മണ്ണിനടിയിലായ മനുഷ്യ ജീവനുകള്‍; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളം

സായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല്‍ കൊലകളും
മണ്ണിനടിയിലായ മനുഷ്യ ജീവനുകള്‍; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളം
Updated on
2 min read

പുത്തുമലയും കവളപ്പാറയും

പ്രളയ വാര്‍ഷികത്തില്‍ ഒരിക്കല്‍ക്കൂടി ദുരന്തഭൂമിയായി മാറി കേരളം. പതിനാലു ജില്ലകളും ദുരന്തത്തിന്റെ തീവ്രത അനുഭവിച്ചു. വെള്ളപ്പൊക്കത്തേക്കാള്‍ ഉരുള്‍പൊട്ടലുകളാണ് വ്യാപ്തി കൂട്ടിയത്. നിലമ്പൂരിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും ദുരന്തഭൂമികളായി. കവളപ്പാറയില്‍ 59 പേര്‍ മണ്ണിനടിയില്‍ മരിച്ചു. 20 ദിവസങ്ങളോളം നീണ്ടുനിന്ന ദൗത്യത്തില്‍ 48 മൃതദേഹങ്ങള്‍ കിട്ടി. മണ്ണും വീടും സര്‍വതും നഷ്ടമായ ജനത ഇന്ന് പുനരധിവാസത്തിനായി സമരത്തിലാണ്. പുത്തുമലയില്‍ ഒരു മല തന്നെ ഒഴുകിയിറങ്ങുകയായിരുന്നു. സോയില്‍ പൈപ്പിങ്ങാണ് ഇതിനു കാരണമെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയത്. നേരത്തേ മുറിച്ചു മാറ്റിയ വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ച് മണ്ണിടിച്ചിലുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്.

പാര്‍ട്ടി നല്‍കിയ യുഎപിഎ

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് തുടക്കം. രണ്ടുപേരും സിപിഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍, എല്ലാ സംശയങ്ങളും മാറ്റി നിര്‍ത്തി മുഖ്യമന്ത്രി ഇവര്‍ മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചു. പൊലീസ് ചുമത്തിയ യു.എ.പി.എയെ ന്യായീകരിച്ചു. ദേശീയതലത്തില്‍ യു.എ.പി.എക്ക് എതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമ്പോഴാണ് ഇടതുമുന്നണി തന്നെ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് ഇത് ചുമത്തിയത്. അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ എതിര്‍പ്പുകളുണ്ടായെങ്കിലും പിണറായിയുടെ വഴിയിലായി പാര്‍ട്ടിയും. ദേശീയനേതൃത്വം വിഭിന്നമായ നിലപാട് സ്വീകരിച്ചപ്പോഴും സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന നിയമസഭയിലെ അഭിപ്രായപ്രകടനം ഏറെ ചര്‍ച്ചയായി.

മഞ്ചക്കണ്ടിയിലെ നരനായാട്ട്

പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി മേഖലയിലെ ഉള്‍വനത്തിലാണ് തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നും സ്വയരക്ഷയ്ക്കായി തിരിച്ചു വെടിവെച്ചെന്നുമായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് തെളിഞ്ഞു. ഇതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലുമായി. ഘടകക്ഷിയായ സിപിഐ പോലും സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടില്‍ മൂന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല്‍ കൊലകളും. ഈ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂരിലും വയനാട്ടിലും ഏറ്റവുമൊടുവില്‍ മഞ്ചക്കണ്ടിയിലും നേരിട്ടത്. മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട കാര്‍ത്തിയുടെ അമ്മ മീനമ്മയാണ് ചിത്രത്തില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷവും മകന്റെ മൃതദേഹം കാണാന്‍ ഈ അമ്മയെ പൊലീസുകാര്‍ അനുവദിച്ചില്ല

മരടിലെ നിയമവാഴ്ച

തീരദേശപരിപാലന നിയമം ലംഘിച്ചതിന് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മരട് വിവാദവിഷയമാകുന്നത്. ഉത്തരവ് നല്‍കി ഏറെ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഫ്‌ളാറ്റുടമകളുടെ സമ്മര്‍ദമായിരുന്നു മെല്ലപ്പോക്ക് സമീപനം സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി സര്‍ക്കാരിനെതിരേ രംഗത്ത് വന്നത്. ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയില്‍ ഹാജരാകേണ്ടി വന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ മുന്നോട്ടു വച്ച കോടതിയില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ നല്‍കി. പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഫ്‌ളാറ്റുടമകള്‍ സാധനങ്ങള്‍ മാറ്റുന്ന ചിത്രമാണ് ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com