'സ്വേച്ഛ'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

എന്റെ സുഹൃത്ത് സെയ്നുല്‍ ഹുകുമാന്‍ വിളിക്കുകയായിരുന്നു മെക്സിക്കോയില്‍നിന്ന്. ചിത്രകാരി ഫ്രിദ കാലോയുടെ മ്യൂസിയം കണ്ട്  ഇറങ്ങിയതാണ്
'സ്വേച്ഛ'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

ന്റെ സുഹൃത്ത് സെയ്നുല്‍ ഹുകുമാന്‍ വിളിക്കുകയായിരുന്നു മെക്സിക്കോയില്‍നിന്ന്. ചിത്രകാരി ഫ്രിദ കാലോയുടെ മ്യൂസിയം കണ്ട് ഇറങ്ങിയതാണ്. 

മെക്സിക്കോയില്‍ പോകാന്‍ ഇടയായിട്ടില്ലെങ്കിലും എന്റെ ചരിത്രബോധമുണര്‍ന്നു. 

''അതിന്റെ അടുത്തെവിടെയോ ലിയോണ്‍ ട്രോട്‌സ്‌കി താമസിച്ചിരുന്ന വീടുണ്ട്. ഫ്രിദയും ട്രോട്സ്‌കിയും അടുപ്പത്തിലായിരുന്നല്ലോ. സ്റ്റാലിന്‍ നിയോഗിച്ച കൊലയാളി മഴുകൊണ്ട് വെട്ടിക്കൊല്ലുവോളം ട്രോട്സ്‌കി ഫ്രിദയുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു.''

''ഓ, എനിയ്ക്കതൊരു പുതിയ അറിവാണ്. ഞാന്‍ അന്വേഷിക്കാം.'' ഹുകുമാന്‍ പറഞ്ഞു. 

സല്‍മാ ഹായെക് ഫ്രിദയായി വേഷമിട്ട ചിത്രം അപ്പോഴെന്റെ മനസ്സിലേക്കു വന്നു. അതില്‍ റഷ്യ വെടിഞ്ഞ് ജീവനുംകൊണ്ട് പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ മെക്സിക്കോയില്‍ അഭയം തേടിയ ട്രോട്സ്‌കിയുമുണ്ടായിരുന്നു. സൗഹൃദം സ്ഥാപിച്ച് നിത്യസന്ദര്‍ശകനായ കൊലയാളി പിറകില്‍നിന്നും മഞ്ഞുനീക്കാനുള്ള മഴു ആഞ്ഞ്വീശുന്നതുവരെ ഒരു ജീവചരിത്രരചനയില്‍ വ്യാപൃതനായിരുന്നു ട്രോട്സ്‌കി, സ്റ്റാലിന്റെ.

പിറ്റേന്ന് സുഹൃത്തിന്റെ വിളി വീണ്ടും ഇപ്പോള്‍ ട്രോട്സ്‌കിയുടെ വസതിയിലാണ്. ട്രോട്സ്‌കിയിസ്റ്റുകളുടെ ഒരു ഗ്രൂപ്പ് അത് പരിപാലിക്കുന്നു. ട്രോട്സ്‌കിയുടെ ജീവിതത്തിന്റെ വിശദാംശങ്ങളൊക്കെയും ഫോട്ടോകളിലൂടെയും ആധികാരിക രേഖകളിലൂടെയും ഇവിടെ വ്യക്തമാക്കപ്പെടുന്നു. സ്റ്റാലിന്‍ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി കൊന്നൊടുക്കിയവരുടെ സംഖ്യ ആരെയും നടുക്കാന്‍ പോന്നതാണ്. അവരില്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേയും പോളിറ്റ്  ബ്യൂറോയിലേയും ഉന്നതരുണ്ട്. ഭിത്തികളില്‍ കാണാം അവരുടെ ഛായാപടങ്ങള്‍. ചോരയുടെ ഗന്ധമാണിവിടെ. മാത്രമല്ല, രോദനങ്ങള്‍, അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍, കാതുതുളയ്ക്കുന്ന നിലവിളികള്‍, അവസാന ശ്വാസത്തിനു തൊട്ടുമുന്‍പുള്ള ദീനമായ ഞരക്കങ്ങള്‍. സ്റ്റാലിന്‍ പണിയിച്ച ഗുലാഗുകളില്‍ തീട്ടത്തിലും മൂത്രത്തിലും പുഴുക്കളെപ്പോലെ ഇഴയുന്ന മൃതപ്രായരായ മനുഷ്യരുടെ തീനാമ്പുകള്‍ പോലുള്ള ശാപങ്ങളുമുണ്ട്. സ്റ്റാലിന്‍, ക്രൂരതയുടെ പര്യായമായ നിന്നെ നരകം കാത്തിരിക്കുന്നു. ദൈവം ഇല്ലെന്ന് നീ സ്ഥാപിച്ചിരിക്കും. പക്ഷേ, അവന്‍ വരും. നിന്റെ വൃഷണങ്ങള്‍ ഞെരുക്കാന്‍ അവന്‍ വരികതന്നെ ചെയ്യും. നിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം, ത്ഫൂ. നിന്റെ സി.പി.എസ്.യു (ബി) ചരിത്രം. ഞങ്ങളതിനു നേരെ കാറിത്തുപ്പുന്നു. സൈബീരിയയിലെ കൊടുംതണുപ്പില്‍ നീ ഞങ്ങളെ ചവിട്ടിയരക്ക് ഗുലാഗുകളില്‍ ഞങ്ങളെ കൊല്ല്. വീണ്ടും വീണ്ടും കൊല്ല്. ഒടുവില്‍ നരകത്തിലെ തീ നിന്നെ വിഴുങ്ങും ചെരുപ്പുകുത്തിയുടെ മോനേ.

* *
''വാലെന്റിനാ'', ചരിത്രത്തിലെങ്ങോ ഭയവിഹ്വലനായി നിന്ന് ജോസഫ് വിസാരിയോ നോവിച്ച് സ്റ്റാലിന്‍ തന്റെ വിശ്വസ്ത പരിചാരികയെ വിളിക്കുകയായിരുന്നു.

വാലെന്റിന ഇസ്തോമിന പരിചാരിക മാത്രമായിരുന്നില്ല. സ്റ്റാലിന് കിടക്കയില്‍ ചൂട് പകരുക കൂടി ചെയ്തിരുന്നു; ആവശ്യമായി വരുമ്പോഴൊക്കെയും. അതിന്റെ ഫലമായുണ്ടായ രണ്ട് കുഞ്ഞുങ്ങള്‍ എവിടെയോ വളരുന്നു. ഓരോ പ്രസവത്തിനുമായി ചുരുക്കം ദിവസങ്ങള്‍ മാത്രമേ വാലെന്റിന ഡാച്ചെയില്‍നിന്ന് വിട്ടുനിന്നുള്ളൂ. താനില്ലെങ്കില്‍ ഡാച്ചെ എത്ര ഏകാന്തമാണെന്ന് ബോദ്ധ്യമുണ്ടായിരുന്നു വാലെന്റിനയ്ക്ക്.

പഠനമുറിയിലേക്കു പാഞ്ഞെത്തിയ വാലെന്റിനയ്ക്കു മുന്നില്‍ സ്റ്റാലിന്‍ നിരുദ്ധകണ്ഠനായി. 

''എന്നെയവര് ചെരുപ്പുകുത്തിയുടെ മോനേന്ന് വിളിക്കുന്നു.''

''അതിലെന്ത് അപാകത? അങ്ങയുടെ പിതാവ് ബെസാരിയോണ്‍ ജോര്‍ജ്ജിയയിലെ ഒരു ചെരുപ്പുകുത്തിയായിരുന്നില്ലേ?
 
കുടിച്ച് വെളിവില്ലാതെ വന്ന് അങ്ങയേയും അമ്മയേയും പൊതിരെ തല്ലുമായിരുന്നില്ലേ?''

''ഞാനിപ്പോഴാരാ? റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. ഭരണത്തലവന്‍.''

''എന്നാലും ചെരുപ്പുകുത്തിയുടെ മോനല്ലാതാകുമോ?''

സ്റ്റാലിന്‍ അതുകേട്ട് പ്രകോപിതനായില്ല. വാലെന്റിനയെ നിസ്സഹായതയോടെ നോക്കി. അവളുടെ മനം ആര്‍ദ്രമായി.

''ഞാന്‍ വെറുതെ പറഞ്ഞതാ. സമാധാനിക്ക്.'' അവള്‍ സ്റ്റാലിനു മുന്നില്‍ മുട്ടുകുത്തിയിരുന്നു. കുറെ നേരത്തേയ്ക്ക് സ്റ്റാലിന്‍ പ്രത്യയശാസ്ത്രം മറന്നു. 

ഓര്‍മ്മ വീണ്ടുകിട്ടിയപ്പോള്‍ ഒരു കൊടുംപകയില്‍ വസൂരിക്കലകളുള്ള മുഖം ചുളിഞ്ഞു. 

''എനിക്കവനെ കൊല്ലണം.''

വാലെന്റിന നിവര്‍ന്നു.

''ആരെ?''

''അത്രയ്ക്കു ഞാന്‍ വെറുക്കുന്ന അവന്റെ പേര് ഞാന്‍ പറയണോ?''

''വേണ്ട. എനിക്കു മനസ്സിലായി. മെക്സിക്കോയിലല്ലേ ഇപ്പോള്‍?'' 

''എവിടെപ്പോയാലും ഞാനവനെ വിടില്ല. അവന്റെ ഹൃദയം ഞാന്‍ പിളര്‍ക്കും. ആളെ വിട്ടു പല തവണ. അപ്പോഴൊക്കെ യാദൃച്ഛികതയോ ഭാഗ്യമോ തുണച്ചു അവനെ. മെക്സിക്കോയില്‍ ചെന്ന് അവന്‍ ഒരു നായകന്റെ പരിവേഷം നേടി. ഫ്രിദ കാലോയെയും അവളുടെ കെട്ടിയോന്‍ ഡിയാഗൊ റിവേറയേയും ആന്ദ്രേ ബ്രെട്ടണെയും പോലുള്ളവരുമായി സൗഹൃദം. ഇല്ല, ഞാനവനെ ഇങ്ങനെ തുടരാന്‍ അനുവദിക്കില്ല. അവന്റെ തലച്ചോറ് ഞാന്‍ തെരുവുപട്ടികള്‍ക്കായി വലിച്ചെറിയും.''
''വിപ്ലവം ജയിക്കട്ടെ.''

''ഓ വാലെന്റിനാ.''

സ്റ്റാലിന്‍ കൈകള്‍ നീട്ടി വാലെന്റിനാ ഇസ്തോമിനയെ തന്റെ മടിയില്‍ ചേര്‍ത്തു. അവളുടെ ചുണ്ടുകളുടേയോ വായുടേയോ ഗന്ധം സ്റ്റാലിനെ അലട്ടിയില്ല. അതു തന്റെ തന്നെ രഹസ്യഗന്ധമാണല്ലോ. സ്റ്റാലിന്‍ പിന്നെയും പ്രത്യയശാസ്ത്രം മറന്നു. മാര്‍ക്സും ഏംഗല്‍സും ലെനിനുമൊന്നും ഓര്‍മ്മയില്‍ തെളിഞ്ഞില്ല. 

* *
സെയ്നുല്‍ ഹുകുമാന്‍ വാട്ട്‌സ്ആപ്പില്‍ അയച്ച പെയിന്റിംഗ് ഡിയാഗൊ റിവേറയുടെതായിരുന്നു. ചുവര്‍ചിത്രമാണ്. ട്രോട്സ്‌കി മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും  തൊഴിലാളികളുടേയും കൂടെ നാലാം ഇന്റര്‍നാഷണലില്‍ സര്‍വ്വരാജ്യതൊഴിലാളികളോട് ഒന്നിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ചുവന്ന ഒരു പോസ്റ്റര്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതായാണ് റിവേറ സങ്കല്പിച്ചത്. മനോഹരമായ ചിത്രവേല. അതിന്റെ വിശദാംശങ്ങള്‍ നോക്കിക്കാണവെ ഹുകുമാന്‍ വിളിച്ചു. 

''റാമണ്‍ മെര്‍കാഡെര്‍. അതാണ് കൊലയാളിയുടെ പേര്. സ്പാനിഷ് വംശജനാണ്. അയാള്‍ ട്രോട്‌സ്‌കിയുടെ സിദ്ധാന്തങ്ങളില്‍ വലിയ താല്പര്യം ഭാവിച്ച് അടുത്തുകൂടി വീട്ടിലേക്ക് കൂടെക്കൂടെ വന്നു. ഒടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര് പരിശോധിക്കാതെ കടത്തിവിടുന്ന സ്ഥിതിയായി. അങ്ങനെയാണ് കോട്ടില്‍ മഴുവുമായി അകത്തു കയറിയത്. അയാള്‍ കൊണ്ടുവന്ന ഒരു രേഖ ട്രോട്‌സ്‌കി വായിക്കുമ്പോള്‍ മഴുവെടുത്ത് പിറകില്‍നിന്ന് തലയുടെ നേര്‍ക്കുയര്‍ത്തി.''
ആ കൊലയുടെ നാടകീയത എനിക്ക് അനുഭവിച്ചറിയാനായി. കോട്ട് ഊരിവെച്ചത് ട്രോട്സ്‌കി ഇരിക്കുന്നതിനടുത്തായാണ്. വായനയില്‍ മുഴുകിയ ട്രോട്സ്‌കിയുടെ ശ്രദ്ധയില്‍ പെടാതെ റാമണ്‍ മഴു പുറത്തെടുക്കുന്നു. ശക്തിയോടെ ആഞ്ഞുവീശുന്നു. നൊടിയിടയില്‍ ചോര തെറിക്കുന്നു. സ്റ്റാലിന് ദാഹം തീര്‍ക്കാനുള്ള ചോര. 

''കൊലയാളിയെ ഒരു വാഹനം വെളിയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പക്ഷേ, അയാള്‍ക്ക് രക്ഷപ്പെടാനായില്ല. ചോര ചീറ്റിക്കൊണ്ട് ട്രോട്സ്‌കി അയാളെ പിടികൂടി. വലിയ ഒച്ചയെടുത്തു. കാവല്‍ക്കാര്‍ ഓടിവന്നു. റാമണിനെ അവര്‍ പൊതിരെ തല്ലി. കൊല്ലരുതെന്നു പറഞ്ഞു ട്രോട്സ്‌കി. ലോകത്തോട് അവന്‍ സത്യം പറയട്ടെ. എന്തിനാണ് അവനിത് ചെയ്തതെന്ന്. ആര്‍ക്കുവേണ്ടിയാണെന്ന്. 

ട്രോട്സ്‌കിയുടെ ശബ്ദം ക്ഷീണിച്ചിരുന്നു. മരിച്ചത് ആശുപത്രിയില്‍വെച്ച്, പിറ്റേന്ന്.''

കിടക്കയ്ക്കരികെ നിന്ന് ഫ്രിദ കരഞ്ഞു. സ്‌നേഹിച്ച ആരൊക്കെയോ കരഞ്ഞു. ജീവിതം, ട്രോട്സ്‌കി പറഞ്ഞിട്ടുണ്ട്, വളരെ എളുപ്പമുള്ള ഒരു കാര്യമല്ല. കൊയോകാനിലുള്ളവര്‍ക്ക് ഇപ്പോള്‍ അത് ബോദ്ധ്യപ്പെടുന്നു. എവിടെയെല്ലാമോ കൊലയാളികള്‍ തക്കംപാര്‍ത്ത് പതുങ്ങിയിരിപ്പുണ്ട്. ജീവിതം എളുപ്പമല്ല.

* *
പച്ചക്കറിത്തോട്ടത്തിലൂടെ നടന്ന്  ഒരു കൂടയില്‍ സൂപ്പിനുള്ള കൂണുകളുമായി പാചകശാലയിലേക്കു കയറുമ്പോള്‍ അവിടെവെച്ച് ദൃഢമായ ഒരാലിംഗനം വാലെന്റിന ഇസ്തോമിന പ്രതീക്ഷിച്ചതല്ല. ജോസഫ് വിസാരിയോനോവിച്ച് സ്റ്റാലിന്‍ അധികാരചിഹ്നങ്ങളോടെ  നിന്ന് അവളുടെ നേര്‍ക്കു കൈകള്‍ നീട്ടി. കയ്യിലെ കൂട താഴെ വെയ്ക്കാനുള്ള സാവകാശം കിട്ടിയില്ല വാലെന്റിനയ്ക്ക്. അത് വീണു. കൂണുകള്‍ നിലത്തു ചിതറി. 

മുറുക്കിപ്പിടിത്തം അയയുകയും ചുണ്ടുകള്‍ വേര്‍പെടുകയും ചെയ്തപ്പോള്‍ വാലെന്റിന ചോദിച്ചു:

''ഇത്രയേറെ സന്തോഷത്തിന് പ്രഭോ, എന്തുണ്ടായി?''

സ്റ്റാലിന്‍ മീശ തടവി. 

''ഊഹിച്ചുകൂടെ?''

വാലെന്റിന സ്റ്റാലിന്റെ കണ്ണുകളിലേക്കു മാറി മാറി നോക്കി. അവയില്‍ അസാധാരണമായ ഒരു തിളക്കമുണ്ടായിരുന്നു. ചുണ്ടുകളില്‍ ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു. അത് പെട്ടെന്ന് വിജയോന്മാദത്തിന്റെ ചിരിയായി. മുഴക്കം ഡാച്ചെയിലാകെ പരന്നു. 

അതീവ ജാഗ്രതയോടെ ഓരോരോ സ്ഥാനങ്ങളിലായി പാറാവ് നില്‍ക്കുന്നവരും കുതിരലായത്തിലും പശുതൊഴുത്തിലും പുരോഗമനാത്മക ജോലികളില്‍ വ്യാപൃതരായവരും നീന്തല്‍കുളം ശുചിയാക്കുന്നവരും കുശിനിക്കാരികളും വെള്ളംകോരികളും വിറകുവെട്ടികളും പരിചാരകഗണത്തിലെ ഷണ്ഡന്മാരും വിദൂഷകരുമൊക്കെ അന്തിച്ചു. മൂത്രമൊഴിക്കുകയായിരുന്ന ചിലര്‍ക്ക് മൂത്രസ്തംഭനമുണ്ടായി. 

ഇനിയെന്തെന്ന് വാലെന്റിന ചോദിക്കാനോങ്ങുമ്പോഴേയ്ക്കും കല്പനയുണ്ടായി: 

''വാദ്യങ്ങള്‍ മുഴങ്ങട്ടെ.''

* *
വിപ്ലവം അനിവാര്യമായിത്തീരുന്നതുവരെ അസാദ്ധ്യമാണ്, ലിയോണ്‍ ട്രോട്സ്‌കി കുറിച്ചു. 

രണ്ടാം ഭാര്യയായ നതാലിയ ഇവാനോവ്‌നു സെഡോവ (ട്രോട്സ്‌കി വിളിക്കുക നടാഷയെന്ന്) ഒരു മരത്തട്ടില്‍ കാപ്പിപ്പാത്രവും പിഞ്ഞാണങ്ങളുമായി വന്നു. 

നടാഷയ്ക്കു മുന്‍പ് ട്രോട്സ്‌കിയുടെ ജീവിതപങ്കാളിയായിരുന്ന അലെക്സാന്ദ്ര 
സൊകോലോവ്സ്‌കായ (വിവാഹമോചനത്തിനു ശേഷവും അലെക്സാന്ദ്ര തന്റെ രണ്ടു മക്കളുടെ പിതാവായ ട്രോട്സ്‌കിയുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. നടാഷയോടും സ്‌നേഹം കാട്ടി) റഷ്യയില്‍ നടന്ന മഹത്തായ ശുദ്ധീകരണ പ്രക്രിയയില്‍ അപ്രത്യക്ഷയായത് ഇരുമ്പുമറയ്ക്കുള്ളില്‍നിന്നും പുറംലോകമറിഞ്ഞ ഒരു ചെറിയ വാര്‍ത്ത. 
''കാപ്പി ഒഴിക്കട്ടെ?'' നടാഷ മരത്തട്ട് മേശപ്പുറത്തു വെച്ച് ചോദിച്ചു. 

''ഞാനൊഴിച്ചോളാം.'' ട്രോട്സ്‌കി പറഞ്ഞു.

''ചൂടാറും മുമ്പേ കഴിച്ചാല്‍ കൊള്ളാം.'' നടാഷ ജനാലയ്ക്കരികിലേക്കു ചെന്ന് വായുവിന് കുറച്ചുകൂടി അനായാസമായി മുറിയിലേക്കു കടന്നുവരാനായി പാളികള്‍ മലര്‍ക്കെ തുറന്നിട്ടു. 

നടാഷ തിരിച്ചുപോയപ്പോള്‍ ട്രോട്സ്‌കി എഴുന്നേറ്റ് ജനാലയുടെ സമീപമെത്തി. ഭിത്തിക്കു താഴെയായി പുല്‍ത്തകിടിയുടെ ശോഭായമാനമായ പച്ചനിറം. ഭിത്തിയുടെ മുകളില്‍ തെളിഞ്ഞ വാനം. എല്ലായിടത്തും സൂര്യപ്രകാശം. 

ജീവിതം മനോഹരമാണ്, ട്രോട്സ്‌കി മനസ്സില്‍ പറഞ്ഞു: ഭാവി തലമുറ എല്ലാ നീചത്വവും വെടിപ്പാക്കട്ടെ. എല്ലാവിധ അടിച്ചമര്‍ത്തലും ഹിംസയും ഇല്ലാതാക്കി പൂര്‍ണ്ണരൂപത്തില്‍ ജീവിതം ആസ്വദിക്കട്ടെ. 

നിരത്തിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടി ജനാലയ്ക്കല്‍ ട്രോട്സ്‌കിയെ കണ്ട് സൈക്കിള്‍ നിര്‍ത്തി വെണ്മയുറ്റ ചിരിയോടെ വലതു കൈ വീശി. 

ട്രോട്സ്‌കിയും പെട്ടെന്നുളവായ പ്രേരണയില്‍ കയ്യുയര്‍ത്തി. 

പരസ്പരം സ്‌നേഹമറിയിച്ചുകൊണ്ട് രണ്ടു കൈകള്‍ അവയുടെ ചലനം തുടര്‍ന്നു.

* *
സുതാര്യമായ നീന്തല്‍കുളത്തിലെ ചില്ലടരുംപോലുള്ള ജലത്തില്‍ ധവളമേഘങ്ങള്‍ പ്രതിബിംബിച്ചിരുന്നു.

ജോസഫ് വിസാരിയോനോവിച്ച് സ്റ്റാലിന്റെ നഗ്‌നമേനി 'ഭും' എന്നൊരു ശബ്ദത്തോടെ നീന്തല്‍കുളത്തില്‍ പതിച്ചപ്പോള്‍ ജലം വാള്‍കൊണ്ട് കീറിമുറിക്കപ്പെട്ടതുപോലെയായി. 

മേഘച്ഛായകള്‍ അനേകം നുറുങ്ങുകളായി. 

ജലത്തില്‍ മറ്റു ജീവികളൊന്നും ഇല്ലായിരുന്നു.

സ്റ്റാലിന്‍ നീന്തി; സ്വേച്ഛാനുസാരം നീന്തി. 

അതിനിടയിലെപ്പോഴോ ജലത്തിന്റെ നിറം പകര്‍ന്നു. 

മനുഷ്യരുധിരത്തിന്റെ കടുംചുവപ്പിലൂടെ സ്റ്റാലിന്‍ നീന്തിക്കൊണ്ടേയിരുന്നു.

* *
ഫ്രിദ കാലോയുടെ വീട് നീലയാണ്. എന്നാല്‍, ലിയോണ്‍ ട്രോട്സ്‌കിയുടേതിന്  ചെന്നിറം. 

സെയ്നുല്‍ ഹുകുമാന്‍ ഭാര്യ ബീനയ്‌ക്കൊപ്പം ട്രോട്സ്‌കിയുടെ സ്മാരക സ്തൂപത്തിനു മുന്നില്‍ നിന്നു. ചിതയിലെ ചാരം മറവുചെയ്തതവിടെയാണ്. ലിയോണ്‍ ട്രോട്സ്‌കിയെന്ന നാമത്തിനു കീഴേ കല്ലില്‍ കൊത്തിയ അരിവാളും ചുറ്റികയും. ചുവട്ടിലായി നതാലിയ സെഡോവയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അരികെ കള്ളിമുള്‍ച്ചെടികള്‍. 
സ്തൂപത്തിനു മീതെ നിറവേറാത്ത വിപ്ലവത്തിന്റെ പ്രതീകമായ ചെങ്കൊടി. 

ഹുകുമാന്‍ തന്റെ ക്യാമറ സ്തൂപത്തിനു  നേര്‍ക്കുയര്‍ത്തി. 

കാറ്റില്ല. ചെങ്കൊടി ചുരുണ്ട് തൂങ്ങിക്കിടക്കുന്നു. അങ്ങിങ്ങായി മരങ്ങള്‍; ദലമര്‍മ്മരങ്ങള്‍ കേള്‍പ്പിക്കാതെ. 
''നമ്മള് അപ്പുറവും ഇപ്പുറവും നിന്ന് ഒരു ഫോട്ടോ എടുപ്പിച്ചാലോ?''

''അതിന് ആരെങ്കിലും വേണ്ടേ?''

ഹുകുമാന്‍ ചുറ്റിലും കണ്ണോടിച്ചു. 

ഒരു മരത്തിനടുത്ത് പുല്ലില്‍ ആരോ ഇരിക്കുന്നു.

അയാളുടെ സഹായം തേടാം. 

ഹുകുമാന്‍ അങ്ങോട്ടു നടന്നു.

മൂക്കുകണ്ണാടിവെച്ച് വായിക്കുകയായിരുന്ന അയാള്‍ മുഖം തന്റെ നേരെ തിരിച്ചപ്പോള്‍ ഹുകുമാന് ഭൂതകാലത്തെ ഏതോ പകലിലേക്ക് ചെന്നെത്തിയ പ്രതീതിയായി. 

''വായിച്ചിട്ടുണ്ടോ ലെനിന്റെ മരണപത്രം?'' സൗമ്യസ്വരത്തില്‍ അയാള്‍ ചോദിച്ചു. ''ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ. സ്റ്റാലിന്‍ ഈസ് റ്റൂ ക്രൂഡ് ആന്‍ഡ്...''

അപ്പോള്‍ എങ്ങുനിന്നെന്നില്ലാതെ ഒരു കാറ്റ് ഉശിരോടെ വീശിയെത്തുകയും അതെത്തുടര്‍ന്ന് വൃക്ഷശാഖകളിലെ ഇലകളൊക്കെയും ചലിക്കുകയും പുല്‍ത്തലപ്പുകള്‍ ആടുകയും സ്തൂപത്തിനു മുകളിലെ ചെങ്കൊടി ജീവന്‍വെച്ചതുപോലെ പറക്കുകയും ചെയ്തു.

ഈ കഥ കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com