

ഒരൊറ്റ ദിവസം പോലും ജാമ്യം കിട്ടാതെ അഞ്ചു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുമ്പോഴാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി - 4 ഗിരീഷ്‌കുമാറിനെതിരായ ശിക്ഷ വിധിച്ചത്; 2018 ജൂലൈ അഞ്ചിന്. ജീവപര്യന്തം തടവും പത്തു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിന്നെ വധശിക്ഷയും. അങ്ങനെ കഠിനതടവ് അനുഭവിച്ചുവരികയായിരുന്നു. കൂടുതല്‍ കാലവും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; ഇടയ്ക്കൊരു രണ്ടു വര്‍ഷം വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍. ഹൈക്കോടതി കുറ്റമുക്തനാക്കിയ ജൂലൈ മൂന്നിന് വൈകിട്ടുതന്നെ പുറത്തുവന്നു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ജീവിതത്തിലെ പ്രധാനപ്പെട്ട വലിയൊരു കാലം നഷ്ടപ്പെടുത്തിയ കള്ളക്കേസ് മറന്നുകളയാന്‍ തയ്യാറല്ല അയാള്‍. യഥാര്‍ത്ഥ കുറ്റവാളിയെ; അല്ലെങ്കില്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുള്ള നിയമപരമായ ശ്രമങ്ങള്‍ കൂടിയാണ് ഇനി. ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ചുകൊണ്ടാണ് രണ്ടാം ജന്മത്തുടക്കം. പക്ഷേ, ബലാത്സംഗം ചെയ്യാനും മനുഷ്യരെ കൊല്ലാനുമൊന്നും ഒരുകാലത്തും കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ അച്ചടക്കവും ബന്ധങ്ങളും നഷ്ടപ്പെടാനിടയാക്കിയ കൊച്ചുകൊച്ചു മോഷണങ്ങളും മദ്യപാനവും ഇനി ഇല്ല എന്നാണ് ഉറച്ച തീരുമാനം. സ്വന്തമായി വക്കീലിനെ വച്ചു കേസ് നടത്താന്‍ കഴിയാത്തതുകൊണ്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി (ഡി.എല്‍.എസ്.എ) മുഖേന കോടതി അനുവദിച്ച അഭിഭാഷകന്‍ സുനില്‍ സി.എസ്. (മാങ്ങാട്) ആണ് അന്ന് ശിക്ഷ കിട്ടിയപ്പോള്‍ ഹാജരായതും ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാന്‍ അപ്പീലിനു പിന്നാലെ നിന്നതും. അഡ്വ. സുനിലിന്റെ സുഹൃത്തും ഹൈക്കോടതിയിലെ അഭിഭാഷകനുമായ എം. രാജേഷാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതും വാദിച്ചതും. 2018-ല്‍ സെഷന്‍സ് കോടതി വിധി വന്ന് അധികം വൈകാതെ അപ്പീല്‍ കൊടുത്തു. കഴിഞ്ഞ മാസം ആറിനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാംകുമാര്‍ വി.എം. എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്തിമവാദം കേട്ടത്.
കരിയറിന്റെ തുടക്കക്കാലത്ത് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ ഈ കേസില്‍ കോടതി വധശിക്ഷ വിധിച്ചപ്പോള്‍ പകച്ചുപോയ അഡ്വ. സുനിലിന് ആഹ്ലാദിക്കാനും വേണമെങ്കിലൊന്ന് ആഘോഷിക്കാനുമുള്ള അവസരം കൂടിയാണിത്. പുറത്തുവന്നിട്ട് കൊല്ലത്തെ വക്കീലാഫീസില്‍ പോയി ഗിരീഷ് അഡ്വ. സുനിലിനെ കണ്ടു. ''ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും കരച്ചില്‍ വന്നു. ശരിക്കും കരഞ്ഞുപോയി. ശിക്ഷാവിധി വന്ന അന്നത്തെ അദ്ദേഹത്തിന്റെ മുഖം എനിക്കു മറക്കാന്‍ കഴിയില്ല. തിരിച്ചും അങ്ങനെത്തന്നെ ആയിരിക്കണം. അതായിരിക്കുമല്ലോ അദ്ദേഹം ഇതിനു പിന്നാലെ നിന്നത്.''
''എനിക്ക് പണവും സ്വാധീനവുമില്ല. പക്ഷേ, ജീവനും ജീവിതവും തിരിച്ചുതന്ന നീതിന്യായ സംവിധാനത്തിലും സര്‍വേശ്വരനിലും വിശ്വാസമുണ്ട്. എല്ലാം എപ്പോഴും നിരപരാധികള്‍ക്ക് എതിരായല്ല സംഭവിക്കുന്നത് എന്ന സ്വന്തം അനുഭവവും അതു തരുന്ന ധൈര്യവുമുണ്ട്,'' ഗിരീഷ്‌കുമാര്‍ പറയുന്നു. അതുകൊണ്ട്, ഹൈക്കോടതി നിര്‍ദ്ദേശിച്ച അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനപ്പുറം, കള്ളക്കേസില്‍ കുടുക്കിയവരില്‍നിന്ന് നിയമപരമായ നഷ്ടപരിഹാരം വാങ്ങിയെടുക്കാനും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടവരെ കണ്ടെത്താനും നിയമത്തിനു പിന്നാലെ പോകാന്‍ തുടങ്ങുകയാണ്. അഡ്വ. സുനില്‍കുമാറും മുന്‍പും ഇപ്പോഴും ജോലി ചെയ്യുന്ന കോഴിക്കടയുടെ ഉടമ തമ്പിച്ചേട്ടനുമാണ് പിന്തുണ. തീരെ പ്രതീക്ഷിക്കാതെയാണ് ഹൈക്കോടതിയുടെ വിധി വന്നത്. കഴിഞ്ഞമാസം അപ്പീലിലെ വാദം പൂര്‍ത്തിയായത് അറിഞ്ഞിരുന്നു. പക്ഷേ, വിധി എന്നുവരും എന്ന് അറിഞ്ഞിരുന്നില്ല. നീതിപുലര്‍ന്ന വിവരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ മടിച്ചു. ''സത്യമാണ് എന്നറിഞ്ഞപ്പോള്‍ ജയിലിലെ കൂട്ടുകാരെല്ലാം ഒരുപാടങ്ങ് സന്തോഷത്തോടെ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഞാന്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി'' എന്ന് ഗിരീഷ്. അന്നു വൈകിട്ട് സ്വദേശമായ പാരിപ്പള്ളിയിലെത്തിയെങ്കിലും അവിടെ നിന്നില്ല. നില്‍ക്കാന്‍ തോന്നിയില്ല. അച്ഛന്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചു. അമ്മയും മൂന്നു ചേട്ടന്മാരില്‍ രണ്ടാമത്തെയാളും ചേട്ടത്തിയും അവരുടെ മകനും ഗിരീഷ് ജയിലിലായിരിക്കുമ്പോള്‍ കൊവിഡ് കാലത്ത് മരിച്ചു. ഇനി രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയുമാണുള്ളത്. മൂത്ത ചേട്ടന്‍ കിടപ്പിലാണ്. മറ്റു രണ്ടുപേരും വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നുവെന്നാണ് മനസ്സിലായത്. ഒരാളും ഈ പതിനൊന്നു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും കാണാന്‍ പോയിരുന്നില്ല. സത്യത്തില്‍ അവരെ അതിനു കുറ്റംപറയാന്‍ പറ്റില്ലെന്ന് ഗിരീഷ് തന്നെ സമ്മതിക്കുന്നു. ബലാത്സംഗവും കൊലയും കവര്‍ച്ചയും നടത്തിയെന്നു 'കണ്ടെത്തി' കോടതി ശിക്ഷ വിധിച്ചവന്‍ മരണം കാത്തുകിടക്കുകയാണെന്ന സഹതാപത്തിന്റെ പേരില്‍പോലും ഒന്നുപോയി കാണാന്‍ ആര്‍ക്കും തോന്നണമെന്നില്ല; സ്വന്തം സഹോദരങ്ങളാണെങ്കില്‍പോലും. ''ഏതായാലും അവരെ ആരെയും കാണാന്‍ തല്‍കാലം ഞാനും പോയില്ല. പക്ഷേ, രാത്രി എവിടെയെങ്കിലുമൊന്നു കിടന്നുറങ്ങണം. തിരിച്ചു തിരുവനന്തപുരത്തു പോയി ജയിലില്‍ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിനോട് പുറത്തിറങ്ങിയപ്പോള്‍ പറയാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ അന്ന് കേസുമായി ബന്ധപ്പെട്ട വഞ്ചിയൂര്‍ കോടതിയില്‍ വരുമെന്ന് അറിയാം. കണ്ടു. രാത്രി തന്നെ വീണ്ടും പാരിപ്പള്ളിയില്‍ ചെന്നു. കൂട്ടുകാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരൊക്കെ അവിടെയുണ്ട്. സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന് പത്രങ്ങളിലും ടി.വിയിലുമൊക്കെ വാര്‍ത്ത വന്നതോടെ വെറുത്തതാണ്. പക്ഷേ, ഇപ്പോള്‍ പോയപ്പോള്‍ അവര്‍ മിണ്ടി. ഹൈക്കോടതി വെറുതേ വിട്ട വാര്‍ത്ത കണ്ടുവെന്ന് പറഞ്ഞു. അവര്‍ക്കൊക്കെ സന്തോഷമായിരുന്നു. കാവനാട് വക്കീലിന്റെ വീട്ടില്‍ പോകണം എന്ന് പറഞ്ഞാണ് അവിടുന്ന് തിരിച്ചത്. പാതിരാത്രിയോടെ ചവറയ്ക്കടുത്ത് തമ്പിച്ചേട്ടന്റെ വീട്ടിലെത്തി. ജയിലില്‍ പോകുന്നതിനു മുന്‍പ് നാലഞ്ചു വര്‍ഷം ചിറക്കാലായിലെ ഫ്രാന്‍സിസ് ഫൊന്‍സേക എന്ന തമ്പിയുടെ കോഴിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. ആ സമയത്തു വീട്ടിലെത്തിയപ്പോഴും അദ്ദേഹം സ്വീകരിച്ചു (എന്നെ ഇറക്കിവിട്ടില്ല എന്ന് ഗിരീഷ്). ടി.വിയില്‍ വാര്‍ത്ത കണ്ട് വിവരങ്ങളൊക്കെ അറിഞ്ഞിരുന്നു. ഇങ്ങോട്ടു വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തുവെന്ന് പിന്നീട് പറഞ്ഞു. എനിക്കൊന്ന് ഉറങ്ങണം എന്നല്ലാതെ ഒന്നും ഗിരീഷ് പറഞ്ഞില്ല. നീ പോയിക്കിടന്നുറങ്ങിക്കോ എന്ന് പറഞ്ഞു. വീടിനടുത്ത് ഔട്ട്ഹൗസ് പോലുള്ള പണ്ടത്തെ മുറിയില്‍ പോയിക്കിടന്നുറങ്ങി. രാവിലെ വിളിച്ചുണര്‍ത്തിയിട്ട് ചോദിച്ചത് ജോലിക്ക് ഇറങ്ങുന്നില്ലേ എന്നുമാത്രമാണ്. ''ഉണ്ടെന്ന് പറഞ്ഞ് ഞാനെണീറ്റു. ചുമ്മാ ഇരുന്നിട്ടു കാര്യമില്ലല്ലോ.''
'വല്ലപ്പോഴും മദ്യപിക്കുന്നതുപോലെയല്ല കഞ്ചാവും മറ്റും. അതുകൊണ്ട് ഞാന്‍ കുടുംബമായിട്ടു താമസിക്കുന്നിടത്ത് ജോലി ചെയ്തു നിക്കണമെങ്കില്‍ അതു പറ്റില്ലെന്നു പറഞ്ഞു. ശമ്പളയിനത്തില്‍ രണ്ടായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. അതും വാങ്ങിയാണ് പോയത്. ആ പോക്കിലാണ് ഈ കേസ് എന്റെ തലയില്‍ വന്നത്''- ഗിരീഷ് പറയുന്നു.
നഷ്ടങ്ങളുടെ തുടക്കം
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവരുടെ മാനസികനില പരിശോധിക്കുന്നതിന് ഹൈക്കോടതി ഒരു സമിതിയെ വച്ചിരുന്നു. അവരുടെ പശ്ചാത്തലം, ഇപ്പോഴത്തെ സ്ഥിതി ഇതൊക്കെ അന്വേഷിക്കാന്‍ നിയോഗിച്ച സമിതി ജയിലില്‍ ചെന്ന് സംസാരിക്കുകയും കൗണ്‍സലിംഗ് കൊടുക്കുകയുമൊക്കെ ചെയ്തു. അവര്‍ ചോദിച്ചപ്പോഴും ഗിരീഷ് പറഞ്ഞു, ഞാനിതു ചെയ്തിട്ടില്ല. പിന്നെ ചെയ്യാതെങ്ങനെയാണ് ശിക്ഷിക്കുന്നത് എന്നു മറുചോദ്യം. എന്താണുണ്ടായത് എന്നും മനസ്സറിയാത്ത കുറ്റത്തിന് കുടുക്കിയത് വിശദമായി പറയുകയും ചെയ്തു. ''മുന്‍പു ചില കേസുകളൊക്കെ ഉണ്ടായിട്ടുണ്ട്. അതുവച്ചിട്ട് പൊലീസ് 'പണി' തന്നതാണ്.'' വേണ്ടപ്പെട്ട പലരും മരിച്ചുപോയ കാര്യം അവരാണ് പറഞ്ഞത്. അവര്‍ വീട്ടില്‍ പോയി പെങ്ങളെയൊക്കെ കണ്ടെന്ന് പറഞ്ഞു. അമ്മയെ കണ്ടോ എന്ന് ചോദിച്ചപ്പോഴാണ് പറഞ്ഞത്, അമ്മ ഇപ്പോള്‍ ഇല്ല. നന്നായി ജീവിക്കണമെന്ന് ഉപദേശിക്കുകയും അത് കേള്‍ക്കാതിരുന്നപ്പോള്‍ വഴക്കുപറയുകയും ചെയ്തതുകൊണ്ടാണ് സ്വന്തം വീടുവിട്ടു ജീവിച്ചത്. അത് തെറ്റായിരുന്നു എന്ന് ഇപ്പോള്‍ ഗിരീഷിന് നന്നായി അറിയാം. നന്നായി ജീവിച്ചു കാണിക്കാന്‍ അച്ഛനും അമ്മയും ഇല്ല എന്നത് വേദനിപ്പിക്കുന്നുമുണ്ട്. ഇനി മറ്റൊരാള്‍ക്കും തന്നെക്കൊണ്ട് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകരുത് എന്നതുതന്നെയാണ് പൊലീസിന്റെ ക്രൂരപീഡനങ്ങളും ദീര്‍ഘമായ ജയില്‍വാസവും പതംവരുത്തിയ ജീവിതത്തിലെ പ്രധാന തീരുമാനം. ഇനി മദ്യപിക്കില്ല എന്നുമുണ്ട്.
വീടുവിട്ട ശേഷം കോഴിക്കടയും തമ്പിയുടെ വീടുമായിരുന്നു ലോകം. തമിഴ്നാട്ടില്‍നിന്ന് കോഴികളെ കൊണ്ടുവന്ന് ഇവിടെ കടകള്‍ക്ക് കൊടുക്കുകയും ചാമക്കട മാര്‍ക്കറ്റില്‍ സ്വന്തമായി ഒരു കോഴിക്കട നടത്തുകയും ചെയ്തിരുന്ന തമ്പി ഇപ്പോഴും കോഴി വ്യാപാരി തന്നെ. ഒപ്പം, ഒരു റെസ്റ്റോറന്റുമുണ്ട്. കസ്റ്റഡിയിലാകുന്നതിനു മൂന്നുനാലു ദിവസം മുന്‍പ് തമ്പിയുമായി വഴക്കിട്ട് പോയതാണ്. മദ്യപാനവും അതിനൊപ്പം ഇടയ്ക്ക് മയക്കുമരുന്ന് ഉപയോഗവും കൂടിയായപ്പോള്‍ താന്‍ വഴക്കുപറഞ്ഞത് ഇഷ്ടപ്പെടാതെയാണ് പോയതെന്ന് തമ്പി പറയുന്നു. പക്ഷേ, ആലീസ് കൊല്ലപ്പെട്ട ദിവസമൊക്കെ മുഴുവന്‍ സമയവും ഇവിടെയുണ്ടായിരുന്നു. അത് പൊലീസിനോടു പറയുകയും ചെയ്തു. സാക്ഷിയാക്കിയെങ്കിലും കോടതിയില്‍ വിസ്തരിച്ചില്ല. ''വല്ലപ്പോഴും മദ്യപിക്കുന്നതുപോലെയല്ല കഞ്ചാവും മറ്റും. അതുകൊണ്ട് ഞാന്‍ കുടുംബമായിട്ടു താമസിക്കുന്നിടത്ത് ജോലി ചെയ്തു നിക്കണമെങ്കില്‍ അതു പറ്റില്ലെന്നു പറഞ്ഞു. ശമ്പളയിനത്തില്‍ രണ്ടായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. അതും വാങ്ങിയാണ് പോയത്. ആ പോക്കിലാണ് ഈ കേസ് എന്റെ തലയില്‍ വന്നത്''- ഗിരീഷ് പറയുന്നു.
മുന്‍പ് ഗ്യാസ് വിതരണ വാഹനത്തില്‍ ജോലി ചെയ്തിരുന്നു. തമ്പിയുടെ അടുത്തുനിന്ന് നേരേ പോയത് അതിന്റെ ആളെ കാണാനാണ്. അയാളെ കണ്ടില്ല. തിരിച്ചുവന്നപ്പോള്‍ കുണ്ടറയിലെ ബാറില്‍ കയറി കുടിച്ചു. കാര്യമായി കുടിച്ചു. അവിടെനിന്ന് ഇറങ്ങിയത് തിരിച്ച് തമ്പിയുടെ അടുത്തേയ്ക്കു വരാന്‍ തന്നെയാണ്. അതിനുള്ള വണ്ടിക്കൂലി നാല്‍പത് രൂപയും ചില്ലറയുമുണ്ട് കയ്യില്‍. ബാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുന്‍പ് ജയിലില്‍വച്ച് പരിചയപ്പെട്ട കുണ്ടറക്കാരന്‍ ഇര്‍ഷാദിനെ കണ്ടു. അയാള്‍ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി വീണ്ടും മദ്യം വാങ്ങിക്കൊടുത്തു. ബാറിലേക്കു തിരിച്ചുകയറിയപ്പോള്‍ മുന്‍പ് പരിചയമില്ലാത്ത അയാളുടെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു. കുടിച്ചിട്ട് പുറത്തിറങ്ങി ബാര്‍ പരിസരത്തെ മരത്തിനടുത്തുതന്നെ നിന്ന് സിഗററ്റ് വലിച്ചു. അപ്പോള്‍ രാത്രി ഏഴ് ഏഴര ആയിട്ടുണ്ടാകും. രണ്ടാമതൊരെണ്ണം കൂടി കത്തിക്കാനൊരുങ്ങുമ്പോള്‍ ഇവിടെ പൊലീസുണ്ടാകും എന്ന് ഇര്‍ഷാദും കൂട്ടുകാരനും പറഞ്ഞു. ബാറിനകത്തുനിന്ന് കുടിച്ച് സിഗരറ്റ് വലിക്കുന്നതിന് എന്തിന് പൊലീസ് പിടിക്കണം എന്ന് തിരിച്ചുചോദിക്കുമ്പോഴേയ്ക്കും കാണുന്നത് കുണ്ടറ എസ്.ഐ ഷുക്കൂര്‍ മുന്‍പില്‍ നില്‍ക്കുന്നതാണ്.
''ഡേയ്, ഉള്ള സത്യം പറ എന്ന് എസ്.ഐ പറഞ്ഞു. സാറേ, ഞാന്‍ ചെയ്തിട്ടില്ല. എനിക്കൊരാളെ കൊല്ലാന്‍ പറ്റില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞു. എനിക്ക് ആ സ്ത്രീയെപ്പോലും അറിയില്ല. നീ ആ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയില്ലേ എന്നാണ് അടുത്ത ചോദ്യം.
ചെയ്യാത്ത കൊലക്കുറ്റത്തിനു കൊല്ലാക്കൊല
കൈയില്‍ പിടുത്തം വീണു. തിരിഞ്ഞുനോക്കിയപ്പോള്‍ എസ്.എ.പി ക്യാമ്പിലെ പൊലീസുകാര്‍ ഏഴെട്ടു പേര്‍. അവര്‍ പിടിച്ചുകെട്ടി. ''ഞാന്‍ പറഞ്ഞു, സാറേ, എന്റെ പേരില്‍ കേസില്ല. ഒരു കേസില്‍ ജാമ്യമെടുത്തു നില്‍ക്കുകയാ. അല്ലാതെ വേറെ കേസൊന്നും ഇല്ല.'' നിന്നെ വെരിഫൈ ചെയ്തിട്ടു വിടാം എന്ന് പറഞ്ഞു നേരേ കുണ്ടറ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അന്ന് ഒന്നും ചോദിച്ചില്ല, പിറ്റേന്നും. മൂന്നാമത്തെ ദിവസം സിവില്‍ ഡ്രസ്സില്‍ വന്ന പൊലീസുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. കുണ്ടറയില്‍ ആലീസ് എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെക്കുറിച്ചാണ് ചോദ്യങ്ങള്‍. ''പിന്നെ എന്നെ വണ്ടിയില്‍ കയറ്റി കറക്കമായി. ഈസ്റ്റു കല്ലട എന്ന ഒരു പൊലീസ് സ്റ്റേഷനുണ്ട്. അവിടെ മനോജ് എന്ന ഒരു എസ്.ഐ ഉണ്ടായിരുന്നു. ഭയങ്കര ഉപദ്രവമാണ്. നാലാമത്തെ ദിവസം ബാക്കിയുള്ളവരെല്ലാം പോയി. ഇങ്ങേര് എന്നെ ഡ്രൈവറുമായി ജീപ്പില്‍ കയറ്റി കറങ്ങുകയാ,'' ഗിരീഷ് ആ പീഡാനുഭവങ്ങളെക്കുറിച്ചു പറയുന്നു:
''ഡേയ്, ഉള്ള സത്യം പറ എന്ന് എസ്.ഐ പറഞ്ഞു. സാറേ, ഞാന്‍ ചെയ്തിട്ടില്ല. എനിക്കൊരാളെ കൊല്ലാന്‍ പറ്റില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞു. എനിക്ക് ആ സ്ത്രീയെപ്പോലും അറിയില്ല. നീ ആ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയില്ലേ എന്നാണ് അടുത്ത ചോദ്യം. ചെയ്യാത്ത കാര്യം എങ്ങനെ സമ്മതിക്കും. വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഒന്നും ചോദിച്ചില്ല. കുറച്ചുകഴിഞ്ഞ് എസ്.ഐ മൊബൈല്‍ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു. ഡേയ്, അവന്‍ കുറ്റം സമ്മതിച്ചു എന്ന് പറഞ്ഞു.
അവിടെനിന്നു നേരേ കൊട്ടാരക്കരയില്‍ എസ്.പി ഓഫീസില്‍ കൊണ്ടുപോയി. കുറേ വണ്ടികളും സിവില്‍ ഡ്രസ്സില്‍ കുറേ പൊലീസുകാരും ഉണ്ടായിരുന്നു അവിടെ. വലിയ ക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ അകത്തേയ്ക്കു കൊണ്ടുപോയി. മുകളിലെ മുറിയില്‍, കുറേ ഫയലുകളൊക്കെ അടുക്കിവച്ചിരിക്കുന്നിടത്ത് തറയില്‍ പേപ്പര്‍ ഇട്ടു തന്നിട്ട് ഇരിക്കാന്‍ പറഞ്ഞു. എനിക്കു ശരീരമൊക്കെ വിറയ്ക്കുന്നുണ്ട്. സാറേ, പനിയാണെന്നാണ് തോന്നുന്നത് എന്ന് പറഞ്ഞു. ഇതിനിടയില്‍ ഭക്ഷണം തന്നതൊന്നും ഞാന്‍ കഴിച്ചില്ലായിരുന്നു. ഒരു ഗുളിക കൊണ്ടുത്തന്നു. അവിടെ കിടന്നോളാന്‍ പറഞ്ഞു. ഞാനവിടെ കിടന്നു. ഒരു മൂന്നുമൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വന്നു. വേറൊരു മുറിയിലോട്ട് കൊണ്ടുപോയി. ചെറിയ മുറി. ഒരു ഡസ്‌ക് ഇട്ടിട്ടുണ്ട്. നോക്കുമ്പോള്‍, ഫാനിന്റെ മുകളില്‍കൂടി ഒരു കപ്പി ഇട്ടിട്ടുണ്ട്, കയറുമുണ്ട്. ഡ്രസ്സൊക്കെ ഊരിയിട്ട് ഷഡ്ഡി മാത്രം ഇട്ട് കൈ രണ്ടും പിന്നിലേക്കു വച്ച് വിലങ്ങുവച്ചു. അതിന്റിടയില്‍ ലാത്തി കയറ്റി. അവിടെ കെട്ടിവലിച്ചു പൊക്കിയിട്ട് കാലിന്റെ രണ്ടു വിരല്‍ ഡെസ്‌കില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒന്നൊന്നര മണിക്കൂര്‍. എന്നിട്ട് ചോദ്യവും ഇടിയും. ഇത് മൂന്നു ദിവസം തുടര്‍ന്നു. സത്യം പറഞ്ഞോ എന്നും നീ ഏറ്റോ എന്നുമാണ് പറയുന്നത്. നീയല്ലേ കൊന്നത് എന്നും ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ കൊന്നിട്ടില്ല എന്ന് വീണ്ടും പറഞ്ഞു. നീ കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് കൊന്നത് എന്നാണ് പറഞ്ഞത്. ഞാനിവിടെ കോഴിയെ കൊല്ലുന്ന പണിയാണല്ലോ. വീണ്ടും കുണ്ടറയില്‍ കൊണ്ടുപോയി. സി.ഐ ഓഫീസില്‍ കയറ്റി ഇടിച്ചു. രണ്ടു കിലോയുടെ കട്ടികൊണ്ട് ഇടിച്ചു. ആദ്യം പേപ്പറില്‍ പൊതിഞ്ഞ് മൂന്ന് ഇടി ഇടിച്ചപ്പോള്‍ പേപ്പര്‍ കീറിപ്പോയി. പിന്നെ പേപ്പറില്ലാതെ ഇടിച്ചു. കുറേ നേരം ഇരുന്നിട്ട് എഴുന്നേറ്റാല്‍ നടുവിനൊരു പിടുത്തമുണ്ട് ഇപ്പോഴും. വലതുകൈ ചവിട്ടി ഒടിച്ചു. ജയിലിലായിക്കഴിഞ്ഞ് ചികിത്സിച്ചാണ് കൈ നേരെയാക്കിയത്. (മുട്ടില്‍ ഇപ്പോഴുമുണ്ട് പരിക്കിന്റെ വലിയ അടയാളം). കൈ നീരുവച്ച് ആനയുടെ കാല് പോലെ വീര്‍ത്തു. ജയിലില്‍ കയറിയപ്പോള്‍ 'കംപ്യൂട്ടര്‍ മനുഷ്യന്‍' പോകുന്നതുപോലെയാണ് ഞാന്‍ പൊയ്ക്കൊണ്ടിരുന്നത്. നടക്കാന്‍ പോലും വയ്യായിരുന്നു. രണ്ട് പാവപ്പെട്ട പൊലീസുകാര്‍ താങ്ങിക്കൊണ്ടാണ് പോയത്.''
കട്ടികൊണ്ടുള്ള ഇടി കഴിഞ്ഞപ്പോള്‍ ഗോപകുമാര്‍ എന്ന എസ്.ഐ കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കൊണ്ടുപോയി കാല് കൂട്ടിക്കെട്ടി ബെഞ്ചില്‍ കിടത്തി തല്ലി. കാല്‍വെള്ള അടിച്ചു പൊട്ടിച്ചു. കൈവിലങ്ങിട്ട് നിര്‍ത്തും രാത്രി മുഴുവന്‍. നിന്നുകൊണ്ട് ഉറക്കം തൂങ്ങിയാല്‍ ലാത്തിക്ക് കുത്തി ഉണര്‍ത്തും.
റിമാന്‍ഡ് ചെയ്തതിന്റെ പിറ്റേന്നുതന്നെ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ കൊടുത്തു. റിമാന്‍ഡ് ചെയ്യാന്‍ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റിനോടു സങ്കടം പറഞ്ഞിരുന്നു, ഇടിച്ച കാര്യം. ഒരു പെണ്ണിനെ കഴുത്തറുത്ത് കൊന്ന നിന്നെ ഇടിക്കാതെ പിന്നെ പൂജിക്കണോ എന്നാണ് ചോദിച്ചത്. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടെയും പറഞ്ഞു, കൈ ചവിട്ടി ഒടിച്ച കാര്യം. പൊലീസ് പിടിക്കുമ്പോഴേ കൈയില്‍ മുറിവുണ്ടായിരുന്നു എന്നാണ് വനിതാ എ.പി.പി പറഞ്ഞത്. 12 ദിവസം കസ്റ്റഡിയില്‍ വാങ്ങി. ആ 12 ദിവസവും കുണ്ടറ പൊലീസ് സ്റ്റേഷനില്‍വച്ച് നല്ല രീതിയില്‍ ഇടിച്ചു. എന്നിട്ടൊന്നും ഞാന്‍ കുറ്റമേറ്റില്ല. അവര്‍ റെക്കോഡ് ചെയ്യാന്‍ ഒരു സെറ്റ് കൊണ്ടുവച്ചിട്ട് പറയെടാ എന്നു പറഞ്ഞു. ഞാന്‍ ചെയ്തില്ലാ എന്നു പറഞ്ഞപ്പോള്‍ അങ്ങനെയല്ല നീ ചെയ്തെന്നു പറയാന്‍ പറഞ്ഞു. ഞാന്‍ പറയത്തില്ല എന്നു പറഞ്ഞു; ഇല്ലാത്ത തെളിവുണ്ടാക്കി നാളെ കേള്‍പ്പിക്കാന്‍ ഞാന്‍ പറയത്തില്ല. പറയത്തില്ലേടാ എന്നു ചോദിച്ചുകൊണ്ടാണ് പിന്നത്തെ ഇടി. തമ്പിച്ചേട്ടന്‍ അവിടെ വന്നപ്പോള്‍ നിന്നെയും പ്രതിയാക്കും, പൊയ്ക്കോളാന്‍ പറഞ്ഞു. മുതലാളിയേയും പ്രതിയാക്കുമെന്ന് എന്നോട് പറഞ്ഞു. ആരെങ്കിലും ഒരാള്‍ അന്ന് എന്റെ പിന്നില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കേസ് എന്റെ തലയില്‍ വരില്ലായിരുന്നു. ആരുമില്ല എന്ന് അറിഞ്ഞുകൊണ്ടാണ് അവരിതു ചെയ്തത്.
യഥാര്‍ത്ഥ പ്രതി ആരാണെന്ന് കാണണം. ഞാന്‍ അനുഭവിച്ച ഈ പാടിനു കാരണക്കാര്‍ ആരാണെന്ന് അറിയണം. ഇത്രയും നാള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ ദൈവമായിട്ട് യഥാര്‍ത്ഥ പ്രതിയെ കൊണ്ടുവരും.
ആരെ രക്ഷിക്കാന്‍?
''എനിക്കു ബലമായ സംശയം അവരുടെ ഭര്‍ത്താവിനെയാണ്. എന്നെ രണ്ടാമതും ബാറില്‍ വിളിച്ചുകൊണ്ടുപോയി കുടിപ്പിച്ചവനേയും സംശയമുണ്ട്. ഈ സ്ത്രീയുടെ മരണമറിഞ്ഞു വന്ന് ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവ് വേറെ കല്യാണവും കഴിച്ച് ഗള്‍ഫില്‍ പൊയ്ക്കളഞ്ഞു. പൊലീസുകാര്‍ തന്നെ പറഞ്ഞാണ് അത് അറിഞ്ഞത്'', ''യഥാര്‍ത്ഥ പ്രതി ആരാണെന്ന് കാണണം. ഞാന്‍ അനുഭവിച്ച ഈ പാടിനു കാരണക്കാര്‍ ആരാണെന്ന് അറിയണം. ഇത്രയും നാള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ ദൈവമായിട്ട് യഥാര്‍ത്ഥ പ്രതിയെ കൊണ്ടുവരും. കള്ളക്കേസില്‍ കുടുക്കി എന്റെ നല്ല പ്രായത്തില്‍ പതിനൊന്നു വര്‍ഷം ജയില്‍വാസത്തിനും അപമാനത്തിനും കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരേയും വെറുതേ വിടാന്‍ പാടില്ല.''
ആലീസ് കൊല്ലപ്പെട്ട ദിവസവും സമീപ ദിവസങ്ങളിലുമൊക്കെ ഗിരീഷ് തനിക്കൊപ്പമുണ്ടായിരുന്നത് കോടതിയില്‍ പറഞ്ഞാല്‍ പൊലീസും പ്രോസിക്യൂഷനും പറയുന്നത് കള്ളമാണെന്ന് കോടതിക്കു മനസ്സിലാകും എന്നതുകൊണ്ടാണ് തന്നെ വിസ്തരിക്കാതിരുന്നത് എന്ന് തമ്പി വിശ്വസിക്കുന്നു. വിധി പുറപ്പെടുവിച്ച ജഡ്ജി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ യുവതിയെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണത്തക്കുറിച്ചു പരാമര്‍ശിച്ചു വിവാദത്തിലായ ജഡ്ജിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കേസില്‍ വിധി പറഞ്ഞത്. വധശിക്ഷാ വിധിക്കുശേഷം പേന കുത്തിയൊടിച്ചതുമൊക്കെ അന്ന് വാര്‍ത്തയായിരുന്നു.
നേരത്തേ, ലോഡ്ജു മുറിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഗിരീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ, ആലീസ് വധക്കേസില്‍ വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ അതിലും വെറുതേ വിട്ടു. ആദ്യമായാണ് ഇയാളെ കാണുന്നത് എന്നാണ് പ്രധാന സാക്ഷിതന്നെ കോടതിയില്‍ പറഞ്ഞതെന്ന് ഗിരീഷ് പറയുന്നു. കൊല നടന്ന ലോഡ്ജിനടുത്തു മാടക്കട നടത്തുന്ന ആളായിരുന്നു ആ സാക്ഷി. ആ കേസ് ചൂണ്ടിക്കാട്ടി, ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നുണ്ട്.
പൊലീസ് പിടിക്കുമ്പോള്‍ നല്ല ആരോഗ്യമുള്ള ആളായിരുന്നു. പക്ഷേ, കിട്ടിയ മര്‍ദ്ദനത്തിന്റേയും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റേയും അളവുവച്ച് നോക്കുമ്പോള്‍ പഴയ ആരോഗ്യത്തിലേക്ക് എന്നെങ്കിലും തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല, ഗിരീഷിന്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അത് കണക്കിലെടുക്കുകയും വിധിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. നിരപരാധിയായ ഗീരിഷ്‌കുമാറിനെ പ്രതിയാക്കാന്‍ പോലും കാരണങ്ങള്‍ ഇല്ലെന്നും നീതി നടപ്പാകണമെങ്കില്‍ അയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 11 വര്‍ഷത്തെ ജയില്‍വാസം, വധശിക്ഷാവിധിയേത്തുടര്‍ന്നുള്ള മരണഭയം എന്നിവ ചൂണ്ടിക്കാട്ടിയ കോടതി ഈ കേസില്‍ മൗലികാവകാശ ലംഘനമുണ്ടായി എന്നും പറഞ്ഞു. നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ മൂന്നു മാസത്തിനകം സര്‍ക്കാര്‍ ഗിരീഷ്‌കുമാറിനു കൊടുക്കണം. വൈകിയാല്‍ 9 ശതമാനം പലിശയും ചേര്‍ത്തു കൊടുക്കണം.
''പത്രങ്ങളിലും ചാനലുകളിലും മുഴുവന്‍ ഞാന്‍ കൊടുംകുറ്റവാളിയായിരുന്നു. സ്വാഭാവികമായും ഞാന്‍ പറഞ്ഞത് ഒരാളും വിശ്വസിച്ചില്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളുപോലും ഇല്ലായിരുന്നു. ഇത്രയും വലിയ കേസില്‍ പ്രതി പറയുന്നത് ആരും വിശ്വസിക്കില്ല. പക്ഷേ, ഇപ്പോള്‍ കോടതി സത്യം മനസ്സിലാക്കി വെറുതേ വിട്ടപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി ആരെന്ന് ഈ ആളുകളുടെയെല്ലാം മുന്നില്‍ തെളിയണം, ആ ഒരൊറ്റ ആഗ്രഹത്തിലാണ് ഇനി ജീവിക്കുന്നത്.''
ഒരുപാട് അനുഭവിച്ചു. ജയിലില്‍ ജോലി ചെയ്തതിന്റെ തഴമ്പുണ്ട് ചുമലില്‍. ഭക്ഷണച്ചെമ്പ് ചുമന്നതാണ്. ജയിലില്‍നിന്ന് വിട്ടപ്പോള്‍ അയ്യായിരം രൂപ തന്നു. ജോലിചെയ്ത കൂലിയില്‍ നിന്നാണ് വെറുതേ വിട്ട മറ്റേ കേസ് നോക്കിയ വക്കീലിനു ഫീസ് കൊടുത്തത്. ബാക്കി പണം കിട്ടിയിട്ടു വേണം പുതിയ ഫോണ്‍ വാങ്ങിക്കാന്‍. ജീവിതത്തില്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
നിരപരാധിത്വം ഹൈക്കോടതിക്കു മനസ്സിലായി... പൊലീസ് ചെയ്തതെന്താണെന്നും മനസ്സിലായി എന്ന് പറഞ്ഞുവരുമ്പോള്‍ ഗിരീഷ്‌കുമാറിന് സങ്കടം വരുന്നുണ്ട്. പക്ഷേ, തൊണ്ടയിടറുമ്പോള്‍ മുഖം അമര്‍ത്തിത്തുടച്ചതല്ലാതെ അയാള്‍ കരഞ്ഞില്ല. ദിവസങ്ങളോളം അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍വച്ച് ഇടിച്ചത് വിശദീകരിക്കുമ്പോഴും അയാള്‍ക്ക് വാക്കുകള്‍ കുരുങ്ങി. ഓര്‍ത്തെടുക്കാന്‍ തീരെ ബുദ്ധിമുട്ടില്ലാത്തവിധം ഓരോ അനുഭവവും ഇന്നലത്തെപ്പോലെ കണ്‍മുന്നിലുണ്ട്. പക്ഷേ, ഓര്‍മ്മകള്‍ക്കൊപ്പം, ആ ദിവസങ്ങള്‍ വീണ്ടും അനുഭവിക്കുന്നതിനു തുല്യമായ സങ്കടം കൂടിയുണ്ട്. മര്‍ദ്ദനം അത്രയുംകൊണ്ട് അവസാനിപ്പിക്കാന്‍ പൊലീസിന് ഉദ്ദേശ്യമില്ലായിരുന്നു, ഉടനെ കോടതിയില്‍ ഹാജരാക്കാനും. പക്ഷേ, പാരിപ്പള്ളി എസ്.ഐ എന്തോ ആവശ്യത്തിന് കുണ്ടറ സ്റ്റേഷനില്‍ ചെന്നതാണ് തീരുമാനം മാറ്റാനിടയാക്കിയത്. അദ്ദേഹം കാണാതിരിക്കാന്‍ ഗിരീഷിനെ മുറിക്കകത്താക്കി പൂട്ടി. എന്നിട്ടും എങ്ങനെയോ കണ്ടു. ആരും അറിയരുത്, പത്രക്കാരൊന്നും അറിയരുത് എന്ന് കുണ്ടറ സ്റ്റേഷനിലുള്ളവര്‍ ആ എസ്.ഐയോട് പറഞ്ഞു. പക്ഷേ, ആലീസ് വധക്കേസ് പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് അടുത്ത ദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നു. എസ്.ഐ പറഞ്ഞതായിരിക്കണം. അതോടെ ആരോ കസ്റ്റഡിയിലുണ്ടെന്ന് മാധ്യമങ്ങള്‍ക്കു മനസ്സിലായി. വിളികള്‍ തുരുതുരാ വന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാതെ വഴിയില്ലെന്നു വന്നു. ഇതൊക്കെ പൊലീസുകാര്‍ തന്നെ പറഞ്ഞ് ഗിരീഷ് കേട്ടതാണ്. അന്ന് ഇടിച്ചവരില്‍ കുണ്ടറ സി.ഐ, കുണ്ടറ എസ്.ഐ ഗോപകുമാര്‍, കല്ലട എസ്.ഐ മനോജ്, അഞ്ചാലുമ്മൂടുകാരന്‍ ജോസ്പ്രകാശ്, കുണ്ടറ എസ്.ഐ ഷുക്കൂര്‍, മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസിലുമുണ്ടായിരുന്ന ബാബുകുമാര്‍ എന്നിവരുടെയാണ് പേരുകള്‍ അറിയാവുന്നത്. പക്ഷേ, ബാക്കി എല്ലാവരുടേയും മുഖം കണ്ടാല്‍ അറിയാം. ഒരു അന്വേഷണം വന്ന്, ചോദിച്ചാല്‍ ഈ പേരുകളെല്ലാം പറയാന്‍ തയ്യാറാണ്. ജയിലില്‍ ഒരുതരത്തിലുള്ള മര്‍ദ്ദനവും ഉണ്ടായില്ല. മാത്രമല്ല, ഒടിഞ്ഞ കൈ ചികിത്സിച്ചു നേരേയാക്കിത്തരികയും ചെയ്തു. ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കിടന്നു.
ജീവിച്ചുതുടങ്ങുന്നു
സ്വന്തം നാടായ പാരിപ്പള്ളിയിലേക്ക് പോകാനോ സ്ഥിരമായി അവിടെ നില്‍ക്കാനോ ഇപ്പോള്‍ ആലോചിക്കുന്നില്ല. യഥാര്‍ത്ഥ പ്രതിയെ ലോകം അറിഞ്ഞതിനു ശേഷമേ സഹോദരങ്ങളുടെയൊക്കെ അടുത്തും പോകുന്നുള്ളു. ഇനി മദ്യപിക്കില്ല എന്നതും ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കില്ല എന്നതും ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത് അറിഞ്ഞപ്പോള്‍ ജയിലില്‍ വച്ച് എടുത്ത തീരുമാനമാണ്. തൂക്കുകയറിനെക്കുറിച്ചുള്ള പേടിയും തടവുജീവിതവും ജീവിതത്തില്‍നിന്നു പോയ സന്തോഷത്തിലും അയാള്‍ മദ്യത്തിനു വഴിപ്പെടുന്നില്ല എന്നാണ് തമ്പിയുടേയും സാക്ഷ്യം. ഇറങ്ങിയപ്പോള്‍ കിട്ടിയ പണത്തില്‍നിന്ന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങി. ഉടുത്തുമാറാന്‍ തമ്പി കൈലി കൊടുത്തു. ഷര്‍ട്ട് കഴുകി അതുതന്നെ ഇട്ടു. മൂന്നാം ദിവസമായപ്പോള്‍, ജയിലിനു പുറത്തെ പഴയ ലോകത്തോട് കണ്ണുതുറന്നൊന്ന് ചിരിക്കാം എന്ന മാനസികാവസ്ഥയിലേക്ക് പതുക്കെ എത്തിത്തുടങ്ങിയപ്പോള്‍ തമ്പിച്ചേട്ടനുമായി ചവറ ടൗണില്‍ പോയി കുറച്ചു ഡ്രസ്സൊക്കെ വാങ്ങി.
പഠിക്കുകയും വലിയ ആളാവുകയും ചെയ്യണമെന്ന് എല്ലാ കുട്ടികളേയും പോലെ ആഗ്രഹിച്ച ബാല്യവും കൗമാരവും ഗിരീഷിനുമുണ്ടായിരുന്നു. പത്താം ക്ലാസ്സിലേക്ക് ജയിച്ചു. ക്ലാസ്സിലും പോയി, പക്ഷേ, പരീക്ഷ എഴുതിയില്ല. ആയിടയ്ക്കാണ് അച്ഛന്റെ കൊപ്രാക്കച്ചവടത്തില്‍ കുറച്ചു നഷ്ടമൊക്കെ വന്ന് കടം കയറിയത്. പെങ്ങളുടെ വിവാഹവും നടന്നു. മൂത്ത ചേട്ടന് മദ്യപാനത്തിന്റെ പേരില്‍ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. ചേട്ടനും ചേട്ടത്തിക്കും മറ്റു രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു; വയ്യായിരുന്നു. അതാണ് കൊവിഡ് വന്നപ്പോള്‍ രക്ഷപ്പെടാതിരുന്നത് എന്നാണ് അറിഞ്ഞത്. ഒറ്റമകനുള്ളതും പോയി. ഗിരീഷ് ആ മോനെ കണ്ടിട്ടില്ല.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് മരണം കാത്തുകഴിയുന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ ഇപ്പോള്‍ ഗിരീഷ്‌കുമാറിനോളം പോന്ന അധികം പേര്‍ ഉണ്ടാകില്ല. അങ്ങനെ കഴിയുന്നവരില്‍പെട്ട മറ്റൊരാള്‍ ആലുവാകൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി ആയിരിക്കണം. ''ആന്റണിച്ചായനെ ജയിലില്‍ വച്ച് പലവട്ടം കണ്ടിട്ടുണ്ട്. ഞാനവിടെ റിമാന്‍ഡില്‍ കഴിയുമ്പോള്‍ 2014-ല്‍ ആ വധശിക്ഷ നടപ്പാക്കാന്‍ വിധിയായി. അതിനുമുന്‍പ് എന്നോട് നല്ല അടുപ്പമായിരുന്നു. തൂക്കാന്‍ തീരുമാനമായതോടെ അധികം സംസാരമില്ലാതായി; പ്രത്യേക സെല്ലിലുമായി. അതൊരു വല്ലാത്ത അനുഭവമായിരുന്നു; ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു വിറയല്‍ അനുഭവപ്പെടും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടവര്‍ അറിയാമല്ലോ. ആന്റണിച്ചായനെ വൈകുന്നേരങ്ങളില്‍ അവിടെ കൊണ്ടുവരും. പരിശോധിക്കാന്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവരുന്നതാണ്. വരുന്നവഴിക്ക്, എന്റെ ബ്ലോക്കിന്റെ മുന്നില്‍നിന്ന് ഒന്നും മിണ്ടാനാകാതെ ഞാന്‍ നോക്കും. അങ്ങേരും ഒന്നു നോക്കും. തലകുനിച്ച് നടന്നുപോകും. എല്ലാം ആയല്ലോ, കയറ് വരെ 'പിരിച്ചു'കഴിഞ്ഞു; ആരാച്ചാരേയും നിശ്ചയിച്ചു വച്ചിരിക്കുകയാണ്. എല്ലാ ദിവസവും ആ സമയത്ത് ഞാന്‍ ചെന്നുനിന്നു നോക്കും. പാവം. ഏതായാലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറിഞ്ഞു, ആന്റണിച്ചായന്റെ കേസില്‍ വധശിക്ഷ ഇല്ല. റദ്ദാക്കി. ഇപ്പോള്‍ പരോളുമുണ്ട്. ഞാന്‍ വരുന്നതിനു കുറച്ചു ദിവസം മുന്‍പ് തുറന്ന ജയിലിലേക്കു മാറ്റുകയും ചെയ്തു. പരോളില്‍ ഇറക്കുന്നത് ആരാണെന്നറിയാമോ? പള്ളിക്കാര്. പൂജപ്പുരയില്‍ ഉള്ളപ്പോള്‍ എല്ലാ ബ്ലോക്കിലും പത്രം തരുന്ന ആളായിരുന്നു.
ഇപ്പോള്‍ പണ്ടത്തെപ്പോലെ വധശിക്ഷയ്ക്കു വിധിച്ചവരെ ഏകാന്തത്തടവില്‍ കണ്ടംഡ് സെല്ലിലൊന്നും ഇടാറില്ല. എന്നെ ഒരു മാസം അങ്ങനെ താമസിപ്പിച്ചു. ശിക്ഷാവിധി വന്ന പിറകെ ഒരു മാസം. വധശിക്ഷയ്ക്കു വിധിച്ച മറ്റുള്ളവരെല്ലാം ജോലിയെടുക്കുന്നു, മറ്റുള്ളവര്‍ക്കൊപ്പം താമസിക്കുന്നു. എന്നെ മാത്രമെന്താണ് ഇങ്ങനെ എന്ന് ഒരു മാസം കഴിഞ്ഞ് ഞാന്‍ ചോദിച്ചു. അതെങ്ങനെയാണെന്നു വച്ചാല്‍, ബ്ലോക്ക് നോക്കാന്‍ വരുന്ന ഹെഡ് സാറിനോട് ഞാന്‍ 'കച്ചേരിക്കു' പോകണം എന്ന് പറഞ്ഞു. നമുക്കെന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് ജയിലധികൃതരെ അറിയിക്കാനാണ് 'കച്ചേരി' വയ്ക്കുന്നത്. പരാതി കേള്‍ക്കല്‍. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് കച്ചേരിക്കു വിളിച്ചു. കഴക്കൂട്ടത്ത് കാമുകിയുടെ ഒത്താശയോടെ അവരുടെ അമ്മയേയും കുഞ്ഞിനേയും കൊന്ന മുന്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ നിനോ മാത്യു ഉള്‍പ്പെടെ മറ്റുള്ളവരുടെ കൂടെ കഴിയുന്നു, ജോലി ചെയ്യുന്നു. ആറു കൊല്ലമായി 'ചപ്പാത്തിയില്‍' ജോലിചെയ്ത ഞാന്‍, ഗേറ്റിനു വെളിയില്‍ ജോലി ചെയ്തിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലാത്ത ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്ക്. ജോലിക്കു വിടുന്നുമില്ല. ബ്ലോക്ക് മാറ്റിത്തരണം, ജോലിയും വേണം. ഗിരീഷിനെ മാറ്റാന്‍ അപ്പോള്‍ത്തന്നെ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഒന്നാം ബ്ലോക്ക് എന്നൊരു ബ്ലോക്കുണ്ട്. അങ്ങോട്ടു മാറ്റി. വലിയ മുറിയാണ്. 50 പേരോളമുണ്ട്. ശിക്ഷിക്കപ്പെട്ടവര്‍ തന്നെ. ഒരു 15 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കച്ചേരിക്കു ചെന്ന് ജോലി വേണമെന്ന് പറഞ്ഞു. വധശിക്ഷക്കാര്‍ക്ക് ജോലിയുണ്ടോ എന്ന് ജയിലര്‍ രാജീവന്‍ സാര്‍ കൂടെയുള്ളവരോട് ചോദിച്ചു. അദ്ദേഹം ഇപ്പോള്‍ വിയ്യൂരില്‍ സൂപ്രണ്ടാണ്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും വധശിക്ഷക്കാരേയും ജോലിക്ക് വിടും എന്ന് എന്നെ അറിയാവുന്ന ഹെഡ് പട്ടം ഹരി സാര്‍ പറഞ്ഞു. അങ്ങനെ എന്നെ കിച്ചണില്‍ പണിക്കു വിട്ടു. 2019 ഡിസംബര്‍ വരെ ഞാന്‍ അവിടെ ജോലി ചെയ്തു. 2019 ഡിസംബര്‍ 22-ന് എന്നെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. വധശിക്ഷയ്ക്കു വിധിച്ചവരേയും ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രവണതയുള്ളവരേയുമൊക്കെ അതിസുരക്ഷാ ജയിലിലേക്കു മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. രണ്ടു കൊല്ലം അവിടെക്കഴിഞ്ഞു. 2021-ല്‍ തിരിച്ചു പൂജപ്പുരയിലേക്കു തന്നെ മാറ്റി. നാട്ടിലെ ജയിലിലേക്കു മാറ്റണമെന്ന് അപേക്ഷ കൊടുത്തത് പരിഗണിച്ചായിരുന്നു അത്. ആ വന്ന വരവാണ് അവിടെ കഴിഞ്ഞുപോന്നത്. അപ്പീലിലെ വിധി അനുകൂലമല്ലെങ്കില്‍ വിയ്യൂരിലേക്കു തന്നെ മാറ്റം വാങ്ങി പോകണം എന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ജീവിതം വീണ്ടും മാറി.
അവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ കേള്‍ക്കാം, നിന്റെ റിലീസാണ്; സാധനങ്ങളും എടുത്തുകൊണ്ട് ഇറങ്ങിവരാന്‍ പറഞ്ഞു വിളിക്കുന്നു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ മറ്റുള്ളവരൊക്കെ അറിഞ്ഞറിഞ്ഞ് വരുന്നു. അവിടെയുള്ള 1250 പേരില്‍ ആയിരത്തി ഇരുന്നൂറു പേരും എന്നെ കെട്ടിപ്പിടിച്ചു എന്നുള്ളതാ സത്യം. ഒരാള്‍ കുറ്റവിമുക്തനായി പുറത്തുപോകുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷമാണ്.
വിശ്വസിക്കാനാകാതെ
മറ്റുള്ള ആളുകളെയൊക്കെ കാണാന്‍ വേണ്ടപ്പെട്ടവര്‍ വരുമ്പോള്‍ എനിക്ക് വിഷമം തോന്നും, എനിക്കും ആളുകളൊക്കെയുള്ളതാണല്ലോ; പക്ഷേ, ആരും വരുന്നില്ലല്ലോ എന്ന്. ഞാന്‍ ആലോചിക്കും, ചെയ്യാത്ത കുറ്റത്തിനു കിടക്കുന്നു; എനിക്കും അറിയാം മരിച്ച ആ ആലീസിനും അറിയാം ആരാണ് ചെയ്തതെന്ന്. ഞാനല്ല ചെയ്തതെന്ന് അവര്‍ക്കറിയാമല്ലോ എന്നോര്‍ക്കും. ഞാനത് പലരോടും പറഞ്ഞിട്ടുമുണ്ട്. ഗിരീഷ് ആവര്‍ത്തിച്ചത് അതാണ്; ''യഥാര്‍ത്ഥ പ്രതിയെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരണം. എന്നിട്ട് വിളിച്ചുപറയണം, എന്റെ നിരപരാധിത്വം'' അതിന് സുനില്‍കുമാര്‍ വക്കീല്‍ എന്തുപറയുന്നോ അതുപോലെ ചെയ്യാനാണ് തീരുമാനവും.
ജയില്‍ ഓഫീസില്‍ ശിക്ഷയുടെ കാര്യങ്ങള്‍ നോക്കുന്ന സെക്ഷനുണ്ട്; കണ്‍വിക്റ്റഡ് സെക്ഷന്‍. അവിടെയാണ് ശിക്ഷിക്കപ്പെട്ടു കഴിയുന്നവരുടെയെല്ലാം വിവരങ്ങളുള്ളത്. അവിടെ സഹായിയായി പ്രവര്‍ത്തിക്കുന്നവരിലൊരു തടവുകാരനായ കുമാര്‍ ഗിരീഷ്‌കുമാറിന്റെ ബ്ലോക്കിലുള്ളയാളാണ്. വാറണ്ട് വിഭാഗത്തിലുള്ള പ്രിന്‍സ് കണ്‍വിക്റ്റഡ് വിഭാഗത്തില്‍ ഒരു വാറണ്ട് എത്തിക്കാന്‍ പോയപ്പോള്‍ കുമാറിനോട് പറഞ്ഞു, ഒരു സന്തോഷവാര്‍ത്തയുണ്ട്: ഗിരീഷിന്റെ കേസ് വെറുതേ വിട്ടു. സത്യത്തില്‍ കേസ് അന്നു വരുന്നുണ്ട് എന്ന വിവരം പോലും ഗിരീഷിന് ഉണ്ടായിരുന്നില്ല. ഈ വര്‍ഷം ഒടുവില്‍ കേസെടുക്കും എന്നാണ് ഇടയ്ക്ക് ജയില്‍ ഫോണില്‍നിന്നു വിളിച്ചപ്പോള്‍ അഡ്വ. സുനില്‍കുമാര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് ആകാംക്ഷയൊന്നുമില്ലാതെ സ്വന്തം മുറിയില്‍ത്തന്നെ ഉണ്ടായിരുന്നു ഗിരീഷ്. രാവിലെ കാന്റീനില്‍നിന്നു വാങ്ങിയ കട്ടന്‍ ചായയുടെ ബാക്കി ഉണ്ടായിരുന്നു. ഒരു സഹതടവുകാരനുമായി സംസാരിച്ച് അത് കുടിക്കുകയായിരുന്നു. അതുകഴിഞ്ഞ് ബാത്‌റൂമില്‍ കയറി ഒരു ബീഡി കത്തിച്ചു. ഗീരിഷേ, ഓടി വാ എന്ന് ആരോ വിളിക്കുന്നുണ്ട്. നോക്കുമ്പോള്‍ റൂമിലെ 'മേസ്തിരി' ആണ്. മുതിര്‍ന്ന തടവുകാരില്‍നിന്നുതന്നെയുള്ളവരെ മറ്റുള്ളവരുടെ മേല്‍നോട്ടത്തിനും മറ്റുമായി നിയോഗിക്കും. അവരെ വിളിക്കുന്നതാണ് മേസ്തിരി. കാര്യമെന്താണെന്ന് ചോദിച്ച് ഇറങ്ങിച്ചെല്ലുമ്പോള്‍ മേസ്തിരി പറഞ്ഞു: ഒരു സന്തോഷവാര്‍ത്തയുണ്ട്, പ്രിന്‍സ് പറഞ്ഞതാണ്. ചെലവു ചെയ്യുമോ?
കാര്യം പറയാന്‍ ഞാന്‍ പറഞ്ഞു. ഗുണമുള്ള കാര്യമാണെങ്കില്‍ ഉറപ്പായും ചെലവു ചെയ്യും.
ആരും അറിയണ്ട, നിന്റെ കേസ് വെറുതേ വിട്ടു എന്ന് ചെവിയില്‍ പറഞ്ഞു:
ഞാനിത് വിശ്വസിക്കില്ല എന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. ഇല്ലെടാ, ശരിയാണ് എന്ന് പറഞ്ഞു. ഓര്‍ഡര്‍ കാണിക്കാന്‍ പറഞ്ഞു, ഞാന്‍. ഓര്‍ഡര്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു.
നമ്മുടെ മുറിയില്‍ ഒരു 'പച്ചക്കറി മേസ്തിരി' ഉണ്ട്. ജയിലില്‍ പച്ചക്കറിയുടെ പണിയൊക്കെയുള്ള മുതിര്‍ന്ന തടവുകാരന്‍. ഞങ്ങളുടെ തൊട്ടുപിറകിലാണ് അവരുടെ ഷെഡ്. ഞാന്‍ ഓടി അവിടെച്ചെന്നു. മേസ്തിരീ, ഇങ്ങനെയൊരു കാര്യം പറയുന്നുണ്ട്. ഒള്ളതാണോ അല്ലേന്ന് അറിയാന്‍ പാടില്ല. നിങ്ങള്‍ സാറമ്മാരോട് പറഞ്ഞിട്ട് കണ്‍വിക്റ്റഡ് സെക്ഷനില്‍ച്ചെന്ന് ഒന്ന് അന്വേഷിക്കാന്‍ പറഞ്ഞു. എടാ, ഒള്ളതാരിക്കുവെടാ എന്ന് പറഞ്ഞ് ഇങ്ങേര് എന്നെയങ്ങ് കെട്ടിപ്പിടിച്ചു. അവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ കേള്‍ക്കാം, നിന്റെ റിലീസാണ്; സാധനങ്ങളും എടുത്തുകൊണ്ട് ഇറങ്ങിവരാന്‍ പറഞ്ഞു വിളിക്കുന്നു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ മറ്റുള്ളവരൊക്കെ അറിഞ്ഞറിഞ്ഞ് വരുന്നു. അവിടെയുള്ള 1250 പേരില്‍ ആയിരത്തി ഇരുന്നൂറു പേരും എന്നെ കെട്ടിപ്പിടിച്ചു എന്നുള്ളതാ സത്യം. ഒരാള്‍ കുറ്റവിമുക്തനായി പുറത്തുപോകുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷമാണ്. ഞാന്‍ ചെയ്യാത്ത കുറ്റത്തിനാണ് അവിടെ കിടന്നതെന്ന് അവര്‍ക്കെല്ലാം അറിയാം. പിന്നെ, ജയിലില്‍ എന്നെക്കുറിച്ച് ഒരു മോശം അഭിപ്രായം പോലും ഉണ്ടായിരുന്നില്ല. ഹൈക്കോടതി ചോദിച്ചപ്പോള്‍ ജയില്‍സൂപ്രണ്ട് കൊടുത്ത റിപ്പോര്‍ട്ടിലും അങ്ങനെത്തന്നെയായിരുന്നു. എല്ലാ ദിവസവും പണിക്ക് ഇറങ്ങുന്നുണ്ട്, മറ്റുള്ള തടവുകാരില്‍ ആരുമായും അടികൂടിയിട്ടില്ല, ഒരുദ്യോസ്ഥനോടും 'ഛീ പോ' എന്നുപോലും ഒരു ചീത്ത പറഞ്ഞിട്ടില്ല, റേഷന് പരാതി പറഞ്ഞിട്ടില്ല. അങ്ങനെ എല്ലാക്കാര്യങ്ങള്‍ക്കും ഗുഡ് കൊടുത്തിട്ടാണ് അന്നത്തെ സൂപ്രണ്ട് ഡി.ഐ.ജിയായിട്ട് മാറിപ്പോയത്. കൗണ്‍സലിങ്ങിനു വന്നവരും ചോദിച്ചിരുന്നു. ഇവിടെ 11 കൊല്ലംകൊണ്ട് അവനെക്കൊണ്ട് ആര്‍ക്കും ഒരു ശല്യവുമില്ല എന്നല്ലാതെ ജയിലിലെ ഒരു സാറമ്മാരും പറഞ്ഞില്ല. എന്റെ കൂടെ മുറിയിലുള്ള അഞ്ചാറ് പേരെ വിളിച്ച് ചോദിച്ചു. അവരും നല്ലതാണ് പറഞ്ഞത്: ''ഞങ്ങളുടെ മേസ്തിരിയാണ്, ഗിരീഷിനെക്കൊണ്ട് ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. പിന്നെ, 'സംസാരക്കമ്മിറ്റി' ഉറക്കെയായിപ്പോകും എന്നേയുള്ളു. വേറെ കുഴപ്പമൊന്നുമില്ല.''
ജയിലില്‍ റേഡിയോയും ടി.വിയുമേ ഉള്ളു എന്റര്‍ടെയ്ന്‍മെന്റ്. ഞാന്‍ രാവിലെ ആറര മണിക്ക് ജോലിക്കിറങ്ങും. എന്നിട്ട് ഏഴരയ്ക്കു മുറിയില്‍ വരും. പത്തറുന്നൂറ് കിലോ ഫുഡ് വേസ്റ്റ് ചുമന്നിട്ടാണ് വരുന്നത്. പത്തുപേരുണ്ട് ഫുഡ് വേസ്റ്റെടുക്കാന്‍. ഞാനായിരുന്നു അവരുടെ മേസ്തിരി. മുറിയിലെ കക്കൂസ് കഴുകുന്നത് ഞാനായിരുന്നു.
ട്വന്റി ട്വന്റിയും കാണാപ്പാഠമായ മെനുവും
ജയിലില്‍ ടി.വിയില്‍ സിനിമയൊക്കെ കാണിക്കുമെങ്കിലും ഫുട്ബോളും ക്രിക്കറ്റുമാണ് കാണാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. കളികള്‍ കഴിവതും ടി.വിയില്‍ കാണും. ട്വന്റി ട്വന്റി കണ്ടു. രാത്രി രണ്ടു മണിക്ക് ലോകകപ്പ് ഫുട്ബോള്‍ വച്ചു തന്നു കാണിച്ചിട്ടുണ്ട് സാറമ്മാര്. സൂപ്രണ്ട് സത്യരാജ് സാറും മറ്റുള്ളവരും ഇക്കാര്യത്തില്‍ തടവുകാരുടെ കൂടെയാണ്. സിനിമയും കാണുമെങ്കിലും അത്രയ്ക്കങ്ങ് താല്പര്യമില്ല. പുറത്തുള്ളപ്പോഴും തിയേറ്ററില്‍ പോയി സിനിമ കാണാറില്ലായിരുന്നു. ജയിലില്‍ എഫ്.എം റേഡിയോ ഉണ്ട്. അതില്‍വരുന്ന പാട്ടുകള്‍ കേള്‍ക്കും. ജയിലില്‍ റേഡിയോയും ടി.വിയുമേ ഉള്ളു എന്റര്‍ടെയ്ന്‍മെന്റ്. പിന്നെ, പലരും രാവിലെ ഷട്ടില്‍ കളിക്കും. ഞാന്‍ രാവിലെ ആറര മണിക്ക് ജോലിക്കിറങ്ങും. എന്നിട്ട് ഏഴരയ്ക്കു മുറിയില്‍ വരും. പത്തറുന്നൂറ് കിലോ ഫുഡ് വേസ്റ്റ് ചുമന്നിട്ടാണ് വരുന്നത്. പത്തുപേരുണ്ട് ഫുഡ് വേസ്റ്റെടുക്കാന്‍. ഞാനായിരുന്നു അവരുടെ മേസ്തിരി. മുറിയിലെ കക്കൂസ് കഴുകുന്നത് ഞാനായിരുന്നു. അകത്തുതന്നെ മൂന്നു കക്കൂസുണ്ട്. അറുപത് രൂപയാണ് അതു കഴുകുന്നതിനു ദിവസക്കൂലി. 51 പേരുള്ള മുറിയാണ്. ഓരോ ദിവസവും ഓരോരുത്തരാണ് ചെയ്യേണ്ടത്. അടിച്ചുവാരണം, ഇരുന്നു ഭക്ഷണം കഴിക്കുന്ന മുന്‍വശം തൂത്തുവൃത്തിയാക്കണം. പക്ഷേ, എല്ലാ ദിവസവും ഞാന്‍ തന്നെ ചെയ്യും. പത്തു കന്നാസ് വെള്ളം കോരി സോപ്പു പൊടിയിട്ട് നന്നായി കഴുകും. അത്രയും പേര്‍ ഉപയോഗിക്കുന്നതല്ലേ. വൃത്തിയായിരിക്കണം. അല്ലെങ്കില്‍ വല്ല അസുഖങ്ങളൊക്കെ വരും. ആരുടെ 'ടേണ്‍' ആണോ ആ ആള്‍ അറുപത് രൂപ എനിക്കു തരണം. കാശിനു പകരം കാന്റീനില്‍നിന്ന് സാധനം വാങ്ങിത്തരണം. വെള്ളമെടുക്കാനൊക്കെ മറ്റുള്ളവര്‍ സഹായിക്കുകയും ചെയ്യും.
വധശിക്ഷാ വിധി വന്നുകഴിഞ്ഞാല്‍പിന്നെ വല്ലാത്തൊരു മാനസികാവസ്ഥയാണ്. ഭക്ഷണം ഇറങ്ങില്ല. കട്ടന്‍ചായയാണ് കൂടുതലും കുടിക്കുന്നത്. വിഷമം മറക്കാന്‍ കൂടിയാണ് എപ്പോഴും ജോലിയും കാര്യങ്ങളുമൊക്കെയായിരിക്കുന്നത്. ആഹാരത്തിന്റെ മുന്നില്‍ വച്ചുപോലും ആലോചിച്ച് സങ്കടപ്പെടുന്നത് മാറി, ഞാനിപ്പോള്‍ വധശിക്ഷ കാത്തുകിടക്കുന്നവനല്ല എന്നത് മനസ്സിലേക്കു വന്നുകൊണ്ടിരിക്കുന്നതേയുള്ളു. മതില്‍കെട്ടിനുള്ളിലെ ഭക്ഷണവും പുറത്തെ ഭക്ഷണവും രണ്ടാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates