

പാലക്കാട്ടെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫോണ്‍ വാങ്ങിവെച്ച അദ്ധ്യാപകനു നേരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ദിവസങ്ങളാണ് കടന്നുപോയത്. വിദ്യാര്‍ത്ഥിയെ
മോശക്കാരനാക്കിയും വീഡിയോ ഷൂട്ടു ചെയ്ത അദ്ധ്യാപകനെ അനുകൂലിച്ചും പ്രതികൂലിച്ചും സത്യാനന്തരകാലം വാദപ്രതിവാദങ്ങളുമായി മുന്നേറി. സസ്‌പെന്‍ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥി മാപ്പുപറയാന്‍ തയ്യാറായതോടെ വിഷയം ഒതുങ്ങിയെങ്കിലും പൊതുവിദ്യാഭ്യാസ ഡയറക്ടറും ബാലാവകാശ കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് കേരളത്തിലെ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും സംസാരിച്ചതില്‍നിന്നു വ്യക്തമാകുന്നത് ഇനിയും അഭിസംബോധന ചെയ്യാത്ത അനാരോഗ്യകരമായ സാഹചര്യങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നുവെന്നാണ്. വിദ്യാര്‍ത്ഥികളെ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും അദ്ധ്യാപകര്‍ക്ക് കഴിയുന്നുണ്ടോ? മൊബൈല്‍ ഫോണ്‍ ക്ലാസ്മുറികളായ കൊവിഡുകാലം പിന്നിട്ടെത്തിയ കുട്ടികളെ അടുത്തറിയുന്നതില്‍ അദ്ധ്യാപകര്‍ക്ക് കാലിടറുന്നുവോ?
***
ജനുവരി 17-നായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന നിര്‍ദ്ദേശം ലംഘിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ അദ്ധ്യാപകന്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന അദ്ധ്യാപകന്റെ മുറിയിലേയ്ക്ക് വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിയുടെ ദേഷ്യംകലര്‍ന്ന പെരുമാറ്റം അദ്ധ്യാപകന്‍ വീഡിയോയില്‍ പകര്‍ത്തി. വിദേശത്തുള്ള വിദ്യാര്‍ത്ഥിയുടെ പിതാവിനു ദൃശ്യം അയച്ചുകൊടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നു പ്രിന്‍സിപ്പല്‍ പറയുന്നു. സ്‌കൂളില്‍നിന്നു വീഡിയോ ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥിയുടെ ഭാവി സംരക്ഷിച്ച് മുന്നോട്ടുപോകാനാണ് സ്‌കൂള്‍ പി.ടി.ഐയുടെ തീരുമാനം. വിദ്യാര്‍ത്ഥിക്ക് ബാലാവകാശ കമ്മിഷന്‍ കൗണ്‍സലിംഗ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് കമ്മിഷന്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. വീഡിയോ പുറത്തായ സാഹചര്യം വിശദീകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാണ് കുറ്റവാളി?
പ്രധാന അദ്ധ്യാപകന്റെ സാന്നിദ്ധ്യത്തില്‍ ഭീഷണി മുഴക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, ആ ദൃശ്യം രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയ അദ്ധ്യാപകന്‍, ക്യാമറയിലേയ്ക്ക് നോക്കി പ്രിന്‍സിപ്പല്‍ സംസാരിക്കാതിരിക്കാന്‍ പറയുന്ന അദ്ധ്യാപിക, ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് കുട്ടിയെ എറിഞ്ഞുകൊടുത്ത അജ്ഞാതനായ വ്യക്തി... ഇവരില്‍ ആരാണ് കുറ്റവാളി? ഈ സംഭവം ഫ്യൂഡല്‍ മൂല്യബോധമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ പേരില്‍ കാണാതെ, സാമൂഹികപ്രശ്‌നം എന്ന നിലയില്‍ പരിഗണിക്കുകയാണ് ഒരു പരിഷ്‌കൃതസമൂഹം ചെയ്യേണ്ടത്.
സാമൂഹികമായും സാമ്പത്തികമായും അനേകം പ്രശ്‌നങ്ങള്‍ക്കു നടുവിലൂടെയാണ് കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയും കടന്നുപോകുന്നത്. വീട്ടിലെ സാഹചര്യങ്ങള്‍ അവരെ ആഴത്തില്‍ സ്വാധീനിക്കും. ആ പ്രതിഫലനങ്ങള്‍ അവരിലുണ്ടാകും. ക്ലാസിലിരുന്ന് പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒന്നാംബെഞ്ചില്‍ ഇടംകിട്ടില്ല. അദ്ധ്യാപകരുടെ ഗുഡ് ബുക്കില്‍ പേരുകള്‍ വരില്ല. പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുട്ടി ക്ലാസിലുണ്ടെങ്കില്‍ അവനെ/അവളെ കണ്ടെത്തി ചേര്‍ത്തുപിടിക്കേണ്ട ചുമതലകൂടി അദ്ധ്യാപകര്‍ക്കുണ്ട്. അദ്ധ്യാപനം ഒരു തൊഴില്‍ മാത്രമായി ചുരുങ്ങുന്നിടത്ത് ആ ഉത്തരവാദിത്വം വിസ്മരിക്കപ്പെടുന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം ക്ലാസ്മുറിയില്‍ മാത്രം ഒതുങ്ങുന്നു. ഇക്കാലത്ത് പഠനത്തിന് അദ്ധ്യാപകന്റെ സാന്നിധ്യം അനിവാര്യമല്ലെന്ന് മനസ്സിലാക്കുന്ന ചില കുട്ടികള്‍ അവരില്‍നിന്ന് അകലം പാലിക്കാനും ശ്രമിക്കാറുണ്ട്. മാറിയ കാലം മുന്‍നിര്‍ത്തി പഠിക്കുകയും ചര്‍ച്ചകള്‍ക്കു വിധേയമാക്കുകയും ചെയ്യേണ്ട അനേകം വിഷയങ്ങള്‍ വിദ്യാഭ്യാസരംഗത്തുണ്ട്. അതില്‍ ഒന്നു മാത്രമാകുന്നു മൊബൈല്‍ ഫോണ്‍.
സാങ്കേതികവിദ്യയില്‍നിന്ന് അകന്നു വളരുന്നവരല്ല ഇന്നത്തെ കുട്ടികള്‍. ഓണ്‍ലൈന്‍ ക്ലാസ്മുറികളിലിരുന്ന് കൊവിഡ് കാലത്തെ അതിജീവിച്ച തലമുറയാണവര്‍. സ്‌കൂള്‍ സിലബസുകള്‍ അടിസ്ഥാനമാക്കിയുള്ള അനേകം വീഡിയോ ഉള്ളടക്കങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
എഡ്യുക്കേഷന്‍ ആപ്പുകളുടെ വിപണിയായും വിദ്യാഭ്യാസരംഗം മാറിക്കഴിഞ്ഞു. പല വിദ്യാര്‍ത്ഥികളും സമര്‍ത്ഥമായി അതെല്ലാം ഉപയോഗിക്കുന്നുമുണ്ട്. അങ്ങനെ അദ്ധ്യാപകരുടെ ഒപ്പംതന്നെ അറിവധികാരം കുട്ടികളിലും രൂപപ്പെട്ടു.
ഈ വിവരവിപ്ലവകാലത്ത് നല്ലതും ചീത്തയും തിരിച്ചറിയാനാകാത്ത കുട്ടികള്‍ക്ക് സുഹൃത്തിനെപ്പോലെ ഒരു വഴി കാണിച്ചു കൊടുക്കുകയെന്നതാണ് പ്രധാനം. നന്മയും തിന്മയും തിരിച്ചറിയാതെ പകച്ചുനില്‍ക്കുന്ന വരാന്തയില്‍ അവനോടൊപ്പം ചേര്‍ന്നുനടക്കാന്‍ അദ്ധ്യാപകനു കഴിയുന്നുണ്ടോയെന്നതാണ് ചോദ്യം. അധികാരി ചമഞ്ഞ് കുട്ടികളെ അടക്കിയിരുത്തുന്ന പഴയ അദ്ധ്യാപകരുടെ റോള്‍ ഇന്നു നിലവിലില്ലെന്ന് അദ്ധ്യാപക സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ ശ്രമിച്ചാല്‍ വിപരീതമാകും ഫലമെന്ന് പാലക്കാട്ടെ സംഭവം വ്യക്തമാക്കുന്നു.
ക്ലാസ്മുറികളില്‍ കുട്ടികളോട് ഇടപഴകേണ്ട രീതികള്‍ പരിഷ്‌കരിക്കപ്പെടണമെന്ന് അദ്ധ്യാപകര്‍തന്നെ പറയുന്നു. കുട്ടികളോടൊപ്പം തങ്ങള്‍ക്കും കൗണ്‍സലിംഗ് അടക്കമുള്ള പരിശീലനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് ഒരദ്ധ്യാപകന്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസരംഗത്തെ മാറ്റത്തിനു വിധേയമാക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും സംവാദാത്മകമായി സമീപിക്കുകയും ചെയ്തുകൊ ണ്ടിരിക്കുന്ന ഡോ. പി.കെ. തിലക്, പി. പ്രേമചന്ദ്രന്‍, ഉമ്മര്‍ ടി.കെ. എന്നിവര്‍ ഈ വിഷയത്തില്‍ വാരികയോട് പ്രതികരിച്ചു. ഒപ്പം മനശ്ശാസ്ത്രപരമായി ഒരു വിദ്യാര്‍ത്ഥിയെ എങ്ങനെ സമീപിക്കണമെന്ന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അഭിപ്രായങ്ങളും ഒരു അദ്ധ്യാപികയുടെ അനുഭവക്കുറിപ്പും.
അച്ചടക്കത്തിന്റെ തടവുകാര്‍
ഡോ. പി.കെ. തിലക്
(എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍)
പാലക്കാട്ടെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അച്ചടക്കം ലംഘിച്ച് മൊബൈല്‍ ഫോണുമായി ക്ലാസില്‍ എത്തി. ശിക്ഷാവിധികള്‍കൊണ്ട് വിദ്യാര്‍ത്ഥിയുടെ ആത്മാഭിമാനം മുറിപ്പെടുത്തിയ അദ്ധ്യാപകന്‍ അച്ചടക്കം കാറ്റില്‍പ്പറത്തി. പ്രകോപിതനായ വിദ്യാര്‍ത്ഥി കൊലവിളിയിലൂടെ സമാധാനാന്തരീക്ഷം തകര്‍ത്തു. ഇതിലെ ശരിതെറ്റുകളുടെ വിചാരണ സാമൂഹികമാധ്യമങ്ങളും സാംസ്‌കാരിക നായകരും ഏറ്റെടുത്തിട്ടുണ്ട്.
അച്ചടക്കംതന്നെയാണ് മുഖ്യപ്രശ്‌നം. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബാധകമായ ഘടകങ്ങളുണ്ട്. വിദ്യാലയ പെരുമാറ്റച്ചട്ടം മാനിക്കാതെ മൊബൈല്‍ ഫോണുമായി വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത് അച്ചടക്കലംഘനമാണ്. വിദ്യാലയ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ വീഴ്ചവരുത്തി വിദ്യാര്‍ത്ഥിയെ പ്രകോപനത്തോളം എത്തിച്ചത് അദ്ധ്യാപകരുടെ ഭാഗത്തുള്ള ഗൗരവമുള്ള അച്ചടക്കലംഘനമാണ്. എത്രതന്നെ പ്രകോപനത്തില്‍പ്പെട്ടാലും സാമൂഹിക മര്യാദകള്‍ മാനിക്കാതെ പരസ്യമായി നടത്തിയ കൊലവിളി, അത് ആര് നടത്തിയാലും ഏറ്റവും വലിയ അച്ചടക്കലംഘനമാണ്. സ്‌കൂള്‍ അന്തരീക്ഷത്തിലുണ്ടായ അഭികാമ്യമല്ലാത്ത ഒരു സംഭവം അക്കാദമിക ബോഡികളുടെ പരിശോധനയ്ക്ക് നല്‍കുന്നതിനുപകരം പൊതുജനസമക്ഷം പരസ്യപ്പെടുത്തിയതിലൂടെ അദ്ധ്യാപകര്‍ അച്ചടക്കസീമകള്‍ ലംഘിച്ചിരിക്കുന്നു.
വിദ്യാലയ പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിശോധിക്കപ്പെടണം. ആരാണ് ഇതു തീരുമാനിക്കുന്നത്? വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതില്‍ നിലപാട് അറിയിക്കാന്‍ ഇടമുണ്ടോ? വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പ്രവൃത്തിസമയത്ത് നടത്തുന്ന മൊബൈല്‍ ഫോണ്‍ ദുരുപയോഗം ഗൗരവമുള്ള കുറ്റമാണ്. അതിന് എതിരായ ബോധവല്‍ക്കരണവും അതു നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ രൂപപ്പെടുത്തലും അനിവാര്യം തന്നെ. ഇത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമല്ലെന്നു സൂചിപ്പിച്ചുകൊള്ളട്ടെ. കൗമാരക്കാരുടെ കയ്യിലെ മൊബൈല്‍ ഫോണിനെ ക്രുദ്ധനാം സര്‍പ്പത്തിനെക്കാള്‍ ഭയക്കണം എന്ന യുക്തി കഠിനകഠോരമാണ്. സ്മാര്‍ട്ട് ഫോണുകള്‍ താരതമ്യേന ചെലവു കുറഞ്ഞതും ഫലപ്രദവുമായ വിവരവിനിമയ ഉപകരണമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും കൂട്ടായ ആലോചനയിലൂടെ മൊബൈല്‍ ഫോണിനെ ആ നിലയില്‍ പ്രയോജനപ്പെടുത്താനുള്ള പ്രോത്സാഹനം നല്‍കുന്നതിലൂടെ ഭീതിയും ആശങ്കയും അകറ്റാന്‍ കഴിയും. ദുരുപയോഗം, സദാചാര ലംഘനം, ചൂഷണം, ക്ഷുദ്രകര്‍മ്മം തുടങ്ങിയവയ്ക്കുള്ള ഏക മാര്‍ഗ്ഗം മൊബൈല്‍ ഫോണല്ല. സ്വന്തം കൈവിരല്‍ കൊണ്ടുമാത്രം ഇത്തരം പലതും ഒരാള്‍ക്കു ചെയ്യാന്‍ കഴിഞ്ഞേക്കും. വ്യക്തികളുടെ മാനസികാവസ്ഥയിലാണ് മാറ്റം വരുത്തേണ്ടത്. അതിനുള്ള ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസം. ചിറകൊടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പരസ്പരം അകറ്റി പ്രതിസന്ധിയിലാക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിലാണ് ഇടപെടല്‍ വേണ്ടതെന്നു സാരം.
വിദ്യാലയ പൊരുമാറ്റച്ചട്ടങ്ങള്‍ തീരുമാനിക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പങ്കാളിത്തവും അതിനുവേണ്ടി നടത്തിയിട്ടുള്ള അക്കാദമിക സംവാദങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. ഏകപക്ഷീയമായ ഉദ്യോഗസ്ഥ തീരുമാനങ്ങളാണ് അടിച്ചേല്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ജാതിമതാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളും കക്ഷിരാഷ്ട്രീയ വടംവലികളും ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അദ്ധ്യാപികമാര്‍ക്ക് ക്ലാസില്‍ ചുരിദാര്‍ ധരിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ ലോകത്തെ ഒരേയൊരു ഇടം കേരളമായിരിക്കും.
നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തില്‍ ആകാശത്തിനു താഴെയുള്ള ഏതു വിഷയത്തിന്റെ ചര്‍ച്ചയ്ക്കും അവസരമുണ്ട്, അക്കാദമിക ചര്‍ച്ചകള്‍ക്ക് ഒഴികെ. കേരളത്തിലെ പൊതുവിദ്യാലയങ്ങളും മാതൃഭാഷയിലുള്ള പഠനവും ശോഷിച്ചുവരുന്നതും മനുഷ്യ-മൃഗ സംഘര്‍ഷത്തെ വെല്ലുംവിധമുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘര്‍ഷം ഹയര്‍ സെക്കന്‍ഡറി ക്ലാസുകളെ കലുഷിതമാക്കുന്നതും അതിന്റെ സൂചനകളാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് സംതൃപ്തിയോടെ പഠനകാലം പൂര്‍ത്തിയാക്കാനും അദ്ധ്യാപകര്‍ക്ക് ആത്മാഭിമാനത്തോടെ സേവനകാലം ചെലവിടാനും എത്രത്തോളം കഴിയുന്നുണ്ട്? പരീക്ഷകളുടെ പലതരം ഭീതികളില്‍ മുക്കിക്കൊല്ലപ്പെട്ട വിദ്യാഭ്യാസമാണ് നമ്മുടേത്. അദ്ധ്യാപകര്‍ക്കുമേല്‍ നിരന്തരം കുറ്റം ചാര്‍ത്തപ്പെടുന്നു. അച്ചടി സാങ്കേതികവിദ്യയുടെ പിഴവിനു ജോലിയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഉള്‍പ്പെടെ ആരോപിതമായ കുറ്റങ്ങളുടെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന അദ്ധ്യാപകര്‍ അതിനു തെളിവാണ്. തുണയാകേണ്ടവര്‍ ഒറ്റുകാരാകുന്നു.
അറുപതുകളിലെ ജനറേഷന്‍ ഗ്യാപ്പും എണ്‍പതുകളിലെ കൗമാരപ്രശ്‌നങ്ങളും രണ്ടായിരത്തിലെ വൈബും തല്‍ക്കാലം മാറ്റിവയ്ക്കാം. പാഠ്യപദ്ധതിയിലെ പൊരുത്തക്കേടുകളും പല ദിശകളില്‍നിന്നുള്ള സാമൂഹിക സമ്മര്‍ദ്ദവും നമ്മുടെ കുട്ടികളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം ചെറുതല്ല.
അതിന്റെ പ്രതിഫലനമാണ് നാം നിരന്തരം കാണുന്നത്. താരതമ്യേന അന്തസ്സില്ലാത്തതും കുറഞ്ഞ പ്രതിഫലംമാത്രം ലഭിക്കുന്നതുമായ അദ്ധ്യാപകവൃത്തിയിലെ വിരസതയും നിരാശയും വലിയൊരു വിഭാഗം അദ്ധ്യാപകരെ തളര്‍ത്തിയിട്ടുണ്ട്.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ പരിപാടിയില്‍ അന്യരാക്കപ്പെട്ടിരിക്കുന്നു. എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം, ഫലപ്രാപ്തി എന്തായിരിക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതിലെ സജീവപങ്കാളികള്‍ക്കില്ല. ആത്യന്തികമായി ഈ സ്ഥിതിയാണ് മാറേണ്ടത്.
അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം പരിഷ്‌കരിക്കപ്പെടണം
വാണി പ്രശാന്ത്
(അദ്ധ്യാപിക, തൃപ്പൂണിത്തുറ)
ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടന്നതിനാണ് ഇംഗ്ലീഷ് ടീച്ചര്‍ അവനേയും കൊണ്ട് എന്റടുത്തു വന്നത്. എന്തുകൊണ്ടാണ് ക്ലാസ്സില്‍ ഇരിക്കാഞ്ഞത് എന്നു ചോദിച്ചതും വളരെ കൂളായി അവന്‍ മറുപടി പറഞ്ഞു:
''ക്ലാസ്സ് ഭയങ്കര ബോറായിരുന്നു മാം. നിവൃത്തിയില്ലാത്തതുകൊണ്ട് ടോയ്ലറ്റില്‍ പോണമെന്നും പറഞ്ഞ് ഇറങ്ങിയതാ.''
എന്തു മറുപടി പറയണം എന്നറിയാതെ ഒന്ന് അന്ധാളിച്ചു. പിന്നെ അവനേയും കൂട്ടി ഇത്തിരി നടന്നു; നമ്മളൊരു സിസ്റ്റത്തിനകത്താണെന്നും അതിന്റെ അച്ചടക്കങ്ങള്‍ പാലിക്കേണ്ടതാണെന്നുമൊക്കെ ന്യായം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഓരോന്നിനും ഉരുളയ്ക്കുപ്പേരിപോലെ അവനും ഒപ്പം നിന്നു. ഒടുക്കം ബോറടിപ്പിക്കാതെ പഠിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന ഉറപ്പില്‍ കുറച്ചൊക്കെ ബോറടിച്ചാലും ക്ലാസ്സിലിരിക്കാമെന്നു ഞങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി.
ഒരു ചിരിയോടെ സലാം തന്ന് അവന്‍ നടന്നപ്പോള്‍ ഞാനോര്‍ത്തത് ഞാനിരുന്ന, ഇപ്പോഴും ഇരിക്കുന്ന അറുബോറന്‍ ക്ലാസ്സുകളെക്കുറിച്ചാണ്. ബോറടിച്ചു എന്ന് ഒരു ടീച്ചറോടും ഇന്നുവരെ പറയാനുള്ള ധൈര്യവും ഉണ്ടായിട്ടില്ല. ടീച്ചര്‍ എന്ന അവസ്ഥ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണെന്ന ബോദ്ധ്യമാണ് തലയില്‍ ചെറുപ്പം മുതല്‍ വളര്‍ത്തിയെടുത്തത്. എന്നാല്‍, ഈ കുഞ്ഞുങ്ങള്‍ അങ്ങനല്ല. ശരിയല്ല എന്നു സ്വയം ബോദ്ധ്യമുള്ളതെന്തിനേയും അവര്‍ ചോദ്യം ചെയ്യും, അത് ആരോടാണെങ്കിലും. പറഞ്ഞത് തെറ്റായിരുന്നു എന്നു പിന്നീട് മനസ്സിലായാല്‍ ഓടി വന്ന് അതും ഏറ്റുപറയും. ടീച്ചര്‍ എന്ന നിലയില്‍ സ്‌കൂളിലെ പല അനുഭവങ്ങളിലും ഞാനങ്ങനെ ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളില്‍നിന്ന് ഇതുവരെയറിയാത്ത ജീവിതപാഠങ്ങള്‍ പഠിച്ചിട്ടുണ്ട്.
ടീച്ചര്‍ക്ക് വിശദീകരിക്കാനാവുന്നതിനേക്കാള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഇക്കാലത്ത് സിലബസ് പഠിപ്പിക്കാനല്ല, കൂടെ ചേര്‍ത്തുനിര്‍ത്താനാണ് കുഞ്ഞുങ്ങള്‍ക്ക് അദ്ധ്യാപകരുടെ ആവശ്യം. ഗുരുശിഷ്യ ബന്ധത്തിന്റെ അതിര്‍വരമ്പുകള്‍ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്.
ബഹുമാനം പെരുമാറ്റംകൊണ്ട് തോന്നേണ്ടതാണെന്നും പ്രായമോ സ്ഥാനമോ അല്ല പ്രധാനമെന്നും നേര്‍ക്കുനേര്‍ നിന്നു വാദിച്ചു ജയിച്ച ഒരു മിടുക്കിക്കുട്ടിയുണ്ട് എന്റെ ക്ലാസില്‍. Give respect, take respect എന്നു ക്ലാസ്സ്റൂമില്‍ എഴുതിവെയ്ക്കുന്നത് കുട്ടികള്‍ക്കായി മാത്രമല്ല, അദ്ധ്യാപകര്‍ക്കുകൂടി വേണ്ടിയാണ്. അതിവിനയത്തിന്റെ ചട്ടക്കൂടൊന്നുമില്ലാതെ തനതുരീതിയില്‍ ഇടപെടുന്നവരാണ് ഇന്നത്തെ തലമുറ. സ്വതന്ത്രരായ വ്യക്തികള്‍ എന്നവണ്ണം അവരോട് തുല്യതയോടെ ഇടപെടാനാവണം. അല്ലാതെ കേട്ടുശീലിച്ച ഗുരുഭക്തിക്കഥകളിലെ ശിഷ്യരെ ഇന്നത്തെ മിടുമിടുക്കര്‍ക്കിടയില്‍ തിരയാന്‍ നില്‍ക്കരുത്.
പാലക്കാട്ടെ വിദ്യാര്‍ത്ഥിയുടെ വീഡിയോ വലിയ വേദനയുണ്ടാക്കി. പ്രധാനാദ്ധ്യാപകന്റെ മുന്നില്‍ ചൂടാവുന്ന ഒരു കുട്ടി, ടീനേജുകാരന്‍. അത് വീഡിയോയാക്കുന്ന സ്‌കൂള്‍. ആ വീഡിയോ ലീക്കായോ എന്നതിനേക്കാള്‍ എന്തിനു വീഡിയോ എടുത്തു എന്നതാണ് പ്രധാനം. ഒരു മുറിയില്‍ ഒന്നു ചേര്‍ത്തുനിര്‍ത്തി തീര്‍ക്കാമായിരുന്ന ഒരു പ്രശ്‌നത്തെ തലമുറകളുടെ സംസ്‌കാര ച്യുതിയായി ചര്‍ച്ച ചെയ്ത് സ്ഥാപിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ പിന്നെയും പിന്നെയും അകന്നുപോവുക തന്നെയാണ്.
കപട സദാചാര മൂല്യബോധങ്ങളില്ലാത്ത ഇന്നത്തെ കുട്ടികളോട് നന്നായി ഇടപെടാന്‍ വേണ്ട പരിശീലനങ്ങളാണ് ഇന്ന് അദ്ധ്യാപകര്‍ക്ക് ഏറെ ആവശ്യമെന്നു തോന്നുന്നു. അവിടെ അവര്‍ ശീലിച്ചുപോന്ന പലതും പൊളിച്ചെഴുതേണ്ടിവരും. സ്ഥലസമയ പരിമിതികളില്ലാതെ മനശ്ശാസ്ത്ര, സ്വഭാവശാസ്ത്രപരമായ പരിശീലനങ്ങള്‍ നല്‍കാന്‍പോന്ന വെബിനാറുകള്‍ ഇതിനായി നാം സംഘടിപ്പിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് കയ്യിലെത്തിയ സാങ്കേതികവിദ്യയെ അങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം. സ്‌കൂളുകളില്‍നിന്നും വീടുകളില്‍നിന്നും മാറ്റിനിര്‍ത്തിയ 'വടി' മനസ്സില്‍നിന്നുകൂടി മാറ്റണം. ആര്‍ക്കും ആരുടെമേലും അധികാരമില്ലെന്നും 'പേടി' എന്നത് പരിഹാരമല്ലെന്നും തിരിച്ചറിയണം.
കുട്ടികള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വം
മഞ്ജു ടി.കെ.
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)
ആരും ഗുണ്ടയായി ജനിക്കുന്നില്ല ഗുണ്ടയായി തീരുകയാണ് എന്നു പറയാറുണ്ട്. ഒരു കുട്ടിയില്‍ സ്വഭാവ പ്രശ്‌നങ്ങള്‍ എങ്ങനെയൊക്കെ ഉണ്ടാവാം?
വ്യക്തിത്വം, ബുദ്ധിശക്തി, വൈകാരികക്ഷമത ഒക്കെ രൂപപ്പെട്ടുവരുന്ന ഘട്ടമാണ് ബാല്യകൗമാരങ്ങള്‍. തന്റെ ചുറ്റുപാടുകളോട് പ്രതിപ്രവര്‍ത്തിച്ചുകൊണ്ടാണ് കുട്ടികളുടെ വ്യക്തിത്വം, പെരുമാറ്റരീതികള്‍ എല്ലാം രൂപപ്പെടുന്നത്. അമ്മ, അച്ഛന്‍, മറ്റു മുതിര്‍ന്ന വ്യക്തികള്‍, അയല്‍ക്കാര്‍, അദ്ധ്യാപകര്‍, സൗഹൃദങ്ങള്‍, സിനിമ, ഗെയിമുകള്‍, പുസ്തകങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയ്‌ക്കെല്ലാം ഇതില്‍ പങ്കുണ്ട്.
സ്‌നേഹം, അഭിപ്രായ സ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവ അനുഭവിക്കാനാവാത്ത ഗാര്‍ഹികാന്തരീക്ഷം, ശാരീരികമായോ മാനസികമായോ ലൈംഗികമായോ അതിക്രമങ്ങള്‍ നേരിടേണ്ടിവന്ന വീട്, അയല്‍പ്പക്കം, സ്‌കൂള്‍, വഴിവിട്ട സൗഹൃദങ്ങള്‍, അവരെ ലഹരിക്കും മറ്റും വിധേയമാക്കുന്ന മുതിര്‍ന്നവര്‍ ഇങ്ങനെ കുട്ടി കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചെടുക്കുന്നതുകൂടിയാണ് അവരെ അവരാക്കി മാറ്റുന്നത്.
കുട്ടി കഞ്ചാവാണ് എന്നു വിലയിരുത്തുമ്പോഴും ഓര്‍ക്കണം കുട്ടികള്‍ക്കു ലഭ്യമാകുംവിധം ഇത് എത്തിക്കുന്നതാര്? അതിന്റെ ഉറവിടം എവിടെ? നിയമ പരിപാലനത്തിലെ പാളിച്ചകള്‍? കുട്ടികളെ പണംനല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൈമാറ്റക്കാരായി ഉപയോഗിക്കുന്നവര്‍ ആരൊക്കെ? ലഹരിക്ക് അടിമപ്പെടുന്ന കുട്ടി അതു കിട്ടാതായാല്‍ അക്രമാസക്തരാവാം. എന്തും അനുസരിക്കും. അത്തരം അപകടത്തില്‍പ്പെട്ട, കുട്ടിയോട് ഇനിയിത് ഉപയോഗിക്കേണ്ട എന്നു തീരുമാനിക്കത്തക്കവിധം പരിഗണനയോടെ പെരുമാറാന്‍ നമുക്കു കഴിയുന്നുണ്ടോ? മുടി നീട്ടിവളര്‍ത്തിയാല്‍, കയ്യില്‍ ബാന്റിട്ടാല്‍, ടാറ്റൂ ചെയ്താല്‍ കഞ്ചാവാകുമോ?
മൊബൈല്‍ ഫോണാണോ എല്ലാത്തിനും കാരണം? ഇതേ മൊബൈല്‍/ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കൊവിഡ് കാലത്ത് പഠനം നടന്നത്. പക്ഷേ, പഠനം തൊഴില്‍ തുടങ്ങിയവയ്ക്കല്ലാതെ രണ്ട് മണിക്കൂറിലേറെ ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അഡിക്ഷന്‍ സാധ്യത കൂട്ടാം. വീണ്ടും വീണ്ടും വേണമെന്നു തോന്നുകയും ഉപയോഗം കൂടുകയും ചെയ്യും. കിട്ടിയില്ലെങ്കില്‍ ദേഷ്യം വരികയും അതു നിയന്ത്രണാതീതമാവുകയും ചെയ്യും.ഒപ്പം പുതിയകാലത്തെ മാധ്യമ-സാമൂഹ്യ മാധ്യമ സംസ്‌കാരം കൂടി പരിഗണിക്കണം. ആരേയും എന്തു പറഞ്ഞും പരിഹസിക്കാം. പരിഹസിക്കാന്‍ വ്യക്തിഹത്യ നടത്താന്‍ വസ്തുതാപരമായ ഒന്നും ആവശ്യമില്ല. അവിടെ എന്തുതരം ഭാഷയും ഉപയോഗിക്കാം എന്ന ശൈലി മുതിര്‍ന്നവര്‍ തന്നെയാണ് കുട്ടികളിലേയ്ക്ക് എത്തിച്ചത്. ?
ശ്രദ്ധവേണ്ട ഇടങ്ങള്‍ പാരന്റിംഗ്
കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവും മുന്‍പേ തയ്യാറാവേണ്ടതുണ്ട്. ഗര്‍ഭിണിയോടുള്ള പെരുമാറ്റവും അവരുടെ മാനസികാരോഗ്യവും ആരോഗ്യശീലങ്ങളും മുതല്‍ പാരന്റിംഗ് ആരംഭിക്കുന്നു. കുട്ടികളുടെ സാന്നിധ്യത്തില്‍ മുതിര്‍ന്നവര്‍ പരസ്പരം എങ്ങനെ പെരുമാറുന്നു എന്നത് പ്രധാനമാണ്. അവര്‍ എന്തു കാണുന്നു, എന്തു വായിക്കുന്നു, എന്തൊക്കെ ഉപയോഗിക്കുന്നു എന്നിവയിലെല്ലാം മുതിര്‍ന്നവരുടെ സ്വാഭാവികവും ശാസ്ത്രീയവുമായ ഇടപെടല്‍ ആവശ്യമാണ്. കുട്ടികളുടെ പ്രായത്തിനും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ക്കും അനുസരിച്ച് അദ്ധ്യാപകരും രക്ഷിതാക്കളും പരിശീലനം നേടേണ്ടതുണ്ട്.
* സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കു പുറമെ കുട്ടികളുടെ തന്നെ സഹായസംഘങ്ങള്‍ വേണം. അവര്‍ക്കു പരിശീലനം നല്‍കണം.
* ADHD, കണ്ടക്റ്റ് ഡിസോഡര്‍, അപസ്മാരം, ചില മാനസിക സമ്മര്‍ദ്ദങ്ങള്‍, തലച്ചോറില്‍ ഉണ്ടാകാവുന്ന മുഴകള്‍ തുടങ്ങി പല കാരണങ്ങള്‍കൊണ്ടും കുട്ടികളില്‍ സ്വഭാവപ്രശ്‌നങ്ങള്‍ രൂപപ്പെട്ട് വരാം. അതിനോട് ചുറ്റുപാടുകള്‍ പ്രതികരിക്കുന്ന രീതിയനുസരിച്ച് അതിന്റെ തീവ്രത കൂടാം. സ്വഭാവവ്യതിയാനങ്ങള്‍ കണ്ടാല്‍ വിദഗ്ദ്ധരെ സമീപിക്കണം. കുട്ടി, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി, കൗണ്‍സലിംഗ്/തെറാപ്പി/മെഡിക്കല്‍ ട്രീറ്റ്മെന്റുകള്‍ എന്നിവ നല്‍കണം.
* സിന്തറ്റിക് ഡ്രഗ്സ്, കഞ്ചാവ് തുടങ്ങിയവ സ്‌കൂള്‍ പരിസരങ്ങളിലെത്താതിരിക്കാന്‍ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, നാട്ടുകാര്‍, പൊലീസ്, എക്സൈസ് എന്നിവരുള്‍പ്പെടുന്ന പ്രവര്‍ത്തന സമിതികള്‍ വേണം.
* സ്‌കൂളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു ശാസ്ത്രീയ മാനദണ്ഡങ്ങള്‍ രൂപപ്പെടണം- അദ്ധ്യാപകര്‍ക്കും വിദ്യാത്ഥികള്‍ക്കും (സിസിടിവി ക്യാമറകള്‍ക്കും). അതിന്റെ വലിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനും അതിന്റെ ഉപയോഗം നിയന്ത്രിക്കാനാവശ്യമായ മോണിറ്ററിംഗിനും അദ്ധ്യാപകരേയും രക്ഷിതാക്കളേയും കുട്ടികളേയും പ്രാപ്തരാക്കണം.
കൗമാരത്തെ മനസ്സിലാക്കാന്‍ ആര്‍ക്ക് കഴിയും?
ഉമ്മര്‍ ടി.കെ.
(അദ്ധ്യാപകന്‍, എഴുത്തുകാരന്‍)
ഓരോ തലമുറയ്ക്കും അവരവരുടേതായ മൂല്യസങ്കല്പങ്ങളുണ്ട്. 99 ശതമാനവും അതുമാത്രമാണ് ശരി എന്നു കരുതുന്നവരും അനന്തര തലമുറയും ആ ചാലിലൂടെത്തന്നെ ഒഴുകണമെന്നും ചിന്തിക്കുന്നവരാണ്.
ഈ മൂല്യസങ്കല്പങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് അത് കുറച്ചുകൂടി സങ്കീര്‍ണ്ണവും തീവ്രവും ആയി എന്നുമാത്രം.
ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ മിക്കവാറും 1975-നും '85-നും ഇടയില്‍ ജനിച്ചവരുടെ മക്കളാണ്. ആ രക്ഷിതാക്കള്‍ കുടുംബത്തില്‍നിന്നും സ്‌കൂളുകളില്‍നിന്നും ശീലിച്ച സദാചാരബോധം, അനുസരണ, ഗുരുഭക്തിപോലുള്ള ഫ്യൂഡല്‍ മൂല്യങ്ങള്‍ ഉദാത്തമായി കാണുന്നവരാണ്. കുട്ടികളുടെ ലോകം വേറെയാണ് എന്നവര്‍ക്കറിയാം. പക്ഷേ, അതിനോടു പൊരുത്തപ്പെടാന്‍ അവര്‍ക്കാവുന്നില്ല.
ഈ മൂല്യസങ്കല്പങ്ങള്‍വെച്ച് കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തവരാണ് ഭൂരിഭാഗവും. നേരെയാക്കാന്‍ പറ്റാത്ത കുട്ടികളെ അദ്ധ്യാപകര്‍ നന്നാക്കിയെടുക്കും എന്നവര്‍ വിചാരിക്കുന്നു. ഏഴെട്ടു വര്‍ഷം മുന്‍പ് മധ്യകേരളത്തില്‍ ഒരു പ്ലസ് ടു അദ്ധ്യാപകന്‍ എഴു കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ കൂട്ടിക്കൊണ്ടു പോയി മുടി മുറിപ്പിക്കുകയുണ്ടായി. രക്ഷിതാക്കളില്‍ ഒരാള്‍ മാത്രമാണ് ഇതിനെ ചോദ്യം ചെയ്തത്.
ബാക്കിയെല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. തങ്ങള്‍ക്കു സാധിക്കാത്തതാണ് അദ്ധ്യാപകനു സാധിച്ചത്. വീട്ടില്‍ രക്ഷിതാവിനു പ്രയോഗിക്കാന്‍ കഴിയാത്ത അധികാരം സ്‌കൂളില്‍ അദ്ധ്യാപകനുണ്ട് എന്നര്‍ത്ഥം. അയാള്‍ ഒരദ്ധ്യാപകന്‍ മാത്രമല്ല, ഭൂരിഭാഗം രക്ഷിതാക്കളുടെ പ്രതിനിധികൂടിയാണ്. കൗമാരത്തിന്റെ സവിശേഷതകളെ, ശ്രദ്ധിക്കപ്പെടാനും വ്യത്യസ്തരാവാനുള്ള അവരുടെ ആഗ്രഹങ്ങളെ തിരിച്ചറിയാനും ഇത്തരം ഇടപെടലുകള്‍ അവരുടെ മനസ്സിലുണ്ടാക്കുന്ന അപമാനത്തെ, പകയെ മനസ്സിലാക്കാനും ആര്‍ക്കും കഴിയുന്നില്ല. കൊറോണയോടെ മൊബൈല്‍ ഫോണ്‍ വ്യാപകമായി. അറിവ് അദ്ധ്യാപകനിലൂടെ മാത്രമല്ല, ചിലപ്പോള്‍ അതിനെക്കാള്‍ മികച്ചത് കിട്ടുമെന്നായി. അദ്ധ്യാപകന്റെ അപ്രമാദിത്തം നഷ്ടമായി. തന്റെ വിഷയത്തെ കുറച്ചുകൂടി ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിയുന്ന അദ്ധ്യാപകര്‍ക്കു മാത്രമേ ഇനി വരുംകാലത്ത് കുട്ടികളുടെ ബഹുമാനം ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന നിലവന്നു. അല്പവിഭവന്മാര്‍ വടിയെടുത്തു നേരെയാക്കാമെന്നു കരുതും.
ഹയര്‍ സെക്കന്‍ഡറിയില്‍ ലോകത്തെവിടെയുമില്ലാത്ത ഭാരിച്ച സിലബസാണുള്ളത്. മുന്‍പ് പ്രീഡിഗ്രിയില്‍ മാത്സ് അല്ലെങ്കില്‍ ബയോളജി ഒരു വിഷയം ഉണ്ടായിരുന്നിടത്ത് അദ്ധ്യാപകരുടെ തസ്തിക സംരക്ഷിക്കാന്‍ രണ്ടും ഒന്നിച്ചുചേര്‍ത്ത് ഒരു ഗ്രൂപ്പാക്കി. 65-ലധികം കുട്ടികള്‍ ഒരു ക്ലാസില്‍. ആറു ദിവസമുണ്ടായിരുന്ന അധ്യയനം അഞ്ചു ദിവസത്തിലേയ്ക്കു കൊണ്ടുവന്നു. ഒന്‍പതു മുതല്‍ 4.30 വരെ. കലാകായിക വിനോദങ്ങളൊന്നുമില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ പരിമിതമായ തോതില്‍ പഠനവിഷയങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. എങ്കിലും കുട്ടിയുടെ അഭിരുചിയെക്കാള്‍ സാമൂഹിക സമ്മര്‍ദ്ദമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക.
ഹയര്‍ സെക്കന്‍ഡറി, സ്‌കൂളിന്റെ ഭാഗമാകുമ്പോള്‍ സംഭവിക്കുന്ന പ്രധാന കാര്യമുണ്ട്. കൗമാരത്തിലേയ്ക്കു മാറുന്ന കുട്ടികളെ സവിശേഷമായി കാണാനും അത്തരത്തില്‍ അവരെ സമീപിക്കാനും വേണ്ട നിരന്തരമായ പരിശീലനം അദ്ധ്യാപകര്‍ക്ക് അത്യാവശ്യമാണ്. ലൈംഗിക താല്പര്യങ്ങളുണരുന്ന, എതിര്‍ലിംഗത്തോട് ആകര്‍ഷണമുണ്ടാകുന്ന പ്രായത്തില്‍ തങ്ങളെ ആള്‍ക്കൂട്ടത്തില്‍ വേറിട്ടു പ്രത്യക്ഷപ്പെടുത്താന്‍ കൗമാരക്കാര്‍ ശ്രമിക്കും.
അവരുടെ സ്വതന്ത്രമായ ഇടപെടലുകളെ സംശയത്തോടെ, അസൂയയോടെ സദാചാരക്കണ്ണുകളിലൂടെ മാത്രമേ ഭൂരിഭാഗം അദ്ധ്യാപകര്‍ക്കും നോക്കിക്കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് സത്യം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഇടപെടലുകള്‍ പഴയ തലമുറയെ താരതമ്യം ചെയ്താല്‍ എത്രയോ ആരോഗ്യകരമാണ്. പ്രണയങ്ങള്‍പോലും പലരും മറച്ചു വെക്കാറില്ല. വീട്ടിലറിയാവുന്ന പ്രണയങ്ങളാവും അദ്ധ്യാപകര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. പൂര്‍വ്വാശ്രമം മറന്ന സന്ന്യാസികളെപ്പോലെയാണ് പല അദ്ധ്യാപകരും. സ്വന്തം കൗമാര സാഹസികതകള്‍ അവര്‍ മറന്നുപോകുന്നു.
മൊബൈല്‍ ഫോണാണ് പലയിടത്തും പ്രശ്‌നകാരണമായി വരുന്നത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഘടകം പ്രണയത്തെ അരുതായ്മയായി കാണുന്ന അദ്ധ്യാപകരുടെ മനോഭാവമാണ്. ഫോണ്‍ എന്നത് പുസ്തകംപോലെ ഒരു പഠനോപകരണം മാത്രമാണ് എന്നു കരുതൂ. അപ്പോള്‍ നമ്മുടെ കാഴ്ചപ്പാട് മാറും. കൊറോണക്കാലത്ത് നമ്മുടെ ഏകാന്തത മാറ്റിയത്, കുട്ടികളുടെ പഠനം സാധ്യമായത്, നമ്മുടെ എല്ലാ വിനിമയങ്ങളും സാധ്യമായത് മൊബൈല്‍ ഫോണിലൂടെയാണ്. അപ്പോള്‍ ഈ ഫോണിനെ ഭയക്കുന്നതിനു പിന്നില്‍ അതു ദുരുപയോഗം ചെയ്യും എന്ന ചിന്തയല്ലേ? ആ ദുരുപയോഗം എന്നത് സദാചാരപരമായ ലൈംഗിക ഭയമാണ്. മൊബൈല്‍ ഫോണെന്നത് കേവലം പ്രണയോപകരണം മാത്രമാണെന്ന ചിന്ത.
പഴയ തലമുറയുടെ പെര്‍വെര്‍ട്ടഡ് ആയ സദാചാര സങ്കല്പങ്ങളെക്കാള്‍ എത്രയോ മുകളിലാണ് ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടുകള്‍. ലൈംഗികഭയത്തിന്റെ പേരില്‍ മൊബൈലിനെയൊക്കെ കര്‍ശനമായി വിലക്കുന്നത് അതിനോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. പ്രണയങ്ങള്‍ വിവാഹത്തിന്റെ ട്രെയിലറാണെന്ന എണ്‍പതുകളിലെ സങ്കല്പം ഇന്നത്തെ കുട്ടികള്‍ക്കില്ല. അതിന്റെ സ്വാഭാവികമായ പ്രകാശനമില്ലായ്മയാണ് പ്രധാനമായും കൗമാരത്തെ വയലന്‍സിലേയ്ക്കു നയിക്കുന്നത്. കുട്ടികളുടെ ആരോഗ്യകരമായ സൗഹൃദങ്ങളെ നമ്മള്‍ ഭയക്കുന്നു. അവര്‍ കൈകോര്‍ത്തു നടന്നാല്‍, ഒന്നു ചുംബിച്ചുപോയാല്‍ വലിയ മഹാപരാധമാണെന്ന ബോധം അടുത്ത തലമുറയിലെങ്കിലും മാറുമോ? പഠനത്തോടൊപ്പം ഒരു കൈവഴിയായി ഒഴുകേണ്ട പ്രണയം പോലുള്ള വികാരങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുമ്പോള്‍, കുട്ടികളതിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്താന്‍ ശ്രമിക്കും. കുട്ടി സ്വാഭാവികമായി വ്യാപരിക്കേണ്ട ബൗദ്ധികവും സര്‍ഗ്ഗാത്മകവുമായ അനേകം മേഖലകളിലേയ്ക്കു വളരാനുള്ള സാധ്യതകളെ സത്യത്തില്‍ അത് തടസ്സപ്പെടുത്തും. ഇത് മലയാളിയെ എന്നും ഒരു ശരാശരിക്കാരനായി നിലനിര്‍ത്തും. മൊബൈല്‍ അഡിക്ഷന്‍ കുട്ടികളെ മാത്രമല്ല, സമൂഹത്തെ മൊത്തം ബാധിച്ച ഒന്നാണ്. അവരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നമ്മെ സംബന്ധിച്ച് ഇന്നത് ഏറ്റവും പ്രധാനപ്പെട്ട, പ്രിയപ്പെട്ട ഒരവയവം തന്നെയാണ്. അത് പിടിച്ചെടുക്കുന്നതാണ് പലപ്പോഴും സ്‌കൂളുകളില്‍ സംഘര്‍ഷ കാരണമായിത്തീരുന്നത്. നിയമം ഉണ്ട് എന്നതു ശരിതന്നെ. അതിനെക്കാള്‍ സാഹചര്യങ്ങള്‍ക്കും ഔചിത്യത്തിനും പ്രാധാന്യം നല്‍കണം. കണ്ണ്, കാണാന്‍ മാത്രമല്ല, ചിലത് കാണാതിരിക്കാന്‍ കൂടിയാണ് എന്ന ഔചിത്യവും പ്രധാനമാണ്.
കുട്ടികള്‍ ഇരകളല്ല, അദ്ധ്യാപകന്‍ ഹിറ്റ്ലറുമല്ല
പി. പ്രേമചന്ദ്രന്‍
(അദ്ധ്യാപകന്‍, മലയാളം ഐക്യവേദി പ്രവര്‍ത്തകന്‍)
പാലക്കാട് വിദ്യാര്‍ത്ഥി അദ്ധ്യാപകര്‍ക്കെതിരായി സംസാരിച്ച രീതിയും ആ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അദ്ധ്യാപകരുടെ നടപടിയും യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസം നേരിടുന്ന രോഗാതുരമായ ചില അവസ്ഥകളുടെ വെളിപ്പെടല്‍ മാത്രമാണ്. അദ്ധ്യാപക/വിദ്യാര്‍ത്ഥി ബന്ധം, സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന അക്കാദമികമായ പ്രശ്‌നങ്ങള്‍, വിദ്യാലയങ്ങളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് കൊവിഡാനന്തരമുണ്ടായ വിഷയങ്ങള്‍, മൊബൈല്‍ ഫോണിനേയും സാമൂഹിക മാധ്യമങ്ങളേയും സംബന്ധിച്ച വിദ്യാഭ്യാസ അധികൃതരുടെ വികലബോധ്യങ്ങള്‍, പാഠ്യപദ്ധതി സമീപനവുമായി ബന്ധപ്പെട്ട ശൂന്യതകള്‍ എന്നിങ്ങനെ കേരളത്തിലെ അക്കാദമിക വിഷയങ്ങളുമായി നേരിട്ടു കൈകോര്‍ക്കുന്ന ആലോചനകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കേണ്ടത്.
അതിലേറ്റവും പ്രധാനമായിട്ടുള്ളത് കേരളത്തില്‍ ഇന്ന് അക്കാദമികമായി ഒരു പഠനസമീപനവും ഇല്ലാതായിപ്പോയതാണ്. ഒരു കരിക്കുലം സമീപനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനും പരിഹരിക്കാനും കഴിയുന്ന പ്രശ്‌നങ്ങളാണ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ശൂന്യതയില്‍നിന്നോ കേവലമായോ നമുക്കൊരു അക്കാദമിക വിഷയത്തെ സമീപിക്കാന്‍ സാധ്യമല്ലതന്നെ. ഒരു ചേഷ്ടാവാദ അക്കാദമിക പരിസരങ്ങളില്‍ പ്രശ്‌നപരിഹരണത്തിന് ഉതകുന്ന രീതികളായിരിക്കില്ല ജ്ഞാനനിര്‍മ്മിതിയിലും ശിശുകേന്ദ്രിതവുമായ പഠനസമീപനത്തില്‍ സ്വീകാര്യമാവുക. അപ്പോള്‍ കേരളത്തിലെ സ്‌കൂളുകളില്‍ ഇപ്പോള്‍ ഏതു രീതിയിലുള്ള പഠനസമീപനമാണ് നിലവിലുള്ളതെന്ന് അന്വേഷിക്കേണ്ടിവരും. അദ്ധ്യാപക, പാഠപുസ്തക, പരീക്ഷാകേന്ദ്രിതമായ
ചേഷ്ടാവാദം കാലഹരണപ്പെട്ടതും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തവുമല്ല എന്ന തിരിച്ചറിവിലാണ് തൊണ്ണൂറുകളുടെ മധ്യത്തോടെ നമ്മള്‍ നവീനമായ വിദ്യാഭ്യാസ പരികല്പനകളെ സ്വീകരിച്ചുകൊണ്ട് ഒരു പാഠ്യപദ്ധതി പരിഷ്‌കരണത്തിനു തുടക്കമിട്ടത്. രണ്ടു പതിറ്റാണ്ടുകാലം അതിനായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ വലിയൊരു വിഭാഗം അക്കാദമിക താല്പര്യമുള്ള അദ്ധ്യാപകരും സംവിധാനങ്ങളും ഭരണകര്‍ത്താക്കളും ഇവിടെയുണ്ടായിരുന്നു. എന്തെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലും കുട്ടികളെക്കുറിച്ചുള്ള സമീപനത്തിലും പഠനരീതികളിലും സ്പഷ്ടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആ ശ്രമങ്ങള്‍ക്കായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷമെങ്കിലുമായി പാഠപുസ്തകങ്ങള്‍ മാറാതെ, തുടര്‍ച്ചയായ അദ്ധ്യാപക പരിശീലനങ്ങള്‍ നിലയ്ക്കുകയോ വഴിപാടാവുകയോ ചെയ്ത്, ഒരു തരത്തിലുള്ള അക്കാദമിക മോണിട്ടറിങ്ങും ഇല്ലാതെ, പഠനസമീപനങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ട്, ഒരു ശരിയായ മാതൃകയും പങ്കുവെയ്ക്കപ്പെടാതെ, അദ്ധ്യാപകരെ ഒരുതരത്തിലും പാഠ്യപദ്ധതി സമീപനങ്ങളാല്‍ പ്രചോദിപ്പിക്കാനാവാതെ നമ്മുടെ ക്ലാസ്മുറികളും അദ്ധ്യാപകരും മരവിക്കാന്‍ തുടങ്ങിയിട്ട്. കേവലം പരീക്ഷകളും അതിലെ വിജയവും മാത്രം സ്‌കൂളിനും ഭരണകൂടങ്ങള്‍ക്കും പ്രധാനമായി. മറ്റെല്ലാ പഠനലക്ഷ്യങ്ങളും ബലികഴിക്കപ്പെട്ടു. ഏത് അദ്ധ്യാപികയ്ക്ക്/അദ്ധ്യാപകന് വേണമെങ്കിലും ഏതു രീതിയിലും പഠിപ്പിക്കാം, കുട്ടികളോട് എന്തു വേണമെങ്കിലും ചെയ്യാം; ഒറ്റക്കാര്യം മാത്രം തന്റെ വിഷയത്തില്‍ എങ്ങനെയായാലും മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കണം!
ദീര്‍ഘകാലം ഇങ്ങനെ പോയപ്പോള്‍ സംഭവിച്ചത് ഒരു അദ്ധ്യാപിക/അദ്ധ്യാപകന്‍ തന്റെ ക്ലാസിന്റെ/വിഷയത്തിന്റെ ഹിറ്റ്‌ലര്‍മാരായി എന്നതാണ്. അവരുടെ വാക്കുകളെ, പ്രവൃത്തികളെ, അക്കാദമിക രീതികളെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരുമില്ല. തനിക്ക് ശരിയെന്നു തോന്നുന്നതാണ് തന്റെ ക്ലാസില്‍/വിദ്യാലയത്തില്‍ നടപ്പാക്കുക. ആരാണ് അതങ്ങനെയല്ല ചെയ്യേണ്ടത് എന്നു പറയാനുള്ളത്? അതല്ല നമ്മുടെ സമീപനം എന്നു തിരുത്തുക? പാഠപുസ്തകത്തിലും ടീച്ചര്‍ ടെക്സ്റ്റിലും (അദ്ധ്യാപക സഹായി) ഇങ്ങനെ പഠിപ്പിക്കാനല്ലല്ലോ നിര്‍ദ്ദേശിച്ചത് എന്നു ചൂണ്ടിക്കാണിക്കുക? ഇങ്ങനെയല്ലല്ലോ ഒരു ശിശുകേന്ദ്രിത സമീപനത്തില്‍ കുട്ടികളോട് ഇടപെടേണ്ടത് എന്നു ചൂണ്ടിക്കാണിക്കുക? ഒരാളുമില്ല! എന്തും ഒരു സ്‌കൂളില്‍ ചെയ്യാം. ചോദിക്കാനും പറയാനും ആരുമില്ല. അപൂര്‍വ്വം സ്‌കൂളുകളിലെ ചില സംഭവങ്ങള്‍ പുറംലോകത്തെത്തുമ്പോള്‍ ചിലര്‍ മൂക്കത്തു വിരല്‍ വെച്ചാലായി.
ചേഷ്ടാവാദ കാലത്തിന്റെ പരിമിതികളില്‍ അല്ല നമ്മള്‍ ഇന്നു ജീവിക്കുന്നത്. ചിന്തിക്കുന്ന, ഭാവനകൊള്ളുന്ന മനുഷ്യര്‍ക്കു വിലയുള്ള ഒരുകാലമാണ്, എല്ലാ ഫ്യൂഡല്‍ മൂല്യങ്ങളും വലിച്ചെറിയപ്പെട്ട കാലമാണ്. സ്വാതന്ത്ര്യവും ആത്മാഭിമാനവും കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലുമുണ്ടെന്ന് ലോകം അംഗീകരിക്കുകയും ആ നിലയില്‍ നമ്മുടെ പെരുമാറ്റങ്ങള്‍പോലും മാറിമറിയുകയും ചെയ്ത കാലമാണ്. വിജ്ഞാനം അദ്ധ്യാപകരില്‍നിന്നോ പാഠപുസ്തകങ്ങളില്‍നിന്നോ മാത്രം വിളമ്പിക്കിട്ടിയിരുന്ന കാലത്തില്‍നിന്നും മാറി, അക്ഷരാര്‍ത്ഥത്തില്‍ വിരല്‍ത്തുമ്പില്‍ അതുള്ള കാലമാണ്. ആ കാലത്തിരുന്നാണ് തങ്ങളുടെ ഇത്തിരിവട്ടത്തിലിരുന്ന് അദ്ധ്യാപകര്‍ കുട്ടികളെ അടക്കിഭരിക്കാനും അവരെ തങ്ങളുടെ തീര്‍പ്പുകള്‍ക്ക് ഇരകളാക്കാനും ശ്രമിക്കുന്നത്! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.
ഇതു പറയുമ്പോഴും ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ അടിമുടി വിദ്യാര്‍ത്ഥി വിരുദ്ധമായിത്തീര്‍ന്ന ഒരവസ്ഥ കാണാതിരുന്നുകൂടാ. ഈ സംവിധാനത്തെ കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ രീതികളില്‍ ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഇതു കൈകാര്യം ചെയ്ത ഭരണക്കാരും നിയന്ത്രിച്ച ഉന്നത ഉദ്യോഗസ്ഥരും തീര്‍ച്ചയായും ഉത്തരവാദികളാണ്.
അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസത്തിന്റെ പേരില്‍ ശമ്പളം കൊടുക്കുന്നതിനപ്പുറം, കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിനപ്പുറം, വിജയശതമാനത്തിന്റേയും എ പ്ലുസുകളുടേയും കണക്കുകള്‍ക്കപ്പുറം സ്‌കൂളുകളില്‍ അടിസ്ഥാനപരമായി എന്താണ് നടക്കുന്നത് എന്നു സൂക്ഷ്മമായി മോണിട്ടര്‍ ചെയ്യേണ്ട ചുമതല ഒരു സിസ്റ്റത്തിനുണ്ട്. ആ സിസ്റ്റം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കയും തിരിച്ചുപിടിക്കാന്‍പോലും പ്രയാസകരമായ രീതിയില്‍ കേരളത്തിലെ വിദ്യാഭ്യാസം പതിറ്റാണ്ട് പിറകിലെ ഫ്യൂഡല്‍ മാടമ്പിക്കാലത്തേയ്ക്ക് തിരിച്ചുപോവുകയും ചെയ്തതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ് ഇതുപോലുള്ള സംഭവങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates