'ആദിമൊഴിയും കനിമൊഴിയും'- അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ കഥ

ഏഴിമലത്തീരം കാണുംവരെ അവന്റെ തോണി ഉയര്‍ന്നും താണുമിരുന്നു. മുണ്ട് മുറുക്കിക്കെട്ടി തുമ്പത്ത് കാല് വെച്ചപ്പോള്‍ തീരത്ത് ആദിമൊഴിയെ കണ്ടു. മഞ്ഞനിറമുള്ള ഒരു പൂമ്പാറ്റയെപ്പോലെ അവള്‍ ചിറകടിപ്പുണ്ടായിരുന്നു
'ആദിമൊഴിയും കനിമൊഴിയും'- അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ കഥ

ആദിമൊഴി 

ഴിമലത്തീരം കാണുംവരെ അവന്റെ തോണി ഉയര്‍ന്നും താണുമിരുന്നു. മുണ്ട് മുറുക്കിക്കെട്ടി തുമ്പത്ത് കാല് വെച്ചപ്പോള്‍ തീരത്ത് ആദിമൊഴിയെ കണ്ടു. മഞ്ഞനിറമുള്ള ഒരു പൂമ്പാറ്റയെപ്പോലെ അവള്‍ ചിറകടിപ്പുണ്ടായിരുന്നു. 

''ഇന്നൊന്നും കിട്ടിയില്ലേ?'' തീരം തൊടുന്നതിന് മുന്‍പ് അവള്‍ തിര തൊട്ടു.

ഓരോ തവണയും ഒഴിഞ്ഞ തോണിയുമായി വരുമ്പോള്‍ എന്തിനാണീ പായാരം എന്നവന്റെ മനസ്സ് ചോദിച്ചു. 

നിലാവ് നീലിച്ച് മലയിറങ്ങി തീരത്തെത്തും വരും അവര്‍ അടുത്തിരുന്നു. വലയില്‍ വീഴാതുതറിമാറുന്ന മീനുകളെപ്പോലെ വെണ്മണലില്‍ തുഴഞ്ഞു. മലയിലെ കനത്ത കാടുകളിലെ വള്ളിക്കെട്ടുകള്‍ക്കിടയില്‍ മയിലുകളോടൊത്ത് നൃത്തം വെച്ചു.

''കടലിലാഴുന്ന കപ്പല്‍പോലെ ഇരുട്ടിലേയ്ക്ക് മറയും മുന്‍പ് മല കയറിയിറങ്ങി പൊയ്ക്കോ'' അവള്‍ ചെവിയിലോതി. 

കടല്‍ക്കരയില്‍നിന്ന് അവളോടൊത്ത് മലകയറിയ അവന്‍ ദൂരെ താഴ്വാരത്ത് ഇരുട്ടിലാഴ്ന്ന് കിടക്കുന്ന മാടായിപ്പാറയില്‍ ഒരു പെരുങ്കോട്ട കണ്ടു. കോട്ടയ്ക്കുള്ളില്‍ അലങ്കാരമണിഞ്ഞ ആനകള്‍ക്ക് നടുവില്‍ മിന്നുന്ന കടുത്തിലയേന്തി ഒരു കരുത്തന്‍ രാജാവ്. കോട്ടയ്ക്ക് നാല് ഭാഗത്തും നിരത്തിയ പട. പാറയുടെ ചെരിവില്‍ പന്തങ്ങളെരിയുന്ന കൊട്രവൈയുടെ കാവ്. വേലന്റെ വെറിയാട്ട്. യുദ്ധദേവതയെ വണങ്ങി പോര് വിളിച്ച് സേനാനായകര്‍. മലമുകളില്‍നിന്ന് പടക്കളത്തിലേയ്ക്ക് വഴുതിവീണപ്പോള്‍ നേരം വെളുത്തപോലെ വെയില്‍ തെളിഞ്ഞു. 

മലയ്ക്ക് മറുപുറമെത്തിയപ്പോള്‍ പുതിയ കാലം കണ്ടു. ഏഴിമല ടോപ്പിലുള്ള ടാറിട്ട റോഡും പറമ്പുകളും റബ്ബര്‍ക്കാടും ഹനുമാന്‍ പ്രതിമയും എല്ലാം. തിരിഞ്ഞുനോക്കിയപ്പോള്‍ അവളില്ല. വല്ലാത്തൊരു മോഹഭംഗത്തിനൊടുവില്‍ എല്ലാ ദിവസവും എന്നപോലെ ഞെട്ടിയെഴുന്നേറ്റ് അരക്കുപ്പി വെള്ളം കുടിച്ചു. 

ഇതൊരു സ്വപ്‌നം മാത്രമാണ് എന്നവന് അറിയാമായിരുന്നെങ്കിലും ആദിമൊഴിയുടെ അതേ മുഖച്ഛായ ആണ് അപര്‍ണയ്ക്കും. ഇനി നേരെ തിരിച്ചാണോ എന്നറിയില്ല. ഏതായാലും അപര്‍ണ അവനെ കണ്ട ഭാവം നടിക്കാറില്ലെങ്കിലും ആദിമൊഴി ഊണിലും ഉറക്കത്തിലും കയറിവരും. അപര്‍ണയ്ക്കില്ലാത്ത ഒരു ദയാവായ്പ് അവള്‍ക്കുണ്ട്. മുഖത്ത് ഒരു പ്രസന്നതയുണ്ട്. 

ഉമ്മറത്തിരുന്ന് എഴുത്തില്‍ മുഴുകുന്നുവെന്ന ഭാവേന വീട്ടിലേയ്ക്ക് ഒളികണ്ണിട്ട് നോക്കുന്ന കാര്യം അപര്‍ണയ്ക്ക് അറിയാം. ദയനീയ ഭാവത്തില്‍ ഒന്നു നോക്കി തലവെട്ടിച്ചുകൊണ്ട് അകത്തേയ്ക്ക് പോകുന്ന കാഴ്ച ആദിമൊഴിയില്‍നിന്ന് വളരെ അകലെയാണ്. 

നാല് വര്‍ഷം മുന്‍പ് അച്ഛന്‍ കൂടി പോയ ശേഷം വിനീത് തീര്‍ത്തും ഒറ്റയ്ക്കായി. അയല്‍ വീട്ടുകാരിയായ അപര്‍ണയെ ചെറുപ്പം തൊട്ടേ കാണാറുള്ളതാണെങ്കിലും നേരില്‍ കാണുമ്പോള്‍ സംസാരിക്കാന്‍ ഇപ്പോള്‍ വിയര്‍ക്കും. അവളെ വീട്ടുകാരിയാക്കിയാലെന്താ എന്ന ചിന്ത ഉണ്ടായ ശേഷമാണ് ഈ പ്രശ്‌നം അവനില്‍ കണ്ടുതുടങ്ങിയത്. എം.എ ഹിസ്റ്ററി കഴിഞ്ഞ് പി.എച്ച്ഡി ചെയ്യുന്ന അപര്‍ണ സാമൂഹിക കാര്യങ്ങളിലൊക്കെ ഇടപെടുന്ന തന്റേടമുള്ള പെണ്‍കുട്ടിയാണ്. എല്‍.ഡി ക്ലാര്‍ക്ക് എന്ന ഉദ്യോഗം തനിക്കുണ്ടെങ്കിലും അതൊന്നും അവളുടെ മുന്‍പില്‍ ചെലവാകില്ലെന്ന് അവന് നന്നായറിയാം. 

ഒരു ഭേദപ്പെട്ട കഥ എഴുതാന്‍ ഇതുവരെ കഴിഞ്ഞില്ലല്ലോ എന്നത് വിനീതിനെ വിഷണ്ണനാക്കുന്ന മറ്റൊരു വിഷയമാണ്. എഴുതിയെഴുതി മടുത്ത് ചുരുട്ടി ഉണ്ടകളാക്കി വലിച്ചെറിയുന്ന പേപ്പറുകള്‍ പലപ്പോഴും റോഡിലൂടെ പോകുന്ന ആള്‍ക്കാരുടെ ദേഹത്ത് വീഴാറുണ്ട്. അല്ലെങ്കിലേ തന്നെ ഒരു നിഗൂഢന്‍ ആയിക്കാണുന്ന നാട്ടുകാര്‍ക്ക് ഒരു ആശയദരിദ്രന്‍ കൂടിയാണെന്നു തോന്നിത്തുടങ്ങിയിട്ടുണ്ടാവണം. ആകെ ഒരാശ്വാസം അപര്‍ണയും ആദിമൊഴിയും ഒക്കെയാണ്. അങ്ങനെയാണ് അവളുടെ പേരില്‍ ഒരു കഥയെഴുതിത്തുടങ്ങിയത്, ഒരു നീണ്ട കഥ. പക്ഷേ, ഏഴിമലത്തട്ടില്‍നിന്ന് അവളോടൊത്ത് താഴേയ്ക്കിറങ്ങാന്‍ പറ്റുന്നുമില്ല.

ഇതിനൊരു സൊലൂഷ്യന്‍ കിട്ടാന്‍ വേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ അപര്‍ണയോട് തന്നെ പറയാന്‍ തീരുമാനിച്ചത്. അവള്‍ ആണെങ്കില്‍ അണ്ടലൂര്‍ കാവില്‍ വെച്ച് കണ്ട പരിചയംപോലും കാണിക്കാറുമില്ല. എങ്കിലും രണ്ടിലൊന്ന് എന്നു കണ്ട് പറയാന്‍ തീരുമാനിച്ചു. ഇതില്‍ എഴുത്തിനോടുള്ള അഭിനിവേശമാണോ അതോ അവളോടുള്ള അനുരാഗമാണോ മുഴച്ചുനിന്നത് എന്നൊന്നും അവന് അറിയില്ല.

ചിറക്കക്കാവിലേയ്ക്കുള്ള വഴിയില്‍, നിറയെ മരങ്ങളുള്ള സ്ഥലത്ത് അവളെ കാത്തുനിന്നു. അമ്പലത്തില്‍ നിറഞ്ഞുകത്തുന്ന ചിരാതുകള്‍. ചുറ്റും കനത്തുനില്‍ക്കുന്ന മരപ്പച്ചയിലേയ്ക്ക് ഇരുളിറങ്ങിത്തുടങ്ങിയ നേരം. കാവില്‍നിന്നു പടികയറിയ അവളോട് ഒറ്റ ശ്വാസത്തില്‍ കാര്യം പറഞ്ഞുതീര്‍ത്തു. എഴുതിവച്ച കടലാസ് കൈമാറിയപ്പോള്‍ അതൊരു പ്രേമലേഖനമാണെന്ന് ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നവന്‍ ഭയന്നു. അവള്‍ അവനെ ഒന്നിരുത്തി നോക്കിയ ശേഷം ആല്‍ത്തറയിലിരുന്ന് വായിച്ചുതുടങ്ങി. വായിച്ചുതീരുമ്പോഴേയ്ക്കും അവന്‍ പറഞ്ഞു:

''ആദിമൊഴിക്ക് അപര്‍ണയുടെ മുഖമാണ്.''

''മറ്റേത് താനുമായിരിക്കും.'' അവള്‍ എടുത്ത വായില്‍ മറുപടി പറഞ്ഞു.

അവനു ജാള്യത തോന്നി. പ്രേമത്തിന്റെ പാരമ്യത്തില്‍ സംഭവിച്ച ഒന്നല്ലെന്നും ഇതൊരു സുന്ദരസ്വപ്‌നം മാത്രമാണെന്നുമൊക്കെ പറഞ്ഞ് കുളമാക്കണോ എന്നാലോചിച്ച് അവന്‍ നിന്നു. 

അവന്റെ നില്‍പ്പ് കണ്ട് അവള്‍ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. ''നാളെ നമ്മക്ക് ഏഴിമലയ്ക്ക് പോകാം.''

അരയാലിന്റെ മുകളില്‍നിന്ന് രണ്ട് മൂന്ന് ഇലകള്‍ പറന്നിറങ്ങി തോളത്ത് വീണപ്പോള്‍ പൊട്ടിച്ചിരിച്ചുനിന്ന അവള്‍ ഒരു യക്ഷിയാണോ എന്നവനു സംശയമുണ്ടായി.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

''എന്തായാലും എനിക്ക് നിങ്ങളോട് പ്രേമമൊന്നും ഇല്ല. ഇനി തോന്നാനും ഒട്ടും സാധ്യതയില്ല. പിന്നെ നിങ്ങളുടെ കഥയ്ക്ക് ഒരു വകുപ്പാവും. എനിക്ക് റിസര്‍ച്ചിനും.''

ചരിത്രഗവേഷണം വലിയ താല്പര്യമുള്ള മേഖലയല്ലെങ്കിലും പ്രണയത്തില്‍ തഴയപ്പെട്ടെങ്കിലും ആ അവസരം നഷ്ടപ്പെടുത്താന്‍ അവന് തോന്നിയില്ല, അവന്‍ നിസ്സംഗമായി തലകുലുക്കി.

പിറ്റേന്ന് പാരീസ് ഹോട്ടലില്‍നിന്നു നല്ല ഒരു ബിരിയാണിയും കഴിച്ച് ബസ്റ്റാന്റില്‍ അവന്‍ അവളെ കാത്തുനിന്നു. കൃത്യസമയത്ത് തന്നെ അവള്‍ എത്തിയിരുന്നു. തലശ്ശേരിക്കോട്ടയും കടന്ന് കടല്‍ തീരത്ത് കൂടെ ബസ് പാഞ്ഞു. ധര്‍മ്മടം പുഴയും കഴിഞ്ഞ് കണ്ണൂരേയ്ക്കടുത്തപ്പോഴും അവര്‍ പരസ്പരം കാര്യമായി ഒന്നും സംസാരിച്ചില്ല. കണ്ണൂര്‍ നഗരവും കഴിഞ്ഞ് നീങ്ങിയപ്പോള്‍ അവള്‍ തന്റെ ഗവേഷണ സംബന്ധിയായ ലേഖനങ്ങള്‍ അവനു നല്‍കി. സംഘകാലത്തെ ഏഴിമല രാജ്യത്തെക്കുറിച്ചുള്ള ദീര്‍ഘമായ കുറിപ്പുകള്‍. 

''തുടങ്ങിയിട്ടേയുള്ളൂ, ഏഴിമലയിലെ മൂഷികവംശ രാജാവായ നന്നന്റെ മരണശേഷം ആ നാടിന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുകയാണ് ഞാന്‍.''

''നന്നന്‍ എങ്ങനെ മരിച്ചു?''

''ചേരന്മാര്‍ കൊന്നു. വാകപ്പെരുംതുറൈയിലെ യുദ്ധത്തില്‍ വെച്ച്.''

''അതെവിടെ, തമിഴ്നാട്ടിലാണോ?''

''അല്ല, അതാണ് നമ്മടെ വയലപ്ര പരപ്പ്. മാടായിപ്പാറ എന്ന പാഴിക്കുന്നിന്റെ വടക്കുപടിഞ്ഞാറന്‍ താഴ്വാരം. ഇതൊക്കെ തമിഴ്നാടായിരുന്നു വിനീത്.''

ഒന്ന് സംസാരിച്ച് തുടങ്ങിയാല്‍ മനുഷ്യരെല്ലാം മനുഷ്യരാണ് എന്നവന് തോന്നി. ദിനവും അവളെ ഏന്തിവലിഞ്ഞ് നോക്കാറുള്ള ഒരു വായ്നോക്കിയാണല്ലോ താന്‍ എന്ന അപകര്‍ഷത അവനില്‍ നിറഞ്ഞു.

പഴയങ്ങാടി പട്ടണത്തില്‍ ബസിറങ്ങിയപ്പോള്‍ തന്നെ പടിഞ്ഞാറ് ദിക്കില്‍ അസ്തമയം കാത്ത് കിടക്കുന്ന മാടായിപ്പാറയെ കണ്ടു. പാറപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് അവനു തോന്നി. വന്മരങ്ങളും വള്ളിക്കാടുകളും കൈചേര്‍ത്ത് ദേവകന്യാവിന് ഊഞ്ഞാല് പണിത മാടായിക്കാവും കാവിലെ ഭഗവതിയെയും അവര്‍ കണ്ടു. വലിയ പുല്ലാഞ്ഞിവള്ളികള്‍ കെട്ടുപിണഞ്ഞ പാതയിലൂടെ ശലഭങ്ങളെയും ചെറുതുമ്പികളെയും കടന്ന് അവര്‍ പാറക്കുളത്തിനടുത്തെത്തി. 

പടിഞ്ഞാറ് ദിക്കില്‍ നീണ്ട് കിടക്കുന്ന ഏഴില്‍ മലയെ നോക്കി അവള്‍ പറഞ്ഞു:

''അഴിശ്ശിയെ അറിയുമോ?''

ഇല്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ തലകുലുക്കി.

''നിങ്ങളെപ്പോലെ എഴുത്താണിയും പട്ടോലയുമായി ഇതിലൂടൊക്കെ നടന്ന ഒരാദി തമിഴ് കവിയാണ്.''

അവന്‍ അഴിശ്ശിയെ തിരഞ്ഞപ്പോള്‍ പാറക്കുളത്തില്‍ സ്വന്തം മുഖം തെളിഞ്ഞു.

''നിങ്ങള്‍ ഈ മല കാണുന്നില്ലേ, അതിനുമപ്പുറമുള്ള തിരമാലകളുടെ ഒച്ച കേള്‍ക്കുന്നുണ്ടോ?''

''അതിനപ്പുറം കടലാണെന്നറിയാം.''

''അഴിശ്ശി ഒരു വൈകുന്നേരം ഇതേ പാറപ്പുറത്തുനിന്ന് ഈ മലയെ നോക്കി പറഞ്ഞത് എന്താണെന്ന് അറിയുമോ, കടലിലാഴുന്ന കപ്പല് പോലെ ഇരുട്ടിലാഴുന്ന പെരുങ്കുന്നെന്ന്.''

അവനു പെട്ടെന്ന് രണ്ടായിരം വര്‍ഷം പിറകോട്ട് പോയപോലെ തോന്നി. 

''അതുപോലൊന്ന് നിങ്ങളുടെ കഥയിലും കണ്ടു.''

അല്പനേരത്തിനു ശേഷം അവള്‍ തുടര്‍ന്നു. 

''അഴിശിക്ക് ഒരു കാമുകി ഉണ്ടെങ്കിലോ, ഇനി അവളാണെങ്കിലോ ആദിമൊഴി?''

ബസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്ന് തലശ്ശേരിയ്ക്ക് നീങ്ങിയ അവര്‍ പരസ്പരം നോക്കിയില്ല. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവള്‍ തലവെട്ടിച്ച് അവനെ നോക്കി ഒന്നു ചിരിച്ച ശേഷം പറഞ്ഞു:

''ഇനി ഞാന്‍ തന്നെ ആയിരിക്കുമോ ആദിമൊഴി, പക്ഷേ, എനിക്ക് നിങ്ങള്‍ അഴിശ്ശി അല്ലല്ലോ.''

മനസ്സില്‍ അഴിശിയും ആദിമൊഴിയും ഏഴിമലപ്പെരുങ്കാടും. ഏഴിമലപ്പെരുങ്കടല്‍ അവനുള്ളില്‍ ആര്‍ത്തിരമ്പി. ആ തിരമാല തീരം തച്ച് കഥ പൊട്ടിത്തുടങ്ങി. 

ജാലകത്തില്‍നിന്നു പുറത്തേയ്ക്ക് അവന്‍ നോക്കി. ഏഴിമല മന്നനായ നന്നന്റെ കോട്ടപോലെ കറുത്തിരുണ്ട മതില് കണ്ടു. കണ്ണൂര്‍ ജയിലാണ്. അന്ന് ആ ജയില്‍ അവന് പരിചയമുണ്ടായിരുന്നില്ല. ചന്തുവിനേയും അറിയില്ല.

2009 ഡിസംബര്‍ 31 - കണ്ണൂര്‍ ജയില്‍ 

ഏത് ഭാഗത്ത് നോക്കിയാലും കറുത്ത കല്ലുകളും കമ്പികളും വെള്ളയില്‍ കറുത്ത വരയുള്ള വസ്ത്രങ്ങളും. പിന്നെ ഇടയ്ക്കിടെ വന്നു പേടിപ്പിക്കുന്ന കാക്കിക്കാരും. കൊറേ കാലമായി ഈ ലോകം ചന്തുവിന് അന്യമാണ്. വീണ്ടും ഈ പാതാളത്തില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു. 

അവള്‍ എന്തിനത് ചെയ്തു എന്നവനറിയില്ല. കുറച്ച് ക്രൂരമായിപ്പോയി എന്നു പലവട്ടം തോന്നിയെങ്കിലും തന്റെ പാപഭാരങ്ങളോരോന്നും ചന്തുവിന്റെ മുന്നില്‍ തെളിഞ്ഞുവന്നു. തെരുവുകളില്‍ താന്‍ നിസ്സഹായമാക്കിയ ഓരോ മുഖങ്ങളും അവരുടെ നേരെയെറിഞ്ഞ പുഞ്ചിരികളും. എഴുത്തുകാരനു പരാതി ഇല്ലാത്തതിനാല്‍ പ്രധാന കേസില്‍നിന്ന് ഒഴിവായെങ്കിലും പഴയ രണ്ട് മൂന്ന് കേസുകള്‍ കൂടി പൊങ്ങിവന്ന് കുറച്ച് കാലം അകത്ത് കിടക്കേണ്ടിവന്നു. അങ്ങനെ ജയില്‍ ചപ്പാത്തി ഉണ്ടാക്കാന്‍ പഠിച്ചു. മറ്റു പല ചെറിയ കൈത്തൊഴിലുകളും പഠിക്കാന്‍ ഇടയായി. നല്ലപോലെ ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചു, അടുക്കളജോലികള്‍ ആണ് അധികവും ചെയ്തത്. 

ജയിലില്‍ കിടന്ന കാലമത്രയും പതിവായി അവള്‍ വരികയും സ്‌നേഹത്തോടെ ഭക്ഷണപ്പൊതികള്‍ കൈമാറുകയും ചെയ്യുമായിരുന്നു. എന്ത് പണിയാണിവിടെ ചെയ്യുന്നത് എന്ന അന്വേഷണമല്ലാതെ വേറെ ഒന്നും മിണ്ടാറുമില്ല. 

തെരുവൊന്നാകെ നോക്കിനില്‍ക്കെ പൊലീസ് വിലങ്ങുവച്ച് കൊണ്ടുപോകുമ്പോള്‍ അവള്‍ പറഞ്ഞത് അവനോര്‍ത്തു. 

''സാരമില്ല, കുറച്ച് കാലം മാത്രം അകത്ത് കിടന്നാല്‍ മതിയാകും. നീ പഠിച്ച പണികള്‍ വച്ച് നമുക്കെന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാം.''

സാധാരണ ചെയ്യാറുള്ളതുപോലെ രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം അവന്‍ നടത്തിയില്ല. അനുസരണയുള്ള നായ്ക്കുട്ടിയെപ്പോലെ ജീപ്പില്‍ കയറിയിരുന്നു.

''വിലങ്ങൊന്നും വെയ്ക്കണ്ട സാറേ, ഞാന്‍ ചാടിപ്പോവൂല'' ആത്മാര്‍ത്ഥതയോടെയാണ് പറഞ്ഞതെങ്കിലും പോലീസുകാര്‍ക്ക് തീരെ വിശ്വാസം വന്നില്ല.

ജയിലില്‍ വന്ന ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ പല തിരുടര്‍കളും സമീപിച്ചുവെങ്കിലും ജീവിതം വെറുത്തവനെപ്പോലെയുള്ള അവന്റെ മുഖഭാവം കണ്ട് അവര്‍ പിന്‍വലിഞ്ഞു. 

''പുറത്തിറങ്ങാന്‍ ഒരു മാസമേയുള്ളു. ജയില്‍ ചാടാന്‍ വല്ല ഉദ്ദേശവും ഉണ്ടോ?'' ജയില്‍ കമ്പികളിലൂടെ കണ്ണോടിക്കുന്ന അവനോട് അവള്‍ ചോദിച്ചു.

അവന്‍ അവളെ ഒരു ഭാവഭേദവുമില്ലാതെ നോക്കി.

''ഓരോന്ന് മോട്ടിച്ച് വീട്ടില്‍ കൊണ്ടുവരുമ്പഴും ഞാന്‍ നിനക്ക് ഒരുപാട് വാണിങ് തന്നതാ. വേറൊരു വഴിയും ഇല്ലാന്ന് കണ്ടപ്പഴാണ് ഞാന്‍ അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ ഇതിലും വലിയ എന്തിലെങ്കിലും പോയി നീ ചാടുമായിരുന്നു.''
അവള്‍ പറയുന്നത് ഏറെക്കുറെ ശരിയാണെങ്കിലും പല കേസുകള്‍ക്കും തെളിവില്ലാത്തത് കൊണ്ട് മാത്രമാണ് താന്‍ ഇങ്ങനെ ഇരിക്കുന്നത് എന്നവളോട് പറയണം എന്ന് തോന്നി. 

''ചപ്പാത്തി ഉണ്ടാക്കാന്‍ പഠിച്ചില്ലേ. ടൗണില്‍ നമ്മള്‍ക്ക് ഒരു ടിഫിന്‍ സ്റ്റാള്‍ തുടങ്ങാം. എന്റെ അപ്പാവും അമ്മാവും പോലെ നമുക്കൊരുമിച്ച് സമച്ച് പൈസ ഉണ്ടാക്കാം.''

നീ പറയുമ്പോലെ എന്നു പറയാതെ പറഞ്ഞുകൊണ്ടവന്‍ തലയാട്ടി.

''ജയില്‍ ചപ്പാത്തി സമയ്ക്ക തെരിയുമാ?''

''പരത്താന്‍ അറിയില്ല. പരത്താന്‍ ഇവിടെ മെഷീന്‍ ഉണ്ട്.''

''അത് ഞാന്‍ പരത്തിക്കോളം'' അല്പനേരത്തെ മൗനത്തിന് ശേഷം അവള്‍ തുടര്‍ന്നു. 

''എന്നാലും ഒരുപാട് പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കി ഒരു ഐഡിയ കിട്ടിയില്ലേ. അത് മതി.''

അവള്‍ ആര്‍ക്കൊക്കെയോ വിളിച്ച് ടെന്‍ഡര്‍ കൊടുക്കുന്നത് അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.

''കോര്‍പറേഷനില്‍ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്. നിങ്ങള്‍ അടുത്ത മാസം ഇറങ്ങിയ ഉടന്‍ തുടങ്ങാം. നാളേയ്ക്ക് ന്യൂയര്‍ താനേ, ഹാപ്പി ന്യൂയര്‍.''

അവള്‍ അവന്റെ കൈകളില്‍ കുറച്ച് നിമിഷം തലോടിയ ശേഷം അവനെ തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നകന്നു. 

ഇസക്കിയണ്ണന്റെ കൂടെ ആക്രി പെറുക്കാന്‍ എന്തിന് ആ കോളനിയിലേയ്ക്ക് പോയി എന്നവന് തോന്നി. എങ്കിലും ഇതുവരെയില്ലാത്ത ഒരു സ്‌നേഹം, മാംസനിബദ്ധമല്ലാത്ത ഒരു അനുരാഗം അവന്റെ കണ്ണുകളില്‍ തിളങ്ങിക്കൊണ്ടിരുന്നു. 

2010 ജനുവരി 31 - കണ്ണൂര്‍ കോട്ട

വൈകുന്നേരങ്ങളില്‍ കണ്ണൂരിന്റെ കടല്‍ തിളങ്ങാറുണ്ടെന്ന് വിനീതിനു തോന്നി. കണ്ണൂരിന് മാത്രമായി ഒരു കടലുണ്ടോ എന്നും. കടലിന് മാത്രം അതിരില്ലല്ലോ. 

കണ്ണൂര്‍ കോട്ടയില്‍ ആളൊഴിഞ്ഞ് തുടങ്ങിയിരുന്നു. പണ്ട് അപര്‍ണയോടൊപ്പം കണ്ട ഏഴിമല വടക്ക് കടലിലാഴാന്‍ വെമ്പിയിരിക്കുന്നത് ഒരു നിഴല്പോലെ കണ്ടു. കഥ വന്ന വഴിയേ ഓര്‍ത്തിരുന്നപ്പോഴാണ് കഥ പോയ വഴിയേയും അവന്റെ ചിന്ത പോയത്. 

ഇതുപോലൊരു വൈകുന്നേരമാണ് ചന്തു തന്റെ ബാഗ് തട്ടിപ്പറിച്ചോടിയത്. അന്ന് ഈ കടല്‍ തീരത്താണ് കരഞ്ഞിരുന്നത്. ഏതാണ്ട് മുഴുവനായെങ്കിലും എഴുതി പൂരിപ്പിക്കാന്‍ പലതും ബാക്കിയുണ്ടായിരുന്ന ആ കഥ മാത്രമാണ് അതിലുണ്ടായിരുന്നത്. പിന്നെ ഒരു കുപ്പി വെള്ളവും. അല്ലാതെ അവനു വേണ്ടപ്പെട്ട ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല. അത് അവനോട് താന്‍ പറഞ്ഞതുമാണ്. പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച പ്രസാധകരുടെ മുന്‍പില്‍ വികാരഭരിതനായ ശേഷം കഥ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കുമെന്നുറച്ച് ചായ കുടിക്കുന്നതിനിടയിലായിരുന്നു ആ സംഭവം.

പഴയ ബസ്റ്റാന്റില്‍ ഒരു മൂലയ്ക്ക് ചായ കുടിക്കാന്‍ നിന്ന തന്നേയും ഗ്ലാസിനേയും തട്ടിത്തെറിപ്പിച്ച് ഒരു കൊടുങ്കാറ്റ് പോലെ അവന്‍ പോയി, കൂട്ടത്തില്‍ ബാഗും. ലാപ്ടോപ്പ് പോലുള്ള വസ്തുക്കള്‍ ഒന്നും തന്നെ അതിനകത്ത് ഉണ്ടാവില്ലെന്ന് അതിന്റെ ഭാരം കണ്ടാല്‍ അറിയുമായിരുന്നില്ലേ. ഇതുപോലൊരു മണ്ടന്‍ കള്ളന്‍. ഒരു മനുഷ്യന്റെ വലിയ ഒരു സ്വപ്‌നമാണ് നശിപ്പിച്ചതെന്ന് അവനറിയുമോ? കള്ളന്മാര്‍ക്ക് അല്ലെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടാവില്ലല്ലോ. 

കറുത്ത പാന്റ്സും ചാരക്കളര്‍ ചെക്ക് ഷര്‍ട്ടുമണിഞ്ഞ് വെട്ടിയൊതുക്കാത്ത താടിരോമങ്ങളും അലക്ഷ്യമായി ഒതുക്കിയ തലമുടിയുമുള്ള ആ രൂപം മനസ്സില്‍നിന്നു പോയതേയില്ല. ഓട്ടത്തിനിടയിലും അവനെ വിനീത് വ്യക്തമായി കണ്ടു. സ്‌നേഹത്തോടെയുള്ള ഒരു ചിരിയും പാസ്സാക്കിയാണ് അവന്‍ രംഗം വിട്ടത്. അവന്‍ ഒരു സൈക്കോപാത്ത് ആയിരിക്കും. ക്രൂരന്‍!
ഇത്രയൊക്കെ വിനീത് അവനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും ഡയറിയടക്കമുള്ള ബാഗ് ഒരു മാസത്തിനു ശേഷം തിരിച്ച് വീട്ടുമുറ്റത്തെത്തി. അതില്‍ വിലപ്പെട്ട ഒരു അറിവുമുണ്ടായിരുന്നു. വായനക്കാര്‍ക്ക് ഒരുപക്ഷേ, നിസ്സാരമായി തോന്നിയേക്കാമെങ്കിലും കഥയുടെ പൂര്‍ണ്ണതയ്ക്ക് അതാവശ്യമായിരുന്നു. ഡയറിയില്‍ വിലാസമടക്കമുള്ള വിവരങ്ങള്‍ കുറിച്ചിട്ടത് ഉപകാരമായി. അപര്‍ണയൊഴികെ ഒരാള് പോലും നല്ലത് പറയാതിരുന്ന കഥയാണെങ്കിലും തനിക്കത് പ്രിയപ്പെട്ടതാണല്ലോ. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

കനിമൊഴി

ഇസക്കിയവേല്‍ അണ്ണന്റെ ആക്രിക്കച്ചവടത്തില്‍ ഒരു സഹായിയായാണ് ചന്തു തെക്കന്നൂരിലെത്തിയത്. കണ്ണൂര്‍ നഗരത്തിന് അല്പം തെക്കായി തമിഴ് ജനം തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമമാണത്. അടുത്തടുത്ത വീടുകളും കോലമെഴുതിയ റോഡുകളുമൊക്കെ കണ്ടാല്‍ ഒരു കൊങ്ങുനാടന്‍ ഒരു ഗ്രാമംപോലെ തോന്നും. കൂടുതലും പൊള്ളാച്ചിക്കാരാണ്. അല്പകാലം കൊണ്ട് തന്നെ കോലത്തുനാടിനുള്ളില്‍ ഒരു കൊങ്ങുനാട് അവര്‍ വാര്‍ത്തെടുത്തിരിക്കുന്നു. പഴനി പെരുമാളും മയിലുകളും തന്നെയെങ്ങും. ഗ്രാമത്തിന് ഒത്ത നടുവില്‍ ഒരു മുരുകന്‍ കോവില്‍. കിഴക്ക് മാവിലായി കുന്നുകളില്‍നിന്ന് മുരുകനെ കാണാന്‍ സ്ഥിരമായി മയിലുകള്‍ വന്നെത്തുന്നു. അതിരിട്ടൊഴുകുന്ന കാനാമ്പുഴ മറ്റൊരു അഴിയാറായി മാറി. തെയ്യവും തിറയുമുള്ള മലയാള ഗ്രാമങ്ങളും അതിരുനിപ്പുറം കാവടിയും തിരുവിഴയും. പഴയ തലമുറ ഇപ്പോഴും തമിഴിനെ വിടാതെ പിടിച്ചിരിക്കുന്നുവെങ്കിലും പുതുതലമുറ തമിഴും മലയാളവും ഒരുപോലെ പറയും. 

മോഷണങ്ങളില്‍ എന്നും ഒരു കൈസഹായമായിരുന്ന കുഞ്ഞപ്പനാണ് ചന്തുവിനോട് ഈ ജോബ് ഓഫറിനെക്കുറിച്ച് പറഞ്ഞത്. പിടിച്ചുപറിയും പോക്കറ്റടിയും കൊണ്ട് ഇനി പിടിച്ച് നില്‍ക്കാനാവില്ലെന്ന് ചന്തുവിനും മനസ്സിലായിത്തുടങ്ങിയിരുന്നു.

എന്തെങ്കിലും മാന്യമായ ഒരു തൊഴില്‍ ചെയ്ത് ജീവിക്കാം എന്ന് അവനു തോന്നിയെങ്കിലും കണ്ണെത്തുന്നിടത്ത് കയ്യുമെത്തിക്കൊണ്ടിരുന്നു. ആരുമറിയാതെയുള്ള ചെറുമോഷണങ്ങള്‍ അവന്‍ തുടര്‍ന്നു. കടയില്‍നിന്നു സാധനം വാങ്ങുമ്പോള്‍, ആക്രി പെറുക്കുമ്പോള്‍ ഒക്കെ വിലപിടിപ്പുള്ള ചില വസ്തുക്കള്‍ അവന്റെ പോക്കറ്റിലേയ്ക്കും പോയി. ആളുകള്‍ ശ്രദ്ധിക്കാത്ത സാധനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് അവന്‍ എടുക്കാറുള്ളത്. ആര്‍ക്കും ഒരു സംശയവും തോന്നാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

''അല്ല, നീ ഇനി ഇതിനാണോ ഈ ജോലി ചെയ്യാം എന്ന് സമ്മതിച്ചത്?''

''അങ്ങനയൊന്നൂല്ല, പക്ഷേ, ഇസക്കി തരുന്ന അയ്യായിരം ഉറുപ്പ്യേടെ പണി അല്ലല്ലോ നമ്മള്‍ എടുക്കുന്നത്'' -എന്നത്തേയും പോലെ അവന്‍ പ്രസന്നമായി ചിരിച്ചു.

ശരിയാണെന്ന ഭാവത്തില്‍ കുഞ്ഞപ്പന്‍ അവനോടൊത്ത് തലയാട്ടി.

''നിന്റെ ഈ ചിരി ഉണ്ടല്ലോ, അത് ഭയങ്കര ഡേഞ്ചറാണ്. നിനക്കല്ല, ബാക്കിയുള്ളോര്‍ക്ക്.''

അവന്‍ കുഞ്ഞപ്പന്റെ തോളില്‍ കയ്യിട്ട് മുറുകെപ്പിടിച്ചു. 

ഒരു വൈകുന്നേരത്തെ ആക്രി പെറുക്കലിനു ശേഷം തെരുവിലെ ഒരു ചായക്കടയ്ക്ക് മുന്നില്‍ കടുപ്പത്തിലുള്ള ഒരു ചായയും മുളകുബജിയും കഴിച്ചിരുന്നപ്പോഴാണ് മാനം പെട്ടെന്ന് കറുക്കാന്‍ തുടങ്ങിയത്. ഇടിമിന്നല്‍ പൊട്ടി തുലാമഴ ചിന്നിച്ചിതറിയപ്പോള്‍ റോട്ടിലും വക്കത്തും നിന്ന ആളുകള്‍ പരക്കം പാഞ്ഞു. ഭാവമാറ്റമില്ലാതെ മാനത്ത് മഴ പൊട്ടുന്നത് നോക്കിനില്‍ക്കുന്ന ചുവപ്പ് മഞ്ഞ സാരിയണിഞ്ഞ കനിമൊഴിയെ ആള്‍ക്കൂട്ടത്തിനിടയില്‍ അവന്‍ കണ്ടു. അവിടെ എത്തിയ നാള്‍ മുതല്‍ അവളെ കാണാറുണ്ടെങ്കിലും അന്നെന്തോ പ്രത്യേകത തോന്നി. 

അവനെ ഒന്നു തിരിഞ്ഞുനോക്കി പതുക്കെയവള്‍ നടന്നപ്പോള്‍ കറുത്തിരുണ്ട് അലക്ഷ്യമായി ഇട്ടിരുന്ന തലമുടി കാറ്റത്ത് ഇളകിമറിഞ്ഞു. 

''മാനത്തൊരു മയിലാട്ടം, പീലിത്തിരുമുടിയാട്ടം ഇളകുന്നു നിറയുന്നു ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നു'' തൊട്ടടുത്ത മുറിക്കകത്ത് നിന്നും കാവാലം തത്തിക്കളിക്കുന്നുണ്ടായിരുന്നു. ഇരുണ്ട മാനത്തിനു കീഴെ മഴ വരുമ്പോള്‍ ഇളകിയാടുന്ന മയിലിനെപ്പോലെയവളെ കണ്ടുകൊണ്ട് അവന്‍ മനസ്സില്‍ സങ്കല്പിച്ചതാണോ ആ പാട്ട് എന്നുമറിയില്ല. തമിഴൊഴുകുന്ന തെരുവില്‍നിന്ന് അങ്ങനെയൊരു പാട്ട് വരാന്‍ സാധ്യതയുമില്ല. പാട്ടിനൊത്ത് അവന്‍ അവളുടെ അരികിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തന്നിലേയ്ക്ക് നടന്നടുക്കുന്ന ചന്തുവിനോട് അവള്‍ എതിര് പറഞ്ഞതുമില്ല. മുഖത്തോട് മുഖം നല്‍കി അല്പദൂരം അവര്‍ ഒരുമിച്ച് നടന്നു.

''നിനക്ക് പ്രേമം ആണോ? നിനക്കോ'' കുഞ്ഞപ്പനു സംശയം തോന്നി. 

''പ്രേമം അല്ല, സ്‌നേഹവും അല്ല, ഒരു ആകര്‍ഷണം'' -ചന്തു നിസ്സാരമായി പറഞ്ഞുനിര്‍ത്തി.

രാവിലെയും വൈകുന്നേരവും തെക്കന്നൂരിലെ പരദേശികളുടെ വയറ് നിറയ്ക്കുന്നത് കനിമൊഴിയും അച്ഛനമ്മമാരുമാണ്. പണ്ടൊരു നാള്‍ മധുരയ്ക്കടുത്ത് ഒരു വിഗ്രഹ മോഷണത്തിനു പോയപ്പോഴാണ് ഇതിനുമുന്‍പ് ചന്തു ഇത്രയും രുചികരമായ ഇഡ്ഡലിയും ചട്ണിയും കഴിച്ചത്. 

''നീങ്കള്‍ മധുരൈക്കാരാ?'' കഴിച്ചുതീര്‍ത്ത് കൈ കഴുകുന്നതിനിടയില്‍ ചന്തു ചോദിച്ചു.

''അല്ല, നമ്മ ഇന്ത ഊരുക്കാരങ്ക'' ചന്തുവിന്റെ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ കനിമൊഴിയുടെ അമ്മ പറഞ്ഞു.

ഒന്ന് ചമ്മിയെങ്കിലും ചന്തു എന്നത്തേയും പോലെ പ്രസന്നമായി ചിരിച്ചു. പോകെ പോകെ ചന്തുവിന്റെ ചിരി അവരുടേത് കൂടിയായി. പുത്രസമാനമായ സ്‌നേഹത്തോടെ അവര്‍ ചന്തുവിന് തേങ്ങാചട്ണിയും സാമ്പാറും വിളമ്പിത്തുടങ്ങി. പൊള്ളാച്ചിയില്‍നിന്നും പല നാടുകളിലായി പല ജോലികള്‍ ചെയ്ത് തെക്കന്നൂരില്‍ എത്തിയവരാണവര്‍. മകള്‍ക്കു വലിയ വിദ്യാഭ്യാസം നല്‍കാനായില്ലെങ്കിലും സ്വന്തമായ തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി നല്‍കിയിരുന്നു. 

കുഞ്ഞപ്പന്‍ ചന്തുവിനെ ഒന്നിരുത്തി നോക്കി. 

''എല്ലാ കാലവും എല്ലാരേയും ഇങ്ങനെ ചിരിച്ച് വീഴ്ത്താന്‍ പറ്റില്ല ചന്തൂ, ഇന്നത്തെ കാലത്ത് ഒന്നുമന്വേഷിക്കാതെ പെണ്ണ് തരുന്നവര്‍ ഈ പാവങ്ങള്‍ മാത്രമായിരിക്കും. അവരെക്കൂടി പറ്റിക്കാതെ മാന്യമായി ജീവിക്കാന്‍ പഠിക്ക്.'' 

തെക്കന്നൂരിന് കിഴക്ക് മാവിലായിക്കുന്നുകളില്‍ വൃശ്ചികക്കുളിരിറിങ്ങിയപ്പോഴേയ്ക്കും മുരുകന്‍ കോവിലില്‍ വെച്ച് ചന്തുവും കനിമൊഴിയും വിവാഹിതരായി. കനിമൊഴിയുടെ അച്ഛനമ്മമാര്‍ അവരെ വീടിന്റെ മുകളിലത്തെ നിലയില്‍ താമസിപ്പിച്ചു. 
വിവാഹത്തിനു ശേഷം കുറച്ച് നാള്‍ ആക്രി മാത്രം പെറുക്കിയ ചന്തു പതിയെ പഴയ പരിപാടിയിലേയ്ക്ക് തിരിയാന്‍ തുടങ്ങി. ഓരോ ദിവസവും വീട്ടില്‍ കുമിഞ്ഞ് കൂടുകയും രണ്ട് ദിവസത്തിലൊരിക്കല്‍ കണ്ണൂര്‍ നഗരത്തിലേക്കിറങ്ങുന്ന ചന്തുവിനൊപ്പം അപ്രത്യക്ഷമാകുകയും ചെയ്യുന്ന വസ്തുക്കളെക്കുറിച്ച് ആദ്യമൊന്നും അവള്‍ക്ക് സംശയം തോന്നിയില്ല. വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങളും മറ്റും ധാരാളമായി കാണാന്‍ തുടങ്ങിയതോടെ അവള്‍ അവനിലൊരു കള്ളനെ കണ്ടുതുടങ്ങി. വില്‍ക്കാനേല്പിച്ചതാണ് എന്നൊക്കെ പറഞ്ഞ് അവന്‍ തടിതപ്പിയെങ്കിലും ഒരു ദിവസം തിരിച്ചുവന്ന അവന്റെ ബാഗില്‍ ഒന്ന് രണ്ട് പഴ്സുകള്‍ അവള്‍ കണ്ടു. 

വനിതാ പൊലീസല്ലാത്ത ഒരു പെണ്ണിന്റെ കയ്യില്‍നിന്നും ആദ്യമായി കിട്ടിയ അടിയില്‍ അവന്‍ കറങ്ങിവീണു. പുകമണമുള്ള അടുക്കളയില്‍നിന്നു തിടുക്കത്തില്‍ ഒരു ചായയിട്ട് അവള്‍ അവനു കൊടുത്തു.

''ഇനി മേലാല്‍ ഈ പണി ചെയ്യരുത്'' -അവള്‍ അവനെ ചൂണ്ടുവിരലില്‍ നിര്‍ത്തി. ചുണ്ടുകള്‍ വളച്ച് കൊണ്ടുള്ള തന്റെ സ്ഥിരം ചിരി ചിരിക്കാന്‍ ഇത്തവണ അവനു സാധിച്ചില്ല. 

ഏറെക്കാലം മൗനം തുടരാന്‍ അവനു കഴിഞ്ഞില്ല. വേലിയിറങ്ങിപ്പോയി അതിലും ശക്തമായി തിരികെ വരുന്ന പയ്യാമ്പലത്തെ ഏറ്റം വെള്ളത്തെപ്പോലെ അവനിലെ തസ്‌കരന്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്റിലേയ്ക്ക് ഇരച്ചെത്തി. വിനീതിന്റെ ബാഗും തട്ടിപ്പറിച്ചോടിയ ഓട്ടം നിന്നത് തെക്കന്നൂരിലാണ്. ചെയ്ത സാഹസികതയ്ക്ക് ഉതകുന്നതൊന്നും അതില്‍നിന്നു കിട്ടിയില്ലെന്ന നിരാശയോടെ ബാഗ് വലിച്ചെറിഞ്ഞത് കനിമൊഴിയുടെ മുന്‍പിലേക്കും. 

2010 ജനുവരി 31 - കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്‌സ്

''നിങ്ങളുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തിനു ശേഷവും അവന്‍ ചില്ലറ പരിപാടികള്‍ വീണ്ടും നടത്തിയിരുന്നു. പൊലീസിനെക്കൊണ്ട് ഒന്ന് വാണ്‍ ചെയ്യിപ്പിച്ചാല്‍ ഇവന്‍ നന്നാവും എന്നു വിചാരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്തത്. പക്ഷേ, ഇന്നലെ കുരുത്ത കള്ളനായിരുന്നില്ലല്ലോ, എന്റെ കൈവിട്ട് പോയി.'' 

അന്ന് ജയിലിനു പുറത്ത് വെച്ച് പൊട്ടിക്കരഞ്ഞ കനിമൊഴിയെ ചന്തു കണ്ട് കാണില്ല. ആ കനിമൊഴിയെ ഇന്ന് ചിരിച്ചു കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം വിനീതിനു തോന്നി.

വയറും മനസ്സും നിറഞ്ഞ് കൈ കഴുകി പുറത്തേയ്ക്ക് വന്നപ്പോള്‍ കൂടെ വന്ന ചന്തുവിനോട് വിനീത് ചോദിച്ചു.

''ഇനിയെന്തെങ്കിലും പ്ലാനുണ്ടോ?'' അതൊരു ക്രൂരമായ തമാശയായിപ്പോയോ എന്നു പറഞ്ഞ് നിര്‍ത്തുന്നതിനു മുന്‍പ് തന്നെ അവനു തോന്നി. 

''നിങ്ങളൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനിനി കക്കാന്‍ ഒന്നും പോകുന്നില്ല. പക്ഷേ, ഒരു കാര്യം പറഞ്ഞോട്ടെ, നിങ്ങടെ ഡയറി തിരിച്ചുതന്നത് അവള്‍ നിര്‍ബ്ബന്ധിച്ചത് കൊണ്ടോ ഞാന്‍ നന്മയുള്ള കള്ളന്‍ ആയത്‌കൊണ്ടോ ഒന്നുവല്ല, എനിക്ക് സഹതാപം തോന്നീട്ടുവല്ല.''

''പിന്നെ?'' വിനീത് ചന്തുവിന്റെ മുഖത്ത് ഒരു വിജയീഭാവം കണ്ടു.

''ഒന്നാമത് എനിക്കതിനെക്കൊണ്ട് ഒരു പ്രയോജനവുമില്ല, ഒരാവേശത്തില്‍ എടുത്തോടിയതാണ്. രണ്ടാമത്, കനിമൊഴിക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടു. അവള്‍ക്കെന്തോ അതില്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് പറഞ്ഞു.'' 

ചന്തുവിന്റെ കൈകളില്‍ മുറുകെപ്പിടിച്ച ശേഷം വിനീത് തിരിഞ്ഞുനടന്നു. സ്റ്റേഡിയം കോംപ്ലക്‌സിനു മുന്‍പില്‍ ഒരു തട്ടുകട സെറ്റപ്പ് ആണ് അവരുടെ ടിഫിന്‍ സെന്ററെങ്കിലും ധാരാളം ആളുകള്‍ വരുന്നുണ്ടായിരുന്നു. അപ്പം മിക്‌സും പുട്ടും കടലയും കൂട്ടി മടുത്തവര്‍ക്ക് നല്ല കൊങ്ങുനാടന്‍ ഇഡ്ഡലിയും തേങ്ങാചട്ണിയും കഴിക്കാനൊരിടം. കനിമൊഴിക്കും ചന്തുവിനും സഹായിയായി കുഞ്ഞപ്പനുമുണ്ട്. കനിമൊഴിയുടെ അച്ഛനമ്മമാര്‍ വളരെ സന്തുഷ്ടരാണെന്ന് അവനു തോന്നി. തെക്കന്നൂരിലും സ്റ്റേഡിയം കോംപ്ലക്‌സിലും പൊള്ളാച്ചി ഇഡലീസിനു രണ്ട് ബ്രാഞ്ചായി.

ചന്തു പറഞ്ഞത് ശരിയാണ്, ഒരു ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. ആരാണ് ആദിമൊഴി എന്ന്. അഴിശിയുടെ കാമുകിയായ ആദിമൊഴി ആദിമൊഴിയായ തമിഴ് തന്നെയാണെന്നെഴുതി വച്ചത് കനിമൊഴിയാണ്. 

എങ്ങനെയൊക്കെയാണ് ഒരു കഥ ജനിക്കുന്നത്. താന്‍ കണ്ട ഒരു നിശാസ്വപ്‌നത്തിലെ നായകനെ അഴിശിയാക്കി. ആദിമൊഴിയെ തമിഴും. പലരിലൂടെയും പടര്‍ന്ന് തളിര്‍ത്ത കഥ. അപര്‍ണ പറഞ്ഞ കഥ, കനിമൊഴി പറഞ്ഞ കഥ. കഥാകാരന് സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലെന്ന് അവനു മനസ്സിലായി. 

മഞ്ഞപ്പൂമ്പാറ്റയെപ്പോലെ സ്റ്റേഡിയം കോംപ്ലക്‌സിന്റെ മറുദിശയില്‍ അവനെ കാത്ത് അവള്‍ ചിറകടിപ്പുണ്ടായിരുന്നു. അവര്‍ തമ്മില്‍ ഇരുകരകളും തൊടുന്ന പ്രണയക്കടലില്ല. അവന്‍ അഴിശിയും അവള്‍ ആദിമൊഴിയും ആയിരുന്നില്ല. ആളുകള്‍ക്കിഷ്ടമായാലും ഇല്ലെങ്കിലും മറ്റൊരു കഥ കൂടി എഴുതണം എന്ന് അപ്പോള്‍ അവനു തോന്നി.

ഈ കഥ കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com