ബംഗാളി മിനിക്കഥകള്‍- വിവര്‍ത്തനം: സുനില്‍ ഞാളിയത്ത്

ബംഗാളി സാഹിത്യത്തിലെ ശക്തമായ സമാന്തര ശബ്ദവും സാന്നിധ്യവുമാണ് മിനിക്കഥകള്‍. അവരതിനെ  'അനുഗോല്‍പോ' എന്ന് വിളിക്കുന്നു. സമകാലികരായ എഴുത്തുകാരുടെ 12 ബംഗാളി മിനിക്കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ബംഗാളി മിനിക്കഥകള്‍- വിവര്‍ത്തനം: സുനില്‍ ഞാളിയത്ത്

കിളി പോയി

(സുബ്രത ഭൗമിക്)

വീട്ടില്‍ സന്തോഷവതിയായി കഴിഞ്ഞിരുന്ന കിളി പെട്ടെന്നൊരു ദിവസം ആഹാരമുപേക്ഷിച്ചു. തുടര്‍ന്ന് സംസാരവും കുറച്ചു. കാരണമറിയാന്‍ കൂടിനടുത്തുചെന്ന കുട്ടി ചെവിയോര്‍ത്തുകൊണ്ട് ചോദിച്ചു: ''എന്തുപറ്റീ...നിനക്ക്...? നീയെന്താ സങ്കടപ്പെട്ടിരിക്കുന്നത്...?''

''ഇരുട്ട്...! എന്തൊരു ഇരുട്ടാണിവിടെ...?'' -കിളിയില്‍നിന്നും പെട്ടെന്നുത്തരം വന്നു.

''വാതില്‍ അടഞ്ഞുകിടക്കുന്നതുകൊണ്ടാണ്'' -കുട്ടി പറഞ്ഞു.

''തുറന്നുകൂടെ...?'' -കിളി ചോദിച്ചു.

കുട്ടി വാതില്‍ തുറന്നു.

കിളി പറന്നുപോയി. ?

ചക്രം

ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായിരുന്നു അച്ഛന്‍. വീട്ടിലാദ്യമായി മൊബൈല്‍ വന്നപ്പോള്‍ ഒരു കുട്ടിയുടെ കൗതുകത്തോടെ അച്ഛനത് തിരിച്ചും മറിച്ചും നോക്കിയശേഷം പറഞ്ഞു: ''കാണാന്‍ നല്ല ചന്തമുണ്ട്. ഇതില്‍ സംസാരിക്കാനും കേള്‍ക്കാനും പറ്റുമോ?''

കാലമേറെ പിന്നിട്ടിരിക്കുന്നു. ജീവിതം എത്രയോ മാറിപ്പോയിരിക്കുന്നു. അച്ഛനിന്നില്ല. ഇന്ന് മൊബൈല്‍ ഫോണ്‍ സംസാരിക്കാന്‍ മാത്രമല്ല, അച്ഛന്റെ ഓര്‍മ്മകൂടി എത്തിച്ചു തരുന്നു.  ഒരു അത്യാധുനിക മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന അച്ഛനെയാണ് ഇന്നലെ ഞാന്‍ സ്വപ്നം കണ്ടത്.

ഗര്‍ഭിണി

വീട്ടില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ കണ്ടത് മഴയ്ക്കുള്ള പുറപ്പാടെന്നപോലെ കാര്‍മേഘങ്ങളാല്‍ ഇരുണ്ടുകിടക്കുന്ന ആകാശമാണ്. കണ്ണട തുടച്ച്, അയഞ്ഞ കുര്‍ത്തയില്‍ അയാള്‍ തോട്ടുവക്കത്തേയ്ക്ക് നടന്നു.  സോണാലിപ്പുഴയുടെ കൈവഴിയായിരുന്നെങ്കിലും മഞ്ഞുകാലത്ത് വരണ്ടും വേനല്‍ക്കാലത്ത് മരുഭൂമിയായും മാറിയിരുന്ന ഒരു തോടായിരുന്നു അത്. 

താമസിയാതെ മഴ പെയ്തു. കണ്ണട ഊരിമാറ്റി, കൈകള്‍ വിടര്‍ത്തി, ആകാശത്തേയ്ക്ക് നോട്ടമെറിഞ്ഞ് അയാള്‍ ഏറെ നേരം മഴയാസ്വദിച്ചു. ഏറെക്കഴിയും മുന്‍പ് നിറവയറുള്ള ഒരു ഗര്‍ഭിണിയെപ്പോലെ  നിറഞ്ഞൊഴുകുന്നൊരു പുഴയായി ആ തോട് മാറുന്നത് അയാള്‍ കണ്ടു. പെട്ടെന്ന് മനസ്സിന് എന്തെന്നില്ലാത്ത ഭാരമനുഭവപ്പെട്ട  അയാളില്‍ സുദീപ്തയുടെ ഓര്‍മ്മ നിറഞ്ഞു. പിറ്റേന്നുതന്നെ അവളെ ചെന്നുകാണണമെന്നും.

ഗന്ധം 

(അമിതാഭ ദാസ്)

മഴക്കാലമായിരുന്നു. പുഴയിലൂടെ പുരവഞ്ചി ഒഴുകിനീങ്ങുമ്പോള്‍ ഉള്ളില്‍ മണ്ണെണ്ണ വിളക്ക് മുനിഞ്ഞ് കത്തിക്കൊണ്ടിരുന്നു.  പുറത്ത് കാറ്റിനു നല്ല തണുപ്പും ഈര്‍പ്പവുമുണ്ടായിരുന്നു. അവിടെയിരുന്ന് അവന്‍ കാളിദാസന്റെ കുമാരസംഭവം ചൊല്ലി. അവള്‍ ശ്രോതാവായി.  

മഴക്കാലമായിരുന്നു. കാറ്റില്‍ മീന്‍ഗന്ധം കലര്‍ന്നിരുന്നു. നിനച്ചിരിക്കാതെ പുരവഞ്ചിയുലയാന്‍ തുടങ്ങി.

കവി 

ആശൈത്യകാലസന്ധ്യയില്‍ തെരുവിലൂടെ ഏകനായി നടന്നുപോവുകയായിരുന്നു എന്റെ പ്രിയ കവി. അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ച് ഉന്മാദാവസ്ഥയിലെത്തിയ എന്റെ യൗവ്വനകാലം എനിക്കോര്‍മ്മ വന്നു.  ജീബനാനന്ദ ദാസിനെപ്പോലെയാണ്  അദ്ദേഹം നടന്നുകൊണ്ടിരുന്നത്. 

എന്റെ പുതിയ പുസ്തകം അദ്ദേഹത്തിനു സമ്മാനിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചതാണ്.  അടുത്ത ക്ഷണം അങ്ങനെ 
ചെയ്യാന്‍ ശ്രമിച്ച് അപമാനിതനായി മടങ്ങിയ  കവിസുഹൃത്തിന്റെ തിക്താനുഭവം മനസ്സില്‍ തികട്ടി. അതോടെ നിര്‍വ്വികാരനായി, തിടുക്കപ്പെട്ട് ഞാന്‍ കവിയെ മറികടന്ന് മുന്നോട്ട് നീങ്ങി.

മിണ്ടാട്ടം 

ബംഗ്ല അക്കാദമിയുടെ മുന്‍പിലാണ് യുവകവി അവളെ കാത്തുനിന്നിരുന്നത്. അവള്‍ നടത്തിയിരുന്ന ഒരു മാസിക മുഖേനയാണ് അവര്‍ പരിചയപ്പെട്ടതും.

കണ്ടയുടനെ അവള്‍ പറഞ്ഞു: ''ഈ മാസികയാണ് എന്റെ ആദ്യ പ്രണയം! നിന്റെയോ?''

''ബുദ്ധദേവ് ബസു.''

''രണ്ടാമത്തെ പ്രണയമോ?''

''വിഭൂതി ഭൂഷണ്‍.''

''മൂന്നാമത്തേത്...?'' -അക്ഷമയോടെ  അവള്‍ ചോദിച്ചു.

ചെറുപ്പക്കാരന്‍ മിണ്ടാട്ടം മുട്ടിനിന്നു.

ജനാല

(തൃഷ്ണ ബസാക്ക്)

പെട്ടെന്നൊരു ദിവസമാണ് എന്റെ കിടപ്പുമുറിക്ക് ജനാലകളില്ലെന്നും അതെന്റെ കിടപ്പുമുറിയേയല്ലെന്നും ഞാന്‍ കണ്ടുപിടിച്ചത്. വലിയ വിസ്താരമുള്ള മുറിയായിരുന്നതിനാല്‍ പലവിധ കാര്യങ്ങള്‍ക്കായി ആ മുറി ഉപയോഗിക്കുമായിരുന്നു.  പൂജാമുറിയായും നാത്തൂന്റെ പഠനമുറിയായും വീട്ടിലുള്ളവര്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള മുറിയായും അത് പലപ്പോഴും മാറി. മുറിയില്‍ കൃത്യമായ അകലം പാലിച്ചാണ് ദേവീദേവന്മാരും പഠനമേശയും ഡ്രസിംഗ് ടേബിളും കിടന്നിരുന്നത്.  അതിനുപുറമെ  വര്‍ഷങ്ങള്‍കൊണ്ട് വാങ്ങിക്കൂട്ടിയ പലതരം വീട്ടുസാധനങ്ങളും എന്റെ മുറിയില്‍ തന്നെയാണ് പലപ്പോഴായി ഇടം കണ്ടെത്തിയത്. അതുകാരണം സദാസമയവും വീട്ടുകാര്‍ എന്റെ മുറിയില്‍ കയറിയിറങ്ങി. നാത്തൂന്‍കുട്ടി പഠിക്കാനും ചിലര്‍ പൂജ ചെയ്യാനും മറ്റു ചിലര്‍ വസ്ത്രങ്ങള്‍ എടുക്കാനും അണിഞ്ഞൊരുങ്ങാനുമൊക്കെ ഇടയ്ക്കിടെ എന്റെ മുറിയിലെത്തി.  അതിനെല്ലാമിടയില്‍ മുറിയുടെ ഒരു മൂലയില്‍ എന്റെ വിവാഹസമ്മാനമായ പുതിയ കട്ടില്‍ സങ്കോചപ്പെട്ട് കിടന്നു.  അവിടെയിരുന്നാണ് എന്റെ മുറിക്ക് ജനലുകളില്ലെന്ന് ഒരു നാള്‍ ഞാന്‍ കണ്ടുപിടിച്ചത്. 

തീരുമാനം

(പ്രഗതി മൈതി)

ഞാന്‍ പറഞ്ഞതെല്ലാം നിനക്ക് മനസ്സിലായോ?''

''മനസ്സിലായി.''

''എന്നാല്‍പ്പിന്നെ ഒന്നും മിണ്ടിപ്പോകരുത്.''

''സാധ്യമല്ല.''

''എന്തുകൊണ്ട്?''

''പറഞ്ഞതെല്ലാം മനസ്സിലായതുകൊണ്ട്...!''

ഭാഷ

നീകോലാഹലത്തോടെ സംസാരിക്കുമ്പോള്‍ ഞാനിതാ, നിശ്ശബ്ദമായ ഭാഷ തേടുകയാണ്.  നിശ്ശബ്ദമായ ഈ ഭാഷയും ഒരിക്കല്‍ കോലാഹലങ്ങളില്‍ ചെന്നുചേരും എന്നെനിക്കറിയാം.  അതങ്ങനെ സംഭവിച്ചേ മതിയാകൂ...! കാരണം ഭാഷയ്ക്കൊരിക്കലും നിശ്ശബ്ദത പാലിക്കാനാവില്ല.  ഭാഷയെക്കുറിച്ചുള്ള പൊള്ളയായ വര്‍ത്തമാനങ്ങള്‍ എന്നെ മുറിവേല്‍പ്പിക്കുന്നു. ഒരുപക്ഷേ, നിന്നെയും.

വഴിതെറ്റിയ കുയില്‍ 

(സ്വപ്നമൊയ് ചക്രവര്‍ത്തി) 

ഇക്കോ ടൂറിസം, ഹെല്‍ത്ത് ടൂറിസം, എഡ്യുക്കേഷന്‍ ടൂറിസം എന്നിങ്ങനെ പലതരം തീമുകളെ മുന്‍നിര്‍ത്തിയാണല്ലോ ഇപ്പോള്‍ വിനോദസഞ്ചാരം കൊഴുക്കുന്നത്.  

വസന്തകാലം എന്നതായിരുന്നു ഒരു റിസോര്‍ട്ട് അവതരിപ്പിച്ച തീം. പുരികം ചെത്തിമിനുക്കി, ബ്ലൗസ് ധരിക്കാതെ, പരമ്പരാഗത രീതിയില്‍ സാരി ചുറ്റിയ പെണ്‍കുട്ടികള്‍ വാദ്യഘോഷങ്ങളോടെയാണ് അതിഥികളെ വരവേറ്റത്.  

ശീതീകരിച്ച കോട്ടേജുകളുടെ മേല്‍കൂരകള്‍ വൈക്കോല്‍ മേഞ്ഞതായിരുന്നു. പരിസരത്തെ പ്ലാശ് വൃക്ഷങ്ങളില്‍ പ്ലാസ്റ്റിക് പൂക്കള്‍ വിരിഞ്ഞുനിന്നു. റിസോര്‍ട്ടിലെ ജലാശയത്തില്‍ അരയന്നങ്ങളും പെഡല്‍ ബോട്ടുകളും ഒഴുകിനടന്നു. 
 
വൃക്ഷശിഖരങ്ങളില്‍  ഒളിപ്പിച്ചുവച്ച സൗണ്ട് ബോക്സുകളില്‍നിന്നും പകല്‍നേരങ്ങളില്‍ കുയിലുകള്‍ പാടി, വസന്തകാല ഗീതങ്ങള്‍ ചുറ്റും ഒഴുകിപ്പരന്നു. രാത്രികാലങ്ങളില്‍ കുറുക്കന്മാര്‍ ഓരിയിട്ടു, ഇലക്ട്രിക് മിന്നാമിനുങ്ങുകള്‍ മിന്നിത്തെളിഞ്ഞു.  കുയില്‍നാദം രാവിലെ കുറവും വൈകിട്ട് കൂടുതലുമായിരുന്നു.  ഉച്ചനേരത്ത് ഏറിയാല്‍ ഒന്നോ രണ്ടോ തവണ. അവര്‍ക്കും പകല്‍മയക്കം വേണമല്ലോ. 

ഒരു ദിവസം ഉച്ചനേരത്ത് അപ്രതീക്ഷിതമായി കുയില്‍ പാടുന്നത് കേട്ട് റിസോര്‍ട്ടിലെ മിടുക്കിയായ കംപ്യൂട്ടര്‍ ഇന്‍ചാര്‍ജ് മധുവന്തി അസ്വസ്ഥയായി. ഏറെ പരിശോധിച്ചിട്ടും തകരാര്‍ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല.  കംപ്യൂട്ടര്‍ ഓഫ് ചെയ്തിട്ടും എപ്പോഴോ റിസോര്‍ട്ടില്‍ ചേക്കേറിയ ഒരു നാശംപിടിച്ച കുയില്‍ ഇടവിട്ടിടവിട്ട് പാടിക്കൊണ്ടേയിരുന്നു.

വീട് 

രാജാര്‍ഹാട്ടില്‍ അഞ്ച് സെന്റ് പ്ലോട്ടാണ് വാങ്ങിയത്. വീട് പണിയാന്‍ അസ്തിവാരം എടുത്തപ്പോഴാണ് മണ്ണിനടിയില്‍നിന്നും ഒരു സിന്ദൂരച്ചെപ്പ് കിട്ടിയത്. പിന്നെ ഒരു കണ്ണാടിയും ചീപ്പും മുത്തുമാലയും കിട്ടി. 

വീടുപണി കഴിഞ്ഞു. ഞങ്ങള്‍ താമസവുമാക്കി. ഇടയ്ക്കിടെ സന്ധ്യാനേരങ്ങളില്‍ ഒരു വീട്ടമ്മയുടെ രോദനം കേള്‍ക്കാം.  അവിടെ വീടുണ്ടായിരുന്ന, എപ്പോഴോ കുടിയൊഴിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ നിലവിളി.

ചില പുതിയകാല സമസ്യകള്‍

നഗരത്തിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തമ്പടിച്ച ഒരു പെറുക്കിയായിരുന്നു ഹരിദാസ്. ഒരുനാള്‍ മാലിന്യക്കൂമ്പാരത്തില്‍നിന്നും കുഴല്‍പോലെ തോന്നിപ്പിക്കുന്ന ഒരു യന്ത്രം അയാള്‍ക്ക് കണ്ടുകിട്ടി. കുഴലിന്റെ ഒരുവശത്തുനിന്നുമൊരു പാഴ്വസ്തു ഇട്ടാല്‍ മറുവശത്തുനിന്നും പുതിയ ഉല്പന്നം  പുറന്തള്ളുന്ന ഒരു അത്ഭുതയന്ത്രമായിരുന്നു അത്.  

കുഴലില്‍ പഴന്തുണിയിട്ടപ്പോള്‍ സാനിട്ടറി പാഡായി അത് പുറത്തുവന്നു.  പഴയ കടലാസ് പുതുപുത്തന്‍ ആര്‍ട്ട് പേപ്പറായും കുപ്പിച്ചില്ലുകള്‍ വീഞ്ഞുപാത്രമായും, കല്ലും കട്ടയും തിളങ്ങുന്ന ടൈലായും പ്ലാസ്റ്റിക് പഞ്ഞിക്കരടിയായും മാറി.  
പക്ഷേ, എത്ര തിരഞ്ഞിട്ടും മുണ്ടും തോര്‍ത്തും ഹരിദാസിനു കണ്ടെടുക്കാനായില്ല.

ഈ കഥ കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com