'ഏഴുനിറത്തില്‍ ഒരു നിമിഷം'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി സൈക്കിളോടിച്ചു പോകുന്ന ഒരു കഥാപാത്രമുണ്ടല്ലോ... ഓര്‍മ്മയുണ്ടോ...'' 
'ഏഴുനിറത്തില്‍ ഒരു നിമിഷം'- പി.എഫ്. മാത്യൂസ് എഴുതിയ കഥ

ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി സൈക്കിളോടിച്ചു പോകുന്ന ഒരു കഥാപാത്രമുണ്ടല്ലോ... ഓര്‍മ്മയുണ്ടോ...'' 

പാതിരാനേരത്ത് ഫോണ്‍ വിളിച്ച് ചോദിക്കാന്‍ പറ്റിയ കാര്യം തന്നെ. എന്നിട്ടും അതിനുത്തരം പറയണമെന്നു നിര്‍മ്മലയ്ക്കു തോന്നി. പാതിയുറക്കത്തിലും ഫോണ്‍ കൈവിടാതെ അവളാലോചിച്ചു. മറുതലക്കല്‍ ശാന്തിയുടെ പൊട്ടിച്ചിരി. 

''ഓ... സോറി... ഞാനിപ്പഴാ വാച്ചു നോക്കിയത്. രണ്ടരപ്പുലര്‍ച്ചക്ക് കിഴവിയെ വിളിച്ചുണര്‍ത്തിയതുതന്നെ തെറ്റായിപ്പോയി... ക്ഷമിക്ക്...''

''ഏതോ സിനിമയില്‍ നീ പറഞ്ഞ ക്യാരക്ടറെ കണ്ടിട്ടുണ്ട്... ചെറിയൊരോര്‍മ്മയേയുള്ളൂ...''

''ഏതായാലും ഉറക്കം പോയി... നീയിനി കിടക്കണ്ട അതാലോചിച്ചു കണ്ടുപിടിക്ക്...''

''ശാന്തി... നീയെവിടാ... ഗോവേലാണോ?'' 

''അതെ... കൂടെ ഒരു സായ്പുമുണ്ട്... ഇവിടെ വിവര്‍ത്തകരുടെ വര്‍ക്ക്‌ഷോപ്പില്‍ പരിചയപ്പെട്ടതാ...''

''ഓ സായിപ്പ്... മൂന്നാംലോക രാജ്യക്കാരീടെ അപകര്‍ഷത മാറീട്ടില്ലല്ലേ... ശാന്തീ നീയേതു കഥാപാത്രത്തേയാണ് അനുകരിക്കുന്നത്...''

അവള്‍ ഉറക്കെ ചിരിച്ചു.

''ഒറപ്പായിട്ടും മലയാളത്തീന്നല്ല... യൂറോപ്യനായിരിക്കും... എന്തായാലും ഞാന്‍ ഒറിജിനലല്ല... നിന്നേപ്പോലെ തന്നെ ഒരു സ്റ്റീരിയോ ടൈപ്പ്...''

പൊട്ടിച്ചിരിക്ക് ഒരു കുറവുമുണ്ടായില്ല.
 
''വേറെന്താ നിര്‍മ്മലേ വിശേഷം... സായ്പിന്റെ കൂര്‍ക്കംവലി കാരണം ഒറക്കം വരണില്ല... നീയൊരു കഥ പറ.'' 

''കഥയൊന്നുമില്ല. ഒരു വിശേഷമുണ്ടായി... നമ്മുടെ സരസു കാറപകടത്തില്‍ മരിച്ചു...''

''സരസു... അതാര്.''

''നീ മറക്കും... വെളിവില്ലാത്ത കാലത്ത് എന്നെ പ്രേമിച്ചിട്ട് വേറൊരുത്തീനെ കെട്ടിപ്പോയവനെ എനിക്കു മറക്കാനാകില്ലല്ലോ... എന്റെ ജീവിതം കന്യാമഠത്തില്‍ കൊണ്ടുപോയി ചുട്ടെരിച്ചതിനു കാരണക്കാരനും അയാളല്ലേ...''

''ഓ... ആ സരസു... കിഴവന്റെ ഭാര്യ... അതേയ് അവരും നാരായണനെ ഉപേക്ഷിച്ചില്ലേ... ഗള്‍ഫില് മകളോടൊപ്പമായിരുന്നില്ലേ സരസു...''

''അതെ...''

''അല്ല, ഈ മരണവാര്‍ത്ത നീയെങ്ങനെ അറിഞ്ഞു. കക്ഷി വിളിച്ചറീച്ചതാണോ...''

''അല്ലാണ്ടെങ്ങനാ ഞാനറിയുന്നേ... ശാന്തീ, നാരായണനെന്നെ വിളിച്ചതു തന്നെ ഒരതിശയമല്ലേ...''

''സംശ്യണ്ടോ... ഒന്നുമില്ലേലും ആ കരിങ്കല്ലു മനുഷ്യന്‍ നിന്നെ വിളിച്ചല്ലോ...''

''അതിശയം അതുമാത്രല്ല... അതുപോലൊരു കാറപകടം നാരായണന്‍ സ്വപ്നം കണ്ടിരുന്നുവത്രേ... ആ സമയത്ത് കാറോടിച്ചിരുന്നത് ഞാനായിരുന്നൂന്നു മാത്രം...''

''ബെസ്റ്റ്... എന്നിട്ടാ അപകടത്തിലാരാ മരിച്ചത്...''

''നാരായണന്‍ തന്നെ...''

ശാന്തി നിര്‍ലോഭം ചിരിച്ചു.

''അതിനിത്ര ചിരിക്കാനെന്താള്ളേ...'' നിയന്ത്രിച്ചിട്ടും സ്വരത്തില്‍ അനിഷ്ടം കലര്‍ന്നുപോയെന്ന് നിര്‍മ്മല തിരിച്ചറിഞ്ഞു. 

''നിനക്ക് കിഴവനോട് പിന്നേം പ്രേമം വന്നൂല്ലേ...''

കുറച്ചു നേരത്തേക്ക് നിര്‍മ്മല ഒന്നും മിണ്ടിയില്ല. 

''നിര്‍മ്മലേ... തുറന്നു പറ... എന്തെങ്കിലും സംഭവിച്ചോ...''

''ഉം... ഞാന്‍ നേരില്‍ പറയാം. ഫോണിലു വേണ്ട.'' 

നിര്‍മ്മല ഫോണ്‍ കട്ടു ചെയ്തു. പിന്നെ വെളുക്കുവോളം ഉറങ്ങാനും കഴിഞ്ഞില്ല. 

ഈ ചെറിയ ജീവിതത്തെ എന്തിനാണിത്രേം സങ്കീര്‍ണ്ണമാക്കുന്നത്. 

ചോദിച്ചത് നാരായണനോടാണ്. മരണവാര്‍ത്ത വിളിച്ചുപറഞ്ഞപ്പോള്‍ വികാരരഹിതനായിരിക്കാന്‍ അയാള്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ആ വാചകത്തോടും അയാള്‍ പ്രതികരിച്ചില്ല. യന്ത്രമായി മാറാന്‍ മനുഷ്യര്‍ ഇത്രയ്‌ക്കൊക്കെ കഷ്ടപ്പെടേണ്ടതുണ്ടോ. പിറ്റേയാഴ്ച നാരായണന്‍ ഫ്‌ലാറ്റില്‍ വന്നു. ഉറ്റവരുടെ ആരുടേയെങ്കിലും അരികിലിരുന്ന് ആ യന്ത്രത്തിനൊന്നു പൊട്ടിക്കരയണമായിരുന്നു. നിലവിളി തീരെ നിലവാരമില്ലാത്ത ഒരു ആവിഷ്‌കാരമായി കരുതുന്ന ഒരു പുരുഷന്‍ തന്നെയാണ് അയാളും. അന്ന് കിടപ്പുമുറിയിലിരുന്ന് അയാള്‍ അകം പുറം കരയുന്നതു കണ്ടപ്പോള്‍ കാലങ്ങള്‍ക്കുശേഷം നിര്‍മ്മലയുടെ മനസ്സ് ആര്‍ദ്രമായി. അവള്‍ അയാളെ കെട്ടിപ്പിടിച്ചു. 

നാരായണന്‍ മകളുടെ അടുത്തേക്കു 
പോകുന്നില്ലേ... എന്നു ചോദിച്ചപ്പോള്‍ അയാള്‍ കൂടുതല്‍ ദുര്‍ബ്ബലനായി. 

''പോണംന്നു വിചാരിച്ചതാണ്... പക്ഷേ, മകള് വരണ്ടാന്നു പറഞ്ഞു. ഇനി ഒരിക്കലും വിളിക്കരുതെന്നും...''
''അത്രയ്ക്ക് ശത്രുതയുണ്ടാകാനെന്താ കാരണം...'' 

നാരായണന്‍ വളരെ ദയനീയമായി നിര്‍മ്മലയെ നോക്കി. 

''ഞാനാണോ കാരണം...''

അയാള്‍ മിണ്ടിയില്ല. 

''കഷ്ടം... നമ്മുടെ അടുപ്പക്കെ എത്ര പഴകിയതാണ്... നമ്മളുപോലും മറന്നില്ലേ... എന്താ മനുഷ്യരിങ്ങനെ... പണ്ടെങ്ങോ നടന്ന ഒരു കൊച്ച് കാര്യത്തിന്റെ പേരിലാണോ മനുഷ്യര് ജീവിതം തകര്‍ത്തുകളയണത്. ആ കുട്ടി പുത്യ ജെനറേഷനല്ലേ... ഞാനൊന്നു സംസാരിച്ചു നോക്ക്യാലോ...''

അതൊന്നും ശരിയാകില്ലെന്ന് അയാള്‍ പറഞ്ഞു. ആ നിമിഷമാണ് ഈ മനുഷ്യന്റെ ജീവിതം എത്രമാത്രം അര്‍ത്ഥരഹിതമായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. 

''ആലോചിച്ചു നോക്കുമ്പോള്‍ എന്നേപ്പോലെ തന്നെ. ആര്‍ക്കും വേണ്ടാത്ത, ഒരര്‍ത്ഥവുമില്ലാത്ത ജീവിതം...''

''നിന്റെ ജീവിതം അര്‍ത്ഥമില്ലാത്തതാണെന്നു വിചാരിക്കണ്ട നിര്‍മ്മലേ... നീ നാരായണനേപ്പോലെയല്ല.''

''എനിക്കങ്ങനെ തോന്നീട്ടില്ല...''

അവരിരുവരും ഗോവയിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. യാത്രകളോടു മുഖം തിരിച്ചിരിക്കാറുള്ള നിര്‍മ്മല ശാന്തിയോട് മനസ്സു തുറക്കാന്‍വേണ്ടി മാത്രമാണവിടെ വന്നത്. സന്തോഷങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്ത ശാന്തി അവളേയും കൂട്ടി കാഴ്ച കാണാന്‍ പുറപ്പെട്ടു. കടപ്പുറത്തെ സന്ധ്യകള്‍ക്കും ശാന്തിയുടെ ഫ്‌ലാറ്റിലെ പ്രഭാതങ്ങള്‍ക്കും ഒരു മാറ്റവും കണ്ടുപിടിക്കാന്‍ നിര്‍മ്മലയ്ക്ക് കഴിഞ്ഞതുമില്ല. മനസ്സഞ്ചാരത്തിനപ്പുറമുള്ള ഒരനുഭവവും ജീവിതത്തിലില്ലെന്നു തോന്നിപ്പോകുകയാണ്. ഒരുപക്ഷേ, നാരായണനെപ്പോലെ അല്ലെങ്കില്‍ അതിലേറെ അകം തുരുമ്പിച്ചുകാണും. 
''ഒരിക്കലുമില്ല...''

ശാന്തി നിര്‍മ്മലയെ ചേര്‍ത്തുപിടിച്ചിട്ടു പറഞ്ഞു.

''നാരായണനെ ആര്‍ക്കും വേണ്ടായിരുന്നു. ഈ പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ജീവിതത്തെ പൂരിപ്പിക്കാനും പൂര്‍ത്തിയാക്കാനും നാരായണനെ ആവശ്യമില്ലായിരുന്നു. പക്ഷേ, നീയങ്ങനെയല്ല. എനിക്കു വേണം നിന്നെ.'' 

''ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണോ ജീവിതത്തിന് അര്‍ത്ഥണ്ടാകണേ... ഈ ലോകത്ത് മനുഷ്യന്‍ എന്നുവച്ചാല്‍ വെറുമൊരു തരി... വൈറസ്സോ ബാക്ടീരിയയൊക്കെപ്പോലെ... കുറേക്കാലം വെറുതെ നിലനിന്ന് ഒരു ദിവസം ഇല്ലാണ്ടാകും... അത്രതന്നെ.''

ശാന്തി മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ തോളില്‍ പിടിച്ച് ക്ഷീണിതയെപ്പോലെ നിര്‍മ്മല ബോം ജീസസ് പള്ളിയുടെ അകത്തേക്കു കയറി. 

കാലങ്ങളുടെ തണുപ്പേറ്റു മരവിച്ച പള്ളിയകം. അതിലൂടെ നടക്കുമ്പോള്‍ മറ്റൊരാളായി പരിണമിക്കുകയാണെന്ന് നിര്‍മ്മലയ്ക്കു തോന്നി. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആ അവശേഷിപ്പില്‍ അവള്‍ ചോരയുടെ മണവും നിലവിളികളും മാത്രം അറിഞ്ഞു. 

''ദാ ഇതുതന്നെ നല്ല മാറ്റമല്ലേ... ഒരു സ്ഥലം നിന്നെ ബാധിക്കാന്‍ തുടങ്ങിയല്ലോ...''

ശാന്തി പറഞ്ഞു.

''നമ്മളു നടന്നു കണ്ട പള്ളിയല്ല... ചരിത്രമാണ് ബാധിക്കുന്നത്... ഒരുപാടു ചോരചിന്തിയ മതത്തിന്റെ നടത്തിപ്പുകാരിയായിരുന്നില്ലേ ഞാനും.''

''നീയെന്തിനാ ചുമ്മാ വേദനിക്കാനായിട്ട് ചരിത്രത്തിന്റെ കൂട്ടുപിടിക്കുന്നേ... ഈ നിമിഷത്തില്‍ മാത്രമല്ലേ നമ്മളുള്ളൂ...''
''വര്‍ത്തമാനകാലത്തില്‍ ഞാനില്ല ശാന്തി...''

''സാരമില്ല... എല്ലാ മനുഷ്യര്ടേം പ്രശ്‌നം അതന്ന്യാ... നാറാണേട്ടന്റെ കഥയും അതന്നല്ലേ... എന്റെ കാര്യം തന്നെ നോക്ക്... വല്യ ട്രാന്‍സ്ലേറ്റര്‍ എന്നു പറഞ്ഞാ നടപ്പ്... ഒരു പുസ്തകത്തില്‍ തുടങ്ങും എന്നിട്ട് മറ്റൊന്നിലേക്കു പോകും പിന്നെ നാലഞ്ചു പുസ്തകങ്ങളാകും... ഒടുവില്‍ എല്ലാം ഉപേക്ഷിക്കും... അതീ പുത്യ കാലത്തിന്റെ പ്രശ്‌നാണെന്നാ തോന്നണേ...''

''പുത്യ കാലം എന്ന ഒന്നുണ്ടോ... ഇതങ്ങനെ ഒഴുകിക്കൊണ്ടിരിക്കല്ലേ... അതീക്കൂടെ നമ്മളങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കണൂന്ന് മാത്രം...''

''ഞാന്‍ പാതിരാക്ക് വിളിച്ചു ചോദിച്ചില്ലേ... ഭൂതത്തിലേക്കും ഭാവിയിലേക്കും സൈക്കിളോടിച്ചു പോണ പോസ്റ്റ്മാനെ പോലേല്ലേ...''

അവര്‍ ചിരിച്ചു. 

''ആ കഥാപാത്രം ഏതു നോവലിലേതാ... നീ കണ്ടുപിടിച്ചോ...''

''ഏതോ ഒരു സിനിമേല്‍ കണ്ടിട്ടുണ്ടെന്ന് അന്നു തോന്നി... പിന്നെ... ഒന്നും തെളിഞ്ഞുകിട്ടീല്ല... ചിലപ്പോ നീ കണ്ട സ്വപ്നമായിരിക്കും...''

''നമ്മുടേക്കെ ജീവിതംപോലെ...''

ശാന്തിക്ക് ചിരിക്കാന്‍ പ്രത്യേകിച്ചു ഫലിതമോ കാര്യമോ വേണ്ട. അത്രയ്‌ക്കൊക്കെ ചിരിക്കാനുണ്ടോ? യഥാര്‍ത്ഥത്തില്‍ ജീവിക്കുന്ന കാലത്തില്‍ മനസ്സുറപ്പിച്ചു നില്‍ക്കാന്‍ കഴിയാത്തത് ദുരന്തമല്ലേ? ശാന്തിയുടെ കാര്യം തന്നെ എത്ര പരിതാപകരമാണ്. പണ്ടെങ്ങോ ചെയ്ത ഒരു വിവര്‍ത്തന ഗ്രന്ഥത്തിന്റെ പുറത്താണ് ജീവിതം. ചര്‍ച്ചകള്‍, സെമിനാറുകള്‍, പുതിയ ചങ്ങാതിമാര്‍. വെറുതെ വര്‍ത്തമാനം പറഞ്ഞുപറഞ്ഞ് കാലം കഴിക്കുകയാണ്. ചിലപ്പോള്‍ തോന്നും അവളുടെ ജീവിതം ഇങ്ങനെയായതിനു കാരണം ഭൂതകാലം തന്നെയാണെന്ന്. കഥകളിലും ജീവിതത്തിലും ധാരാളം കേട്ടുപഴകിയ ഒരു സംഭവം. അച്ഛന്റെ ആസക്തിക്ക് ഇരയായ മകള്‍. തന്നെ ഒന്നും ബാധിച്ചിട്ടില്ലെന്ന് അവള്‍ വെറും വാക്ക് പറയാറുണ്ട്. ആരോ ചോദിച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞുവത്രേ: ഞാന്‍ നട്ട കനി ഞാന്‍ തന്നെ അനുഭവിക്കുന്നു... അതിലെന്താണ് തെറ്റ് എന്ന്. എന്തൊരു ക്ലീഷെയാണത്. ആ വൃത്തികെട്ടവന് നല്ലൊരു വാചകമെങ്കിലും പറയാമായിരുന്നു. അതായിരുന്നു അവളുടെ ദേഷ്യം. പക്ഷേ, ശാന്തിയുടെ ജീവിതത്തെ ആ ഭൂതകാലം സമൂലമായി പിടിച്ചെടുത്തുകഴിഞ്ഞുവെന്ന് നിര്‍മ്മലയ്ക്ക് തീര്‍ച്ചയാണ്. 

''ഭൂതകാലത്തിലെ കനങ്ങളാണോ മനുഷ്യജീവിതത്തിന് അര്‍ത്ഥണ്ടാക്കുന്നത്...''

''എന്റെ നിര്‍മ്മലേ നമ്മുടെ എഴുപതുകളിലെ അനാഗത ശ്മശ്രുക്കളുടെ ലൈനില്‍തന്നെയാണോ നീയിപ്പഴും... ഒന്നു നിര്‍ത്ത് എന്തൊരു ബോറാണിത്...''

അറിയാതെ ചിരിച്ചുപോയി. അനാഗത ശ്മശ്രു... സാഹിത്യവാരഫലമെഴുതിയിരുന്ന കൃഷ്ണന്‍ നായരെ ഓര്‍മ്മവന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാക്കായിരുന്നു. 

''രാത്രിക്കെന്തൊരു ഭംഗ്യാ...''

ടെറസ്സില്‍ ആകാശത്തേക്കു നോക്കിയിരിക്കെ ശാന്തി പറഞ്ഞു. നിര്‍മ്മലയും അതു ശരിവെച്ചു. 
നക്ഷത്രക്കൂട്ടത്തിനിടയില്‍നിന്ന് ഒരെണ്ണം കൊഴിഞ്ഞുവീണു. ശാന്തി കൈക്കുമ്പിള്‍ നീട്ടി അത് കോരിയെടുത്ത് മുഖത്തു തേച്ച് വിടര്‍ന്നു ചിരിച്ചു. 

''ഇനി പറയ്... ഈ നിമിഷത്തിന് അര്‍ത്ഥമില്ലേ...''

''അര്‍ത്ഥമല്ല... സൗന്ദര്യം...''

''മതി... അത്രയും മതി.'' 

കുറേനേരം വാക്കുകള്‍ നഷ്ടപ്പെട്ടതുപോലെ അവര്‍ ഇരുന്നു. 

''എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യമെന്താണെന്നറിയോ...''

ശാന്തി ചോദിച്ചു. ഇത്തിരി ആലോചിച്ചിട്ട് അവള്‍ പറഞ്ഞു: 

''മഴ തോര്‍ന്ന ഒരു വൈന്നേരം എന്റെ പുഞ്ചിരി മുത്തശ്ശി നടക്കാനിറങ്ങി... ആ നേരത്താണ് ആകാശത്ത് ലോകത്തിലേക്കും വെച്ച് ഏറ്റവും മനോഹരമായൊരു മഴവില്ല് കണ്ടത്. പുഞ്ചിരിയമ്മൂമ്മയ്ക്ക് സങ്കടമായി... ഈ സൗന്ദര്യം കാണാതെ മണ്ടന്‍ മുത്തശ്ശന്‍ സീരിയലും കണ്ടിരിക്കുകയാകുമല്ലോ... ഒട്ടും മടിച്ചില്ല... നടത്തച്ചങ്ങാതീടെ ഫോണ്‍ വാങ്ങി പുള്ളിക്കാരനെ വിളിച്ച് കാര്യം പറഞ്ഞു.''

''എന്നിട്ട്...''

''വയസ്സാങ്കാലമാണേലും രണ്ടാളും മുടിഞ്ഞ പ്രേമമല്ലേ... പുള്ളിക്കാരന്‍ കേട്ടപാടെ മേലേക്ക് ഏന്തിവലിച്ചു കയറി... വൈകിയാല്‍ മഴവില്ല് കാണാതെ പോയാലോ... കണ്ടു... ആളതു കണ്ടങ്ങു കോരിത്തരിച്ചുപോയി കോണിമുറീടെ മേലെ കേറിയാല്‍ കുറച്ചൂടി നന്നായി കാണുമെന്നു പറഞ്ഞ് കുത്തിച്ചാരിവച്ചിരുന്ന മരഗോവണി കയറാന്‍ തുടങ്ങി. പാതി കേറിയപ്പോള്‍തന്നെ കോരിത്തരിപ്പ് സഹിക്കവയ്യാതെ അങ്ങേര് വിളിച്ചുകൂവി... ഹമ്മോ... എന്റെടിയേ... ഹെന്തൊരു ഭംഗ്യാ... വീണ്ടും ഒരു ചുവടുകൂടി വെച്ചിട്ട് ഉച്ചത്തില്‍ വിളിച്ചു... അയ്യോ... പിന്നെ അനക്കമുണ്ടായില്ല. മരഗോവണി വഴുക്കിയതൊന്നും ആ മഹാസൗന്ദര്യക്കാഴ്ചയുടെ മുന്നില്‍ ഏശിയില്ലായിരുന്നു.''

നിര്‍മ്മല നിശ്ശബ്ദം ശാന്തിയുടെ മുഖത്തേക്കു നോക്കിയിരുന്നു. അവളുടെ മുഖത്ത് ആ സായാഹ്നത്തിലെ മഴവില്ല് ഏഴു നിറത്തിന്റെ സൗന്ദര്യലഹരി പടര്‍ത്തി വിരിഞ്ഞുനിന്നിരുന്നു. അവളാ മഴവില്ല് നിര്‍മ്മലയിലേക്കും പകര്‍ന്നു.

ഈ കഥ കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com