'തൊപ്പിക്കാരന്‍'- ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ

വീട് പൂട്ടി ഇറങ്ങാന്‍ നേരത്താണ് ലക്ഷ്മി വക്കീല് മേശപ്പുറത്തു മോളുടെ ചോറ്റുപാത്രം കണ്ടത്
'തൊപ്പിക്കാരന്‍'- ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ

വീട് പൂട്ടി ഇറങ്ങാന്‍ നേരത്താണ് ലക്ഷ്മി വക്കീല് മേശപ്പുറത്തു മോളുടെ ചോറ്റുപാത്രം കണ്ടത്. 

പെണ്ണ് കോളേജില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ തന്നെ എല്ലാം റെഡിയാക്കി വെച്ചതായിരുന്നു. പെട്ടെന്ന് ലക്ഷ്മി വക്കീലിന് തലേന്നത്തെ അയക്കൂറക്കഷ്ണം ഫ്രിഡ്ജിലിരിക്കുന്ന കാര്യം ഓര്‍മ്മ വന്നു. ചോറ്റുപാത്രം പുറത്തെടുത്തു മീന്‍ കഷ്ണം ചൂടാക്കി ചോറിനുള്ളില്‍ പൂഴ്ത്തി. പാത്രം തിരിച്ചു ബാഗിലിടാന്‍ അശ്വതി, അവരുടെ മോളോട് വിളിച്ചുപറഞ്ഞാണ് വക്കീല് കുളിക്കാന്‍ കയറിയത്. എന്നിട്ടും അശ്വതി അക്കാര്യം പാടെ മറന്നു.

'ഇങ്ങനെ തലയും വാലുമില്ലാത്തൊരു പെണ്ണ്.'

വക്കീല് ആത്മഗതം ചെയ്തു.

തല്‍ക്കാലം കാന്റീനില്‍നിന്നു കഴിക്കാന്‍ പറയാന്‍ വക്കീല് വിളിച്ചു നോക്കിയപ്പോള്‍ അശ്വതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

ക്ലാസ്സിലായിരിക്കും.

വക്കീല് ചിന്തിച്ചു.

ഇക്കാര്യം പറഞ്ഞ് അശ്വതി ഉച്ചഭക്ഷണം മുടക്കാനും സാധ്യതയുണ്ടെന്ന് വക്കീലിന് അറിയാമായിരുന്നു. അതുകൊണ്ടാണ് കോടതിയിലേക്ക് പോകും മുന്നേ കോളേജില്‍ ചെന്ന് അവളെ പാത്രം ഏല്പിക്കാന്‍ വക്കീല്‍ തീരുമാനിച്ചത്. വക്കീല് കോളേജിലെ വിസിറ്റേഴ്‌സ് റൂമിലിരുന്നപ്പോള്‍ പ്യൂണ്‍ ചോറ്റുപാത്രവുമെടുത്ത് അശ്വതിയുടെ ക്ലാസ്സിലേക്ക് പോയി. പോയ അതേപടി പാത്രവും പിടിച്ചു പ്യൂണ്‍ മടങ്ങിവരുന്നത് കണ്ടു വക്കീല്‍ അമ്പരന്നു.

'അശ്വതി ഇന്ന് ക്ലാസ്സില്‍ വന്നിട്ടില്ലല്ലോ മാഡം.'

കേട്ടതും വക്കീലിന് തലകറങ്ങി.

'വന്നിട്ടില്ലേ?'

പ്യൂണ്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

'ഫിസിക്‌സിലെ വിവേകിനെ ഒന്നു വിളിക്കാവോ?'

വക്കീല്‍ വിറയലോടെ ചോദിച്ചു.

വിവേക് അശ്വതിയുടെ കസിനാണ്. ലക്ഷ്മി വക്കീലിന്റെ ഭര്‍ത്താവായ പ്രഭാകരന്‍ വക്കീലിന്റെ അനുജന്‍ പ്രകാശന്റെ മകന്‍. രണ്ടാളും സമപ്രായക്കാര്‍.

ഫിസിക്‌സ് ക്ലാസ്സിലേക്ക് പോയ പ്യൂണ്‍ തിരിച്ചുവന്നു പറഞ്ഞത് കേട്ട് വക്കീല് വീണ്ടും ഞെട്ടി.

'വിവേകും ക്ലാസ്സില്‍ വന്നിട്ടില്ല, മാഡം.'

എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി വക്കീലിന് ഒരൂഹവും ഉണ്ടായിരുന്നില്ല.

പ്രിന്‍സിപ്പലിനോട് പോയി കംപ്ലയിന്റ് ചെയ്യണോ?

അതോ നേരെ പൊലീസ് സ്‌റ്റേഷനില്‍ ചെല്ലണോ?

വക്കീല് സമയം കളയാതെ ഭര്‍ത്താവിനെ വിളിച്ചു. പിള്ളേര് ക്ലാസ്സ് കട്ട് ചെയ്തു വല്ല സിനിമയ്ക്കും പോയതായിരിക്കും എന്നു ഭാര്യയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഗതിയറിഞ്ഞതും പ്രഭാകരന്‍ വക്കീലിന്റെ നല്ല ജീവന്‍ പോയിരുന്നു. അതാണ് കോടതിയില്‍ തിരക്കേറിയ ദിവസമായിട്ടും വക്കീല്‍ കോളേജിലേക്ക് വെച്ചുപിടിച്ചത്. 

പോകുന്ന പോക്കില്‍ അനുജന്‍ പ്രകാശനേയും വക്കീല്‍ കൂട്ടി.

രണ്ടാളും കോളേജിലെത്തുമ്പോള്‍ ടീച്ചര്‍മാരുടെ ഒരു സംഘം ലക്ഷ്മി വക്കീലിനെ സമാധാനിപ്പിക്കുകയായിരുന്നു.

'ഈ പ്രായത്തിലെ പിള്ളേര് ക്ലാസ്സ് കട്ട് ചെയ്യണേ മനസ്സിലാക്കാം. അതിനു ഫോണ്‍ സ്വിച്ച് ഓഫാക്കുന്നത് എന്തിനാ. അതും രണ്ടാളും?'

ലക്ഷ്മി വക്കീലിന്റെ സംശയം ന്യായമുള്ളതാണെന്ന് ബാക്കിയുള്ളവരും അംഗീകരിച്ചു.

'കഴിഞ്ഞയാഴ്ച പതിനെട്ടാം പിറന്നാള് കഴിഞ്ഞപ്പോഴേ ഞാന്‍ അവള്‍ക്കൊരു ഇളക്കം ശ്രദ്ധിച്ചതാ.'

ലക്ഷ്മി വക്കീല്‍ മൂക്ക് പിഴിഞ്ഞു. അമ്മയും മകളും തമ്മില്‍ ഈയടുത്തായി കുറെ പൊട്ടലും ചീറ്റലും കേള്‍ക്കാറുണ്ടെങ്കിലും അതൊക്കെ പ്രായത്തിന്റെ ചില്ലറ ആവേശപ്രകടനങ്ങളായേ പ്രഭാകരന്‍ വക്കീല്‍ കണ്ടിരുന്നുള്ളൂ. പക്ഷേ, പതിനെട്ടുകാരിയായ മകള്‍ ഒളിച്ചോടിയതാകാനുള്ള സാധ്യതയിലേക്കാണ് ഭാര്യ വിരല്‍ചൂണ്ടിയതെന്നു തിരിച്ചറിഞ്ഞപ്പോള്‍ പ്രഭാകരന്‍ വക്കീല്‍ പേടിച്ചു.

ഒന്നേ ഉള്ളൂ എന്നോര്‍ത്ത് കൊഞ്ചിച്ചതിന്റെ പ്രശ്‌നമാണോ?

'രണ്ടാളേം കാണാനില്ലാത്ത സ്ഥിതിക്ക്... ഇനി ആ ചെക്കനും പെണ്ണും കൂടെ വല്ല രജിസ്റ്റര്‍ മാര്യേജ് എങ്ങാനും?'

കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു പ്രൊഫസ്സര്‍ സംശയം പറഞ്ഞു.

'ഒന്ന് മിണ്ടാതിരി സാറേ.'

പ്രഭാകരന്‍ വക്കീലിനു ദേഷ്യം വന്നു.

'ഏട്ടന്റേം അനിയന്റേം മക്കളാ. എന്നു പറഞ്ഞാ സഹോദരങ്ങളാ.'

'അതിപ്പോ ഇന്നത്തെ കാലത്ത് എന്താ നടന്നൂടാത്തേ? ആണും ആണും പെണ്ണും പെണ്ണും തമ്മില്‍തമ്മില് കല്യാണം കഴിക്കുന്ന കാലം വരുമെന്ന് ആരേലും വിചാരിച്ചിരുന്നോ?'

പ്രൊഫസ്സര്‍ വിട്ടില്ല. 

അതൊന്നും വിദൂരസാധ്യതയായിപ്പോലും വക്കീല്‍ പരിഗണിക്കുന്നുണ്ടായിരുന്നില്ല. എന്നാലും പിള്ളേര്‍ക്ക് എന്തുപറ്റിയെന്ന് അറിയേണ്ടേ?

കുട്ടികളുടെ സുഹൃത്തുക്കളെ വിളിച്ചു നടത്തിയ അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. കോളേജ് തുടങ്ങി ഒരാഴ്ച മാത്രം ആയതു കാരണം രണ്ടാള്‍ക്കും അധികം പരിചയക്കാരൊന്നും അവിടെ ആയിട്ടുമുണ്ടായിരുന്നില്ല. എല്ലാവരും വെപ്രാളപ്പെട്ടിരിക്കുന്ന സമയത്താണ്, മലയാളത്തിലെ ഗസ്റ്റ് ലക്ചറര്‍ സൂസന്‍ മാഡം പ്രധാനപ്പെട്ടൊരു വിവരം ഓര്‍ത്തെടുത്തത്.

'ഈ കൊച്ചിനെ എനിക്കോര്‍മ്മയുണ്ട്.'

മൊബൈലില്‍ അശ്വതിയുടെ ഫോട്ടോ നോക്കി സൂസന്‍ മാഡം പറഞ്ഞു:

'മൂന്നാല് ദിവസം മുന്നേ ഈ കൊച്ച് ലേഡീസ് ടോയലറ്റിന്റെ മുന്നില് നിന്ന് കുശുകുശുക്കുന്നത് ഞാന്‍ കേട്ടതാ. ഒരു മാതിരി രഹസ്യം പറച്ചില്. അതാ ശ്രദ്ധിച്ചേ. എന്താ കാര്യമെന്ന് മുഴുവനായി എനിക്ക് മനസ്സിലായില്ല. പക്ഷേ, ഏതോ തൊപ്പിക്കാരന്റെ കൂടെ പോകുന്ന എന്തോ സംഗതിയാണെന്നു തോന്നിയാരുന്നു.'

'തൊപ്പിക്കാരനോ?'

ലക്ഷ്മി വക്കീലും പ്രഭാകരന്‍ വക്കീലും ഒരേ സ്വരത്തില്‍ ചോദിച്ചു. ഗുരുതരമായ ഇക്കാര്യം അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതില്‍ പ്രിന്‍സിപ്പല്‍ സൂസന്‍ മാഡത്തെ ശാസിക്കാന്‍ തുടങ്ങിയപ്പോള്‍ അശ്വതിയുടെ ക്ലാസ്സ് ടീച്ചര്‍ റീന മാഡം വേറൊരു കാര്യം പറഞ്ഞു:

'സാറേ, രണ്ടു ദിവസം മുന്നേ നമ്മുടെ കാമ്പസില്‍ വന്ന് ഒരു തൊപ്പിക്കാരന്‍ അശ്വതിയെ മാറ്റിനിര്‍ത്തി സംസാരിക്കുന്നത് ഞാന്‍ കണ്ടതാ.'

ഇതുകൂടെ കേട്ടതോടെ രണ്ടാള്‍ക്കും ശ്വാസം മുട്ടായി.

'വൈ ആര്‍ യു സോ ഇറെസ്‌പോണ്‍സിബിള്‍ മാഡം? നമ്മുടെ കാമ്പസില്‍വെച്ച് ഏതോ തൊപ്പിക്കാരന്‍ ഇവിടുത്തെ കുട്ടിയെ വന്നു കണ്ടെന്നോ? ഹൂ ഈസ് ദാറ്റ്?'

'സാറെ അയാളെ സാറിന്റെ റൂമിലും ഞാന്‍ കണ്ടാരുന്നു. ഒരു ചുവന്ന തൊപ്പിയൊക്കെ വെച്ച്...'

റീന മാഡം കുറ്റബോധത്തോടെ പറഞ്ഞു. പ്രിന്‍സിപ്പല്‍ അന്തംവിട്ടു. പിന്നെ അല്പനേരം ആലോചനയിലാണ്ടു.

'നൗ ഐ ഗെറ്റ് ഇറ്റ്. ഇറ്റ് ഈസ് ഹിം. ജുനൈസ്.'

പ്രമാദമായ ഒരു കേസിനു തെളിവ് കണ്ടെത്തിയ സന്തോഷത്തോടെ പ്രിന്‍സിപ്പല്‍ പറഞ്ഞു. 

'ജുനൈസോ?'

പ്രഭാകരന്‍ വക്കീല്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.

'ഇവിടെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ യൂണിറ്റ് തുടങ്ങാന്‍ പെര്‍മിഷന്‍ ചോദിച്ചു വന്നതാ. അവരുടെ ജില്ലാ സെക്രട്ടറി. ഞാന്‍ നോ പറഞ്ഞു ഒഴിവാക്കി.'

പ്രിന്‍സിപ്പലിന്റെ മുഖം വീണ്ടും പ്രകാശിച്ചു

'അപ്പൊ യൂണിറ്റ് തുടങ്ങാനല്ല, അവര് വന്നത്.'

'സ്റ്റുഡന്റസ് ഫെഡറേഷന്‍? ജില്ലാ സെക്രട്ടറി? ജുനൈസ്?'

പ്രഭാകരന്‍ വക്കീല്‍ വിശ്വാസം വരാതെ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.

'യെസ്.'

പ്രിന്‍സിപ്പല്‍ തലയാട്ടി.

'ചതി.''

പ്രഭാകരന്‍ വക്കീല്‍ പറഞ്ഞു.

'ചതി.'

ഏറ്റുപറഞ്ഞത് ഇത്ര നേരവും നിശ്ശബ്ദനായിരുന്ന പ്രകാശനാണ്.

***
ഇത്രയൊക്കെ കേട്ടിട്ടും എല്ലാം വെറും ഊഹാപോഹങ്ങളാകുമെന്നാണ് ലക്ഷ്മി വക്കീല്‍ ചിന്തിച്ചത്. അത്ര പെട്ടെന്ന് ഇത്രനാളും വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ വിട്ട് അശ്വതിക്ക് പോകാന്‍ കഴിയുമോ?

അശ്വതി തൊപ്പിക്കാരന്റെ കാര്യം പറയുന്നത് സൂസന്‍ മിസ്സ് കേട്ടതില്‍ വലിയ കാര്യമൊന്നുമില്ല. കുട്ടിക്കാലത്തു അശ്വതി, കാര്‍ട്ടൂണ്‍വെച്ച് കൊടുക്കാതെ ഭക്ഷണംപോലും കഴിക്കാറില്ലായിരുന്നു. അതിലൊരു കാര്‍ട്ടൂണില്‍ ഒരു നീളന്‍ തൊപ്പിക്കാരന്‍ കഥാപാത്രമുണ്ട്. ആ തൊപ്പിക്കാരനെ നോക്കി എത്ര നേരം വേണമെങ്കിലും അവള്‍ ടി.വിക്കു മുന്നില്‍ ഇരുന്നോളുമായിരുന്നു. എത്ര ഉരുളച്ചോറ് വേണമെങ്കിലും തൊപ്പിക്കാരനെ നോക്കി അകത്താക്കുകയും ചെയ്യും. വളര്‍ന്നിട്ടും ഇടയ്‌ക്കെല്ലാം യൂട്യൂബില്‍ അശ്വതി കാര്‍ട്ടൂണുകള്‍ കണ്ടിരിക്കാറുണ്ട്. അവളുടെ ഏതെങ്കിലും കൂട്ടുകാരിയോട് ഈ തൊപ്പിക്കാരനെപ്പറ്റി സംസാരിച്ചതായിക്കൂടെ?

പക്ഷേ, റീന മാഡം കണ്ടെന്നു പറയുന്ന തൊപ്പിക്കാരന്‍ ജുനൈസോ?

അതോര്‍ത്തപ്പോള്‍ ലക്ഷ്മി വക്കീലിന്റെ ശുഭാപ്തിവിശ്വാസം മങ്ങി. അങ്ങനെയെങ്കില്‍ അശ്വതിയും വിവേകും പോയതെങ്ങോട്ടെന്നുള്ള ചോദ്യത്തിനും അവരുടെ കയ്യില്‍ ഉത്തരമുണ്ടായില്ല.

പ്രഭാകരന്‍ വക്കീലിനു പക്ഷേ, ഇത്തരം സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിഭീകരമായ ഒരു ഗൂഢാലോചനയാണ് ഇവിടെ നടന്നിരിക്കുന്നത് എന്ന് വക്കീലിന് ഉറപ്പാണ്. അതുകൊണ്ട് വക്കീല് വേഗം തന്നെ അനന്തരവനായ സുമേഷിനെ വിളിച്ചുവരുത്തുകയാണ് ഉണ്ടായത്. അച്ഛന്‍ സര്‍വ്വീസിലിരിക്കെ മരിച്ചതിന്റെ പേരില്‍ പൊലീസില്‍ കയറിയ സുമേഷ്, ഇപ്പോള്‍ ടൗണില്‍നിന്ന് അല്പം മാറിയൊരു സ്‌റ്റേഷനില്‍ എസ്.ഐ പോസ്റ്റില്‍ ജോലി ചെയ്യുകയാണ്. 

പ്രഭാകരന്‍ വക്കീല് ഇതിലൊരു ഗൂഢാലോചന നടന്നതായി ഉറപ്പിക്കാനുള്ള കാരണം പ്രകാശനുമായി ബന്ധപ്പെട്ടുള്ളതാണ്.

ഏതാനും വര്‍ഷങ്ങളുടെ പ്രവാസി ജീവിതം മതിയാക്കി ആറ് മാസം മുന്നെയാണ് പ്രകാശന്‍ നാട്ടിലെത്തിയത്. കയ്യിലെ സമ്പാദ്യമെല്ലാം ചിലവിട്ട് ഒരു എ.സി ഷോറൂം തുടങ്ങാനായിരുന്നു അയാളുടെ പ്ലാന്‍. പ്രവാസത്തിലെ ചില കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വേണ്ടിടത്തും അല്ലാത്തിടത്തും പറയുമെന്നല്ലാതെ അയാളെപ്പറ്റി നാട്ടുകാര്‍ക്കും പൊതുവില്‍ മോശം അഭിപ്രായം ഒന്നുമില്ല. കണ്ണായ സ്ഥലത്തു കെട്ടിടം വാങ്ങി എ.സി ഇറക്കി കട ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്.

സംഗതി യൂണിയന്‍ പ്രശ്‌നം തന്നെ.

യൂണിയന്‍കാര് പറയുന്ന കൂലി പ്രകാശന് വളരെ അധികമായി തോന്നി.

'ഇതിന്റെ പാതി കൂലിക്ക് ഒറീസേന്നും യു.പീന്നും ഞാന്‍ ആളെയിറക്കിക്കാട്ടാം.'

ഒരാവേശത്തിനു പറയുക മാത്രമല്ല, പ്രകാശന്‍ അതിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ, യൂണിയന്‍കാര് വിടുമോ?

ലോഡിറക്കാന്‍ വന്നവരെ അവര് തടഞ്ഞു. ലോഡ് മുഴുവന്‍ ഒരാഴ്ച കെട്ടിക്കിടന്നു. ഗത്യന്തരമില്ലാതെ പ്രകാശന്‍ അത് തിരിച്ചയച്ചു. ശേഷം കുറച്ചുകാലം തര്‍ക്കത്തോട് തര്‍ക്കമായിരുന്നു. യൂണിയന്‍കാര്‍ക്ക് കൂലികൊടുത്ത് ഒരേര്‍പ്പാടിനുമില്ലെന്ന് പ്രകാശന്‍. എന്നാപ്പിന്നെ ലോഡിറക്കുന്നത് കാണട്ടെ എന്ന് യൂണിയന്‍കാര്‍. കടയ്ക്ക് മുന്നില്‍ കൊടികുത്തി അവര്‍ സമരം ശക്തമാക്കി. രാവിലേം വൈകീട്ടും കുത്തിയിരുന്ന് മുദ്രാവാക്യം വിളി. പ്രകാശന്‍ പുറത്തിറങ്ങിയാല്‍ വഴി തടയല്‍. ന്യായമായ കൂലി ലഭിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് യൂണിയന്‍കാര്‍ ശഠിച്ചു. പ്രകാശന്റെ മുഴുവന്‍ സാധ്യതകളുമടഞ്ഞു. പണ്ടേ അവരോടുള്ള അയാളുടെ ചൊരുക്ക് മൂത്തു.

'ഇതാണ് ഈ നാടിന്റെ ശാപം. കേരളം നന്നാകാത്തതിന്റെ കാരണം ഇതൊക്കെത്തന്നാ.'

പ്രകാശന്‍, കാണുന്നവരോടെല്ലാം പല്ല് കടിച്ചു പറയാറുണ്ടായിരുന്നു. പത്രക്കാരേം ചാനലുകാരേം വിളിച്ച് പ്രകാശന്‍ ഒരു നമ്പറിറക്കി നോക്കി. അവര് നല്ല കവറേജ് കൊടുത്തെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമം ഏറെക്കാലം പ്രകാശന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. പ്രവാസത്തിലെ കദനകഥകളും നാട്ടിലെ സാഹചര്യങ്ങളും വിളമ്പി അവര്‍ സഹതാപതരംഗമുണ്ടാക്കാന്‍ ശ്രമിച്ചു. പ്രകാശന്‍ തലയില്‍ എ.സി ചുമന്നു നടക്കുന്ന ഫുട്ടേജ് കൂടെ ചേര്‍ത്തു സംഭവം കൊഴുപ്പിച്ചു.

ഫലം നാസ്തി!

ഇതെല്ലാം വിസ്തരിച്ചെഴുതി ഫേസ്ബുക്കിലും പ്രകാശന്‍ ഒരു കളികളിച്ചു. വലിയ രീതിയില്‍ ലൈക്കുകളും ഷെയറുകളും പോസ്റ്റിനു കിട്ടിയെങ്കിലും ആഗ്രഹിച്ച തരത്തില്‍ കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നില്ല. ഭരണം അപ്പുറത്തുള്ളിടത്തോളം ഇനിയും ഇടഞ്ഞിട്ട് കാര്യമില്ലെന്ന് പ്രകാശന്‍ തിരിച്ചറിഞ്ഞു.

'വല്ല തെലുങ്കാനയിലും പോയി തൊടങ്ങിയാ മതിയായിരുന്നു'

എന്ന് ആത്മഗതം ചെയ്ത പ്രകാശന്റെ അടുത്ത ആശ്രയം, ഏട്ടന്‍ പ്രഭാകരന്‍ വക്കീലായിരുന്നു. പണ്ട് കുറെ കൊടി പിടിച്ചു നടന്നതിന്റെ തഴമ്പ് അയാളുടെ കയ്യിലുണ്ട്. പക്ഷേ, എല്ലാം വെച്ചുമടക്കി, തെറ്റിപ്പിരിഞ്ഞു വന്നതാണ്. അതില്‍പിന്നെ പാര്‍ട്ടിക്കാരുമായി അത്ര രസത്തിലല്ല. കൂടാതെ, മിക്കപ്പോഴും കോടതിയില്‍ വക്കീലിന്റെ എതിര്‍കക്ഷികള്‍ പാര്‍ട്ടിക്കാരാകാറുണ്ട് താനും.

'എന്നാലും അന്നത്തെ പരിചയംവെച്ചു ആരെയേലും പിടിച്ചൂടേ?'

ഇല്ലെന്നുതന്നെയായിരുന്നു പ്രഭാകരന്‍ വക്കീലിന്റെ മറുപടി.

സ്വന്തം കാര്യത്തിന് വക്കീല്‍ ഒരിക്കല്‍ അതിനു ശ്രമിച്ചിട്ടുള്ളതുമായിരുന്നു. വീട്ടിലേക്കുള്ള ഒരു വഴിപ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മെമ്പര്‍ ഉത്തമനോട് പഴയ സൗഹൃദംവെച്ച് പറഞ്ഞപ്പോള്‍ അയാള്‍ മുന്നേ കണ്ട ഭാവംപോലും നടിച്ചിരുന്നില്ല.

'നമുക്ക് കേസിനു പോകാം.'

വക്കീല്‍ അനിയനെ സമാധാനിപ്പിച്ചു. ഏട്ടന്റേം ഏട്ടത്തിയുടേം കഴിവില്‍ വിശ്വസിച്ചു പ്രകാശന്‍ അതിനു തയ്യാറായി.
 
വാദപ്രതിവാദങ്ങളുടെ ഏതാനും മാസങ്ങള്‍ക്കുശേഷം അനുകൂലവിധി വരുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് വില്ലനായി ജുനൈസ് അവതരിക്കുന്നത്.

ആരാണ് ജുനൈസ്?

പോര്‍ട്ടര്‍ അബ്ദുവിന്റെ മകന്‍.

ആരാണ് പോര്‍ട്ടര്‍ അബ്ദു?

പ്രകാശന്റെ സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്നവരുടെ നേതാവ്.

എന്താണിവിടെ നടന്നിരിക്കുന്നത്?

സംഗതി ഒരു സിനിമാക്കഥപോലെ ലളിതമായിരുന്നു. കേസ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യൂണിയന്‍കാര്‍ ഒരു കളി കളിച്ചതാണ്. വക്കീലിന്റെ മോളെത്തന്നെ വശത്താക്കി. പോരാഞ്ഞിട്ട് സപ്പോര്‍ട്ടായി പ്രധാന കക്ഷിയുടെ മോനെയും കൂടെക്കൂട്ടി.

ഇനിയെന്താണ്?

വിലപേശലോ? ഭീഷണിയോ?

അതുമല്ലെങ്കില്‍ ദിവ്യപ്രണയമോ?

അതായിരുന്നു വക്കീലിന്റെ ഏറ്റവും വലിയ ഭയം.

'ഇരുപത്തിനാല് മണിക്കൂറും രണ്ടും ഫോണില്‍ കുത്തിയിരിക്കുമ്പോഴേ ശ്രദ്ധിക്കണമായിരുന്നു.'

പ്രഭാകരന്‍ വക്കീല്‍ ദേഷ്യത്തോടെ പറഞ്ഞു.

'നമ്മടെ മോളല്ലേ വക്കീലേ? അങ്ങനങ്ങ് പോകാന്‍ പറ്റുമോ?'

ലക്ഷ്മി വക്കീല്‍ കരച്ചിലിനിടെ ചോദിച്ചു.

'അല്ല മാമാ, ഇനിയെന്താ പരിപാടി?'

എസ്.ഐ. സുമേഷ് ചോദിച്ചു. രണ്ടിനും പ്രഭാകരന്‍ വക്കീലിന്റെ കയ്യില്‍ മറുപടിയുണ്ടായിരുന്നില്ല.

***
ഔദ്യോഗിക വാഹനം ഒഴിവാക്കി പ്രഭാകരന്‍ വക്കീലിന്റെ കാറിലാണ് എസ്.ഐ സുമേഷ് അന്വേഷണത്തിനു തുടക്കമിട്ടത്. പ്രഭാകരന്‍ വക്കീലിനേയും സുമേഷിനേയും കൂടാതെ ലക്ഷ്മി വക്കീലും പ്രകാശനും കാറിലുണ്ട്.

ലക്ഷ്മി വക്കീല്‍ ഇതുവരെയും കരച്ചില്‍ നിര്‍ത്തിയിട്ടില്ല. പ്രകാശന്‍ ഭാര്യയോട് ഇതുവരെ കാര്യം പറഞ്ഞിട്ടുമില്ല. പറഞ്ഞാലും ഇത്ര ബഹളം വെക്കാന്‍ സാധ്യതയില്ല.

അവനൊരു ആണ്‍കുട്ടിയല്ലേ?

എന്തോരം സ്വപ്നങ്ങളായിരുന്നു വക്കീലിനു മോളെപ്പറ്റി?

'രാഷ്ട്രീയോം കൊടച്ചക്രോം ഒന്നും വേണ്ടാന്ന് വെച്ചാ ഇത്രേം പൈസ കൊടുത്തു മാനേജ്‌മെന്റ് സീറ്റില്‍ പഠിപ്പിക്കാന്‍ വിട്ടേ. മര്യാദയ്ക്ക് കോഴ്‌സ് കഴിഞ്ഞു വല്ല കാനഡേലോ ജര്‍മനിയിലോ പോയി രക്ഷപ്പെട്ടോട്ടെ എന്നു വിചാരിച്ചിരിക്കുമ്പഴാ...'

പ്രഭാകരന്‍ വക്കീല്‍ അമര്‍ഷത്തോടെ പറയുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില വിവരങ്ങള്‍ സുമേഷ് അപ്പോഴേക്കും ശേഖരിച്ചിട്ടുണ്ടായിരുന്നു. ജുനൈസിനെപ്പറ്റിയുള്ള ഡീറ്റെയില്‍സ് തന്നെ മുഖ്യം. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.കോം സെക്കന്റ് ഇയറിലാണ് കക്ഷി. കാഴ്ചയ്ക്ക് സുന്ദരന്‍. ചെറിയ കഷണ്ടിയുള്ളത് കൊണ്ട് ഫഹദ് ഫാസിലിന്റെ ഒരു ഛായ കാണുന്നവര്‍ക്ക് തോന്നിയേക്കും. അതേ കാരണത്താല്‍ എപ്പോഴും തൊപ്പി വെച്ചാണ് നടത്തം.

അടുപ്പക്കാരുടെയിടയില്‍ ജുനൈസിന്റെ ചെല്ലപ്പേരാണ് തൊപ്പിക്കാരന്‍. അടുപ്പക്കാരുടെയിടയില്‍ മാത്രം.

ഇക്കാര്യം പക്ഷേ, സുമേഷ് മിണ്ടിയില്ല. പിള്ളേരുടെ ഫോണ്‍ ഇതുവരെയും ഓണ്‍ ആയിട്ടില്ല. സൈബര്‍ സെല്ലിലെ പരിചയക്കാരുടെ സഹായത്തോടെ ജുനൈസിന്റെ ലൊക്കേഷന്‍ സുമേഷ് മനസ്സിലാക്കിവെച്ചിട്ടുണ്ടായിരുന്നു. ജുനൈസിന്റെ ഫോണ്‍ ഇപ്പോഴുള്ളത് യൂണിവേഴ്‌സിറ്റി കോളേജിലോ പരിസരത്തോ അല്ല. ജുനൈസിന്റെ ഫോണ്‍ കലക്ടറേറ്റിന്റെ ചുറ്റുവട്ടത്താണ്. അതേ കോമ്പോണ്ടില്‍തന്നെയാണ് രജിസ്ട്രാര്‍ ഓഫീസും. ഈ വിവരവും സുമേഷ് പരസ്യപ്പെടുത്തിയില്ല.

എങ്ങാനും പെണ്ണും ചെറുക്കനും രജിസ്ട്രാറുടെ മുന്നില്‍, കെട്ടാന്‍ റെഡി ആയി ഇരിക്കുകയാണെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു സുമേഷിന്റെ ചിന്ത. നിയമം അവരുടെ കൂടെയാണ്. അതൊക്കെ അറിയാമെങ്കിലും പ്രഭാകരന്‍ മാമന്‍ ഒരങ്കത്തിനു മുതിരാനുള്ള സാധ്യതയുമുണ്ട്. ജുനൈസിനു പാര്‍ട്ടിക്കാരുടെ കൂട്ട് ഉണ്ടാകും. അവരെ പിണക്കി ഇനിയങ്ങോട്ടുള്ള കാലം ജോലി ചെയ്യുന്നത് ചിന്തിക്കാനും വയ്യ. സുമേഷ് ധര്‍മ്മസങ്കടത്തിലായി.

എന്നാലും നേരാംവണ്ണം മുഖത്തുപോലും നോക്കാത്ത ഈ പിള്ളേര്‍ ജുനൈസിന്റെ വലയില്‍ എങ്ങനെ വീണെന്നാണ് സുമേഷ് സംശയിച്ചത്.

പ്രായമതല്ലേ?

വിപ്ലവം, മുന്നേറ്റം, സമത്വം എന്നെല്ലാം പറഞ്ഞാല്‍ വീണുപോകാന്‍ സാധ്യതയുണ്ട്. ചോര ചിലപ്പോള്‍ തിളച്ചുമറിയും. ലോകത്തെ അങ്ങ് മാറ്റിമറിക്കാമെന്ന് ഒരു തോന്നല് വരും. ബോധം വരാന്‍ സമയമെടുക്കും. എന്നാലും സ്വന്തം അച്ഛന്റെ വര്‍ഗ്ഗശത്രുക്കള്‍ ആണെന്നെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ?

'ഇനി വല്ല ലവ് ജിഹാദുമാണോ എന്നാ.'

പ്രകാശന്‍ പറഞ്ഞപ്പോള്‍, ഒന്ന് ഒതുങ്ങിയിരുന്ന ലക്ഷ്മി വക്കീലിന്റെ കരച്ചില്‍ ഉച്ചസ്ഥായിയിലായി.

'മതം മാറ്റി മുഖവും മറച്ചു നടത്തിക്കുവോ? അതോ ആട് മേയ്ക്കാന്‍ കൊണ്ട്‌പോകുവോ?'

പ്രകാശന് നിര്‍ത്താന്‍ ഒരുക്കമുണ്ടായിരുന്നില്ല.

'മിണ്ടാതിരി മാമാ, അവരൊക്ക പാര്‍ട്ടിക്കാരാ.'

സുമേഷ് ഇടപെട്ടു.

'എടാ ഇവന്മാര് എല്ലാത്തിലും നുഴഞ്ഞുകേറിക്കാണും. തന്തപ്പടി കൊറേ കൊടിയും പിടിച്ചു നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലല്ലോ. മോനതൊക്കെ കാണാതിരിക്കുവോ?'

പ്രകാശന്‍ വിട്ടുകൊടുത്തില്ല.

'ഓട്ടോക്കാര് ടൗണില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നം കാരണം സമരത്തിലായോണ്ട് റോഡില്‍ വല്യ തിരക്കില്ല.'

സുമേഷ് വിഷയം മാറ്റാന്‍ ശ്രമിച്ചു.

'ഓട്ടോ സമരം. ബസ് സമരം. ഇന്നാട്ടില് സമരം അല്ലാണ്ട് എന്തെങ്കിലും നടക്കുന്നുണ്ടോ?'

തല്‍ക്കാലം പ്രകാശനാരും ഉത്തരം കൊടുത്തില്ല. അഞ്ചു മിനിറ്റിനുള്ളില്‍ അവര്‍ സ്ഥലത്തെത്തി.

സുമേഷ് നയത്തില്‍ കളക്ടറേറ്റ് വളപ്പിലേക്ക് കാറ് കയറ്റി. എന്തിനാണെന്ന് ആരോടും പറയാന്‍ നിന്നില്ല. എന്തോ അത്യാവശ്യ കാര്യത്തിന് അയാള്‍ പോകുകയാണെന്നായിരുന്നു കാറിലുള്ളവര്‍ ധരിച്ചത്. ഇനിയങ്ങോട്ടുള്ള കാര്യങ്ങളെപ്പറ്റി സുമേഷിനും വലിയ പ്ലാനൊന്നുമില്ല.

കളക്റ്ററേറ്റിന്റെ മുന്നിലെ മൈതാനത്ത് എന്തോ പരിപാടി നടക്കാന്‍ പോകുന്നതിന്റെ കോലാഹലങ്ങളാണ്. ഒരു ബാനര്‍. 'ഗ്യാസ് വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധജാഥ' എന്ന് തലക്കെട്ട്. ബാനറിന്റെ ചോട്ടില്‍ ആരൊക്കെയോ നിന്ന് മുറുമുറുക്കുന്നു. കുറച്ചു മധ്യവയസ്‌കര്‍. കുറച്ചു പേര് നന്നേ പ്രായം ചെന്നവര്‍. ചെറുപ്പക്കാര്‍ വളരെ കുറവ്. എല്ലാം കൂടെ അന്‍പതില്‍ താഴെ ആളുകള്‍. ജോലി സംബന്ധമായി ഇതില്‍ പലരോടും സുമേഷ് ഇടപെട്ടിട്ടുള്ളതാണ്. ആ പരിചയം വെച്ച് അവരോടെല്ലാം സുമേഷ് പുഞ്ചിരിച്ചു.

മൈതാനത്തിന്റെ അങ്ങേ തലയ്ക്കല്‍ തൊപ്പിവെച്ചൊരു ചെറുപ്പക്കാരനെ കണ്ടു സുമേഷ് അമ്പരന്നു.

ജുനൈസ്!
അതേ ചുവന്ന തൊപ്പി
എന്ത് ചെയ്യണം?

അരിശം തലയോളം പെരുത്തുകയറിയെങ്കിലും പൊലീസ് രീതിയില്‍ ചോദ്യം ചെയ്യലൊന്നും നടക്കുന്ന കാര്യമല്ലെന്ന് സുമേഷിനറിയാമായിരുന്നു. കൂടിനില്‍ക്കുന്നതില്‍ ചിലരെല്ലാം പ്രധാനികളാണ്. അവര്‍ വിചാരിച്ചാല്‍ പലതും നിസ്സാരമാണ്. ആ ബോധ്യം സുമേഷിന്റെ ചലനങ്ങളിലുണ്ട്.

'തിരക്ക് തന്നെ അല്ലേ?'

ഏതോ നോട്ടീസിലേക്ക് സസൂക്ഷ്മം നോക്കിയിരിക്കുന്ന ജുനൈസിന്റെ അടുത്തേയ്ക്ക് നടന്നു ലോഹ്യഭാവത്തില്‍ സുമേഷ് ചോദിച്ചു. കൃത്രിമമായ ഒരു പുഞ്ചിരി അയാള്‍ ചുണ്ടുകളില്‍ വിരിയിക്കുകയും ചെയ്തു.

'ഒരാവശ്യത്തിനല്ലേ സാറേ?'

ജുനൈസ് തിരിച്ചു ചോദിച്ചു. സുമേഷ് യൂണിഫോമില്‍ ആയതിനാല്‍ ആര്, എന്ത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ല.

'ആളുകളൊക്കെ വരുന്നതേ ഉള്ളൂ അല്ലേ?'

'ആ, ഉച്ചയ്ക്ക് ശേഷമല്ലേ പരിപാടി. കുറച്ചൂടെ പേര് വരും.'

ഇനിയും തിരിച്ചും മറിച്ചും ചോദിച്ചു നേരം കളയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സുമേഷിനറിയാമായിരുന്നു. അതുകൊണ്ടയാള്‍ നേരെ കാര്യത്തിലേക്ക് കടന്നു.

'ആ അശ്വതി ഇങ്ങോട്ടെങ്ങാന്‍ വന്നാരുന്നോ?'

സുമേഷ്, ജുനൈസിന്റെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കി.

'ഏത് അശ്വതി?'

ജുനൈസ് ഒന്നുമറിയാത്ത ഭാവത്തില്‍, ഗൗരവം വിടാതെ ചോദിച്ചു.

'അശ്വതിയെ അറിയില്ലേ?'

കോളേജിന്റെ പേര് കൂടെ ചേര്‍ത്ത് ഒരുവട്ടം സുമേഷ് ചോദ്യം ആവര്‍ത്തിച്ചു.

അതില്‍ ഒരു കുനിഷ്ടുള്ളതായി ജുനൈസിന് തോന്നിയിരിക്കണം.

'എന്താ കാര്യമെന്ന് പറ സാറെ.'

ജുനൈസ് അക്ഷമ കാണിച്ചു.

'ഞങ്ങക്ക് വന്നൊരു പരാതി ആണ്. അശ്വതിയെ കാണാനില്ലെന്ന്. അപ്പൊ അവള് ജൂനൈസിന്റെ കൂടെ സമരത്തിനെങ്ങാന്‍ വന്നോന്ന്...'

അശ്വതിയോടുള്ള ബന്ധം വിവരിക്കാതെ, ഒരു മിസ്സിങ്ങ് കേസ് അന്വേഷിക്കുമ്പോലാണ് സുമേഷ് ഇടപെട്ടത്. 

ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ സുമേഷ് ചുറ്റും കണ്ണോടിച്ചു. വാക്കുകളും വളരെ സൂക്ഷിച്ചാണ് അയാള്‍ ഉപയോഗിച്ചത്.

'എന്റെ കൂടെ സമരത്തിനോ. എന്ന് ആര് പറഞ്ഞു?'

ജുനൈസ് അത്ഭുതവും അന്ധാളിപ്പും കലര്‍ന്ന മട്ടില്‍ കണ്ണുകള്‍ വിടര്‍ത്തി.

'അങ്ങനല്ല, അശ്വതി ജുനൈസിനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞാരുന്നു.'

'പ്രിന്‍സിപ്പലോ?'

'മിനിയാന്ന് യൂണിറ്റ് തുടങ്ങാന്‍ പെര്‍മിഷന്‍ ചോദിച്ചു പോയപ്പോ...'

'യൂണിറ്റ് തുടങ്ങാന്‍ പെര്‍മിഷനോ?'

ജുനൈസ് ചിരിച്ചു.

'അവിടെ കഴിഞ്ഞയാഴ്ച ഒരു കുട്ടി സൂയിസൈഡിനു ശ്രമിച്ചതറിഞ്ഞില്ലേ സാറെ? മാനേജ്‌മെന്റിനെതിരെ കംപ്ലയിന്റ് ഒക്കെ പറഞ്ഞേ?'

'അത് ചോദിക്കാനാണോ പോയേ?'

സുമേഷ് എസ്.ഐ ചോദിച്ചു.

'പിന്നെ ചോദിക്കണ്ടേ സാറേ?'

'അപ്പൊ അശ്വതിയോട് എന്താ പറഞ്ഞേ?'

'ആരാ സാറേ അശ്വതി?'

ജുനൈസിന് വീണ്ടും ചെറുതായി ക്ഷമ കെട്ടു. സുമേഷ് അവിശ്വസനീയതയോടെ ജുനൈസിനെ നോക്കി. അയാള്‍ നുണ പറയുന്നതുപോലില്ല. അപ്പോള്‍ തന്നെ സുമേഷ് ഫോണെടുത്തു അശ്വതിയുടെ ഫോട്ടോ കാണിച്ചു. കുറച്ചുനേരം ജുനൈസ് നെറ്റി ചുളിപ്പിച്ചു അതിലേക്കു നോക്കി.

'ഈ കുട്ടി...'

ജുനൈസ ഓര്‍ത്തെടുത്തു.

'കണ്ടിട്ടില്ലേ?'

സുമേഷ് പ്രതീക്ഷയോടെ ചോദിച്ചു.

'കണ്ടിട്ടുണ്ട്. അവിടെ നിന്നപ്പോ ഇന്നത്തെ സമരത്തിലേക്ക് വരുവോന്ന് ഞാന്‍ കുറച്ചു പേരോടൊക്കെ ചോദിച്ചാരുന്നു.

അക്കൂട്ടത്തില്‍ ഈ കുട്ടിയോടും ചോദിച്ചിട്ടുണ്ട്.'

'എന്നിട്ട്?'

'എന്തിനാ സമരമെന്ന് അറിയാമോ എന്ന് ചോദിച്ചു.'

'അപ്പൊ?'

'ഇല്ലെന്ന് പറഞ്ഞു. ഗ്യാസിന് വില കൂടിയത് അറിഞ്ഞോ എന്ന് ചോദിച്ചു.'

'അവളെന്തു പറഞ്ഞു?'

'ഇല്ലാന്ന്. ഗ്യാസിന് വില കൂട്ടുന്നതാരാ എന്ന് അറിയാമോ എന്ന് ചോദിച്ചു.'

'അപ്പഴോ?'

'ഇല്ലാത്രേ.'

'പിന്നെ?'

'പിന്നെന്ത് ചോദിക്കാനാ സാറെ?'

സുമേഷ് ഒരൊറ്റ ഓട്ടമായിരുന്നു, കാറിലേക്ക്. ഞങ്ങള്‍ എന്തെങ്കിലും ചെയ്യണോ സാറെ എന്ന് ജൂനൈസ് വിളിച്ചു ചോദിച്ചത് അയാള്‍ കേട്ട്കൂടിയില്ല.

'പെണ്ണ് ജുനൈസിന്റെ കൂടെ പോയിട്ടില്ല കേട്ടോ. അവര് തമ്മില്‍ പരിചയം പോലുമില്ല.'

സുമേഷ് ആവേശത്തോടെ വിളിച്ചു പറഞ്ഞു. ഇപ്പോള്‍ ചാകുമെന്ന മട്ടില്‍ തളര്‍ന്നിരുന്ന ലക്ഷ്മി വക്കീലും പ്രഭാകരന്‍ വക്കീലും ആശ്വാസത്തോടെ നെഞ്ചത്തു കൈവെച്ചു.

'അവിടെന്താ സമരമാ?'

പ്രകാശന്‍ തിരക്കി.

'ആ'

സുമേഷ് മൂളി.

'രണ്ടാളും അതിലൊന്നും പോയി പെട്ടിട്ടില്ലല്ലോ? അങ്ങനാണേ ചെറുക്കന്റെ മുട്ട് ഞാന്‍ തല്ലിയൊടിക്കും.'

'അതൊന്നുമില്ല മാമാ. അത് ഗ്യാസിന് വില കൂട്ടിയതിന്റേയാ.'

'ഹും. ഗ്യാസിനിപ്പോ ഒരന്‍പത് രൂപ കൂട്ടിയതാ തെറ്റ്. നാട്ടില്‍ വികസനം വരാന്‍ പാടില്ലല്ലോ. ഇവര്‍ക്ക് ജാഥയ്ക്ക് പിന്നെ ആളെ കിട്ടുവോ?'

'അല്ല സുമേഷേ, പിള്ളേര് പിന്നെവിടാ?'

പ്രകാശന്‍ വക്കീല്‍ ബോധം തിരിച്ചുകിട്ടിയ മട്ടില്‍ വെപ്രാളത്തോടെ ചോദിച്ചു. ഒരു കുരുക്കഴിച്ച സന്തോഷത്തില്‍ ഇരുന്ന സുമേഷ്, ഇക്കാര്യം പാടെ മറന്നുപോയിരുന്നു.

***
ലക്ഷ്മി വക്കീലിന്റെ കണ്ണീര് അപ്പോഴും തോര്‍ന്നിട്ടുണ്ടായിരുന്നില്ല. ജുനൈസല്ലെന്ന് ആശ്വസിക്കാം. പിന്നെ ഏതാണ് ആ തൊപ്പിക്കാരന്‍? എന്ത് ധൈര്യം വെച്ചാണ് പിള്ളേര് ഇങ്ങനൊരു പോക്കങ്ങ് പോയത്? അതോ പ്രൊഫസ്സര്‍ പറഞ്ഞതുപോലെ രണ്ടുംകൂടെ?

പുറത്തു പറഞ്ഞില്ലെങ്കിലും സുമേഷിന് വേറെ ചില സംശയങ്ങളുണ്ടായിരുന്നു.

ടീന്‍ഏജ് അല്ലേ രണ്ടിനും പ്രായം? വല്ല ലഹരി മാഫിയയില്‍ എങ്ങാനും ചെന്ന് പെട്ടതാണെങ്കിലോ? കോളേജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുറെ സംഘങ്ങളെപ്പറ്റി സുമേഷിന് നേരിട്ട് തന്നെ അറിവുണ്ട്. അവരും ആളറിയാതിരിക്കാന്‍ തൊപ്പിയും കണ്ണടയുമൊക്കെ വെച്ചാണ് ഇടപാടുകാരെ തപ്പിപ്പോകാറുള്ളത്.

അങ്ങനൊരു സാധ്യത പൂര്‍ണ്ണമായും തള്ളാമോ?

ഇല്ലെന്ന് തന്നെയായിരുന്നു സുമേഷിന്റെ ഉത്തരം.

മാമന്മാരുടേയും മാമിയുടേയും ശ്രദ്ധയില്‍പെടാതെ സുഹൃത്തുക്കളെ വിളിച്ച് ഈവഴിക്ക് കൂടെ ഒന്ന് അന്വേഷിക്കാന്‍ പറയാന്‍ സുമേഷ് തീരുമാനിച്ചപ്പോഴാണ് അയാളുടെ ഫോണടിച്ചത്.

ആണോ, ശരി, ഓകെ എന്നിങ്ങനെ ചില മറുപടികളെ അയാള്‍ പറയുന്നുണ്ടായിരുന്നുവെങ്കിലും സുമേഷിന്റെ മുഖത്ത് വിരിയുന്ന ഭാവപ്രകടനങ്ങളിലൂടെ കാര്യപ്പെട്ട എന്തോ വിവരം അയാള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് മറ്റുള്ളവര്‍ക്കു മനസ്സിലായി.

'ഗുഡ് ന്യൂസാ.'

ഫോണ്‍ വെച്ചതും സുമേഷ് അലറി.

'എന്താടാ?'

പ്രഭാകരന്‍ വക്കീലും പ്രകാശനും ഒന്നിച്ചു ചോദിച്ചു.

'അശ്വതിയുടെ ഫോണ്‍ ഓണായി. ലൊക്കേഷന്‍ കിട്ടി. ടൗണ്‍ സ്‌ക്വയര്‍.'

പിന്നൊരു പറപ്പിക്കലായിരുന്നു. ടൗണ്‍ സ്‌ക്വയര്‍ എന്നു പറയുന്നതിലും ചില കുഴപ്പങ്ങളുണ്ട്. അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ റെയില്‍വേ സ്‌റ്റേഷനും ബസ് സ്റ്റാന്‍ഡും ഉണ്ട്. അതാണ് ഒരു നിമിഷം പോലും പാഴാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചത്.

ഈ മരണപ്പാച്ചില് കഴിഞ്ഞ് അവിടെത്തിയപ്പോഴുള്ള സ്ഥിതിയോ?

ഇന്നേവരെ കാണാത്ത ആള്‍ക്കൂട്ടമായിരുന്നു സ്‌ക്വയറില്‍. പറയുന്നത് അവനവനുപോലും കേള്‍ക്കാത്തത്ര ബഹളവും.
 
നാലാളും ഇതെല്ലാം കണ്ടു അന്തംവിട്ടു.

എന്താണവിടുത്തെ വിശേഷം?

പൂരമാണോ?

അതോ പെരുന്നാളോ?

കാര്‍ പാര്‍ക്കിങ്ങിനെന്നല്ല, സൂചികുത്താനുള്ള ഇടംപോലുമില്ല. ബാക്കിയുള്ളവരെ ഇറക്കി സുമേഷ് കാറുംകൊണ്ട് നിരങ്ങിനിരങ്ങി മുന്നോട്ട് പോയി. പ്രഭാകരന്‍ വക്കീലും ലക്ഷ്മി വക്കീലും പ്രകാശനും അന്തമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ മക്കളെ തിരഞ്ഞു. 

ആയിരങ്ങളാണോ?

അതോ ലക്ഷം തന്നെയോ?

അധികവും പതിനേഴോ പതിനെട്ടോ തോന്നിക്കുന്ന നരിന്തു പിള്ളേര്‍. കോരിച്ചൊരിയുന്ന മഴയത്ത് ഒരു പുഴ നീന്തിക്കടക്കാന്‍ ഇത്രയും ബുദ്ധിമുട്ടില്ല!

വഴിയില്‍ കണ്ട സെക്യൂരിറ്റി ചേട്ടനോട് അവര്‍ കാര്യം തിരക്കി. ഒരു ടെക്‌സ്‌റ്റൈല്‍സ് കടയുടെ ഉദ്ഘാടനം ആണെന്നായിരുന്നു മറുപടി. 

ആരാണ് ഈ കേമപ്പെട്ട ഉദ്ഘാടകന്‍?

ആരെ കാണാനാണ് ഇവരെല്ലാം തിക്കിത്തിരക്കുന്നത്?

ഏറ്റവും പിറകില്‍നിന്ന് അവര്‍ ഏന്തിവലിഞ്ഞു നോക്കി. സ്‌റ്റേജില്‍ മെലിഞ്ഞു കൊലുന്നനെയൊരു ചെറുപ്പക്കാരന്‍ മൈക്കും പിടിച്ചു തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. അയാള്‍ തിളങ്ങുന്ന ഒരു തൊപ്പി ധരിച്ചിട്ടുണ്ട്.

മൂന്നാളും അയാളെ മുന്‍പ് കണ്ടിട്ടേയില്ല. 

'ഇതാരാ?'

പ്രഭാകരന്‍ വക്കീല്‍ ആള്‍ക്കൂട്ടത്തില്‍ ഏറ്റവും പുറകില്‍ നിന്നിരുന്ന ഒരു കുട്ടിയോട് ചോദിച്ചു.

ഇയാളാരെടാ എന്ന മട്ടില്‍ കുട്ടി കുറച്ചുനേരം അയാളെ തുറിച്ചുനോക്കി.

'സിനിമാ നടനാ?'

വക്കീല്‍ വീണ്ടും ചോദിച്ചു.

'ഉംഉം.'

'പാട്ടുകാരനാ?'

ഒരു അന്യഗ്രഹജീവിയെ നോക്കുന്ന ഭാവത്തില്‍ ചെറുക്കന്‍ വീണ്ടും വക്കീലിനെ നോക്കി.

'ഇന്‍സ്റ്റയിലുള്ളതാ.'

വക്കീലിന് വേറെയും സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അയാളെ ഒഴിവാക്കാനെന്നോണം ചെറുക്കന്‍ മുന്നോട്ട് നടന്നു.

'ഘ്രാ.'

തൊപ്പിക്കാരന്‍ സ്‌റ്റേജില്‍നിന്ന് അലറി.

'ഘ്രാ.'

അതിനു മുറുവിളിപോലെ ആള്‍ക്കൂട്ടം ഒന്നാകെ അലറി. തങ്ങള്‍ക്കറിയാത്ത ഏതെങ്കിലും വിചിത്രഭാഷയിലെ ആശയസംവേദനമാണോ എന്ന് ഒരു നിമിഷം വക്കീല്‍ ചിന്തിച്ചു.

ആരോ സ്‌റ്റേജില്‍ കയറി തൊപ്പിക്കാരനോട് ചെവിയില്‍ എന്തോ പറയുന്നത് മൂവരും കണ്ടു.

'നായിന്റെ മക്കളേ.'

ഒരടിപൊട്ടുമെന്ന് പ്രതീക്ഷിച്ച സമയത്തു കാണികളില്‍ ഒരാരവം ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വേറൊരു ലോകത്തില്‍ എത്തിപ്പെട്ടതാണോയെന്ന് വക്കീലിന് സംശയമായി. അപ്പോഴേക്കും സുമേഷും എത്തി.

'പിള്ളേരുടെ സിഗ്‌നല്‍ ഇപ്പോഴും ഇവിടെത്തന്നാ. എനിക്ക് തോന്നുന്നേ ഫോണും ഓഫാക്കി രണ്ടും ഇവനെ കാണാന്‍ വന്നതാണെന്നാ. വീഡിയോ മറ്റോ എടുക്കാന്‍ ഇപ്പൊ ഓണ്‍ ആക്കിയതാകും.'

അയാള്‍ പറയുന്നത് ശരിയാണെന്ന് ബാക്കി മൂന്നാളും അംഗീകരിച്ചു.

'വെറുതെ കുറെ പേടിച്ചു.'

ലക്ഷ്മി വക്കീല്‍ അന്നേ ദിവസം ആദ്യമായി പുഞ്ചിരിച്ചു.

'അവളിന്ന് വരട്ടെ വീട്ടിലേക്ക്...'

ഭീഷണിയല്ല, ഒരുതരം സമാധാനമായിരുന്നു വക്കീലിന്റെ വാക്കുകളില്‍ നിറഞ്ഞത്.

'എന്തായാലും ഒളിച്ചോട്ടമല്ലല്ലോ.'

പ്രഭാകരന്‍ വക്കീല്‍ നിശ്വസിച്ചു.

'സമരോം.'

പ്രകാശന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടി തീരാതെ അവരെ കണ്ടുമുട്ടാന്‍ പറ്റില്ലെന്നായിരുന്നു സുമേഷിന്റെ അഭിപ്രായം. അതും മറ്റുള്ളവര്‍ സമ്മതിച്ചു. 

ഒരേ പ്രായത്തില്‍, ഒരേപോലിരിക്കുന്ന എത്ര കുട്ടികളാണിവിടെ. മിക്കവരുടേയും ടീഷര്‍ട്ടുകള്‍പോലും ഒന്നാണ്. തൊപ്പിക്കാരന്റെ മുഖമുള്ള ഒരു വെള്ള ടീഷര്‍ട്ട്. അവരില്‍നിന്ന് ഈ കുട്ടികളെ വേര്‍തിരിക്കാനൊന്നും സാധ്യമല്ല.
കാര്യങ്ങളെല്ലാം വലിയ കുഴപ്പമില്ലാതെ പര്യവസാനിച്ചതിന്റെ സന്തോഷത്തില്‍ നാലാളും ചായ കുടിക്കാന്‍ കയറി. രാവിലത്തെ വെപ്രാളപാച്ചിലില്‍ പ്രാതല്‍ മുഴുക്കെ ദഹിച്ചുപോയിരുന്നു.

'ഏതാണിവന്‍?എന്നേലും ആ ഷോറൂം തുറക്കാന്‍ പറ്റുന്ന കാലത്ത് ഉദ്ഘാടനത്തിന് ഇവനെ കൊണ്ടുവരണം. എന്തോരം ആളുകളാ.'

പ്രകാശന്‍ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു. അത് ചെറിയൊരു ചിരിക്ക് വകവെക്കുകയും ചെയ്തു.

'കഴിഞ്ഞ ആഴ്ച വരെ പന്ത്രണ്ടിന് വിറ്റ ചായയാ. ഇന്നിപ്പോ പതിന്നാല്.'

പൈസ കൊടുത്തിറങ്ങുമ്പോള്‍ പ്രഭാകരന്‍ വക്കീല്‍ പരിഭവിച്ചു.

'ആക്കും. അതൊക്കെ ചോദിക്കാനും പറയാനും ഇവിടെ ആരേലുമുണ്ടോ?'

പ്രകാശന്‍ പിന്താങ്ങി. ചായക്കടക്കാരുടെ കൊള്ളലാഭത്തെപ്പറ്റി ചര്‍ച്ച ചെയ്തു നാലാളും കാറിനടുത്തേക്ക് നടന്നു. കുട്ടികള്‍ വരുവോളം കാക്കാന്‍ തീരുമാനിച്ചു; എസിയിട്ട്, രാവിലത്തെ ക്ഷീണം മുഴുക്കെ നാലാളും കാറിനുള്ളില്‍ ഉറങ്ങിത്തീര്‍ത്തു.

ഈ കഥ കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com