടുതാഴെയുള്ള ജാതിക്കാരെ സഹായികളായി വെക്കുകയാണ് ചെയ്യുക. അവിടെയൊക്കെ അറിവിന്റെ വ്യാപനം കാണാം. ബ്രാഹ്മണര്‍ക്കിടയില്‍ത്തന്നെ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവര്‍ സ്റ്റാറ്റസ് കുറഞ്ഞയാള്‍ക്കാരാണ്. മൂസദുമാര്‍ എന്നാണ് അവരെ വിളിക്കുക. മൂസദുമാര്‍ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരും ഇളയത്മാര്‍ മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നവരുമാണ്. അവര്‍ക്കിടയില്‍ത്തന്നെ ഇങ്ങനെയൊന്ന് നിലനിന്നിരുന്നു. അക്കാലത്ത് ധാരാളം വൈദ്യശാസ്ത്ര മാഗസിനുകള്‍ ഉണ്ടായിരുന്നു. ആയുര്‍വ്വേദ ചന്ദ്രിക, ആയുര്‍വ്വേദ രത്‌നം, ഫിസിഷ്യന്‍, നാട്ടുവൈദ്യന്‍, വൈദ്യഭാരതം, ധന്വന്തരി, അങ്ങനെ. ഇതിലെല്ലാം ക്ലാസ്സിക്കല്‍ ആയുര്‍വ്വേദത്തെ നിര്‍മ്മിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായി കാണാം.

കെപി ​ഗിരിജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കെപി ​ഗിരിജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ചികിത്സയിലെ ജാതിയും വര്‍ഗ്ഗവും

''ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം എടുത്താല്‍ ബ്രാഹ്മണര്‍ക്കും തൊട്ടുതാഴെയുള്ള സമുദായങ്ങള്‍ക്കുമാണ് വിഭവങ്ങള്‍ ഒക്കെ കിട്ടിയിരുന്നത്. വിദ്യാഭ്യാസവും ജോലിയും ഒക്കെ നേടാനായത്. ഇവരാണ് പിന്നീട് ഇന്ത്യയിലെ പുതിയ മേല്‍ജാതികള്‍ ആയി മാറിയത്. ആയുര്‍വ്വേദത്തില്‍ ക്ലാസ്സിക്കല്‍ പാരമ്പര്യവും അതില്‍നിന്നു ഭിന്നമായ വിഭാഗവും എന്നതാണ് പൊതുധാരണ. ഇതേ ധാരണ തന്നെയാണ് ചിന്തകന്മാരും ചരിത്രകാരന്മാരും സോഷ്യോളജിസ്റ്റുകളും എല്ലാം പുനരുല്പാദിപ്പിച്ചുകൊണ്ടിരുന്നത്. അതിനെ അവര്‍ അവരുടെ വസ്തുക്കളും തെളിവുകളും വെച്ച് തിയററ്റൈസ് ചെയ്തു. വേണമെങ്കില്‍ എനിക്ക് ആ ധാരണ വെച്ചും പഠിക്കാമായിരുന്നു. സാധാരണ, സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് രീതി. ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്നതുപോലെ. അതെനിക്ക് കടുത്ത ബുദ്ധിമുട്ടായിരുന്നു. ഞാന്‍ വായിക്കുന്ന കാര്യങ്ങളല്ല എന്റെ ആര്‍ക്കൈവ്സും ഫീല്‍ഡും പറയുന്നത്. ഇതിനെ ഞാന്‍ എങ്ങനെ എന്റെ വര്‍ക്കില്‍ കൊണ്ടുവരും എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അല്ലായിരുന്നെങ്കില്‍ ഞാനും പറയുമായിരുന്നു ഒരു വരേണ്യ ക്ലാസ്സിക്കല്‍ പാരമ്പര്യവും ഇതര- നോണ്‍ ടെക്സ്ച്വല്‍ പാരമ്പര്യവും ഉണ്ടായിരുന്നു എന്ന്.

പാഠകേന്ദ്രീകൃത പാരമ്പര്യം വരേണ്യരായ, വിദ്യാഭ്യാസം നേടിയ പ്രാക്ടീഷണര്‍മാരുടേതാണെന്നും പാഠ്യേതര പാരമ്പര്യം വായ്മൊഴി പാരമ്പര്യമാണെന്നുമാണ് അക്കാദമിക രംഗത്തും സാംസ്‌കാരിക രംഗത്തും നിലനില്‍ക്കുന്ന പൊതുധാരണ. അറിവിന്റെ ഒഴുക്ക് പാഠകേന്ദ്രിത വരേണ്യജാതികളില്‍നിന്നും താഴോട്ടായിരുന്നു എന്ന രീതിയിലാണ് പഠിക്കപ്പെട്ടത്. ഒന്നുകില്‍ മുകളില്‍നിന്നു താഴോട്ട് അല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് അരികുകളിലേക്ക് മാത്രമായിരുന്നു അറിവിന്റെ ഒഴുക്ക് എന്നതായിരുന്നു സമീപനം. അതിനെ ഞാന്‍ വിമര്‍ശനവിധേയമാക്കുന്നു. എല്ലാ പാരമ്പര്യങ്ങളും ആദ്യകാലത്ത് വായ്മൊഴി ആയാണ് പഠിച്ചിട്ടുള്ളത്. എഴുത്ത് എന്നത് പ്രധാനമായിരുന്നില്ല ആദ്യകാലത്ത് പലതും പഠിക്കാന്‍. നിങ്ങള്‍ക്ക് ഒരു ജ്ഞാനം ആര്‍ജ്ജിക്കാന്‍ എഴുതുക എന്ന ടെക്നിക്ക് അറിയണ്ടായിരുന്നു. സാക്ഷരത എന്നത് ആധുനികതയില്‍ ഉണ്ടായതാണ്. 

തിരുവിതാംകൂറില്‍ ആയുര്‍വ്വേദ പാഠശാല ഉണ്ടായിരുന്നു. കൊച്ചിയില്‍ തൃപ്പൂണിത്തുറ സംസ്‌കൃത പാഠശാലയില്‍ ആയുര്‍വ്വേദ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കോട്ടക്കലില്‍ പി.എസ്. വാര്യരും ആയുര്‍വ്വേദ പാഠശാല തുടങ്ങിയിരുന്നു. പക്ഷേ, തിരുവിതാംകൂറിലും കൊച്ചിയിലും സവര്‍ണ്ണര്‍ക്കു മാത്രമായിരുന്നു പ്രവേശനം. സംസ്‌കൃതം നിര്‍ബ്ബന്ധവുമായിരുന്നു. ഇങ്ങനെ പല തരത്തില്‍ കാര്യങ്ങള്‍ നടക്കുമ്പോഴാണ് നമ്മള്‍ ഇതിനെ ഒരു പ്രത്യേക തരത്തില്‍ മാത്രം പഠിക്കുന്നത്.

ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരി
ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരി

ഡോക്ടര്‍മാരും വൈദ്യന്മാരും

''ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് വൈദ്യന്മാരെ പുച്ഛമാണ്. പഠിപ്പിക്കാന്‍ പാരമ്പര്യ വൈദ്യന്മാര്‍ വേണം. എന്നാല്‍ ആധികാരികത ഏതെങ്കിലും സ്ഥാപനത്തില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കു മാത്രം എന്ന രീതിയുണ്ട്. പക്ഷേ, കേരളത്തിലേയും കര്‍ണാടകയിലേയും വിദ്യാര്‍ത്ഥികള്‍, ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ വൈദ്യന്മാരുടെ അടുത്ത് പഠിക്കാന്‍ നില്‍ക്കുന്നതു കണ്ടിട്ടുണ്ട്. ബിരുദം കഴിഞ്ഞവര്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കിട്ടാത്ത അറിവാണല്ലോ അവര്‍ ഇവിടെ വന്ന് പഠിക്കുന്നത്.

നാട്ടുവൈദ്യന്മാരില്‍ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ ചികിത്സിക്കാവൂ എന്ന ഒരു നിയമം വന്നു. ലൈസന്‍സ് കിട്ടാന്‍ മിനിമം അഞ്ചുവര്‍ഷമെങ്കിലും ഒരു വൈദ്യന്റെ കീഴില്‍ പഠിച്ചിരിക്കണം എന്നുണ്ട്. പരീക്ഷയും ഉണ്ട്. കുറേ പേര്‍ പരീക്ഷ എഴുതി. പക്ഷേ, ആ സമയത്ത് വളരെ അറിയപ്പെടുന്ന വൈദ്യന്മാരൊന്നും എഴുതാന്‍ പോവില്ലല്ലോ. അവര്‍ക്ക് ആളുകള്‍ക്കിടയില്‍ അത്രയ്ക്ക് സ്വീകാര്യത ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് പരീക്ഷയെഴുതി രജിസ്ട്രേഡ് ആയ വൈദ്യന്മാരും അല്ലാത്തവരും ഉണ്ടായി.

വളരെ പ്രശസ്തനായിരുന്ന ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരി, പാലക്കാട്ടെ നിര്‍മ്മലാനന്ദഗിരി സ്വാമി തുടങ്ങിയവര്‍ക്കൊന്നും ലൈസന്‍സുണ്ടായിരുന്നില്ല. അവരെയൊക്കെ ഒരു കേസ് വന്നാല്‍ പൊലീസിനു പിടിക്കാം എന്ന സ്ഥിതി ആയിരുന്നു. കാന്‍സര്‍ രോഗികളൊക്കെ ധാരാളം പോവുന്ന സ്ഥലമായിരുന്നു നിര്‍മ്മലാനന്ദഗിരിയുടേത്. അത്രയധികം രോഗികള്‍ അദ്ദേഹത്തെ കാണാന്‍ പോവും. സ്വാഭാവികമായും ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ദേഷ്യമായി. അവര്‍ പരാതി കൊടുത്തു. പക്ഷേ, രോഗികള്‍ പോവുന്നത് തടയാന്‍ ആര്‍ക്കു പറ്റും. പരാതി പിന്നീട് പിന്‍വലിക്കേണ്ടിവന്നു. അതിനുശേഷവും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ക്ലാസ്സെടുക്കാന്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ച ഡോക്ടര്‍മാരില്‍ത്തന്നെ നാട്ടുവൈദ്യന്മാരെ കുറ്റം പറയാത്ത ധാരാളം പേരെയും കണ്ടിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായി അറിയുന്ന ഒരാള്‍ക്ക് നാട്ടുവൈദ്യന്മാരെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല.

നിർമലാനന്ദ​ഗിരി സ്വാമി
നിർമലാനന്ദ​ഗിരി സ്വാമി

എല്ലാ ജാതിയിലുംപെട്ട വൈദ്യന്മാരുണ്ട്. അക്കാദമിക് മേഖലയില്‍ ഉപയോഗിച്ചിരുന്ന ഗവേഷണ ഉപാധികള്‍ക്കു മിക്കപ്പോഴും ചില വ്യവസ്ഥാപിതമായ സ്വഭാവങ്ങളുണ്ട്. ഉദാഹരണത്തിനു പ്രാദേശിക ഭാഷാ ഗ്രന്ഥങ്ങളെ ജ്ഞാനോല്പാദന സാധ്യതയുള്ള ഉപാധികളായി ഏറെക്കാലം കണക്കിലെടുത്തിരുന്നില്ല. ഞാന്‍ വിഷവൈദ്യത്തെക്കുറിച്ച് പഠിക്കാനിറങ്ങിയപ്പോള്‍ ചിലര്‍ ചോദിച്ചിരുന്നു, അതെങ്ങനെ സാധിക്കും, അതിനുള്ള റിസോഴ്സസ് ഉണ്ടോ എന്ന്. ഞാന്‍ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ നിരവധി മലയാള ഗ്രന്ഥങ്ങള്‍ വിഷവൈദ്യത്തിലുണ്ടായിരുന്നുവെന്നു മനസ്സിലായി. കൊടശ്ശേരി മാര്‍ഗ്ഗം എന്ന ടെക്സ്റ്റ്/സമ്പ്രദായം ഉണ്ടായിരുന്നു. എന്നാല്‍ വിഷവൈദ്യത്തില്‍ കോക്കര മന, കാരാട്ട് നമ്പൂതിരി എന്നീ രണ്ട് ബ്രാഹ്മണ സമ്പ്രദായങ്ങള്‍ മാത്രമേ എഴുതി കാണാറുള്ളൂ. അത് മാത്രമാണ് വിഷവൈദ്യം എന്നൊരു കാഴ്ചപ്പാട് വരുന്നുണ്ട്. പക്ഷേ, വിഷവൈദ്യം കൂടുതലായി ചെയ്തത് താഴ്ന്ന ജാതിയില്‍പ്പെട്ടവരായിരുന്നു. ഞാന്‍ ഇതില്‍ പറയുന്നത് ഈഴവരും വേലരും മണ്ണാന്മാരും ഒക്കെ വരെയാണ്. അതിനപ്പുറത്തേക്കുള്ള സമുദായങ്ങളെ എനിക്കു പഠിക്കാന്‍ പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതും അപൂര്‍ണ്ണമാണ്.

ക്ലാസ്സ്മുറികളും ജാതിയും

''എങ്ങനെയാണ് ക്ലാസ്സ്മുറികളില്‍ ജാതി പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു ഹൈദരാബാദിലെ ഫെല്ലോഷിപ്പിന്റെ വിഷയം. കേരളത്തില്‍ ജാതി നിലനില്‍ക്കുന്നില്ല എന്നു ഘോരഘോരം പറയുന്ന പശ്ചാത്തലത്തിലൊക്കെയായിരുന്നു പഠനം. രജനി എസ്. ആനന്ദിന്റെ ആത്മഹത്യ നടന്ന കാലമായിരുന്നു. കേരളത്തില്‍ ജാതിയില്ലെങ്കില്‍ സ്‌കൂളുകളിലൊന്നും ഇതുണ്ടാകില്ലല്ലോ. കുട്ടികളുടെ ഇടയില്‍ ജാതി ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കില്‍ എങ്ങനെയാണ് എന്നതൊക്കെയാണ് പഠിച്ചത്. കുട്ടികളുടെ റെസ്പോണ്‍സ് വെച്ച് ഒരു വിശകലനാത്മക പഠനം ആണ് നടത്തിയത്. തിരുവണ്ണൂര്‍ സര്‍ക്കാര്‍ സ്‌കൂളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. മലപ്പുറം കൂടി ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു. ഫീല്‍ഡ് വര്‍ക്കിനു സമയം കുറവായിരുന്നു. മലപ്പുറത്തെ രണ്ട് സ്‌കൂളില്‍ പോയി സംസാരിച്ചിരുന്നു. തിരുവണ്ണൂര്‍ സ്‌കൂളിലാണ് ബാക്കി സമയം ചെലവഴിച്ചത്. കുട്ടികളോട് സംസാരിക്കുന്നതിനിടയില്‍ എന്താകാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ ഒരു കുട്ടി പറഞ്ഞത് സിനിമയിലെ ഗുണ്ട ആവാനാണ് എന്നാണ്. ഇരുണ്ട നിറത്തിലുള്ള ഒരു കുട്ടിയായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, നിനക്ക് നായകനായിക്കൂടെ. അവന്‍ പറഞ്ഞത്, നായകനായാല്‍ ശരിയാവൂല എന്നാണ്. ആ സമയത്ത് എനിക്ക് കുട്ടിയുടെ പശ്ചാത്തലത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. റിസര്‍ച്ചിന്റെ അവസാനം ഞാന്‍ ഇവന്റെ വീട്ടില്‍ പോയി. അവനൊരു ദളിത് കുടുംബത്തിലെ കുട്ടിയായിരുന്നു. അവന്‍ പറയുന്ന ആഗ്രഹവും ഇതും തമ്മില്‍ എന്തൊക്കെയോ ഒരു കണക്ഷന്‍ തോന്നി. 

ക്ലാസ്സില്‍ കുട്ടികള്‍ക്കൊപ്പം ഞാനും ഇരിക്കും. ഒരു ദിവസം ടീച്ചര്‍ ഒരു കുട്ടിയോട് മലയാളം വായിക്കാന്‍ പറഞ്ഞു. അവന്‍ തപ്പിത്തടഞ്ഞാണ് വായിക്കുന്നത്. അപ്പോള്‍ എന്റെ തൊട്ടടുത്ത കുട്ടി പറഞ്ഞു, ഓന് വായിക്കാനൊന്നും അറിയില്ല, ഓന്‍ എസ്.സി-എസ്.ടി. അല്ലേ, എന്ന്. ഇതൊന്നും നമ്മുടെ പൊതുസമൂഹത്തില്‍ വളരെ പ്ലാന്‍ഡ് ആയി നടക്കുന്ന കാര്യങ്ങളാണ് എന്നു പറയാന്‍ പറ്റില്ല. കുട്ടികള്‍ക്കിടയില്‍ നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന, എന്നാല്‍ ഭാവിയില്‍ അത്ര നിരുപദ്രവമല്ലാത്ത രീതിയില്‍ വളരുന്ന കാര്യങ്ങളാണ് ഇതൊക്കെ. അദ്ധ്യാപകരുടെ ഇടയിലും ഇത് നല്ലോണം ഉണ്ടായിരുന്നു. അവരുടെ കമന്റ്സ് ഒക്കെ അത്തരത്തിലുള്ളത് കേട്ടിട്ടുണ്ട്. സി.പി.എമ്മിലൊക്കെ വളരെ സജീവമായിരുന്ന അദ്ധ്യാപകരൊക്കെ ഇക്കൂട്ടത്തിലുണ്ട്.

കെപി ​ഗിരിജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കെപി ​ഗിരിജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

വീട്, സമരം, ഫെമിനിസം

''ഡിഗ്രി അവസാന വര്‍ഷമാണ് പോസ്റ്റോഫീസില്‍ ജോലി കിട്ടിയതെന്നു പറഞ്ഞല്ലോ. അങ്ങനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്താകുമായിരുന്നു എന്നത് ഒരു ചോദ്യമാണ്. കാരണം, പെണ്‍കുട്ടികള്‍ പഠിക്കണം എന്നു വിചാരിക്കുന്ന കുടുംബമായിരുന്നില്ല എന്റേത്. ഡിഗ്രിക്കു വിടണ്ട എന്നായിരുന്നു അമ്മയുടെയൊക്കെ തീരുമാനം. വേറൊരു വീട്ടില്‍ പോകേണ്ടതാണ് എന്നാണ് പറയുക. അതിനുള്ള ശിക്ഷണം അടുക്കളയും വീടും ഒക്കെയാണല്ലോ. ആരെയെങ്കിലും എന്നെ പിടിച്ചേല്പിച്ച് ഭാരമൊഴിക്കും എന്നതായിരുന്നു സ്ഥിതി. എന്റെ ഫെമിനിസമൊക്കെ വരുന്നത് വീട്ടില്‍നിന്നാണ്. ഭക്ഷണകാര്യത്തില്‍വരെ വിവേചനം ഉണ്ടായിരുന്നു. അമ്മയെ ഞാന്‍ കുറ്റം പറയില്ല. കാരണം അമ്മ ജീവിച്ച സാഹചര്യം അങ്ങനെയാണ്. അവിടെനിന്ന് ഡിഗ്രിവരെ പഠിക്കാന്‍ പറ്റിയതുതന്നെ ഭാഗ്യം. അതുകൊണ്ടുതന്നെ ജോലി എനിക്ക് ഒരു ആശ്വാസമായിരുന്നു. അച്ഛനും അമ്മയും നാലോ അഞ്ചോ ക്ലാസ്സ് വരെ പഠിച്ചയാളുകളാണ്. അമ്മ പത്രം വായിക്കുന്നതൊന്നും ഞാന്‍ കണ്ടിട്ടേയില്ല. ചേച്ചിമാരും. സ്ത്രീകള്‍ പത്രം വായിക്കേണ്ട എന്നാണ്. വിദ്യാഭ്യാസം എനിക്കു വളരെ പ്രധാനമായിരുന്നു. ജോലി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നൊക്കെ ചിന്തിച്ച കാലമായിരുന്നു. കാരണം അല്ലെങ്കില്‍ ആരെങ്കിലും എന്റെ ജീവിതം തീരുമാനിച്ചുകൊണ്ടിരിക്കും.

1987-ലായിരുന്നു വിവാഹം. സ്വയം തെരഞ്ഞെടുത്ത വിവാഹമായിരുന്നു. ഒരു ലക്ഷണമൊത്ത പാട്രിയാര്‍ക്കി കുടുംബത്തില്‍നിന്ന് ഒരു പ്രോ ഗ്രസ്സീവ് പാട്രിയാര്‍ക്കി കുടുംബത്തിലേക്കുള്ള മാറ്റം എന്നു പറയാം. സ്ത്രീകളുടെ അഭിലാഷങ്ങള്‍ കുടുംബത്തിലും തൊഴിലിലും കുട്ടിയുണ്ടാകുന്നതിലും ഭര്‍ത്താവിനെ പരിചരിക്കുന്നതിലും തീരണം എന്നുതന്നെയായിരുന്നു അവിടത്തേയും കീഴ്വഴക്കം. ഞാന്‍ വളരെയധികം ഉത്കര്‍ഷേച്ഛയുള്ള ഒരു സ്ത്രീയായിരുന്നു. എങ്കിലും അങ്ങനെയാണ് എന്ന് പിഎച്ച്.ഡി. കഴിഞ്ഞിട്ടേ മകനോട് പോലും എനിക്കു പറയാന്‍ പറ്റിയുള്ളൂ. അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്ന ഞാന്‍ എന്തു വെച്ചാണ് അംബീഷ്യസ് ആണ് എന്നു പറയുക. കുടുംബത്തില്‍ ഭര്‍ത്താവ് ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ കൂടി ചെയ്ത് ഞാനദ്ദേഹത്തെ മുഴുവന്‍ സമയവും സ്വതന്ത്രനാക്കും എന്ന് അദ്ദേഹവും കരുതിയിട്ടുണ്ടാകാം. ഇതൊന്നും ആരും അടിച്ചേല്പിക്കില്ലെങ്കിലും കുടുംബത്തിലെ ഒരു രീതി അങ്ങനെയായിരുന്നു. ജോലിയേക്കാളുപരി സാമൂഹ്യപ്രവര്‍ത്തനം ചെയ്തയാളായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം എന്നത് സ്ത്രീകള്‍ക്കു പോരാടി നേടേണ്ട ഒന്നാണ് എവിടെയും.

ജീവിതത്തില്‍ ഞാന്‍ ഒരിക്കലും വെറുതെയിരുന്നില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും ഇടതുപക്ഷ തൊഴില്‍ യൂണിയനിലും എല്ലാം സജീവമായിരുന്നു. കെ. അജിതയുടെ നേതൃത്വത്തിലുള്ള 'അന്വേഷി'യുമൊക്കെയായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ജോലി ചെയ്യുമ്പോഴും മറ്റു കാര്യങ്ങളില്‍ ആക്ടീവ് ആയിരുന്നു. അതൊക്കെയാണ് എന്നെ നിലനിര്‍ത്തിയത്.

അക്കാലത്ത് പല സമരങ്ങളിലും പങ്കെടുത്തു. 1990-കളില്‍ മലപ്പുറത്ത് 40-45 വയസ്സുള്ള ഒരു സ്ത്രീയേയും 16-17 വയസ്സുള്ള ഒരു പെണ്‍കുട്ടിയേയും തല മൊട്ടയടിച്ച് ബഹിഷ്‌കരണം നടത്തിയ സംഭവം ഉണ്ടായിരുന്നു. ഇവര്‍ ലൈംഗികത്തൊഴിലാളികളായിരുന്നു. ആ സമയത്ത് ഗള്‍ഫില്‍നിന്നു വന്ന ഒരാള്‍ക്ക് എയിഡ്സ് ഉണ്ടെന്നു മനസ്സിലായി. അയാള്‍ ഇവരുടെ അടുത്ത് വന്നിരുന്നു എന്ന ഊഹത്തിന്റെ പേരിലായിരുന്നു നാട്ടുകാര്‍ സംഘടിച്ച് ഇവരോട് ക്രൂരത ചെയ്തത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയുണ്ടായിരുന്നു ഈ ചെയ്തവരുടെ കൂട്ടത്തില്‍. ഇവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ കിട്ടിയില്ല. ആ സ്ഥലത്ത് ഞങ്ങള്‍ കുറച്ചു പേര്‍ പത്ത് ദിവസത്തോളം അവിടെ ക്യാമ്പ് ചെയ്ത് വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തിയും മറ്റും പ്രവര്‍ത്തിച്ചിരുന്നു. സാറാ ജോസഫായിരുന്നു അന്നു നടത്തിയ പൊതുയോഗത്തില്‍ സംസാരിച്ചത്. അന്ന് പൊതുയോഗത്തിനു കണ്ടെത്തിയ സ്ഥലം വൈകുന്നേരമായപ്പോഴേക്കും ഞങ്ങളോട് എതിര്‍പ്പുള്ളവര്‍ വാഹനങ്ങള്‍ കൊണ്ടിട്ട് നിറച്ചു. ഒരു ചെറിയ സ്ഥലത്ത് പ്രചരണ ജീപ്പിന്റെ മുന്നില്‍ നിന്നാണ് സാറ ടീച്ചര്‍ സംസാരിച്ചത്. അവരുടെ ബഹിഷ്‌കരണങ്ങളൊക്കെ മാറ്റാന്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. കുറേക്കാലം ഞങ്ങള്‍ അവരെ പോയി സന്ദര്‍ശിച്ചിരുന്നു.

മറ്റൊന്ന് പുത്രകാമേഷ്ടി എന്നൊരു പരിപാടി എറണാകുളത്ത് നടക്കുന്നു. ഏറ്റവും നല്ല പുത്രന്‍ ഉണ്ടാവാന്‍ വേണ്ടിയുള്ള യാഗം. അതിനെതിരെ വലിയ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. യാഗം തടയാനും പറ്റി. ഒരുപാട് പേര്‍ പങ്കെടുത്ത പ്രതിഷേധമായിരുന്നു. ആദ്യകാലത്തൊക്കെ പലയിടങ്ങളില്‍നിന്നു വന്ന് ഒരു സമരത്തിനുവേണ്ടി വര്‍ക്ക് ചെയ്യുന്ന രീതിയായിരുന്നു. ഒരു സംഘടനയുടേയും നേതൃത്വത്തില്‍ ആയിരുന്നില്ല. പിന്നീട് സ്ത്രീവേദി എന്ന കൂട്ടായ്മ ഉണ്ടായപ്പോള്‍ ഞങ്ങളുടെ സമരങ്ങളെല്ലാം അതിന്റെ ലേബലിലായി. 

സാറാജോസഫ്
സാറാജോസഫ്

ഇതുപോലുള്ള കാര്യങ്ങളൊക്കെ എന്റെ ജോലിക്കിടയില്‍ ഞാന്‍ ചെയ്തിരുന്നു. മന്ദാകിനി നാരായണന്റെ ഓര്‍മ്മക്കുറിപ്പുകളായ 'മറിക്കാത്ത താളുകള്‍' എന്ന പുസ്തകവും തയ്യാറാക്കിയിരുന്നു. മുത്തങ്ങ സമരക്കാലത്ത് ആദിവാസിക്കോളനികളില്‍ ഒരു സര്‍വ്വെ നടത്തി. അതുമായി ബന്ധപ്പെട്ട്  ഒരു ലേഖനവും എഴുതി. ഇതിനിടയില്‍ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ദി ഹിന്ദു'വില്‍ പത്രപ്രവര്‍ത്തകനായിരുന്നു ഭര്‍ത്താവ്. ലേഖനങ്ങളൊക്കെ വരുന്ന സമയത്ത് എന്റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചത് ഭര്‍ത്താവ് എഴുതിത്തരുന്നതാണല്ലേ എന്നാണ്. ഇതുപോലുള്ള കുറേ അപമാനങ്ങള്‍ മറികടന്നാണ് സ്ത്രീകള്‍ ഓരോ ദിവസവും കടന്നുപോകേണ്ടത്. എല്ലാ സാംസ്‌കാരിക പരിപാടിയിലും സജീവമായിരുന്ന ഒരു ഇടതുപക്ഷ സഖാവ് ഒരിക്കല്‍ എന്നോട് ചോദിച്ചത് 'മോനെയൊന്നും നോക്കാതെ ഇങ്ങനെ നടക്കുകയാണല്ലേ?'' എന്നാണ്. അന്വേഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് പ്രശ്നമാകും എന്നു പറഞ്ഞ് മറ്റൊരു സഹപ്രവര്‍ത്തകന്‍ എന്നെ പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള സംഘര്‍ഷങ്ങളിലൂടെയാണ് സ്ത്രീകള്‍ ജീവിതത്തിന്റെ വലിയൊരു പങ്കും കടന്നുപോകേണ്ടി വരുന്നത്.

ജോലി വിടുമ്പോള്‍ സത്യത്തില്‍ എന്റെ മുന്നില്‍ താല്‍ക്കാലികമായ ചെറിയ ഒരു ഫെല്ലോഷിപ്പ്  അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആ സമയത്ത് ഞാന്‍ ആ റിസ്‌ക് എടുത്തില്ലായിരുന്നെങ്കില്‍ ജീവിതംകൊണ്ട് ശ്വാസംമുട്ടിയേനെ. പിഎച്ച്.ഡി ചെയ്തതും ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ത്യയില്‍ ആളുകള്‍ക്ക് ഒരു മനോഭാവമുണ്ട്, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍, -പഠിക്കുക ജോലിയെടുക്കുക കല്യാണം കഴിക്കുക, കുടുംബം ഉണ്ടാക്കുക- ഇത്രയും ആയാല്‍ സംതൃപ്തമായ ജീവിതമായി. വിദേശത്തൊക്കെ ഏതു പ്രായത്തിലും പഠിക്കാം. അവിടെയാക്കെ നമ്മളോടുള്ള ചോദ്യങ്ങള്‍ കുറവായിരിക്കും. 40 വയസ്സു വരെയുള്ള ആളുകളൊക്കെ ഉണ്ടാകും ഇവിടെ പിഎച്ച്.ഡിക്ക്. എന്നാല്‍, അതുകഴിഞ്ഞുള്ളവര്‍ കുറവായിരിക്കും. ചോദ്യങ്ങള്‍ നേരിടേണ്ടിവരും. പക്ഷേ, എല്ലാം നേരിടാന്‍ പറ്റി. ഉള്ളില്‍നിന്നു വരുന്ന വാശിയുണ്ടായിരുന്നു. ഒപ്പം കഠിനാധ്വാനവും.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com