രണ്ടുരൂപയ്ക്ക് ചായ കൊടുക്കുന്ന 'ഇക്കാക്കന്റെ ചായക്കട'

കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത് മുഖദാറില്‍ ചായക്കട നടത്തുന്ന മുഹമ്മദ് കോയ അങ്ങനയൊരാളാണ്. ലാഭനഷ്ടങ്ങളെക്കുറിച്ച് കാര്യമായി വേവലാതിപ്പെടാതെ ഇപ്പോഴും രണ്ടുരൂപയ്ക്ക് ചായ കൊടുക്കുന്ന 'ഇക്കാക്കന്റെ ചായക്കട.'
മുഹമ്മദ് കോയ
മുഹമ്മദ് കോയ
Updated on
3 min read

തിളക്കമേറിയ ഭീമന്‍ കെട്ടിടങ്ങളുടേയും തൊങ്ങലുകളുള്ള മാളുകളുടേയും അവിടേയ്ക്ക് ഇരച്ചുകയറുന്ന ആളുകളുടേയും ഒക്കെയായാണ് നഗരങ്ങളെക്കുറിച്ചുള്ള കാഴ്ചകള്‍. അത്തരം ഇടങ്ങളില്‍ ചെലവഴിക്കുന്ന പണത്തിന്റേയും വാങ്ങുന്ന ഉല്പന്നങ്ങളുടേയും ഒക്കെ അളവില്‍ ആനന്ദം കണ്ടെത്തുന്നവരും ഏറെയാണ്. ഇതിനൊക്കെയിടയില്‍ അത്രയൊന്നും പകിട്ടുകാട്ടാതെ, ലാഭേച്ഛയില്ലാതെ നിസ്വാര്‍ത്ഥമായി ജീവിക്കുന്ന നിരവധി പേരും നഗരങ്ങളിലുണ്ട്. നഗരചരിത്രത്തില്‍ പലപ്പോഴും ഇടം ലഭിക്കാതേയും കാര്യമായി അടയാളപ്പെടുത്താതേയും പോകുന്നവര്‍. അവരുടേതുകൂടിയാണ് നഗരം. കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത് മുഖദാറില്‍ ചായക്കട നടത്തുന്ന മുഹമ്മദ് കോയ അങ്ങനയൊരാളാണ്. ലാഭനഷ്ടങ്ങളെക്കുറിച്ച് കാര്യമായി വേവലാതിപ്പെടാതെ ഇപ്പോഴും രണ്ടുരൂപയ്ക്ക് ചായ കൊടുക്കുന്ന 'ഇക്കാക്കന്റെ ചായക്കട.'

മുഹമ്മദ് കോയയും കൂട്ടുകാരും
മുഹമ്മദ് കോയയും കൂട്ടുകാരും

കോഴിക്കോട് അടുത്തിടെ തുടങ്ങിയ അമേരിക്കന്‍ കോഫി ശൃംഖലയായ 'സ്റ്റാര്‍ബക്‌സി'ന്റെ ഔട്ട്ലെറ്റില്‍നിന്ന് നടന്നെത്താവുന്ന ദൂരമേയുള്ളൂ 'ഇക്കാക്കന്റെ ചായക്കട'യിലേയ്ക്ക്. 250 രൂപയില്‍ തുടങ്ങുന്ന കോഫിയില്‍നിന്നു രണ്ടു രൂപയുടെ ചായക്കടയിലേക്കുള്ള ദൂരം. കോഴിക്കോട് ബീച്ചിനടുത്തെ മുഖദാറിലെ മുഹമ്മദ് കോയ 1980-കളിലാണ് ചായക്കട തുടങ്ങിയത്. സാധാരണ ആളുകള്‍ കച്ചവടത്തിനിറങ്ങുമ്പോള്‍ ആദ്യം ചിന്തിക്കുക ലാഭത്തെക്കുറിച്ചാണെങ്കില്‍ മുഹമ്മദ് കോയ അങ്ങനെയായിരുന്നില്ല. വിശന്നോ തളര്‍ന്നോ ക്ഷീണിച്ചോ ദാഹിച്ചോ തനിക്ക് മുന്നിലേക്കെത്തുന്നയാളുകള്‍ക്ക് ചായയും പലഹാരവും നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിന് ഈടാക്കുന്ന പണം തനിക്ക് ലാഭമുണ്ടാക്കുക എന്നതിലുപരി അവര്‍ക്ക് താങ്ങാന്‍ പറ്റുന്നതായിരിക്കണം എന്നതിനായിരുന്നു മുന്‍ഗണന. അതുകൊണ്ടാണ് ഇന്നും രണ്ടു രൂപയ്ക്ക് ചായ നല്‍കാന്‍ നാട്ടുകാര്‍ ഇക്കാക്ക എന്നുവിളിക്കുന്ന മുഹമ്മദ് കോയയ്ക്ക് കഴിയുന്നത്.

കൊവിഡ് കാലം വരെ ഒരു രൂപയായിരുന്നു ചായയ്ക്ക് വില. കൊവിഡ് കാലത്ത് സാധാരണ ഗ്ലാസില്‍ കൊടുക്കാന്‍ കഴിയാതെ പേപ്പര്‍ ഗ്ലാസ് ഉപയോഗിക്കേണ്ടിവന്നു. അതിന്റെ ചെലവ് കൂടി. അതോടെയാണ് രണ്ട് രൂപയാക്കാന്‍ നിര്‍ബ്ബന്ധിതനായത്. കുറച്ചുകൂടി പുറകോട്ട് പോയാല്‍ ഇക്കാക്കയുടെ ചായയ്ക്ക് 50 പൈസയായിരുന്നു. രണ്ടര രൂപ കടിക്കും. അങ്ങനെ മൂന്നു രൂപയ്ക്ക് ചായയും കടിയും കഴിക്കാം. ഈയടുത്താണ് രണ്ട് രൂപ ചായയ്ക്കും എട്ടു രൂപ കടിക്കും ആയത്. 10 രൂപയ്ക്ക് ഒരു ചായയും കടിയും. മത്സ്യത്തൊഴിലാളികളടക്കം ഏറെയും സാധാരണക്കാര്‍ താമസിക്കുന്നയിടമാണ് ബീച്ചിനോട് ചേര്‍ന്നുള്ള മുഖദാര്‍ പ്രദേശം.

മുഹമ്മദ് കോയ തന്റെ കടയില്‍
മുഹമ്മദ് കോയ തന്റെ കടയില്‍

മുഹമ്മദ് കോയയുടെ ചായക്കടയ്ക്കടുത്താണ് പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തൊഴിലാളികളും ഈ സ്‌കൂളിലെ കുട്ടികളുമാണ് കടയുടെ പ്രധാന കസ്റ്റമേഴ്സ്. മുഹമ്മദ് കോയ പഠിച്ചതും ഈ സ്‌കൂളിലാണ്. ''കുട്ടികള്‍ക്ക് പത്ത് രൂപയ്ക്ക് ചായയും കടിയും കിട്ടുന്നത് ഒരു താങ്ങാണ്. അവര്‍ക്ക് വീടുകളില്‍നിന്ന് അത്ര പൈസയൊക്കയല്ലേ കിട്ടുള്ളൂ. കുട്ടികള്‍ വയര്‍നിറഞ്ഞു പോകുന്നതു കാണുമ്പോള്‍ നമുക്കും സന്തോഷം'' തന്റെ കടയിലെത്തുന്നവരെക്കുറിച്ച് അത്രയും സ്‌നേഹത്തോടെയാണ് മുഹമ്മദ് കോയ സംസാരിക്കുന്നത്.

വൈകിട്ടാവുമ്പോഴേയ്ക്കും ബീച്ചിലെത്തുന്നവരും മറ്റുമായിരിക്കും കൂടുതല്‍ കടയിലെത്തുന്നത്. ആ സമയത്ത് ചായയ്ക്ക് അഞ്ചു രൂപയാക്കി. തീപിടിച്ച വിലക്കയറ്റ കാലത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് രണ്ടുതരം വിലയിലേയ്ക്ക് മാറേണ്ടിവന്നതെന്ന് ഇദ്ദേഹം പറയുന്നു.

ഇക്കാലത്തിനിടയില്‍ ലാഭമുണ്ടാക്കണമെന്നോ പണം സമ്പാദിക്കാമായിരുന്നു എന്നോ എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്നു ചോദിച്ചാല്‍ മുഹമ്മദ് കോയ നിഷ്‌കളങ്കമായി ചിരിക്കും. പിന്നെ വളരെ പതുക്കെ പറയും: ''അങ്ങനെയൊക്കെ തോന്നിയിരുന്നെങ്കില്‍ ഞാനിന്ന് എവിടെയോ എത്തിപ്പോയേനെ. എന്നോ തുടങ്ങിയതല്ലേ. അങ്ങനെ തോന്നിയിട്ടില്ല. സേവനം ചെയ്യുന്നതുപോലെയാണ് എനിക്കിത്. സത്യസന്ധമായി അങ്ങനെ പോവുക എന്നത് മാത്രമായിരുന്നു ആലോചിച്ചത്. മനസ്സില്‍ കളങ്കമില്ലെങ്കില്‍ ഒക്കെ ശരിയായി വരും.''

പണത്തിന്റെ മൂല്യം നന്നായി അറിയുന്നയാളാണ് മുഹമ്മദ് കോയ. ഭക്ഷണം ആഘോഷമാവുന്ന ഇക്കാലത്തും ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും ചിലരുടെ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യമുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. കാരണം ആ വഴികളിലൂടെയെല്ലാം കടന്നുവന്നൊരാളാണ് മുഹമ്മദ് കോയയും. മുഖദാറിലെ ഒരു കൂട്ടുകുടുംബത്തില്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലാണ് കോയ വളര്‍ന്നത്. 11 മക്കളില്‍ രണ്ടാമത്തെയാളായിരുന്നു മുഹമ്മദ് കോയ. സ്‌കൂള്‍ കാലത്തുതന്നെ പഠനം നിര്‍ത്തി പല ജോലികളും ചെയ്യേണ്ടിവന്നു. കയര്‍ കമ്പനികളിലായിരുന്നു ഏറെക്കാലം ജോലി ചെയ്തത്. പ്ലാസ്റ്റിക് കയറുകള്‍ വിപണിയിലെത്തിയതോടെ പണി കുറഞ്ഞു. അങ്ങനെയാണ് ചായക്കട തുടങ്ങാന്‍ തീരുമാനിച്ചത്. 40 വര്‍ഷത്തിലധികമായി കട തുടങ്ങിയിട്ട്. ആ ഒറ്റമുറി വാടക കട തന്നെയാണ് ഇപ്പോഴും. സ്വന്തമായി വീടോ കടയോ ഒന്നും ഉണ്ടാക്കാന്‍ നന്മയുടേയും സേവനത്തിന്റേയും വഴിയിലൂടെ പോയ മുഹമ്മദ് കോയയ്ക്ക് കഴിഞ്ഞിരുന്നില്ല. മൂന്നു മക്കളാണ് മുഹമ്മദ് കോയയ്ക്ക്. രണ്ട് പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞു. മകന്‍ നഗരത്തിലെ ആശുപത്രിയില്‍ ജീവനക്കാരനാണ്. ഈയടുത്താണ് ഗുരുവായൂരപ്പന്‍ കോളേജിനടുത്ത് മക്കളുടെ സഹായത്തോടെ എടുത്ത വീട്ടിലേയ്ക്ക് മുഹമ്മദ് കോയയും കുടുംബവും മാറിയത്.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കീശയില്‍നിന്നും ഒരു തുണ്ട് പേപ്പറും കുറച്ച് പൈസയും എടുത്ത് പേരക്കുട്ടിയെ ഏല്പിച്ചു. കടയില്‍ മുന്‍പ് പണിചെയ്തിരുന്ന ആളിന്റെ കുടുംബത്തിനു വേണ്ട സാധനങ്ങളുടെ ലിസ്റ്റാണ്. ആള്‍ മരിച്ചശേഷം എല്ലാ മാസവും ആവശ്യമുള്ള സാധനങ്ങള്‍ മുഹമ്മദ് കോയ എത്തിച്ചുകൊടുക്കും.

ഇക്കാലത്തിനിടയില്‍ ഈ കടയില്‍നിന്നും ചായക്കുടിച്ച് പോയത് നിരവധി പേരാണ്. സ്‌കൂളിലെ കുട്ടികളില്‍ പലരും വിവിധ നിലയിലെത്തി. പലരും മുഹമ്മദ് കോയയെ കാണാന്‍ വരും. സഹായങ്ങള്‍ ചെയ്യും. ഞങ്ങളോട് പൊരുത്തപ്പെടണം എന്നു പറഞ്ഞു പൈസ കൊടുത്തുപോകുന്നവരുണ്ട്. സ്‌കൂള്‍ കുട്ടികളായിരുന്ന കാലത്ത് ഇക്കാക്ക കാണാതെ ഇവിടെയുള്ള സാധനങ്ങള്‍ എടുത്തുതിന്ന ചിലരാണ്. ''കുട്ടികള്‍ പൊട്ടിത്തെറിക്കുന്ന സമയമല്ലേ സ്‌കൂള്‍ കാലം. എനിക്ക് അങ്ങനെ നോക്കാനൊന്നും കഴിയില്ലല്ലോ. പക്ഷേ, അവര്‍ക്കു ബുദ്ധി വെക്കുന്ന സമയത്ത് അവര്‍ എന്നെ വന്നു കാണും'' -വാത്സല്യത്തോടെയാണ് ഇക്കഥകളൊക്കെ ഇദ്ദേഹം പറഞ്ഞത്.

എല്ലാവര്‍ക്കും ഇക്കാക്കയാണ് എഴുപത്തിയഞ്ചുകാരനായ മുഹമ്മദ് കോയ. പ്രായത്തില്‍ മൂത്തവര്‍ക്കും ചെറിയ കുട്ടികള്‍ക്കുമെല്ലാം ഇക്കാക്കയും ഇക്കാക്കന്റെ കടയുമാണ്. മുഹമ്മദ് കോയ എന്ന പേര് പോലും പലര്‍ക്കും അറിയില്ല. ''എവിടെ പോയാലും പരിചയക്കാരുണ്ടാവും. ഏതെങ്കിലും ഓഫീസിലോ ബസിലോ ട്രെയിനിലോ ഒക്കെ പോവുമ്പോള്‍ ആരെങ്കിലും വന്നു പരിചയപ്പെടും. അതൊക്കെയാണ് എന്റെ സമ്പാദ്യം. എവിടെയെങ്കിലും വീണുപോയാല്‍ സഹായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമല്ലോ.''

മുഹമ്മദ് കോയ
മുഹമ്മദ് കോയ

പോക്കറ്റിലെ പേഴ്സില്‍നിന്നു ചെറുതായി മടക്കിയ ഒരു പത്രകട്ടിങ്ങ് എടുത്തുതന്നു. ഒരു രൂപയ്ക്ക് ചായ കൊടുക്കുന്ന മുഹമ്മദ് കോയയെ ആദരിച്ച വാര്‍ത്ത. 15 വര്‍ഷം മുന്‍പത്തെ വാര്‍ത്തയാണ്. ''ഇതു ഞാന്‍ സൂക്ഷിച്ചുവെച്ചതാണ്. എന്തെങ്കിലും ചൊറ വന്നാല്‍ എടുത്തു കാണിക്കാന്‍. പൊലീസുകാരൊക്കെ എന്തെങ്കിലും ചെറിയ പ്രശ്‌നത്തിന് വരുമ്പോള്‍ ഞാനിത് എടുത്തുകാണിക്കും. അതൊരു രക്ഷയാണ്. നമ്മളാരാണ് എന്നു പറഞ്ഞുകൊടുക്കേണ്ടല്ലോ. കൊവിഡ് സമയത്തൊക്കെ ഇത് ഉപകാരപ്പെട്ടിട്ടുണ്ട്.''

മുസ്ലിംലീഗിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകൂടിയാണ് മുഹമ്മദ് കോയ. പ്രാദേശിക ഭാരവാഹിത്വങ്ങളും ഉണ്ടായിരുന്നു. ഇക്കാക്കയുടെ ചായക്കടയെ കുറിച്ചറിഞ്ഞ് പലരും വന്നു ചായകുടിക്കും. കളക്ടറും എം.എല്‍.എയും ഒക്കെ വന്നു ചായ കുടിച്ച കഥ മുഹമ്മദ് കോയ പറഞ്ഞു. കടയുടെ മുന്നിലെ റോഡില്‍ കൂടി നടന്നുപോകുന്നവരും വാഹനത്തില്‍ പോകുന്നവരും ഇക്കാക്ക എന്നു വിളിച്ചു പരിചയം പറഞ്ഞാണ് പോകുന്നത്. ഈ നഗരവും ആളുകളും കടകളും രുചിയും മാറിക്കൊണ്ടിരിക്കുന്നത് ഇക്കാക്കന്റെ കടയിലിരുന്ന് മുഹമ്മദ് കോയ കാണുന്നുണ്ട്. കോഴിക്കോടിന്റെ രുചിപ്പെരുമ പുറംലോകത്തെത്തിച്ച നിരവധി ഹോട്ടലുകള്‍ നഗരത്തിലുണ്ട്. അവിടുന്നു ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഈ നഗരത്തിലെത്തുന്നവരുണ്ട്. എന്നാല്‍, ഇവിടെയൊന്നും മുഹമ്മദ് കോയ ഒരിക്കലും പോയി ഭക്ഷണം കഴിച്ചിട്ടില്ല.

കോഴിക്കോട് പഴയ കോഴിക്കോടല്ല. പക്ഷേ, മുഹമ്മദ് കോയ എന്ന ഇക്കാക്കയുടെ ജീവിതത്തിനും കാഴ്ചപ്പാടുകള്‍ക്കും കാര്യമായ മാറ്റമൊന്നുമില്ല. ഇങ്ങനേയും ഈ സമൂഹത്തിനോട് ഇടപെടാന്‍ കഴിയുന്ന മനുഷ്യരുണ്ട്. മുഹമ്മദ് കോയയെപ്പോലെ നിസ്വാര്‍ത്ഥമായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യര്‍ ഈ നഗരത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com