പ്രതിയെ പിടിക്കാന്‍ ഇര സ്വന്തം നിലയ്ക്ക് ഇറങ്ങേണ്ടി വരുന്ന സ്ഥിതി

ഓങ്ങിവച്ചിട്ട് അടിക്കാതിരുന്ന അടികളാണ് പൊലീസിന്റെ പുറത്ത് ആഭ്യന്തരവകുപ്പ് സഹികെട്ട് അടിച്ചു തുടങ്ങിയിരിക്കുന്നത്
പ്രതിയെ പിടിക്കാന്‍ ഇര സ്വന്തം നിലയ്ക്ക് ഇറങ്ങേണ്ടി വരുന്ന സ്ഥിതി

നീതിക്കൊപ്പം നിന്ന് നിയമം നടപ്പാക്കുന്നതിനെക്കാള്‍ അനീതിക്കൊപ്പം നിയമവിരുദ്ധമായി നില്‍ക്കുന്നതിലാണ് തിരുവനന്തപുരം നഗരത്തിലെ മ്യൂസിയം പൊലീസ് സ്റ്റേഷനു കൂടുതല്‍ താല്പര്യം എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. ഒറ്റപ്പെട്ടത് എന്നു തോന്നാവുന്ന നിരവധി അന്വേഷണ അട്ടിമറികളും ഇരകള്‍ക്കെതിരായ നിലപാടുമാണ് സമീപകാലത്തുണ്ടായത്. തെളിവുകളുടെ പിന്‍ബലമുള്ള  ഉദാഹരണങ്ങളാണ് ഈ പറയുന്നതിന് അടിസ്ഥാനം. രാജ്യത്തെ മറ്റേതൊരു പൊലീസ് സ്റ്റേഷനും ബാധകമായ നിയമ, നീതി നിര്‍വ്വഹണച്ചുമതല  തന്നെയാണ് ഉള്ളതെങ്കിലും അധികം പൊലീസ് സ്റ്റേഷനുകള്‍ക്കില്ലാത്ത ചില പ്രത്യേകതകളുണ്ട് മ്യൂസിയം സ്റ്റേഷന്. ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും മന്ത്രിമാരുടേയും ഔദ്യോഗിക വസതികളുടെ അധികാരപരിധിയുള്ള സ്റ്റേഷന്‍; സംസ്ഥാന പൊലീസിന്റെ ആസ്ഥാനവും  ഈ സ്റ്റേഷന്‍ പരിധിയിലാണ്. പക്ഷേ, മുന്നില്‍ വരുന്ന പരാതികളില്‍  നീതി ലഭിക്കേണ്ടവരുടെ പക്ഷത്തല്ല, പ്രതിസ്ഥാനത്തുള്ളവരുടെ പക്ഷത്താണ് മിക്കപ്പോഴും ഇവിടുത്തെ പൊലീസ്. ഇവിടെനിന്നു നീതി കിട്ടിയില്ല എന്ന് പരസ്യമായി പറഞ്ഞവരുടെ നിരയില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വരെയുണ്ട്.   

ക്രിമിനലുകളും ക്രിമിനല്‍ ബന്ധമുള്ളവരുമായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടുകയും സസ്പെന്റ് ചെയ്യുകയും കൂട്ടത്തോടെ സ്ഥലം മാറ്റുകയുമുള്‍പ്പെടെ ചെയ്ത് പൊലീസില്‍ ശുദ്ധീകരണത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും ഇപ്പോഴത്തെ സര്‍ക്കാരിന്റെ രണ്ടു വര്‍ഷവും ഓങ്ങിവച്ചിട്ട് അടിക്കാതിരുന്ന അടികളാണ് പൊലീസിന്റെ പുറത്ത് ആഭ്യന്തരവകുപ്പ് സഹികെട്ട് അടിച്ചു തുടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇപ്പോഴെങ്കിലും മ്യൂസിയം പൊലീസിന്റേയും നീതിനിഷേധങ്ങളുടെ പട്ടികയില്‍നിന്നു ചിലതെങ്കിലും ഒന്നിച്ചു പുറത്തുവരികതന്നെ വേണം. ഇവയെല്ലാം മുന്‍പ് കുറേയൊക്കെ ഒറ്റയ്ക്കൊറ്റയ്ക്ക് പുറത്തുവന്നതാണെങ്കിലും.

 കെഎം ബഷീർ
 കെഎം ബഷീർ

സ്വാധീനം വേറെ ലെവല്‍

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അര്‍ദ്ധരാത്രി മദ്യപിച്ചു ലക്കുകെട്ട് ഓടിച്ച കാറിടിച്ച് യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത് ഈ സ്റ്റേഷന്റെ തൊട്ടടുത്തുവച്ചാണ്. ആ കേസില്‍ ഇപ്പോഴും നീതി നടപ്പായിട്ടില്ല. ശ്രീറാം വെങ്കിട്ടരാമന്‍ ആ സമയത്തു മദ്യപിച്ചിരുന്നു എന്നതിന് എക്കാലത്തേക്കും വിലപ്പെട്ട തെളിവാകേണ്ട രക്തപരിശോധന വൈകിപ്പിച്ചത് മ്യൂസിയം പൊലീസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു; 2019 ഓഗസ്റ്റില്‍.

യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമാകാം എന്ന സൂചനകളെല്ലാം അവഗണിച്ചോ അട്ടിമറിച്ചോ അസാധാരണ രോഗം മൂലം സ്വയം വരിച്ച മരണമാക്കി അന്വേഷണം കെട്ടിപ്പൂട്ടിയത് മ്യൂസിയം പൊലീസാണ്; 2019 ഫെബ്രുവരിയില്‍.

മാസങ്ങള്‍ക്കു മുമ്പു മാത്രമാണ് പുലര്‍ച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ കയറിപ്പിടിച്ച അക്രമിയെ ഈ പൊലീസ് രക്ഷപ്പെടാന്‍ അനുവദിച്ചത്. നാടാകെ ഇളകിയപ്പോഴാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

സമാന അനുഭവമുണ്ടായ ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥയുടെ പരാതിയില്‍ കേസെടുക്കാതെ മ്യൂസിയം പൊലീസ് ഉഴപ്പി. അവരുടെ ഉറച്ച നിലപാടുകൊണ്ടാണ് പിന്നീട് കേസെടുത്തത്. പക്ഷേ, പരാതിക്കാരി മാനസികമായി തളര്‍ന്നുപോകുന്നവിധം പ്രതിക്കു വേണ്ടി നിലകൊള്ളുന്ന സമീപനമാണ് പൊലീസ് പിന്നീടും സ്വീകരിച്ചത്. അധികമായിട്ടില്ല അത്.

കവടിയാറിലെ പണ്ഡിറ്റ് കോളനിയില്‍ നിന്ന് ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞ് ഒന്നിച്ചു നടന്നുപോയ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച ക്രിമിനല്‍ ഇപ്പോഴും കാണാമറയത്താണ്. 

കൂലിനിരക്ക് വര്‍ദ്ധനാചര്‍ച്ചയ്ക്കിടെ ഫ്‌ലാറ്റ് ഉടമകളുടെ സംഘടനാനേതാവുമായി ഉണ്ടായ നിസ്സാര വാക്കുതര്‍ക്കത്തിന്റെ പേരില്‍ നഗരത്തിലെ പ്രമുഖ തൊഴിലാളി സംഘടനാ നേതാവിനെതിരേ ജാമ്യമില്ലാത്ത വകുപ്പില്‍ കേസെടുത്ത് റോഡില്‍നിന്ന് തൂക്കിയെടുത്ത് റിമാന്‍ഡ് ചെയ്തതാണ് മ്യൂസിയം പൊലീസിന്റെ മറ്റൊരു നീതിനിര്‍വ്വഹണം. ഭീകരപ്രവര്‍ത്തകനെപ്പോലെ വളഞ്ഞിട്ടാണ് ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി സംഘടനാ നേതാവ് അബ്ദുല്‍ നാസറിനെ (ചാല നാസര്‍) അറസ്റ്റു ചെയ്തത്. ആ വിഷയത്തില്‍ നാസറിന്റെ പരാതിയില്‍  കേസെടുക്കാന്‍ ആദ്യമൊന്നും പൊലീസ് തയ്യാറായതുതന്നെയില്ല. പിന്നീട് കേസെടുത്തത് നിസ്സാരവകുപ്പില്‍. എന്നിട്ടും അത് വാര്‍ത്തയാകാതിരിക്കാനുള്ള ജാഗ്രതയും പൊലീസില്‍ നിന്നുണ്ടായി. പണവും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനവുമില്ലാത്തവര്‍ക്കു മുന്നില്‍ മ്യൂസിയം പൊലീസ് വാതില്‍ കൊട്ടിയടയ്ക്കുന്നു എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, കൂടുതല്‍ പണവും അധികാര കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വാധീനവുമുള്ളവരെ സംരക്ഷിക്കാന്‍ മ്യൂസിയം പൊലീസ് എപ്പോഴും ജാഗ്രത കാണിക്കുന്നു എന്നതാണു കൂടുതല്‍ ശരി. കൂറ് നീതിയോടും നിയമത്തോടുമല്ല. 

സന്തോഷ്
സന്തോഷ്

അക്രമിയെ ആരു കണ്ടുപിടിക്കും?

പ്രതിയെ പിടിക്കാന്‍ വാദി (ഇര)യോ അവര്‍ക്കു വേണ്ടപ്പെട്ടവരോ സ്വന്തം നിലയ്ക്ക് ഇറങ്ങേണ്ടി വരുന്ന സ്ഥിതിയാണ് ഇവിടെ പലപ്പോഴും. കേരളം മുഴുവന്‍ അതുകണ്ട് അമ്പരക്കുന്ന സ്ഥിതിയും സമീപകാലത്ത് ഉണ്ടായി. നയന സൂര്യന്റെ ദുരൂഹമരണത്തിലേക്കു വെളിച്ചം നല്‍കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതും നയനയുടെ സുഹൃത്തുക്കള്‍ അത് പുറത്തുകൊണ്ടുവന്നതും ഉദാഹരണം. കേസ് അട്ടിമറിക്കാനാണ് മ്യൂസിയം പൊലീസ് ശ്രമിച്ചത്. എന്നാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനും പ്രത്യേക അന്വേഷണസംഘം ചടുലമായി  അന്വേഷണത്തിലേക്കു കടക്കാനും ഇടയാക്കിയത് ഈ ഇടപെടലാണ്. 

കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവ വനിതാ ഡോക്ടര്‍ക്കു നേരെ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയത്. അമ്പരപ്പ് മാറുമ്പോഴേയ്ക്കും അയാള്‍ അപ്രത്യക്ഷനായിരുന്നു. പക്ഷേ, ഡോക്ടര്‍ അറിയിച്ചതനുസരിച്ചുള്ള ഗൗരവം മ്യൂസിയം പൊലീസ് അയാളെ തിരഞ്ഞു കണ്ടുപിടിക്കുന്നതില്‍ കാണിച്ചില്ല. മ്യൂസിയത്തിനു സമീപത്തുതന്നെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന അയാള്‍ പിന്നീട് രക്ഷപ്പെട്ടതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാവുകയും ചെയ്തു. മാധ്യമങ്ങള്‍ ഈ സംഭവത്തിനു പിറകെ തുടര്‍ച്ചയായി പോവുകയും സംസ്ഥാനവ്യാപകമായിത്തന്നെ ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ് പൊലീസ് പ്രതിയെ വേണ്ടവിധം തിരഞ്ഞുതുടങ്ങിയത്. ''എന്നും പുലര്‍ച്ചെ നാലിന് ഞാന്‍ തലസ്ഥാന നഗരത്തിലൂടെ അയാളെയും അയാളുടെ വാഹനവും തിരഞ്ഞ് കാറോടിക്കുമായിരുന്നു. അയാളെ കണ്ടെത്താന്‍ സഹായകമാകുന്ന സി.സി.ടി.വി ക്യാമറകള്‍ എവിടെയൊക്കെയാണ് ഉള്ളത് എന്നും ഞാന്‍ മനസ്സിലാക്കി. പക്ഷേ, പൊലീസ് തുടക്കത്തില്‍ കാര്യമായ താല്പര്യം പ്രകടിപ്പിച്ചില്ല. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത ശേഷമാണ് പ്രതിയെ കാര്യമായി തിരഞ്ഞുതുടങ്ങിയത്'' -ആക്രമിക്കപ്പെട്ട ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പി.എസിന്റെ ഡ്രൈവര്‍ മലയിന്‍കീഴ് സ്വദേശി സന്തോഷ് ആണ് പിന്നീട് അറസ്റ്റിലായത്. ഇയാള്‍ നഗരത്തിനടുത്തു തന്നെ കുറവംകോണത്ത് ഒരു വീടിന്റെ ടെറസിലും അര്‍ദ്ധരാത്രിയില്‍ സംശയകരമായി കയറുകയും കറങ്ങിനടക്കുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആ വീട്ടുകാര്‍ പൊലീസിനു കൈമാറി. പേരൂര്‍ക്കട പൊലീസ് ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സന്തോഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് വനിതാ ഡോക്ടറും തിരിച്ചറിഞ്ഞതോടെ മ്യൂസിയം പൊലീസിന്റെ കേസിലും പ്രതി ചേര്‍ക്കുകയാണു ചെയ്തത്. മന്ത്രിയുടെ പി.എസിനു വേണ്ടി കരാറടിസ്ഥാനത്തില്‍ ഇന്നോവ കാര്‍ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. പ്രതിക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മാത്രമല്ല, തുടക്കത്തില്‍ പരാതിക്കാരിയായ സ്ത്രീയോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തു. ഇത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലായിരുന്നു ഭരണനേതൃത്വത്തിന്. അങ്ങനെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സി.ഐ ധര്‍മ്മജിത്തിനെ ജില്ലയ്ക്കു പുറത്തേയ്ക്കു മാറ്റിയത്. പക്ഷേ, ആ കേസ് അന്വേഷണത്തിന്റെ തുടക്കത്തിലെ വീഴ്ചയില്‍ തുല്യ ഉത്തരവാദിയായ എസ്.ഐ ജിജുകുമാര്‍ ഇപ്പോഴും അതേ സ്റ്റേഷനിലുണ്ട്. 

ഡോക്ടര്‍ക്കുണ്ടായ ദുരനുഭവവും പൊലീസിന് ഒടുവില്‍ പ്രതിയെത്തേടി ഇറങ്ങേണ്ടിവന്നതും ചര്‍ച്ചയായതോടെയാണ് കെ.ടി.ഡി.സിയില്‍ ജോലി ചെയ്യുന്ന സ്ത്രീ തനിക്ക് ഒരു വര്‍ഷത്തോളം മുമ്പ് ഇതേവിധമുണ്ടായ ദുരനുഭവം പുറത്തു പറഞ്ഞത്. മ്യൂസിയം പൊലീസിനു പരാതി കൊടുത്തെങ്കിലും പ്രതിയെ പിടിച്ചില്ല. കേസെടുത്താലും ബുദ്ധിമുട്ടാണെന്നും അതിന്റെ പിറകേ നടക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. കോടതി കയറേണ്ടിവരും എന്നും മറ്റും പറഞ്ഞ് പരമാവധി നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്. കഴിഞ്ഞ നവംബര്‍ ഒടുവിലാണ് കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞു നടന്നുവരികയായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെ ബൈക്കില്‍ വന്നയാളില്‍നിന്ന് അതിക്രമം ഉണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇയാളെ കണ്ടെത്തിയെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ആ സംഭവത്തിനു പിന്നാലെ പോകാന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറാകാതിരുന്നത് പൊലീസിനും സഹായകമായി. ഏകദേശം ഇതിനോട് അടുത്ത ദിവസമാണ് തലസ്ഥാന നഗരത്തിന്റെ തന്നെ ഭാഗമായ വഞ്ചിയൂരില്‍ സ്ത്രീക്കെതിരെ സമാന സ്വഭാവമുള്ള അതിക്രമം ഉണ്ടായത്. അതില്‍ കേസെടുത്ത വഞ്ചിയൂര്‍ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ചു. അതായത്, പൊലീസ് മൊത്തത്തില്‍ അല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിക്രമം നേരിടുന്നവര്‍ക്കും നീതി നിഷേധിക്കുന്നവിധം പെരുമാറുന്നത്. ചില സ്റ്റേഷനുകളിലെ പൊലീസ് അതില്‍ മുന്‍പന്തിയിലാണ്; അതില്‍ത്തന്നെ പ്രമുഖമാണ് മ്യൂസിയം സ്റ്റേഷന്‍.

കൊറോണ വ്യാപകമായി പടർന്നുപിടിച്ച കാലത്ത് പരാതിക്കാരെ സ്വീകരിക്കാൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലം
കൊറോണ വ്യാപകമായി പടർന്നുപിടിച്ച കാലത്ത് പരാതിക്കാരെ സ്വീകരിക്കാൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലം

ശ്രീറാമിനെ രക്ഷിച്ചതാര്?

കെ.എം. ബഷീര്‍ കൊല്ലപ്പെട്ട അപകടത്തിന്റെ മൂന്നാം ദിവസം വൈകിട്ടോടെ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. സ്വന്തം ചുമതലകള്‍ നിറവേറ്റാതെ ആരുടേയോ നിയമവിരുദ്ധ ഉത്തരവുകള്‍ നടപ്പാക്കിയ മ്യൂസിയം എസ്.ഐ. ജയപ്രകാശിനും അന്നുതന്നെ സസ്പെന്‍ഷന്‍ കിട്ടി. ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോള്‍ പ്രതിയുടെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് പൊലീസ് നടത്തിയ രക്ഷപ്പെടുത്തല്‍ ശ്രമങ്ങളുടെ കൃത്യമായ രൂപം കിട്ടി. ആ വാദങ്ങള്‍ ഇങ്ങനെയായിരുന്നു: ഒന്ന്, അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്താനായില്ല. രണ്ട്, ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ടും ശ്രീറാമിന്റെ വിരലടയാളം എടുത്തിട്ടില്ല; അതുകൊണ്ട് കാറോടിച്ചത് ശ്രീറാം ആണെന്നുപോലും ഉറപ്പില്ല.

ബഷീര്‍ ഇന്ന് ഇല്ല; അപകടം നടന്ന ഉടന്‍ മരിച്ച ആ മുപ്പത്തിയഞ്ചു വയസ്സുകാരന്റെ ഭാര്യ ജസീലയുടേയും രണ്ടു പെണ്‍കുഞ്ഞുങ്ങളുടേയും മറ്റു പ്രിയപ്പെട്ടവരുടേയും കണ്ണീരടങ്ങാന്‍ കാലമെടുക്കും; ഓര്‍മ്മകള്‍ അടങ്ങുകയേയില്ല. വിയോഗനഷ്ടം നികത്താനുമാകില്ല. ശ്രീറാം എന്ന ഐ.എ.എസുകാരന്‍ ഡോക്ടറുടെ ജീവിതവും കരിയറും തകരാതിരിക്കാന്‍ ഐ.എ.എസുകാരിലേയും പൊലീസിലേയും ഡോക്ടര്‍മാരിലേയും ഒരു വിഭാഗം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മദ്യപാനാഘോഷം നടത്തി കാലുറയ്ക്കാത്ത നിലയിലായപ്പോള്‍ വനിതാ സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തിയ ശ്രീറാം വാശിപിടിച്ചാണ് സ്വയം കാറോടിച്ചത്. സുഹൃത്ത് വഫ ഫിറോസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. അത് പൂര്‍ണ്ണരൂപത്തില്‍ പുറത്തുവന്നതുമാണ്. പക്ഷേ, ശ്രീറാം മദ്യപിച്ചിരുന്നില്ല എന്നും വേറെന്തോ വിരോധംകൊണ്ട് ആരൊക്കെയോ വേട്ടയാടുകയാണ് എന്നും വരുത്താനുള്ള ശ്രമങ്ങളുണ്ടായി. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്ന് മിനിറ്റുകള്‍ക്കകം എത്തിയ പൊലീസ് ശ്രീറാമിനെ തിരിച്ചറിഞ്ഞതു മുതല്‍ ഇരയെ മറന്ന് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഓട്ടോ വിളിച്ച് വഫയെ വീട്ടിലേക്കു വിടുന്നു; രണ്ടുപേരുടേയും വൈദ്യ പരിശോധന ഒഴിവാക്കുന്നു മാധ്യമങ്ങള്‍ ഇടപെട്ടപ്പോള്‍ വഫയെ മാത്രം തിരിച്ചുവിളിച്ച് പരിശോധിക്കുന്നു ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കുന്നു. ഇത്രയും ഒന്നാം ഘട്ടം. വഴിയരികില്‍ കാറിടിച്ചു മരിച്ച നിരപരാധി ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നു കാര്യങ്ങള്‍. മദ്യപിക്കാത്ത സുഹൃത്താണ് കാറോടിച്ചത് എന്നായി മാറുമായിരുന്നു. അല്ലെങ്കില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാള്‍ കാറിനടിയില്‍ പെട്ടു എന്നും ആകാം. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഒരു കേസ്; പൊലീസ് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം. അതിനപ്പുറം പോകില്ല. അതിനാണ് പൊലീസും ശ്രീറാമിനുവേണ്ടി നിമിഷങ്ങള്‍ക്കകം ഇടപെട്ട ഐ.എ.എസ് ഉന്നതരും ശ്രമിച്ചത്. രാവും പകലും നടക്കുന്ന നിരവധി വാഹനാപകടങ്ങളില്‍ പലതും ഇരയ്ക്കു നീതി കിട്ടാതേയും പ്രതിക്കു ശിക്ഷ കിട്ടാതേയും യാദൃച്ഛിക സംഭവങ്ങളായി അങ്ങനെയാണ് ഒതുങ്ങിപ്പോകുന്നത്.

പക്ഷേ, കാറോടിച്ചത് പുരുഷനായിരുന്നു എന്നും അയാള്‍ മദ്യപിച്ചു നിയന്ത്രണം തെറ്റിയ നിലയിലായിരുന്നു എന്നും നേരിട്ട് കണ്ടവര്‍ പറയാന്‍ തയ്യാറായി. കുറ്റവാളിയെ രക്ഷിച്ച് അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കാതെ തലസ്ഥാനത്തെ മാധ്യമലോകം ആ അര്‍ദ്ധരാത്രി മുതല്‍ കണ്ണും കാതും തുറന്നുപിടിച്ചു ജാഗ്രതയോടെ നിന്നു. മരിച്ചത് തങ്ങളിലൊരാളാണ് എന്നതു മാത്രമല്ല കാരണം, തെളിവുകളും സാക്ഷികളും സംശയരഹിതമാണ് എന്നതു കൂടിയായിരുന്നു. എന്നിട്ടും ശ്രീറാമിനെ നിരപരാധിയും നിഷ്‌കളങ്കനുമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ പരമ്പരതന്നെ ഉണ്ടായി; അത് ഇപ്പോഴും തുടരുന്നു.

ജനറല്‍ ആശുപത്രിയില്‍നിന്ന് പുലര്‍ച്ചെ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഡോക്ടര്‍ ''ഇയാളെ മദ്യം മണക്കുന്നുണ്ട്'' എന്നും ഒ.പി ടിക്കറ്റില്‍ എഴുതി. പക്ഷേ, പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുത്തില്ല. പൊലീസ് ആവശ്യപ്പെട്ടില്ല എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് ഡോക്ടര്‍ വെളിപ്പെടുത്തിയത്. അവിടെനിന്ന് ഇറങ്ങിയ ശ്രീറാമിനെ പൊലീസ് തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ശ്രീറാമിന്റെ സുഹൃത്തുക്കള്‍ എത്തി കിംസിലേക്ക് കൊണ്ടുപോയി. പൊലീസ് അത് അനുവദിച്ചു. വഫ ഫിറോസാണ് കാറോടിച്ചത് എന്ന നിലപാടിലായിരുന്നു പൊലീസ്. അപകടം അറിഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകരോട് മ്യൂസിയം എസ്.ഐ പറഞ്ഞതും അതാണ്. അവരെ വൈദ്യപരിശോധന നടത്തി എന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആ സമയത്തുതന്നെ ഇടപെട്ടപ്പോഴാണ് പൊലീസ് അവരെ വിളിച്ചുവരുത്തി വൈദ്യ പരിശോധന നടത്തിയത്. എന്നിട്ടും അപ്പോള്‍ മുതല്‍ ഇരയ്‌ക്കൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ  ഇടപെടലുകളും മുഖ്യമന്ത്രിയുടെതന്നെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളും പോലും പലപ്പോഴും അട്ടിമറിക്കപ്പെട്ടു. ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധന ഒമ്പത് മണിക്കൂര്‍ വൈകിപ്പിച്ചതാണ് ഇതിന് ഒന്നാമത്തെ ഉദാഹരണം. അപ്പോഴേയ്ക്കും രക്തത്തില്‍നിന്ന് ആല്‍ക്കഹോളിന്റെ അംശം പൂര്‍ണ്ണമായിത്തന്നെ ഇല്ലാതായിട്ടുണ്ടാകും എന്നു സംശയമുണ്ടായിരുന്നു. അഞ്ചിനു കെമിക്കല്‍ ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് ശരിയാവുകയും ചെയ്തു. ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെയാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ അതിലെ ഉളള്ളടക്കത്തെക്കുറിച്ച് കോടതിയില്‍ പറഞ്ഞത്.

ശ്രീലേഖ ഐപിഎസ്
ശ്രീലേഖ ഐപിഎസ്

ശ്രീലേഖയുടെ പരാതി

ഡി.ജി.പിയായി വിരമിച്ചു മൂന്നുമാസം മാത്രം കഴിഞ്ഞ് 2021 ഏപ്രിലിലാണ് ആര്‍. ശ്രീലേഖ മ്യൂസിയം പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിനെക്കുറിച്ച് താന്‍ നല്‍കിയ പരാതി അവഗണിച്ചതിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവര്‍ വിശദമായി പരാമര്‍ശിച്ചു. മാത്രമല്ല, മ്യൂസിയം പൊലീസില്‍നിന്ന് സമാന അനുഭവം മുന്‍പും ഉണ്ടായി എന്നുകൂടി അവര്‍ വെളിപ്പെടുത്തിയതോടെ സംഗതിക്ക് കൂടുതല്‍ ഗൗരവം വരികയും ചെയ്തു. പരാതി നല്‍കിയ ശേഷം മ്യൂസിയം എസ്.ഐയെ വിളിച്ച് കേസൊന്ന് ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു; പക്ഷേ, അത് പരിഗണിച്ചില്ല. തനിക്ക് ഇതാണ് അനുഭവമെങ്കില്‍ മ്യൂസിയം പൊലീസ് പരിധിയിലുള്ള സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും എന്ന് അവര്‍ പോസ്റ്റില്‍ ചോദിച്ചു. എന്നാല്‍ മുന്‍ ഡി.ജി.പി ഒരു പരാതി ഇ-മെയിലില്‍ അയയ്ക്കുന്നുണ്ട് എന്നു പറഞ്ഞെങ്കിലും അത് കിട്ടിയില്ല എന്നായിരുന്നു പോസ്റ്റിനോടു മ്യൂസിയം പൊലീസിന്റെ പ്രതികരണം. അയച്ച ഇ-മെയില്‍ വിലാസം തെറ്റായിരിക്കും എന്നുകൂടി മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ പൊലീസ് പറഞ്ഞു. ഏതായാലും പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മ്യൂസിയം പൊലീസ് ഇടപെട്ടു; ബ്ലൂടൂത്ത് ഇയര്‍ഫോണിനു പകരം പൊട്ടിയ പഴയ ഇയര്‍ഫോണ്‍ അയച്ചുകൊടുത്തു കബളിപ്പിച്ചവരില്‍നിന്നു പണം തിരിച്ചു വാങ്ങി കൊടുക്കുകയും ചെയ്തു. സാധാരണക്കാര്‍ക്കു വേഗത്തില്‍ കിട്ടാനിടയില്ലാത്ത നീതി. അതു കിട്ടാന്‍തന്നെ സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയും ഉന്നതതല ഇടപെടല്‍ വേണ്ടിവരികയും ചെയ്തു. 

നയന സൂര്യൻ
നയന സൂര്യൻ

നയന സൂര്യന്റെ മരണം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ വീഴ്ചകളേക്കുറിച്ച് ഞങ്ങള്‍ രണ്ടു ലക്കം മുന്‍പ് എഴുതിയതാണ്. മുഴുവന്‍ മാധ്യമങ്ങളും ആ കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ ഗുരുതര പിഴവുകള്‍ കേരളത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കു വച്ചിരിക്കുകയുമാണ്. അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനില്‍ സമര്‍പ്പിച്ച പുന:പരിശോധനാ റിപ്പോര്‍ട്ട് ആദ്യ അന്വേഷണത്തിലെ പിഴവുകളിലേക്കു കൂടിയാണു വിരല്‍ചൂണ്ടിയത്. ആ റിപ്പോര്‍ട്ടു വച്ചാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാര്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് എത്താന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മതിയായ തെളിവായി പരിഗണിച്ചാണ് തുടരന്വേഷണ തീരുമാനമെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചു എന്നതിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരും എന്നാണ് പ്രതീക്ഷ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരിക്കുകളൊന്നും പൊലീസിന്റെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഫയല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു കൈമാറി. കേസ് അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും ഈ ഫയലിന്റെ ഭാഗമാക്കിയിരുന്നുമില്ല. ഇതുള്‍പ്പെടെ മ്യൂസിയം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ പൊലീസ് തലപ്പത്തും ആഭ്യന്തര വകുപ്പിലും ഉണ്ടാക്കിയ അമ്പരപ്പുകൂടിയാണ് കേരളം കണ്ടത്. കേസ് ഇല്ലാതാക്കാന്‍ മ്യൂസിയം പൊലീസ് നടത്തിയ ശ്രമങ്ങളേയും നയനയ്ക്ക് അസ്ഫിക്സോഫീലിയ എന്ന രോഗമായിരുന്നു എന്ന വാദവും തള്ളിയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ചാല നാസർ
ചാല നാസർ

നാസര്‍ എന്ന 'കുറ്റവാളി'

ചാല മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് ചാല നാസറിനെ അറസ്റ്റു ചെയ്തതില്‍ അനീതിയും ഫ്‌ലാറ്റുടമയ്ക്കുവേണ്ടിയുള്ള തിടുക്കവും പ്രകടമായിരുന്നു. 2021 ഒടുവിലാണ് കയറ്റിറക്ക് കൂലിനിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ഫ്‌ലാറ്റ് ഉടമകളും യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. മാരത്തണ്‍ ചര്‍ച്ചകളുണ്ടായി. അതിനൊടുവില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പിലേക്കു കടക്കുന്ന സമയത്താണ് വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായത്. ഫ്‌ലാറ്റ് ഉടമകളുടെ സംഘടനാപ്രതിനിധിയുടെ പരാതിയില്‍ ചാല നാസറിനെ വഴുതയ്ക്കാടു നിന്നാണ് അറസ്റ്റു ചെയ്തത്. തനിക്കെതിരെ കേസെടുക്കുകയും താന്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ ഡി.ജി.പിക്കു പരാതി കൊടുക്കാന്‍ ഡി.ടി.പി സെന്ററില്‍ എത്തിയപ്പോഴായിരുന്നു സി.ഐയുടെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പൊലീസുകാര്‍ അറസ്റ്റു ചെയ്തത്. ഒരാഴ്ചയോളം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം നേടി പുറത്തുവന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് നാസര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. തന്നെ ആക്രമിക്കുകയും തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു എന്ന് ആരോപിച്ച് കോര്‍ഡോണ്‍ ബില്‍ഡേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ എ. ഉണ്ണിത്താനെതിരെയാണ് നാസര്‍ മ്യൂസിയം പൊലീസിനു പരാതി കൊടുത്തത്. നിരന്തര ഇടപെടലിനൊടുവില്‍ അരുണിനെതിരെ കേസെടുക്കാന്‍ മ്യൂസിയം പൊലീസ് തയ്യാറായി. തനിക്കെതിരായ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷവും പ്രതികാര നടപടി തുടര്‍ന്നതായി നാസര്‍ പറയുന്നു. കോടതി അയച്ച സമന്‍സ് പൊലീസ് കൊടുത്തില്ല. ഹാജരായി ജാമ്യം എടുക്കുന്നതു തടയുകയായിരുന്നു ലക്ഷ്യമെന്നാണ് ആക്ഷേപം. ജാമ്യത്തിനായി കേസ് വച്ചപ്പോള്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. വീണ്ടും കോടതി സമന്‍സ് ഇഷ്യൂ ചെയ്തെങ്കിലും പൊലീസ് അതും കൊടുത്തില്ല. മൂന്നാമതും ഇത് ആവര്‍ത്തിച്ചു. ഇതോടെ കോടതി ജാമ്യത്തോടുകൂടിയുള്ള അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. ഇതും മറച്ചുവച്ചു. മൂന്നുവട്ടം ഇത് ആവര്‍ത്തിച്ച ശേഷം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. രണ്ടാമതും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോഴും മറച്ചുവച്ചെന്നും അടുത്തത് ലോംഗ് പെന്റിംഗ് വാറന്റ് (എല്‍.പി) ആയതുകൊണ്ടും അതു കിട്ടിയാല്‍ വീണ്ടും തന്നെ ജയിലില്‍ അടക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നാസര്‍ പറയുന്നു. വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞത്. നാസര്‍ ഏതായാലും നിയമപോരാട്ടം തുടരുകയാണ്. നാസര്‍ പ്രതിയായ കേസിലും കോടതിയില്‍ തുടര്‍ നടപടികള്‍ നീങ്ങുന്നു.  

നീതിയും നിയമവും കാഴ്ചവസ്തുക്കളായതുകൊണ്ടല്ല, തലസ്ഥാനത്തെ പ്രശസ്തമായ കാഴ്ചബംഗ്ലാവിന്റെ അടുത്തായതുകൊണ്ടാണ് ഈ സ്റ്റേഷന് മ്യൂസിയം സ്റ്റേഷന്‍ എന്ന പേരു വന്നത്. പക്ഷേ, മിക്കപ്പോഴും ഇവിടെനിന്നു നീതി പ്രതീക്ഷിക്കുന്നവര്‍ നിരാശരാകേണ്ടിവരുന്നു. ഇത് അവരുടെ മാത്രം സങ്കടമല്ല; കേരളത്തിന്റെയാകെ ഉത്കണ്ഠയാണ്. മ്യൂസിയം ഒരു ഒറ്റപ്പെട്ട പൊലീസ് സ്റ്റേഷനല്ല; പക്ഷേ, ഭരണാധികാരികളുടെ മൂക്കിനു താഴെ ഈവിധം വേറെ അധികം സ്റ്റേഷനുകളില്ല. തലസ്ഥാന നഗരത്തിലെത്തന്നെ തമ്പാനൂര്‍, വഞ്ചിയൂര്‍, കന്റോണ്‍മെന്റ് സ്റ്റേഷനുകളൊക്കെ പ്രത്യേകമായെടുത്ത് പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. തിരുവനന്തപുരം ജില്ലയിലെത്തന്നെ മംഗലാപുരം പൊലീസ് സ്റ്റേഷനില്‍നിന്ന് മുഴുവന്‍ പേരെയും സ്ഥലം മാറ്റി ദിവസങ്ങള്‍ക്കു മുന്‍പു നടത്തിയ വമ്പന്‍ അഴിച്ചുപണി കേരളത്തിനു മുന്നിലുണ്ട്. അതുപോലെ ഇവിടെയും ആവശ്യമായി വന്നിരിക്കുന്നു എന്ന് ആഭ്യന്തരവകുപ്പ് ആലോചിച്ചു തുടങ്ങി എന്ന വിവരം ശരിയാണെങ്കില്‍ അതൊരു നല്ല സൂചനയാണ്. അതല്ല, ഇനിയും ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന വിധം സംരക്ഷണം തുടരുകയാണെങ്കില്‍ നീതിനിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരും. അത് ഭരണ-രാഷ്ട്രീയ നേതൃത്വത്തിനുതന്നെ വലിയ തലവേദനയായി മാറിയേക്കാനും ഇടയുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു സ്റ്റേഷന്‍ ആസ്ഥാനം മ്യൂസിയം പോലീസ് അര്‍ഹിക്കുന്നുണ്ട് എന്നതും പറയാതിരിക്കുന്നില്ല, സര്‍ക്കാര്‍ മനസ്സുവച്ചാല്‍ അത് കാലതാസമില്ലാതെ നടപ്പാക്കാവുന്നതേയുള്ളു. പക്ഷേ, അടിസ്ഥാന സൗകര്യക്കുറവല്ല, നീതിയോടുള്ള പ്രതിബദ്ധതക്കുറവാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നം.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com