പി.വി. അന്‍വര്‍: നായകനും പ്രതിനായകനും

സ്വതന്ത്രനായി തുറന്നുവിട്ട എം.എൽ.എ നടത്തുന്ന പോര്
പി.വി. അന്‍വര്‍: നായകനും പ്രതിനായകനും
Updated on
7 min read

സ്വതന്ത്രനായി തുറന്നുവിട്ട എം.എൽ.എയുടെ സ്വന്തം പാളയത്തിനു നേരെയുള്ള ആക്രമണത്താൽ കുഴങ്ങുകയാണ് കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ സർക്കാരും. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് യു.ഡി.എഫിൽനിന്ന് മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സി.പി.എം. പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമായി പാർട്ടി ഇറക്കിയ നേതാവും നിലമ്പൂർ എം.എൽ.എയുമായ പി.വി. അൻവർ തൊടുത്തുവിട്ട ആരോപണങ്ങൾ മുമ്പില്ലാത്തവിധം സി.പി.എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സി.പി.എമ്മിനും പിണറായിക്കും അടിപതറിയെന്ന പ്രതീതി അൻവറിന്റെ നീക്കങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുമായും സർക്കാരുമായും പൂർണ്ണമായും ബന്ധം ഉപേക്ഷിച്ച അൻവറിന്റെ നീക്കങ്ങളാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. അതേസമയം, ആരോപണങ്ങൾക്കു മുന്നിൽ ഭാഷ നഷ്ടപ്പെട്ടുനിൽക്കുകയാണ് സി.പി.എം. പരിഭ്രാന്തിക്കിടയിൽ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങളാകട്ടെ അൻവറിന്റെ തന്നെ ആരോപണങ്ങൾക്ക് ബലം കൂട്ടുകയും ചെയ്യുന്നുവെന്നത് വിരോധാഭാസമാകാം. മലപ്പുറത്ത് സ്വര്‍ണ്ണക്കള്ളക്കടത്ത് പെരുകുന്നുവെന്നും അതിലൂടെ വരുന്ന പണം ദേശദ്രോഹ ശക്തികൾ ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഇംഗ്ലീഷ് പത്രത്തിനു കൊടുത്ത അഭിമുഖത്തിൽ നടത്തിയ പരാമർശം, സി.പി.എമ്മിനും സംഘ്പരിവാറിനും ഇപ്പോൾ ഒരേ അജൻഡയാണെന്ന അൻവറിന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന തരത്തിലാണ് ചർച്ചയായത്. കേരളത്തിലെ മുസ്‌ലിം സമുദായ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതിൽ സി.പി.എമ്മിനുള്ള ദൗർബല്യം പൂർണ്ണമായും വെളിപ്പെടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അതേസമയം, ആരോപണങ്ങൾ കനപ്പിക്കുന്ന അൻവറിന് തന്റെ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഈ സന്ദർഭത്തെ സി.പി.എമ്മിന് വിവേകത്തോടെ കൈകാര്യം ചെയ്യാനാകുന്നില്ല എന്നത് പാർട്ടി നേതാക്കളും അനുയായികളുമൊക്കെ പങ്കുവെച്ചുതുടങ്ങിയിട്ടുണ്ട്.

കുറച്ചുമാസം മുമ്പുവരെ, ഒരു നാട്ടുപ്രമാണിയുടെ ശൈലിയിൽ മാധ്യമപ്രവർത്തകരെ നമ്പറിട്ട് വേട്ടയാടാൻ ഒരുമ്പെട്ടിറങ്ങിയ അൻവറിന്റെ ചെയ്തികളെ ഒരു കളി കാണുന്ന ഹരത്തോടെ ആസ്വദിച്ചിരിക്കുകയായിരുന്നു സി.പി.എമ്മും അതിന്റെ നേതാക്കളും. പാർട്ടി നിലയിൽനിന്ന് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്യാൻ അൻവറിന്റെ സ്വതന്ത്രൻ എന്ന ലേബൽ തുണയായി. ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിനും അതിന്റെ മേധാവിക്കുമെതിരെ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹത്തിന് ഏതോ ഒരു ഘട്ടത്തിൽ തിരിച്ചടി കിട്ടി പിൻമാറേണ്ടിവന്നു. എങ്കിലും അൻവൻ ഫാൻസായ സി.പി.എമ്മുകാരുടെ എണ്ണം കൂടാൻ അത് കാരണമായി. സൈബറിടങ്ങളിൽ സി.പി.എമ്മിന്റെ പ്രതിരോധമുഖമായി അദ്ദേഹം ഉയർന്നുവന്നു. അൻവറിന്റെ കുറിപ്പുകൾ പങ്കുവെയ്ക്കാൻ അണികൾ കാത്തിരുന്നു. പി.വി. അൻവർ നടത്തിയ അനധികൃത നിർമ്മാണങ്ങളും അനധികൃതമായ ഭൂമി സ്വന്തമാക്കലും ആരോപണമുനയിലുണ്ടായിരുന്ന ബിസിനസുകളും എല്ലാം പാർട്ടിയും നേതാക്കളും അണികളും ന്യായീകരിച്ച് വിശുദ്ധമാക്കിക്കൊണ്ടിരുന്നു.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയനിലേക്ക് നീളുന്നതിനു മുമ്പുവരെ അൻവറാണ് ശരി എന്ന് ഉറക്കെ പറഞ്ഞ ആയിരക്കണക്കിന് പാർട്ടി അനുഭാവികളുണ്ടായി. ആരോപണങ്ങളുടെ മുന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തറച്ചപ്പോഴാണ് സി.പി.എം അണികൾക്ക് കുറച്ചെങ്കിലും സംഭവഗതിയെക്കുറിച്ച് തിരിച്ചറിവുണ്ടായത്. അപ്പോഴേക്കും ആവശ്യത്തിനുള്ള പരിക്കുകൾ പാർട്ടിക്കും സർക്കാരിനും പറ്റിക്കഴിഞ്ഞുതാനും.

പാർട്ടി പറയുമ്പോൾ ആഘോഷിക്കുകയും കൈവിടുമ്പോൾ കല്ലെറിയുകയും ചെയ്യാനുള്ള വഴക്കം ഏതാണ്ട് ശീലമായിട്ടുണ്ട് സി.പി.എം അണികൾക്ക്. എങ്കിലും അൻവറിന്റെ കാര്യത്തിൽ അതും പൂർണ്ണമായി ഫലിക്കുന്നില്ല. ഇത്രയും നാൾ ഹീറോ ആക്കി കൊണ്ടുനടന്നയാളെ തള്ളിക്കളയാൻ പെട്ടെന്ന് കഴിയുന്നില്ല എന്നതാണ് ഒരു വിഭാഗം സി.പി.എം അണികൾ നേരിടുന്ന ഒരു പ്രശ്‌നം. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അവരെ തൃപ്തിപ്പെടുത്തുന്ന കൃത്യമായതോ യുക്തിപൂർവമായതോ ആയ മറുപടിയോ വിശദീകരണമോ സി.പി.എം പുറപ്പെടുവിച്ചില്ല എന്നതാണ് അതിന്റെ പിറകിലെ പ്രശ്‌നം. അതേസമയം, പ്രശ്‌നങ്ങൾ സി.പി.എമ്മിന്റെ വരുതിയിൽനിന്നു പുറത്തുപോയി എന്ന തോന്നൽ അനുയായികളിൽ മാത്രമല്ല, നേതാക്കളും പങ്കുവെച്ചുതുടങ്ങി. അൻവർ പാർട്ടിയുടെ കുപ്പിയിലൊതുങ്ങാത്ത സ്വതന്ത്രനുമായി.

അന്‍വറിനെതിരേ നിലമ്പൂരില്‍ നടന്ന പ്രതിഷേധം
അന്‍വറിനെതിരേ നിലമ്പൂരില്‍ നടന്ന പ്രതിഷേധം

അൻവർ ഉയർത്തിയ ആരോപണങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനും നേരിട്ട വൻ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ പാർട്ടിക്കമ്മിറ്റികളിൽ തന്നെ പലയിടങ്ങളിലും വിമർശനങ്ങൾ ഉയർന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. താഴെത്തട്ടിലുള്ള ജനങ്ങളുടെ അതൃപ്തി അവിടവിടെയായി പുറത്തുവന്നു. എന്നാൽ, ആ പ്രതികരണങ്ങൾ കെട്ടടങ്ങുന്നു എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അൻവറിന്റെ വിമർശനങ്ങൾ വരുന്നത്. ആഗസ്റ്റ് 20-ന് മലപ്പുറം ജില്ലാ പൊലീസ് സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ വൈകിയെത്തിയ മുഖ്യപ്രഭാഷകനും പൊലീസ് സുപ്രണ്ടുമായ എസ്. ശശിധരനെ വേദിയിലിരുത്തി പ്രസംഗത്തിൽ ദീർഘമായി വിമർശിച്ചതാണ് തുടക്കം. എം.എൽ.എ എന്ന നിലയിൽ തന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നില്ലെന്നും ജനകീയമായ പദ്ധതികൾക്ക് പിന്തുണ നൽകുന്നില്ലെന്നതുമായിരുന്നു അൻവർ പൊലീസിനു നേരെ ഉയർത്തിയ വിമർശനം. നിലമ്പൂർ മണ്ഡലത്തിലെ ലൈഫ് മിഷൻ പദ്ധതിയുടെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന രീതിയിൽ പൊലീസ് മണൽവേട്ട നടത്തുന്നു എന്നും ആരോപിച്ചു. അൻവറിന്റെ പാർക്കിൽനിന്ന് 2500 കിലോ റോപ്പ് മോഷണം പോയിട്ട് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല എന്നതുകൂടി വിമർശനത്തിലുണ്ടായിരുന്നു. ഇതുകേട്ട എസ്.പി ശശിധരൻ മുഖ്യപ്രഭാഷണം നടത്താതെ ഇറങ്ങിപ്പോയി.

എന്നാൽ, പൊലീസ് സമ്മേളനത്തിലെ അൻവറിന്റെ വിമർശനം യാദൃച്ഛികമായിരുന്നില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽനിന്ന് 2021-ൽ തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയെന്നും അത് അന്വേഷിക്കണമെന്നുമുള്ള പരാതിയുമായി എസ്.പി ഓഫീസിൽ അൻവർ എത്തിയതും വാർത്തയായി. ഇതു നടന്നുകൊണ്ടിരിക്കെയാണ് ആഗസ്റ്റ് മുപ്പതിന് മലപ്പുറം മുൻ എസ്.പി സുജിത് ദാസിന്റെ അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവരുന്നത്. തന്നോട് കൂറും വിധേയത്വവും പ്രകടിപ്പിച്ചുകൊണ്ട് തുറന്നു സംസാരിച്ച ഉദ്യോഗസ്ഥന്റെ സംഭാഷണം എന്തുകൊണ്ട് അൻവർ പുറത്തുവിടുന്നു എന്ന കാര്യത്തിൽ പലരും നെറ്റിചുളിച്ചതാണ്. വിശ്വസിച്ച് സംസാരിക്കുന്ന ആളുകളുടെ സംസാരം പുറത്തുവിടുന്നത് ശരിയാണോ എന്നത് ധാർമ്മികതയുടെ പ്രശ്‌നം കൂടിയാണ്. എന്നാൽ, സുജിത് ദാസ് ആരുടേയോ ദൂതനായാണ് സംസാരിച്ചതെന്ന് അൻവറിന് അറിയാമായിരുന്നുവെന്നതാണ് അതിനു പിറകിലെ കാര്യം. ആ സംഭാഷണം പുറത്തുവരുന്നതോടെ, താൻ ആരെയാണോ ലക്ഷ്യമിട്ടത് ആ സന്ദേശം അവരിലേക്കെത്തുകയും അവർ പ്രതികരിക്കുകയും ചെയ്തു.

നിരവധി വെളിപ്പെടുത്തലുകളാണ് ഫോൺ സംഭാഷണത്തിലൂടെ പുറത്തുവന്നത്. കോഴിക്കോട് എയർപോർട്ടിലൂടെ വരുന്ന സ്വര്‍ണ്ണക്കടത്തും അതിന്റെ പൊട്ടിക്കലിലും പൊലീസിനും പൊലീസിനെ നിയന്ത്രിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നതായിരുന്നു അതിലൊന്ന്. സ്വർണ്ണം കടത്തുന്ന സംഘങ്ങളുടെ കണ്ണിയെ അറസ്റ്റുചെയ്ത് അവരിൽനിന്ന് പിടിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ ഒരുഭാഗം പൊലീസ് ഉദ്യോഗസ്ഥർ കൈക്കലാക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു പ്രവൃത്തി നടക്കില്ലെന്ന തോന്നൽ ഉണ്ടാക്കാൻ അൻവറിന്റെ ആരോപണത്തിന് കഴിഞ്ഞു. എ.ഡി.ജി.പി അജിത്കുമാറിനും എസ്.പി സുജിത് ദാസിനും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പങ്ക് പറ്റുന്നു എന്നും ഇതുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ നിരപരാധികളെ വേട്ടയാടുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. എ.ഡി.ജി.പി കവടിയാറിൽ പണിയുന്ന ആഡംബര വീടിനെക്കുറിച്ചും മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.

രണ്ടാമത്തേത് തെരഞ്ഞെടുപ്പുകാലത്ത് നടന്ന തൃശൂർപൂരത്തിനിടെ പൊലീസ് ഇടപെടലും പ്രശ്‌നങ്ങളും കാരണം അലങ്കോലമായതിനു പിന്നിൽ പൊലീസ് ആസൂത്രണം ഉണ്ടായിരുന്നു എന്നതായിരുന്നു. എ.ഡി.ജി.പിയായ അജിത്കുമാറിന്റെ നേതൃത്വത്തിൽ ബോധപൂർവം ഉണ്ടാക്കിയ പ്രശ്‌നങ്ങൾ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് രംഗത്തിറങ്ങാൻ കളമൊരുക്കി. ബി.ജെ.പിക്ക് തൃശൂർ സീറ്റിൽ ജയിക്കാൻ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ എന്നത് ഗൗരവമായ രാഷ്ട്രീയ ആരോപണമാണ്. ഇതോടൊപ്പം തന്നെയാണ് എ.ഡി.ജി.പി പ്രമുഖനായ ആർ.എസ്.എസ് നേതാവിനെ പോയി കണ്ടു എന്ന മൂന്നാമത്തെ ആരോപണവും വന്നത്. മുൻ എൽ.ഡി.എഫ് കൺവീനറായ ഇ.പി. ജയരാജൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണവുമായി ചേർത്തുവായിക്കുമ്പോൾ സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തമ്മിൽ അവിശുദ്ധമായ കൂട്ടുകെട്ടുകളുണ്ടെന്ന വാദം ശക്തമാക്കാൻ വിമർശകർക്കു കഴിഞ്ഞു.

ഈ മൂന്ന് ആരോപണങ്ങളും ലക്ഷ്യമിട്ടത് ഒരേ കേന്ദ്രത്തെത്തന്നെയാണ്. അഡീഷണൽ ഡി.ജി.പി എം.ആർ. അജിത്കുമാറിനേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയേയും. വാർത്തകളുടേയും പത്രസമ്മേളനങ്ങളുടേയും പശ്ചാത്തലത്തിൽ അൻവറിനെ മുഖ്യമന്ത്രി വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. അൻവറിനെ അനുനയിപ്പിക്കാനെന്നോണം സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം അവസാനിക്കുമെന്ന് തോന്നിയെങ്കിലും പിന്നീടും മാധ്യമങ്ങൾക്കു മുന്നിൽ കൂടുതൽ വെളിപ്പെടുത്തുന്നതാണ് കണ്ടത്.

ഇ.പി. ജയരാജന്‍
ഇ.പി. ജയരാജന്‍Center-Center-Kochi

ചോദ്യം ചെയ്യപ്പെടുന്ന കൊലപാതകക്കേസുകൾ

മലബാറിൽ സ്വര്‍ണ്ണക്കടത്തിലും ലഹരിക്കടത്തിലും സാധാരണ മനുഷ്യർ ഭാഗമാക്കപ്പെടുകയും തട്ടിക്കൊണ്ടുപ്പോകലും കൊലപാതകവും കേസിൽപ്പെടുത്തലും ആത്മഹത്യയും ഭീഷണിപ്പെടുത്തലും ദിനംപ്രതിയെന്നോണം ഇക്കാലത്ത് നടക്കുന്നുണ്ട്. ഇരകളാക്കപ്പെടുന്ന ഇത്തരം മനുഷ്യരുടേയും കുടുംബങ്ങളുടേയും അനുഭവങ്ങളും അതിലെ പൊലീസിന്റെ പങ്കും പി.വി. അൻവർ വെളിപ്പെടുത്തുന്നുണ്ട്. ലഹരിക്കേസിൽ പിടിക്കപ്പെട്ട് മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി, സ്വര്‍ണ്ണക്കടത്ത് വിവരങ്ങൾ അറിയാമായിരുന്നു എന്ന് പറയപ്പെടുന്ന മലപ്പുറം എടവണ്ണയിലെ പുലിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ റിദാൻ ബാസിൽ, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം തുടങ്ങി അടുത്തകാലത്ത് നടന്ന കുറ്റകൃത്യങ്ങൾ അൻവർ വെളിപ്പെടുത്തുന്നുണ്ട്. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനടക്കമുള്ള പങ്കും പി.വി. അൻവർ പരസ്യമായി ആരോപിക്കുന്നു.

2023 ആഗസ്റ്റിലായിരുന്നു എം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയെ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പുലർച്ചയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ശരീരത്തിൽ അടിയേറ്റ മുറിവുകൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി താമിറിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. കുടുംബം പരാതി നൽകിയെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഒടുവിൽ ഹൈക്കോടതിയിൽ സഹോദരൻ നൽകിയ ഹർജിയിൽ സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. നാല് പൊലീസുകാരെ തുടർന്ന് അറസ്റ്റ് ചെയ്തു. ഈ കേസിൽ എസ്.പി. സുജിത് ദാസിന് പങ്കുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ കൂട്ടിനിന്നു എന്നുമാണ് പി.വി. അൻവർ പറയുന്നത്.

2023 ഏപ്രിലിലാണ് എടവണ്ണ ചെമ്പക്കുത്ത് റിദാൻ ബാസിലെന്ന 27-കാരൻ വീടിനടുത്തുള്ള പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ചത്. റിദാന്റെ സുഹൃത്ത് മുഹമ്മദ് ഷാനിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങൾ അറിയാവുന്നതുകൊണ്ടാണ് റിദാനെ കൊലപ്പെടുത്തിയതെന്നും നിരപരാധിയെ ആണ് പ്രതിയാക്കിയതെന്നും അൻവർ വെളിപ്പെടുത്തുന്നു. ഇതിൽ പൊലീസിന്റെ പങ്കും അദ്ദേഹം പറയുന്നു.

2023 ആഗസ്റ്റിലാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ കോഴിക്കോട് നിന്ന് കാണാതായത്. സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. പൊലീസിന്റെ പങ്കും വ്യക്തമാക്കുന്നു. മാമി തിരോധാനം ആക്ഷൻ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പി.വി. അൻവർ പങ്കെടുത്ത് ആരോപണങ്ങൾ കടുപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ആരോപണങ്ങൾക്കു പുറമെയാണ് കേസുകളുടെ കൃത്യമായ വിവരങ്ങളും ഇടപെടലുകളുടെ വെളിപ്പെടുത്തലുകളും അൻവർ നടത്തുന്നത്.

താമിര്‍ ജഫ്രി
താമിര്‍ ജഫ്രി

മറുപടിയില്ലാതെ പാർട്ടി

മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള ആരോപണം എന്ന നിലയിൽനിന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയമായ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് അൻവറിന്റെ വെളിപ്പെടുത്തലുകൾ വളർന്നുവെന്നതാണ് ഗൗരവമായ പ്രശ്‌നം.

അൻവറിന്റെ പ്രതികരണവും നിലനിൽപ്പിനുവേണ്ടിത്തന്നെയാണ്. എം.എൽ.എ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയും പൊലീസും പിന്തുണ നൽകുന്നില്ലെന്നത് പ്രശ്‌നമാണ്. അതോടൊപ്പം നാട്ടുകാരെ പൊലീസ് കേസിൽ കുടുക്കുന്നുവെന്ന പ്രശ്‌നവും ഉയർന്നുവന്നു. അൻവറിന്റെ രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക സ്വാധീനത്തിലുമായിരുന്നു സി.പി.എമ്മിന്റെ കണ്ണ്. എന്നാൽ, തുടർച്ചയായി ഉണ്ടായ കേസുകളും കോടതിവിധികളും അദ്ദേഹത്തിന്റെ സാമ്പത്തികാടിത്തറയെ ഉലച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അൻവർ ആഫ്രിക്കയിലേക്ക് ബിസിനസു ചെയ്യാൻ പോയി എന്ന വാർത്തയും ഈ പശ്ചാത്തലത്തിൽ വായിക്കാം. രാഷ്ട്രീയമായും സാമ്പത്തികമായും താൻ ഒതുക്കപ്പെടുകയാണ് എന്ന തോന്നലിൽനിന്നുള്ള കുതറലാണ് അൻവറിന്റേത്. ശക്തമായ രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതോടൊപ്പം ഉണ്ടായി എന്നത് തന്റെ ജനപ്രീതി വിപുലമാക്കാനുള്ള അവസരവുമായി. എന്നാൽ, എത്രകാലം ഈ ആരോപണങ്ങൾ സജീവമാക്കി നിർത്താനും സമ്മർദം ചെലുത്താനുമാകും എന്നതാണ് പ്രശ്‌നം. അൻവറിനു പിന്നിൽ ഏതെങ്കിലും സംഘം ഉണ്ടോ സി.പി.എമ്മിലെ ചിലർ ഉണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ ഈ സന്ദർഭത്തിൽ പലരും ഉന്നയിക്കുന്നുണ്ട്. എങ്കിലും അത്തരം പിന്തുണകളൊന്നുമില്ലാതെത്തന്നെ ഈ പ്രശ്‌നങ്ങൾക്കെതിരെ രംഗത്തുവരേണ്ട ആവശ്യം അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

അൻവർ ഉന്നയിച്ച വിഷയങ്ങൾ, അദ്ദേഹത്തോട് മറുപടി പറഞ്ഞില്ലെങ്കിലും സി.പി.എം അനുഭാവികളോടും ജനങ്ങളോടും വിശ്വസനീയമായ രീതിയിൽ, സി.പി.എമ്മിനും സർക്കാരിനും മറുപടി പറയേണ്ടതുണ്ട്. കാരണം ഇത് ഒരു പാർട്ടി പ്രശ്‌നം എന്നതിനപ്പുറം സർക്കാരിന്റേയും ജനങ്ങളുടേയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രശ്‌നമാണ്.

അൻവറിനെ അനുനയിപ്പിക്കുക എന്നത് എളുപ്പമല്ല എന്നു മനസ്സിലാക്കിയതിനാലാകണം, എ.ഡി.ജി.പി അജിത്കുമാറിനേയും പി. ശശിയേയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ വേണ്ടിമാത്രം, സാധാരണയിൽനിന്ന് വ്യത്യസ്തമായി ഒരുമണിക്കൂറിലേറെ അക്ഷോഭ്യനായി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി എന്നതും പ്രശ്‌നം എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്. അതേസമയം, ഈ പ്രശ്‌നങ്ങളിൽ ന്യായീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണ് എന്നും പാർട്ടിക്കില്ല എന്ന തോന്നലും ഉണ്ടായി. അതുകൊണ്ടാണ്, പാർട്ടിയാണ് പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിച്ചത് എന്ന് പിണറായി വിജയന് പത്രസമ്മേളനത്തിൽ പറയേണ്ടിവന്നത്.

പാർട്ടിതലത്തിൽ അൻവറിനെ ലക്ഷ്യംവെച്ചുള്ള പ്രചാരണം ഇപ്പോൾ സി.പി.എം തുടങ്ങിയിട്ടുണ്ടെങ്കിലും പാർട്ടിയുടെ പ്രതിച്ഛായയെ കൂടുതൽ വഷളാക്കുന്ന തരത്തിലാണ് ഇതു പോകുന്നതും. ഒരിടത്ത് അൻവറിനെതിരായ കേസുകൾ സജീവമാക്കുകയും പുതിയവ ഉണ്ടാക്കുകയും ചെയ്യുന്നു. മറുവശത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇമേജിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വക്താവ്, ദേശവിരുദ്ധ ശക്തികളുമായി കൂട്ട് എന്നതരത്തിൽ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു. എന്നാൽ ഇവയെല്ലാം ദുർബലമായിപ്പോകുന്നു. രാഷ്ട്രീയ പകപോക്കലെന്ന തോന്നൽ, അൻവറിന്റെ ഇമേജിന് കൂടുതൽ കരുത്തുകൂട്ടുന്നു.

പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളോ പാർട്ടിനേതാക്കളുൾപ്പെടുന്ന അഴിമതി ആരോപണങ്ങളോ പാർട്ടിക്ക് എളുപ്പത്തിൽ അണികളെ വിശദീകരണത്തിലൂടെ ബോധ്യപ്പെടുത്താൻ സാധിക്കാറുണ്ടെങ്കിലും അൻവർ ഉന്നയിച്ച പൊലീസ്-സംഘപരിവാർ ബന്ധത്തേയും പൊലീസിന്റെ ന്യൂനപക്ഷ വേട്ടയും മലപ്പുറത്തേയും മുസ്‌ലിം സമുദായത്തേയും അപരവല്‍ക്കരിക്കാൻ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നു എന്നുതുടങ്ങുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനോ അണികളേയോ പൊതുസമൂഹത്തേയോ ബോധ്യപ്പെടുത്താനോ കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മാമി
മാമി

സി.പി.എമ്മിലെ അൻവർ

കെ.എസ്.യു പ്രവർത്തനത്തിലൂടെയാണ് പി.വി. അൻവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരുന്നത്. മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജിൽ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. 2005-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ ഡമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചപ്പോൾ പി.വി. അൻവറും കോൺഗ്രസ്സിൽനിന്ന് ഡി.ഐ.സിയിലെത്തി. 2007-ൽ കരുണാകരനടക്കമുള്ള വലിയ വിഭാഗം കോൺഗ്രസ്സിലേക്ക് തിരിച്ചുപോയെങ്കിലും തിരിച്ചുപോവാത്ത പ്രവർത്തകരിലൊരാളായിരുന്നു പി.വി. അൻവർ. രാഷ്ട്രീയത്തിനൊപ്പംതന്നെ അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയായിരുന്നു അൻവർ.

2011-ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പി.വി. അൻവറെത്തുന്നത്. മലപ്പുറം ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരം. സി.പി.എമ്മുമായി അക്കാലത്തുതന്നെ അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. 2011-ൽ തന്നെ പി.വി. അൻവറിനെ പിന്തുണയ്ക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം താല്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ സി.പി.ഐ ശക്തമായി എതിർത്തു. വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ സി.പി.ഐയിലെ അശ്‌റഫ് അലി കാളിയത്ത് സ്ഥാനാർത്ഥിയായി. സ്വതന്ത്രനായ അൻവറിനു പുറമെനിന്ന് സി.പി.എം നൽകിയ പിന്തുണ വലുതായിരുന്നു. സി.പി.ഐ സ്ഥാനാർത്ഥി 2,700 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 47,452 വോട്ട് പി.വി. അൻവർ നേടി. മുസ്‌ലിം ലീഗിലെ പി.കെ. ബഷീറിന് പിന്നിൽ രണ്ടാം സ്ഥാനക്കാരനായി അൻവർ.

2014-ൽ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പി.വി. അൻവർ സ്ഥാനാർത്ഥിയായി. സി.പി.ഐയുടെ സീറ്റാണ് വയനാടും. സത്യൻ മൊകേരിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. 20000 വോട്ടിനാണ് കോൺഗ്രസ്സിലെ എം.ഐ. ഷാനവാസിനോട് സത്യൻ മൊകേരി പരാജയപ്പെട്ടത്. അൻവർ നേടിയത് 37000 വോട്ടും.

എന്നാൽ 2016-ൽ എല്ലാ എതിർപ്പുകളേയും മറികടന്ന് ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ അൻവറെത്തി. പ്രാദേശിക തലത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും നടന്നു. പരസ്യമായി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രകടനങ്ങൾ നടന്നു. പക്ഷേ, കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായ സംസ്ഥാന നേതൃത്വം അൻവറിൽ ഉറച്ചുനിന്നു. കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ അൻവറിലൂടെ സി.പി.എം പിടിച്ചെടുത്തു. 1987 മുതൽ 2016 വരെ തുടർച്ചയായി കോൺഗ്രസ്സിലെ ആര്യാടൻ മുഹമ്മദായിരുന്നു നിലമ്പൂരിലെ എം.എൽ.എ. 2016-ൽ മകൻ ആര്യാടൻ ഷൗക്കത്തിനെ 11000 വോട്ടിനാണ് പി.വി. അൻവർ പരാജയപ്പെടുത്തിയത്.

2019-ൽ പൊന്നാനിയിലും സി.പി.ഐയുടേയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റേയും എതിർപ്പുകൾ മറികടന്ന് എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവറിനെ സി.പി.എം മത്സരിപ്പിച്ചു. 2021-ൽ വീണ്ടും നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക്. 2700 വോട്ടിന് കോൺഗ്രസ്സിലെ വി.വി. പ്രകാശിനെ പരാജയപ്പെടുത്തിയാണ് അൻവർ ജയിച്ചത്.

പി.വി. അന്‍വര്‍
പി.വി. അന്‍വര്‍

സഹായിച്ചും പിന്തുണച്ചും പാർട്ടി

കഴിഞ്ഞ എട്ടുവർഷത്തെ എം.എൽ.എ കാലത്തിനിടയിൽ അനധികൃത നിർമ്മാണവും പാരിസ്ഥിതിക ലംഘനങ്ങളും സാമ്പത്തിക തട്ടിപ്പും സ്വത്ത് സമ്പാദനവുമടക്കം നിരവധി ആരോപണങ്ങളും കേസുകളും നേരിടേണ്ടിവന്നയാളാണ് പി.വി. അൻവർ. എന്നാൽ എല്ലാത്തരം പിന്തുണയും നൽകി പാർട്ടിയും ഭരണസംവിധാനവും അൻവറിനൊപ്പം നിൽക്കുന്നതാണ് കണ്ടത്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിയിലെ പി.വി.ആർ നാച്വറോ വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും പാർട്ടി അത് കണ്ടില്ലെന്ന് നടിച്ചു. നിരവധി തവണ കോടതി ഉത്തരവുകൾ പോലും അൻവറിനായി ലംഘിക്കപ്പെട്ടു.

നിയമലംഘനങ്ങൾ ശരിവെച്ച് പലതലത്തിൽനിന്ന് റിപ്പോർട്ടുകളും വിധികളും വന്നശേഷമായിരുന്നു താല്‍ക്കാലികമായി പാർക്ക് അടച്ചിടാൻ തീരുമാനിച്ചത് തന്നെ. പാർക്കിനുള്ളിൽ തന്നെ മണ്ണിടിച്ചിലുകൾ ഉണ്ടായിരുന്നു. കോടതി കേസ് പരിഗണിക്കുന്നതിനിടയിൽ തന്നെ ചിൽഡ്രൻസ് പാർക്ക് തുറന്നുകൊടുക്കാൻ സർക്കാർ സംവിധാനങ്ങളും പാർട്ടിയേയും ഉപയോഗിച്ച് അൻവറിന് കഴിഞ്ഞിരുന്നു.

പി.വി.ആർ നാച്ച്വറോ പാർക്കിൽ കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമ്മാണം പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ അനങ്ങിയില്ല. ഉത്തരവ് വന്ന് എട്ടുമാസത്തിനു ശേഷവും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കേരള നദീസംരക്ഷണസമിതി ഭാരവാഹിയായിരുന്ന ടി.വി. രാജനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

അൻവർ അനധികൃതമായി കൈവശം വെച്ച ഭൂമിയുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ കെ.വി. ഷാജി നൽകിയ പരാതിയിലും പാർട്ടിയും സർക്കാരും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏഴ് വർഷത്തോളമായിട്ടും ഇതിൽ നടപടിയായില്ല. അധിക ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ലാൻഡ് ബോർഡിന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സി.പി.ഐയുമായി തുടക്കം മുതൽ ഇടഞ്ഞുനിൽക്കുന്നയാളാണ് അൻവറെങ്കിലും സി.പി.ഐയുടെ കയ്യിലുള്ള റവന്യുവകുപ്പിൽ നിന്നാണ് ഇത്രയധികം സഹായങ്ങൾ അൻവറിന് കിട്ടിയത് എന്നതും കൗതുകകരമാണ്. 2007 മുതൽ തന്നെ പി.വി. അൻവർ ഭൂപരിധി ലംഘിച്ചു എന്ന് ലാന്റ് ബോർഡ് കണ്ടെത്തുന്നതുതന്നെ മുഴുവൻ തെളിവുകളും പരാതിക്കാർ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ മറ്റു വഴികളില്ലാതെയാണ്. ഭൂമി തിരിച്ചുപിടിക്കണമെന്ന് 2020-ൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും അനങ്ങിയില്ല. 2022-ൽ വീണ്ടും കോടതി ഉത്തരവ് വന്നു. അതിലും നടപടിയെടുത്തില്ല. ഇതും ചൂണ്ടിക്കാട്ടി കെ.വി. ഷാജി കോടതിയിൽ വീണ്ടും പോയി. മൂന്നുമാസത്തിനകം തിരിച്ചുപിടിക്കാൻ പിന്നെയും ഉത്തരവ് വന്നു. നടപടിയെടുക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻമാരെ സ്ഥലംമാറ്റിക്കൊണ്ടാണ് സർക്കാർ ഇതിന് തടയിട്ട് അൻവറിനെ സഹായിച്ചത്. ഭൂപരിഷ്‌കരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഊറ്റംകൊള്ളുന്ന സി.പി.എം തന്നെയാണ് ഇതിനു വിരുദ്ധമായി ഭൂമി കൈവശം വെച്ച പി.വി. അൻവറിനെ ഏതറ്റംവരെയും സഹായിക്കാൻ കൂടെ നിന്നത്. ലാൻഡ് ബോർഡ് ചെയർമാന് കോടതിയിൽ ഇതിന്റെ പേരിൽ നിരുപാധികം മാപ്പ് പറയേണ്ടിയും വന്നു.

ഇതിനിടയിലായിരുന്നു അൻവറിന്റെ ആഫ്രിക്കയിലേക്കുള്ള യാത്ര. 2021-ൽ നോമിനേഷൻ കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അൻവർ നിലമ്പൂരിൽ തിരിച്ചെത്തിയത്. പരിഹാസവും ആരോപണങ്ങളുമായി പ്രതിപക്ഷവും അൻവറിന്റെ ആഫ്രിക്കൻ ബിസിനസ് ഇടപാടുകൾ അന്വേഷിക്കണമെന്ന പരാതിയും ആ ഘട്ടത്തിൽ വന്നെങ്കിലും തിരിച്ചെത്തുന്ന അൻവറിന് വൻ ജനാവലിയോടെ സ്വീകരണം നൽകുകയാണ് സി.പി.എം ചെയ്തത്. പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി ചേർന്നുപോകാത്ത നിലപാടുകളും തീരുമാനങ്ങളുമാണ് അൻവറിനുവേണ്ടി പലപ്പോഴും സ്വീകരിക്കപ്പെട്ടതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com