50 വര്‍ഷത്തെ കൂലിവേലയിലേക്കുള്ള തിരിഞ്ഞുനോട്ടം, അതാഘോഷിക്കാനുള്ള മനോഹര തീരുമാനം

''പണിക്ക് വിളിക്കാനല്ലാതെ എന്നെയൊക്കെ ആര് ആദരിക്കാന്‍? അതുകൊണ്ട് ഞാന്‍ തന്നെ അത് ആഘോഷിക്കാന്‍ തീരുമാനിച്ചു''
50 വര്‍ഷത്തെ കൂലിവേലയിലേക്കുള്ള തിരിഞ്ഞുനോട്ടം, അതാഘോഷിക്കാനുള്ള മനോഹര തീരുമാനം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൂത്താളിയിലെ വടക്കേ മൊയോര്‍ കുന്നുമ്മല്‍ ബാലന്‍ ഒരു കൂലിത്തൊഴിലാളിയാണ്- സാംസ്‌കാരിക മഹിമയോ രാഷ്ട്രീയ പശ്ചാത്തലമോ സാമൂഹ്യപദവികളോ ഒന്നും അവകാശപ്പെടാനില്ലാതെ, കൂലിപ്പണിയെടുത്ത് സാധാരണ ജീവിതം നയിക്കുന്ന നമ്മുടെ നാട്ടിലെ അനേകം തൊഴിലാളികളില്‍ ഒരാള്‍. ആഘോഷിക്കപ്പെടാന്‍ ഒന്നുമില്ല എന്നു തോന്നാവുന്ന ജീവിതം. വളരെ ചെറുപ്പത്തിലേ വയലിലും പറമ്പിലും കൈക്കോട്ടുപണിക്കു പോയി. പക്ഷേ, അന്‍പതു വര്‍ഷം കഴിഞ്ഞ് സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുണ്ട് നീക്കിയിരിപ്പായി? ഇത്രയും കാലത്തെ ജീവിതത്തില്‍ എന്താണ് അടയാളപ്പെടുത്തിയത്? അത്തരം ചോദ്യങ്ങള്‍ക്കൊടുവില്‍ അദ്ദേഹം, തന്നെയും തന്റെ തൊഴില്‍ജീവിതത്തേയും അടയാളപ്പെടുത്താനും ആഘോഷിക്കാനും തീരുമാനിച്ചു. അങ്ങനെ അറുപത്തെട്ടുകാരനായ ബാലന്റെ 'കൈക്കോട്ടുപണിയുടെ അന്‍പതാം വാര്‍ഷികം' വിപുലമായി പേരാമ്പ്രയില്‍ നടന്നു. സംഘാടകനും ആദരിക്കപ്പെടുന്നയാളും എല്ലാം ബാലന്‍ തന്നെ. അല്ലാതെയാര്?

''പണിക്ക് വിളിക്കാനല്ലാതെ എന്നെയൊക്കെ ആര് ആദരിക്കാന്‍? അതുകൊണ്ട് ഞാന്‍ തന്നെ അത് ആഘോഷിക്കാന്‍ തീരുമാനിച്ചു''- ഓരോ ജീവിതവും ഓരോ തൊഴിലും അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് വ്യംഗ്യമായി പറയുകയാണ് ബാലന്‍. തന്റെ അന്‍പത് വര്‍ഷത്തെ കൂലിവേലയിലേക്കുള്ള ബാലന്റെ തിരിഞ്ഞുനോട്ടവും അതാഘോഷിക്കാനുള്ള തീരുമാനവും മനോഹരമാണ്. ഒരായുസ്സു മുഴുവന്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കുന്ന ഇതുപോലുള്ള അനേകം തൊഴിലാളികളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ആത്മവിശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
തന്റെ ജീവിതത്തില്‍ ആഘോഷിക്കപ്പെടേണ്ട കാര്യങ്ങളുണ്ട് എന്നത് ബാലന് ഒരു സുപ്രഭാതത്തിലുണ്ടായ തിരിച്ചറിവല്ല. ആറുവര്‍ഷം മുമ്പേ മനസ്സില്‍ തീരുമാനിച്ചതാണ്. അതെക്കുറിച്ച് അദ്ദേഹം പറയുന്നു: ''ആറുവര്‍ഷം മുന്‍പ് കുഞ്ഞിക്കൃഷ്ണന്‍ അടിയോടി മാഷിന്റെ വീട്ടുമുറ്റത്തെ പുല്ലു ചെത്തുമ്പോഴാണ് എനിക്ക് ഇങ്ങനെയൊരു തോന്നലുണ്ടായത്. ചെറുപ്പത്തിലേ പണി തുടങ്ങിയിട്ടുണ്ടെങ്കിലും പതിനെട്ടുവയസ്സ് വെച്ചാണ് ഞാന്‍ കണക്കുകൂട്ടിയത്. മാഷിനോടും ഞാന്‍ ഇക്കാര്യം അന്ന് പറഞ്ഞു. മാഷിനും എന്റെ ആലോചന ഇഷ്ടമായി.''

ബാലൻ വീട്ടുമുറ്റത്ത് പ്രദർശനത്തിനു നിരത്തിയ തന്റെ പണിയായുധങ്ങൾ
ബാലൻ വീട്ടുമുറ്റത്ത് പ്രദർശനത്തിനു നിരത്തിയ തന്റെ പണിയായുധങ്ങൾ

പേനയല്ല കൈക്കോട്ടാണ് ആയുധം

വീട്ടുമുറ്റത്തുതന്നെ  നടത്തിയ ചടങ്ങ് ഗംഭീരമായിരുന്നു. സ്വാഗതം, അദ്ധ്യക്ഷന്‍, ഉദ്ഘാടനം, നന്ദി എല്ലാമുണ്ടായിരുന്നു. തന്നെ പണിക്കു വിളിച്ചവര്‍, അയല്‍ക്കാര്‍, സുഹൃത്തുകള്‍ ഒക്കെ ചടങ്ങിനെത്തി. ബാലന്‍ പണിയെടുത്ത വീടുകളിലുള്ളവര്‍ അദ്ദേഹത്തിന്റെ പണിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും നല്ല വാക്കുകള്‍ പറഞ്ഞു. അതോടൊപ്പം കുട്ടികളുടെ കലാമത്സരങ്ങള്‍ നടത്തി. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം ബാലേട്ടന്റെ വക അന്‍പത് രൂപ സമ്മാനം. ഉദ്ഘാടനത്തിനൊപ്പം ഏറെ ശ്രദ്ധ നേടിയത് തന്റെ തൊഴില്‍ജീവിതത്തില്‍ ഉപയോഗിച്ച പണിയായുധങ്ങളുടെ പ്രദര്‍ശനമായിരുന്നു.  കൈക്കോട്ടുകള്‍, ഇടിമുട്ടി, കുഴിപ്പാര, ഉളി, മഴു തുടങ്ങി അതുവരെ ഉപയോഗിച്ച പണി ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ടായി. വീട്ടിലെത്തിയ കുട്ടികള്‍ക്ക് അതെല്ലാം വിവരിച്ചും കൊടുത്തു. ഭക്ഷണവും കഴിച്ച് ഒരു തൊഴിലാഘോഷത്തിന്റെ മധുരമായ ഓര്‍മ്മയുമായാണ് ആളുകള്‍ മടങ്ങിയത്.

ദാരിദ്ര്യത്തിലായിരുന്നു മൊയോര്‍ കുന്നുമ്മലിലെ ബാലന്റേയും ബാല്യകാലം. ജനിച്ച് ആറു മാസമായപ്പോഴേക്കും അച്ഛന്റെ മരണം. ''ഞങ്ങള്‍ നാല് മക്കളായിരുന്നു. മൂത്ത സഹോദരി പുല്ലു കൊണ്ടുപോയി എത്രയോ ദൂരം നടന്ന് ടൗണില്‍ കൊണ്ടുപോയി വിറ്റാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. അമ്മയെ രണ്ടാമത് കല്ല്യാണം കഴിച്ചപ്പോഴാണ് ഞങ്ങളൊന്ന് രക്ഷപ്പെട്ടത്. അതില്‍ രണ്ട് സഹോദരങ്ങളുണ്ട്. അമ്മയും വയലില്‍ പണിക്കു പോകും. കഴിഞ്ഞ ഡിസംബറില്‍ 102-ാമത്തെ വയസ്സിലാണ് അമ്മ മരിച്ചത്''- ബാലന്‍ പറയുന്നു.

വളരെ ചെറുപ്പത്തിലേ അമ്മയ്ക്കൊപ്പം പണിക്കിറങ്ങിയിട്ടുണ്ട് ബാലനും. വയലില്‍ നെല്ലിനും പയറിനും കാവലിരിക്കും. സ്‌കൂളില്‍ ചേരാന്‍ വലിയ ആഗ്രഹം തോന്നി. പക്ഷേ, അമ്മ സമ്മതിച്ചില്ല, ''എന്റെ നിര്‍ബ്ബന്ധത്തിനാണ് സ്‌കൂളില്‍ ചേര്‍ന്നത്. എട്ടാംക്ലാസ്സ് വരെ പഠിച്ചു. അതിനിടയിലും പണിയെടുക്കും. അന്നൊക്കെ കൃഷിപ്പണിയാണ് കൂടുതല്‍. ഞങ്ങള്‍ പുലയന്‍ സമുദായത്തില്‍പ്പെട്ടവരാണ്. ഞങ്ങളുടെ കൂട്ടരായിരുന്നു കൃഷിപ്പണിക്ക് കൂടുതല്‍. ഞങ്ങള്‍ കൃഷി തൊട്ടാല്‍ അഭിവൃദ്ധിയുണ്ടാകും എന്നായിരുന്നു വിശ്വാസം''- പാട്ടു പാടാന്‍ ഇഷ്ടമുള്ള ബാലന്‍ ചേട്ടന്‍ ഇടയ്ക്ക് സംസാരം നിര്‍ത്തി പാടാന്‍ തുടങ്ങി:

''മാരിവില്ലിന്‍ തേന്‍മലരെ മാഞ്ഞുപോകയോ... നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നില്‍ക്കവെ... മാരിവില്ലിന്‍ തേന്‍മലരെ മാഞ്ഞുപോകയോ...''

പറമ്പിലേയും വയലിലേയും പണിക്കിടയില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലും ബാലന്‍ ജോലി ചെയ്തിട്ടുണ്ട്. കുറച്ച് കാലം കിര്‍ത്താഡ്സില്‍ വാച്ച്മാനായും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റി(സി സ്റ്റെഡ്)ല്‍ ഹെല്‍പ്പറായും. സര്‍ക്കാര്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം സി സ്റ്റഡില്‍നിന്ന് പിരിച്ചുവിടപ്പെട്ടു. അതിന്റെ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കിര്‍ത്താര്‍ഡ്സില്‍ ജോലിചെയ്ത ആറുമാസക്കാലത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ മരം നടാന്‍ പോയ കഥയും ഇദ്ദേഹം ഓര്‍മ്മിച്ചു: ''വിശ്വനാഥന്‍ നായര്‍ സാര്‍ കിര്‍ത്താര്‍ഡ്സില്‍ ഡയറക്ടറായി ഇരുന്ന സമയത്താണ് ഭോപ്പാലില്‍ കൊണ്ടുപോയത്. കേരളത്തിലെ സര്‍പ്പക്കാവിന്റെ മാതൃകയില്‍ കാട് വെച്ചുപിടിപ്പിക്കാന്‍. 255 മരങ്ങള്‍ കൊണ്ടുപോയി അവിടെ നട്ടിട്ടുണ്ട്.'' ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ (ഐ.ജി.ആര്‍.എം.എസ്.) എന്ന ആന്ത്രോപോളജി മ്യൂസിയത്തിലാണ് കേരളത്തിന്റെ സര്‍പ്പക്കാവും ഉള്ളത്. 

കിര്‍ത്താഡ്സില്‍ ജോലിചെയ്യുന്ന സമയത്ത് യാദൃച്ഛികമായി സിനിമയിലും അഭിനയിക്കാന്‍ അവസരം കിട്ടി. അവിടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. ജയില്‍പുള്ളിയായി അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് വന്നു ചോദിച്ചു. അങ്ങനെ അഭിനയിച്ചു. പക്ഷേ, പടം പാതിവഴിയില്‍ നിന്നുപോയി.

ബലനും ഭാര്യ പിടി ജാനുവും
ബലനും ഭാര്യ പിടി ജാനുവും

ഇപ്പോഴും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചര വരെ പണിയെടുക്കും ബാലന്‍. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടുമില്ല. പഴയകാലത്ത് ചക്കയും കപ്പയുമായിരുന്നു പണിക്കു പോയാലുള്ള ഭക്ഷണം എന്ന് ഇദ്ദേഹം പറയുന്നു. ഒരുകാലത്ത് ഒരുമാസം വരെയൊക്കെ ബുക്കിങ്ങുള്ളത്രയും തിരക്കുള്ള പണിക്കാരനായിരുന്നു. തൊഴിലുറപ്പ് വന്നശേഷമാണ് പണിയില്‍ കുറച്ച് കുറവ് വന്നതെന്ന് ഇദ്ദേഹം പറയുന്നു. മുന്‍പ് അടുത്തുള്ള കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിക്കാനും ഇദ്ദേഹം പോയിരുന്നു. അങ്ങനെ മാഷ് ബാലന്‍ എന്ന പേരുകിട്ടി. രണ്ട് വര്‍ഷം മുന്‍പ് ഡ്രൈവിങ് പഠിച്ച് കാര്‍ ഓടിക്കാനുള്ള ലൈസന്‍സും എടുത്തു. രണ്ട് മക്കളാണ് ബാലന്‍ ചേട്ടന്. ഭാര്യ പി.ടി. ജാനു അങ്കണവാടി ഹെല്‍പ്പറാണ്.

''സ്വന്തമായി ചടങ്ങ് നടത്തിയ ശേഷം പലയിടങ്ങളില്‍നിന്നും സ്വീകരണങ്ങള്‍ക്ക് വിളിക്കുന്നുണ്ട്''- ജീവിതവും തൊഴിലും ആഘോഷിക്കപ്പെടുന്നതിന്റെ ആനന്ദവും അഭിമാനവുമുണ്ട് ഇപ്പോള്‍ ആ സംസാരത്തിന്. ബാല്യകാല സുഹൃത്തുക്കളായ വിജയനും രഘുവും ബാലനെകുറിച്ചുള്ള നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതിനിടയിലും ബാലന്‍ ചേട്ടന്‍ പാടി: ''മഴ പെയ്തു മാനം തെളിഞ്ഞ നേരം, തൊടിയിലെ തൈമാവിന്‍ ചോട്ടില്‍...''

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com