''നാടകം കളിക്കാന്‍ വാങ്ങിയ കരിവള വിറ്റ് ഞാനെന്റെ ആദ്യത്തെ മകനു വെള്ളച്ചായ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്''

ജോലിക്കാരിയായും തന്റേടിയായും 90 വയസ്സുള്ള അമ്മൂമ്മയായും ഹായ് മമ്മീ എന്നു വിളിക്കുന്ന കൊച്ചു പെണ്‍കുട്ടിയായും നീഗ്രോ വനിതയായും എന്നുവേണ്ട എത്രയെത്ര കഥാപാത്രങ്ങളാണ് നാടകവേദികളില്‍ കെ.പി.എ.സി സൂസന്‍ രാജ് അവതരിപ്പിച്ചത്്
KPAC SUSAN RAJ
കെ.പി.എ.സി സൂസന്‍ രാജ്vincent pulickal /Express
Updated on
9 min read

കേരളത്തിന് അപരിചിതയല്ലാത്ത കെ.പി.എ.സി സൂസന്‍ രാജ് എന്ന നാടകനടിയുടെ ജീവിതം എങ്ങനെ ഈ വിധം വേദനിപ്പിക്കുന്നതായിപ്പോയി എന്നു വിശദമായി പറയുന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഇടപെടലുകള്‍ക്ക് വഴിതെളിഞ്ഞാലോ എന്ന പ്രതീക്ഷകൊണ്ടാണ്. തിരുവനന്തപുരം നഗരത്തില്‍ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിനു മുന്നില്‍ ഭാഗ്യക്കുറി വില്‍ക്കുന്ന സൂസന് ആരോഗ്യകാരണങ്ങളാല്‍ ഇനി നാടകത്തില്‍ അഭിനയിക്കാന്‍ കഴിയില്ല. പക്ഷേ, സീരിയലുകളിലോ സിനിമകളിലോ അവസരങ്ങള്‍ കിട്ടിയാല്‍ പോകും. പേരെടുക്കാനല്ല; ചികിത്സയും ഭക്ഷണവും ഉറപ്പാക്കാനും അലച്ചിലും വിഷമങ്ങളും അവസാനിപ്പിക്കാനുമാണ്. ''ഞാനിങ്ങനെ സ്പീഡില്‍ പറഞ്ഞുപോകുന്നതുകൊണ്ടാണ് കരയാത്തത്. ആലോചിച്ച് പറഞ്ഞാല്‍ കരഞ്ഞുപോകും. ഭര്‍ത്താവ്, അച്ഛന്‍, അമ്മ, കൂടെപ്പിറപ്പുകള്‍, ബന്ധുക്കള്‍ ആരുമില്ല. കുടുംബശ്രീയും വേള്‍ഡ് വിഷനുമായൊക്കെ ചേര്‍ന്നു സജീവമായി നിന്നിരുന്നു. ഇപ്പോള്‍ എല്ലാത്തില്‍നിന്നും പിന്മാറി. ആരോഗ്യമില്ലാതായി. അരിസ്റ്റോയില്‍ പോയി വിഷമിച്ചിരുന്നാല്‍ എല്ലാവരും സ്‌നേഹത്തോടെ വഴക്കു പറയും; ചേച്ചീ/അമ്മാ നിങ്ങളെന്തരിന് ഇങ്ങനെ ദുഃഖിച്ച് ഇരിക്കണത്. പക്ഷേ, എപ്പോഴും നമുക്ക് ആലോചിക്കാതിരിക്കാന്‍ പറ്റുമോ? കൂടെയുണ്ടായിരുന്നവരെല്ലാം നല്ല നിലയിലെത്തി. ഏറ്റവും കൂടുതല്‍ അവഗണന നേരിട്ടത് ചെങ്കല്‍ച്ചൂളയില്‍നിന്നു വരുന്ന ആള്‍ എന്ന പേരിലാണ്.'' ജാതിയും താമസിക്കുന്ന സ്ഥലവുമൊക്കെ കലയ്ക്കും മനുഷ്യനും ജീവിതത്തിനും ഇടയില്‍ തടസ്സങ്ങളാകുന്നതിന്റെ നേരനുഭവം കൂടിയാണ് സൂസന്റേത്.

എം. സൂസി എന്നാണ് പേര്. കെ.പി.എ.സിയില്‍ പോയപ്പോഴാണ് കെ.പി.എ.സി സൂസന്‍ രാജ് ആയത്. ''അങ്ങനെ പേരിടുന്നെങ്കില്‍ കലാനിലയം സൂസി എന്നായിരുന്നു ഇടേണ്ടത്. കലാനിലയത്തിലായിരുന്നല്ലോ വര്‍ഷങ്ങളോളം. പിന്നെ, അവരുടെ കൂടെ ചേര്‍ന്നപ്പോള്‍ കെ.പി.എ.സിയുടെ സെക്രട്ടറിയായിരുന്ന ഗോപി സാറാണ് അങ്ങനെ പേര് നിശ്ചയിച്ചത്. ജോലിക്കാരിയായും തന്റേടിയായും 90 വയസ്സുള്ള അമ്മൂമ്മയായും ഹായ് മമ്മീ എന്നു വിളിക്കുന്ന കൊച്ചു പെണ്‍കുട്ടിയായും നീഗ്രോ വനിതയായും എന്നുവേണ്ട എത്രയെത്ര കഥാപാത്രങ്ങളാണ് നാടകവേദികളില്‍ അവതരിപ്പിച്ചത്. ഇപ്പോഴായാലും ഇന്ന വേഷം എന്നൊന്നുമില്ല. ജീവിക്കണം. പക്ഷേ, നാടകത്തില്‍ നിന്നഭിനയിക്കാന്‍ ആരോഗ്യം അനുവദിക്കില്ല. സീരിയലില്‍ വിളിച്ചാല്‍ അഭിനയിക്കാന്‍ കഴിയും. വലിയ പ്രതീക്ഷയാണ്; ആരെങ്കിലുമൊക്കെ വിളിക്കാതിരിക്കില്ല.''

പാര്‍ട്ടിപരമായി പറയുന്നതല്ല, 18 വര്‍ഷം ഞാന്‍ സി.പി.ഐയില്‍ വര്‍ക്ക് ചെയ്തു. കെ.പി.എ.സിയില്‍ എത്തുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സുകാരിയായിരുന്നു. കെ.പി.എ.സിയില്‍ ചെന്നതിനുശേഷം ഞാനീ പാര്‍ട്ടിയില്‍ത്തന്നെയാണ് നിന്നത്. പക്ഷേ, തമ്പാനൂരില്‍ സര്‍ക്കാര്‍ വക ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുമ്പോള്‍ അവിടെ ഒരു മുറി കട കിട്ടിയാല്‍ എന്തെങ്കിലുമൊരു കച്ചവടം ചെയ്തു ജീവിക്കാമല്ലോ എന്ന പ്രതീക്ഷയില്‍ ഒരു ശ്രമം നടത്തി. അവിടെ അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന അദ്ദേഹത്തോട് ഞാന്‍ ചെന്നു പറഞ്ഞു. തലനരച്ച നിനക്ക് ഞങ്ങളെവിടെ ജോലി വാങ്ങിച്ചുതരാന്‍ എന്നായിരുന്നു മറുപടി.

തലനരച്ച നിനക്കെവിടെ ജോലി?

''പാര്‍ട്ടിപരമായി പറയുന്നതല്ല, 18 വര്‍ഷം ഞാന്‍ സി.പി.ഐയില്‍ വര്‍ക്ക് ചെയ്തു. കെ.പി.എ.സിയില്‍ എത്തുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സുകാരിയായിരുന്നു. കെ.പി.എ.സിയില്‍ ചെന്നതിനുശേഷം ഞാനീ പാര്‍ട്ടിയില്‍ത്തന്നെയാണ് നിന്നത്. പക്ഷേ, തമ്പാനൂരില്‍ സര്‍ക്കാര്‍ വക ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുമ്പോള്‍ അവിടെ ഒരു മുറി കട കിട്ടിയാല്‍ എന്തെങ്കിലുമൊരു കച്ചവടം ചെയ്തു ജീവിക്കാമല്ലോ എന്ന പ്രതീക്ഷയില്‍ ഒരു ശ്രമം നടത്തി. അവിടെ അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന അദ്ദേഹത്തോട് ഞാന്‍ ചെന്നു പറഞ്ഞു. തലനരച്ച നിനക്ക് ഞങ്ങളെവിടെ ജോലി വാങ്ങിച്ചുതരാന്‍ എന്നായിരുന്നു മറുപടി. സത്യത്തില്‍ ആ സമയത്ത് എന്റെ മുടികള്‍ അവിടവിടെയൊക്കെയോ നരച്ചിട്ടുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രായം ഒരു കാരണമാക്കി മനുഷ്യത്വമില്ലാതെ പ്രതികരിച്ചത് വല്ലാതെ സങ്കടപ്പെടുത്തി. കാരണമെന്താണെന്നു വെച്ചാല്‍ നേരത്തേ ഞാന്‍ കുടുംബശ്രീ യൂണിറ്റുണ്ടാക്കിയപ്പോള്‍ കൂടെ 22 പേരോളം ഉണ്ടായിരുന്നു. പെണ്ണുങ്ങളെ ജോലിക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ഒക്കെ ചെയ്തിരുന്നു. ഇടയ്ക്കു ജാഥയ്ക്കും ഒക്കെ പോകും. ഏഴു മണിക്ക് എന്നു പറഞ്ഞാല്‍ ആറ് മണിക്കുതന്നെ പെണ്ണുങ്ങളെ കൊണ്ടുപോകുമായിരുന്നു. അണ്ണന്റെ വായില്‍നിന്ന് ഇങ്ങനെയൊരു വാക്കു കേട്ടപ്പോള്‍ ഭയങ്കര പ്രയാസമായി. അങ്ങനെ ഞാന്‍ സി.പി.ഐയില്‍നിന്നു പതുക്കെപ്പതുക്കെ പിന്‍വാങ്ങി. ഒരു വര്‍ഷം മുന്‍പുവരെ സജീവമായിരുന്നു. മഹിളാസംഘത്തിലും കമ്മിറ്റിയിലായിരുന്നാലും ജാഥയ്ക്കായിരുന്നാലും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. തലനരച്ച നിനക്ക് ഞങ്ങള്‍ എവിടെ ജോലി വാങ്ങിത്തരാനാ എന്നു ചോദിച്ചതിനെക്കുറിച്ച് കമ്മറ്റിയില്‍ സംസാരിച്ചപ്പോള്‍ അവര്‍ എടുത്ത വായയില്‍ പറഞ്ഞത്, അത് സൂസിയോട് തമാശ പറഞ്ഞതാണ് എന്നായിരുന്നു. ഇതാണോ തമാശ? എന്തു തമാശയാ ഇത്? എനിക്ക് നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ അല്ലെങ്കില്‍ ഞാന്‍ 37 വര്‍ഷം നാടകത്തില്‍ നിന്നിട്ട് ഞാന്‍ ഇങ്ങനെയൊരു ജീവിതം ഇഷ്ടപ്പെടുമോ? ആദ്യം, ഇഷ്ടപ്പെട്ട ആളുടെ കൂടെ പോയി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കഷ്ടപ്പെട്ടു. അയാള്‍ ഒരു ജോലിക്കും പോകില്ലായിരുന്നു. ഞാന്‍ ജോലിചെയ്ത് കൊണ്ടുകൊടുക്കണം. മക്കളെ വളര്‍ത്താനാണെങ്കിലും എന്തിനായാലും കുറെ കഷ്ടപ്പെട്ടു. പിന്നീട് ജീവിതത്തില്‍ ഞാന്‍ പുരോഗമിച്ച് വന്നപ്പോഴേയ്ക്കും എന്റേതായ ഒരിത് ഉണ്ടായിരുന്നു, ഒരു അന്തസ്സ്. ഇവിടെ കീര്‍ത്തി ഹോട്ടലില്‍ ഞാന്‍ കാറില്‍ ഉണ്ണാന്‍ പോയിരുന്ന സ്ഥലമാണ്. അവിടെ ഞാന്‍ പിന്നീട് വേസ്റ്റ് എടുക്കാന്‍ പോകേണ്ടിവന്നു. അത് മനുഷ്യന്റെ ഒരു സാഹചര്യം. തൂത്തുവാരി കൊടുത്താല്‍ മതിയെന്നു പറഞ്ഞതനുസരിച്ച് ഒരു സ്ഥാപനത്തില്‍ ജോലിക്കു പോയി. അവിടെ ചെന്നപ്പോള്‍ തൂത്തുവാരുന്നത് മാത്രമല്ല, മറ്റു പല ജോലികളും ചെയ്യണം. അതെല്ലാം കഴിഞ്ഞപ്പോള്‍ കക്കൂസ് കഴുകണം എന്ന് അവര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ അവിടെനിന്നു ഞാനങ്ങ് ഭയങ്കരമായി വിഷമിച്ചു. കണ്ണുകളൊക്കെ നിറഞ്ഞു. പിന്നീടാണ് കുടുംബശ്രീയുടെ ഭാഗമായി വേസ്റ്റ് എടുക്കാന്‍ പോയത്. റോഡില്‍ പൊതിച്ചോറ് വില്‍ക്കാന്‍ പോയി. അങ്ങനെ പല ജോലികളും ചെയ്തിട്ട് ഒടുവിലാണ് ലോട്ടറി കച്ചവടത്തിനിറങ്ങിയത്. ഇടയ്ക്ക് ഹാര്‍ട്ടിന്റെ ഓപ്പറേഷന്‍ വേണ്ടിവന്നു. അതു കഴഞ്ഞതിനുശേഷവും ലോട്ടറി കച്ചവടം തുടര്‍ന്നു. അതിനുമുന്‍പ് എന്റെ അമ്മ അഞ്ച് വര്‍ഷവും മൂന്ന് മാസവും ഒരേ കിടപ്പായിരുന്നു. പട്ടിണിയും കഷ്ടപ്പാടുമൊക്കെയായി അമ്മയെ മരണം വരെ നോക്കി. പ്രണയവും വിവാഹവും രണ്ടുവട്ടം ഗര്‍ഭപാത്ര ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുമ്പോഴാണ് കെ.പി.എ.സിയില്‍ നിന്ന് ആള്‍ വന്നത്. ആ മുറിവും വച്ചുകെട്ടിയിട്ടാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്. അവിടെ മൂന്ന് വര്‍ഷത്തോളം നിന്നു. അപ്പോഴേക്കും വയറിനു വേദനയുണ്ടായി. അവര്‍ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. രണ്ടാമത്തെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മരിക്കാം എന്ന തീരുമാനത്തില്‍ ഇരിക്കുമ്പോഴാണ് ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്ക് ഇടയായത്.

KPAC SUSAN RAJ
കെ.പി.എ.സി സൂസന്‍ രാജ്vincent pulickal /Express

ന്യൂ ഇന്ത്യന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ വീട്ടില്‍ വന്നു. എനിക്ക് പെന്തക്കോസ്ത് ഇഷ്ടമല്ലായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതല്ലേ. അവരുടെ പള്ളിയിലേക്ക് ആയതിനുശേഷം ഞങ്ങളിങ്ങനെ കഷ്ടപ്പെടുന്നത് അവര്‍ കണ്ടു. എന്റടുത്ത് പറഞ്ഞു: സഹോദരീ ഞങ്ങള്‍ ഒരു ചെറിയ സഹായം ചെയ്യാം. ഒരു പത്തുപേര്‍ക്ക് സൂസി ആഹാരം കൊടുക്കുമെങ്കില്‍ നിങ്ങള്‍ രണ്ട് പേര്‍ക്കും ആഹാരം കിട്ടും. ഞാനും വിചാരിച്ചു ആഹാരം കിട്ടുമെങ്കില്‍ അതു ചെയ്യാം; ഒരു നല്ല കാര്യമാണല്ലോ. അരിയും സാധനങ്ങളുമൊക്കെ പാസ്റ്റര്‍ കൊടുത്തയയ്ക്കും. ന്യൂ ഇന്ത്യന്‍ ചര്‍ച്ച് പാസ്റ്ററുടെ പേര് എബ്രഹാം തോമസ്, പിന്നെ നീനു പുന്നൂസ്. ഞങ്ങള്‍ അങ്ങനെ കുറച്ച് പേര്‍ക്ക് ആഹാരം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞു. അവര്‍ ഒരു ചാക്ക് അരി എടുത്തുതന്നു. സ്റ്റേഷനിലെ സുരേഷ് സാര്‍, തങ്കച്ചന്‍ സാര്‍; പിന്നീട് സി.ഐ ഷാഫി സാര്‍. ഹാര്‍ട്ടിന് ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ ഷാഫി സാര്‍ മരുന്നിനു പൈസ കൊടുത്തയയ്ക്കുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം മെഡിക്കല്‍ കോളേജ് സി.ഐ ആണ്. അങ്ങനെ മൂന്നു വര്‍ഷം പാവപ്പെട്ടവര്‍ക്ക് ചോറ് കൊടുത്തുകൊണ്ടിരുന്നു. വിധവകള്‍, കാന്‍സര്‍ രോഗികള്‍, ഹൃദയത്തിനു തകരാറുള്ളവര്‍, റോഡ് പണിക്ക് വരുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ ഭക്ഷണം കൊടുത്തു. പിന്നീടാണ് ഹാര്‍ട്ടിന് ഓപ്പറേഷന്‍ കഴിഞ്ഞത്. പിന്നീട് എനിക്ക് ജോലിക്കു പോകാനും വയ്യ. ആഴ്ചയില്‍ 580 രൂപ മരുന്നിനു വേണം. അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. മൂന്ന് ആണ്‍മക്കളാണ്. അവര്‍ക്ക് അവരുടെ കുടുംബം, അവരുടേതായ കാര്യങ്ങള്‍. ഇളയമകനും കുടുംബവും കൂടെ താമസിക്കുന്നു. രണ്ട് പേര്‍ മാറി താമസിക്കുന്നു. അവര്‍ക്ക് അവരുടേതായ പ്രാരബ്ധങ്ങള്‍. രണ്ട് വര്‍ഷമായി ലോട്ടറി കച്ചവടം. ഇപ്പോഴത്തെ ഏക വരുമാനം. കലാനിലയത്തില്‍നിന്ന് ഇവിടേയ്ക്കാണ് വന്നത്. ഒന്‍പതാമത്തെ വയസ്സിലാണ് നാടകത്തിന് ഇറങ്ങുന്നത്. നന്ദന്‍കോട് ഗ്ലാഡിസ് ആണ് എന്നെ ഈ ഫീല്‍ഡില്‍ ഇറക്കിയത്. അവരൊരു ആര്‍ട്ടിസ്റ്റാണ്. അവരുടെ കൂടെയാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. കലാനിലയത്തിലേക്ക് ഒരു പയ്യന്‍ വേണം. ആ പയ്യനാവാന്‍ എന്നെ വന്നു വിളിച്ചു. ദശാവതാരം നാടകമാണ്, വി.ജെ.ടി ഹാളില്‍. പ്രഹ്ലാദന്റെ വേഷമായിരുന്നു. പിന്നെ വാമനന്റെ വേഷം, അതു കഴിഞ്ഞ് സീതയുടെ വേഷം. ഞാന്‍, ജഗതി ശ്രീകുമാര്‍, സി.ഐ. പോള്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍. ഞങ്ങള്‍ ഒരു ടീമായിരുന്നു. എന്റെ പതിനാലാമത്തെ വയസ്സിലാണ് അമ്മയും അപ്പനും ഇവിടേയ്ക്കു താമസം മാറുന്നത്. ആയിടെ കോഴിക്കോട് നിന്ന് ഒരു വിവാഹാലോചന വന്നു. അവര്‍ക്ക് ഇവിടെ വന്നു കണ്ടപ്പോള്‍ സ്ഥലം പിടിച്ചില്ല. ഇന്നത്തെ ചെങ്കല്‍ച്ചൂള അല്ലല്ലോ അന്ന്. ഇവിടെന്നു മാറി താമസിക്കണം എന്നു പറഞ്ഞപ്പോള്‍ അങ്ങനെ മാറി താമസിക്കാനൊന്നും പറ്റില്ല എന്ന് അമ്മ പറഞ്ഞു. ആ ബന്ധം പോയി. തിരിച്ച് കലാനിലയത്തില്‍ പോകാനും വയ്യ. പിന്നെയാണ് പ്രണയവും വിവാഹവും. വളരെ കഷ്ടപ്പെട്ടു. ഒരാഴ്ചത്തെ പരിചയത്തിലുള്ള ഇഷ്ടംകൊണ്ട് ശെല്‍വരാജിന്റെ കൂടെ ഇറങ്ങിപ്പോയതാണ്. അന്നു മുതല്‍ ദുരിതമായിരുന്നു. ആഹാരത്തിനായാലും വസ്ത്രത്തിനായാലുമെല്ലാം. 16-ാം വയസ്സില്‍ ആദ്യത്തെ മകനെ പ്രസവിച്ചു. സുശീല പോകരുതേ എന്നു പറഞ്ഞ് അപ്പന്‍ എന്റെ മുന്നില്‍ കാലെടുത്തു വെച്ചതാണ്. അമ്മയും അപ്പനും സുശീല എന്നാണ് വിളിച്ചിരുന്നത്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് തടയുന്നത് എന്നു മനസ്സിലാക്കാനുള്ള വിവേകമില്ലാതെ ഞാന്‍ ആ കാല്‍ മറികടന്നു പോയി. അതോടെ എന്റെ അപ്പന്‍ വലിയ കുടിയനായി. ഞാനാണെങ്കില്‍ എല്ലാ വേഷവുമെടുത്ത് ഒടുവില്‍ പിച്ചക്കാരിയുടെ വേഷമെടുത്തിരിക്കുകയാണ്. നീട്ടുന്ന കയ്യില്‍ ലോട്ടറി ടിക്കറ്റ് ഉണ്ടാവും എന്നു മാത്രം. അവസാന നാടകത്തിലും ഭിക്ഷക്കാരിയുടെ വേഷമായിരുന്നു. ഭിക്ഷക്കാരിയുടെ വേഷം കെ.പി.എ.സിയില്‍ ഇടവേളകള്‍ കിട്ടുമ്പോള്‍ ഇടയ്‌ക്കൊക്കെ സിനിമയില്‍ അഭിനയിച്ചു. വലിയ റോളൊന്നുമല്ല. കൊച്ചുകൊച്ചു വേഷങ്ങള്‍. സമൂഹം, ഒറ്റയാള്‍ പട്ടാളം, വിവാഹിതരേ ഇതിലേ, അമേരിക്കന്‍ അമ്മായി, കമ്മീഷണര്‍, ചെങ്കോല്‍, നേരം പുലരുമ്പോള്‍, വിട പറയാന്‍ മാത്രം. അതുകഴിഞ്ഞ് സീരിയലില്‍ അഭിനയിച്ചു. വസുന്ധരാ മെഡിക്കല്‍സ്, സ്ത്രീധനം, അങ്ങനെ കുറെ ഉണ്ട്. പക്ഷേ, പിന്നീട് സീരിയലിലും സിനിമകളിലും വേഷങ്ങള്‍ കിട്ടിയില്ല. അഞ്ച് വര്‍ഷവും മൂന്ന് മാസവും അമ്മയെ നോക്കി ഇവിടെ ഇരുന്നതുകൊണ്ട് ആ ടച്ച് വിട്ടു. അഞ്ച് വര്‍ഷവും മൂന്ന് മാസവും ഈ വീട്ടില്‍ത്തന്നെ ഇരുന്നു. അമ്മയ്ക്ക് ഓര്‍മ്മയൊന്നും ഇല്ലായിരുന്നു. ഞാനും എന്റെ ഇളയ മകനും മാത്രമായിരുന്നു ഇവിടെ. അതിനിടയ്ക്ക് അപ്പന്‍ മരിച്ചു. ഭര്‍ത്താവ് മരിച്ചു. എല്ലാം കൊണ്ടും ബുദ്ധിമുട്ടുകള്‍. അപ്പന്‍ മരിച്ചപ്പോള്‍ കുറെ പാടുപെട്ടു. അടക്കത്തിനു പൈസയൊന്നും ഇല്ലായിരുന്നു. ജഗതിയിലെ പീപ്പിള്‍സ് തിയേറ്റേഴ്സുകാര്‍ വന്നാണ് അടക്കത്തിനുള്ള കാര്യങ്ങളൊക്കെ ചെയ്തത്. അമ്മ മരിച്ചപ്പോള്‍ പള്ളിക്കാര് സഹായിച്ച് അടക്കി. ഭര്‍ത്താവ് മരിച്ചപ്പോള്‍ കുറച്ചു പാടുപെട്ടു. കാരണം 16 വരെ ഇവിടെ ഇരിക്കേണ്ടിവന്നു. വളരെ കഷ്ടത്തിലായിരുന്നു. 16-നു ചടങ്ങൊക്കെയുണ്ടല്ലോ. അതൊക്കെ കഴിഞ്ഞപ്പോള്‍ അവര് പറഞ്ഞു 16-നു വരെ ഇവിടെ പന്തലിനു കെട്ടിയ ഷീറ്റിന്റെ പൈസ കൊടുക്കണംന്ന്. ഞാന്‍ നോക്കീട്ട് ഒരു രക്ഷയുമില്ല. അവസാനം വീട്ടില്‍ വന്നു വെള്ളം കോരാന്‍ വാങ്ങിവെച്ചിരുന്ന അലുമിനിയം കലം, കോടാലിയുടെ കൈ ഇതൊക്കെ വിറ്റ് അതിന്റെ കടങ്ങള്‍ വീട്ടി.

KPAC SUSAN RAJ
‘‘എന്റെ ഭാഷയുടെ അച്ഛനല്ല എഴുത്തച്ഛന്‍, എഴുത്തച്ഛനുമായി ഞാനും എന്റെ വംശവും 18 കാതം അകലെ നില്‍ക്കണം''; രാഘവന്‍ അത്തോളിയുടെ വാക്കുകള്‍

മക്കള്‍ ചോദിക്കുന്നത് ഞങ്ങളെ ഉദ്യോഗസ്ഥരാക്കിയോ എന്നാണ്. ആറുമാസം നാടകം ആറു മാസം നാടകമില്ല. എന്റെ ഉടുതുണി വരെ വിറ്റാണ് മക്കളെ നോക്കിയത്. നാടകം കളിക്കാന്‍ വാങ്ങിയ കരിവള വിറ്റ് ഞാനെന്റെ ആദ്യത്തെ മകനു വെള്ളച്ചായ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. പ്രസവിച്ച് 55-ന്റെയന്ന് അവനേയും കൊണ്ടിറങ്ങി നാടകം കളിക്കാന്‍. വല്യ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ഇറങ്ങി. ഇവിടെ ബന്ധുക്കളായിട്ട് ആരുമില്ല. പക്ഷേ, എല്ലാവര്‍ക്കും എന്നെ വലിയ കാര്യമാണ്. ഇപ്പോള്‍ത്തന്നെ ഞാനീ ലോട്ടറി ടിക്കറ്റ് വില്‍ക്കാന്‍ പോകുമ്പോള്‍ അവര് പറയും: ''സൂസി ആന്റി എങ്ങനെ ഇരുന്നതാണ്. ഇപ്പോള്‍ ഇങ്ങനെ.'' അതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ. എന്തൊക്കെ അനുഭവിച്ചു. ഇവിടത്തുകാരി അല്ലെങ്കിലും ഈ ചെങ്കല്‍ച്ചൂളയിലെ ആളുകള്‍ക്ക് എന്നെ വല്യ കാര്യമാണ്. ഇങ്ങനെ കോലംകെട്ടുപോയല്ലോ എന്നൊരു വാക്കേ എല്ലാവരില്‍നിന്നും സങ്കടത്തോടെ കേള്‍ക്കാനുള്ളൂ. ഉള്ളില്‍ വിഷമമുണ്ട്. അതൊക്കെ കേള്‍ക്കാനൊന്നും ഞാന്‍ അധികം നിന്നുകൊടുക്കാറില്ല. വെളുപ്പിനേ അഞ്ചു മണി മുതല്‍ത്തന്നെ കച്ചവടം തുടങ്ങും. അഞ്ചുമണിക്ക് പോകുന്നതെന്താന്നു വെച്ചാല്‍ ആ സമയത്താണെങ്കില്‍ എനിക്കൊരു പത്ത് ടിക്കറ്റെങ്കിലും വില്‍ക്കാന്‍ പറ്റും. നേരം പുലര്‍ന്നാല്‍ ഇഷ്ടംപോലെ ലോട്ടറി കച്ചവടക്കാരാണ്. പിന്നെ, എന്റെ അവസ്ഥ കണ്ടാണ് പലരും വന്ന് എടുക്കുന്നത്. ഇപ്പോഴാണെങ്കില്‍ പത്രത്തിലൊക്കെ വന്നപ്പഴത്തേയ്ക്കും പലരും അറിഞ്ഞു. ഇന്ന് ഒരാള്‍ പറയുകയാണ്, നിങ്ങള്‍ ഇത്രയുമൊരാളാണ് എന്ന് അറിഞ്ഞില്ല, ക്ഷമിക്കണം എന്ന്. അതിനിപ്പോ എന്തോന്ന് എന്നു ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. രാവിലെ എറണാകുളത്തുനിന്ന് ഒരു കുടുംബം വന്നു. ട്രെയിനില്‍ വെച്ച് അവര്‍ വീഡിയോയില്‍ എന്റെ ജീവിതം കണ്ടു. ഇവിടെ വന്നു ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ ഇരിക്കുന്നു. ചായ കുടിക്കാന്‍ എന്നെയും ക്ഷണിച്ചു. പരിചയമില്ലാത്തൊരാള്‍ വിളിച്ചാല്‍ നമ്മള്‍ കുടിക്കില്ലല്ലോ. ഞാന്‍ ചായ വേണ്ടാന്നു പറഞ്ഞു. അപ്പോഴാണ്, ഒരു വലിയ കലാകാരി ഇവിടെ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്ന് അറിഞ്ഞതും എന്നെക്കുറിച്ച് മനസ്സിലാക്കിയതും പറഞ്ഞത്. എന്നിട്ട് ലോട്ടറി എടുക്കുകയും ചെയ്തു. ബാക്കി കാശ് വാങ്ങാതെ പോയി. പിന്നെ, എന്നെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത് അരിസ്റ്റോ ജംഗ്ഷനിലെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ആണ്. അവിടെ രാഷ്ട്രീയമില്ല. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ബി.ജെ.പിയുമുണ്ട്. അവര്‍ക്കെല്ലാം എന്റടുത്ത് വല്യ കാര്യമാണ്. ചായ വാങ്ങിത്തരട്ടെ, ആഹാരം വാങ്ങിത്തരട്ടെ എന്ന് അവര്‍ സ്‌നേഹത്തോടെ ചോദിക്കും. ഞാനിരിക്കുന്നതിന്റെ അടുത്ത് എ വണ്‍ ബസ്സുകാരുടെ ഓഫീസുണ്ട്. അവിടെ അവരുടെ ബസ് വരുമ്പോള്‍ അതിലെ ചില പയ്യന്മാര്‍ സ്ഥിരമായി ഭക്ഷണം വാങ്ങിത്തരികയുമൊക്കെ ചെയ്യും. അതിലൊരു പയ്യന്‍ ആക്‌സിഡന്റായി കിടക്കുകയാണ്. അതൊരു വലിയ സങ്കടമായി മാറിയിരിക്കുകയാണ് എനിക്ക്. ഞാന്‍ ലോട്ടറിയുമായി ചെന്ന ഇടയ്‌ക്കൊക്കെ വിശന്നങ്ങനെ ഇരിക്കും. അതു കണ്ടിട്ട് ആഹാരം കഴിച്ചോന്ന് ചോദിക്കുമ്പോള്‍ കഴിച്ചൂന്ന് ഞാന്‍ പറയും. പക്ഷേ, ആ കുട്ടി മനസ്സിലാക്കും, കഴിച്ചിട്ടില്ലാന്ന്. വാങ്ങിത്തന്നിട്ടേ പോവുകയുള്ളൂ. ഇതിപ്പോ രണ്ടാമത്തെ ആക്‌സിഡന്റാണ്. ആദ്യത്തേത് കഴിഞ്ഞതു മുതല്‍ കഴുത്തിങ്ങനെ ആടിയാടിയേ ഇരിക്കുകയൊള്ളൂ. അതിനിടയിലാണ് രണ്ടാമത്തെ അപകടം. ഒരു കാല്‍ പോയി; കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ മരിച്ചു. അതുപോലെയാണ് ആ ബസ്സിലെത്തന്നെ സനു. പിന്നെ, ഗണപതി കോവിലിനടുത്തുള്ള ബൈജു. ഇവരൊന്നും ഒരു പരിചയവും ഇല്ലാത്തവരായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ വിശന്നിരിക്കാന്‍ സമ്മതിക്കില്ല. എനിക്ക് സത്യത്തിലിപ്പോള്‍ വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ അവിടെപ്പോയി ഇരിക്കുന്നതാണ് ഒരാശ്വാസം. കാരണം, എല്ലാവരും വന്നു സ്‌നേഹത്തോടെ കളിയാക്കും. മനോരമ പത്രത്തിന്റെ മെട്രോയില്‍ എന്നെക്കുറിച്ച് വന്നപ്പോള്‍ മനോരമക്കാര് ഒരു ലക്ഷം തന്നു എന്നൊക്കെ പറയും. ''വരുന്ന പത്രക്കാരെല്ലാം നല്ല പൈസ കൊടുക്കുന്നുണ്ട്, ഈ തള്ളച്ചി ഇവിടെ വന്നു ചുമ്മാ ഇരിക്കുന്നതാണ്'' എന്നൊക്കെ പറയും. തമാശ പറഞ്ഞ് എന്റെ വിഷമം മാറ്റാന്‍ ശ്രമിക്കുന്നതാണ്. ആരെങ്കിലും കേട്ടാല്‍ ഇതൊക്കെ ശരിയാണെന്നു വിശ്വസിക്കും എന്നു ഞാന്‍ വഴക്കു പറയും. മാധ്യമപ്രവര്‍ത്തകരൊക്കെ വരുമ്പോള്‍ നല്ല പൈസ തരും എന്നു ശരിക്കും വിശ്വസിക്കുന്നവര്‍ ഇവിടെ ചൂളയില്‍ (ചെങ്കല്‍ച്ചൂള) ഉണ്ട് കേട്ടോ. അവര്‍ അവരുടെ ജോലി ചെയ്യുന്നതാണ് എന്നു പറഞ്ഞ് ഞാന്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്: ''ഇങ്ങനെ ഓരോ ആളുകളുടെ ജീവിതത്തെക്കുറിച്ച് അവര്‍ ലോകത്തോട് പറയും. അപ്പോള്‍ ലോകമാണ് സഹായിക്കുകയോ കരുതല്‍ കാണിക്കുകയോ ഒക്കെ ചെയ്യേണ്ടത്.'' അത് ഇവിടുള്ളവര്‍ക്ക് അറിയില്ല. അവര്‍ എനിക്കുവേണ്ടി പറയുന്നതാണ്; ഇത്രയും കഷ്ടപ്പെടുന്നത് കണ്ടിട്ടുള്ള വിഷമംകൊണ്ട്. ''ഈ സൂസിച്ചേച്ചി ഇത് എന്തരാണ് ഈ കോലം ഇങ്ങനെ'' എന്ന് അവരൊക്കെ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ ആ വെയിലത്ത് ലോട്ടറിയും വെച്ചോണ്ട് ഇരിക്കുന്നത് കണ്ട് സങ്കടപ്പെടാറുള്ളവരാണ്. കാക്ക തൂറും, എ വണ്‍ ബസ് വന്നു നില്‍ക്കുന്നത് അതിന്റെ മുന്നിലാണ്. ചില ആളുകള്‍ ഛര്‍ദ്ദിക്കും; അതൊരു വഴി. പിന്നെ വണ്ടികള്‍ പോകുന്ന പുക വേറെ. അങ്ങനെ അവിടെ ഇരിക്കും.

KPAC SUSANRAJ
കെ.പി.എ.സി സൂസന്‍ രാജ്vincent pulickal /Express

യേശുവിന്റെ ഒരു സ്‌നേഹംകൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പണ്ടേ പോയേനേ. ഒന്നാമത്, മാനസികമായിട്ടുള്ള പ്രശ്‌നം. ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ എന്ന്. പിന്നെ, എല്ലാവരും പറയും: ''സൂസിച്ചേച്ചീ, നിങ്ങള്‍ ഇത്രയും വര്‍ഷം ജീവിച്ചില്ലേ, ഇത്രയും വര്‍ഷം പിടിച്ചുനിന്നില്ലേ; ഇനി എന്തര്.'' പല നാടകങ്ങള്‍, പല കഥാപാത്രങ്ങള്‍ പ്രൊഫഷണല്‍ നാടകങ്ങളാണെങ്കില്‍ ഒരു വര്‍ഷം ഒരു നാടകമായിരിക്കും. കെ.പി.എ.സിയില്‍ അങ്ങനെയല്ല. മാറ്റിനി സമയത്ത് കളിക്കുന്ന നാടകം മുടിയനായ പുത്രനാണെങ്കില്‍ വൈകീട്ട് അശ്വമേധമായിരിക്കും കളിക്കുക. അവരിങ്ങനെ റോള്‍ ചെയ്ത് പോകും. ഒരു ദിവസം തന്നെ പല നാടകങ്ങള്‍, പല കഥാപാത്രങ്ങള്‍. നിങ്ങളെന്നെ ഇവിടുത്തെ ഒരു പ്രൊഫഷണല്‍ നാടകത്തിനു വന്ന് ബുക്ക് ചെയ്യുന്നു എന്നു കരുതുക. ഒരു വര്‍ഷം കളിക്കുന്നത് ഒരു നാടകം. ടെന്‍ഷനില്ല ആ നാടകത്തിലെ ഡയലോഗ് മാത്രം പഠിച്ചാല്‍ മതി. നമ്മള്‍ വര്‍ത്തമാനം പറയുംപോലെ പറഞ്ഞാല്‍ മതി. അത് അങ്ങനെയല്ല. മാറ്റിനിയെങ്കില്‍ ഒരു നാടകം കളിക്കണം. മാറ്റിനി നമ്മള്‍ പാളയത്ത് കളിക്കുന്നു എന്നു വിചാരിക്കുക. ആറരയ്ക്ക് ''കാര്‍ത്തിക തിരുനാളില്‍ അശ്വമേധം, 10 മണിക്ക് മുടിയനായ പുത്രന്‍. തലയ്ക്ക് ഭ്രാന്തുപോലെ വരുമല്ലോ. പ്രോംപ്റ്റ് ചെയ്യില്ല, പ്രോംപ്റ്റ് ചെയ്യാന്‍ സ്ഥലവും ഇല്ല. എവിടെ നിന്നാലും മൈക്ക് പിടിക്കും. അന്ന് തുണിക്കര്‍ട്ടനാണ്. ഇന്നത്തെപ്പോലെ സെറ്റ് വെച്ചിട്ടുള്ളതല്ല. അതുകൊണ്ട് നമുക്കു ടെന്‍ഷനാണ് പഠിക്കാന്‍. ഡയലോഗുകള്‍ ഒക്കെ കാണാതെ പഠിച്ചാണ് അഭിനയിക്കുക. കെ.പി.എ.സിയെ സംബന്ധിച്ചിടത്തോളം നമ്മള്‍ മരുന്നുവാങ്ങിയതിന്റെ ബില്ല് കൊണ്ടു കൊടുത്താല്‍ കമ്പനി ആ പൈസ നമുക്കു തരും. വേറെ നാടകക്കാരാരും അതു ചെയ്യില്ല. പിന്നെ ഒരു നാടകത്തിനു നമ്മള്‍ 10 രൂപ ഇടും എന്നു വെച്ചോ അവരും 10 രൂപ ഇടും. നമ്മള്‍ ഏതു വര്‍ഷമാണ് പിരിഞ്ഞുപോരുന്നതെങ്കില്‍ ആ വര്‍ഷം ആ പൈസ മുഴുവനും നമുക്കു തരും. അതാണ് കെ.പി.എ.സി. കെ.പി.എ.സിയില്‍നിന്നു ഞാന്‍ 2005-ല്‍ പോന്നു. ആ സമയം എനിക്ക് 7000 രൂപ ഉണ്ടായിരുന്നു. യൂട്രസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ അവരെനിക്ക് 5000 രൂപ അയച്ചുതന്നു. അവര്‍ക്ക് ഇന്നു വേണമെങ്കിലും ട്രൂപ്പില്‍ എടുക്കാം. പക്ഷേ, ഞാന്‍ പോവില്ല. എന്റെ കാലില്‍ നീരുണ്ട്. അതുമായി സ്റ്റേജില്‍ അധികനേരം നില്‍ക്കാന്‍ കഴിയില്ല. വയ്യായ്ക കൊണ്ടാണ് പോകാത്തത്. പെട്ടെന്നു ഡയലോഗ് പഠിച്ച് നാടകം കളിച്ചിട്ടുണ്ട്. അവാര്‍ഡും വാങ്ങിയിട്ടുണ്ട്. അവര്‍ വിളിച്ചാല്‍ ഡയലോഗ് പഠിച്ച് അഭിനയിക്കണമല്ലോ. ആര്‍ട്ടിസ്റ്റ് ആണെന്നു പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയുമോ. സര്‍ജറി കഴിഞ്ഞ സമയം മയങ്ങാന്‍ വേണ്ടി മയക്കുമരുന്നു കുത്തി വെച്ചതിന്റെ ഫലം ഇപ്പോഴാണ് അനുഭവിക്കുന്നത്. കലാനിലയത്തില്‍നിന്നു പോന്നുകഴിഞ്ഞ് ആയിരം അമച്വര്‍ കളിച്ചു. അമച്വര്‍ നാടകങ്ങളുടെ കോട്ടയാണന്ന്. പിന്നെ പ്രൊഫഷണല്‍ നാടകങ്ങളിലേക്ക് തിരിഞ്ഞു. ഗായത്രി, സംഘചേതന, വ്യാസ അങ്ങനെ കുറെ ട്രൂപ്പുകളില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചതിനുശേഷമാണ് കെ.പി.എ.സിയില്‍ പോകുന്നത്. കെ.പി.എ.സിയില്‍ പോകുമ്പോള്‍ 30 വയസ്സുണ്ട്. അവര്‍ക്കു പെട്ടെന്ന് ഒരാളെ വേണമായിരുന്നു. ഒന്‍പത് ദിവസവും മൂന്നു നാടകങ്ങളും. മുടിയനായ പുത്രന്‍, അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി. പെട്ടെന്ന് ഒരു ആര്‍ട്ടിസ്റ്റിനെ വേണമെന്നു വന്നപ്പോള്‍ അവര്‍ ഇവിടെ വന്നു. ഞാന്‍ ഡയലോഗ് കിട്ടിയാല്‍ വേഗം പഠിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെ ഇവിടെ വന്ന് എന്നെ കൂട്ടീട്ട് പോയി. ആദ്യം അഭിനയിച്ചത് അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി അവസാനം കളിച്ചത് രാജയോഗം. കെ.പി.എ.സിയില്‍ രണ്ട് ഗ്രൂപ്പ് ഉണ്ട്. എയും ബിയും. ഞാന്‍ എയില്‍ ആയിരുന്നു. എല്ലാവര്‍ക്കും ഒരേ പ്രതിഫലം ആണ്. ബിയിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഉള്ളത്. മൂന്നു വര്‍ഷം തികച്ചു നിന്നില്ല. അതിനുമുന്‍പ് അസുഖം വന്നു. ഇവിടെന്ന് നാടകത്തിനു പോകുമ്പോഴേ വ്രണമായിരുന്നു; അടിയില്‍ സ്റ്റിച്ച് അതിന്റെ മേലെ ബാന്‍ഡേജ് ഇട്ട് അതിനു മുകളില്‍ പാവാട കെട്ടിയിട്ടൊക്കെയാണ് പോയത്. കടമായിരുന്നു. കരഞ്ഞുകരഞ്ഞ് എനിക്കു വയ്യാതെയായി. എനിക്കിനി കരയാന്‍ വയ്യ. കേറക്കിടക്കാന്‍ ഈ ഒരു മുറി ഉള്ളതുകൊണ്ട് കേറി കിടക്കുന്നു. തിന്നാലും തിന്നില്ലെങ്കിലും ആരും അറിയില്ല. ഈ മുറിക്ക് വാടക കൊടുക്കേണ്ട. പക്ഷേ, വെള്ളത്തിന്റേയും കറന്റിന്റേയും ചാര്‍ജ് അടയ്ക്കണം. അരങ്ങല്ല, ജീവിതം സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 4000 രൂപ വീതം പെന്‍ഷന്‍ തരുന്നുണ്ട്. അതെങ്കിലും തന്നല്ലേ പറ്റൂ. നാടകരംഗത്ത് 37 വര്‍ഷത്തെ പ്രവര്‍ത്തന വിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ട്. പത്തോളം റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. പിന്നെ അവരുടേയും എന്റേയും സമയം തമ്മില്‍ ചേരാതെ വന്നു. ഈ കോളനി അടുത്തായതുകൊണ്ട് അവര്‍ പെട്ടെന്ന് ആളെ വിടും. ചില ആര്‍ട്ടിസ്റ്റുകള്‍ വരാതിരിക്കുമ്പോഴാണ്. പക്ഷേ, ഞാന്‍ ട്രൂപ്പില്‍ നില്‍ക്കുന്ന സമയമായതുകൊണ്ട് എനിക്കും പോകാന്‍ പറ്റാതെ വന്നു. ഒരു വര്‍ഷത്തേയ്ക്ക് എഗ്രിമെന്റ് ഒപ്പുവെച്ചാല്‍ അതിനു പോയല്ലേ പറ്റൂ. എന്റെ കൊച്ചുമോനെ ഓപ്പറേഷനു തിയേറ്ററില്‍ കയറ്റിയിട്ട് ഞാന്‍ നാടകത്തിനു പോയി. പിറ്റേന്നു വന്നപ്പോള്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞു. ഇളയമോനെ പ്രസവിച്ചത് ഓട്ടോറിക്ഷയിലാണ്. അന്ന് എനിക്ക് 22 വയസ്സേയുള്ളൂ. മൂന്നാമത്തെ പ്രസവം. മാസം തികഞ്ഞ് വേദന സഹിക്കാതെ ഭര്‍ത്താവിനെ നോക്കി നോക്കി ഇരുന്നു. അയാള്‍ വന്നില്ല. ആറ്റുകാല്‍ പൊങ്കാലയുടെ അന്നാണ്. വെളുപ്പാന്‍ കാലത്ത് അമ്മായി അമ്മ ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അവിടെ ചെന്നു കയറുന്നതിനു മുന്‍പ് വണ്ടിക്കുള്ളില്‍ പ്രസവിച്ചു. പിന്നെ അവര്‍ സ്ട്രെച്ചര്‍ കൊണ്ടുവന്ന് അകത്തേക്കു കൊണ്ടുപോയി. ഡോക്ടര്‍മാര്‍ ഭയങ്കരമായി വഴക്ക് പറഞ്ഞു. അതിന്റെ തലേന്ന് ഒരു പെണ്ണ് വീട്ടില്‍ പ്രസവിച്ച് ഇവിടെ കൊണ്ടുവന്നപ്പോഴേയ്ക്കും മരിച്ച സംഭവമുണ്ടായിരുന്നു. പൊക്കിള്‍ കൊടിയില്‍ എന്തോ ഭസ്മമോ മറ്റോ വെച്ചിരുന്നു.

KPAC SUSAN RAJ
സിനിമയിൽ അഭിനയിക്കുമ്പോൾ മാത്രമേ ഞാൻ നടനാകുന്നുള്ളു; സെലിബ്രിറ്റിയാകാൻ എന്നെക്കൊണ്ട് പറ്റില്ല

തൊട്ടടുത്ത ദിവസമാണല്ലോ ഞാനിങ്ങനെ ചെല്ലുന്നത്. പൊക്കിള്‍ക്കൊടി അത്രയും മണ്ണ് ആയിരുന്നു. അതുകൊണ്ടാണ് എടുത്തത്. അങ്ങനെയാണ് പ്രസവിച്ചത്. അതില്‍നിന്നു മനസ്സിലാക്കിക്കൊള്ളണം ഭര്‍ത്താവിന്റെ ഉത്തരവാദിത്ത്വം. കഴിഞ്ഞ ദിവസം ആരോ വിളിച്ച് ജാതിയുടെ വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ ദളിത് ക്രിസ്ത്യാനിയാണ്. എന്തെങ്കിലും സഹായത്തിന്റെ കാര്യത്തിനു സമുദായം ഏതാണെന്ന് ഉറപ്പാക്കാനായിരിക്കും എന്നാണ് വിചാരിക്കുന്നത്. ചിലര്‍ വന്നു വീടിന്റെ വിശദമായ വീഡിയോ എടുത്തു. രണ്ടു മുറിയും അടുക്കളയും കക്കൂസും കുളിമുറിയുമുള്ള വീട് എന്നു പറയുമ്പോള്‍ പറയാമെന്നു മാത്രം. ചെങ്കല്‍ച്ചൂളയിലെ വീടുകളുടെ സൗകര്യക്കുറവ് നേരിട്ടു കണ്ടുതന്നെ അറിയണം. ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ മനസ്സുകള്‍ക്കാണ് വിശാലതയുള്ളത്. നാടകനടനും മന്ത്രിയും ഇന്ദ്രന്‍സ്, ആന്റണി രാജു എന്നിവരുടെ കൂടെയൊക്കെ അമച്വര്‍ നാടകം അഭിനയിച്ചിട്ടുണ്ട്. ആന്റണി രാജുവിന്റെ പഠനകാലത്തായിരുന്നു അത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ചെങ്കല്‍ച്ചൂളയില്‍ വന്നപ്പോള്‍ സൂസിയെ കണ്ട് അമ്പരന്നു; സൂസി ഈ കോലമായിപ്പോയോ എന്നു ചോദിച്ച് വിഷമിച്ചു. സൂസി എത്ര വലിയ കലാകാരിയും എന്തൊരു സുന്ദരിയുമായിരുന്നു എന്ന് മറ്റുള്ളവരോട് പറഞ്ഞു. ചെങ്കല്‍ച്ചൂള ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിലെ എം.എല്‍.എയാണ്. മന്ത്രിയായിരുന്നപ്പോള്‍ കിറ്റ് വിതരണ ചടങ്ങില്‍ സൂസനും പോയി. മന്ത്രിയുടെ അടുത്തേയ്ക്ക് പൊലീസ് കടത്തിവിടാതിരുന്നപ്പോള്‍ മന്ത്രി അതു കണ്ട് വിളിപ്പിച്ചു. മന്ത്രിയുടെ അടുത്ത് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മടിച്ചെങ്കിലും സ്‌നേഹത്തോടെ നിര്‍ബ്ബന്ധിച്ച് ഇരുത്തി. വിവരങ്ങളൊക്കെ മനസ്സിലാക്കി.

Kudumbasree
സൂസന്‍ രാജ് കുടുംബശ്രീപ്രവര്‍ത്തകര്‍ക്കൊപ്പം Special Arrangement

കഴിഞ്ഞയാഴ്ച വീണ്ടും ആന്റണി രാജുവിനെ കാണാന്‍ പോകേണ്ട സാഹചര്യം വന്നു. ഉപജീവനത്തിന്, മരുമകളുടെ സഹോദരന്റെ പേരിലെടുത്ത ഓട്ടോയുടെ പ്രതിമാസ കുടിശികയുടെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആളുകള്‍ ഓട്ടോ പിടിച്ചെടുത്തു കൊണ്ടുപോയി വിറ്റു. 8600 രൂപ വീതം ഏതുവിധവും ഓരോ മാസവും അടച്ചുകൊണ്ടിരുന്നതാണ്. ആറുമാസമായപ്പോഴാണ് വീണ്ടും ആശുപത്രിയിലായത്. കുടിശികയുടെ പേരില്‍ ഭീഷണി വിളികള്‍ തുടര്‍ന്നപ്പോള്‍ വണ്ടി എടുത്തിട്ട് വായ്പ തീര്‍പ്പാക്കാന്‍ പറഞ്ഞു. പക്ഷേ, ആര്‍.സി ബുക്കും വണ്ടിയും ഒരു രേഖയും കൊടുക്കാതെ എടുത്തുകൊണ്ടുപോവുകയും വില്‍ക്കുകയുമാണ് ചെയ്തത്. പക്ഷേ, ആ വണ്ടി അപകടത്തില്‍പ്പെട്ടതും കേസ് നടന്നതുമൊന്നും ഇവര്‍ അറിഞ്ഞില്ല. ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇപ്പോള്‍ നോട്ടീസും വന്നിരിക്കുന്നു. വണ്ടിയുടെ ആര്‍.സി ബുക്ക് ഉടമ ഇപ്പോഴും സൂസന്റെ മരുമകളുടെ സഹോദരന്‍ തന്നെയാണ്. പരിചയമുള്ള വക്കീലിനെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം സംസാരിച്ചപ്പോള്‍ തുക 65000 ആയി കുറയ്ക്കാം എന്നു സമ്മതിച്ചു. പക്ഷേ, 65 രൂപപോലും കൊടുക്കാന്‍ സൂസനു മുന്നില്‍ വഴിയില്ല. സ്വരുക്കൂട്ടി വണ്ടിക്കു കൊടുത്ത തുകയും വണ്ടിയും നഷ്ടമായി; ചതിക്കപ്പെട്ട് വലിയ ബാധ്യതയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ഇപ്പോള്‍ അതില്‍ ഇടപെട്ടിരിക്കുകയാണ് ആന്റണി രാജു എം.എല്‍.എ; അനുകൂല തീരുമാനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com