'നരിയുടെ സ്വാധീനം സാഹിത്യത്തിലും സമൂഹത്തിലും'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

ഈയിടെ മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാര്‍ എഴുതപ്പെടുന്ന ഒട്ടുമിക്ക കഥകളുടേയും പ്രധാന വിഷയം ഏതെങ്കിലും തരത്തില്‍ ഉള്ള നായാട്ടും അതിന്റെ മൃഗീയതകള്‍ കുത്തി നിറച്ചതുമാണ്
'നരിയുടെ സ്വാധീനം സാഹിത്യത്തിലും സമൂഹത്തിലും'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

'അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം
പ്രയാതി സമദ്ഭാവം യാതി നാസ്തത്ര സംശയഃ'' 

-ഭഗവത്ഗീത 

''മരണസമയത്ത് എന്നെത്തന്നെ സ്മരിച്ചുകൊണ്ടു ഭൂമിയില്‍നിന്നും എന്നേക്കുമായി വിട്ടുപോകുന്നവനും അവന്റെ ബന്ധുജനങ്ങളും ഒടുവില്‍ എന്നെത്തന്നെ പ്രാപിക്കുമെന്നതില്‍ എനിക്ക് സംശയമില്ല.''

-സ്വാമി നരിക്കോടന്‍ 

ഈയിടെ മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാര്‍ എഴുതപ്പെടുന്ന ഒട്ടുമിക്ക കഥകളുടേയും പ്രധാന വിഷയം ഏതെങ്കിലും തരത്തില്‍ ഉള്ള നായാട്ടും അതിന്റെ മൃഗീയതകള്‍ കുത്തി നിറച്ചതുമാണ്.

ഭരണാധിപന്മാരും നാടുവാഴികളും വളരെ വിപുലമായ തോതിലുള്ള നായാട്ടും മൃഗവേട്ടയും നടത്തിയ ഒരു പ്രദേശമാണ് കേരളം എന്ന് ചില ചരിത്രകാരന്മാര്‍ അവരുടെ ചരിത്രഗ്രന്ഥങ്ങളില്‍ തെളിവുകളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ അവരുടെ പിന്‍തലമുറ എപ്പോള്‍ വേണമെങ്കിലും ആ നായാട്ട് തുടരുകയും ചെയ്യും.
അതുകൊണ്ട് കൂടിയാകും നായാട്ടിനേയും മൃഗവേട്ടകളേയും സംബന്ധിച്ച് അനേകം കഥകളും പഠനങ്ങളും ലേഖനങ്ങളും മലയാളത്തില്‍ ഈ കാലത്തും ഉണ്ടാകുന്നത്.

വളരെ വര്‍ഷങ്ങള്‍ക്കു മുന്നേ ചാലത്തൂര്‍ എന്ന സ്ഥലത്തു പ്രാദേശിക പത്രപ്രവര്‍ത്തകനായി ഞാന്‍ കുറച്ചുകാലം ജോലി നോക്കിയിരുന്നു. 

കര്‍ണാടക വനാതിര്‍ത്തിയിലുള്ള കിഴക്കന്‍ മലയോര ഗ്രാമമാണ് ചാലത്തൂര്‍.

കുന്നുകളും മരങ്ങളും കാടുകളും ഇരുണ്ട്മൂടിയ ആകാശവും കൂടിച്ചേര്‍ന്ന് മുള്ളന്‍പന്നിയുടെ മുള്ളായി ഏതു നേരവും മഴ പെയ്യാനായി ഓങ്ങിനില്‍ക്കുന്ന ഒരു പ്രദേശം.

ഏതെങ്കിലും തരത്തിലുള്ള ഒരു വന്യമൃഗത്തിന്റെ ആക്രമണം പ്രതീക്ഷിച്ചാണ് നാട്ടുകാരില്‍ മിക്കവരുടേയും നടപ്പും ഭാവവും...

അവരില്‍ പലരും ഭയന്ന് ഓടിമറയാന്‍ എവിടുന്നെങ്കിലും കേള്‍ക്കുന്ന നായയുടെ കുര തന്നെ ധാരാളമാണ്.
അന്ന് അവിടെനിന്നും പരിചയപ്പെട്ട ഷുക്കൂര്‍ എന്ന മീന്‍ വില്‍പനക്കാരന്‍ 
ആ നാട്ടുകാരുടെ കൂട്ടത്തിലെ ഏറ്റവും വിചിത്രനായ കക്ഷിയായിരുന്നു.

ഏതെങ്കിലും നേരത്ത് ആകാശം കുറച്ചധികം ഇരുണ്ടു കാണുന്നതോടെ അയാള്‍ അതുവരെയും തുടര്‍ന്ന ജോലി മതിയാക്കി ഒറ്റ നടത്തം നടക്കും.

ആദ്യകാലങ്ങളില്‍ ആ നാട്ടിലുള്ള സകല പണിയും ഷുക്കൂര്‍ ഏറ്റെടുത്തിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. കിണറു കുഴിയും കുരുമുളക് പറിക്കലും തേങ്ങ പറിയും പെറുക്കിക്കൂട്ടലും എല്ലാം...

എന്നാല്‍, മഴമേഘം കാണുന്നതോടെ പണി പാതിയില്‍ നിര്‍ത്തി മിണ്ടാതെ നടക്കുന്നതിനാല്‍ നാട്ടുകാര്‍ ആരും പിന്നെ ഒരു പണിയും വിശ്വസിച്ചു ഏല്പിക്കാതെയായി. പകരം അവരൊക്കെ ചേര്‍ന്ന് ഷുക്കൂറിന്റെ ഈ സ്വഭാവം കാരണം മഴപൊട്ടന്‍ ഷുക്കൂര്‍ എന്ന പേര് അങ്ങ് വിളിച്ചു.

ഷുക്കൂറിനെ കാണുമ്പോഴൊക്കെ അവര്‍ പരസ്പരം കളിയാക്കി. 

ഇന്ന് മഴ പെയ്യുമോ... മഴപൊട്ടന്‍ നിന്ന നില്‍പ്പില്‍ ഓടുന്നുണ്ടെങ്കില്‍ ഉറപ്പായും മഴ പെയ്യും!

നേരത്തെ ഒന്ന് രണ്ട് തവണ കണ്ടിട്ടും പറഞ്ഞുകേട്ടിട്ടും ആളെ അറിയാമെങ്കിലും പരിചയപ്പെടുമ്പോള്‍ ഷുക്കൂര്‍ മീന്‍ വില്‍പനയിലായിരുന്നു.

സ്വന്തമായി വലിയ വ്യാപാരിയൊക്കെ ആയല്ലോ...?

ചില നേരങ്ങളില്‍ അധികം വര്‍ത്തമാനം പറയാത്ത ആള്‍ അന്നു നല്ല തെളിഞ്ഞ ആകാശം ആയി.

ഇതാകുമ്പോള്‍ ആര്‍ക്കും ഞാനൊരു ശല്യം ആകുന്നില്ല. എനിക്കു തോന്നുമ്പോള്‍ തുടങ്ങാം മനസ്സില്‍ എന്തെങ്കിലും തോന്നുന്നതിനു മുന്നേ അവസാനിപ്പിക്കുന്നതിലും മറ്റു നിയമതടസ്സങ്ങള്‍ ഇല്ല...

നിങ്ങള്‍ക്ക് ഈ മഴക്കാറ് കാണുമ്പോള്‍ എന്താണ് പ്രശ്‌നം? എന്നിലെ ലോക്കല്‍ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു.
ആകാശത്തില്‍ കാറ് നിറയുമ്പോള്‍ എന്റെ മനസ്സും ഇരുണ്ട്‌പോകും.

മറന്നുപോകേണ്ടുന്ന ഓര്‍മ്മകള്‍ മാത്രം അപ്പോള്‍ മനസ്സില്‍ കയറും. 

മൂടിക്കെട്ടിയ മേഘങ്ങള്‍ക്കിടയില്‍നിന്നും ഒരു വലിയ നരി എന്നെ പിടിക്കാന്‍ വരുന്നതുപോലെ തോന്നും...
നരി പിടിക്കാതിരിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഓടും!

ഇവിടെ കടുത്ത മഴക്കാലം തുടങ്ങുമ്പോള്‍ ഞാന്‍ മഴയില്ലാത്ത ഏതെങ്കിലും നാട്ടിലേക്കു പോകും.

അങ്ങനെ ഒരു നാടുവിടലിനുശേഷം പുതിയൊരു വേനലിലായിരുന്നു ഷുക്കൂര്‍ ചാലത്തൂരില്‍ മീന്‍ വില്‍പനക്കാരനായി തിരിച്ചെത്തിയത്.

ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു?

കന്യാകുമാരിയില്‍!

മീന്‍ എടുക്കുമ്പോഴും കൊടുക്കുമ്പോഴും ഒഴിച്ച് ബാക്കി മുഴുവന്‍ സമയവും ഷുക്കൂര്‍ പുസ്തക വായനയില്‍ മുഴുകി.

ഞാനൊന്നും ഇതുവരെയും പേര് കേട്ടിട്ടില്ലാത്ത ഏതൊക്കെയോ എഴുത്തുകാരുടെ പുസ്തകങ്ങള്‍...

ഓന്‍ ചെറുപ്പത്തിലേ ഈ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കും. ചായക്കടയിലെ ഉണ്ണിയേട്ടന്‍ പറഞ്ഞു:

കുളിക്കുമ്പോഴൊഴിച്ചു ബാക്കി എല്ലാ സമയവും പൊന്‍കുന്നം വര്‍ക്കിയുടെ ചുണ്ടില്‍ എരിയുന്ന ബീഡി ഉണ്ടാകും എന്ന് ആരോ പറഞ്ഞതുപോലെയാണത്...

ഉണ്ണിയേട്ടന്‍ ഇതും പറഞ്ഞു ഒരു പാല്‍ചായപോലെ ചിരിച്ചു.

ഒരു നല്ല മീന്‍ പ്രിയന്‍ ആണെന്ന കാരണത്താല്‍ ഷുക്കൂര്‍ ഒന്ന് രണ്ടു പ്രാവശ്യം എന്നോട് പഴയ ചില കഥകള്‍ പറയുകയും എന്നാല്‍, ഞാനൊരു പത്രപ്രവര്‍ത്തകന്‍ ആണെന്നറിഞ്ഞത് മുതല്‍ കഥകള്‍ പറഞ്ഞുള്ള ലോഹ്യം അവസാനിപ്പിക്കുകയും ചെയ്തു.

അങ്ങനെയൊരു ദിനം രാവിലെ ദൂരെ എവിടെയോ പുലി ഇറങ്ങിയ വാര്‍ത്ത പത്രത്തില്‍ വായിക്കുകയും ബസിനു പോകാന്‍ കാത്തുനില്‍ക്കുന്നവര്‍ ആശങ്കയോടെ അതു കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ആണ് കണ്ണൂരില്‍നിന്നും വന്ന ബസില്‍നിന്നും ഷുക്കൂര്‍ മീന്‍ ഇറക്കിയത്.

തൊട്ടിയില്‍നിന്നും മീനുകളെ തരംതിരിച്ചു പലകമേല്‍ നിരത്തി എന്നിട്ട് എന്നെ നോക്കി പറഞ്ഞു:

കടലില്‍ കാലാവസ്ഥ കലങ്ങിയിട്ടാണുള്ളത്.

മീന്‍ കുറവാണ്. വില കൂടുതലും...

എനിക്ക് ഇങ്ങനെയാണ് നല്ലത്. പെട്ടന്ന് പണിനിര്‍ത്തി പോകാമല്ലോ!

മീന്‍ മേടിക്കാന്‍ വന്നവരുടെ നീളം കൂടിവന്നു. 

എവിടെയാണ് നരി ഇറങ്ങിയത്?

നരി അല്ല പുലി ഞാന്‍ പറഞ്ഞു.

നരിയും പുലിയും അതൊക്കെ ഒന്നുതന്നെ.

പത്ത് ഇരുപത്തിയഞ്ചു കൊല്ലം മുന്നേ ഇവിടെയും ഒരു നരി ഇറങ്ങിയിരുന്നു. നരി ഇറങ്ങിയ നാളുകളില്‍ അനേകം ദുരൂഹ കാര്യങ്ങള്‍ ഈ നാട്ടില്‍ നടന്നു.

എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും കൂട്ടുകാരനേയും ഒരുമിച്ച് നഷ്ടപ്പെട്ടത് ആ ദിനങ്ങളിലാണ് രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയത് ഒരു നരിയായിരുന്നു!

ഷുക്കൂര്‍ ഇത്രയും പറഞ്ഞു മിണ്ടാതിരുന്നു. പിന്നെ വായിച്ച പുസ്തകം മടക്കി ആകാശത്തിലേക്ക് നോക്കി...

ആകാശം കണവയുടെ കുടല് പൊട്ടി കറുത്തു. 

ഷുക്കൂറിന്റെ മുഖത്തെ തെളിച്ചം മാഞ്ഞു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

പടിഞ്ഞാറ് ആരോ വെടിമരുന്നു കൂട്ടിയിട്ട് കത്തിച്ചിരിക്കുന്നു; അതിന്റെയൊരു വെടക്ക് മണം -ഷുക്കൂര്‍ പിറുപിറുത്തു. 
മഴ പെയ്യുമെന്ന് തോന്നിയതും പലകമേല്‍ നിരത്തിയ മത്തിക്കും നത്തലിനും ആള്‍ക്കാര്‍ വല്ലാതെ തിരക്ക് കൂട്ടി. 
ഷുക്കൂര്‍ ഒരിക്കല്‍കൂടി ആകാശവും ഭൂമിയും നോക്കി. ഷുക്കൂറിന്റെ മുഖം ഒരു നരിയുടെയത്രയും വന്യമാകുന്നതും ഇരുണ്ടുമൂടുന്നതും ഞാന്‍ കണ്ടു.

എവിടെയെങ്കിലും നരിയോ പുലിയോ ഇറങ്ങിയത് കേട്ടാലേ എനിക്കു പേടിയാണ്. അതിന്റെ മേലെ ഈ കാര്‍മേഘം കൂടി കയറിയാല്‍... ഇതൊരു നശിച്ച നാടും കാടുമാണ്!

ഇത്രയും പറഞ്ഞ് അയാള്‍ പലകമേലുള്ള മുഴുവന്‍ മീനും ഓടയിലേക്കു വലിച്ചെറിഞ്ഞു.

''പോ മീനിന്റെ മക്കളെ, നരി തിന്നുന്നതിനും മുന്നേ എടയെങ്കിലും പോയി ജീവിക്ക്.''

ചത്ത മീനുകള്‍ അപ്പോള്‍ ജീവന്‍ മുളച്ചവരെപ്പോലെ ഓടയിലെ വെള്ളത്തോടൊപ്പം ഒഴുകിപ്പോകുന്നത് ഞാന്‍ കണ്ടു.
പുലിയെയല്ല ഈ മൈരനെയാണ് ആദ്യം മയക്കുവെടി വെക്കേണ്ടത്.

ഇന്നു വൈകുന്നേരം ഇനി മീനും മാനുമൊന്നും മേടിക്കാന്‍ നേരമില്ല.

പൊലീസില്‍നിന്നും പിരിഞ്ഞ നമ്പ്യാര്‍ വീട്ടിലെ സദാശിവന്‍ ദേഷ്യംകൊണ്ട് അലറി.
മണിക്കൂര്‍ ഒന്നാണ് ഇവന്‍ വരുന്നതും കാത്തുനിന്നത്...

ഞാന്‍ കരുതിയത് ഇവന്റെ ഭ്രാന്ത് ഒക്കെ കഴിഞ്ഞു എന്നാണ്. 

പത്ത് ഇരുപത്തിയഞ്ച് കൊല്ലം മുന്നേ തീര്‍ക്കേണ്ടിയിരുന്ന ഒരു മുതല്!

സദാശിവന്‍ കയ്യില്‍ കിട്ടിയ കൊടും കുറ്റവാളി ഇറങ്ങിയോടിയതുപോലെ ദേഷ്യംകൊണ്ട് വിറച്ചു.

ഞാന്‍ ഷുക്കൂറിന്റെ ഒപ്പം വേഗത്തില്‍ നടന്നെങ്കിലും ഷുക്കൂര്‍ പിന്നാലെ പുലി വരുന്നതുപോലെ റോഡിലൂടെ ഒറ്റ ഓട്ടം.
പിന്നീട് ആ മഴക്കാലം കഴിയുന്നതുവരെയും ഞാന്‍ ഷുക്കൂറിനെ കണ്ടില്ല.

ഒന്ന് രണ്ടു പരിചയക്കാരോട് ചോദിച്ചപ്പോള്‍ ഏട പോയാലും ഇല്ലെങ്കിലും ഇനി മഴപൊട്ടന്‍ ആഗസ്റ്റിലെ നാട്ടിലേക്കിറങ്ങൂ എന്നു പറഞ്ഞ് അവര്‍ ചിരിച്ചു.

ആ മഴക്കാലം കഴിഞ്ഞതോടെ ഞാനും 
ചാലത്തൂര്‍ വിട്ടു. നഗരത്തില്‍ പുതുതായി തുടങ്ങിയ പ്രാദേശിക ചാനലില്‍ റിപ്പോര്‍ട്ടര്‍ ആയി.
ഇപ്പോള്‍ അതും ഒഴിവാക്കി എഫ്ബിയിലും യുട്യൂബിലും ചെറിയ വാര്‍ത്തകള്‍ ചെയ്തു ജീവിക്കുന്നു. 
മനുഷ്യരെ ആഹ്ലാദിപ്പിക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍, ആരും ഇതുവരെയും പറയാത്ത നിഗൂഢ കഥകള്‍; ഇതൊക്കെയാണ് എന്റെ വിഷയങ്ങള്‍.

നീണ്ട കാലത്തിനുശേഷം വീണ്ടും പുലിയേയും ഷുക്കൂറിനേയും ഓര്‍ത്തത് ഈ നഗരത്തിലും പുലി ഇറങ്ങി എന്ന വാര്‍ത്ത കണ്ടത് മുതലായിരുന്നു.

റയില്‍വേ സ്റ്റേഷന് അടുത്തുള്ള ചതുപ്പുനിലത്തിലെ കാട്ടില്‍നിന്നും പുലി നഗരത്തിലേക്കു കയറാനാണ് സാധ്യത എന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ ചാനലില്‍ പറഞ്ഞു.

അടുത്തുള്ള പുഴയിലൂടെ വന്ന പുലി ചതുപ്പിലേക്കു കയറിയിട്ടുണ്ടാകും. കുറേക്കാലം അവിടെയുള്ള ജീവികളെ തിന്നു ജീവിക്കും... അയാള്‍ വിശദീകരിച്ചു.

രാത്രിയിലെ ചാനല്‍ ചര്‍ച്ചയില്‍ നഗരത്തില്‍ ഇറങ്ങി എന്നു പറയുന്ന, എന്നാല്‍ ഇതുവരെയും ആരും കാണാത്ത പുലിയായിരുന്നു വിഷയം.

ഡോ. മോഹന്‍ തൊഴുകയ്യും പിന്നെ വേറെ മൂന്ന് പേരും...

ഇതിനു മുന്നേ എവിടെയും ഇങ്ങനെ ഒരു പേര് കേട്ടിട്ടില്ലാത്തതിനാല്‍ ഡോ. മോഹന്‍ തൊഴുകൈ ആരാണെന്ന് ഞാന്‍ ഗൂഗിളിലും മറ്റും അന്വേഷിച്ചു.

മൃഗഡോക്ടര്‍ ആണോ അതോ മയക്കുവെടി വിദഗ്ദ്ധന്‍ ആണോ; ഇതായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.
ഗൂഗിളിനുപോലും വലിയ തിരിപാട് ഉണ്ടായില്ല.

നഗരത്തിലെ പരിചയത്തിലുള്ള പഴയ പത്ര സുഹൃത്തുക്കളെ വിളിച്ചു. അവരാണ് ആളെക്കുറിച്ചുള്ള വിവരം തന്നത്.
''പുലിക്കളിയുടെ സ്വാധീനം മലയാള സാഹിത്യത്തില്‍'' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചയാളാണ്. ഇപ്പോള്‍ യൂണിവേഴ്സിറ്റിയിലെ മലയാളം ഗവേഷണ വിഭാഗം തലവന്‍.

നഗരത്തില്‍ ഏക്കറുകളോളം നീണ്ടുകിടന്നിരുന്ന ചതുപ്പ്‌നിലത്താണ് നമ്മുടെ യൂണിവേഴ്സിറ്റി പണിതത്. യൂണിവേഴ്സിറ്റിയുടെ പിന്നില്‍ ആണല്ലോ പുലിയെ ആദ്യമായി 
ആരോ കണ്ടതും..!

പിറ്റേന്നുള്ള പത്രത്തില്‍ ഡോക്ടറുടെ ലേഖനം ഉണ്ടായിരുന്നു.

ആഗോളവല്‍ക്കരണം പുലികളെ നാട്ടിലിറക്കുമ്പോള്‍ - അതായിരുന്നു ഹെഡിങ്.

പുലികളെ നാട്ടിലിറക്കാന്‍ വന്‍കിട മുതലാളിത്ത രാജ്യങ്ങളും കോര്‍പറേറ്റുകളും വലിയ തോതില്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ മറവിലൂടെ ഫാസിസത്തെ ഒളിച്ചു കടത്തുകയും നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ജനകീയ ഭരണകൂടങ്ങളേയും വിദ്യാഭ്യാസ പുരോഗതികളേയും അസ്ഥിരപ്പെടുത്തലാണ് അവരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലികളേയും ആനകളേയും ഉപയോഗിച്ച് കോര്‍പറേറ്റുകളും അവരുടെ പിണിയാളുകളായ വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്നു വന്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ലേഖനത്തിലൂടെ സമര്‍ത്ഥിച്ചു. 

''കാടിനോ പുലിക്കോ അല്ല മനുഷ്യജീവനാണ് പ്രധാനം എന്നും അനേകം പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ മനുഷ്യര്‍ ജീവിക്കാനും പഠിക്കാനും ഉള്ള അവകാശങ്ങള്‍ നേടിയതെന്നും അതൊന്നും ഒരു പുലിക്കും തകര്‍ക്കാന്‍ പറ്റില്ല''

എന്നും ലേഖനത്തില്‍ ഊന്നിയിരുന്നു. 

തൊട്ട് താഴെ 'അഞ്ചാമത്തെ വിമാനത്താവളം കേരളത്തിന്റെ സമഗ്ര പുരോഗതിക്ക്' എന്ന മറ്റൊരു ലേഖനവും വായിച്ചു.
യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാന അധ്യക്ഷ ഡോ. ദിവ്യ എസ്. പിള്ളയായിരുന്നു വളരെയധികം ഡാറ്റകള്‍ നിറഞ്ഞ ആ ലേഖനം എഴുതിയത്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലും വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധനും അടക്കം അനേകം കവിതകളും കഥകളും നിറഞ്ഞതായിരുന്നു ആ ലേഖനം. 

രണ്ടും വായിച്ചപ്പോള്‍ പുലിയെക്കുറിച്ചുള്ളത് ഒരു രാഷ്ട്രീയ ലേഖനമായും വിമാനത്താവളത്തെ സംബന്ധിച്ചുള്ളത് സാഹിത്യലേഖനമായും തോന്നി.

വരാന്‍പോകുന്ന വിമാനത്താവളത്തിനായി രണ്ടായിരത്തി ഇരുന്നൂറ്റി അന്‍പത് ഏക്കര്‍ സ്ഥലം വേണമെന്നും ഇതിനകം ആയിരത്തി അഞ്ഞൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുത്തുവെന്നും അവിടങ്ങളിലെ കുടിയിറങ്ങിയ മനുഷ്യര്‍ക്ക് ഇല്ലാത്ത വേദനയാണ് ഇനി ഏറ്റെടുക്കാനുള്ള അഞ്ഞൂറ്റി അന്‍പത് ഏക്കര്‍ കാട്ടിലെ മൃഗങ്ങളോടും ജീവനില്ലാത്ത മരങ്ങളോടും നാട്ടിലെ വികസന വിരോധികള്‍ക്കും കപട പരിസ്ഥിതിവാദികള്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും ഉള്ളതെന്ന് ദിവ്യ എസ്. പിള്ള തറപ്പിച്ചു പറഞ്ഞു.

നഗരത്തില്‍നിന്നും എണ്‍പത്തിയഞ്ചു കിലോമീറ്ററും ചാലത്തൂരില്‍നിന്നും കിഴക്കോട്ട് ഇരുപത് കിലോമീറ്ററും ചെന്നാല്‍ പുതിയ വിമാനത്താവളത്തിലെത്താം. ഞാന്‍ ചാലത്തൂരില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോളാണ് ആദ്യമായി വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടക്കുന്നത്.

ഇതിനകം ഏകദേശം അഞ്ഞൂറോളം കുടുംബങ്ങള്‍ നാടിറങ്ങി. ഇനിയും പത്ത് ഇരുന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ബാക്കിയുണ്ട്. അവശേഷിക്കുന്നവരുടെ ഭൂമി ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും ആരൊക്കെയോ കൂട്ടത്തോടെ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളും വന്നുകൊണ്ടിരുന്നു.

അവിടെനിന്നുള്ള ഭൂമി നഷ്ടപ്പെട്ട ഒരാളെ രണ്ടു ദിവസം മുന്നേ ഞാന്‍ പരിചയപ്പെടുകയും ഒരു സ്റ്റോറി തയ്യാറാക്കുകയും ചെയ്തു.

അയാള്‍ താമസിക്കാന്‍ ഒരു വാടകവീട് അന്വേഷിച്ചു അലയുന്നതിനിടയിലാണ് എന്റെ മുന്നില്‍ പെട്ടത്.

നമ്മുടെയൊന്നും ഭൂമിക്ക് വലിയ നഷ്ടപരിഹാരമൊന്നും ലഭിക്കില്ല എന്നു വന്നവര്‍ നമ്മുടെ കയ്യിലുള്ള കടലാസുകള്‍ നോക്കി ഉറപ്പിച്ചു പറഞ്ഞു.

താലൂക്ക് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അടി ആധാരം ഇല്ല, പോക്കുവരവ് കൃത്യമല്ല, വനഭൂമി കയ്യേറിയത് ഇങ്ങനെ ഓരോന്നിലും അവര്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ ഭയപ്പെടുത്തി...

നല്ല ജോലിയോ രാഷ്ട്രീയത്തില്‍ പിടിപാടോ ഇല്ലാത്തവരുടെയൊക്കെ ഭൂമി വന്നവര്‍ അവര്‍ പറയുന്ന പൈസയ്ക്ക് ഞങ്ങളില്‍നിന്നും പിടിച്ചുവാങ്ങുകയാണ് ചെയ്തത്.

എന്റെ ഒരേക്കര്‍ ഭൂമി, അതിലെ വീട് എല്ലാം കൂടി മൂന്നര ലക്ഷം രൂപയ്ക്കാണ്...

അയാളുടെ കൂടെ ഭാര്യയും മകളും ഉണ്ട്. 

ഇത്രയും പറഞ്ഞതിനുശേഷം അയാള്‍ വീണ്ടും ചോദിച്ചു: എവിടെയെങ്കിലും ഒരു ചെറിയ വീട് ഞങ്ങള്‍ക്ക് ഉണ്ടാകുമോ?
താഴെ സ്‌ക്രോള്‍ ചെയ്തുപോകുന്ന വാര്‍ത്ത ഞാന്‍ വായിച്ചു. നഗരത്തില്‍ കാട്ടുമൃഗങ്ങള്‍ ഭീതി പടര്‍ത്തുന്നു, കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍. 

വന്യമൃഗങ്ങളെ കാണുന്ന മാത്രയില്‍ വെടിവെച്ചിടാനുള്ള നിയമം സര്‍ക്കാരിന്റെ പരിഗണനയില്‍.

ചാനലുകള്‍ ഒരേസമയം മൃഗത്തിന്റേയും മനുഷ്യരുടേയും കൂടെ ഓടുന്നതായി എനിക്കു തോന്നി.

കുറച്ചു നാളുകളിലേക്കു ഞങ്ങള്‍ക്ക് ഒറ്റമുറിയുള്ള ഒരു വീട് ആയാലും മതി -അയാള്‍ വീണ്ടും പറഞ്ഞു.

കൂടെയുള്ള മൂത്ത പെണ്‍കുട്ടി ദൂരെ എവിടെയോ നോക്കുകയായിരുന്നു.

അയാള്‍ മകളെ നോക്കി പറഞ്ഞു.

ഇവള്‍ മയൂര യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്.

ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴും ആ അച്ഛനും മകളും മനസ്സില്‍നിന്നും പുറത്തിറങ്ങാതെ നിന്നു.

ഭൂമിയുടെ ഒരു ഭാഗം മുഴുവന്‍ ഇപ്പോള്‍ വീടും നാടും തേടി അലയുന്നവര്‍ ആണെന്ന് എനിക്കു തോന്നി.

അധികാരവും അതുണ്ടാക്കുന്ന നിയമങ്ങളും ഈ നാട്ടിലെ സാധാരണ ജനങ്ങളുടെമേല്‍ ഏതു നിമിഷവും ചാടിവീഴാനായി പതുങ്ങിയിരിക്കുന്ന ക്രൂര മൃഗമാണെന്നും.

എന്റെ മനസ്സില്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുവാനായി നാട്ടിലെവിടെയും വീടൊന്നും തെളിഞ്ഞില്ല. ഉണ്ടായിരുന്ന ഒഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും നേരത്തെ തന്നെ പല നാടുകളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ എത്തിയിരുന്നു.

തിരിച്ചു നടക്കുന്നതിനിടയില്‍ ഞാന്‍ ആ കുട്ടിയോട് ചോദിച്ചു:

''മോളെന്താണ് പഠിക്കുന്നത്?''

''ഗവേഷണം'' അവള്‍ ചെറിയ ശബ്ദത്തില്‍ പറഞ്ഞു.

''എന്താണ് വിഷയം?''

''മനുഷ്യത്വം ഈസോപ്പ്, പഞ്ചതന്ത്രം തുടങ്ങിയ മൃഗകഥകളില്‍.''

''ആരുടെ കീഴിലാണ്?''

''ഡോ. മോഹന്‍ തൊഴുകയ്യുടെ!''

അത്ര അധികമൊന്നും പുസ്തകം വായിക്കാത്ത എനിക്കും ഡോ. മോഹന്‍ തൊഴുകൈ എഴുതിയ 'മലയാള സാഹിത്യത്തില്‍ പുലിക്കളിയുടെ സ്വാധീനം' എന്ന പുസ്തകം വായിക്കാന്‍ കടുത്ത ആഗ്രഹം തോന്നി.

നാട്ടിലും നഗരത്തിലും മെമ്പര്‍ഷിപ്പുള്ള ഒന്ന് രണ്ടു ലൈബ്രറികളില്‍ പുസ്തകത്തിനായി അന്വേഷിച്ചുവെങ്കിലും അവിടെയൊന്നും അങ്ങനെയൊരു പുസ്തകം ഉണ്ടായിരുന്നില്ല.

ഡോക്ടറേറ്റ് നേടിയ അധിക പുസ്തകങ്ങളും ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടാകും പ്രസിദ്ധീകരിക്കുക. അവരുടെ പുസ്തകങ്ങള്‍ എളുപ്പത്തില്‍ പണ്ടു കാലത്തു ലഭ്യമല്ലാത്തതുകൊണ്ട് ലൈബ്രറികളിലും സാധ്യത കുറവാണ്. 

ഓറിയന്റല്‍ റിസേര്‍ച്ച് ലൈബ്രറിയിലെ വിനോദ് പറഞ്ഞു: 

''നിങ്ങള് മാതൃഭുമിയിലോ ഡിസിയിലോ അന്വേഷിക്ക്, പുസ്തകം കിട്ടിയില്ലെങ്കിലും അതിന്റെ ഡാറ്റ എങ്കിലും ലഭിക്കും.''

അങ്ങനെ പരതി പരതി അവസാനം പുസ്തകത്തെക്കുറിച്ച് ധാരണ ലഭിച്ചു.

സി.വി ബുക് ഹോം എന്ന ഒരു ചെറുകിട പ്രസാധകനായിരുന്നു രണ്ടായിരത്തിപ്പത്തില്‍ പുസ്തകം ഇറക്കിയത്.

ഞാന്‍ അവരുടെ നമ്പറിലേക്കു വിളിച്ചു.

ആകെ മുന്നൂറ് കോപ്പിയാണ് ഈ പുസ്തകം അടിച്ചത്.

ആ മുന്നൂറ് കോപ്പിയും അയാള് തന്നെ 
കൊണ്ട്‌പോയി ഇരുന്നൂറ് കോപ്പിയുടെ പൈസ ഇനിയും തരാനുണ്ട്.

പകരം അയാളുടെ കീഴില്‍ ഗവേഷണം നടത്തുന്ന പലരുടേയും പുസ്തകം തന്നിരുന്നു. ബാക്കി പൈസ അവരുടെ പ്രിന്റിംഗ് 
കോസ്റ്റില്‍ കൂട്ടി മേടിക്കാനുള്ള സൗകര്യവും.

ഇപ്പോഴും അയാളുടെ വര്‍ക്ക് കിട്ടുന്നുണ്ട്. അതിന്റെ കമ്മീഷന്‍ അയാള്‍ കൃത്യമായി മേടിക്കുന്നുമുണ്ട്. അതുകൊണ്ട് ഇവരെയൊന്നും നമുക്ക് അധികം വെറുപ്പിക്കാനും കഴിയില്ല.

അതിന്റെ ഒരു കോപ്പി ലഭിക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ...?

പുസ്തകത്തിന്റെ കോപ്പിയായിട്ട് ഇല്ല. പ്രിന്റ് ചെയ്യാന്‍ തന്നതിന്റെ കയ്യെഴുത്തു കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് ഉണ്ടാകും.

അതും പരതി എടുക്കണം.

കയ്യിലൊന്നും തരില്ല. ഓഫീസില്‍ വന്നാല്‍ വായിക്കാം. 

ഒരാളും ഈ പുസ്തകം വായിക്കരുതെന്ന് അയാള്‍ക്കെന്തോ കര്‍ശനമായ പദ്ധതി ഉണ്ടായിരുന്നു.

എന്റെ കയ്യില്‍ ഈ പുസ്തകവുമായി ബന്ധപ്പെട്ട് യാതൊന്നും അവശേഷിക്കുന്നില്ല എന്ന് അയാള്‍ മുദ്രപത്രത്തില്‍ എഴുതി മേടിച്ചിരുന്നു.

നിങ്ങള്‍... നാളെ ഓഫീസിലേക്ക് വാ... ബാക്കി നേരിട്ട് സംസാരിക്കാം.

ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകാത്ത 
ഒരു ഗവേഷണ പ്രബന്ധംപോലെയായിരുന്നു സി.വി ബുക്ക് ഹോമിലേക്കുള്ള വഴിയും.

മാലിന്യവും തെരുവ്‌നായ്ക്കളും പരുന്തും നിറഞ്ഞ മൈതാനം മുറിച്ച് കടന്നു ഞാന്‍ പിന്നെയും നടന്നു.

ചുറ്റും അറവുശാലകള്‍ ആയിരുന്നു.

കടമുറികളുടെ വരാന്തയിലും ചുമരുകളിലും പോത്തിനേയും ആടിനേയും പശുവിനേയും വെട്ടിയും മുറിച്ചും കെട്ടിത്തൂക്കിയിരുന്നു.

ഇതിനിടയില്‍ ആ ബുക്ക്‌ഷോപ്പ് ഇറച്ചി പൊതിഞ്ഞുകൊടുക്കാനുള്ള പഴയ പേപ്പര്‍ വില്‍ക്കുന്ന കടപോലെ തോന്നിച്ചു.

നിങ്ങ ഉള്ളിലിരുന്നു വായിച്ചോ... മൊബൈലൊക്കെ സ്വിച്ച് ഓഫാക്കി പുറത്തുവെക്കണം.

ഗവേഷണ പ്രബന്ധങ്ങള്‍ എന്നത് ഒരു മോശം രാജ്യത്തിന്റെ സൈനിക രഹസ്യത്തെക്കാള്‍ വലിയ രേഖയാണോ എന്ന് എനിക്കു തോന്നി.

ആരൊക്കെയോ എഴുതിയതും ആരൊക്കെയോ പറഞ്ഞതും സ്വന്തം പേര് ചേര്‍ത്ത് ആനുകൂല്യം വാങ്ങുന്നതിന്റെ പേരാണ് ഇപ്പോള്‍ തൊണ്ണൂറ് ശതമാനം അക്കാദമിക് പ്രബന്ധങ്ങളും.

അതുകൊണ്ട് നിങ്ങളെക്കാള്‍ പേടി എനിക്കാണ്... ഇതെന്റെ വയറ്റ്പിഴപ്പ് കൂടിയാണല്ലോ.

ബുക്ക് ഷോപ്പ് ഉടമ രാജേന്ദ്രന്‍ എന്നെ നോക്കി.

ഞാന്‍ മൊബൈലും പേനയും പേപ്പറുമൊക്കെ മേശമേല്‍ വെച്ച് ഉള്ളിലേക്കു കയറി.

കയ്യെഴുത്തു പ്രതി വായിച്ചു തുടങ്ങി.

ആദ്യകാലത്തു ഹിംസ്രരൂപികളായ കാട്ടുജന്തുക്കളെ മുഴുവനായി നരി എന്നായിരുന്നു വിശേഷിപ്പിച്ചത്.

അങ്ങനെ കടുവയും പുലിയും നരി എന്ന ഒറ്റ ഉഗ്രവാക്കായി.

മൂര്‍ക്കോത്തു കുമാരന്റെ നരിയെ കൊന്ന വെടി മുതല്‍ മലയാളി എഴുത്തുകാരിലും എഴുത്തുകളിലും കാട്ടുജന്തുക്കളുടെ സ്വാധീനം പ്രകടമാണ്. എഴുത്തുകാരുടെ ഉള്ളിലുള്ള ഹിംസകളും ക്രൂരതകളും അവര്‍ നരിയിലേക്ക് പരിപ്രേഷ്യം ചെയ്തു.
പുലിക്കളിയുടെ രാഷ്ട്രീയം.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ ഭയന്ന് മനുഷ്യര്‍ പുറത്തിറങ്ങാത്ത ചില സ്ഥലങ്ങളുണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനവും കഴിഞ്ഞ് എണ്‍പതുകളില്‍ ശക്തി പ്രാപിച്ച നക്സല്‍ പ്രസ്ഥാനവുമായി അടുത്തു ചേര്‍ന്ന് നില്‍ക്കുന്ന ചാലത്തൂര്‍ എന്ന പ്രദേശം ഇതേ സമയം നരിയുടെ ഭീഷണിയിലൂടെ പ്രശസ്തമായി.

പിന്നീടുള്ള പത്തു മുപ്പത് പേജുകള്‍ പലതരത്തില്‍ മീന്‍കറികള്‍ വെക്കുന്ന വിധം ആയിരുന്നു.

അവസാനത്തെ പതിനഞ്ച് പേജ് ആധുനിക മലയാള സാഹിത്യത്തിലെ പുതിയ പുലികള്‍ എന്ന അധ്യായവും.

നിങ്ങള്‍ക്ക് വേണ്ടുന്നത് കിട്ടിയോ? പുറത്തിറങ്ങുമ്പോള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനിടയിലും രാജേന്ദ്രന്‍ ചോദിച്ചു:

ഓ കിട്ടി; നെല്ലിക്കയിട്ടു പൊന്നാനി മത്തി വെക്കുന്ന വിധം -ഞാന്‍ തമാശ പറഞ്ഞു.

ഉള്ള കാര്യം പറയാമല്ലോ അന്ന് അത് വായിച്ചപ്പോള്‍ ഞാനും അന്ധംവിട്ടു പോയിരുന്നു...

ഇതെഴുതിയ മോഹന്‍ തൊഴുകയ്യോട് ഇങ്ങനെ ഒരു ചേരാത്ത ഭാഗം കാണുന്നുണ്ട്, മാറ്റി വെക്കണോ എന്നു ചോദിച്ചപ്പോള്‍ അതൊന്നും കുഴപ്പമില്ല, നരി മനുഷ്യനെ തിന്നും മനുഷ്യന്‍ മീന്‍ തിന്നും. അതില്‍ തെറ്റില്ല. ആ ഭാഗം ഒത്തനടുക്കാക്കി സെറ്റ് ചെയ്താല്‍ മതി എന്നു പറഞ്ഞു.

മിനിമം നൂറ്റന്‍പത് പേജെങ്കിലും പുസ്തകം ഉണ്ടാകണം എന്നു പറഞ്ഞു. വരുന്ന ആള്‍ക്കാര്‍ക്കൊക്കെ പിന്നീട് ഞാനിതു ചേര്‍ക്കാറുണ്ട് -അയാള്‍ ചിരിച്ചു.

ചിലതില്‍ വേറെ ഒരു പ്രബന്ധത്തില്‍നിന്നും ലഭിച്ച സാബൂന്‍ കായകൊണ്ട് തുണി കഴുകിയാലുള്ള ഗുണങ്ങളും ചേര്‍ത്തു കൊടുക്കാറുണ്ട്. 

നവോത്ഥാനത്തിലെ പ്രകാശ തെളിച്ചങ്ങളില്‍ ഗുരു ജീവിതം എന്ന പ്രബന്ധത്തിനിടയിലാണ് ആദ്യമായി ഈ സാബൂന്‍ കായകൊണ്ട് തുണി കഴുകിയാലുള്ള ഗുണങ്ങള്‍ കാണുന്നത്.

പിന്നീടത് തിരിച്ചും മറിച്ചും ഞാന്‍ പത്തോളം പുസ്തകത്തില്‍ ചേര്‍ത്തു.

എന്നാലും നിങ്ങള് വായിച്ച പ്രബന്ധം ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചത് ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചിലെ അടിയന്തരാവസ്ഥയും തുടര്‍ന്നും പൊലീസ് നടത്തിയ മര്‍ദ്ദനങ്ങളും ക്രൂരതകളും വിശദമായി അതിലുണ്ട്. അതൊക്കെ വായിക്കുമ്പോള്‍ ആരും ഭയന്നുപോകും. പ്രത്യേകിച്ചും നരി വന്നുപോകുന്ന ഭാഗങ്ങള്‍!
അയാളോട് ഒന്നിനും മറുപടി പറയാതെ ഞാന്‍ പുറത്തേക്കിറങ്ങി.

അറവുശാലകളിലെ തിരക്ക് കുറഞ്ഞിരുന്നു.

പോത്തിന്റേയും പശുവിന്റേയും അറുത്തുമാറ്റിയ തലകള്‍.

മരിക്കുമ്പോള്‍ അവര്‍ അനുഭവിച്ച അതേ 
വേദനനിറഞ്ഞ കണ്ണുകളോടെ ഇപ്പോഴും ദൂരേക്ക് നോക്കിനില്‍ക്കുന്നത് ഞാന്‍ കണ്ടു...

പഴയ ഷുക്കൂര്‍ ഇപ്പോള്‍ എവിടെയായിരിക്കും.

എന്തുകൊണ്ടോ അയാളെ കാണാന്‍ എനിക്ക് ആഗ്രഹം തോന്നി.

ഞാന്‍ ചാലത്തൂരിലേക്കുള്ള ബസ് കയറി.

റോഡിന് ഇരുവശവും കെട്ടിയ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വലിയ കട്ടൗട്ടുകള്‍ക്കിടയിലൂടെ ബസ് മുന്നോട്ട് നീങ്ങി.

നഗരത്തില്‍ പുലി ഇറങ്ങിയതിനാല്‍ പലതരം നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചുള്ള പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും അറിയിപ്പുകള്‍ ബസിനേയും മറികടന്നു പോയിക്കൊണ്ടിരുന്നു.

വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ അത്രയൊന്നും മടുപ്പിക്കാതെ ബസ് നീങ്ങി.

ബസ് ചാലത്തൂര്‍ എത്തി.

പഴയ ചില പരിചയക്കാരെ കണ്ട് ഷുക്കൂറിനെ അന്വേഷിച്ചു.

ഷുക്കൂര്‍ മീന്‍ കച്ചവടമൊക്കെ എന്നോ നിര്‍ത്തി. ഇപ്പോള്‍ കഥ എഴുത്തും സിനിമാ അഭിനയവും; ആളാകെ മാറിയില്ലേ.

മാത്രമല്ല, ഭയങ്കര പ്രസിദ്ധനും ആയി. 

നമ്മുടെ പഴയ ആ മഴപൊട്ടന്‍ ഷുക്കൂറേ അല്ല ഇപ്പോഴത്തെ ഷുക്കൂര്‍.

'ഷുക്കൂര്‍ പി' എന്ന് പറഞ്ഞാലേ ആള്‍ക്കാര്‍ അറിയൂ.

ഇരിക്കൂര്‍ ഒരു ഷൂട്ടിങ് ഉണ്ട്. അവിടെ ഉണ്ടാകും. സിനിമാസെറ്റിലൊക്കെ വലിയ പരിചയക്കാരും ആളും ആണ് ഷുക്കൂറിന്.
 
ഞാന്‍ പത്തു പതിനഞ്ച് കിലോമീറ്റര്‍ അപ്പുറം ഇരിക്കൂറിലേക്ക് വിട്ടു. ഷുക്കൂറിന്റെ ഫോണ്‍നമ്പര്‍ കയ്യില്‍ കിട്ടിയതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.

ഷുക്കൂര്‍ പഴയതിലും ചെറുപ്പമായിരുന്നു.

ഇതില്‍ അങ്ങനെ വേഷമൊന്നുമില്ല. പിന്നെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ സിനിമ ആയതുകൊണ്ട് ഷൂട്ടിങ് കാണാന്‍ വന്നതാണ്.

ബേസിലിന്റെ മിന്നലില്‍ എനിക്കൊരു ചെറിയ വേഷം ഉണ്ടായിരുന്നു. 

ഞാന്‍ ഇപ്പോള്‍ വന്നത് പത്തുകൊല്ലം മുന്നേ നിങ്ങള്‍ പറഞ്ഞുനിര്‍ത്തിയ കഥയുടെ ബാക്കി കേള്‍ക്കാന്‍ ആണ്...

ഏത് കഥയുടെ? ഞാനങ്ങനെ പണ്ട് പല കഥകളും പലരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ആരോടും ഒന്നും പറയാറുമില്ല.

എന്റെ കഥകളൊക്കെ ചേര്‍ത്ത് നോവല്‍ ഇറക്കിയിട്ടുണ്ട്...

എനിക്ക് അനുഭവങ്ങളും കഥകളും മഹാഭാരതം പോലെയാണ്.

ഒന്നു പറഞ്ഞ് അവസാനിക്കുമ്പോഴേക്കും മറ്റൊന്ന് തുടങ്ങും. അങ്ങനെ രണ്ടാമത്തെ നോവലിന്റെ പണിയിലാണ്. അതും ഉടന്‍ പുറത്തിറങ്ങും... ഷുക്കൂര്‍ നല്ല ഗൗരവത്തില്‍ ആയിരുന്നു.

ഇതിനിടയില്‍ ഷുക്കൂറിന്റെ ഫോണ്‍ മുഴങ്ങി.

ഷുക്കൂര്‍ ഫോണില്‍ സംസാരിക്കുന്ന ആളോട് സ്‌നേഹത്തോടെ ചിരിച്ചു...

മുകുന്ദേട്ടന്‍ ആണ് 'നിങ്ങള്‍' വായിച്ചുവോ എന്നു ചോദിച്ചു വിളിച്ചതാണ്.

എനിക്ക് സത്യത്തില്‍ ഷുക്കൂര്‍ എന്താണ് പറഞ്ഞതെന്ന് തീരെ മനസ്സിലായില്ല...

നിങ്ങള്‍ എന്തു വായിച്ചുവോ എന്നായിരിക്കും മുകുന്ദേട്ടന്‍ ഷുക്കൂറിനോട് ചോദിച്ചിട്ടുണ്ടാകുക..? എനിക്കു സംശയമായി.

ഷുക്കൂറിനെ വലിയ വലിയ എഴുത്തുകാരൊക്കെ വിളിക്കാറുണ്ട് അല്ലേ? ഞാന്‍ ചോദിച്ചു.

ഉണ്ട്.

ജയമോഹനും സക്കറിയയുമൊക്കെ; അതൊക്കെയാണ് എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ വലിയ സന്തോഷങ്ങള്‍...

മുകുന്ദേട്ടന് എന്നോട് നല്ല സ്‌നേഹമാണ്...

ഷുക്കൂറിന്റെ മൂഡ് തെളിഞ്ഞു.

ഞാന്‍ ഒരു സ്വകാര്യംപോലെ പറഞ്ഞു. 

നമ്മുടെ നാട്ടിലും ഒരു പുലി ഇറങ്ങിയിട്ടുണ്ട്. അപ്പോഴാണ് പണ്ട് അടിയന്തരാവസ്ഥ കഴിഞ്ഞതിനുശേഷം ചാലത്തൂര് നരി ഇറങ്ങിയ കഥ ഓര്‍മ്മവന്നത്...

അതാണിപ്പോള്‍ പെട്ടന്ന് ഞാനിങ്ങനെ നിങ്ങളെ കാണാന്‍ വരുന്നത്.

അതെയതേ...

അന്ന് ഒന്നല്ല, രണ്ട് നരി ഇറങ്ങിയിരുന്നു. ഒന്ന് ആരും കാണാത്ത ഒരു നരിയും മറ്റൊന്ന് നരിക്കോടന്‍ എന്ന പൊലീസുകാരനും!

വാ നമുക്ക് അങ്ങോട്ട് മാറിയിരിക്കാം...

പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാട്ടില്‍ ഇപ്പോള്‍ ഇല്ല എന്നേ ഉള്ളൂ. പക്ഷേ, പ്രഖ്യാപിക്കാത്ത ഒരു അടിയന്തരാവസ്ഥ എപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ട്.

ഷുക്കൂര്‍ എന്റെ കൈ പിടിച്ചു പുഴക്കരയിലൂടെ ദൂരേക്ക് നടന്നു.

ഈ പുഴ എനിക്ക് വലിയൊരു വേദനയും അതേസമയം ആശ്വാസവും ആയിരുന്നു... ഞാനും മാതുവും പ്രണയിച്ചു നടന്നത് ഈ പുഴക്കരയിലൂടെ ആയിരുന്നല്ലോ...!

അടിയന്തരാവസ്ഥ എന്താണെന്നൊന്നും എനിക്ക് അത്ര ഓര്‍മ്മയില്ല. അന്നെനിക്ക് എട്ടോ പത്തോ വയസ്സാണ്... പക്ഷേ, നാട്ടില്‍ നരി ഇറങ്ങിയപ്പോള്‍ പതിനേഴ് വയസ്സ് കഴിഞ്ഞിരുന്നു.

ഒന്നിച്ചു പഠിച്ച രമേശന്റെ അനിയത്തി മാതുവിനോട് അന്നേ പ്രണയമായിരുന്നു.

അവന്‍ പഠിത്തം നിര്‍ത്തിയ മുതലേ കുടുംബം നോക്കാന്‍ വായനാടില്‍ ഇഞ്ചിപ്പണിക്കും മറ്റും പോയി.

അവന്റെ അച്ഛന് ഒരുകാലത്തും സുഖം ഉണ്ടായിരുന്നില്ല, അങ്ങനെയാണ് അവന്‍ പഠിത്തം നിര്‍ത്തുന്നതും പണിക്ക് ഇറങ്ങുന്നതും.

പിന്നെ ഈ മാതൂന്റെ ഏട്ടനും കൂട്ടുകാരനും ഒക്കെ ഞാനായി.

രമേശന്‍ വയനാട്ടില്‍നിന്നും വന്നാല്‍ ഞാന്‍ അവനേയും കൊണ്ട് ലൈബ്രറിയില്‍ പോകും...

സ്‌കൂളില്‍ പോയില്ലെങ്കിലും നമുക്ക് അറിവ് നേടാന്‍ പറ്റും. ലൈബ്രറിയില്‍ പോയാല്‍ മതി. ഞാന്‍ പറഞ്ഞു.

അറിവ് നേടണം എന്നത് എന്റേയും അവന്റേയും എക്കാലത്തേയും വലിയ ആഗ്രഹങ്ങള്‍ ആയിരുന്നു.

ഞങ്ങള്‍ക്ക് അടുത്തൊരു ലൈബ്രറി ഉണ്ടായിരുന്നത് മയിലന്‍ കുന്നില്‍ ആണ്...

അതൊരു പാര്‍ട്ടി ഗ്രാമം ആയതിനാല്‍ കമ്യൂണിസത്തേയും വിപ്ലവങ്ങളേയും പ്രതിപാദിക്കുന്ന പുസ്തകങ്ങളും ജീവല്‍ സാഹിത്യങ്ങളുമാണ് കൂടുതല്‍.

ബഷീറും ചങ്ങമ്പുഴയും ഒ.വി. വിജയനേയും ഒക്കെ പിന്നെ പുറത്തുപോയിട്ടാണ് ഞങ്ങള്‍ അറിയുന്നത്.

ഇവിടെ ലെനിന്റേയും മാവോയുടേയും ജീവചരിത്ര പുസ്തകങ്ങളും മറ്റു തൊഴിലാളി ഗ്രന്ഥങ്ങളും ആയിരുന്നു കൂടുതല്‍.
മയിലന്‍ കുന്നു കഴിയുന്നതുവരെയും ഞാനീ പുസ്തകങ്ങള്‍ കയ്യില്‍ പിടിക്കുമെങ്കിലും നാട്ടില്‍ എത്തിയാല്‍ അരയില്‍ ഇറുക്കും. രമേശന്‍ ആകട്ടെ, നാട്ടിലെത്തിയും പുസ്തകങ്ങള്‍ ആള്‍ക്കാര്‍ കാണെ കയ്യില്‍ പിടിച്ചു നടന്നു.

ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ ലൈബ്രറിയില്‍നിന്നും എടുത്ത പുസ്തകത്തിലെ ചില ഭാഗങ്ങള്‍ അവന്‍ ആള്‍ക്കാര്‍ കേള്‍ക്കെ കവലയില്‍ ചെന്ന് ഒച്ചത്തില്‍ വായിക്കുകയും ചെയ്യും.

പുസ്തകങ്ങള്‍ വായിച്ച ബലത്തില്‍ അവന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. തെറ്റ് കണ്ടാല്‍ ആരുടേയും മുഖത്ത് നോക്കി പറയും.

അതോടെ നാട്ടുകാരില്‍ പലരും അവനെ പേടിയോടേയും ഭയത്തോടേയും കണ്ടു. അവന്‍ വയനാട്ടിലേക്ക് പോകുന്നതുവരെയും ഞങ്ങള്‍ ഇങ്ങനെ പുസ്തകങ്ങള്‍ കൊണ്ടുവന്നു വായിച്ചു.

രമേശന്‍ പണിചെയ്തുകൊണ്ടിരിക്കുന്ന എസ്റ്റേറ്റിന് അടുത്തായിരുന്നു മഠത്തില്‍ മത്തായി എന്ന ജന്മി.

അവിടെയുള്ള ഒട്ടുമിക്ക തോട്ടങ്ങളും ഭൂമിയും ഈ മത്തായിയുടെ ആയിരുന്നു.

ഒരേസമയം അയാള്‍ ഒരു മനുഷ്യനും മൃഗവും ആണെന്നാണ് പറയപ്പെടുന്നത്.

പലതും പറഞ്ഞുകേട്ടുള്ള അറിവ് മാത്രമാണ്...

ഒരു നക്‌സല്‍ ആക്രമണത്തിലൂടെ മത്തായി കൊല്ലപ്പെട്ടു.

ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. 

എസ്റ്റേറ്റ് വളഞ്ഞ പൊലീസ് കണ്ണില്‍ കണ്ടവരെയൊക്കെ പിടിച്ചു.

പണിക്കു വരുന്നവരെയും പോയവരെയും. 

മത്തായിയുടെ മരണം കഴിഞ്ഞു രണ്ട് ദിവസത്തിനുശേഷം എങ്ങനെയൊക്കെയോ ഒളിച്ചോടി നാട്ടില്‍ എത്തിയ രമേശന്‍ എന്നെ വന്നു കണ്ടു.

ഒരു രക്ഷയും ഇല്ല. സകല തൊഴിലാളികളേയും നാട്ടുകാരേയും പൊലീസ് പിടിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയാണ്... എനിക്കു പേടിയാകുന്നു!

ഞാന്‍ എങ്ങനെയൊക്കെയോ ആരുടേയും കയ്യിലാകാതെ രക്ഷപ്പെട്ടു വന്നതാണ്...

നിനക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ? ഞാന്‍ ചോദിച്ചു...

എനിക്ക് എന്തു പങ്ക്. നിനക്ക് എന്നെ അറിയില്ലേ? പൂച്ചനെ കണ്ടാല്‍ പോലും പേടിച്ചിട്ട് തൂറാന്‍ മുട്ടുന്ന എനിക്ക്?

നട്ടപ്പാതിരയ്ക്ക് രമേശന്‍ എന്നെ വന്നു കണ്ടപ്പോള്‍ എനിക്കും പേടി തോന്നി...

പൊലീസ് എന്തായാലും പിന്നാലെ ഉണ്ടാകും, ഞാന്‍ ഉറപ്പിച്ചു.

ഇനി ആരോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ എങ്ങോട്ടെങ്കിലും ഓടിക്കോ. പൊലീസ് പിടിച്ചാല്‍ നിന്റെ കാര്യവും എന്റെ കാര്യവും പോക്കായിരിക്കും...

ഞാന്‍ എന്തിനാണാടെ ഓടുന്നത് ഞാന്‍ ആരെയും ഒന്നും ചെയ്തിട്ടൊന്നുമില്ലല്ലോ...

ചെയ്തവരെ ആണോ ഇപ്പൊ പൊലീസ് പിടിക്കുന്നത്. ഇപ്പോഴത്തെ പൊലീസ് ഭ്രാന്ത് ഇളകിയ പൊലീസാണ്. നീ ഈ രാത്രി തന്നെ എങ്ങോട്ടെങ്കിലും പോകണം -ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

എനിക്ക് എന്റെ മാതൂനെ കാണണം. അവള്‍ക്ക് പുതിയ യൂണിഫോമും നോട്ട് ബുക്കും പേനയും ഒക്കെ മേടിച്ചത് എന്റെ കയ്യിലുണ്ട്... എനിക്ക് എന്റെ അനിയത്തിയെ കാണണം.

അവന്‍ ഒച്ചത്തില്‍ കരഞ്ഞു.

ഞാന്‍ അവന്റെ വായ പൊത്തിപ്പിടിച്ചു.

നീ ഇടങ്ങേറ് ആക്കല്ലേ. ഇതൊക്കെ ഞാന്‍ അവള്‍ക്കു കൊടുക്കാം. കൊലപാതകത്തിലെ ശരിയായ ആള്‍ക്കാരെ കിട്ടിയാല്‍ പൊലീസ് അടങ്ങും. അതുവരെയും മാറിനിന്നാല്‍ മതി.

ഞാന്‍ അവനെ വീട്ടുമുറ്റത്തില്‍നിന്നും പുറത്തേക്കു തള്ളി.

രമേശന്‍ നാട്ടില്‍നിന്നും ഓടിപ്പോയതും പുലര്‍ച്ചെ വയനാട്ടില്‍നിന്നും ഒരു വണ്ടി പൊലീസ് വന്നു.

രാവിലെ മുതല്‍ നാട്ടില്‍ നരി ഇറങ്ങിയ ആ വാര്‍ത്തയും നൈറ്റ് പെട്രോളിംഗ് നടത്തുന്ന പൊലീസുകാരാണ് ഈ നരിയെ ആദ്യമായി കാണുന്നത്.

പിന്നീടുള്ള ദിവസങ്ങളില്‍ നാട്ടിലെ ഓരോരോ ആള്‍ക്കാരെ അന്വേഷിച്ച് പൊലീസ് എത്തി.

വയനാട്ടില്‍ ഓടയും മുളയും വെട്ടാന്‍ പോയവര്‍.

ഇഞ്ചിപ്പണിക്ക് പോയവര്‍.

തേന്‍ ശേഖരിക്കാന്‍ പോയവര്‍. പലരേയും പൊലീസ് തിരഞ്ഞു പിടിച്ചു.

ഒരു ദിവസം വൈകുന്നേരം മൂന്ന് പൊലീസ് ജീപ്പും റേഷന്‍ അരികൊണ്ട് വരുന്നതുപോലുള്ള വലിയ വാനും രമേശന്റെ വീട്ടിനടുത്തു നിര്‍ത്തി.

അന്ന് ആദ്യായിട്ട് അതിലാണ് പത്ത് ഇരുപത്തിയഞ്ച് പൊലീസുകാരുടെ നടുവില്‍ അത്രയും പേരുകേട്ട നരിക്കോടന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കാണുന്നത്.

പൊലീസുകാര്‍ വാതംകൊണ്ടും ആസ്ത്മകൊണ്ടും തീരെ വയ്യാത്ത രമേശന്റെ അച്ഛനെ കൈകാലിട്ട് ചുറ്റിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് ഉയര്‍ത്തി നടുവിനിട്ട് ലാത്തികൊണ്ട് തല്ലി...

രമേശന്റെ അച്ഛന്‍ വേദനയില്‍ പുളഞ്ഞു മരണഭേരം മുഴക്കി.

നിന്റെ മോന് നക്‌സലിന്റെ സൂക്കേട് ഉണ്ട്... അത് നമ്മള്ടെ കയ്യില്‍ കിട്ടിയാല്‍ നമ്മള് മാറ്റിക്കൊടുക്കും...

പക്ഷേ, അവനിങ്ങനെ കീരി പായുന്നപോലെ വെട്ടിച്ചുവെട്ടിച്ചു ഞങ്ങളെ കളിക്കയാണ്...

നിന്റെ മോന്റെ എന്തു വിവരം അറിഞ്ഞാലും അത് നമ്മളെക്കൂടി അറിയിക്കണം.

അറിയിച്ചില്ലേല്‍...

ഈ സംഭവങ്ങള്‍ ഒക്കെ കണ്ടുകൊണ്ടാണ് മാതു വീട്ടിലേക്ക് കയറിയത്.

പൊലീസിനെ കണ്ട് ഭയന്ന മാതു അച്ഛന്റെ കരച്ചില്‍ കേട്ടതും അതിനേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞു. 

പുഴയിലൂടെ കയറിവന്നതിനാല്‍ അവളുടെ പാവാട മുട്ടോളം നനഞ്ഞിരുന്നു.

നരിക്കോടന്‍ മാതുവിനെ ഒന്ന് അടിമുടി നോക്കി. അയാള്‍ കൊമ്പന്‍ മീശയിലേക്ക് ലാത്തി മുട്ടിച്ചു. പൊലീസുകാരോട് എല്ലാം നിര്‍ത്തി പുറത്തിറങ്ങാന്‍ പറഞ്ഞു.

നരിക്കോടന്‍ അവളെ അടുത്ത് വിളിച്ചു.

മോള് ഏതു സ്‌കൂളിലാണ്, എത്രയിലാണ് പഠിക്കുന്നത്...? 

ചാലത്തൂര്‍ ഗണപതി വിലാസം. പത്താം ക്ലാസ്സില്‍.

മോള് കരയേണ്ട മോളെ ഒന്നും ഞങ്ങള്‍ ചെയ്യില്ല.

അയാള്‍ അവളുടെ കൈ അയാളുടെ കൈകളിലേക്ക് എടുത്ത് ലാത്തി വെച്ച് തടവി. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

മോള് നല്ലോണം പഠിക്കണം... ഇനിയും വളരണം... ഏട്ടന്‍ നാട്ടില്‍ വന്നാല്‍ ഞങ്ങളോട് പറയുകയും വേണം...

അവള്‍ പെട്ടെന്ന് നരിക്കോടന്റെ കാലിലേക്ക് വീണു.

എന്റെ ഏട്ടനും പാവാണ്...

എന്റെ ഏട്ടനും പാവാണ്... എന്റെ ഏട്ടനെ ഒന്നും ചെയ്യരുത്!

നരിക്കോടന്‍ തന്റെ തടിച്ച ബൂട്ട്‌കൊണ്ട് തൂവല്‍ മറിച്ചിടുംപോലെ അവളെ നീക്കി പൊലീസ് വാനിലേക്ക് കയറി.

പിന്നാലെ മറ്റു പൊലീസുകാരും.

നരിക്കോടന്‍ വന്നുപോയതിന്റെ രാത്രിയാണ് നാട്ടിലെ ഭൂപ്രഭു ആയ ഹാജിയാരുടെ നായയേയും കാണാതാകുന്നത്. 

ഉള്ളത് പറയാല്ലോ, പത്തുനാല്‍പത് കൊല്ലം മുന്നേ ഇന്ത്യാ രാജ്യത്ത് എവിടെയും അങ്ങനെയൊരു നായ ഉണ്ടാകില്ല.

മക്കളില്ലാത്ത ഹാജിയാരുടെ ഇരുപതിലധികം ഏക്കര്‍ വരുന്ന പറമ്പിന്റെ അധിപനായിരുന്നു ഈ നായ.

സകലതിനോടും ഭയവും സംശയവും നിലനിര്‍ത്തിയ ഹാജിയാര്‍ പകല്‍ തീരെ വെളിച്ചം കയറാത്ത കൂട്ടിലും രാത്രി തന്റെ പറമ്പിലും ആയാണ് നായയുടെ ജീവിതം ക്രമീകരിച്ചത്.

അന്ന് ചാലത്തൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തി മനുഷ്യര്‍ തന്നെ വേണമെന്നില്ല ഏതെങ്കിലും പ്രാണി പറന്നുകയറിയാലും ഹാജിയാരുടെ നായ അറിയും.

ഇതേ കാലത്ത് നാട്ടിലെ പീടിക ചുമരുകളിലും പള്ളിമുറ്റത്തും കരികൊണ്ടും ചോക്ക് കൊണ്ടുമുള്ള ചുമരഴെത്തുകള്‍ പ്രത്യക്ഷപ്പെട്ടു.

''നമ്പ്യാരുടേയും ഹാജിയാരുടേയും ഭൂമി പാവങ്ങള്‍ക്കു വീതിച്ചു നല്‍കുക.

രണ്ടും മൂന്നും കെട്ടുന്നവരുടെ തല ഞങ്ങള്‍ ഉടലില്‍ വെക്കില്ല. 

പലിശപിശാചുക്കള്‍ക്ക് ഇനി അന്ത്യദിനങ്ങള്‍...!

പാവങ്ങള്‍ക്കു മേലുള്ള ചൂഷണവും പീഡനവും അവസാനിപ്പിക്കുക''

ചാലത്തൂര്‍ ആക്ഷന്‍ കമ്മിറ്റി.

ആരാണീ ചാലത്തൂര്‍ ആക്ഷന്‍ കമ്മിറ്റി എന്നത് എനിക്ക് ഇന്നും പിടികിട്ടാത്ത ഒന്നാണ്.

രമേശന്‍ ആയിക്കൂടെ... ഞാന്‍ ചോദിച്ചു. 

എനിക്ക് അറിയുന്ന രമേശന് വര്‍ത്തമാനം പറയാന്‍ അല്ലാതെ മറ്റൊന്നിനും തീരെ ധൈര്യം ഇല്ല. പറമ്പില്‍ എവിടെയെങ്കിലും കെട്ടിയ പശുവിനെ കണ്ടാല്‍പോലും പേടിച്ചുവളഞ്ഞു നടക്കുന്നവന്‍...

നായയെ കാണാതായത് നാട്ടുകാരില്‍ ഒരേസമയം സന്തോഷവും ഭയവും ഉണ്ടാക്കി.

നായയെ പേടിച്ചു നാട്ടുകാര്‍ മര്യാദയ്ക്ക് മൂത്രംപോലും ഒഴിക്കാറുണ്ടായിരുന്നില്ല. ഒന്നുകില്‍ നരി അല്ലെങ്കില്‍ നക്‌സലുകള്‍ നായയെ പിടിച്ചുകൊണ്ട് പോയിരിക്കും. ഇനി അവര്‍ ഹാജിയാരുടെ തല വെട്ടിമാറ്റും. നാട്ടില്‍ ഇങ്ങനെയായി സംസാരം.
 
എന്തായാലും രാവിലെ മുതല്‍ ഹാജിയാരുടെ വീട്ടിനു മുന്നിലും പിന്നിലും പൊലീസ് കാവല്‍ ഉണ്ടായി.

അടുത്ത രാത്രിയില്‍ പൊലീസ് കാവലിലും ഹാജിയാരുടെ വീട്ടിനു കല്ലേറുണ്ടായി.

എല്ലാ കൃത്യത്തിനു പിന്നിലും ഒളിപ്പോരില്‍ ഏര്‍പ്പെട്ട രമേശനും സംഘവും ആണെന്നു നാട്ടില്‍ ആരൊക്കെയോ അടക്കം പറഞ്ഞു.

നക്‌സല്‍ പോരാളികളുടെ വലിയ വലിയ ആക്ഷനുകള്‍ ഏറ്റെടുത്തു നടത്തുന്ന ഗ്രൂപ്പിന്റെ പ്രധാന നേതാവ് രമേശന്‍ ആണെന്നും!

ആ ദിനങ്ങളില്‍ പൊലീസ് എന്നെയും പരതിവന്നു.

വീട്ടിലുള്ളവരൊക്കെ പുസ്തകം വായിക്കാത്തവരും വലിയ രാഷ്ട്രീയബോധമില്ലാത്തവരും ആയതോണ്ട് അവര്‍ ഞങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ തിരിച്ചുപോയി. 

തുടര്‍ന്നുള്ള ദിനങ്ങളില്‍ നാട്ടില്‍ രാവും പകലും പൊലീസ് വണ്ടിയും പടയും റെയ്ഡും ആയിരുന്നു.

മാതു കുറെ ദിവസം എവിടെയും പോയില്ല.

ഏട്ടനുവേണ്ടി സകല ദൈവങ്ങളേയും പ്രാത്ഥിച്ച് അവള്‍ വീട്ടിലിരുന്നു.

രമേശന്‍ കൊണ്ടുവന്ന നോട്ടില്‍ എന്റെ ഏട്ടന് ഒന്നും പറ്റല്ലേ എന്ന് എഴുതി നിറച്ചു.

ഞാന്‍ പൊലീസ് ഒന്നും ഇല്ലാത്ത നേരം നോക്കി അവളെ കാണുവാന്‍ പോയി. നിന്റെ ഏട്ടന് ഒരു പ്രശ്‌നവും ഇല്ലായെന്നും പേടിക്കേണ്ടെന്നും ഞാന്‍ ആശ്വസിപ്പിച്ചു. പഠിക്കാന്‍ മിടുക്കിയായ നീ സ്‌കൂളില്‍ പോകണം എന്ന് രമേശന്‍ പറഞ്ഞിരുന്നു.
 
നീ പഠിച്ചു വലുതായിട്ട് വേണം രമേശന് വയനാട്ടിലെ പണി മതിയാക്കാന്‍ ഞാന്‍ ഇങ്ങനെ എന്തൊക്കെയോ നുണ പറഞ്ഞു.

തൊട്ടടുത്ത ദിവസം മുതല്‍ മാതു സ്‌കൂളില്‍ പോയി. അങ്ങനെ ഒരു ദിനം വൈകുന്നേരം മാതുവിനെ കാണാതായി. 
അവള്‍ എന്നത്തേയും പോലെ കൂട്ടുകാരോടൊപ്പം സ്‌കൂളില്‍നിന്നും ഇറങ്ങി.

പുഴ കടക്കുന്നതുവരെയും കൂട്ടുകാര്‍ ഒപ്പം ഉണ്ടായിരുന്നു... പുഴയില്‍നിന്നും വീട്ടിലേക്കുള്ള കുറഞ്ഞ സമയംകൊണ്ട് അവള്‍ക്ക് എന്തോ അപകടം സംഭവിച്ചിരിക്കുന്നു.

നാട്ടുകാര്‍ കുറെ പേര് പുഴയില്‍ മുങ്ങിത്തപ്പി.

കരയിലും കാട്ടിലും നാട്ടുകാരോടൊപ്പം ഞാനും പരതാന്‍ ഇറങ്ങി. നരിയെ പേടിച്ച് എല്ലാവരും കയ്യില്‍ വടിയും ആയുധവും കരുതി.

മാതുവിനെ കാണാതായതറിഞ്ഞ അന്ന് രാത്രി രമേശന്‍ എന്നെ വന്നു കണ്ടു.

താടിയും മുടിയും ഒക്കെ നീട്ടി രമേശന്‍ ഒരു സന്ന്യാസിയായി.

കുശാല്‍ നഗറിലെ ഒരു തോട്ടത്തില്‍ തേയില നുള്ളുന്ന പണിയാണ്. തൊട്ട് അരുകിലാണ് ബുദ്ധന്മാരുടെ ആശ്രമം.

എല്ലാ ദിവസവും ഞാന്‍ അവിടെ ചെന്നു പ്രാര്‍ത്ഥിക്കും.

കുറെനേരം അവരോടൊപ്പം ധ്യാനത്തിലിരിക്കും!

എനിക്ക് എന്റെ അനിയത്തിയെ കാണണം... നാട്ടിലോ കാട്ടിലോ എവിടെയെങ്കിലും അവളെ കാണുന്നതുവരെയും ഞാന്‍ ഒളിച്ചിരിക്കും.

നീ എങ്ങനെയെങ്കിലും അവളെ കണ്ടെത്തണം. രമേശന്‍ എന്റെ കൈ മുറുകെ പിടിച്ചു.

എന്റെ അനിയത്തിയേയും പൊലീസ് ആയിരിക്കുമോ കൊണ്ടുപോയത്...

രമേശന്‍ എന്നെ നോക്കി.

അവന്‍ തളര്‍ന്നുവീണുപോകുമോ എന്നു ഞാന്‍ ഭയന്നു.

അടുത്ത നിമിഷം രമേശന്റെ കണ്ണുകളില്‍നിന്നും തീ പാറി.

പൊലീസ് ആണെങ്കില്‍ ആ പൊലീസ് സ്റ്റേഷനില്‍ ഞാന്‍ ബോംബ് ഇടും!

പിറ്റേന്നു രാവിലെ മാതുവിന്റെ ശരീരം നരി കടിച്ചുമുറിച്ചതുപോലുള്ള നിലയില്‍ പുഴക്കരയിലെ കണ്ടലിനിടയില്‍നിന്നും കണ്ടുകിട്ടി...
അവളുടെ കീറിമുറിച്ച ശരീരം ആദ്യമായി കണ്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.

തളര്‍ന്നു പുഴക്കരയില്‍ വീണു. എല്ലാവരും കൂടി എന്നെ ഇരിക്കൂര്‍ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍നിന്നും വീട്ടിലെത്തിയിട്ടും മാതുവിനെ കണ്ട ആ ഇരുണ്ട ദിവസവും കണ്ടലിന്റെ കറുത്ത പച്ചയും ബോധം മറിഞ്ഞുവീഴുമ്പോള്‍ ആകാശത്തിലുണ്ടായ മഴക്കാറും എല്ലാം ചേര്‍ന്ന് ഏതു നിമിഷവും ഇളകിവീഴാന്‍ പാകത്തില്‍ ഒരു വലിയ കടന്നല്‍കൂടായി എന്റെ മനസ്സില്‍ തൂങ്ങിയാടി... വര്‍ഷങ്ങളോളം!

ചില നേരങ്ങളില്‍ അതൊക്കെ ഒന്നാകെ ഇളകി തലയിലൂടെ ഭീകരമായി മൂളി.

രമേശനെ...?

ബോഡി കാണാന്‍ വന്ന രമേശനെ പിന്നെയാരും കണ്ടില്ല.

നരി കൊണ്ട്‌പോയിരിക്കും. നരിയുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ രോമംപോലും വെളിയില്‍ വെക്കില്ല.

ഷുക്കൂര്‍ കുറേനേരം ഒന്നും മിണ്ടാതിരുന്നു.

ലോകം മുഴുവന്‍ കൊറോണയെ നരിയായി കൊണ്ടാടിയ സമയം ഒഴിച്ച് ബാക്കി എല്ലാ കാലത്തും കേരളത്തിലും ഇന്ത്യയിലും പുലിയും നരിയും ഒക്കെ ഓരോ ഇടവേളകള്‍ എടുത്തു ഇറങ്ങിയിട്ടുണ്ട്...

എനിക്ക് തോന്നുന്നത് ഭരിക്കുന്നവര്‍ക്ക് എപ്പോഴും ജനങ്ങളെ ഏതെങ്കിലും ഭയത്തില്‍ പെടുത്തണം. ഏതു നിമിഷവും ഒരു ശത്രു നമ്മെ ഇല്ലാതാക്കുമെന്ന തോന്നലുണ്ടാക്കുക.

ഭക്ഷണമൊന്നും കൊടുക്കാതെ ദിവസങ്ങളോളം ഇരുമ്പ് കൂട്ടിലിട്ട നായ പുറത്തിറങ്ങിയാല്‍ നരിയാകില്ലേ!

വാ നമുക്കു പോകാം, മനസ്സും ശരീരവും തളരുന്നുണ്ട്...

ഷുക്കൂര്‍ എന്റെ കൈപിടിച്ചു മെല്ലെ നടന്നു.

പിന്നെ കുറേക്കാലം എനിക്ക് ഭ്രാന്തായിരുന്നു. എന്തൊക്കെയോ പുസ്തകം വായിച്ചും എഴുതിയും ഞാന്‍ അതിനെ അതിജീവിച്ചു...

ഇപ്പോഴും മഴക്കാറ് കാണുമ്പോള്‍ പഴയതുപോലെ ഉണ്ടാകാറുണ്ടോ? ഞാന്‍ ചോദിച്ചു. 

ഇല്ല. അതൊക്കെ ഞാന്‍ എന്നോ അതിജീവിച്ചു.

അന്ന് എന്തൊക്കെയോ എഴുതി. ഒന്നും എന്റെ പേരില്‍ അല്ല. ആരൊക്കെയോ വരും. ആയിരവും രണ്ടായിരവും ഉറുപ്പിക തരും.

അവര്‍ അവര്‍ക്ക് വേണ്ടുന്നത് പറയും. ഞാന്‍ അത് എഴുതിക്കൊടുക്കും.

അവരുതന്നെ അതിനു വേണ്ടുന്ന കുറെ പുസ്തകവും തരും. ഇതിലുള്ളതൊക്കെ ചേര്‍ത്ത് ഇന്ന പോലൊരു സാധനം ഉണ്ടാക്കണം...

കുറെ അധികം ഇങ്ങനെ പലതിനേയും എഴുതിയതുകൊണ്ടാണ് ഞാന്‍ മരിക്കാതെ നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിഞ്ഞത്!

മരിച്ചുപോയ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡൊക്കെ ലഭിച്ച സുഗുണന്‍ മാഷാണ് എന്നെ സഹായിച്ചത്.

മാഷ് തന്നെയാണ് പൈസ തരാറുള്ളതും. കയ്യില്‍നിന്നും എഴുതിയത് കൊണ്ടുപോകാറുള്ളതും.

ഷുക്കൂറിനെ അന്വേഷിച്ച് ഒരു ചെറുപ്പക്കാരന്‍ വന്നു.

ഷുക്കൂര്‍ അയാളെ എനിക്കു പരിചയപ്പെടുത്തി. ഇവന്‍ ജിതേഷ് ഫോട്ടോഗ്രാഫര്‍ ആണ്.

തെയ്യം, ഉത്സവം എവിടെ ഉണ്ടെങ്കിലും 
ഒഴിവാക്കില്ല...

ഇവന്റെ കൂടെ കണ്ണൂര് പോകണം.

നമുക്കു പിന്നെ കാണാം. ഇതും പറഞ്ഞ് ഷുക്കൂര്‍ ജിതേഷിന്റെ ബുള്ളറ്റിലേക്ക് കയറി.

ഞാന്‍ കുന്നിറങ്ങി. ബസ് വരുവാന്‍ ഏറെ ദൂരം നടക്കാന്‍ ഉണ്ട്.

കുറെ നേരത്തിനു ശേഷം വളരെ കുറച്ചു യാത്രക്കാരുമായി നഗരത്തിലേക്കു പോകുന്ന അവസാന ബസ് വന്നു.

പലതരം കയറ്റിറക്കങ്ങളിലൂടെ ബസ് ഓടി.

ബസ് നഗരത്തിലേക്കു പ്രവേശിച്ചതും ഒരു ഉത്സവപറമ്പിലെ അനേക ശബ്ദങ്ങള്‍ ചുറ്റിലും നിറഞ്ഞു.

ഞാന്‍ പുറത്തേക്കു നോക്കി. റോഡിനു മറുവശം ഉറപ്പിച്ച വലിയ സ്‌ക്രീനില്‍ അമ്പലപറമ്പില്‍ നിന്നുള്ള പ്രഭാഷണം...

വേറെ ഒരിടത്ത് ഒരു കൂട്ടം ചെറുപ്പക്കാരെ നൂറുകണക്കിനു പൊലീസുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നു..

കഴിഞ്ഞുപോയ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ ശവശരീരവും അവരുടെ ഇടയില്‍ ഉണ്ടായിരുന്നു.

ബസ് നില്‍ക്കുന്നു.

രണ്ടോ മൂന്നോ പൊലീസുകാര്‍ ഞങ്ങളുടെ ബസില്‍ കയറി.

നഗരത്തില്‍ ഇന്നു കുറെ പ്രശ്‌നങ്ങള്‍ ഉണ്ട്.

നരി ഇറങ്ങിയിട്ടുണ്ട്, യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന പെണ്‍കുട്ടി മരിച്ചിട്ടുണ്ട്, അമ്പലത്തില്‍ ഉത്സവവും പ്രഭാഷണവും നടക്കുന്നു...

ബസ് പരിശോധിക്കാന്‍ വന്ന പൊലീസുകാരന്‍ പറഞ്ഞു...

ഞാന്‍ പൊലീസിനോട് ചോദിച്ചു:

അമ്പലത്തിലെ പ്രഭാഷണം ആരുടേതാണ്...?

കേട്ടിട്ടില്ലേ നരിക്കോടന്‍ സ്വാമികള്‍!

ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു.

അന്തരീക്ഷത്തില്‍നിന്നും ഫ്രീസറില്‍നിന്നെന്നപോലെ ഒരു തണുത്തകാറ്റ് ഞങ്ങളുടെ ബസിലേക്കും കയറി.

ടി.വി സ്‌ക്രീനിലെ ആള്‍ക്കൂട്ടത്തില്‍നിന്നും ഒരു നരിയുടെ മുരളിച്ച എല്ലാവരും കേട്ടു.

ഞാന്‍ സ്‌ക്രീനിലേക്ക് നോക്കി.

പ്രഭാഷണം കേള്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഷുക്കൂര്‍!

ഷുക്കൂറിന്റെ മുഖം വര്‍ഷങ്ങളായി പട്ടിണികിടന്ന ഒരു നരിയെപ്പോലെ വന്യമായിരിക്കുന്നു.

''എന്ത് മൈരാടാ നീയൊക്കെ ഈ മൈക്കിലൂടെ ഇളക്കുന്നത്...!''

നരി അപ്പോഴേക്കും നരിക്കോടനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.

ഈ കഥ കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com