

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ഉല്പാദിപ്പിക്കുന്നത് കൊച്ചിയിലാണ്, തിരുവനന്തപുരത്തല്ല. നൂറു വര്‍ഷമായി കൊച്ചിയില്‍ തുറമുഖമുണ്ടായിട്ട്. പോര്‍ട്ട് വരുമ്പോള്‍ എങ്ങനെയാണ് മീന്‍പിടുത്തം കുറയുന്നത്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലും വിശാഖപട്ടണത്തുമാണ്. രണ്ടിടത്തും പോര്‍ട്ടുണ്ട്. കണക്കുകള്‍ വെച്ചാണ് ഞാന്‍ പറയുന്നത്. പോര്‍ട്ട് വരുന്നത് ഒരിക്കലും മീന്‍പിടുത്തത്തിനു തടസ്സമല്ല, മറിച്ച് മീന്‍പിടുത്തത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. എങ്ങനെയെന്നു ചോദിച്ചാല്‍, കുറച്ചുകൂടി മെക്കനൈസ്ഡ് വെസ്സല്‍സ് ഇവര്‍ക്കു ലഭ്യമാകും. ഇവരെടുക്കും.
വിഴിഞ്ഞത്ത് ഓഖി കൊടുങ്കാറ്റില്‍ 157 പേര്‍ മരിച്ചങ്കില്‍ ഇനി ആരും മരിക്കില്ല. അവരെ രക്ഷപ്പെടുത്താന്‍ കഴിയുന്നവിധത്തില്‍ ഒന്നുകില്‍ അവര്‍ക്ക് വെസ്സല്‍സ് ഉണ്ടാകും; ഇല്ലെങ്കില്‍ വളരെ വേഗത്തില്‍ അദാനിയുടെ അവിടെനിന്ന് കപ്പലോ ബോട്ടോ ഹെലിക്കോപ്റ്ററോ പോയി അവരെ രക്ഷപ്പെടുത്തും. ഇപ്പോള്‍ത്തന്നെ മൂന്നു സൈനിക വിഭാഗങ്ങളും ഉള്‍പ്പെടുന്ന തിയേറ്റര്‍ കമാന്റ് തിരുവനന്തപുരത്തു വന്നുകഴിഞ്ഞു. വിഴിഞ്ഞം കാരണമാണ്. നേവിയുടെ ഇന്ത്യയിലെ ആസ്ഥാനമായി മാറുകയാണ് തിരുവനന്തപുരം. നേവി മറ്റു രണ്ടു സൈനിക വിഭാഗങ്ങളേയും ഏകോപിപ്പിക്കും. അങ്ങനെ രാജ്യത്ത് മൂന്നു തിയേറ്റര്‍ കമാന്റ് രൂപീകരിച്ചതില്‍ മറ്റുള്ളവ ലക്നൗവിലും ജയ്പൂരിലുമാണ്.
ലക്ഷ്യം നേരിട്ടു പുറത്തുവരില്ല. ഇവര്‍ പറയുന്നതെന്താ; പരിസ്ഥിതി. നമുക്കാര്‍ക്കെങ്കിലും എതിര്‍ക്കാന്‍ പറ്റുമോ. പരിസ്ഥിതി, മത്സ്യത്തൊഴിലാളികള്‍, പട്ടിണി, ദാരിദ്ര്യം, തീരശോഷണം എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും വീണുപോകും. വിദഗ്ദ്ധമായിട്ട് അവര്‍ അതു മാര്‍ക്കറ്റ് ചെയ്തു.
ജയ്പൂരില്‍ കരസേന, ലക്നൗവില്‍ വായുസേന, ഇവിടെ നേവി. 7500 കിലോമീറ്ററിന്റേയും ചുമതല തിരുവനന്തപുരത്താണ്. ഇതു വന്നത് വിഴിഞ്ഞം തുറമുഖം കാരണമാണ്. തിയേറ്റര്‍ കമാന്റ് വരുമ്പോള്‍ ഇവിടെ ഹെലിക്കോപ്റ്ററും അവരുടെ വിമാനങ്ങളുമെല്ലാം തയ്യാറായിരിക്കും. കപ്പല്‍ അതിനകത്തുണ്ടാകും. മത്സ്യത്തൊഴിലാളിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റും. ഓഖിയുടെ സമയത്ത് കപ്പല്‍ കൊച്ചിയില്‍നിന്നു വരേണ്ടിവന്നു.
ഫിഷിംഗ് ഹാര്‍ബറിനും കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ബ്രേക് വാട്ടറിനും ഇടയില്‍ ഒരു കടലുണ്ട്. വലിയ കടപ്പുറം എന്നാണ് അറിയപ്പെടുന്നത്. അവിടെ ഒരു ഫിഷിംഗ് ഹാര്‍ബര്‍ വരാന്‍ പോവുകയാണ്. ഇതു വരുമ്പോള്‍ ആഴക്കടല്‍ വെസ്സല്‍സാണ് വരാന്‍ പോകുന്നത്. വലിയ ഫിഷിംഗ് ഹാര്‍ബറും വലിയ നിക്ഷേപവുമാണ് വരാന്‍ പോകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കത് ഗുണകരമാണ്. ഒരു കാര്യം കൂടി: ഇപ്പോള്‍ എന്തു മീന്‍ കിട്ടിയാലും പെട്ടെന്നുതന്നെ വിറ്റു തീര്‍ക്കുകയാണ്. ഇവിടുത്തെ സ്ത്രീകള്‍ക്കു തന്നെ ഗവണ്‍മെന്റ് ഒരു പ്രൊഡക്ഷന്‍ സെന്റര്‍ ഉണ്ടാക്കിക്കൊടുത്താല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി കണ്ടെയ്നറില്‍ കയറ്റിവിടാം. ആ പണം ഇവരുടെ വീട്ടില്‍ കിട്ടുകയല്ലേ. നാളെ അവരോ അവരുടെ മക്കളോ ഈ വ്യവസായത്തില്‍ വരുന്നു. തുറമുഖം വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്കു വളരെ നല്ലതാണ് എന്നാണ് ഞാന്‍ കാണുന്നത്. എനിക്ക് ഒരുപാട് മത്സ്യത്തൊഴിലാളി സുഹൃത്തുക്കളുണ്ട്. അവര്‍ക്കങ്ങനെ വലിയ ആശങ്കയൊന്നുമില്ല.
ചൈനയാണ് ഈ ആശങ്ക പ്രചരിപ്പിക്കുന്നതിനു പിന്നില്‍. അവരുടെ ഫണ്ട് കൊവിഡില്‍ അമേരിക്കന്‍ ഫണ്ട് ചൈനയില്‍ പോയത് പിന്നീട് പുറത്തു വന്നതുപോലെ കിട്ടുന്നവരുണ്ട്. ഹിന്‍ഡര്‍ബര്‍ഗിനു പണം കൊടുത്തത് ചൈനയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്; ഇത്രയും നാള്‍ അറിഞ്ഞില്ല. ഗ്ലോബല്‍ പൊളിറ്റിക്‌സില്‍ ഏതു പണം എങ്ങനെ വരുന്നു എങ്ങനെ പോകുന്നു എന്ന് അറിയില്ല. ഏറ്റവും കൂടുതല്‍ ഈ പദ്ധതിയെ എതിര്‍ക്കുന്ന എ.ജെ. വിജയന്റെ ഭാര്യയ്ക്ക് 12 കോടി വന്നു. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖയാണ്, പബ്ലിക് ഡോക്യുമെന്റാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വന്നതാണ്. കേസ് കൊടുക്കട്ടെ അവര്‍. ഞാന്‍ വെല്ലുവിളിക്കുന്നു. തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് ഇങ്ങനെ പണം വരുന്നു. ഞാന്‍ എതിര്‍ത്താല്‍ എനിക്കും കിട്ടും കോടികള്‍. ചൈന നേരിട്ടല്ല തരുന്നത്, ഫൗണ്ടേഷനുകള്‍ വഴിയൊക്കെ വരും.
ലക്ഷ്യം നേരിട്ടു പുറത്തുവരില്ല. ഇവര്‍ പറയുന്നതെന്താ; പരിസ്ഥിതി. നമുക്കാര്‍ക്കെങ്കിലും എതിര്‍ക്കാന്‍ പറ്റുമോ. പരിസ്ഥിതി, മത്സ്യത്തൊഴിലാളികള്‍, പട്ടിണി, ദാരിദ്ര്യം, തീരശോഷണം എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും വീണുപോകും. വിദഗ്ദ്ധമായിട്ട് അവര്‍ അതു മാര്‍ക്കറ്റ് ചെയ്തു. സിമന്റ് ഗോഡൗണും വിഴിഞ്ഞം തുറമുഖവുമായി വല്ല ബന്ധവുമുണ്ടോ? 2004-ലെ സുനാമി ബാധിതരാണ് അവിടെ പോയിക്കിടക്കുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്, യു.ഡി.എഫ്-എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ. അവര്‍ ഇത് അവഗണിച്ചു. അതിന്റെ ഭാഗമായിട്ടാണ് 2004-ലെ സുനാമിയില്‍ വീടു നഷ്ടപ്പെട്ടവര്‍ സിമന്റ് ഗോഡൗണില്‍ പോയിക്കിടക്കുന്നത്. ഇവരെന്താ പറയുന്നത്? 2015-ല്‍ വന്ന തുറമുഖം കാരണമാണ് സിമന്റ് ഗോഡൗണില്‍ ആളുകള്‍ പോയിക്കിടക്കുന്നത് എന്നാണ്. അസംബന്ധമാണ്. അതു പെട്ടെന്നു പൊലിപ്പിച്ച് വിഴിഞ്ഞത്തിന്റെ തലയില്‍ കൊണ്ടുവയ്ക്കും.
രൂപത എന്ന സ്ഥാപനത്തിന് ഒരുകാലത്ത് തുറമുഖം ആവശ്യമായിരുന്നു. പില്‍ക്കാലത്ത് എന്തുപറ്റി? സൂസൈപാക്യം തിരുമേനിയെപ്പോലും ഇവര്‍ സമ്മര്‍ദ്ദത്തിലാക്കി മനസ്സുമാറ്റി അദ്ദേഹത്തേയും ഈ സമരത്തിന് ഇറക്കി.
ആദ്യം കൂടെ നിന്നവരുടെ മാറ്റം
ഈ പറയുന്ന സമരം ചെയ്ത മത്സ്യത്തൊഴിലാളികളുടെ വക്താക്കള്‍ ആദരിക്കുന്ന ബഹുമാനപ്പെട്ട മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം തിരുമേനി തിരുവനന്തപുരം നഗരത്തില്‍ വെള്ളയമ്പലത്ത് ബിഷപ്പ് ഹൗസിനുള്ളില്‍ ഞങ്ങള്‍ക്ക് ഓഫീസ് അനുവദിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി വാദിക്കുന്നവരുടെ ഓഫീസ്. അന്നുവരെ ഞങ്ങള്‍ ജനപക്ഷം എന്ന പേരിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അവിടെവെച്ച് ജമാഅത്തെ ഇസ്ലാമി, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ പത്തോളം സംഘടനകളെ വിളിച്ചുകൂട്ടി വിഴിഞ്ഞത്തിനുവേണ്ടി ഒരു പ്രചാരണം നടത്തണം എന്നു പറഞ്ഞു രൂപീകരിച്ചതാണ് വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ സമിതി (വി-മാക്). തിരുവനന്തപുരം രൂപത അടക്കമാണ് അതുമായി അന്നു സഹകരിച്ചത്. അവരുടെ ഹാള്‍ നമുക്കു സെമിനാര്‍ നടത്താന്‍ തന്നു. അന്ന് അവര്‍ ഈ പദ്ധതിയെ അനുകൂലിക്കുകയായിരുന്നു.
പെട്ടെന്നു രണ്ടുമൂന്ന് പേര് രംഗത്തു വന്ന്, നേരത്തെ പറഞ്ഞ കണക്ഷനായിരിക്കാം, ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. വിഴിഞ്ഞം തുറമുഖം വേണമെന്നു പറഞ്ഞ് എനിക്കു തന്ന ഇന്റര്‍വ്യൂ ഉണ്ട്. അദ്ദേഹം മുന്‍കയ്യെടുത്ത് ഞങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 2000 വള്ളങ്ങള്‍ കടലില്‍ ഇറക്കി ഇതേ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖം വേണം എന്നു പറയുന്ന സമരം നടത്തിയത്. രൂപത എന്ന സ്ഥാപനത്തിന് ഒരുകാലത്ത് തുറമുഖം ആവശ്യമായിരുന്നു. പില്‍ക്കാലത്ത് എന്തുപറ്റി? സൂസൈപാക്യം തിരുമേനിയെപ്പോലും ഇവര്‍ സമ്മര്‍ദ്ദത്തിലാക്കി മനസ്സുമാറ്റി അദ്ദേഹത്തേയും ഈ സമരത്തിന് ഇറക്കി.
ഞങ്ങള്‍ പിണറായി വിജയനെ പോയി കണ്ടിരുന്നു. എതിര്‍പ്പ് മൂര്‍ധന്യത്തില്‍ നില്‍ക്കുന്നു, ഈ പദ്ധതി ഉപേക്ഷിച്ചുപോകും എന്ന ഒരു ഘട്ടം. ഞാന്‍ നിരാഹാരം കിടക്കുന്ന കാര്യം പറയാനാണ് പോയത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ സമരത്തിലെ ചില നേതാക്കള്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ഡല്‍ഹി കണക്ഷനുണ്ട്. അതുവഴി അവര്‍ക്ക് അന്തര്‍ദ്ദേശീയ ബന്ധങ്ങളുണ്ട്. അതാണ് അവര്‍ ആരെയും മൈന്‍ഡ് ചെയ്യാത്തത്. ഹൈക്കോടതി പറഞ്ഞിട്ടു കേള്‍ക്കുന്നില്ല, സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടു കേള്‍ക്കുന്നില്ല. ആരു പറഞ്ഞിട്ടും കേള്‍ക്കാത്ത ഒരു മിലിറ്റന്റ് ലൈനിലോട്ട് പൊയ്‌ക്കൊണ്ടിരുന്നതിന്റെ പിന്നില്‍ ഈ പറഞ്ഞ ഒരു വലിയ പിന്തുണയുണ്ട്. ഇനിയുള്ള കാലത്ത് അതെല്ലാം പുറത്തുവരും. വിഴിഞ്ഞത്തിനുവേണ്ടി ഞാന്‍ 30 വര്‍ഷം അദ്ധ്വാനിച്ചപ്പോള്‍ മറഞ്ഞിരുന്ന പല കാര്യങ്ങളും എന്റെ മുന്നില്‍ വെളിപാടുപോലെ വന്നിട്ടുണ്ടെങ്കില്‍ ഇതും വരും. ഈ 140 ദിവസത്തെ സമരത്തിന്റെ പിന്നിലും എന്തായിരുന്നുവെന്നത് പുറത്തുവരും.
വി-മാക് ഒരു 'ഈര്‍ക്കില്‍ സംഘടന'യാണെങ്കിലും ഒരുപാട് പ്രചാരണം നടത്തി. നിരവധി നോട്ടീസുകളിലൂടെയും ലഘുലേഖകളിലൂടെയും വസ്തുതകള്‍ ജനങ്ങളിലെത്തിച്ചു. ഒരുപാടു പേര്‍ അത് ഉപയോഗപ്പെടുത്തുന്നുണ്ട്, വായിക്കുന്നുണ്ട്, കമന്റ് തരുന്നുണ്ട്. വാസ്തവത്തില്‍ ഈ പദ്ധതി വിജയിക്കാന്‍ കാരണം, ഈ 140 ദിവസത്തെ സമരം പരാജയപ്പെടാന്‍ കാരണം പദ്ധതിയെ അനുകൂലിക്കുന്ന ആയിരക്കണക്കിനാളുകള്‍ നമ്മുടെ നാട്ടിലുണ്ട് എന്നതാണ്. വസ്തുതകള്‍ മനസ്സിലാക്കിയാണ് അവര്‍ അനുകൂലിക്കുന്നത്. ഞങ്ങള്‍ നടത്തിയത് ഒരു നിശ്ശബ്ദ സമരമായിരുന്നു. അതിന്റെ ഫലമാണിത്. കടം വാങ്ങിച്ച പൈസകൊണ്ട് ബിറ്റ് നോട്ടീസടിച്ച് വൈകുന്നേരങ്ങളില്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍നിന്നു വിതരണം ചെയ്യുമായിരുന്നു. ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു. ആളുകളെ ബോധവല്‍ക്കരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതിനെതിരെ പറഞ്ഞുകൊണ്ട് ആളുകള്‍ക്കിടയില്‍ കയറാന്‍ പറ്റില്ല. ജനങ്ങള്‍ക്കു തിരിച്ചു പറയാന്‍ അറിയാം. കടല്‍ കയറുന്നത് ഇവിടെ മാത്രമല്ല, കാസര്‍കോടും കടല്‍ കയറുന്നുണ്ട്, ഗുജറാത്തിലും അമേരിക്കയിലും കയറുന്നുണ്ട്. വിഴിഞ്ഞത്തു മാത്രം കയറുന്നുവെന്നു പറഞ്ഞാല്‍ ഞങ്ങളെങ്ങനെ വിശ്വസിക്കും എന്ന് അവര്‍ ചോദിക്കും.
എനിക്ക് ഇവിടെ വീട്ടില്‍ വലിയ പ്രശ്‌നമായിരുന്നു. കാരണം ഇതൊരു ക്രിസ്ത്യന്‍ ബെല്‍റ്റാണ്. ഇവര്‍ക്കൊക്കെ പള്ളിയില്‍ പോകാന്‍ മടിയായിരുന്നു ഒരുസമയത്ത്. സമൂഹം മൊത്തം എതിരായി. ഞാന്‍ ടി.വിയില്‍ ഇവര്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, നിരാഹാരവും കിടന്നപ്പോള്‍ അച്ചന്മാരെ തോല്‍പ്പിക്കാന്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ പ്രവര്‍ത്തിക്കുന്നു എന്ന പ്രചാരണമുണ്ടായി. അങ്ങനെയൊരു ഒറ്റപ്പെടലുണ്ടായി. എനിക്കു മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള പലര്‍ക്കുമുണ്ടായി. വെള്ളയമ്പലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ ഒരു ഡിബേറ്റ് നടന്നു. സമരസമിതിയുടെ കണ്‍വീനര്‍ സതീഷ് ഗോപി വിഴിഞ്ഞത്തിന് അനുകൂലമായി സംസാരിച്ചു. അതുകഴിഞ്ഞ് ഇറങ്ങി അദ്ദേഹം ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് തിരിച്ചുവിളിച്ചു. നിങ്ങള്‍ പോകരുത്, ആക്രമിക്കാന്‍ ആളുകള്‍ നില്‍പ്പുണ്ട് എന്നു പറഞ്ഞു. വീടെത്തുന്നതിനു മുന്‍പ് ആക്രമണമുണ്ടാകും. അതോടെ മ്യൂസിയത്തിന്റെ അവിടുന്ന് അദ്ദേഹം തിരിച്ചുവന്നു. നോക്കണം അതിന്റെയൊരു ഗ്രാവിറ്റി. അവസാന സമയമൊക്കെ ആയപ്പോള്‍ മിക്കവാറും എല്ലാവരും ഒരു ഭീതിയുടെ സാഹചര്യത്തിലേക്കു പോയിരുന്നു. നമുക്കൊന്നും ഇങ്ങനെ ഗൂണ്ടായിസവുമൊന്നും കാണിച്ച് എക്സ്പീരിയന്‍സ് ഇല്ലല്ലോ.
വിഴിഞ്ഞം വന്നപ്പോള്‍ എനിക്കു 'കിട്ടിയത്'
പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ ഇവരുടെ ഭാഗത്തുനിന്ന് 'സ്വീകരണം' തന്നില്ലെന്നു മാത്രമല്ല, എന്നെ ഇറക്കി വിടുകയും ചെയ്തു. ക്രെയിനും കൊണ്ട് കപ്പല്‍ വന്നപ്പോള്‍ അവിടെപ്പോയ എന്നെ ഇറക്കിവിട്ടു. ഞാനൊരു അനുഭവം പറഞ്ഞതാണ്; അതൊരു വലിയ വിഷയമാക്കുകയല്ല. എങ്ങനെയാണ് നമ്മള്‍ സ്വീകരിക്കപ്പെട്ടത് എന്ന കഥ പറയുകയാണ്. എനിക്കൊരു പാസ് തന്നു. ആ പാസുംകൊണ്ട് പോയപ്പോള്‍ കുടുംബത്തേയും കൂട്ടിയാണ് പോയത്. കാണാന്‍ പോയതാണ്; എനിക്കവിടെ ഒരു ഔദ്യോഗിക പരിപാടിയുമുണ്ട്: മുഖ്യമന്ത്രി വന്നു കപ്പല്‍ കാണാന്‍ പോകുന്ന സമയത്ത് ഒരു നറേഷന്‍. വിഴിഞ്ഞം തുറമുഖം വന്നതിന്റെ ചരിത്രം. എങ്ങനെയാണ് 30 വര്‍ഷം ഇതിലേയ്ക്ക് എത്തിയത് എന്നു പറയാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ക്ഷണിച്ചിട്ട് പോയതാണ്. ഞാന്‍ വണ്ടിയൊന്നും ചോദിച്ചില്ല; എന്റെ വണ്ടിയില്‍ വന്നുകൊള്ളാം എന്നു പറഞ്ഞു. ചെന്നപ്പോള്‍ എന്നെ മാത്രം കയറ്റാം, കുടുംബത്തെ കയറ്റാന്‍ പറ്റില്ലെന്നു പറഞ്ഞു. അവരെ കയറ്റുന്നില്ലെങ്കില്‍ ഞാനും കയറുന്നില്ല എന്നു പറഞ്ഞു. ഇതാണ് നമുക്കു കിട്ടിയത്. വലിയ അപമാനിക്കലായിപ്പോയി എന്നു ചൂണ്ടിക്കാട്ടി ഞാന്‍ മെസ്സേജ് കൊടുത്തു. ഇത്തവണ എന്നെ വിളിച്ചു. ഇനി നാണംകെടാന്‍ ഞാന്‍ വരുന്നില്ല എന്നു പറഞ്ഞു. പോയില്ല. വലിയ വിഷമമായിപ്പോയി. അവരോടു ചോദിച്ചപ്പോള്‍ പറഞ്ഞത് മുഴുവന്‍ ഗവണ്‍മെന്റാണ് ചെയ്തത് എന്നാണ്. എന്നെ ക്ഷണിച്ച മന്ത്രിയെ വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല. തിരിച്ച് പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാനാണെന്ന് ആരോ പറഞ്ഞിട്ട് അവിടെ ഉണ്ടായിരുന്നവര്‍ തിരിച്ചു വിളിച്ച് എല്ലാവരേയും കയറ്റി. നറേഷന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. നമ്മള്‍ ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഇതുവരെ വിഴിഞ്ഞത്തിനുവേണ്ടി നിന്നത്. അതുകൊണ്ട് പരിഭവമില്ല. ഒരുപാടുപേര്‍ എന്നെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചിട്ടുണ്ട്; അദാനിയുടെ കയ്യില്‍നിന്നു കോടികള്‍ വാങ്ങിയിട്ടാണ് നിങ്ങള്‍ അനുകൂലിക്കുന്നതെന്ന്. സമുദായത്തെ ഒറ്റുകൊടുക്കുന്നു, കുലംകുത്തി തുടങ്ങിയ ആക്ഷേപങ്ങള്‍. ഞാന്‍ അവരെ വെല്ലുവിളിച്ചു, ഞാന്‍ അദാനിയില്‍നിന്നോ മറ്റാരുടെയെങ്കിലും കയ്യില്‍നിന്നോ അഞ്ചുപൈസ ഇതിന്റെ പേരില്‍ വാങ്ങിയതായി തെളിയിച്ചാല്‍ നിങ്ങളുടെ സമരത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ വരാം. ഞാന്‍ വാങ്ങിച്ചെങ്കിലല്ലേ തെളിയിക്കാന്‍ പറ്റുകയുള്ളൂ.
രണ്ടാം നിരാഹാരത്തിന്റെ ദിനങ്ങള്‍
രണ്ടാം തവണ ഏഴു ദിവസമാണ് വിഴിഞ്ഞത്തിനുവേണ്ടി പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നിരാഹാരം കിടന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുക എന്നായിരുന്നു ആവശ്യം. ചൂടുവെള്ളം മാത്രമാണ് ആ ദിവസങ്ങളില്‍ ആകെ കഴിച്ചത്. ആരോഗ്യസ്ഥിതി ആകെ മോശമായി. പാളയം ജുമാ മസ്ജിദിന്റെ ശുചിമുറിയിലാണ് മൂത്രമൊഴിക്കാന്‍ പോകുന്നത്. വേറൊരിടത്തും പോകുന്നില്ലെന്നു മുഴുവന്‍ സമയവും അവിടെയുള്ള പൊലീസിനുള്‍പ്പെടെ അറിയാം. നാലു ദിവസമായപ്പോള്‍ത്തന്നെ പൊലീസ് വന്നു പറഞ്ഞു, ഞങ്ങള്‍ക്കെന്തെങ്കിലും തീരുമാനമെടുക്കേണ്ടിവരും. നിങ്ങളെന്തെങ്കിലും ചെയ്യണം. ഈ സ്ഥിതി തുടരാന്‍ പറ്റില്ല. ഏഴു ദിവസമായപ്പോള്‍ വളരെ വീക്കായി. പൊലീസ് ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കേള്‍ക്കുന്നു വിഴിഞ്ഞത്ത് ഭയങ്കര അടി നടക്കുന്നു. ഒരുപാടു പേര്‍ക്ക് പരിക്കുണ്ട്. ആളുകളെ അങ്ങോട്ടു കൊണ്ടുവരുന്നു. ആശുപത്രി സെക്യൂരിറ്റിക്കും മെസ്സേജ് വന്നു. വീട്ടുകാര്‍ പേടിച്ചുപോയി. വരുന്നവര്‍ ആരാണ്; എന്നെ ശത്രുവായി കാണുന്നവര്‍. എന്നെ കണ്ടാല്‍ കൊല്ലാന്‍ നില്‍ക്കുന്നവര്‍. അവിടെനിന്നു നേരെ കിംസിലേക്കു പോയി. അവിടെ നിരാഹാരം തുടരാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. പിന്നെ വീട്ടുകാരും കൂടി പറഞ്ഞു, വാശി പിടിക്കരുത്. ഞങ്ങളുടെ മുദ്രാവാക്യം കണ്ടിട്ട് ഈ രൂപതയില്‍പ്പെട്ട ഒരു പുരോഹിതന്‍ സമരപന്തലില്‍ വന്നു. അവരുടെ ക്ഷേമത്തിനുവേണ്ടിക്കൂടിയാണ് തുറമുഖം എന്നാണ് ഞങ്ങള്‍ 30 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരെ പറിച്ചെറിഞ്ഞു നശിപ്പിച്ചിട്ട് അദാനിയെ നശിപ്പിക്കുക എന്ന ലക്ഷ്യം നമുക്കില്ല. സമൂഹത്തിലെ എല്ലാവര്‍ക്കും വികസനത്തിന്റെ ഗുണം കിട്ടണം.
ഞാന്‍ ആദ്യം നിരാഹാരം കിടന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നു. ജമീല പ്രകാശം നിയമസഭയില്‍ ഉന്നയിച്ചു: വിഴിഞ്ഞം സമിതിയുടെ പ്രതിനിധി നിരാഹാരം കിടക്കുന്നത് ഈ പദ്ധതി നന്നായി നടത്താനാണ്; കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞത് എന്താണെന്ന് അറിയാമോ, തിരുവനന്തപുരത്തെ തെരുവുനായയുടെ വിലപോലും ആ സമിതിക്കില്ല എന്ന്. പക്ഷേ, സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷം ഏറ്റെടുത്തതോടെ ഞങ്ങള്‍ അന്നു നിരാഹാരം അവസാനിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മലക്കം മറിച്ചില്‍
ഇതില്‍ രാഷ്ട്രീയമായി ഒരു കാര്യമുള്ളത് രേഖയായി വരേണ്ടതാണ്. തുടര്‍ച്ചയായി മൂന്നു ടെന്‍ഡര്‍ പരാജയപ്പെട്ടു. ഒരാള്‍ക്കു കിട്ടുന്നു, കിട്ടാത്തവര്‍ കേസ് കൊടുക്കുന്നു, അങ്ങനെ സൂം ഡെവലപ്പേഴ്സ് പോയി, ലാന്‍കോ കൊണ്ടപ്പള്ളി പോയി, ബെല്‍സ്പണ്‍ പോയി. അതോടെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു. അവിടെവെച്ച് ഒരു തീരുമാനമെടുക്കുന്നു, ഇനി ടെന്‍ഡറൊന്നും വേണ്ട. സിയാല്‍ മാതൃകയില്‍ കേരള ഗവണ്‍മെന്റ് ഇതു പണിയുന്നു; നടത്തിപ്പ് ആരെ വേണമെങ്കിലും ഏല്‍പ്പിക്കാം. അതിനു ടെന്‍ഡര്‍ വിളിക്കാം. ഏകകണ്ഠമായിരുന്നു തീരുമാനം. ആ സര്‍ക്കാര്‍ മാറി; ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും കെ. ബാബു തുറമുഖ മന്ത്രിയുമായ സര്‍ക്കാര്‍ വന്നു. മന്ത്രിസഭയും കോണ്‍ഗ്രസ് പാര്‍ട്ടിയും പോലും അറിയാതെ മുഖ്യമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് ഒരു കത്തയയ്ക്കുന്നു. വിഴിഞ്ഞം തുറമുഖം പി.പി.പി മോഡലില്‍ നടത്താന്‍ തയ്യാറാണ്. സര്‍വ്വകക്ഷി യോഗ തീരുമാനം എവിടെയോ പോയി. ഗവണ്‍മെന്റ് ഒരു തുടര്‍ച്ചയാണല്ലോ. ഇവരുംകൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് സിയാല്‍ മോഡല്‍. അങ്ങനെയൊരു നയപരമായ തീരുമാനമെടുത്തിട്ട് അതു മാറ്റി പി.പി.പി ആക്കാന്‍ സന്നദ്ധത അറിയിച്ചു. ഗജേന്ദ്ര ഹല്‍ദിയ എന്ന ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസര്‍ ഉണ്ടായിരുന്നു ഇവര്‍ക്ക്. അദ്ദേഹത്തിന്റെ ഉപദേശമായിരുന്നു അത്. പിന്നീടാണ് അദാനി ചിത്രത്തില്‍ വരുന്നത്. ഗജേന്ദ്ര ഹല്‍ദിയ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്തായിരുന്നു അദ്ദേഹത്തിന്റെ റോള്‍, ഉമ്മന്‍ ചാണ്ടി കത്തെഴുതാനുള്ള ചേതോവികാരം എന്താണ്, അദാനി എങ്ങനെ വന്നു, സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചത് എന്തിനാണ് തുടങ്ങിയ പല ചോദ്യങ്ങളും ഉത്തരമില്ലാതെ കിടക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യണ്ടേ. അതുപോലും ഉണ്ടായില്ല. ഒടുവില്‍ ഈ കരാറിന്റെ അന്തിമഘട്ടമായപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഞങ്ങളെ വിളിച്ചു. കരാറിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപണം വരികയും മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തപ്പോഴായിരുന്നു അത്. അദ്ദേഹം മുന്‍പും ഞങ്ങളുടെ പരിപാടികള്‍ക്കു പലതിനും ഉദ്ഘാടകനായി വന്നിട്ടുണ്ട്. അദ്ദേഹത്തിനു വിഴിഞ്ഞം അറിയാം. ഇന്ദിരാഭവനില്‍ വിഴിഞ്ഞം കമ്പനി (വിസ്ല്‍) പ്രതിനിധികളേയും ഞങ്ങളേയും ഒന്നിച്ചിരുത്തി അദ്ദേഹം സംസാരിച്ചു. ഞങ്ങള്‍ മുന്‍പ് ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു. അവര്‍ ചില മറുപടികളും തന്നു. പക്ഷേ, സുധീരനു ബോധ്യപ്പെട്ടില്ല. ഞങ്ങളോട് കാര്യങ്ങള്‍ എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് യു.ഡി.എഫ് യോഗമുണ്ട്. അതില്‍ ചര്‍ച്ച ചെയ്തിട്ട് മുന്നോട്ടു പോകണോ എന്നു തീരുമാനിക്കാം എന്നു പറഞ്ഞു. സംസാരത്തിനിടയില്‍ അവര്‍ ആര്‍ക്കോ ഫോണില്‍ മെസ്സേജ് അയയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്ദിരാഭവന്‍ വളപ്പില്‍ ഒരു ഗുണ്ടാസംഘം ഞങ്ങളെ വളഞ്ഞു. അവരില്‍ ചിലര്‍ നമ്മുടെ കൂടെ പ്രചാരണത്തിനൊക്കെ നടന്ന ആളുകളാണ്. സുധീരന്‍ ഈ യോഗത്തില്‍ വിപരീത നിലപാടെടുത്താല്‍ ഞങ്ങളെ ആക്രമിക്കാന്‍ പ്ലാന്‍ ചെയ്താണ് അവര്‍ വന്നത്. കാത്തുനിന്നവര്‍ക്ക് വിവരം കൊടുക്കുകയാണ് യോഗത്തിനിടെ മറുപക്ഷം ചെയ്തത്. ഗുണ്ടകള്‍ക്ക് ഞങ്ങളെ തല്ലണം; കരാര്‍ നടക്കണം. പിന്നീടു മനസ്സിലായത്. ഇവരില്‍ ഒരാളുടെ ഒന്നര ഏക്കര്‍ ഭൂമി വില്‍ക്കാന്‍ കമ്പനിയുമായി ധാരണയായിരിക്കുകയാണ്. കരാര്‍ നടന്നില്ലെങ്കില്‍ ഭൂമി വില്‍പ്പന നടക്കില്ല. അങ്ങനെ പലര്‍ക്കും വിഴിഞ്ഞത്ത് പല അജന്‍ഡകളായിരുന്നു.
അണിയറ ചെയ്യുന്ന കാലത്ത് രാവിലെ ഓഫീസിലെത്തുമ്പോള്‍ കാസര്‍കോട്ടുനിന്നും ഇടുക്കിയില്‍നിന്നുമൊക്കെ വന്ന പലരും കാത്തിരിക്കുന്നുണ്ടാകും. ജീവിതം പറയാന്‍ വന്നവരാണ്.
മനുഷ്യരുണ്ട് കൂടെ
തെളിവുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്. തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നില്ല. പക്ഷേ, കാലം ഇനിയും പലതും പുറത്തുകൊണ്ടുവരാനുണ്ട്. അതൊക്കെ പുറത്തുവരിക തന്നെ ചെയ്യും. ഞങ്ങളുടെ കര്‍മ്മസമിതി ഇപ്പോഴുമുണ്ട്, പിരിച്ചുവിട്ടിട്ടൊന്നുമില്ല. ഇടപെടേണ്ട കാര്യങ്ങളും സന്ദര്‍ഭങ്ങളും വന്നാല്‍ ഇടപെടുകയാണ് ലക്ഷ്യം. ഒരു പൈസപോലും ഫണ്ടില്ലാത്ത സംഘടനയാണ്. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും ചേരിതിരിവുകളുമില്ല. എപ്പോള്‍ വിളിച്ചാലും കിട്ടുന്ന കുറേപ്പേരുണ്ട് കൂടെ.
അമ്മ ട്രീസ ജോണും അച്ഛന്‍ ജോണ്‍ ഫെര്‍ണാണ്ടസും ഇപ്പോഴില്ല. ജീവിതപങ്കാളി ഷേര്‍ളി എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്. മകള്‍ അന്ന നെതര്‍ലന്‍ഡ്‌സില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പിഎച്ച്.ഡി ചെയ്യുന്നു, മകന്‍ ജോണ്‍ ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍. ഷേര്‍ളിയുടെ അമ്മ കുഞ്ഞമ്മ ഉള്‍പ്പെടെ കുടുംബമുണ്ട് കൂടെ.
അമേരിക്കയില്‍ എം.എസ് ചെയ്ത, ഇന്‍കലില്‍ ജോലിയുണ്ടായിരുന്ന പ്രശാന്ത് ഡേവിഡ് ആണ് പ്രതിബദ്ധതകൊണ്ടുമാത്രം എനിക്കു പിന്നാലെ രക്തസാക്ഷി മണ്ഡപത്തില്‍ എട്ടാം ദിവസം നിരാഹാരം കിടന്നത്. വില്‍ഫ്രഡ് കുലാസ്, എസ്. മോഹന്‍കുമാര്‍ തുടങ്ങി വി-മാക് പ്രവര്‍ത്തകരുടേയും ഭാരവാഹികളുടേയും സത്യസന്ധമായ ഇടപെടലുകള്‍ കൂടിയാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത്. ചെറുസംഘത്തിന്റെ വലിയ ഇടപെടലുകള്‍ക്കു കിട്ടിയ വലിയ സംതൃപ്തി. ജയമോഹന്‍, എം. പോള്‍, രജനീഷ്, സാജു ആന്റണി, ഗിരിജ ടീച്ചര്‍, അന്നക്കുട്ടി ജോസഫ്, രാജേന്ദ്ര ബാബു, വിഴിഞ്ഞം ജബ്ബാര്‍, സലീം ഖാന്‍, അഭിഷേക്, ജ്യോതി വയനാട് തുടങ്ങിയ പേരുകള്‍ മറക്കാനാകില്ല.
അണിയറ ചെയ്യുന്ന കാലത്ത് രാവിലെ ഓഫീസിലെത്തുമ്പോള്‍ കാസര്‍കോട്ടുനിന്നും ഇടുക്കിയില്‍നിന്നുമൊക്കെ വന്ന പലരും കാത്തിരിക്കുന്നുണ്ടാകും. ജീവിതം പറയാന്‍ വന്നവരാണ്. അത്തരം അനുഭവങ്ങളുടെകൂടി തീക്കാറ്റാണ് എന്നെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചകളെ സ്വാധീനിച്ചത്. അവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരാളെങ്കിലും മതി. അങ്ങനെ നിശ്ശബ്ദം കേട്ടിട്ടുണ്ട്; ഇടപെട്ടിട്ടുണ്ട്. എല്ലാ പ്രതിസന്ധികളുടേയും ആത്യന്തിക പ്രശ്‌നം സാമ്പത്തിക പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ പല വഴികളും നോക്കിയെങ്കിലും വിജയിച്ചില്ല. അങ്ങനെ ബുദ്ധിമുട്ടുന്നവരെയെല്ലാം സഹായിക്കാന്‍ കഴിയുന്നവിധം സാമ്പത്തിക സ്രോതസ്സുണ്ടാക്കാന്‍ വ്യക്തിപരമായി കഴിയില്ലെന്നു ബോധ്യപ്പെട്ടു. നാട് വികസിക്കുകയും അതുവഴി ആളുകളുടെ പ്രതിസന്ധികള്‍ പരിഹരിക്കുകയുമാണ് വഴി. വിഴിഞ്ഞം തുറമുഖവും അതിലേക്കുള്ള വലിയ ഒരു വഴിയാണ്. ഇന്നല്ലെങ്കില്‍ നാളെ കേരളം അതിന്റെ ഗുണഫലം അനുഭവിക്കുകതന്നെ ചെയ്യും.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates