

മാരക ലഹരിമരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്.
മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. എന്തുതരം ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത സംഘങ്ങള്‍ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും ഇതിനെക്കുറിച്ച് അറിയാവുന്നവരുടെ ഉറക്കംകെടുത്തുന്നു. മയക്കുമരുന്നുകള്‍ അത്രമേല്‍ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നത് വെറും നിരീക്ഷണമല്ല; മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലാണ്. പൊലീസും സൈക്യാട്രിസ്റ്റുകളും ഒരുപോലെ ഇതു ചൂണ്ടിക്കാട്ടുന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ സ്ഥാപനത്തില്‍ സുഹൃത്ത് കഞ്ചാവ് കൊണ്ടുവച്ച് കേസില്‍പ്പെടുത്തിയത് അടുത്തയിടെയാണ്. തിരുവനന്തപുരത്തു കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. സിറ്റി പൊലീസ് നര്‍ക്കോട്ടിക്ക് വിഭാഗം അറസ്റ്റുചെയ്ത ശോഭ വിശ്വനാഥന്‍ എന്ന സംരംഭകയുടെ നിരപരാധിത്വം മാസങ്ങള്‍ക്കുശേഷമാണ് തെളിഞ്ഞത്. പക്ഷേ, അന്ന് അവര്‍ ചൂണ്ടിക്കാട്ടിയ ഒരു ആശങ്ക വളരെ പ്രധാനമാണ്: ''എത്ര നിരപരാധികള്‍ക്ക് ഇങ്ങനെ മയക്കുമരുന്നുകേസുകളില്‍ കുടുങ്ങി ജീവിതം നഷ്ടപ്പെടുന്നുണ്ടാകും.''
തലസ്ഥാന നഗരത്തില്‍ ശോഭ നടത്തുന്ന 'കൈത്തറി വില്ല' എന്ന സ്ഥാപനത്തില്‍നിന്ന് അരക്കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ അവരെ വിട്ടയച്ചെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാന്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ വിരോധം തീര്‍ക്കാന്‍ ഹരീഷ് ഹരിദാസ് എന്നയാള്‍ ഒരുക്കിയ കെണിയാണ് ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഹരീഷാണ് കഞ്ചാവ് കൊണ്ടുവച്ചത്; സുഹൃത്ത് വിവേക് രാജിന്റെ സഹായവും ഇക്കാര്യത്തില്‍ ഉണ്ടായി. ശോഭയുടെ സ്ഥാപനത്തില്‍ കഞ്ചാവുണ്ടെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചതും ഇവര്‍ തന്നെ. ശോഭയെ കേസില്‍നിന്ന് ഒഴിവാക്കുകയും ഹരീഷിനും വിവേകിനുമെതിരെ കേസെടുക്കുകയും ചെയ്തു. ശോഭാ വിശ്വനാഥിനും സ്ഥാപനത്തിനും കുടുംബത്തിനും ഈ സമയംകൊണ്ട് ഉണ്ടായ അപമാനം ചെറുതായിരുന്നില്ല.
മയക്കുമരുന്നു കടത്തും വില്‍പ്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ പൊലീസും എക്സൈസും നടത്തുന്നുണ്ട്. മയക്കുമരുന്നുകള്‍ക്കെതിരായ ബോധവല്‍ക്കരണവും സമാന്തരമായി നടത്തുന്നു. പക്ഷേ, കര്‍ക്കശ നിയമ നടപടികളെടുക്കാന്‍ കിട്ടുന്ന അവസരം നേരെ വിപരീതമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. എറണാകുളം കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്നു കോടികളുടെ മയക്കുമരുന്നു പിടിച്ച കേസ് അട്ടിമറിക്കാന്‍ എക്സൈസിലെ ഒരു വിഭാഗം നടത്തിയ ശ്രമം ഉദാഹരണം. രണ്ടു പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും തൊണ്ടിമുതലുകളില്‍ ചിലത് മഹസ്സറില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്തു. കള്ളക്കളികള്‍ വൈകാതെ പുറത്തുവന്നെങ്കിലും ഒരു സസ്പെന്‍ഷിലും നാലു സ്ഥലംമാറ്റത്തിലും നടപടി ഒതുങ്ങി.
ആരാണ് രക്ഷകര്‍?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണച്ചൂട് മൂര്‍ധന്യത്തിലായിരിക്കെയാണ് തിരുവനന്തപുരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടിച്ചത്. പൊലീസിന്റെ ശ്രദ്ധ ആ സമയത്തു കുറയും എന്ന പ്രതീക്ഷയില്‍ കടത്തിയതായിരുന്നു. പക്ഷേ, ഈ സംഭവത്തില്‍ അറസ്റ്റിലായ അറുപത്തിയെട്ടുകാരന്‍ പാലോട് സ്വദേശി വിശ്വനാഥന്‍ പിള്ള അഞ്ചാം തവണയാണ് ഇങ്ങനെ പിടിയിലാകുന്നത്. ഒരു വട്ടം കുറച്ചുകാലം ജയിലിലും കിടന്നു. ഇയാളുടെ പക്കല്‍ സ്രോതസ്സില്ലാത്ത 20 ലക്ഷം രൂപയുമുണ്ടായിരുന്നു.
വൈദ്യശാലയുടെ പേരില്‍ കഞ്ചാവും ചാരായവും കച്ചവടം ചെയ്യുകയായിരുന്ന തിരുവനന്തപുരം വിതുര സ്വദേശികളെ കഴിഞ്ഞ മാസം 11-ന് നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. വിക്രമനും സഞ്ജുവും. വിക്രമന് പ്രായം 69. അഗസ്ത്യ എന്ന പേരില്‍ വിതുരയില്‍ ആയുര്‍വ്വേദ വൈദ്യശാല നടത്തുകയായിരുന്നു വിക്രമന്‍; സഞ്ജു അയാളുടെ സഹായി. രണ്ടു പേരുടേയും വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവും ചാരായവും വെടിയുണ്ടയും വരെ കിട്ടി.
കൊച്ചിയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്നു കോടികളുടെ മയക്കുമരുന്ന് പിടിച്ചത് ആഗസ്റ്റ് 18-ന്. കേസ് അട്ടിമറിക്കാന്‍ എക്സൈസിലെ ഒരു വിഭാഗം നടത്തിയ ശ്രമം വന്‍ വിവാദമായി. വന്‍വിലയുള്ള എം.ഡി.എം.എ ആണ് പിടിച്ചത്. യുവതി ഉള്‍പ്പെടെ രണ്ടു പ്രതികളെ രക്ഷിക്കാനും ഇവിടെനിന്നു പിടിച്ച മൊബൈല്‍ ഫോണുകളില്‍ ചിലത് ഒളിപ്പിക്കാനും കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ അളവു കുറച്ചുകാണിക്കാനും ശ്രമമുണ്ടായി. അഞ്ച് മൊബൈല്‍ ഫോണുകള്‍, വിലകൂടിയ ഇനം നായ്ക്കള്‍, പണം, ലാപ്ടോപ്പ് എന്നിവ മഹസ്സറില്‍ എഴുതാതെയായിരുന്നു അട്ടിമറി ശ്രമം. ഇത് അടുത്ത ദിവസംതന്നെ പുറത്തുവന്നു. എറണാകുളം എക്സൈസ് എന്‍ഫോഴ്സമെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കറിനെ സസ്പെന്റ് ചെയ്തു. നാലുപേരെ സ്ഥലം മാറ്റി. സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. പ്രമോദ്, സി.ഇ.ഒമാരായ എം.എസ്. ശിവകുമാര്‍, എം.എ. ഷിബു എന്നിവരെയാണ് മാറ്റിയത്. എക്സൈസ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പിച്ചു. പിടികൂടിയ ഒന്‍പത് ഫോണുകളില്‍ അഞ്ചെണ്ണമാണ് മഹസ്സറില്‍ വരാതിരുന്നത്. അതിലെ ദുരൂഹതയും ഉദ്യോഗസ്ഥ ബന്ധം സംബന്ധിച്ച സംശയങ്ങളും നീങ്ങിയിട്ടില്ല. സസ്പെന്‍ഷനും സ്ഥലംമാറ്റവും ഉണ്ടായെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായി എന്നു മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തിയ കുറ്റം. കേസ് മനപ്പൂര്‍വ്വം അട്ടിമറിക്കാന്‍ ശ്രമിച്ചതായി എന്‍ഫോഴ്സ്മെന്റ് ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍ അബ്ദുല്‍ റാഷിയുടെ റിപ്പോര്‍ട്ടിലോ നടപടിയെടുത്ത എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്റെ ഉത്തരവിലോ ഇല്ല. എന്നാല്‍, കേസ് അട്ടിമറിക്കാന്‍ എക്സൈസിലെ ഒരു വിഭാഗം നടത്തിയ ഇടപെടലിനെക്കുറിച്ച് വ്യക്തമായതുകൊണ്ടാണ് സഹപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍നിന്ന് അഡീഷണല്‍ കമ്മിഷണര്‍ക്കും കമ്മിഷണര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയാതിരുന്നത്.
കസ്റ്റംസിനു കിട്ടിയ രഹസ്യവിവരമനുസരിച്ചായിരുന്നു റെയ്ഡ്. അവര്‍ അത് എക്സൈസ് എന്‍ഫോഴ്സ്മെന്റിനു നല്‍കുകയായിരുന്നു. പക്ഷേ, വിവരം ചോര്‍ന്നു എന്ന സംശയവും പിന്നീടു ശക്തമായി. അതിന്റെ പേരില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് വെട്ടിലായപ്പോള്‍ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം എക്സൈസ് എറണാകുളം ജില്ലാ ഘടകവും നേരിടേണ്ടി വന്നു. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി ഷബ്ന മനോജ് എന്ന എന്ന ഇരുപത്തിയൊന്നുകാരി ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു കേസിലെ ആദ്യ പ്രതികള്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി മുഹമ്മദ് ഫവാസ്, കോഴിക്കോട് കരുവന്‍തിരുത്തി ശ്രീമോന്‍, കോതമംഗലം കടവൂര്‍ പനങ്കര അഫ്സല്‍ മുഹമ്മദ്, കാസര്‍കോട് ചെങ്കളം ചൂരിമല മുഹമ്മദ് അജ്മല്‍ എന്നിവരാണ് മറ്റു നാലുപേര്‍. എന്നാല്‍, ഷബ്നയ്ക്കൊപ്പം മറ്റൊരു യുവതികൂടി ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ വെച്ച് പൊതി ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു കിട്ടി. ഇതു പുറത്തുവരികയും ചെയ്തു. അങ്ങനെയാണ് റെയ്ഡ് നടത്തിയ സംഘം വിട്ടയച്ച തിരുവല്ല കുറ്റിച്ചിറ സ്വദേശി ത്വയ്യിബ ഔലാദിനെ ആഗസ്റ്റ് 28-ന് അറസ്റ്റു ചെയ്തത്. ചെന്നൈയില്‍നിന്ന് എം.ഡി.എം.എ എത്തിച്ച സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നു എന്ന് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാവുകയും ചെയ്തു. സ്മിതാ ഫിലിപ്പ് എന്ന മറ്റൊരു യുവതി കൂടി പിന്നീടു പിടിയിലായി. സൈനികനാണെന്നു പരിചയപ്പെടുത്തിയ ആളാണ് ത്വയ്യിബയെ ആദ്യദിവസം ഫ്‌ലാറ്റില്‍നിന്നു രക്ഷിച്ചു കൂട്ടിക്കൊണ്ടുപോയത്. റെയ്ഡിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളെ വിളിച്ചുവരുത്തുകയും പോകാന്‍ അനുവദിക്കുകയുമായിരുന്നു. ഇതെല്ലാം വ്യക്തമായിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി കണ്ടെത്താന്‍ എക്സൈസ് തലപ്പത്തുള്ളവര്‍ വിസമ്മതിക്കുകയാണ്. നാലുകോടി രൂപയുടെ മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായെന്ന ആദ്യ ദിവസത്തെ എക്സൈസ് അറിയിപ്പില്‍നിന്നാണ് അട്ടിമറി, കൂടുതല്‍ അറസ്റ്റ്, ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ എന്നിവയിലേക്ക് കേസ് വികസിച്ചത്. നാലുകോടിയുടെ മയക്കുമരുന്ന് പിന്നീട് 11 കോടിയുടേതായി. ആദ്യം 83 ഗ്രാമും പിന്നീട് 1.85 ഗ്രാമുമാണ് കണ്ടെടുത്തത്. ഇതുവരെ 15 പേര്‍ അറസ്റ്റിലായി.
സ്വയം നശിക്കാനും നശിപ്പിക്കാനും
നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് ഇടയാക്കിയ സ്ത്രീപീഡന സംഭവങ്ങളില്‍ ഒന്നാണ് കൊല്ലം കരിക്കോട് സ്വദേശിനി യുവതിയെ കോഴിക്കോട്ടു വച്ച് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ കേസിലും മയക്കുമരുന്നാണ് മുഖ്യ വില്ലന്‍. റോജി എം. ജോണിന്റെ നോട്ടീസിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിശദ മറുപടിയിലും അതു പറഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന ദ്രാവകം നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. നാലു പ്രതികള്‍ അറസ്റ്റിലായി. കൂട്ട ബലാത്സംഗമാണ് കുറ്റം. രണ്ടുവര്‍ഷമായി സമൂഹമാധ്യമം വഴി സൗഹൃദത്തിലുള്ള യുവാവിനെ കാണാന്‍ എത്തിയ യുവതിയെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് സംഘം ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ പല ഇനങ്ങള്‍ പല തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഉദാഹരണം. ഉറക്കഗുളിക ജ്യൂസില്‍ കലര്‍ത്തുന്ന പഴയ രീതിയല്ല; ശക്തിയുള്ള മയക്കുമരുന്നാണ് ഇവിടെ കുറ്റവാളികള്‍ ഉപയോഗിച്ചത്.
ഭര്‍ത്താവിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുകയും ചോദ്യംചെയ്യുകയും ചെയ്തതിനാണ് എറണാകുളം ചെറായിയില്‍ യുവ അദ്ധ്യാപികയ്ക്കു മര്‍ദ്ദനമേറ്റത്. അതൊരു കുടുംബത്തെ തകര്‍ക്കുന്ന ദുരന്തത്തിലേക്കാണ് എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ അദ്ധ്യാപിക മുനമ്പം പൊലീസിനു പരാതി നല്‍കി. അഞ്ചു വയസ്സുള്ള മകന്റെ മുന്നില്‍ വച്ചായിരുന്നു പതിവു മര്‍ദ്ദനം. ഭര്‍ത്താവും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ തൃശൂര്‍ സ്വദേശി നിര്‍മല്‍ മോഹനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബസമേതം ബംഗളൂരുവിലായിരിക്കെ നിര്‍മല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. അതു ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനവും തുടങ്ങി. ഇതു കുറേ ദിവസം ഇതു തുടര്‍ന്നപ്പോഴാണ് മകനുമൊത്ത് അദ്ധ്യാപിക നാട്ടിലേക്കു മടങ്ങിയതും പരാതി കൊടുത്തതും. മകനെ തനിക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാലെ എത്തിയ നിര്‍മല്‍ വീണ്ടും മര്‍ദ്ദിച്ചു. അതോടെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എറണാകുളം നഗരത്തോടു ചേര്‍ന്ന പല സ്ഥലങ്ങളിലും മയക്കുമരുന്നു വ്യാപനം രൂക്ഷമാകുന്നതു തടയാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശ്രമം തുടര്‍ന്നുകൊണ്ടിരിക്കേണ്ടി വരുന്നു. എറണാകുളം റൂറല്‍ പൊലീസ് ഇപ്പോഴും പട്രോളിംഗും ബോധവല്‍ക്കരണവും ഉള്‍പ്പെടെ ഇത്തരം നിരന്തര ഇടപെടലുകള്‍ നടത്തുകയാണ്. സ്ഥിരം മയക്കുമരുന്ന് ഗുണഭോക്താക്കളായ യുവാക്കളുടെ പട്ടിക തന്നെ തയ്യാറാക്കിയാണ് ഇടവേളകളില്ലാത്ത ഈ ഇടപെടല്‍. മയക്കുമരുന്നും ചില പ്രദേശങ്ങളിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും ചില അപകട, ദുരൂഹ മരണങ്ങളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് കുറച്ചുമുന്‍പ് പരസ്യമായി പ്രതികരിച്ചിരുന്നു.
തിരുവനന്തപുരത്തേക്കു ചരക്കു ലോറിയില്‍ കടത്താന്‍ ശ്രമിച്ച 327.87 കിലോ കഞ്ചാവ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈക്കടുത്തു വച്ച് പിടിച്ചത് കഴിഞ്ഞ ജൂലൈ 19-നാണ്, രണ്ടുപേര്‍ അറസ്റ്റിലുമായി. കേരളത്തിലെ മയക്കുമരുന്നു വ്യാപനത്തിന്റെ അന്തര്‍ സംസ്ഥാന ബന്ധം വ്യക്തമാക്കുന്ന പല സംഭവങ്ങളില്‍ ഒന്നായിരുന്നു അത്. ആന്ധ്രപ്രദേശിലെ അന്നാവരത്തു നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുവരികയായിരുന്നു. തിരുവള്ളൂരിലെ ഉത്തുക്കോട്ട എന്ന സ്ഥലത്തുവച്ചാണ് പിടിയിലായത്. ലോറി ഡ്രൈവര്‍ ദുബേഷ് ശങ്കര്‍ ആദ്യവും അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം. ശ്രീകാന്തും അറസ്റ്റിലായി.
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്സില്‍ സഞ്ചരിച്ചിരുന്ന നൈജീരിയ സ്വദേശി എഗ്വിന്‍ കിങ്സ്ലി രണ്ടരക്കിലോ കഞ്ചാവുമായി കോയമ്പത്തൂരില്‍ വച്ച് പിടിയിലായതും ഇതേ കാലയളവിലാണ്. കേരളത്തില്‍ എത്തേണ്ടത് കോയമ്പത്തൂരില്‍ കുടുങ്ങി. സമീപ സംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറി ലോറികളിലും എത്തിച്ച് മറ്റും പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ട മൂന്നു പേരെ കഴിഞ്ഞ മാര്‍ച്ച് 18-നു പൊലീസ് പിടിച്ചു. അറസ്റ്റിലായ മണ്ണാര്‍ക്കാട് സ്വദേശികള്‍ മുഹമ്മദലി, മുഹമ്മദ് ഷബീര്‍, തിയ്യത്തോളന്‍ അക്ബറലി എന്നിവരില്‍നിന്നു പത്ത് കിലോ കഞ്ചാവും കണ്ടെടുത്തു. മൂന്നു പ്രതികളും 18-നു 35-നും ഇടയില്‍ പ്രായമുള്ളവര്‍. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കഞ്ചാവ് കൊണ്ടുവന്ന് ഇരുചക്ര വാഹനങ്ങളിലും കാറിലും മറ്റും സ്ഥിരം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പ്പെട്ടവര്‍ എന്നാണ് ഇവരേക്കുറിച്ചു പൊലീസും എക്സൈസും പറയുന്നത്. ഇവര്‍ക്കു കിട്ടുന്നത് കിലോഗ്രാമിന് 1500 മുതല്‍ 2000 രൂപ വരെ നിരക്കില്‍; വില്‍ക്കുന്നത് 15000 മുതല്‍ 20000 രൂപ വരെ വിലയിട്ട്. ഹൈസ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുകളിലേക്കാണ് ഇവരുടെ ഉപഭോക്താക്കള്‍.
നിരോധിത മയക്കുമരുന്നുകളുടെ വ്യാപനത്തില്‍ കേരളം സര്‍വ്വകാല റെക്കോഡിലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എക്സൈസ് വകുപ്പിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം കഞ്ചാവ് പിടികൂടിയ വര്‍ഷമാണ് കടന്നുപോയത്; 2020. ഈ വര്‍ഷം ഇതുവരെ പിടിച്ചതുമാത്രം അതിലും അധികം. മയക്കുമരുന്നുകള്‍ക്കെതിരായ ജാഗ്രതയുടെ തെളിവ് കൂടിയാണിത്. പക്ഷേ, പിടിക്കപ്പെടുന്നതിനേക്കാള്‍ ഒട്ടും കുറവല്ല പിടിക്കപ്പെടാതിരിക്കുന്നവയുടെ അളവും എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വെളിപ്പെടുത്തല്‍.
കണക്കുകള്‍ ഇങ്ങനെ
2019ല്‍ 2796.934 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചത്. 2020-ല്‍ ഇത് 3209.29 കിലോ ആയി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ മാത്രം 3913.2 കിലോ പിടികൂടി. പുറത്തുനിന്നു കേരളത്തില്‍ എത്തിക്കുന്ന കഞ്ചാവ് പിടികൂടി കേസെടുക്കുന്നതിനു പുറമേ പതിവുപോലെ ഇവിടെ പലയിടത്തും കഞ്ചാവ് കൃഷി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, കൃഷിയുടെ തോത് കുറഞ്ഞുവരുന്നു. 2019-ല്‍ പിടിച്ചത് 1,936 കഞ്ചാവ് ചെടികളായിരുന്നത് 2020-ല്‍ 696 ആയി കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 682. ഹാഷിഷ് കഴിഞ്ഞ വര്‍ഷം 6653.437 ഗ്രാമും ഈ വര്‍ഷം ഇതുവരെ 14786 ഗ്രാമും പിടിച്ചു. എം.ഡി.എം.എ 564.116 ഗ്രാം, 2511.2 ഗ്രാം. എല്‍.എസ്.ഡി 3.154 ഗ്രാം, 2.95 ഗ്രാം. അനധികൃത സ്പിരിറ്റ്, ചാരായം, വാഷ്, കള്ള്, വിദേശമദ്യം, പുകയില ഉല്പന്നങ്ങള്‍ എന്നിവയുടെ പിടുത്തവും കുത്തനെ വര്‍ദ്ധിച്ചു.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഫ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം 2016 മുതല്‍ 2021 ആഗസ്റ്റ് വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 32,077 ആണ്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണം കുറയുന്നു. 2016-ല്‍ 5924, 2017-ല്‍ 9244, 2018-ല്‍ 8724, 2019-ല്‍9245, 2020-ല്‍ 4968, ഈ വര്‍ഷം ആഗസ്റ്റ് വരെ 3217 (കണക്കുകള്‍ക്കു കടപ്പാട്: സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ - എസ്.സി.ആര്‍.ബി).
കഴിഞ്ഞ വര്‍ഷം രാജ്യമാകെ എന്‍.ഡി.പി.എസ് നിയമപ്രകാരം പിടികൂടിയ കഞ്ചാവ് മാത്രം 849439.414 കിലോയാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍. മെട്രോനഗരങ്ങളില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം 22,700 കേസുകള്‍ 2020-ല്‍ അന്വേഷിച്ചതായി എന്‍.സി.ആര്‍.ബി വ്യക്തമാക്കുന്നു. കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ രാജ്യത്തെ 19 മെട്രോ നഗരങ്ങളിലെ കണക്കാണിത്. 10,67 കേസുകളില്‍ കുറ്റപത്രം കൊടുത്തു. കുറ്റപത്രം നല്‍കല്‍ നിരക്ക് 99.8 ശതമാനമാണ്. ആകെ 63,559 കേസുകള്‍ വിചാരണാവേളയിലാണ്. ശിക്ഷിക്കപ്പെട്ടത് 5,014 എണ്ണം. ശിക്ഷിക്കപ്പെടുന്ന നിരക്ക് 94.4 ശതമാനമാണെന്ന് അവകാശവാദം. 2018-ല്‍ രാജ്യത്ത് മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകള്‍ 8,63,696; കുറ്റകൃത്യ നിരക്ക് 65.3%, 2019-ല്‍ 9,22,264, കുറ്റകൃത്യ നിരക്ക് 68.9 ശതമാനം, 2020-ല്‍ 9.31.268, 68.8%.
മയക്കുമരുന്നു കേസുകള്‍ ഉള്‍പ്പെടുന്ന എസ്.എല്‍.എല്‍ (സ്പെഷ്യല്‍ ആന്റ് ലോക്കല്‍ ലോസ്) കുറ്റകൃത്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ കൂടുതലാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കേരളം സ്വീകരിക്കുന്ന ജാഗ്രതയാണ് ഇതിനു കാരണം. 2018-ല്‍ 3,25,209, 2019-ല്‍ 2,77,273, 2020-ല്‍ 4,05,625. 99.6 ശതമാനമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ നിരക്ക്.
കഴിഞ്ഞ മാസം മാത്രം 324 എന്‍.ഡി.പി.എസ് കേസുകളാണ് എടുത്തത്. എറണാകുളം ജില്ലയിലാണ് കൂടുതല്‍: 44. തിരുവനന്തപുരം 27, കൊല്ലം 25, പത്തനംതിട്ട 17, ആലപ്പുഴ 14, കോട്ടയം 24, ഇടുക്കി 24, തൃശൂര്‍ 32, പാലക്കാട് 17, മലപ്പുറം 27, കോഴിക്കോട് 15, വയനാട് 14, കണ്ണൂര്‍ 39, കാസര്‍കോട് 5. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ കാണുന്ന ഈ വര്‍ദ്ധന പൊതുസ്വഭാവമായി മിക്ക മാസങ്ങളിലുമുണ്ട്. ഈ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ജനുവരിയിലെ 452 കേസുകളില്‍ എറണാകുളത്ത് 68 എണ്ണമാണുണ്ടായിരുന്നത്. തൃശൂര്‍ 43, കണ്ണൂര്‍ 39. പക്ഷേ, ഈ മാസം പാലക്കാടായിരുന്നു രണ്ടാമത്: 54 കേസുകള്‍. കാസര്‍കോട് ആറെണ്ണം മാത്രം. തലസ്ഥാന ജില്ലയില്‍ 19, ഫെബ്രുവരിയില്‍ 407 കേസുകള്‍. എറണാകുളം 66, തൃശൂര്‍ 46, പാലക്കാട് 38, കണ്ണൂര്‍ 34. കാസര്‍കോട് 10, തിരുവനന്തപുരം 15. മാര്‍ച്ചിലെ 395 കേസുകളില്‍ തൃശൂര്‍ 53, എറണാകുളം 52, കാസര്‍കോട് 7, തിരുവനന്തപുരം 25.
എന്തുകൊണ്ട് ലഹരിയിലേക്ക്?
ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കു വന്നവരുടേയും 21 വയസ്സില്‍ താഴെയുള്ള മയക്കുമരുന്നു കേസ് പ്രതികളുടേയും കുടുംബപശ്ചാത്തലം വച്ച് എക്സൈസ് വകുപ്പ് ഒരു പഠനം നടത്തി. അവര്‍ എന്തുകൊണ്ടാണ് മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്കും വില്‍പ്പനയിലേക്കും ആകര്‍ഷിക്കപ്പെടുന്നത് എന്ന അന്വേഷണം. ലഹരിക്കെതിരെ അവബോധം നല്‍കുന്നതിനു കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയായ വിമുക്തിയുടെ കൗണ്‍സിലര്‍മാരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ചില സന്നദ്ധ സംഘടനകളുടെ സഹായവും കിട്ടി. മാനസികാരോഗ്യ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാരിനു സമര്‍പ്പിക്കും. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണത്തിലും നിയമനടപടികളിലും എക്സൈസ് വകുപ്പ് കൂടുതലായി ചെയ്യേണ്ട കാര്യങ്ങള്‍, മറ്റു വകുപ്പുകളുമായി സഹകരിച്ചു ചെയ്യേണ്ട കാര്യങ്ങള്‍, മറ്റു പല വകുപ്പുകളും സ്വന്തം നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ശുപാര്‍ശകളും കൂടി ഉള്‍പ്പെടുന്നതായിരിക്കും റിപ്പോര്‍ട്ട്. ഇത്ര വിപുലമായ പഠനം ഇത് ആദ്യമാണ്.
കേരളത്തില്‍ മയക്കുമരുന്നു വിരുദ്ധ പ്രചാരണം ശക്തമാണ്. വ്യാപനം വര്‍ദ്ധിച്ചപ്പോള്‍ എതിര്‍ പ്രചാരണവും കൂടുതല്‍ ശക്തമാക്കി. കൊവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനില്‍ മാത്രമായിരുന്നു ഇതു നടന്നത്. ഇപ്പോള്‍ വീണ്ടും ഓഫ്ലൈനിലും തുടങ്ങി. വിമുക്തി എന്തൊക്കെ ചെയ്യുന്നു എന്നതിന്റെ സമ്പൂര്‍ണ്ണ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കൈപ്പുസ്തകം തന്നെ തയ്യാറായി വരികയാണ്. അടുത്തയാഴ്ച വിതരണത്തിനു സജ്ജമാകും. മയക്കുമരുന്നിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ കൂടിയായിരിക്കും അത്. വിമുക്തിയുടെ ഫെയ്സ്ബുക് പേജിന് അറുപതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവം. പക്ഷേ, മയക്കുമരുന്ന് സംഘങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പല ഇരട്ടിയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടേയും കാരിയര്‍മാരുടേയും അതിനും മുകളില്‍ മയക്കുമരുന്നു വ്യവസായം നിയന്ത്രിക്കുന്നവരുടേയും മറ്റും ക്ലോസ്ഡ് ഗ്രൂപ്പുകള്‍. അതില്‍ ഉള്‍പ്പെടാന്‍ സജീവാംഗങ്ങളുടെ ശുപാര്‍ശ വേണം. അങ്ങനെ വരുന്നവര്‍ പൊലീസോ എക്സൈസോ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോ മറ്റോ നിയോഗിച്ച ചാരന്മാരോ മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോ മറ്റോ ആണോ എന്ന് ഈ സംഘങ്ങള്‍ ദിവസങ്ങളോളം നിരീക്ഷിക്കും. മയക്കുമരുന്ന് മനുഷ്യനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുന്ന നിയമവിരുദ്ധ ഉല്‍പ്പന്നമായ ലഹരിയോട് 'നോ' പറയാം എന്നതാണ് വിമുക്തിയുടെ പ്രചാരണത്തിന്റെ ഊന്നലെങ്കില്‍ മയക്കുമരുന്നുകളുടെ 'ഗുണഫല'ങ്ങളെക്കുറിച്ചുള്ള വ്യാജ പഠന റിപ്പോര്‍ട്ടുകളും കെട്ടിച്ചമച്ച അനുഭവ കഥകളും മറ്റുമാണ് മാഫിയകളുടെ ഗ്രൂപ്പുകളില്‍.
സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ സാധ്യതയും പരിമിതിയും
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത് ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) ആണ്. സാമൂഹികനീതി വകുപ്പ് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 342 സ്‌കൂളുകളിലാണ് ഇത് നടത്തുന്നത്.
ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നീ പദ്ധതികളില്‍ പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണത്തിനു പരിമിതികള്‍ ഉള്ളതുകൊണ്ട് ബാക്കി കുട്ടികള്‍ക്കുകൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ മറ്റു പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നു സ്ത്രീകളുടേയും ട്രാന്‍സ്ജെന്‍ഡറുകളുടേയും കുട്ടികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുണ്ട്. 2021 ജനുവരി 18-നു സമിതി നിയമസഭയില്‍ സമര്‍പ്പിച്ച കൗമാരക്കാരുടെ സമഗ്ര വ്യക്തിത്വവികസനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.
2010-ല്‍ കോഴിക്കോട് ജില്ലയിലാണ് ഒ.ആര്‍.സി പദ്ധതി തുടങ്ങിയത്. തുടക്കത്തില്‍ അതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നില്ല. കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ എന്തുകൊണ്ട് കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്കു പോകുന്നു എന്ന ഒരു സാമൂഹിക പഠനം നടത്തി. കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ട് എന്ന കണ്ടെത്തലും ഉണ്ടായി. ഒരു സംഘം കുട്ടികള്‍ ഒരു സ്‌കൂളിലെ മുഴുവന്‍ കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം ഉണ്ടായി. ഈ സ്ഥിതിക്ക് എങ്ങനെ മാറ്റം വരുത്താം എന്ന ആലോചനയാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച ഒ.ആര്‍.സി പദ്ധതിയുടെ ആശയത്തിലേക്ക് എത്തിച്ചത്. 2015-ല്‍ ഒ.ആര്‍.സി പദ്ധതി സാമൂഹികനീതി വകുപ്പിന്റെ ഭാഗമാക്കി. 2017-ല്‍ വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോള്‍ പദ്ധതി ആ വകുപ്പിനു കീഴിലേക്കു മാറ്റി. കുട്ടികള്‍ക്ക് ജീവിത നൈപുണ്യ പരിശീലനം നല്‍കണം എന്നതില്‍ ഒ.ആര്‍.സി കൃത്യമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്നു.
സംയോജിത ശിശുവികസന പദ്ധതിയുടെ കീഴിലാണ് നിലവില്‍ സംസ്ഥാനതലത്തില്‍ ഒ.ആര്‍.സി പ്രവര്‍ത്തിക്കുന്നത്. പട്ടികജാതി, വര്‍ഗ്ഗ വകുപ്പിനു കീഴിലെ 31 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഒ.ആര്‍.സിയുണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ 2020 മുതല്‍ തുടങ്ങി. പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് എന്നിവയുടെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. യു.പി മുതല്‍ ഒ.ആര്‍.സി വേണമെന്ന ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചതായി ഒ.ആര്‍.സി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ആര്യാ ആര്‍. ചന്ദ്ര പറഞ്ഞു.
തിരിച്ചുകൊണ്ടുവരാന്‍ കൂടെ നില്‍ക്കണം
ഡോ. ടി.വി. അനില്‍കുമാര്‍
(കൗമാര മനശ്ശാസ്ത്ര വിദഗ്ദ്ധന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി)
കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം ഒരു പെരുമാറ്റ വൈകല്യം എന്നതിനപ്പുറം രോഗമായിക്കൂടി കാണണം. ദുര്‍ബ്ബലരായ കുട്ടികളാണ് അഡിക്ഷനിലേക്കു പോകുന്നത്. ആ ദൗര്‍ബ്ബല്യമുള്ളവരില്‍ വലിയൊരു വിഭാഗം ജീവശാസ്ത്രപരമായി ദുര്‍ബ്ബലരാണ്. മനോരോഗ വിഭാഗത്തില്‍ വരുന്ന എ.ഡി.എച്ച്.ഡി ബാധിതര്‍ (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പെര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടികളുണ്ട്. ചെറുപ്പം തൊട്ടുതന്നെ ശ്രദ്ധക്കുറവും എടുത്തുചാട്ടവും വാശിയുമൊക്കെ ഉള്ളവരാണ്. അവര്‍ സമൂഹത്തില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെയുണ്ട്.
ന്യൂറോളജിക്കലി അവരുടെ പ്രതികരണങ്ങളിലെ പക്വത മറ്റു കുട്ടികളിലേക്കാള്‍ കുറവാണ്. അവരുടെ ഡോപാമിന്‍ (നാഡീവ്യൂഹം നാഡീകോശങ്ങള്‍ക്കിടയില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം ന്യൂറോ ട്രാന്‍സ്മിറ്റര്‍. ശരീരം അത് ഉണ്ടാക്കുന്നു). സംവിധാനം ഇമ്മെച്വറാണ് എന്ന് അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡെവലപ്മെന്റല്‍ ഡിസോഡര്‍ ആയാണ് അതിനെ കാണുന്നത്. ഡോപാമിന്‍ കുറവായതുകൊണ്ടാണ് അവര്‍ക്ക് പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്തത്. അതാണ് ജീവശാസ്ത്രപരമായി ദുര്‍ബ്ബലരാണ് എന്നു പറഞ്ഞത്. ഇവരില്‍ 50 ശതമാനത്തോളം പാരമ്പര്യമായി കിട്ടുന്നതാണ്.
ലഹരി വസ്തുക്കള്‍ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഇവരില്‍ കൂടുതലാണ്. അങ്ങനെ താല്‍പ്പര്യം വര്‍ദ്ധിച്ചുകഴിഞ്ഞാല്‍പ്പിന്നെ എന്തു മാര്‍ഗ്ഗം ഉപയോഗിച്ചും അതിലേക്കു പോകും. അതു മനസ്സിലാക്കി അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
മദ്യപാനം തുടങ്ങുന്ന പ്രായം മുന്‍പത്തേക്കാള്‍ താഴേക്കു വന്നിട്ടുണ്ട് എന്നതും പ്രധാനമാണ്. 16-17 ഒക്കെ ആയിരുന്നത് ഇപ്പോള്‍ 13-14 ആയി. സ്‌കൂളിലും മറ്റും ബോധപൂര്‍വ്വം ഇടപെട്ട് ആരോഗ്യകരമായ അഡിക്ഷനിലേക്ക് ഇതിനെ വഴിതിരിച്ചുവിടുകയാണ് പ്രതിരോധമാര്‍ഗ്ഗം. കലയോ കായികമോ സാങ്കേതികവിദ്യയോ തുടങ്ങി ഏതിലാണോ ഇവര്‍ക്കു താല്‍പ്പര്യം അതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരമൊരുക്കുക. ഈ കുട്ടികളെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അറിയാം. അവരെ അധികമായി ശ്രദ്ധിക്കുകയാണ് വേണ്ടത്. ക്രിയാത്മക അന്തരീക്ഷം നല്‍കാന്‍ ശ്രമിക്കണം.
വന്നവര്‍ പോകാതെയും നോക്കണം
ഡോ. എസ്. കൃഷ്ണന്‍
(ആലപ്പുഴ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി,
മൈന്‍ഡ്ഫുള്‍നെസ്സ് വിദഗ്ദ്ധന്‍)
ഏകദേശം 50 ശതമാനത്തോളം മയക്കുമരുന്നു ഗുണഭോക്താക്കളും മാനസികാരോഗ്യം കുറഞ്ഞവരാണ്. ഉല്‍ക്കണ്ഠ, വിഷാദരോഗം, ബൈപോളാര്‍ തകരാറുകള്‍, സ്‌കീസോഫ്രീനിയ തുടങ്ങിയവ പല തലങ്ങളിലുള്ള മനോരോഗം ഉള്ളവര്‍. ഇവരില്‍ മിക്കവരിലും ആത്മഹത്യാ പ്രവണതയുമുണ്ടാകും. കേരളത്തില്‍ ഇപ്പോള്‍ പുതിതരം ലഹരികള്‍ വരെ, അതായത് പാഠപുസ്തകങ്ങളില്‍ ഞങ്ങള്‍ പഠിച്ചിട്ടുള്ള ഇനങ്ങള്‍ വരെ ലഭ്യമാണ്. നിയമം വളരെ ശക്തമാക്കുകയാണ് ഒന്നാമത്തെ കാര്യം. പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിയില്ല. വ്യക്തിബന്ധങ്ങള്‍ കുറഞ്ഞ്, വ്യക്തി അയാളിലേക്ക് അല്ലെങ്കില്‍ അവരിലേക്കു മാത്രമായി ചുരുങ്ങുന്ന അവസ്ഥയില്‍ വിഷാദരോഗം അടക്കമുള്ള അവസ്ഥകളില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് അഡിക്ഷന്‍. ഡിജിറ്റല്‍ അഡിക്ഷനാകാം, മയക്കുമരുന്ന് ആകാം. ഇത് കൈകാര്യം ചെയ്യേണ്ടത് ന്യൂറോ സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മാനസികാരോഗ്യസംഘം ആണ്. കാരണം, ഡിപ്രഷന്‍പോലെ കുറയുകയും കൂടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ്. റിലാക്‌സ് പ്രിവന്‍ഷനാണ് ഇതില്‍ പ്രധാനം. ലഹരി മരുന്നുകള്‍ക്ക് അടിമയായ വ്യക്തിയെ അതില്‍നിന്നു പുറത്തുകൊണ്ടുവന്നാല്‍ മാത്രം പോരാ, വീണ്ടും ഒരിക്കലും അതിലേക്കു പോകാതെ നോക്കുകയും വേണം. മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഈ ചുമതല. മദ്യം ഉപയോഗിക്കുന്ന കുട്ടികളുടെ പ്രായം 16-18ല്‍ നിന്ന് 13 ആയി കുറഞ്ഞു എന്ന, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന പഠനം മാത്രമാണുള്ളത്. നിലവിലെ മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ചു പഠനം വേണം. ഓരോ സ്‌കൂളും കോളേജും അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ പഠനം നടത്തേണ്ടതാണ്.
ഓരോ മെഡിക്കല്‍ കോളേജും കേന്ദ്രീകരിച്ച് ചികിത്സാ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുക, ജില്ലാ അടിസ്ഥാനത്തില്‍ ഗവേഷണങ്ങള്‍ ഉണ്ടാവുക; ഓരോ ജില്ലയിലേയും കണക്കെടുക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക. ഇല്ലെങ്കില്‍, വിഷദാരോഗമാണ് 2030 ആകുമ്പോഴേയ്ക്കും ഏറ്റവും വലിയ അസ്ഥിരത ഉണ്ടാക്കാന്‍ പോകുന്നത് എന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം മാറ്റേണ്ടിവരും. പകരം ലഹരി വസ്തുക്കളായിരിക്കും ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി.
പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നു പറയാനാകില്ല. അല്ലാത്തവരും ഉപയോഗിക്കുന്നു. കൗതുകത്തിനോ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനോ ആണ് തുടങ്ങുന്നത്. ക്രമേണ തലച്ചോറിനെ അടിപ്പെടുത്തും. അതിന് ഏതെങ്കിലും ഒരു കാരണം മാത്രമായി കണ്ടെത്താന്‍ കഴിയില്ല. കുടുംബഛിദ്രമാണ് കാരണം എന്നു പറയുന്നത് കുടുംബത്തിന്റെ കുറ്റമാണ് എന്നു പറഞ്ഞു ലഘൂകരിക്കലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates